അത് കേൾക്കുമ്പോൾ അവന് അറിയാമായിരുന്നു താൻ ചെയ്തത് എത്രത്തോളം വലിയ തെറ്റ് ആണെന്ന്…

എഴുത്ത്: മഹാ ദേവൻ

=================

രാവിലെ എഴുനേറ്റ് കുളിയും കഴിഞ്ഞ് പുറത്ത് പത്രം വായിച്ചിരിക്കുമ്പോൾ ആണ് ഗേറ്റ് തുറന്ന് അകത്തേക്കു വരുന്ന ലക്ഷ്മിയമ്മയെ ഹരി കണ്ടത് .

കുഞ്ഞായിരുന്നപ്പോൾ ഒരുപാട് എടുത്തു നടന്നിട്ടുണ്ടെന്നും അമ്മ ഇല്ലാത്ത സമയങ്ങളിൽ കരയുമ്പോൾ ലക്ഷ്മിയമ്മ മു ല തരാറുണ്ടെന്നും, പാലൊന്നുമില്ലാത്ത ആ ചുളിവീണ മു ല ഒരുപാട് മോൻ നുണഞ്ഞു കുടിച്ചിട്ടുണ്ടെന്നും , ആ കൈകൾ കൊണ്ട് ഒരുപാട് ഭക്ഷണം വാരിത്തന്നിട്ടുണ്ടെന്ന് അമ്മ എപ്പോഴും പറയാറുള്ളത് അന്നേരം ഓർത്തുപോയി അവൻ.

വയസ്സായെങ്കിലും ഇപ്പോഴും നടക്കാനൊന്നും ഒരു പ്രശ്നവും ഇല്ല..മുഖത്തു മാത്രമായിരുന്നു ആ വാർദ്ധക്യം എടുത്ത് കാണിച്ചിരുന്നത്. ഒരു ചിരിയോടെ കേറി വരുന്ന അവരെ കണ്ട് കസേരയിൽ നിന്ന് എഴുന്നേൽക്കുമ്പോൾ അവർ അടുത്തെത്തിയിരുന്നു. കുറച്ച് നേരത്തെ കുശലാന്വേഷങ്ങൾക്കിടയിൽ ഒന്ന് മടിച്ചാണെങ്കിലും ലക്ഷ്മിയമ്മ വന്ന കാര്യം അവതരിപ്പിച്ചു,

“ഹരി.. ഞാൻ ഇപ്പോൾ വന്നത് മോന്റെ കയ്യിൽ നിന്ന് ഒരു സഹായം ചോദിക്കാനാ. അറിയാലോ.. നാട്ടിൽ മുഴുവൻ ഇപ്പോൾ പിടികൂടിയിരിക്കുന്ന അസുഖം കാരണം പുറത്തിറങ്ങാൻ പോലും പറ്റുന്നില്ല. കയ്യിലാണേൽ കാശായി ഒന്നും ഇരിപ്പില്ലതാനും. മോന്റെ കയ്യിൽ ഉണ്ടേൽ ഒരു 500 ഉറുപ്പിക തന്നാൽ വല്യ ഉപകാരമായിരുന്നു. ഈ പ്രശ്നം ഒക്കെ തീർനന്ന് മോള് ജോലിക്ക് പോയി തുടങ്ങിയാൽ ഉടനെ തരാം.. അവൾക്കും ഇപ്പോൾ വീട്ട് ജോലിക്കൊന്നും പോകാൻ പറ്റാത്തത് കൊണ്ടാണ്….. “

ലക്ഷ്മിയമ്മ വല്ലായ്മയോടെ അവസ്ഥ അവന് മുന്നിൽ വിവരിക്കുമ്പോൾ ഹരി മുഖത്തൊരു വിഷമം വരുത്തിക്കൊണ്ട് അവരെ നോക്കി,

“ലക്ഷ്മിയമ്മ ഇങ്ങനെ ചോദിക്കുമ്പോൾ ഞാൻ എങ്ങനെ ഇല്ലെന്ന് പറയും…പക്ഷേ, അതാണ് സത്യം. ഇതെങ്ങനെ മുഖത്തു നോക്കി പറയും എന്നൊരു വിഷമം ഉണ്ട്. പക്ഷേ, പറയാതിരുന്നാൽ ഞാൻ ഉണ്ടായിട്ടും തരാത്തതാണെന്ന് കരുതും. ലക്ഷ്മിയമ്മക്ക് അറിയാലോ ഞാനും ഗൾഫിൽ നിന്ന് വന്നത് ഈ അവസ്ഥയിൽ ആണ്.. അതുകൊണ്ട് തന്നെ ശരിക്കും കുടുങ്ങികിടക്കുവാ ഞാൻ. വീടിന്റ മുന്നിൽ കാറുണ്ട്, കാണുമ്പോൾ ആർക്കും ഒരു കുറവും തോന്നില്ല, അതുകൊണ്ട് തന്നെ ആരും ഈ വഴി തിരിഞ്ഞു നോക്കുന്നുപോലുമില്ല. ആരോടെങ്കിലും ചോദിക്കാൻ ആണെങ്കിൽ വല്ലാത്ത മടിയും. ലക്ഷ്മിയമ്മയോടെ എനിക്കെല്ലാം തുറന്നു പറയാമല്ലോ.. ഒന്നല്ലെങ്കിൽ എന്നെ ഒരുപാട് എടുത്ത് നടന്നതല്ലേ. സത്യം പറഞ്ഞാൽ എന്റെ കയ്യിൽ ഇപ്പോൾ എടുക്കാൻ ഒന്നുമില്ല “

