ഇവിടെ വരാറുള്ള ആ ചേട്ടനെ കണ്ടപ്പോൾ അനുശീ ആ പാറമടയുടെ അടുത്തു നിന്ന് സംസാരിക്കുന്നത് കണ്ടു…

വിയർപ്പുതുള്ളികൾ…

Story written by Rajesh Dhibu

==================

എന്റെ നെഞ്ചിലെ ചൂടും വിയർപ്പുമല്ലേ പെണ്ണെ നിൻ്റെയികാണുന്ന ചോരയും  നീരും ഈ നെഞ്ചോന്ന് പിടഞ്ഞാൽ നീ  അവിടം തീരും….നീ വെറുമൊരു പെണ്ണു മാത്രമാണ് എന്ന് മറക്കരുത്.

അന്നവൻ വഴിക്കിട്ട് പടിയിറങ്ങി പോയപ്പോൾ പറഞ്ഞ വാക്കുകൾ അവൾ ഒരിക്കൽ കൂടിയോർത്തുടെത്തു…..

എനിക്കവനെ മടുത്തതോ….അവന് എന്നെ മടുത്തതോ….ആരുടെ മനസ്സിനാണ് ചാഞ്ചാട്ടം ഉണ്ടായതെന്ന് നിശ്ചയമില്ല.

ഒന്നുറപ്പാണ്..അവൻ ഇനിയും വരും. അവൾക്കുറപ്പായിരുന്നു…

ഒരു പാട് പിണക്കങ്ങൾ ഉണ്ടായിരുന്നാലും അവന് എന്നെ വേണം. എൻ്റെ ചൂടു വേണം. രാമേട്ടൻ തന്നെ വിട്ടുപോയതിനു ശേഷം താനും അതുമാത്രമായിരുന്നല്ലോ കൊതിച്ചത്.

പണിയെടുത്ത് ഉരുക്കു പോലുള്ള ആ ശരീരം ആർക്കാണ് ഇഷ്ടപ്പെടാതിരിക്കുക

എന്നാൽ കുറച്ചു ദിവസമായി അവൻ ഏറെ മാറിയിരിക്കുന്നു.

സംസാരത്തിൽ പോലും ഒരു അകൽച്ച വന്നിരിക്കുന്നു.

തൻ്റെ മനസ്സു കൊതിക്കുന്ന സമയത്ത് തൻ്റെ അരികത്തുണ്ടാകുന്ന അവനു വേണ്ടി ഞാനിപ്പോൾ കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരിക്കേണ്ടി വന്നിരിക്കുന്നു….എല്ലാം നിറുത്തേണ്ട സമയമായിരിക്കുന്നു…

മനസ്സു പറയുന്നത് ശരീരം അഗീകരിക്കുകയില്ലങ്കിലും വേണം..

തനിക്കു വേണ്ടിയല്ല പ്രായപൂർത്തിയായ തൻ്റെ മകൾക്കു വേണ്ടി..

ഉതിർന്നു കിടന്ന മുടിയിഴകൾ വാരിച്ചുറ്റിവെച്ചു. ഉടുത്തിരുന്ന കള്ളിമുണ്ടിൻ്റെ അറ്റം എളിയിൽ തിരുകി കൊണ്ടവൾ മുറ്റത്തേക്കിറങ്ങി…

അനുമോൾ സ്കൂളുവിട്ടു വന്നിട്ടില്ലല്ലോ..വരേണ്ട സമയമായല്ലോ. ശ്രീദേവി, അകലങ്ങളിലേയ്ക്ക് കണ്ണും നട്ട് നോക്കിയിരുന്നു….

തെക്കേലേ നളിനിചേച്ചിടെ മോളല്ലേ ആ വരുന്നേ, ഉച്ചയുറക്കത്തിൻ്റെ ആലസ്യം വിട്ടു മാറാതെ, കണ്ണുകൾ തിരുമ്പി കൊണ്ട് അവൾ സ്വയം ചോദിച്ചു..

അതേ ലാ….

മോളേ. അനുശ്രീ യേ കണ്ടില്ലേ..

അവൾ മുഖം തിരിച്ചു കൊണ്ട് മുൻപേ നടന്നപ്പോൾ ശ്രീദേവി അവളുടെ അടുത്തേക്ക്‌ ഓടിച്ചെന്നു വഴി തടഞ്ഞു കൊണ്ട് കുറുകെ നിന്ന് കൊണ്ടു ചോദ്യം ആവർത്തിച്ചു’…

മോളേ അനു എന്ത്യേ..

എനിക്കറിയില്ല ചേച്ചീ..

