സേതു വക്കീൽ…
Story written by Rajesh Dhibu
===================
ഡ്രൈവർ രാഘവൻനായർ മുറ്റത്തു കിടക്കുന്ന കാർ കഴുകിയിടുന്നത് കണ്ടിട്ടാണ് രമ ഉമ്മറത്തേക്ക് വന്നത്. അയാളെ കണ്ടതും അവൾ മുഖം ചുളിച്ചു കയ്യിലിരുന്ന ചായ സേതു ഏട്ടന് നേരെ നീട്ടികൊണ്ട് ശബ്ദം താഴ്ത്തി പറഞ്ഞു….
ഇന്ന് ഒന്നാം തിയ്യതി ആയിട്ടു ഈ മാരണത്തെയാണല്ലോ കണി കണ്ടത്. ഈ ദുശ്ശകുനത്തിനെ ആരാ വീട്ടിൽ വിളിച്ചു കയറ്റിയത്. ഞാൻ ഇന്നലെ ആ വിലാസിനിയോട് രാവിലെ വരാൻ പറഞ്ഞതാ..
പത്രതാളുകളിൽ മുഖം പൊത്തിയിരുന്ന സേതുമാധവൻ മുഖമുയർത്തി അവളെ നോക്കി ഒന്നു ചിരിച്ചു..
“വിലാസിനി ” കുന്നത്തെ ഷൺമുഖൻ്റെ ഭാര്യ വിലാസിനിയോ..?
“അതേ. അവൾ തന്നെ.”
കൊള്ളാം പറ്റിയ ആളെയാ വീട്ടിൽ വിളിച്ചു കയറ്റുന്നേ..പത്രത്തിലെ ഒരു തലക്കെട്ട് വായിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ സമാനതയുളള ഭാര്യയുടെ ആ സംഭാഷണത്തിൽ ചിരിച്ചു കൊണ്ടയാൾ മറുപടി പറഞ്ഞു…
ഏട്ടൻ ചിരിച്ചതിൻ്റെ കാരണം രമ തിരിച്ചറിഞ്ഞിരുന്നു. ഏട്ടൻ്റെ തോളിൽ തോണ്ടി കൊണ്ടവൾ പറഞ്ഞു…
ദേ..ഇങ്ങോട്ടു നോക്കിക്കേ…അധികം ചിരിക്കല്ലേ…നമ്മടെ മോള് കൊച്ചു കുട്ടിയല്ല..എല്ലാം മനസ്സിലാക്കാനും തിരിച്ചറിയുവാനുള്ള ബുദ്ധിയുള്ളവളാ..അതു കൊണ്ട് ഇത്തരത്തിലുള്ള തമാശകൾ വിളമ്പാൻ നിൽക്കണ്ട. കേട്ടല്ലോ..
രാവിലെയുള്ള തൻ്റെ ഫലിതം ഫലിച്ചില്ല എന്നു തോന്നുന്നു..സേതുമാധവൻ ഉടനെ വിഷയം മാറ്റാൻ ശ്രമിച്ചു..
രമേ..ഞാൻ പറഞ്ഞു വന്നത്. അതല്ല നീ എന്നെ തെറ്റിദ്ധരിച്ചതാ. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും നീ അന്ധവിശ്വാസം കൊണ്ടു നടക്കുന്നതു കണ്ടപ്പോൾ ചിരിച്ചു പോയതാ…
അത് ഏട്ടന് ചുമ്മാ തോന്നു താ..ചിലർ ഒന്നാം തിയ്യതി വീട്ടിൽ കയറിയാൽ ആ മാസം പോക്കാ..രാഘവേട്ടൻ കയറി കഴിഞ്ഞാൽ ആ മാസം എന്തെങ്കിലും ഒരു കുഴപ്പം വരും.
അതിനു നീ ഇത്രമാത്രം പ്രകോപിതാനാവാൻ എന്താണ് ഇവിടെ ഉണ്ടായത്…
എന്തോ ഉണ്ടായതെന്നോ അപ്പോൾ സേതുവേട്ടൻ എല്ലാം മറന്നോ?
