അവളുടെ പരാതികളും പരിഭവങ്ങളും കേൾക്കുമ്പോൾ വരുണിന്റെ നോട്ടം മുഴുവൻ…

എഴുത്ത്: മഹാ ദേവൻ

=================

രാവിലെ മകളുടെ കരച്ചിലും വിനിതയുടെ ഉച്ചത്തിലുള്ള സംസാരവും കേട്ടുകൊണ്ടാണ് വരുൺ എഴുന്നേറ്റത്. ലീവ് എടുത്ത ഒരു ദിവസമെങ്കിലും മനസ്സമാധാനത്തോടെ ഉറങ്ങാലോ എന്ന് വിചാരിച്ചിരിക്കുമ്പോൾ അടുക്കളഭാഗത്തു നിന്നുള്ള സംസാരം വല്ലാതെ അലോസരപ്പെടുത്താൻ തുടങ്ങിയപ്പോൾ ” ഒരു ദിവസം പോലും മനസ്സമാധാനത്തോടെ ഉറക്കം ഉറങ്ങാൻ സമ്മതിക്കില്ലല്ലോ തള്ളയും മോളും ” എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് സ്ഥാനം തെറ്റിയ മുണ്ടിനെ വാരിചുറ്റി അടക്കളയിൽ എത്തുമ്പോൾ അവിടെ ഒരു യുദ്ധം നടന്നതിന്റെ പ്രതീതി ഉണ്ടായിരുന്നു.

താഴെ ചിതറിക്കിടക്കുന്ന പച്ചക്കറികളും പുട്ടിനുള്ള പൊടിയും. അതിന്റ ദേഷ്യത്തിൽ അമ്മയുടെ അടി കിട്ടയതിന്റെ ആകാം ഈ കരച്ചിലെന്നു തോന്നി.

പക്ഷെ, രാവിലെ തന്നെ ഇത്രയും പ്രശ്നം ഉണ്ടാകാനുള്ള കാരണം മാത്രം വരുണിന് മനസ്സിലായില്ല.

വാതിൽക്കൽ അച്ഛന്റെ നിഴലനക്കം കണ്ട മാത്രയിൽ കരഞ്ഞുകൊണ്ട് അമ്മു ഓടിവന്ന് കെട്ടിപിടിച്ച് കരയുമ്പോൾ താഴെ വീണ പച്ചക്കറികൾ പെറുക്കി വെക്കുന്നതിനിടയിൽ വിനിത പറയുന്നുണ്ടായിരുന്നു

” ഓഹ്.. ഇനിപ്പോ അച്ഛനെ കെട്ടിപിടിച്ച് കരഞ്ഞാൽ രക്ഷപ്പെട്ടല്ലൊ. നിങ്ങളതൊക്കെ കാണുന്നില്ലേ മനുഷ്യാ മോള് രാവിലെ കാട്ടികൂട്ടിയ ഓരോ പുകിലുകള്. എന്നിട്ട് ഒന്ന് കൈ ഊ ഓങ്ങിയപ്പോഴേക്കും അവളുടെ ഒരു പൂങ്കണ്ണീര്. കുട്ടികൾക്ക് ഇത്ര വാശി പാടില്ല.. ഇന്നേ ഇങ്ങനെ അനുസരണക്കേട്‌ കാട്ടിത്തുടങ്ങിയാൽ വലുതായാൽ ഇവളെ പിടിച്ചാൽ കിട്ടില്ലല്ലോ. അവൾ ചെയ്യുന്ന ഓരോ കുരുത്തക്കേടിനും വളം വെച്ചു കൊടുക്കാൻ നിങ്ങൾ ഉണ്ടെന്നുള്ള ധൈര്യം ആണ് പെണ്ണിന് “

അവളുടെ പരാതികളും പരിഭവങ്ങളും കേൾക്കുമ്പോൾ വരുണിന്റെ നോട്ടം മുഴുവൻ ഏങ്ങി ഏങ്ങി കരയുന്ന അമ്മുവിൽ ആയിരുന്നു.

