അവരുടെ കണ്ണുകൾ തൻ്റെ നേർക്കാണ് എന്ന് തിരിച്ചറിഞ്ഞ അച്ഛൻ എല്ലാം വിറ്റു പെറുക്കി…

Story written by Rajesh Dhibu

======================

തലയണക്കരികിലിരുന്ന അലാറം കയ്യെത്തിച്ചവൾ ഓഫ് ചെയ്തു. തലയ്ക്കലാം ഭാഗത്തുള്ള ജനാലകൾ തുറന്നിട്ടു…മകരമാസ കുളിര് ആ ജാലക പഴുതിലൂടെ മുറിയിലേക്ക് അരിച്ചു കയറി..അവൾ ഉറക്കത്തിൻ്റെ ആലസ്യം വിട്ടുമാറാതെ പുറത്തേയ്ക്ക് എത്തി നോക്കി..

ശ്ശോ  കുറച്ചു നേരം കൂടി കിടക്കാമായിരുന്നു, നേരം വെളുക്കുന്നതേയുള്ളൂ. ഞായറാഴ്ചയാണന്ന് ചിന്തിക്കാതെ പതിവായ് എഴുന്നേൽക്കാറുള്ള ആ സമയത്തെ അവൾ മനസ്സിൽ ശകാരിച്ചുകൊണ്ടിരുന്നു..

അലങ്കോലമായി നെറ്റിതടത്തിലേയ്ക്ക് വീണു കിടന്നിരുന്ന മുടിയിഴകളെ വാരിക്കെട്ടിവെച്ചു കൊണ്ട് കുറച്ചു നേരം കട്ടിലിൽ തന്നെയിരുന്നു

ഇന്ന് വരുന്ന കൂട്ടർക്ക് ഇനി എന്താണാവോ പറയാനുണ്ടാവുക. സ്വപ്നം കണ്ട കാഴ്ചകളെ കടിഞ്ഞാൺ ഇട്ടു നിറുത്തി കൊണ്ടവൾ സ്വയം ചോദിച്ചു,..

എന്തിനാണ് വെറുതെ സ്വപ്നം കാണുന്നത് വയസ്സ് മുപ്പത്തിരണ്ടായി. അല്ലങ്കിലും നന്ദകുമാർ ജോത്സ്യ’ര് പറഞ്ഞത് സത്യമല്ലാതായിട്ടുണ്ടോ..കുട്ടിക്ക് മംഗല്യ യോഗം വാഴില്ലയെന്ന്..

സ്വപ്നങ്ങൾക്കറിയില്ലല്ലോ നന്ദൻ ജോത്സര്യ…

ചെറിയ മന്ദഹാസത്തോടെയവൾ രാവിലെ കണ്ട സ്വപ്നത്തെ കീറി മുറിക്കുവാൻ തുടങ്ങി…

അതേ മണിക്കാട്ടിൽ സഹദേവൻ്റെ മോള് പി ഴച്ചു പെറ്റതാണല്ലോ..പി ഴച്ചു പെറ്റാലും പെണ്ണ് പെണ്ണല്ലാതാകുമോ..തനിക്ക് എന്താണ് ഒരു കുറവ് സൗന്ദര്യമില്ലേ. അത്യാവശ്യം എഴുതാനും വായിക്കാനും അറിയില്ലേ..ഒരു പണവും കുടുംബ പാരമ്പര്യവും ഹോ

ഇന്നത്തെ കാലത്ത് അതല്ലേ വേണ്ടൂ എല്ലാവർക്കും…തനിക്ക് ഇല്ലാതെ പോയത് ഇതു രണ്ടും ആരെയാണ് ഇനി പഴി പറയേണ്ടത്. ജന്മം നൽകിയ  അച്ഛനേയോ, അതോ സുഖജീവിതം മാത്രം മോഹിച്ചു അച്ഛൻ്റ കൂടെ ഇറങ്ങി വന്ന അമ്മയേയോ..അവരെ അമ്മയെന്ന് വിളിക്കാമോ..മറ്റൊരുവൻ്റെ ഭാര്യയായ സ്ത്രീയെങ്ങിനെയാണ് അമ്മയാവുക. തന്നെ പ്രസവിച്ചതിൽ നഷ്ടപ്പെടുത്തിയ തൻ്റെ സമയത്തെയോർത്ത് സദാസമയം കുറ്റപ്പെടുപ്പെടുത്തുന്ന ഒരു വേ ശ്യ അങ്ങിനെയല്ലേ അവരെ ഉപമിക്കേണ്ടത്..