ഭദ്രൻ പോയതിനു ശേഷം രാഘവേട്ടൻ ജോലിയ്ക്കു വന്നിട്ടു രണ്ടു മൂന്ന് മാസങ്ങളല്ലേ ആയുളൂ..
അതിന്??? ഇത്രകണ്ട് ഉറപ്പിച്ചു പറയാൻ കാരണം എന്താ രമേ….
സേതു പത്ര താളുകൾ മടക്കി പിടിച്ചു കൊണ്ടു ആകാംക്ഷയോടെ ഭാര്യയോട് ചോദിച്ചു..
ജോലിക്കു വന്ന മാസം തന്നെ നിങ്ങൾ ആ ഇല്ലിക്കാട്ടിൽ അവറാച്ചൻ മുതലാളിയുടെ കേസു തോറ്റു. ഏട്ടൻ്റെ ജീവിതത്തിൽ ആദ്യമായിട്ടല്ലേ ഒരു കേസ് വാദിച്ചു തോൽക്കുന്നത്…
ഇതാണോ ഇത്ര വലിയ കാര്യം. കോടതിയിൽ ഇതൊക്കെ പതിവാ ചിലപ്പോൾ ജയിക്കും ചിലപ്പോൾ തോൽക്കും. നമുക്കതിന് നഷ്ടപ്പെടാൻ ഒന്നുമില്ല..എന്നെക്കാളും നല്ല വിക്കീൽ എതിർ ഭാഗത്തുണ്ടായിരുന്നു. അക്കാരണം കൊണ്ടവർ അവർ ജയിച്ചു.
അതിനു നീ ഈ ഒന്നാം തിയ്യതി കണികാണുന്നതും ബന്ധപ്പെടുത്തി പറയുന്നതെന്തിനാ…
ഏട്ടാ എൻ്റെ മുഖത്ത്യേക്ക് നോക്കി പറഞ്ഞേ. നഷ്ടം ഇല്ലാന്ന്….അവൾ ഏട്ടൻ്റെ താടിയിൽ പിടിച്ച് തൻ്റെ മുഖത്തേയ്ക്ക് തിരിച്ചുപിടിച്ചു കൊണ്ടു ചോദിച്ചു…
അപ്പോൾ അവറാച്ചൻ മുതലാളി തരാമെന്ന് പറഞ്ഞ പത്തുലക്ഷം പോയത് നഷ്ടം അല്ലേല്ലാ. വാക്കുകളിൽ പരിഹാസം നിറച്ചുകൊണ്ടാണ് അവൾ മറുപടി പറഞ്ഞത്…
എന്തുമാത്രം സ്വപ്നം കണ്ടതാ ആ പൈസ കിട്ടിയിരുന്നെങ്കിൽ ഈ കാറു കൊടുത്ത് വലിയ ഒരു കാറുവാങ്ങാൻ പ്ലാനിട്ടതായിരുന്നു. എല്ലാം തുലച്ചു…
അതിനാണോ ഇത്ര വിഷമിച്ചേ..അതു വേണേൽ നാളെത്തന്നെ വാങ്ങിക്കാലോ..ബാങ്കിൽ കിടപ്പുണ്ടല്ലോ. അതിൽ നിന്നെടുത്ത് വാങ്ങാല്ലോ..