അത് പറയുന്നതിനിടയിലാണ് അകത്തു നിന്ന് കുട്ടികൾ തല്ലുകൂടി കരയുന്നത് കേട്ടത്.
അത് കേട്ട ഉടനെ ഹരി അകത്തേക്ക് വിരൽചൂണ്ടി പറഞ്ഞു

“കേട്ടില്ലേ. കുട്ടികൾ അടക്കം കരയുന്ന അവസ്ഥ ആയി. അവരോട് ഇതൊന്നും പറഞ്ഞാൽ മനസ്സിലാകില്ലല്ലോ. അവരൊക്കെ സുഭിക്ഷമായി കഴിച്ചല്ലേ ശീലിച്ചത്..എന്ത് ചെയ്യാം…ലക്ഷ്മിയമ്മയോട് ഇതൊക്കെ പറയുന്നതിൽ വിഷമമുണ്ട്.. പക്ഷേ…… “

അതെ സമയം അവന്റ വാക്കുകൾ കേട്ട് നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് ഒന്നും മിണ്ടാതെ പുറത്തേക്ക് നടക്കുന്ന ലക്ഷ്മിയമ്മയെ നോക്കികൊണ്ടാണ് രാജി അകത്തു നിന്ന് വന്നത്,

“ലക്ഷിയമ്മ അല്ലെ ആ പോയത്. എന്നിട്ട് അകത്തേക്ക് ഒന്ന് കേറിയത് പോലും ഇല്ലല്ലോ. ഇവിടെ വന്നാൽ കുറെ നേരം സംസാരിച്ചിരിക്കാറുള്ള ആളാ.. എന്തിനാ ഹരിയേട്ടാ അവർ വന്നത്. ” എന്ന് ചോദിച്ച രാജിയുടെ മുഖത്തേക്കൊന്ന് നോക്കികൊണ്ട് പത്രത്തിലേക്ക് തല താഴ്ത്തുമ്പോൾ ഹരി വന്ന കാര്യം അവൾക്ക് മുന്നിൽ അവതരിപ്പിച്ചു. അത് കേട്ടപ്പോൾ അവളുടെ മനസ്സിൽ വല്ലാത്തൊരു വിഷമം തോന്നി.

“ന്നാലും എന്തിനാ ഹരിയേട്ടാ അവരോടൊക്കെ ഇങ്ങനെ.. ഒന്നുമില്ലെങ്കിൽ നിങ്ങൾ തന്നേ പല വട്ടം പറഞ്ഞിട്ടില്ലേ അവരാണ് നിങ്ങളെ എടുത്തു വളർത്തിയത് എന്ന്. അതിന്റ ഒന്നും കടപ്പാട് ഇല്ലെങ്കിലും അന്ന് അങ്ങനെ ഒക്കെ ചെയ്തതിന്റെ കൂലി ആയിട്ടെങ്കിലും എന്തെങ്കിലും കൊടുക്കാമായിരുന്നില്ലേ. ഇവിടെ ഇപ്പോൾ ഒരു ബുദ്ധിമുട്ടും ഇല്ലല്ലോ കാശിന്. എന്നിട്ടും നിങ്ങൾ.”

അവളുടെ കുറ്റപ്പെടുത്തുന്ന രീതിയിലുള്ള സംസാരം കേട്ടപ്പോൾ ഹരിക്ക് കലിയാണ്‌ വന്നത്,

“നിനക്ക് ഇത് എന്തിന്റെ കേടാണ് രാജി. ഞാൻ അവിടെ കിടന്ന് കഷ്ടപ്പെട്ട് ഉണ്ടാക്കിയ കാശാണ്.. അത് കടപ്പാടും കഷ്ടപ്പാടും പറഞ്ഞു വീതിക്കാൻ നിന്നാൽ അതിനെ സമയം ഉണ്ടാകൂ… ഗള്ഫുകാരന്റ വീട്ടിൽ അങ്ങനെ പലരും വരും കടം ചോതിക്കാൻ. എന്നും വെച്ച് എല്ലാവർക്കും എടുത്ത് വിതറിക്കൊടുക്കൻ ഇവിടെ അച്ചടിക്കുന്ന മെഷീൻ ഒന്നുമില്ല. മനസ്സിലായല്ലോ..ഓരോരുത്തർ വരും ഓരോ കഷ്ടപ്പാടും പറഞ്ഞ്. അതിനെ സപ്പോർട്ട് ചെയ്യാൻ നിന്നെപ്പോലെ ഒരു ബുദ്ധി ഇല്ലാത്തവളും “

