മക്കളോട് നമ്മുടെ കാര്യം പിന്നെ സംസാരിച്ചോ..അരവിന്ദന്റെ ചോദ്യം കേട്ട് ചായ കപ്പ് ടേബിളിൽ വെച്ച് നിരഞ്ജന മുഖമുയർത്തി..

ഒരേയൊരുജീവിതം…

രചന: Unni K Parthan

=================

“മക്കളോട് നമ്മുടെ കാര്യം പിന്നെ സംസാരിച്ചോ..” അരവിന്ദന്റെ ചോദ്യം കേട്ട് ചായ കപ്പ് ടേബിളിൽ വെച്ച് നിരഞ്ജന മുഖമുയർത്തി..

“ഇല്ല..” എന്ന് തലയാട്ടി..

“എന്തേ..”

“ഒന്നൂല്യ മോൻ ഓക്കേ ആണ്..പക്ഷെ മോള് സമ്മതിക്കുന്നില്ല..അമ്മയ്ക്ക് ന്താ..ഭ്രാന്താണോന്നാ ചോദിച്ചേ..ഈ പ്രായത്തിൽ ഒരു കല്യാണം..അതും കല്യാണത്തിനു തിയതി കുറിച്ച മോളോട് തന്നെ..എന്നും പറഞ്ഞു ഒരുപാട് ഒച്ച വെച്ചു മോള്..”

“മ്മ്..മോനോ..”

“അറിയില്ല..ഒന്നും പറഞ്ഞില്ല..അമ്മക്ക് ന്ത് തോന്നുന്നു അങ്ങനെ ചെയ്യാൻ പറഞ്ഞു..ഞാൻ ഒന്നിനും തടസമാവില്ലയെന്നും ഒരു ഒളിയമ്പ് പോലുള്ള വാക്കും വന്നു..”

“മ്മ്…ഇനി താൻ പറ…ഞാൻ എന്ത് വേണം..” അരവിന്ദൻ ചായ കപ്പ് മെല്ലെ ചുണ്ടോട് ചേർത്തു..

“അറിയില്ല..പക്ഷെ..നിന്നെ കൈ വിട്ടു കളയാൻ തോന്നുന്നില്ല..ഞാൻ എന്താ ചെയ്യാ..എനിക്ക് വേണം നിന്നെ..വേറെ ഒന്നിനും അല്ല എന്നെ കേൾക്കാൻ ഒരാൾ..എന്നെ അറിയുന്ന ഒരാൾ..എന്നേലും മനസും ശരീരവും ഒന്നായാൽ..” പാതിയിൽ നിർത്തി നിരഞ്ജന..

“പക്ഷെ..മക്കൾ..മോള്..അവളുടെ വിവാഹം..അതിനുള്ള തിയതി അടുത്തു..മോൻ..അവളെക്കാൾ രണ്ട് വയസിനു മൂത്തതാണ്..ആ പക്വത അവനും ഉണ്ട്..ഒരു ഇരുപത്തി അഞ്ചു വയസുകാരൻ അല്ലെ അവൻ..

അവർ ചിന്തിക്കുന്നതും ശരിയല്ലേ..

നാല്പത് കഴിഞ്ഞ അമ്മയ്ക്ക് ഇനി ഒരു വിവാഹം..അതും ഭർത്താവ് മരിച്ചു വെറും മൂന്ന് വർഷങ്ങൾ മാത്രം ആയുള്ളൂ..” നിരഞ്ജന തല കുമ്പിട്ടു നെറ്റിയിൽ കൈകൾ അമർത്തി പിടിച്ചു..

*********************

“എന്റെ പേര് ദിവ്യ..”

“ഞാൻ അഭിനവ്..”

പ്രണവിനേയും, ഗൗരിയേയും നോക്കി ഇരുവരും പറഞ്ഞു..

“ഞങ്ങൾ കാണണം ന്ന് പറഞ്ഞത് എന്തിനാണ് ന്ന് അറിയോ..” ദിവ്യയുടെയായിരുന്നു ചോദ്യം..

“ഇല്ല..” ഗൗരിയും, പ്രണവും തലയാട്ടി..

“അരവിന്ദൻ..ഞങ്ങളുടെ അച്ഛൻ ആണ്..നീരജ ആന്റിയുടെ..” പാതിയിൽ നിർത്തി അഭിനവ്..

“അവർക്ക് ഇഷ്ടണേൽ അവർ ഒരുമിച്ചു ജീവിക്കട്ടെ ഡോ..അവരുടെ സന്തോഷം..അവർ ആഗ്രഹിക്കുന്നത് പോലേ ജീവിക്കുമ്പോൾ അല്ലെ..വെറുതെ നമ്മുടെ സന്തോഷങ്ങൾക്ക് വേണ്ടി എന്തിനാ നമ്മൾ..” ദിവ്യയുടെ മറുപടി കേട്ട് ഗൗരിയുടെ മുഖം ചുവന്നു തുടുത്തു..