അയ്യടമനമേ…അതിൽ തൊട്ടുള്ള കളി വേണ്ട. അപ്പോൾ അതിലാണ് കണ്ണ്. അതും തുലച്ചാൽ പെണ്ണുരുത്തിയെ ഇറക്കിവിടാൻ നിങ്ങളുടെ കുടുംബസ്വത്ത് ഏക്കറുകണക്കനു കിടക്കല്ലേ..എന്നെ കൊണ്ട് രാവീലെത്തന്നെ പച്ച മലയാളം പറയിക്കണ്ട. നിങ്ങളു പേപ്പറും കടിച്ചു തിന്നാണ്ട് പത്ത് കാശു ഉണ്ടാക്കാനുള്ള വഴി നോക്ക് എൻ്റെ മനുഷ്യ…പിന്നെ ഒരു കാര്യം. രാവിലെ ചിപ്പി മോൾക്ക് ടൂറ് പോകാൻ 2000 രൂപ വേണമെന്ന് പറഞ്ഞു. ഞാൻ ഷർട്ടിൻ്റെ പോക്കറ്റിൽ നിന്ന് എടുത്തു കൊടുത്തിട്ടുണ്ട്
ഇതെന്താ എപ്പോഴും ടൂറ് പോകാനാണോ അവൾ ക്ലാസ്സിൽ പോകുന്നത്. കഴിഞ്ഞ മാസമല്ലേ പോയത്..
പിള്ളേരാകുമ്പോൾ ഇതൊക്കെ പതിവാ..നിങ്ങൾ പോയിട്ടില്ലാ എന്ന് കരുതി മക്കളെയും അങ്ങിനെ വളർത്തണോ..
ഒട്ടും പ്രതീക്ഷിക്കാത്ത മറുപടിയുമായാണ് രമ പ്രതികരിച്ചത്.
മറുപടിയെന്നോണം സന്തോഷമില്ലാത്ത ഒരു പുഞ്ചിരി ഭാര്യക്ക് സമ്മാനിച്ചു…
അല്ലങ്കിലും ഈ വീട്ടിൽ അവൾ ഭർത്താവും ഞാൻ ഭാര്യയും ആണല്ലോ..തുറന്നു പറയാൻ കഴിയാതെ വാക്കുകൾ മനസ്സിൽ ഉരുവിട്ട് കൊണ്ട് അയാൾ തൃപ്തിയടഞ്ഞു.
അവളോട് തർക്കിച്ചു നിന്നാൽ താൻ ജയിക്കില്ലെന്നു അറിയാമായിരുന്നിട്ടും കോടതിയിൽ പോകാൻ സമയം ആയതിനാലും കോപം കൊണ്ട് വിറക്കുന്ന മുഖത്തെ അവജ്ഞയോടെ നോക്കിക്കാണ്ടവൻ മുറിയിലേക്ക് നടന്നു…
ദരിദ്രകുടുംബത്തിൽ നിന്ന് ഒരു പെണ്ണിനെ കെട്ടിയാൽ മതിയായിരുന്നു. കോടതിയിലേക്കു യാത്ര ചെയ്യുമ്പോഴും സ്വന്തം ഭാര്യയുടെ പണക്കൊതിയുടെ ഏടുകൾ തികഞ്ഞു പരിശോധിക്കുകയായിരുന്നു. സേതുമാധവൻ….
അവളെ ഒരിക്കലും മാറ്റാൻ കഴിയില്ല. ഇവളുടെ ഈ സ്വഭാവം ചിപ്പി മോൾക്ക് കിട്ടാതിരുന്നാൽ മതിയായിരുന്നു. അല്പം മുൻകോപം ഉണ്ടായിരുന്നാലും രമയെ കുറിച്ച് സേതുമാധവനു നല്ല മതിപ്പായിരുന്നു. കുടുംബം നല്ല രീതിയിൽ മുൻപോട്ടു കൊണ്ടു പോകുവാൻ അവൾ മിടുക്കിയായിരുന്നു. സ്വന്തം ഭർത്താവ്, മകൾ വീട് ഇതിൽ കവിഞ്ഞ് ഒരു ലോകം അവൾക്കില്ലായിരുന്നു. അനാവശ്യമായ ഒരു ചിലവിനും അവൾ സമ്മതം മൂളാറില്ലായിരുന്നു. ഇനി പറഞ്ഞിട്ടെന്താ കാര്യം. എല്ലാം കഴിഞ്ഞില്ലേ ഇനി ഇതു പോലെയങ്ങിനെ ജീവിക്കുക….