അമ്പത്തിമൂന്നാമത്തെ വയസ്സിലും തന്നെക്കാളും പ്രായം കുറഞ്ഞ ഒരുവൻ്റെ കൂടെ ഒളിച്ചോടി പോയ അവരെയിനി വേറെ എന്തു പേരിട്ടു വിളിക്കണം. “അമ്മയാണു പോലും അമ്മ” നാവു കൂച്ചുന്നു. ആ വാക്കുച്ചരിക്കുവാൻ…തൻ്റെ വിധി അല്ലാതെ എന്തു പറയാൻ

പരിഹാസചിരിയിലും വേദനകൾ കടിച്ചമർത്തി കൊണ്ടവൾ കണ്ണാടിയുടെ മുന്നിൽ ചെന്നു നിന്നു…കണ്ണിനു ചുറ്റും കാർമേഘം പോലെ വലയം വെച്ച കറുത്ത പാടിനെ ചൂണ്ടുവിരലാൽ മെല്ലേ ഒന്നു തടവീ..

പാർവ്വതീ..കൊള്ളാം അച്ഛൻ വെച്ച പേര് കൊള്ളാം…ഐശ്വര്യമില്ലാത്തവൾക്ക് ഇടാൻ പറ്റിയ പേരു തന്നെ…

കുളി കഴിഞ്ഞു വന്ന് ഭിത്തിയിൽ തൂക്കിയ അച്ചൻ്റെ ഫോട്ടോയ്ക്ക് മുന്നിൽ നിന്നു തൊഴുതു….ഇനിയും വയ്യാ. അച്ഛാ..ദൈവങ്ങളോട് പറയാൻ എനിക്ക് ഒന്നുമില്ല..എല്ലാം എൻ്റെ അച്ഛനാണ്..എന്നും അച്ഛൻ്റെ ഈ  മകൾ ഒറ്റക്കു ജീവിക്കണമെന്നാണോ..അച്ഛൻ ആഗ്രഹിക്കുന്നത്…ഇനിയൊരു കെട്ടിയാരുങ്ങലിന് എനിക്ക് വയ്യാ..അച്ഛന് എന്നോട് അത്രയ്ക്ക് ഇഷ്ടമാണങ്കിൽ അച്ഛൻ്റെ അടുത്തേയ്ക്ക് ഞാനും വരുന്നു..ഒറ്റയ്ക്ക് ജീവിച്ചു മതിയായി..

കണ്ണുകൾ നിറഞ്ഞൊഴുകുന്നത് അച്ഛൻ കാണാതിരിക്കാൻ പുറം തിരിഞ്ഞു നിന്നു കൊണ്ടവൾ മിഴികൾ തുടച്ചു..ഒന്നുകൂടി അച്ഛനെ നോക്കി കൊണ്ടവൾ അടുക്കളയിലേക്ക് നടന്നു.

മനു പറഞ്ഞതുകൊണ്ട് വിശ്വസിക്കാം. തന്നോട് ഇത്തിരിയെങ്കിലും സ്നേഹം ഉള്ളത് അവനു മാത്രമാണ്. വടക്കേ പുറത്തേ വെച്ചു കെട്ടി അടുക്കളയുടെ അടുത്തിരുന്ന് പാത്രങ്ങളിൽ ചാരം തേച്ചുമിനുക്കന്നതിനിടയിൽ തലേ ദിവസം മനു പറഞ്ഞ കാര്യങ്ങൾ അവൾ ഒന്നുകൂടി ഓർത്തെടുത്തു….