പതിയെ അവൾക്കരികിൽ മുട്ടുകുത്തി ഇരുന്ന് കണ്ണുകൾ തുടക്കുമ്പോൾ കയ്യിൽ തിണർത്തു കിടക്കുന്ന പാടിലേക്ക് ഒന്ന് നോക്കി കൊണ്ട് അവൻ വിനിതയെ ഒന്ന് നോക്കി. പിന്നെ അമ്മുവിന്റെ മുഖത്തു നോക്കി ഒന്ന് പുഞ്ചിരിച്ചു.

“എന്തിനാ മോളെ ഇങ്ങനെ ഓരോന്നു ചെയ്ത് അമ്മക്ക് പണിയുണ്ടാക്കുന്നത് നല്ല കുട്ടികൾക്ക് ചേർന്ന പണിയാണോ ഇതൊക്കെ. എന്തൊരു കാരണത്തിന്റെ പേരിൽ ആയാലും ഒരിക്കലും ഇങ്ങനെ ഒന്നും ചെയ്യാൻ പാടില്ല. ഒന്നുമില്ലെങ്കിൽ നിന്റെ അമ്മയല്ലേ..

അതൊക്കെ പോട്ടെ… എന്തിനാ മോള് ഇതൊക്കെ ചെയ്തെ…? “

അച്ഛന്റെ ചോദ്യത്തിന് മുന്നിൽ നിറഞ്ഞ കണ്ണുകൾ ഒന്ന് തുടച്ചു അവൾ.

” അച്ഛനറിയോ. സ്കൂളിൽ നിന്ന് എല്ലാവരും ടൂർ പോകുന്നുണ്ട്. എന്നോട് മാത്രം അമ്മ പോകേണ്ടെന്ന് പറയുന്നു. എനിക്കും പോണം അവരുടെ കൂടെ. മൂന്ന് ദിവസത്തെ ടൂർ ആണ് അച്ഛാ.. അതിനമ്മ വിടില്ലെന്ന് പറഞ്ഞത് കൊണ്ടാണ് ഞാൻ… “

അവളുടെ വാക്കുകൾക്ക് മുന്നിൽ പുഞ്ചിരിയോടെ എഴുനേറ്റ് ആ മുടിയിലൊന്ന് തലോടിക്കൊണ്ട് അവളുടെ കൈ ചേർത്തുപിടിച്ചു.