സർ…പെട്രോൾ തീരാറായി പമ്പിലേക്ക് കാർ തിരിച്ചു കൊണ്ടാണ് രാഘവൻ നായർ വിളിച്ചു പറഞ്ഞത്…
ഉം എന്നു മൂളിക്കൊണ്ട് രാഘവൻ നായർക്ക് സമ്മതം നൽകി..
പിൻസീറ്റിൽ കയ്യിലിരിക്കുന്ന വക്കാലത്തു പേപ്പറുകൾ പരിശോധിച്ചു കൊണ്ടിരിക്കുമ്പോഴാണ് തൊട്ടടുത്തു നിൽക്കുന്ന കാറിൽ നിന്ന് ഒരു കരച്ചിൽ കേൾക്കാൻ ഇടയായത്. ഉച്ചത്തിൽ വച്ചിരുന്ന മ്യൂസിക്കിൻ്റെ ഇടയിലും ആ കരച്ചിൽ പരിചിയമുള്ള പോലെ തോന്നിയപ്പോൾ തലയുയർത്തി ഒന്നു നോക്കി..കുറച്ചു ചെറുപ്പക്കാർ കാറിൽ ഇരിപ്പുണ്ട്. യുവതലമുറയുടെ കാട്ടി കൂട്ടലുകൾ കണ്ട് മനസ്സിൽ അവരോട് വിദ്വേഷം പ്രകടിപ്പിച്ചുവെങ്കിലും പുറത്തേക്കിറങ്ങി അവരോട് സംസാരിക്കാനോ ഉപദേശിക്കാനോ സേതുമാധവൻ തുനിഞ്ഞില്ല..തൻ്റെ മുന്നിൽ കിടന്ന ആ കാർ അതിവേഗത്തിൽ പാഞ്ഞു പോകുന്നതും നോക്കി അവരുടെ മാതാപിതാക്കളെ ശപിച്ചു കൊണ്ട് വീണ്ടും വക്കാലത്തുകളിൽ ഊളിയിട്ടു…ഉച്ചതിരിഞ്ഞ് ഭക്ഷണം കഴിച്ച് വിശ്രമിക്കുന്നതിനിടയിലാണ് രമയുടെ കോൾ കണ്ട് ഉറക്കമുണർന്നത്..
സേതുവേട്ടാ..നിങ്ങൾ എവിടെയാ..?
ഞാൻ ഓഫീസിൽ ഉണ്ട് എന്താ കാര്യം.?
ഉറക്കത്തിൽ നിന്നുണർത്തിയ നീരസം മറുപടിയിലൂടെയാണ് സേതുമാധവൻ രമയോട് പറഞ്ഞത്…
സേതുവേട്ടാ ഒരു കോളു വന്നിട്ടുണ്ട് രാവിലെ ഞാൻ പറഞ്ഞെതെല്ലാം തിരിച്ചെടുത്തിരിക്കുന്നു. അവറാച്ചൻ മുതലാളി വന്നിരുന്നു..ഇത്തവണ ഇരുപത് ലക്ഷം ആണ് ഓഫർ ചെയ്തിരിക്കുന്നത്…
എന്താ ടീ എന്താ കാര്യം…
അവറാച്ചൻ്റെ മോനു ഒരു കയ്യബദ്ധം പറ്റിയെന്ന്…കൂട്ടുകാരുമായി ഉള്ള കശപിശയിൽ അവരിലൊരുത്തൻ വടിയായി..കേസ് ഒതുക്കി തീർക്കാൻ പറ്റുമോ എന്ന് ചോദിച്ചു. ഏട്ടൻ്റെ ഉറപ്പിൽ മേൽ ഞാൻ അവർക്കു വാക്കു നൽകി…കഴിഞ്ഞ തവണത്തെ 10 ലക്ഷം കൂടി ഇത്തവണ കൂട്ടി പിടിച്ചു..ഞാനാരാ മോള്..