എടീ പാറുവേ..ഒത്താൽ ഈ ബന്ധം സൂപ്പറാണ്…ചെക്കൻ അങ്ങ് ദുബായിലാണ്. കൂടെ കൂട്ടികൊണ്ടു പോകുമെന്നാ പറഞ്ഞേ. അമ്മിണി ചേച്ചി നമ്മടെ ദിവാകരൻ്റെ മോൾക്ക് കൊണ്ടുവന്ന ആലോചനയാ..എൻ്റെ ഓട്ടോയിൽ കയറിയപ്പോൾ ഞാനാണ് നിൻ്റെ കാര്യം അവരോട് പറഞ്ഞത്. കുറച്ച് കമ്മീഷൻ കൂടുതൽ കൊടുക്കാമെന്ന് പറഞ്ഞപ്പോൾ തളള വീണു. അല്ലങ്കിലും പ്രിയ സമ്മതിക്കില്ല അതെനിക്കു ഉറപ്പാണ്. അവള് എൻ്റെ കൂടെ ഓട്ടോ ഓടിക്കുന്ന ജയേഷുമായി ഒടുക്കത്തെ പ്രണയമാണന്നേ..ഇത്തവണത്തെ ന്യൂ ഇയർ ബംബർ നിനക്കാണങ്കിലോ..

നാളെ അതിരാവിലെ ചെറുക്കനേയും കൂട്ടി ഞാൻ അങ്ങോട്ടു വരാം. നീ ഒന്നു ഒരുങ്ങി നിന്നോ…

“എന്തിനാടാ വെറുതേ ആശിപ്പിക്കുന്നേ..” കഴുകി വെച്ച പാത്രങ്ങളുമായ് തിരികെ നടക്കുന്നതിനിടയിൽ ഒഴുകിയിറങ്ങിയ കണ്ണു നീർ തുള്ളികളെ സാക്ഷി നിറുത്തികൊണ്ട്‌ പാറു ആരോടന്നില്ലാതെ പറഞ്ഞു….

മുറ്റത്ത് ഓട്ടോ വന്നു നിൽക്കുന്ന ശബ്ദം കേട്ടിട്ടാണ്. അരി കഴുകിയിടുന്നത് പാതിയിൽ ഇട്ടിട്ടുവൾ ഉമ്മറത്തേക്ക് ഓടി വന്നത്.

മനുവാണല്ലോ…ഓട്ടോയിൽ നിന്നിറങ്ങിയ മനുവിനെ നോക്കുന്നതിനോടൊപ്പം പാറുവിൻ്റ കണ്ണുകൾ ശരവേഗത്തിൽ പുറകിലേക്ക് സഞ്ചരിച്ചു. കാലിയായിരുന്ന ഇരിപ്പിടത്തിലേക്ക് ഇമവെട്ടാതെ നോക്കി നിൽക്കുന്നതിനിടയിലാ ണ് സഹതാപം നിറഞ്ഞ വാക്കുകളുമായ് മനു അവളുടെ അരികിലേക്ക് ചെന്നത്..

പാറൂ ഞങ്ങളെ കാത്തിരിക്കുകയായിരുന്നോ..

അവൾക്ക് മറുപടി പറയാൻ കൂടുതലൊന്നും ആലോചിക്കേണ്ടി വന്നില്ല.

നീ പറയാതെ തന്നെ എനിക്ക് അറിയാമായിരുന്നു. പി ഴച്ചു പെറ്റവളെ വേണ്ടാ എന്നു പറഞ്ഞു കാണും അല്ലേ..കണ്ണിൽ നിന്നും അശ്രുകണങ്ങൾ നിലം പതിക്കുമ്പോഴും ചിരിച്ചു കൊണ്ടാണവൾ മനുവിന് മറുപടി നൽകിയത്..സാരമില്ലടോ. വെറുതേ രാവിലെ എഴുന്നേറ്റു കുളിച്ചു.

എന്തു പറയണമെന്നറിയാതെ  മനു നിന്നു പരുങ്ങുന്നതു കണ്ടപ്പോൾ അവൾക്ക് അവനോട് അങ്ങിനെ പറയേണ്ടിയിരുന്നില്ല എന്നു തോന്നി..അല്ലങ്കിലും ആ പാവം തനിക്ക് ഒരു ജീവിതമുണ്ടാകട്ടേ എന്നു കരുതി ചെയ്തതാണല്ലോ..മനു കയറിയിരിക്കു ഒരു കട്ടൻ ഇടാം. അവൻ്റെ മുഖത്തെ നിരാശ മാറ്റുന്നതിനായ് പാറു വിഷയം മാറ്റി..