“ഇത് പറയാൻ ആണോ നിങ്ങൾ ഞങ്ങളെ വിളിച്ചത്..എന്റെ അമ്മ ഞങ്ങളുടെ മാത്രം സ്വന്തമാണ്..അത് മറ്റുള്ളവർക്ക് പകുത്തു നൽകുന്നത് എനിക്ക് ഇഷ്ടമല്ല..എനിക്ക് സഹിക്കില്ല…” ഗൗരിയുടെ ശബ്ദം ഉയർന്നു..

“മ്മ്..സമ്മതിച്ചു..ഈ സ്വാർത്ഥത കൊണ്ട് എന്താ നേട്ടം ഉള്ളത്..ഗൗരിയുടെ വിവാഹം കഴിഞ്ഞു ഗൗരി ലണ്ടനിലേക്ക് പറക്കും..പിന്നെ പ്രണവ് ഇനിയുള്ള കാലം ജോലിയുമായി കാനഡയിലേക്ക്.ഇവിടെ അമ്മ തനിച്ച്..സോറി ആന്റി തനിച്ച്..

പിന്നെ അവർ തമ്മിൽ പ്രണയം ഒന്നുമല്ല..കാര്യങ്ങൾ തുറന്നു പറയാൻ കഴിയുന്നു ഇരുവർക്കും..ഒരേ ഓഫീസിൽ ജോലി ചെയ്യുന്നു കുറച്ചു നാളായി..ദിവസവും കാണുന്നു..

ഞങ്ങളുടെ അമ്മ മരിച്ചിട്ട് രണ്ട് വർഷം ആവുന്നുള്ളു..അന്ന് തകർന്നു പോയ അച്ഛന്റെ മുഖം ഞങ്ങളിൽ ഉണ്ട്…വീടിനു പുറത്ത് പോകാതെ..ജോലിക്ക് പോകാതെ..ഒന്നും മിണ്ടാതെ നടന്ന അച്ഛൻ..

ഒടുവിൽ ഞങ്ങളുടെ സങ്കടം കണ്ടാണ് അച്ഛൻ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു വന്നത്..

പഴയ ഓഫീസിൽ നിന്നും ട്രാൻസ്ഫർ വാങ്ങി ഇങ്ങോട്ട് വന്നതും..ഇവിടേം അച്ഛൻ ഓക്കേ ആയിരുന്നില്ല..എന്നാലും ഞങ്ങൾ അച്ഛനെ ഒറ്റയ്ക്ക് വിടാൻ സമ്മതിച്ചില്ല..കുഞ്ഞു മൊബൈൽ മാത്രം യൂസ് ചെയ്തിരുന്ന അച്ഛന് മൊബൈൽ വാങ്ങി കൊടുത്തു..ഒരുപാട് യാത്രകൾ ചെയ്തു..ഒരുമിച്ചു കിടന്നു ഉറങ്ങി..എന്നും രാവിലെ എഴുന്നേറ്റു നടക്കാൻ പോകും..അച്ഛന്റെ കൂടെ ഓഫീസിൽ പോകും..അച്ഛനെ അവിടെ വിട്ടു ഞങ്ങൾ കോളേജിൽ പോകും..പതിയെ പതിയെ അച്ഛൻ തിരിച്ചു വന്നു തുടങ്ങി..

ഇതിനിടയിൽ എപ്ലോ ആണ് ആന്റിയുമായി പരിചയപെടുന്നത്…എല്ലാം ഞങ്ങളോട് പറയാറുണ്ട്..ആന്റിയുമായി ഞങ്ങൾ സംസാരിക്കാറുണ്ട്..ഇതിനിടയിൽ ഞാൻ ആണ് അച്ഛനോട് ഇങ്ങനെ രണ്ടാമതൊരു വിവാഹം എന്നുള്ള ഓപ്ഷൻ വെച്ചത്..

നോ ഒന്നും പറഞ്ഞില്ല..രാവിലെ മറുപടി പറയാം എന്ന് പറഞ്ഞു അച്ഛൻ കിടന്നു…

പിറ്റേന്ന് രാവിലെ അച്ഛൻ ആന്റിയോട് സംസാരിച്ചു..ആന്റിയും അച്ഛനോട്‌ നോ പറഞ്ഞില്ല..മക്കളോട് ചോദിച്ചു പറയാം എന്ന് പറഞ്ഞു..പിന്നീടാണ് ആന്റി പറഞ്ഞത് മോള് സമ്മതിക്കുന്നില്ല..മോൻ പാതി മനസ്സിൽ ആണെന്ന്. ” ദിവ്യ ഇരുവരേയും നോക്കി പറഞ്ഞു നിർത്തി…

“ഓ..അപ്പൊ അമ്മയെ നിങ്ങൾ നിങ്ങളുടെ ആക്കി…ബ്രെയിൻ വാഷ് ചെയ്ത് ല്ലേ..” ഗൗരിയുടെ ശബ്ദം കനത്തു..