അവന്റെ വാക്കുകളിൽ നിറഞ്ഞ് നിൽക്കുന്ന ദേഷ്യവും അഹംഭാവവും തിരിച്ചറിഞ്ഞപ്പോൾ പിന്നെ ഒന്നും പറയാതെ രാജി അകത്തേക്ക് നടന്നു..കൂടെ പത്രം മടക്കിവെച്ച് അവനും.

പിന്നെ രാവിലത്തെ ബ്രേക്ക്‌ഫാസ്റ്റും കഴിച്ച് ടീവിക്ക് മുന്നിൽ ഇരിക്കുമ്പോൾ ആയിരുന്നു പുറത്ത് നിന്ന് ആരുടെയോ വിളി കേട്ടത്.

“ശല്യം, ഇനി ഈ സമയത്ത് ആരാണാവോ ” എന്ന് പ്രാകികൊണ്ട് വാതിൽ തുറക്കുമ്പോൾ മുന്നിൽ പുഞ്ചിരിയോടെ ലക്ഷ്മിയമ്മ ഉണ്ടായിരുന്നു.

അവരെ കണ്ടപ്പോൾ തന്നെ ” ത ള്ള ഇരക്കാൻ പിന്നെയും വന്നോ ” എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ഹരി മുഖത്തൊരു പുഞ്ചിരി വരുത്തുമ്പോൾ അകത്തു നിന്ന് പുറത്ത് വന്നത് ആരെന്നറിയാൻ വേണ്ടി രാജിയും അവർക്കരികിലേക്ക് എത്തി. ലക്ഷ്മിയമ്മയെ കണ്ട മാത്രയിൽ അവൾ സന്തോഷത്തോടെ അകത്തേക്ക് വരാൻ ക്ഷണിച്ചപ്പോൾ അത് നിരസിച്ചുകൊണ്ട് കയ്യിൽ ഉണ്ടായിരുന്ന ഒരു സഞ്ചി അവർ രാജിക്ക് നേരെ നീട്ടി,

” മോളിപ്പോ ഇത് അകത്തേക്ക് വെക്ക്. കുറച്ചു അറിയും സാധനങ്ങളും ആണ്. എന്റെ ഒക്കത്തിരുന്ന് എന്റെ മു ല കുടിച്ച് വളർന്ന എന്റെ മോൻ ഇവിടെ ഇങ്ങനെ ഒരു അവസ്ഥയിൽ ആണെന്ന് അറിഞ്ഞില്ലല്ലോ എന്നൊരു സങ്കടം ഉണ്ടായിരുന്നു. നിങ്ങൾക്ക് മറ്റുള്ളവരോട് ചോദിക്കാൻ അല്ലെ അഭിമാനക്കുറവുള്ളൂ, എനിക്ക് അതൊന്നും പ്രശ്നം അല്ല. അപ്പുറത്തെ വീട്ടിലെ രാജനോട് ചോദിച്ചപ്പോൾ തന്നെ അവൻ കാശ് എടുത്തു തന്നു. കൂലിപ്പണിക്കാരൻ ആണെങ്കിലും നല്ലവനാ..ആ കാശ് കൊണ്ട് ഇതൊക്കെ വാങ്ങിയപ്പോൾ ആണ് നിങ്ങളെ ഓർത്തത്. എന്റെ മോനും കുട്ടികളും മോളുമൊക്കെ ഇവിടെ പട്ടിണി കിടക്കുമ്പോൾ എനിക്ക് അവിടെ എന്ത് കഴിച്ചാലും ചങ്കിൽ നിന്ന് ഇറങ്ങില്ല. അതുകൊണ്ടാണ്‌ ഇത് ഇങ്ങോട്ട് കൊണ്ടുവന്നത്. ഞങ്ങൾക്ക് പണ്ട് മുതലേ പട്ടിണി കിടന്നിട്ടൊക്കെ ശീലമാണ്. നിങ്ങളൊന്നും അങ്ങനെ അല്ലല്ലോ. പിന്നെ ചെറിയ കുട്ടികളും. അതുകൊണ്ട് മോള് പോയി കുട്ടികൾക്ക് ഇതുകൊണ്ട് വല്ലതും ഉണ്ടാക്കികൊടുക്ക്. ഞാൻ വീട്ടിലേക്ക് ചെല്ലട്ടെ “

എന്നും പറഞ്ഞ് പുഞ്ചിരിയോടെ തിരികെ നടന്ന ലക്ഷ്മിയമ്മയെ നോക്കി നിൽക്കുന്ന ഹരിയിൽ നിന്ന് രണ്ട് തുളളി കണ്ണുനീർ പൊഴിഞ്ഞു താഴേക്കു പതിച്ചു. അതെ അവസ്ഥയിൽ ആയിരുന്നു രാജിയും.