നിനക്ക് ഇന്ന് ഓട്ടം ഇല്ലേ..?

പോയില്ല..

ഉം അതെന്താ..

പാവം മീനാക്ഷിയമ്മയെ പട്ടിണിക്കിട്ട് കൊല്ലാനാണോ..

ഏയ് ഒന്നുമില്ല പാറു ഇന്നലെ രാത്രി അവർ വിളിച്ചു പറഞ്ഞതിനു ശേഷം നേരം പുലരും വരെ ആധിയായിരുന്നു..ഒന്നിവിടെ വന്നിത് എങ്ങിനെ പറയും എന്നാലോചിച്ചു കൊണ്ട്…ഞാൻ നിനക്ക് ഒരു പാട് പ്രതീക്ഷകൾ തന്നു അല്ലേ. സോറിടാ…

പോടാ..അതിനു നീ എന്തു പിഴച്ചു…എനിക്ക് വിധിച്ചിട്ടില്ല. അത്ര തന്നെ….

അതിനോടകം തന്നെ അവൾ യാഥാർത്ഥ്യങ്ങളോട് പൊരുത്തപ്പെട്ടു കഴിഞ്ഞിരുന്നു.

പാറു…ഞാൻ ഒരു കാര്യം പറഞ്ഞോട്ടോ..ഒരു പാട് ആലോചിച്ചു. എന്നിട്ട് എടുത്ത തീരുമാനമാണ്.

എന്താടാ..എന്നെ നീ വല്ല അനാഥാശ്രമത്തിലെങ്ങാനും കൊണ്ടു വന്നാക്കുവാൻ പോകുവാണോ..!!ll ?അവൾ ചെറുതായി പുഞ്ചിരിച്ചു കൊണ്ടവനെ കളിയാക്കി…

ഏയ് അതൊന്നുമല്ല…ഞാൻ നിന്നെ വിവാഹം കഴിച്ചോട്ടെ..പരിസരം മറന്നു ഒന്നു പൊട്ടിച്ചിരിച്ചതിന്‌ ശേഷമാണ് അവൾ മറുപടി പറഞ്ഞതു

“കളിയാക്കിയതാണല്ലേ.. “!!

അല്ല പാറൂ..സത്യമാണ് ഞാൻ പറഞ്ഞത്..

എന്നെ പറ്റി എല്ലാം പാറുവിന് അറിയാം. കതിർ മണ്ഡപത്തിൽ വെച്ച് ഞാൻ കെട്ടിയ താലി വലിച്ചെറിഞ്ഞ് കാമുകനോടൊപ്പം പോയതിനു ശേഷം ജീവിതത്തിൽ ഇനിയൊരു സത്രീ കൂടെ വേണ്ടായെന്ന് അവിടെ വച്ചുതന്നെ ശപഥം എടുത്തവനായിരുന്നു …

എന്നാൽ ചിലരുടെ വേദനകൾ നമ്മുടെ ചിന്തകളെ മാറ്റിമറിയ്ക്കും മനസ്സിൽ പ്രകമ്പനം കൊള്ളിക്കും…ഇത്രയും നാളും ഒരു വിവാഹത്തെ കുറിച്ചു പോലും ഞാൻ ആലോചിച്ചിരുന്നില്ല….എന്നാൽ ഇന്നിപ്പോൾ…..പറഞ്ഞത് തെറ്റാണങ്കിൽ എന്നോട് ക്ഷമിക്കണം.

വാക്കുകൾ പാതിയിൽ നിറുത്തി കൊണ്ടവൻ പാറുവിൻ്റെ മറുപടിക്കായ് കാതോർത്തു.

ഇരുവർക്കുമിടയിലുള്ള നിശബ്ദതയ്ക്കു ഭംഗം വരുത്തി കൊണ്ട് പാറു തുടർന്നു….