രമേ..നീയെന്തു പണിയാ കാണിച്ചത്. ആവശ്യമില്ലാതെ എന്തിനാ അവർക്ക് ഉറപ്പു നൽകിയത്..
സേതു വേട്ടാ കയ്യിൽ വന്ന മഹാലക്ഷ്മിയെ തട്ടിക്കളയല്ലേ….
ഒരു കയ്യബദ്ധമല്ലേ..വേണമെന്ന് വെച്ച് ചെയ്തതല്ലല്ലോ…അവൾ പറയുന്നത് അമ്പരപ്പോടെ കേട്ടുകൊണ്ടിരുന്ന സേതു മറുപടിയൊന്നും പറയാതെ ഫോൺ കട്ടു ചെയ്തു
വൈകിട്ടു വീട്ടിലേക്ക് ചെല്ലുമ്പോൾ പടിവാതിലിൽ ചിരിച്ചു കൊണ്ട് നിൽക്കുന്ന തൻ്റെ ശ്രീമതിയെ കണ്ടപ്പോൾ തന്നെ അവളുടെ പുഞ്ചരിയുടെ രഹസ്യം ഇന്നു ഉച്ചയ്ക്ക് നടന്ന കേസു വിഷയമാകാമെന്ന് സേതു അതിനോടകം ഊഹിച്ചിരുന്നു…കാറിൻ്റെ താക്കോൽ മുതലാളിയെ ഏൽപിച്ചു രാഘവേട്ടൻ പടികടന്ന് പോകുന്നവരെ സേതുമുറ്റത്തു തന്നെ നിലയുറപ്പിച്ചു…
നിങ്ങള് ഇങ്ങട് വന്നേ മനുഷ്യ…അവൾ സന്തോഷം സഹിക്കവയ്യാതെ ഏട്ടൻ്റെ കയ്യും പിടിച്ചു കൊണ്ട് അകത്തേക്ക് കൂട്ടി..കയ്യിലിരുന്ന പേപ്പറുകൾ ടീപ്പോയിലേക്ക് എടുത്ത് വെച്ച് സോഫയിലേക്ക് പിടിച്ചിരുത്തി തൊട്ടടുത്തായി അവളും ചേർന്നിരുന്നു..
ഏട്ടാ…ഞാൻ പറഞ്ഞ കാര്യം എന്തായി..
മൗനത്തിലിരിക്കുന്ന ഭർത്താവിൻ്റെ മറുപടിക്കായ് അവൾ കാതോർത്തിരുന്നു..അല്പനേരം ആലോചിച്ചിരിരുന്നതിനു ശേഷം സേതുമാധവൻ മറുപടി പറഞ്ഞു…
അതൊന്നും വേണ്ട രമേ..എന്തായാലും കൊലയല്ലേ..നമിക്കിത് വേണ്ട…നീ അവരെ വിളിച്ചു പറഞ്ഞേക്ക് ഇതു നടക്കില്ലന്ന്…
അവൾ പ്രതീക്ഷിച്ചിരുന്ന ഒരു മറുപടിയില്ലായിരുന്നു. സേതുവേട്ടൻ്റെ ഭാഗത്തു നിന്നുണ്ടായത്…അതു കേട്ടതും അതുവരെയുണ്ടായിരുന്ന സ്നേഹ വാക്കുകൾക്കു വിപരീതമായി ‘അവൾ സംസാരിച്ചു തുടങ്ങി…
സേതു വേട്ടാ…നിങ്ങൾക്കെന്താ ഭ്രാന്തായോ..ഇതു പോലെ ഒരു പാട് കേസുകൾ വാദിച്ച് സാധിച്ചിട്ടുണ്ടല്ലോ. പത്തു കാശു കൂടുതൽ കിട്ടുമെന്ന് വിചാരിച്ചപ്പോൾ വേണ്ടാന്ന്….വക്കിലൻമാരൊന്നും ഹരിചന്ദ്രൻ മാരല്ലാന്ന് എല്ലാവർക്കും അറിയാം..പിന്നെയെന്താ ഇപ്പോൾ ഇങ്ങിനെ തോന്നാൻ…
ഒന്നാമത് ഈ കേസിനെ കുറിച്ച് എനിക്ക് ഒന്നും അറിയില്ല….പിന്നെയെങ്ങിനെയാ ഞാൻ തീരുമാനിക്കുന്നത്…
അതാണോ കാര്യം. അതിനെന്താ ഇപ്പോൾ തന്നെ അവറാച്ചൻ മുതലാളിയെ വിളിക്കാം. ഏട്ടൻ വന്നാൽ വിളിക്കാൻ പറഞ്ഞിരുന്നു..ഇതു പോലത്തെ കേസ് ആയതു കൊണ്ടാണ് ഓഫീസിൽ പോകാതെ ഇവിടെ വന്നതെന്നും പറഞ്ഞിരുന്നു..
