മഞ്ജീരം…
എഴുത്ത്: രഘു കുന്നുമ്മക്കര പുതുക്കാട്
===================
ഓ ൾഡ് മ ങ്ക് റം; സ്ഫടിക ഗ്ലാസിൽ പകർന്നു. അല്പം കൊക്കകോള ചേർത്ത്, നിറയെ തണുത്ത ജലമൊഴിച്ചു. മുറിയിലെ ട്യൂബ് ലൈറ്റിന്റെ വെളിച്ചത്തിൽ ഇപ്പോൾ വ്യക്തമായി കാണാം. കുഞ്ഞു നീർക്കുമിളകളേ….
ചില്ലു ഗ്ലാസിലെ നുരകൾ, ല ഹരിയുടെ മധുവിൽ നീന്തിത്തുടിച്ച ഐസ്ക്യൂബുകളിൽ തട്ടി കൂട്ടം ചേർന്നുനിന്നു. ശീതമുറഞ്ഞ ലഹരിയുടെ കുമിളകൾ. ഉഷ്ണമനസ്സുകളുടെ അഗ്നിയിലേക്ക് എണ്ണ പകർത്താനെന്നപോലെ, തുടുത്ത സോമരസം.
അയാൾ ഒരു സി ഗരറ്റിന് തീകൊളുത്തി. ഒരു കവിൾ പുകയെടുത്ത് മെല്ലെ പുറത്തേക്കൂതി. വെളുത്ത ധൂമശകലങ്ങൾ അയാളുടെ നാസദ്വാരങ്ങളിൽ നിന്നും, ചുണ്ടുകൾക്കിടയിൽ നിന്നും ബഹിർഗമിച്ചു.
മുറിയിൽ അങ്ങിങ്ങലഞ്ഞു പുക അന്തരീക്ഷത്തിൽ വിലയം പ്രാപിച്ചു. അയാൾ, ഗ്ലാസ്സിലേക്ക് വീണ്ടും നോക്കി. നുരകളുടെ ആദ്യ ആവേശം തെല്ലു ശമിച്ചിരിക്കുന്നു. തന്റെ ജീവിത കുതൂഹലങ്ങൾ പോലെ നേർത്തു നേർത്തടങ്ങാൻ വെമ്പുന്ന ജീവിതലഹരിയുടെ മുകുളങ്ങൾ. അവ, തീരെ ഇല്ലാതായിക്കൊണ്ടിരിക്കുന്നു.
പൊടുന്നനേ അയാൾക്ക്, അവളേ ഓർമ്മ വന്നു….
ഇപ്പോളവൾ, എവിടെയായിരിക്കും ?ഭാരതത്തിൽ തന്നെയുണ്ടാകുമോ ?അതോ, ഭർത്താവിനോടൊപ്പം യൂറോപ്പിന്റെ സുഖശീതളിമകളിൽ അലിഞ്ഞ്, സ്വയം മറന്നു വിരാജിക്കുന്നുണ്ടായിരിക്കുമോ ?
മ ദ്യം, വായിലേക്കു കമിഴ്ത്തി. നാവിലെ രുചിമുകുളങ്ങളേയും, അന്നനാളത്തേയും ആമാശയത്തേയും തീപടർത്തി വരവറിയിക്കുന്ന ല ഹരി.
അവൾ, അവനേ തീഷ്ണമായി പ്രണയിക്കുന്നുണ്ടായിരിക്കുമോ? താൻ സ്നേഹിച്ചതിലും മേലെയായി;
കെട്ടിപ്പിടിയ്ക്കുമ്പോൾ, അവൾക്കിപ്പോഴും ആ പനിച്ചൂടും വിറയലുമുണ്ടാകുമോ?
അരഞ്ഞാണച്ചരടിന്നു ചേർന്നു കൈവിരലുകളിഴയുമ്പോൾ, ഇപ്പോഴും ആ വെട്ടിവിറയ്ക്കലും, സീൽക്കാരവും ശേഷിക്കാറുണ്ടോകുമോ?
നഗരത്തിന്റെ കറുത്ത നിരത്തിൽ ചിതറിയ അന്നത്തേ ചോരത്തുള്ളികളേ, എത്രയോ പെരുമഴകൾ മായ്ച്ചു കളഞ്ഞിരിക്കുന്നു. ഒപ്പം തന്റെ തലവരയേയും.
ധനികരായ മാതാപിതാക്കളുടെ അകാലവിയോഗം ബാക്കിയാക്കിയ അനാഥത്വം, പാമരത്വം. ജീവിതത്തിന്റെ കുബേരപർവ്വത്തിൽ, അവളുടെ മുറ്റത്തിനരികിലുള്ള കൂരിരുട്ടു വഴിയിലൂടെ കടന്നുപോയ ഏക യന്ത്രവാഹനം, തന്റെ മോട്ടോർബൈക്കായിരിക്കാം. താൻ കൊടുത്ത ചിലങ്കകൾ, താൻ കൊടുത്ത ഭൂഷകൾ, വേഷ്ടികൾ. ലഭിക്കുന്ന ഏതു പുരസ്കാരവും തന്നെക്കാണിച്ചേ, അവളുടെ പഴയ ഓടുവീടിന്റെ ജനാലയ്ക്കലിരിക്കാറുള്ളൂ…
കാലമെത്ര ജാലവിദ്യക്കാരനാണ്; എത്ര വേഗമാണ്, അരങ്ങുകൾ കീഴടക്കപ്പെട്ടത്. പ്രശസ്ത മാഗസിനുകളുടെ കവർച്ചിത്രങ്ങളിൽ ആ ചിരിയുടെ ഗ്രാമീണത പടർന്നത്.