മൗനങ്ങളുടെ നീണ്ട ഇടവേളക്ക് ശേഷം ഒരിക്കൽ കൂടി അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ അതേ നിമിഷമാണ് അവളും അവനു നേരേ  മിഴികളെ പായിച്ചത്….

“സഹതാപം: ”  ആ വാക്കുകളെ ഞാൻ വെറുക്കുന്നു മനു…കുറച്ച്  വർഷങ്ങൾക്കു മുൻപ് ഒരു മഴക്കാലത്ത് കയറി വന്ന അച്ഛനെയും മകളേയും മാത്രമേ മനുവിന് അറിയൂ. പി ഴച്ചു പെറ്റവൾ എന്ന് തൻ്റെ മുഖത്തു നോക്കി മറ്റുള്ളവർ കുത്തിനോവിക്കുമ്പോൾ ഉള്ളിൽ നെഞ്ചു പൊട്ടുന്ന വേദനയോടെ സ്വയം ഉരുകി തീരുന്ന പാറുവിനെ മനുവിന് അറിയില്ല. മനുവിനെന്നല്ല ആർക്കും അറിയില്ല… അറിയണം മനു എല്ലാം അറിഞ്ഞിരിക്കണം…

പാലക്കാട് കീഴൂരിലായിരുന്നു ഞങ്ങളുടെ വീട്. പെയിൻറു പണിയായിരുന്നു അച്ഛനു ജോലി..ഒരിക്കൽ ഒരിടത്തു ജോലിക്കു പോയ വീട്ടിൽ നിന്ന് അവിടുത്തെ സ്ത്രീ അച്ഛൻ്റെ കൂടെ ഇറങ്ങി വന്നു…ഭാര്യ ഭർത്താക്കൻമാരെ പോലെ ജീവിച്ചു. അതിനിടയിലാണ് ഞാനെന്ന നിർഭാഗ്യവതിയുടെ ജനനം…ആ സന്തോഷം കെട്ടടുങ്ങുവാൻ അധികകാലം കാത്തിരിക്കേണ്ടി വന്നില്ല..ഒരു അപകടത്തിൽ പെട്ട് അച്ഛൻ കുറച്ചു നാൾ വിശ്രമിത്തിലായിരുന്ന സമയത്താണ് പ്രശ്നങ്ങളുടെ തുടക്കം. ജീവിതത്തിൽ പണവും സുഖ സൗകര്യങ്ങളുമാണ് ഏറ്റവും വലുത് എന്ന് സ്വയം അവകാശപ്പെട്ടിരുന്ന ആ സ്ത്രീക്ക് അച്ഛനോടൊത്ത് ജീവിച്ചു പോകുവാൻ കഴിയാതെയായി. പലതും പറഞ്ഞു വീട്ടിൽ വഴക്കു കൂടുമായിരുന്നു. അച്ഛനെ ഉപേക്ഷിക്കാൻ മറ്റൊരു മാർഗ്ഗമാലോചിച്ചു കൂട്ടുന്നതിനിടയിലാണ് സ്വന്തം ചോരയിൽ പിറന്ന മകളെ കുറിച്ചവർ അച്ഛനോട് പറഞ്ഞത്. എൻ്റെ അച്ഛൻ ജീവിതത്തിൽ ഏറ്റവും നാണം കെട്ടു പോയ ദിവസം…

നിങ്ങൾ മകളെയെന്നു വിളിച്ചു കൊഞ്ചുന്ന കുഞ്ഞ് നിങ്ങളുടേതല്ല…എന്നെ പ്രസവിച്ച ആ സ്ത്രീ  എല്ലാവരും  കേൾക്കെ ഉറക്കെ വിളിച്ചു പറഞ്ഞു. പാവം എൻ്റെ അച്ഛൻ അന്ന് ആ വീട്ടിൽ നിന്ന് എന്നെയും കൂട്ടി പടിയിറങ്ങി.

ഒരു പാട് സ്ഥലങ്ങളിൽ താമസിച്ചു. വളർന്നപ്പോൾ ഞാനും ആ അച്ഛൻ്റ മകളായി തന്നെ വളർന്നു…പലയിടത്തും അമ്മയെന്ന ആ സ്ത്രീ അച്ഛനെ ദ്രോഹിച്ചു കൊണ്ടിരുന്നു..