ഭാര്യയുടെ നിർബദ്ധത്തിനു വഴങ്ങി അവസാനം സേതുമാധവൻ സമ്മതം അറിയിച്ചു..നോക്കാം…
നല്ല ഏട്ടൻ അവൾ സേതു വേട്ടനെ കെട്ടിപിടിച്ചു ഒരുമ്മ കൊടുത്തു. ഞാൻ ഇപ്പോൾ ത്തന്നെ അവറാച്ചൻ മുതലാളിയെ വിളിച്ചു പറയാം. ഏട്ടൻ വന്നിട്ടുണ്ട് ഇങ്ങോട്ടു വരാൻ. പൂർണ്ണ സമ്മതമില്ലാതിരുന്നിട്ടും രമയുടെ സന്തോഷത്തിനു വേണ്ടി അയാൾ തല കുലുക്കി
പത്തു മിനിറ്റു നുള്ളിൽ അവറാച്ചൻ മുതലാളിയെത്തി..
അവരെ സ്വീകരിച്ചിരുത്താൽ അവൻ കാണിക്കുന്ന മിടുക്ക് അയാളെ അമ്പരപ്പെടുത്തി..
ചായയെടുക്കാൻ അവളോട് നിർബദ്ധിച്ചപ്പോഴും തൻ്റെ മനസ്സു മാറുമോ എന്ന ഭയത്താൽ അവൾ അവിടെത്തന്നെ നിലയുറപ്പിച്ചു
അവസാനം ഉള്ളിൽ ഭയത്തോടെയാണങ്കിലും കണ്ണുരുട്ടി കാണിക്കേണ്ടി വന്നു..
അവറാച്ചൻ മുതലാളി കാര്യത്തിലേക്കു കടന്നു…
എൻ്റെ മോൻ ലിജോഅവറാച്ചനെ വക്കീലിനു അറിയോ..?
ഇല്ല…അവറാച്ചൻ കാര്യം പറ..
പിള്ളേര് എല്ലാവരും കൂടി ഒന്നു കറങ്ങാൻ പോയതാ..പിള്ളേര് അല്ലേ സാർ ഒന്നും രണ്ടും തമാശകൾ പറഞ്ഞിരുന്നു. കൂട്ടത്തിൽ അവൻ്റെ കൂട്ടുകാരൻ സ്നേഹിക്കുന്ന കുട്ടിയെ പറ്റി കൂട്ടത്തിൽ ഒരുത്തൻ അനാവശ്യം പറഞ്ഞു…ഇവൻ അതിനു അവനോട് ചേർന്ന് കളിയാക്കി..വാക്കുതർക്കം കയ്യാങ്കളിയിൽ എത്തി..ചുമ്മാ പിടിച്ചു തള്ളിയതാ…ചെന്നു വീണത്. ഒരു പാറക്കെട്ടിൽ തലയടിച്ചു വീണതു കൊണ്ട് തൽക്ഷണം മരിക്കുകയായിരുന്നു…
സംഗതിയുടെ സീരയസ്സ് അറിയാത്തതുകൊണ്ടും പണക്കൊഴുപ്പിൻ്റെ അഹങ്കാരത്തോടെയും നിസ്സാരമായിട്ടാണ് അവറാച്ചൻ മുതലാളി കാര്യങ്ങൾ പറഞ്ഞവസാനിപ്പിച്ചത്…
ആട്ടെ. ഏതാപെൺകുട്ടി. എന്തു പറഞ്ഞാ വഴക്കുണ്ടാക്കിയേ….