അവൾ ശ്രീദേവിക്കു മുഖം കൊടുക്കാതെ തല കുമ്പിട്ടു നിന്നു കൊണ്ടു പറഞ്ഞു മുൻപോട്ട് നടക്കാനൊരുങ്ങി….

അറിയാം. മോൾക്കറിയാം നിങ്ങൾ ഒരുമിച്ചല്ലേ ദിവസവും വരുന്നേ. പറ മോളേ.’

ശ്രീദേവിയുടെ ശബ്ദം ഇടറുന്നതു കണ്ടപ്പോൾ സുപ്രിയ താൻ കണ്ട കാര്യം ശ്രീദേവിയോട് പറഞ്ഞു. ചേച്ചീ..ഞങ്ങൾ ഒരുമിച്ചാണ് വന്നത്. എന്നാൽ ഇവിടെ വരാറുള്ള ആ ചേട്ടനെ കണ്ടപ്പോൾ അനുശീ ആ പാറമടയുടെ അടുത്തു നിന്ന് സംസാരിക്കുന്നത് കണ്ടു..ഞാൻ വിളിച്ചപ്പോൾ നീ പോയ്ക്കോ ഞാൻ വന്നോളാമെന്ന് പറഞ്ഞു.

അതുകേട്ട പാടെ ശ്രീദേവിയുടെ ഉള്ളൊന്ന് പിടഞ്ഞു. അരുൺ..അവൻ അനുമോളുമായി എന്താ ബന്ധം:

ഉതിരാൻ വെമ്പി നിന്ന നീർമിഴിത്തുള്ളികൾ അവളുടെ കണ്ണുകളിൽ കിടന്ന് തിളച്ചുമറിയുന്നുണ്ടായിരുന്നു.

അവൾ തലയിൽ കൈവച്ചു കൊണ്ട് ഉമ്മറത്തെ തിണ്ണയിൽ പോയിരുന്നു ..

അങ്ങോട്ടേക്ക് പോകണോ വേണ്ടയോ.. എന്ന ചോദ്യം മനസ്സിൽ കിടന്ന് ഉഴുതുമറിച്ചു…

ആകാശത്ത് ചെമ്പട്ട് മാറി തുടങ്ങിയിരിക്കുന്നു….രാത്രിയിലെ കാവൽക്കാർ ചുറ്റുപാടും ശബ്ദം ഉണ്ടാക്കി തുടങ്ങി…വിളക്കു വെക്കേണ്ട സമയമായിട്ടും അനുമോളേ കാണാതായപ്പോൾ ശ്രീദേവി വീടുപൂട്ടി പാറമടയിലേക്ക് പോകോനൊരുങ്ങി ..

വീടുപൂട്ടുന്നതിനിടയിൽ തിരിഞ്ഞു നോക്കിയേപ്പോഴാണ് വാടിക്കരിഞ്ഞ മുഖവുമായ് അനുമോളും അങ്ങോട്ടേക്കെത്തിയത്…ഉള്ളിൽ കോപം കലിതുള്ളുന്നുണ്ടായിരുന്നെങ്കിലും എവിടെ നിന്നോ കിട്ടിയ ക്ഷമയുടെ ‘മറപിടിച്ചു കൊണ്ട് ശ്രീദേവി സമാധാനത്തോടെ ചോദിച്ചു.

മോള് എവിടെയായിരുന്നു….ഇത്രയും നേരം’

എനിക്ക് സ്പെഷ്യൽ ക്ലാസ്സ് ഉണ്ടായിരുന്നമ്മേ

ഒട്ടും കൂസലില്ലാതെ അവൾ പറഞ്ഞു കൊണ്ട് അകത്തേക്ക് കയറാൻ ഒരുങ്ങി..

എൻ്റെ മോളെ…അവൻ ശ്രീദേവി വേദനയോടെ മനസ്സിൽ പ്രാകി…

ചെന്നപാടെ അകത്തു കയറി കിടന്ന മകളുടെ അടുത്തായി ശ്രീദേവി  ചെന്നിരുന്നു. ആ മുടിയിൽ പതിയെ തലോടീ..മോളെ എന്തു പറ്റി..