ഞാൻ വലിയ പെണ്ണായപ്പോൾ അവർ വീണ്ടും സ്നേഹം നടിച്ചു അടുത്തു കൂടി..അച്ഛൻ തന്നെ വിട്ടു കൊടുക്കുവാൻ തയ്യാറായിരുന്നില്ല. ഒരു ജോലി സമ്പാദിക്കുകയായിരുന്നു എൻ്റെ ലക്ഷ്യം.

തളർന്നവശനായി ജോലി കഴിഞ്ഞു വരുന്ന അച്ഛനെ നിറമിഴികളോടെയാണ് ഞാൻ ദിനവും കണ്ടിരുന്നത്. ജീവിതത്തിൽ ഒരാണിനും ഇങ്ങിനെയൊരു ഗതി വരുത്തരുതേ എന്ന് ദൈവത്തോട് എന്നും പ്രാർത്ഥിക്കുമായിരുന്നു. പല ജോലികൾ ചെയ്തു. ഇതിനിടയിൽ വിവാഹമെന്ന സ്വപ്നം ഞാൻ മറന്നു പോയിരുന്നു..വിവാഹം കഴിച്ചു പോയാൽ ഈ ഭൂമിയിൽ എൻ്റെ അച്ഛൻ തനിച്ചായി പോകുമെന്നുള്ള ഭയം..തന്നെ സ്വപ്നങ്ങൾ കാണുന്നതിൽ നിന്ന് വിലക്കി നിറുത്തി…

പ്രായമായപ്പോൾ അമ്മയെന്ന ആ സ്ത്രീയുടെ ആഗ്രഹങ്ങളും വളർന്നു..

അവരുടെ കണ്ണുകൾ തൻ്റെ നേർക്കാണ് എന്ന് തിരിച്ചറിഞ്ഞ അച്ഛൻ എല്ലാം വിറ്റു പെറുക്കി. ആരും എത്തി നോക്കുവാൻ കഴിയാത്തവണ്ണം ഇവിടേയ്ക്ക് താമസം മാറ്റി..

ഇതുവരെയുള്ളതുപോലെയായിരുന്നില്ല ഇനിയുള്ള യാത്ര  സ്വസ്ഥമായി ജീവിക്കണമെന്ന മോഹവുമായിട്ടാണ് ഞങ്ങൾ ഇറങ്ങി തിരിച്ചത്. എന്നിട്ടും വിധിയെന്നെ തോൽപിച്ചു കളഞ്ഞു.

വേദനകൾ ഏറ്റുവാങ്ങുവാൻ ബാക്കിയായി. എന്നെ മാത്രം. ഈ ഭൂമിയിൽ തനിച്ചാക്കി അച്ഛനും പോയി..

പലരോടൊത്ത് ജീവിച്ചു നടന്നിട്ടും ആശ തീരാത്ത ആ സ്ത്രീ ഈ സ്ഥലവും കണ്ടു പിടിച്ചു.

ഇത്തവണ താൻ പ്രസവിച്ച മകളെയായിരുന്നില്ല അവർക്ക് വേണ്ടത്.

എൻ്റെ അച്ഛൻ ചോര നീരാക്കി കഷ്ടപ്പെട്ടുണ്ടാക്കിയ ഈ ഏഴു സെൻറ് സ്ഥലവും ഈ ചെറിയ വീടും..അതു മാത്രമായിരുന്നു അവരുടെ ലക്ഷ്യം.എന്നെ തിരക്കി ഇവിടെ വന്ന അവരെ ഞാൻ പ ട്ടിയെ പോലെ ആട്ടിയിറക്കി. അതുകൊണ്ടൊന്നും അവസാനിച്ചിരുന്നില്ല.