പെൺകുട്ടി ഏതന്ന് അറിയില്ല…
അതേയോ..
ഇത്ര പ്രകമ്പനം കൊള്ളുവാൻ മാത്രം എന്തു തമാശയാണ് കൂട്ടുകാരൻ കാണിച്ചത്…
അവറാച്ചൻ മുതലാളി അകത്തേയ്ക്ക് എത്തി നോക്കി കൊണ്ട് ചിരിച്ചു ശബ്ദം താഴ്ത്തി. കൊണ്ടു പറഞ്ഞു.
വക്കീലേ..അതു ഇച്ചിരി നീലയാ….
പിള്ളേരങ്ങാണ്ട് ടൂറ് പോയപ്പോൾ പെൺകുട്ടികൾ കുളിക്കുന്നത് എൻ്റെ മോൻ തമാശക്ക് വീഡിയോ എടുത്തു. പിന്നീട് തമാശയ്ക്ക് അതെടുത്ത് ഇൻറർനെറ്റിലിട്ടു…അതിൻ്റെ പേരിലാ..വർത്തമാനം ഉണ്ടായേ..വീഡിയോ ഞാനും കണ്ടു. കുറ്റം പറയരുതല്ലോ..നന്നായി എടുത്തിട്ടുണ്ടായിരുന്നു
അവറാച്ചാ….കേസ് രണ്ടാണ് സ്ത്രീ പീ ഡനം. കൊലപാതകം. കയ്യിൽ നിൽക്കുമെന്ന് തോന്നുന്നില്ല…
ചായയും കൊണ്ടുവന്ന രമ ഇവരുടെ സംഭാഷണം കേട്ടിട്ടാണ് അങ്ങോട്ടേയ്ക്ക് എത്തിയത്..
നിങ്ങൾ ഒന്നു ഇങ്ങു വന്നേ മനുഷ്യാ..രമ വക്കീലിെനയും കൂട്ടി അകത്തേയ്ക്ക് നടന്നു..
ദേ..ഇങ്ങോട്ട് നോക്കിക്കേ..ഇരുപത് പോരാ…കൂടെ വേണമെന്ന് പറ മനുഷ്യാ..എത്ര ചോദിച്ചാലും അവറാച്ചൻ മുതലാളി തരും…
രമേ..നമുക്കിത് വേണ്ട…ഞാൻ ഒഴിവാക്കാൻ പോവുകയാ..നമുക്കും ഒരു മോളുള്ളതല്ലേ..ഇത്തരക്കാർക്ക് അർഹിച്ച ശിക്ഷ തന്നെ കിട്ടണം…
ഈ മനുഷ്യന് ഒട്ടും ബുദ്ധിയില്ലല്ലോ..ഇതൊക്കെ നാട്ടിൽ നടക്കുന്നതല്ലേ….നിങ്ങൾ പോയി സമ്മതിക്ക് അഡ്വാൻസും വാങ്ങിക്കോ..കേസ് ഏറ്റെടുത്തില്ലേൽ എൻ്റെ സ്വഭാവം അറിയും പറഞ്ഞേക്കാം കണ്ണുരുട്ടി ഭയപ്പെടുത്തി കൊണ്ട് വക്കീലിനെ ഉന്തി തള്ളി പറഞ്ഞയിപ്പിക്കുമ്പോൾ രമ മനസ്സിൽ സ്വപ്നങ്ങൾ കാണുകയായിരുന്നു
തിരികെ അവറാച്ചൻ്റെ മുന്നിൽ വന്നിരിക്കുമ്പോൾ അവറാച്ചൻ്റെ മുഖത്ത് സന്തോഷം.തത്തി കളിക്കുന്നുണ്ടായിരുന്നു…
അവറാച്ചാ..തെളിവുകൾ ഇപ്പോൾ..