വല്ലാത്ത തലവേദന ഞാനല്പം കിടക്കട്ടെ. അമ്മേ അവളുടെ ക്ഷീണത്തിൻ്റെ കാരണം ശ്രീദേവി അവളുടെ മുഖത്തു നിന്നും വായിച്ചറിഞ്ഞു:

തെറ്റു ചെയ്തത് ഞാനാണ്. ഞാൻ മാത്രമാണ് തെറ്റുകാരി..സ്വന്തം സുഖത്തിന് വേണ്ടി ഒരുത്തനെ വീട്ടിൽ വിളിച്ചു കയറ്റിയപ്പോൾ ഞാൻ ഓർക്കണമായിരുന്നു. എനിക്കൊരു പ്രായപൂർത്തിയായ മോളുള്ള കാര്യം..ഉള്ളിൽ വിങ്ങുന്ന വേദന പുറത്തു കാട്ടാതെ അവൾ കണ്ണുകൾ തുടച്ചു കൊണ്ടു മകളുടെ അടുത്തു നിന്നും എഴുന്നേറ്റു..

മോളെ അമ്മ ഇച്ചിരി ചായ വെക്കട്ടെ.’ അവൾ തലയാട്ടി കൊണ്ട് തിരിഞ്ഞു കിടന്നു.

ചായക്കുള്ള വെള്ളം തിളച്ചുമറിയുന്നതറിയാതെ ആ അഗ്നിയിൽ നോക്കി. ശ്രീദേവി ആലോചനയിലാണ്ടു..എല്ലാം കൈവിട്ടു പോയിരിക്കുന്നു. അവനെ കാണണം. എൻ്റെ മകളുടെ  ജീവിതം നശിപ്പക്കരുതെന്ന് പറയണം

അന്നു രാത്രി മുഴുവനും ശ്രീദേവിയുടെ മനസ്സിൽ ഇതിനെ പറ്റിയുള്ള ചിന്ത മാത്രമായിരുന്നു….

അരുൺ ഇത്ര വൃത്തികെട്ടവനായിരുന്നോ..തന്നെ മുന്നിൽ നിറുത്തിയവൻ തൻ്റെ മകളെ സ്വന്തമാക്കുകയാണ്. എന്നവൾ ഇതിനോടകം മനസ്സിലാക്കിയിരുന്നു.”

തൻ്റെ മാ റിടങ്ങൾക്കിന്ന്..ചവിട്ടിയരച്ചൊരു താമരപ്പൂവിൻ്റെ വില പോലും ഇല്ലാതായിരിക്കുന്നു. തനി തങ്കമെന്ന് വിശേഷിപ്പിച്ച തൻ്റെ മേനി കാന്തിയുടെ ശോഭ നശിച്ചിരിക്കുന്നു. അവനിന്ന് പുതിയ മേച്ചിൽപുറം തേടി പോയിരിക്കുന്നു…അതും എൻ്റെ മകളുടെ അടുക്കലേക്ക് തന്നെ..

അനുവദിച്ചു കൊടുത്തു കൂടാ എൻ്റെ അവസാന ശ്വാസം വരെ അവൻ്റെ ആ ആഗ്രഹം നടന്നു കാണാൻ ഇടവരരുത്തരുത്. മയ്യെഴുതാത്ത അവളുടെ നീലോല്പല മിഴികൾ നിറഞ്ഞൊഴുകികൊണ്ടിരുന്നു. ഇടയ്ക്കവൾ അടക്കാൻ വയ്യാത്ത കദനഭാരത്തോടെ മടക്കി ചുരുട്ടി വെച്ച ആ പുൽപായയിലേക്ക് നോക്കി. വിലപിച്ചികൊണ്ടിരുന്നു. ഇന്നലെ വരെ അരുണിന്റെ മാറിൽ ഒരു നറുപുഷ്പ്പം കണക്കെ തളർന്നു മയങ്ങിയിരുന്ന അനർഘ നിമിഷങ്ങളോർത്ത് അവളുടെ മിഴികൾ നിറഞ്ഞൊഴുകാൻ തുടങ്ങി. എത്ര പെട്ടന്നാണ് തന്റെ അവന്റെ മനസ്സു മാറിയത്..

അവൻ ഒരു കാ മ ദാഹിയായിരുന്നോ..സ്നേഹം എന്ന വാക്കിന് പുല്ലുവില പോലും കൽപ്പിക്കാത്ത ദ്രോഹീ

ജീവിതത്തിൽ അവനു വേണ്ടി മാത്രമല്ലേ ഞാൻ ജീവിച്ചത്.അവനു വേണ്ടി മാത്രമല്ലേ.ഞാൻ ഉണരാൻ കൊതിച്ചത്. അവനെ ഞാൻ ജീവനു തുല്യം സ്നേഹിച്ചിരുന്നില്ലേ..എൻ്റെ രാമേട്ടനേക്കാളുമേറെ എന്നിട്ടവൻ എന്നോട് ഈ ചതി ചെയ്തപ്പോൾ അവളുടെ നെഞ്ചം തകർന്നു പോകുന്നതു പോലെ തോന്നി…