അവർ പോയി കഴിഞ്ഞപ്പോൾ രാജി അയാൾക്ക് നേരെ തിരിഞ്ഞുകൊണ്ട് ഒന്ന് രൂക്ഷമായി നോക്കി, “കണ്ടല്ലോ. ഇങ്ങനെ ആണ് മനുഷ്യരെ തിരിച്ചറിയുന്നവർ.. കുറെ ഉണ്ടാക്കി കെട്ടിപിടിച്ചിരുന്നാൽ മനുഷ്യൻ ആവില്ല.. ഉള്ളത് കൊണ്ട് വിശപ്പറിഞ്ഞു ഊട്ടാൻ പഠിക്കണം..അപ്പോഴേ മനുഷ്യൻ ആകൂ ” എന്ന്.

അത് കേൾക്കുമ്പോൾ അവന് അറിയാമായിരുന്നു താൻ ചെയ്തത് എത്രത്തോളം വലിയ തെറ്റ് ആണെന്ന്..

“രാജി.. കഴിഞ്ഞ കാര്യങ്ങളോ പറഞ്ഞ വാക്കുകളോ തിരിച്ചെടുക്കാൻ പറ്റില്ലല്ലോ പക്ഷേ, എനിക്ക് അവരെ സഹായിക്കണം.. ഇനി ഒരിക്കലും അവർ പട്ടിണി കിടക്കരുത്. ഒരു പത്തു ചാക് അരി ഇപ്പോൾ തന്നെ അവരുടെ വീട്ടിൽ എത്തിക്കാൻ പറയാം പോരെ “

അവന്റെ ആവേശത്തോടെ ഉള്ള വാക്കുകളെ പുച്ഛിച്ചു തള്ളുമ്പോൾ അവൾക്ക് പറയാനുണ്ടായിരുന്നത് ഒന്ന് മാത്രം ആയിരുന്നു,

“ഇനി നിങ്ങൾ പത്തല്ല, നൂറ് ചാക് അരി വാങ്ങികൊടുത്താലും അവർ ഇപ്പോൾ നമുക്ക് മുന്നിലേക്ക് നീട്ടിയ ആ സഞ്ചിയിലെ അരിയോളം വരുമോ..

നിങ്ങളുടെ പത്തു ചാക്കിനേക്കാൾ നൂറിരട്ടി വിലയുണ്ട് അവർ തന്ന പത്തു കിലോ അരിക്ക്.. കാരണം അവർ നീട്ടിയത് ഒരു സ്നേഹം ആണ്.. അമ്മക്ക് മകനോടുള്ള സ്നേഹം..പക്ഷേ, നിങ്ങൾ നീട്ടുന്നതോ ഒരു പ്രായശ്ചിത്തമാണ്..

നിങ്ങളെ ഊട്ടി ഉറക്കി വളർത്തിയതിന്റ ഒരു പങ്കിന് അവകാശപ്പെട്ട അവരെ നിങ്ങൾ എപ്പോൾ അവഗണിച്ചുവോ അതോടെ നനിങ്ങൾ നിങ്ങളല്ലാതായി..ഇപ്പോൾ ഈ പ്രായശ്ചിത്തമായി നീട്ടുന്ന അരിയുടെ വില വെറും പൂജ്യമാണ്..വട്ടപ്പൂജ്യം “

അതും പറഞ്ഞ് സഞ്ചിയും തൂക്കി അകത്തേക്കു പോകുന്ന രാജിയെ നോക്കി നിൽക്കുമ്പോൾ ഹരിക്ക് തോന്നി അവൾ പറഞ്ഞതാണ് ശരി.

വെറും വട്ടപൂജ്യമാണ് ..പക്ഷേ, അത് ആ അമ്മയുടെ സ്നേഹത്തിനു മുന്നിൽ തന്റെ വിലയാണ്‌ എന്ന് മാത്രം.

ഞാൻ വെറും വട്ടപൂജ്യം ആണ്. മനുഷ്യനെന്ന നിലയിലും സ്നേഹത്തിന്റെ മുന്നിലും.

✍️ ദേവൻ