“മോള് ടൂർ പോകുന്നതിൽ അമ്മക്ക് ക്യഴപ്പമുണ്ടായിട്ടല്ല മോളെ.. പക്ഷേ, മോള് പോയാൽ ഇവിടെ അമ്മ ഒറ്റക്കാവില്ലേ. അച്ഛന് ആഴ്ചയിലെ വരാൻ കഴിയൂ എന്നറിയാലോ പിന്നെ എത്രയൊക്കെ വഴക്കിട്ടാലും മോളെ കാണാതെ അമ്മക്ക് ഇരിക്കാൻ കഴിയില്ലെന്ന് അറിയില്ലേ . മോൾക്കും അങ്ങനെ തന്നെ അല്ലെ.. അപ്പോൾ ഈ മൂന്ന് ദിവസമൊക്ക വിട്ടുനിന്നാൽ മോൾക്ക് തന്നെ തോന്നും അമ്മയെ കാണണം എന്ന്. അതുപോലെ അമ്മയ്ക്കും തോന്നും മോളെ കെട്ടിപിടിച്ച് കിടക്കാനും വഴക്കിടാനുമൊക്ക..അതുകൊണ്ടാണ്‌ അമ്മ പോകേണ്ടെന്ന് പറയുന്നത്. ഇനി മോൾക്ക് അത്ര നിർബന്ധം ആണെങ്കിൽ അച്ഛൻ അമ്മയെ പറഞ്ഞു സമ്മതിപ്പിക്കാം..പക്ഷേ, ഇതുപോലെ ഉള്ള ചെറിയ കാര്യങ്ങൾക്ക് പോലും മോള് ഇങ്ങനെ ചെയ്യാൻ തുടങ്ങിയാൽ അത് ശരിയാണോ…ഇവിടെ കാണിക്കുന്ന ഈ ദേഷ്യം പുറത്ത് ആരോടെങ്കിലും കാണിക്കുമ്പോൾ അത് അമ്മയുടെ വളർത്തുദോഷം ആണെന്നേ എല്ലാവരും പറയൂ… അങ്ങനെ അമ്മയെ മറ്റുള്ളവർ കുറ്റം പറയുന്നത് മോൾക്ക് ഇഷ്ടമാകുമോ? ഇല്ലല്ലൊ.. അപ്പൊ ഇതുപോലെ ഉള്ള കാര്യങ്ങൾക്ക് വഴക്കിട്ട് ഇങ്ങനെ ഓരോന്ന് ചെയ്യുകയല്ല വേണ്ടത്. അങ്ങനെ അമ്മ പറയുമ്പോൾ എന്തെങ്കിലും കാര്യം ഉണ്ടാകുമെന്നു ചിന്തിക്കണം. അതോടോപ്പം അമ്മയോട് നയത്തിൽ സംസാരിച്ചു കാരണവും അതിൽ എന്തെങ്കിലും തെറ്റ് ഉണ്ടെങ്കിൽ അതും മനസ്സിലാക്കി തിരുത്താൻ കഴിയണം. അങ്ങനെ അയാളെ നാളെ മോളെ കുറിച്ച് എല്ലാവരും നല്ലത് പറയൂ. അങ്ങനെ പറയുമ്പോൾ മോളേക്കാൾ കൂടുതൽ സന്തോഷിക്കുന്നത് ഈ അമ്മയായിരിക്കും..മോളെ കുറിച്ച് ഏറ്റവും കൂടുതൽ അഭിമാനിക്കുന്നതും അമ്മയായിരിക്കും.മനസ്സിലായോ. അതുകൊണ്ട് മോള് പോയി അമ്മയോട് മാപ്പ് പറഞ്ഞു കേട്ടിപിടിച്ചൊരു ഉമ്മയും കൊടുക്ക്. “

അച്ഛന്റെ വാക്കുകൾ കേട്ട് തലയാട്ടികൊണ്ട് അമ്മക്കരികിൽ എത്തുമ്പോൾ നിലം തുടക്കുന്ന തിരക്കിൽ ആയിരുന്നു വിനിത. പതിയെ കഴുത്തിലൂടെ കയ്യിട്ട് കെട്ടിപിടിച്ചുകൊണ്ട് സോറി പറയുന്ന മകളെയും നിറകണ്ണുകളോടെ കെട്ടിപിടിച്ച് ഉമ്മ വെക്കുന്ന അമ്മയെയും നോക്കി നിക്കുന്ന വരുണിൽ അമ്മയുടെയും മകളുടെയും സ്നേഹം കണ്ടുള്ള ഒരു പുഞ്ചിരി ഉണ്ടായിരുന്നു.

സോറി പറഞ്ഞതിന് ശേഷം ചിരിയോടെ പുറത്തേക്ക് പോകുന്ന മകളെ ഒരു നിമിഷം നോക്കി നിന്നതിനു ശേഷം അവൻ പതിയെ അവൽക്കരികിലേക്ക് നടന്നു. പിന്നെ അവളെ ചേർത്ത് പിടിച്ചു.