അതിനു പ്രത്യപുകരാമായി അവർ ചെയ്തത് എന്താണന്ന് അറിമോ…

സ്വന്തം അമ്മ തന്നെ ഈ നാട്ടുകാരോട് വിളിച്ചു പറഞ്ഞു. പി ഴച്ചു പെറ്റവളെന്ന്…ഇതിലും കൂടുതൽ ഒരമ്മയിൽ നിന്ന് മകൾക്ക് പ്രതീക്ഷിക്കാമോ…

പിന്നീട് എനിക്ക് വാശിയായി. ജീവിക്കണമെന്ന്…അച്ഛൻ അവസാനമായി പറഞ്ഞതും അതുതന്നെയായിരുന്നു. എൻ്റെ മകൾ സിന്ദൂരമണിഞ്ഞു നിൽക്കുന്നത് കണ്ടിട്ടു ഒന്നു കണ്ണടച്ചാൽ മതിയായിരുന്നുവെന്ന്..

ജീവിതത്തിൽ ഇതുവരെ ഒരു സന്തോഷവും ആഗ്രഹിക്കാത്ത അച്ഛനു വേണ്ടി..എല്ലാം മറന്ന് ഞാൻ സ്വയം തയ്യാറാവുകയായിരുന്നു…

വിധിയെ മറികടക്കുവാൻ നമുക്ക് കഴിയില്ലല്ലോ…മനൂ..എനിക്ക് വിഷമമില്ല..ആഗ്രഹിക്കുന്നതും സ്വപ്നം കാണുന്നതും എല്ലാവർക്കും ലഭിക്കണമെന്നില്ലല്ലോ…ഞാൻ ചുമ്മാ ഒരോന്ന് പറഞ്ഞു മനുവിനെ വേദനിപ്പിച്ചു.

ഞായറാഴ്ച വല്ല ലോങ്ങ്  ഓട്ടം കിട്ടുന്നത് കളയണ്ട…ഇത് വിട്ടേക്ക് എനിക്ക് ഒരു വിഷമവും ഇല്ല. ശീലമായി..മനസ്സ് പൊരുത്തപ്പെട്ടോളും, സമയം ഉണ്ടെങ്കിൽ കട്ടൻ ഇപ്പോൾ എടുക്കാം ഒരു അഞ്ചു മിനിറ്റ്…

അത്രയും പറഞ്ഞു കൊണ്ടവൾ അടുക്കളയിലേക്ക് തിരിഞ്ഞു നടക്കുവാൻ തുടങ്ങിയപ്പോൾ തൻ്റെ കയ്യിൽ ആരോ മുറുകെ പിടിച്ചിരിക്കുന്നതവൾ തരിച്ചറിഞ്ഞു. അവൾ തിരിഞ്ഞു നോക്കി..

മനു…അവളുടെ അധരങ്ങൾ  മൗനമായ് മന്ത്രിച്ചു

എന്തോ പറയാൻ തുടങ്ങുന്നതിനു മുൻപായി മനു പറഞ്ഞു തുടങ്ങി. പാറു ഇനി മനുവിൻ്റേതാണ്. ഇനി ഈ കരങ്ങൾ ദൈവത്തിനു പോലും വിടുവിക്കാൻ കഴിയുകയില്ല..ജീവിതമെന്നത് ഇങ്ങിനെയാണ് പാറു അപ്രതീക്ഷിതമായിട്ടായിരിക്കും പലതും നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുന്നത്.

ഇനി എൻ്റെ പാറു അനാഥയല്ല..പാർവ്വതി മനോഹരനാണ്..അടുത്ത ശുഭമുഹൂർത്തിൽ ഈശ്വരൻമാരെ സാക്ഷി നിറുത്തി ഈ നെറ്റിയിൽ ഞാൻ..തൊടുവിക്കും. സ്നേഹ സിന്ദൂരം

സ്നേഹിക്കാൻ മാത്രമറിയാവുന്ന ആ അച്ഛൻ്റെ മകളുടെ സിന്ദൂരരേഖയിൽ….അവൾ നിറകണ്ണുകളോടെ അച്ഛൻ്റെ ഫോട്ടേയിലേക്ക് നോക്കി കൊണ്ടു പറഞ്ഞു. ഇനിയെങ്കിലും ഒന്നു സന്തോഷിക്കൂ അച്ഛാ…

ശുഭം…

എന്ന് നിങ്ങളുടെ സ്വന്തം ദീപു…