ഭാരതത്തിലെ അനേകം നൃത്തവേദികൾ; ആരാധകർ, അവൾ, ഓരോ ചുവടും യശശ്ശസ്സിലേക്കും, ധനത്തിലേക്കും ശ്രദ്ധാപൂർവ്വം പതിപ്പിച്ചപ്പോൾ, ജീവിതമെന പാമ്പും കോണിയും കളത്തിലേ, തൊണ്ണൂറ്റിയെട്ടാം ചതുരത്തിലെ പാമ്പിൻ വായിൽ അകപ്പെട്ട്, അടിത്തട്ടിലെ മൂന്നാം കോളത്തിൽ വീണടിഞ്ഞ താൻ…
ഏതോ ഒരു പുലരിയിലെ വർത്തമാനപത്രത്തിന്റെ മുൻ താളിൽ ആ വാർത്തയും, ചിത്രവുമുണ്ടായിരുന്നു. വരൻ, യൂറോപ്പിൽ ഡോക്ടറാണത്രേ, ദീർഘകാല പ്രണയത്തിന്റെ സാക്ഷാൽക്കാരം. മധുവിധു ആസൂത്രണങ്ങൾ, തരിമ്പും മാനവികതയില്ലാത്ത മാധ്യമവിചാരങ്ങൾ…
അന്നായിരുന്നു, ആദ്യത്തെ സുരപാനം. കഴിഞ്ഞ ആറുവർഷത്തിനുള്ളിൽ പിന്നേയും പിന്നേയും വാർത്തകൾ അച്ചുനിരത്തപ്പെട്ടു. വിവാഹത്തേക്കാൾ, അവളുടെ വിവാഹമോചനവും പുതുബന്ധവും ആലോഷിക്കപ്പെട്ടു. പല വാരികകളിലെ അഭിമുഖങ്ങൾ; പരസ്പരമുള്ള ചെളി വാരിയെറിയലുകൾ, എല്ലാം അധികം നീണ്ടുനിന്നില്ല…
കാലം, മറ്റു പ്രശസ്തരുടെ അവിഹിത കഥകളിലൂടെ, അവൾക്കു വാരികകളിൽ നിന്നും ശാപമോക്ഷം നൽകി.
ഒറ്റക്കണ്ണന്റെ ചിത്രം പതിച്ച, ഉരുണ്ട മ ദ്യക്കുപ്പി തീർത്തും ശൂന്യമായിരിക്കുന്നു. ചുണ്ടുകളിൽ കോളയുടെ മധുരം ബാക്കിയാവുന്നു.
അതേ, ലഹ രി തീർത്തും പരാജയപ്പെട്ടിരിക്കുന്നു. അയാൾ, തുറന്നിട്ട ജാലകപ്പാളിയിലൂടെ പുറത്തേക്കു വെറുതേ മിഴിച്ചു നോക്കി.
കട്ടപിടിച്ച ഇരുട്ടിൽ, അയാളുടെ ഉൾക്കാഴ്ച്ചയിൽ ആ പഴയ ഇരുളുവീണു ശൂന്യമായ ഒറ്റയടിപ്പാത തെളിഞ്ഞു. ചളി പുരണ്ട വഴിയിലൂടെ തെന്നിനീങ്ങിയ ബൈക്ക്, ആ വെട്ടമെത്താ വീടിന്റെ ഉമ്മറത്ത്, തന്നെ കണ്ടമാത്രയിൽ വിടർന്ന മിഴിയിണകളിലെ നക്ഷത്രങ്ങൾ.
നോക്കി നോക്കി നിൽക്കേ, കാഴ്ച്ചകളിൽ ഇരുട്ടു മാത്രം അവശേഷിച്ചു. വിറയ്ക്കുന്ന കൈകളാൽ, അയാൾ ഷർട്ടിന്റെ കീശയിൽ പരതി. ചുളിഞ്ഞു മടങ്ങിയ അവസാന സിഗരറ്റ് തപ്പിയെടുത്തു. അതിനു തീപ്പിടിപ്പിച്ചു. ഒരു കവിൾ പുക വിഴുങ്ങി. പുറത്തുവന്ന പുകച്ചുരുളുകൾ, ശ്വാസകോശത്തിൽ ജീവകോശങ്ങൾ അയാളെപ്പോലെ തന്നിഷ്ടപ്രകാരം പെരുകുന്നു എന്നുള്ള വാർത്ത പറയാതെ പറഞ്ഞു. അയാൾക്കു മനസ്സിലാവില്ലെന്നുറപ്പുണ്ടെങ്കിലും.
അയാളുടെ മിഴികളും ചിന്തകളും അപ്പോളും വിദൂരതയിലായിരുന്നു. പിന്തുടരുന്ന മണിമുഴക്കം അയാൾ കേട്ടതേയില്ല. ആ കാതുകളിലപ്പോളും, ഗതകാലത്തിന്റെ നൂപുരധ്വനികളായിരുന്നു. അയാളങ്ങനേ നിന്നു; ഉപ്പുശില പോലെ…..