അതു നശിപ്പിക്കണം…
നശിപ്പിച്ചേക്കാം…എന്നാൽ സാർ അതിനു മുൻപ് സാർ ഇതൊന്നു കണ്ടു നോക്ക്..നശിപ്പിക്കാൻ മനസ്സു വരുന്നില്ലന്ന്….ചിരിച്ചുകൊണ്ടാണ് അവറാച്ചൻ തൻ്റെ മൊബൈൽ എടുത്തത്….
ഒരിക്കൽ കൂടി അകത്തേക്ക് നോക്കി വക്കീലിൻ്റെ ശ്രീമതി വരുന്നില്ലന്ന് ഉറപ്പാക്കിയതിനു ശേഷം അവറാച്ചൻ ആ വീഡിയോ വക്കീലിനു കാണിച്ചു കൊടുത്തു….
ഒരിക്കലേ..ആ വീഡിയോയിലേക്ക് സേതു നോക്കിയുള്ളൂ..തൻ്റെ പുന്നാര മകൾ ചിപ്പി…
കുറച്ചു സമയത്തേയ്ക്ക് ശബ്ദം നിലച്ചുപോയതുപോലെ തോന്നിപ്പോയി..കണ്ണുകളിൽ ഇരുട്ട് വന്നു മൂടിയിരിക്കുന്നു…അയാൾ ആത്മസംയനം പാലിച്ചുകൊണ്ട് അവറാച്ചന് നേരെ തലയാട്ടി..
സന്തോഷത്തോടെ അയാൾ ഇറങ്ങി പോകുന്നത് ഒരു പാവ കണക്കെ നോക്കി നിന്നു.
അയാൾ പുറത്തേക്കിറയപ്പോൾ രമ സന്തോഷം കൊണ്ട് തുള്ളിച്ചാടി സേതുവിൻ്റെ അടുത്തു വന്നിരുന്നു..
സേതു വേട്ടാ..ഇപ്പോഴാണ് ഒരു സമാധാനമായത്..
ചുവന്ന കണ്ണുകളിൽ പൊടിഞ്ഞു നിന്ന കണ്ണീർ പുറത്തേയ്ക്ക് ഒഴുകാതെ അയാൾ വിളിച്ചു പറഞ്ഞു..
ഈ കേസ് ഞാൻ വാദിക്കും. ജയിക്കാൻ വേണ്ടി..ജീവിതത്തിലാദ്യമായ് കറുത്ത കോട്ടണിഞ്ഞ ഒരു വക്കീലിൻ്റെ ആദ്യത്തെ ജയം…പെൺകുട്ടികൾക്ക് എതിരെയുള്ള പീ ഡനങ്ങൾക്ക് ഇനിയൊരിക്കലും ഒരുത്തൻ്റേയും കൈകൾ ഉയരുവാൻ പാടില്ല.
നിങ്ങൾ എന്തൊക്കെയാണ് ഈ പറയുന്നത്…
പറഞ്ഞു തീരുന്നതിനു മുൻപ് സേതുമാധവൻ്റെ കൈ രമയുടെ കവിളിൽ ആഞ്ഞടിച്ചിരുന്നു.
കടന്നു പോടി അകത്തേയ്ക്ക്…ഇന്നു മുതൽ ഞാൻ പറയും നീ അനുസരിക്കും..
ചുട്ടുനീറുന്ന വേദനയുമായ് കവിളിൽ തലോടി രമ അകത്തേയ്ക്ക് നടന്നു നീങ്ങുമ്പോഴും അടിയുടെ കാരണമവൾ അറിഞ്ഞിരുന്നില്ല.
**************
എന്ന് നിങ്ങളുടെ സ്വന്തം ദീപു…