” ഇത്രേ ഉളളൂ വിനി പ്രശ്നം.. അത് നമ്മൾ പറയേണ്ട രീതിയിൽ പറഞ്ഞാൽ അവർക്ക് മനസ്സിലാകും. നിനക്ക് അവളോടുള്ള സ്നേഹം കാണിക്കേണ്ടത് വഴക്കിട്ടുകൊണ്ടല്ല…കൂടെ ഇരുത്തി ശരിയും തെറ്റും വേർതിരിച്ചു പറഞ്ഞാൽ അവർക്കത് മനസ്സിലാകും. അല്ലാതെ കുഞ്ഞുങ്ങൾ എന്തെങ്കിലും ആഗ്രഹം പറയുമ്പോഴേക്കും പറ്റാത്ത കാര്യം ആണെങ്കിൽ പോലും അറുത്തു മുറിച്ചുകൊണ്ട് നടക്കില്ല എന്ന് പറയരുത്. സാവകാശം അനുനയത്തോടെ ഒന്ന് പറഞ്ഞുനോക്ക്. അപ്പോൾ അവർക്ക് കാര്യം മനസ്സിലാകുകയും ചെയ്യും ഇതുപോലെ ഉള്ള പ്രശ്നങ്ങൾ കുറക്കുകയും ചെയ്യാം.”

അവന്റെ വാക്ക് കേട്ടുകൊണ്ട് നിറകണ്ണുകളോടെ നെഞ്ചിലേക്ക് പറ്റിച്ചേർന്ന് കിടക്കുമ്പോൾ അവൾ തേങ്ങലോടെ പറയുന്നുണ്ടായിരുന്നു

” സോറി ഏട്ടാ…. ഞാൻ അവളോടുള്ള സ്നേഹം കൊണ്ട് പറഞ്ഞതല്ലേ ” എന്ന്

” ശരിയാണ് മോളെ.. നീ പറയുന്നത് സ്നേഹം കൊണ്ടാണ്. പക്ഷേ, നമ്മൾ അത് പ്രകടിപ്പിക്കുന്ന രീതിയാണ് മാറ്റേണ്ടത്. അവർക്ക് നമ്മളോട് വിദ്വേഷം വളർത്തുന്ന രീതിയിലേക്ക് എത്തിക്കരുത് കാര്യങ്ങൾ. അത് നാളെ അവരുടെ ഭാവിയെ തന്നെ ബാധിക്കും.. നാളെ മറ്റുള്ളവർക്ക് മുന്നിൽ അതിന്റ കാരണക്കാർ ആകുന്നത് നമ്മൾ തന്നെ ആയിരിക്കും.. മറക്കണ്ട.

പിന്നെ ഒരു കാര്യം, കുട്ടികളെ ശിക്ഷിക്കാം… പക്ഷേ ഒരിക്കലും ഇതുപോലെ തല്ലരുത്. അങ്ങനെ തല്ലേണ്ട ഒരു ആവശ്യം വന്നാൽ അത് കാൽമുട്ടിന് താഴേക്ക് മാത്രം തല്ലുക. ഒരിക്കലും എത്ര ദേഷ്യം വന്നിട്ടാണെങ്കിലും മുട്ടിനു മുകളിലോട്ട് ഇനി തല്ലരുത് കുട്ടികളെ… മനസ്സിലായല്ലോ..അപ്പൊ ഇന്നത്തെ പ്രശ്നങ്ങൾ ഒക്കെ തീർന്ന സ്ഥിതിക്ക് നീ വേഗം അടുക്കളപ്പണി ഒന്ന് ഒരുക്കിയാൽ നമുക്കൊന്ന് കറങ്ങാൻ പോവാം.. മോളുടെ ഇപ്പോഴത്തെ മൈൻഡ് ഒന്ന് മാറാൻ അത് നല്ലതാ. “

അതും പറഞ്ഞവളെ നെഞ്ചിലേക്ക് ചേർത്തുപിടിച്ചു നെറ്റിയിൽ ചുംബിക്കുമ്പോൾ അവൾ നെഞ്ചിൽ പറ്റിച്ചേർന്ന് കൊണ്ട് മനസ്സിൽ ഒരു നൂറാവർത്തി പറയുന്നുണ്ടായിരുന്നു ” സോറി ” എന്ന്.

✍️ ദേവൻ