“അങ്ങനെ പറയല്ലേ..” അഭിനവ് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു..

“ഒന്ന് ആലോചിച്ചു നോക്കു..ജീവിതം ഒന്നല്ലേ ഉള്ളൂ..കൂടെ ഒന്നായി ജീവിച്ചവർ ഒരു നാൾ ഒന്നും പറയാതെ പോയി..അതിൽ നിന്നും പുറത്ത് വരാൻ കഴിയാതെ വീർപ്പു മുട്ടി ജീവിക്കുന്ന രണ്ട് പേര്..അവർക്ക് വീണ്ടും ജീവിതത്തിൽ നിറമുള്ള ദിവസങ്ങൾ വരുന്നു..അവരുടെ മുഖം നോക്കാറുണ്ടോ നിങ്ങൾ..ഒന്ന് ശ്രദ്ധിച്ചു നോക്കൂ..അവരിൽ വന്നിരുന്ന മാറ്റങ്ങൾ..എന്നോ പുഞ്ചിരി മറന്നവർ..പതിയെ വീണ്ടും ചിരിക്കാൻ തുടങ്ങി..ആ ചിരി വിടർന്നു തുടങ്ങി..വസ്ത്രം ധരിക്കുമ്പോൾ പല വട്ടം സ്വയം നോക്കാൻ മറന്നവർ..ഒന്നുടെ നോക്കി സ്വയം വിലയിരുത്തുന്നു..

അറിയാൻ മറന്ന ഇഷ്ടങ്ങളേ..മനസ് അറിയാതെ കീഴടക്കുന്നത്..നാം അറിഞ്ഞു പോകുന്ന നിമിഷങ്ങൾ…ജീവിതം കൊണ്ട്..നമുക്ക് നൽകാൻ കഴിയുന്നത് അവരുടെ പുഞ്ചിരിയാണേൽ എന്തിനാ ഈ വാശി..അവരേ ജീവിക്കാൻ വിടൂ..അവർ ജീവിക്കട്ടെ..വിധവയായി അല്ല..ജീവിതകാലം സുമംഗലിയായി…ജീവിക്കട്ടെ..

ചേർത്ത് പിടിക്കട്ടെ..പറയാൻ മറന്നു പോയ പരിഭവങ്ങളും..ചിരിക്കാൻ മറന്നു പോയ ഇന്നലെകളും..നനഞ്ഞു പോയ മിഴികളിൽ നോവ് പടർത്തിയ ഓർമകളും…എല്ലാം എല്ലാം..അവർക്ക് മാത്രം സ്വന്തമായി..ഇനിയുള്ള പുലരികളിൽ പുഞ്ചിരിയായി നമുക്ക് നൽകാം..” അഭിനവ് പറഞ്ഞു നിർത്തി..

തല കുമ്പിട്ടു പ്രണവും ഗൗരിയും ഒന്നും മിണ്ടാതെയിരുന്നു..

**********************

“അമ്മേ ഞങ്ങൾക്ക് സമ്മതമാണ്..പക്ഷെ ഒറ്റ കണ്ടീഷൻ..എന്റെ വിവാഹത്തിന്റെ അന്ന് തന്നേ വേണം അമ്മയുടെ വിവാഹവും ഒരേ വേദിയിൽ..ഒരേ മുഹൂർത്തത്തിൽ..” ഗൗരി നിരഞ്ജനയുടെ കവിളിൽ ചുണ്ടമർത്തി കൊണ്ട് പറഞ്ഞു..പ്രണവ് നിരഞ്ജനയേ ചേർത്ത് പിടിച്ചു..

ഈ നിമിഷം പ്രണവിന്റെ മൊബൈൽ റിംഗ് ചെയ്തു..

“പറഞ്ഞോ ആന്റിയോട്..സോറി അമ്മയോട്..” ദിവ്യ ചോദിച്ചു..

“മ്മ്..” പ്രണവ് മൂളി..

“ഹാപ്പി അല്ലേ ആള്…”

“അതേ..”

“തുറന്നു സംസാരിക്കാൻ താല്പര്യമുണ്ടേൽ ഇന്ന് ഈ നമ്പർ സേവ് ചെയ്തേക്കു..ഒരിക്കലും നമ്മൾ ഒരേ രക്തമല്ല..കരുതലിന്റെ കൈ പിടിക്കാൻ കൂടെ ഉണ്ടാവും..ചേർത്ത് പിടിക്കാൻ എന്നേലും തോന്നിയാൽ ചേർന്നു നടക്കാൻ ഞാനും ശ്രമിക്കാം..ഉറപ്പില്ല..ജീവിതമാണ്..ഒന്നും ശാശ്വതമല്ല..” ദിവ്യ കാൾ കട്ട്‌ ചെയ്തു..പ്രണവിന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു..

ശുഭം