പിറ്റേന്ന്  മകളെ സ്കൂളിലേക്ക് പറഞ്ഞയിച്ചിട്ട് അവൾ നേരേ അവൻ്റെ വീട്ടിലേക്ക് നടന്നു..അവൻ്റെ വീടു പുറത്തു നിന്നുംപൂട്ടിയിരിക്കുന്നു…എവിടെ പോയിക്കാണും പതിവായി ഇരിക്കാറുള്ള പാറമടയിനടുത്തുള്ള കൽപ്പടവിലും അവൾ നോക്കി..നിരാശയോടെ തിരിച്ചു നടക്കുമ്പോഴാണ് വഴിയരികിൽ വച്ച് അവനെ കണ്ടുമുട്ടിയത്. കണ്ട മാത്രയിൽ അവനെ കടിച്ചുകീറാനുള്ള ദേഷ്യം ഉണ്ടായിരുന്നെങ്കിലും പരിസര ബോധം അവളെ അതിൽ നിന്നു പിൻതിരിപ്പിച്ചു.

അരുൺ നിന്നെ ഇപ്പേൾ കാണാറില്ലല്ലോ..അവൾ പുഞ്ചിരിച്ചു കൊണ്ടു ചോദിച്ചു….

തിരക്കാടി പെണ്ണേ…..

അവൾ ഒന്നു മൂളി. ഒന്നു വീട്ടിലേക്ക് വരാമോ..കുറേ നാളായില്ലേ…

അവൻ നെഞ്ച് ഒന്നു തിരുമ്മി കൊണ്ട് അവളെ അടിമുടിയൊന്നു നോക്കി..

“ഉം.മനസ്സിലായി….” അവൻ അർത്ഥം വെച്ചൊന്ന് മൂളി ..

കയ്യിലിരുന്ന കവർ അവൻ അവൾക്കു നേരേ നീട്ടികൊണ്ടു പറഞ്ഞു.

‘ഇതിൽ ഇച്ചിരി പുഴ മീനാ..നീ ഇത് നല്ല കുടംപുളിയിട്ട് വെക്ക് ഞാനീ പൈസ എമാന് കൊടുത്തിട്ട് വേഗം അങ്ങു വന്നേക്കാം..”

അവൻ ചുണ്ടുകൾ കടിച്ചു കൊണ്ട് അവൾക്കു നേരെ കണ്ണിറുക്കി കാണിച്ചു കൊണ്ടു പറഞ്ഞു.

അവൾ തലയാട്ടി കൊണ്ട് അതും വാങ്ങി വീട്ടിലേക്ക് നടന്നു..

ഇന്നത്തോടെ എല്ലാം അവസാനിക്കണം..നിൻ്റെ അവസാനത്തെ ഉരുള എൻ്റെ കയ്യിൽ നിന്നു തന്നെയാണ് തീർന്നെടാ..നീ തീർന്നു…അവൾ ഉള്ളിൽ ചിരിച്ചു കൊണ്ട് ധൃതിയിൽ നടന്നു.

വരുന്ന വഴിയിൽ വേലുമ്മാൻ്റെ മോട്ടോർ പുരയിൽ കയറി നെല്ലിനു തെളിക്കാൻ വച്ചിരുന്ന കുപ്പിയെടുത്തു…ആരും കാണാതെ മടിയിൽ ഒളിപ്പിച്ചു വെച്ചു…മീൻ നന്നാക്കി അവൻ പറഞ്ഞ പ്രകാരം കറിവെച്ചു..ഒന്നു കുളിച്ച് സുന്ദരിയായി അണിഞ്ഞൊരുങ്ങി..ഏറെ നേരം കാത്തിരിക്കേണ്ടി വന്നില്ല

കതകിൽ തട്ടുന്ന ശബ്ദം കേട്ടപ്പോൾ അവനായിരിക്കുമെന്ന് അവൾ തീർച്ചപ്പെടുത്തി..കതകു തുറന്നതും ഒരു വേട്ടനായ യെപ്പോലെ അവൻ അവൾക്കു നേരെ കുതിച്ചു ചാടി..

കൊള്ളാല്ലോ.ടി പെണ്ണേ..ഇന്നു പതിവിലും സുന്ദരിയായിട്ടുണ്ടല്ലോ…

അവൾ അവനെ തൻ്റെ ശരീരത്തിൽ നിന്ന് അടർത്തിമാറ്റി മാറി നിന്നു..

ഒരു പാട് ആഗ്രഹിച്ചിരുന്ന അവ’ൻ്റെ സാമീപ്യം ഇന്നത് അവൾക്കു ‘ ചുട്ടുപൊള്ളുന്നതു പോലെ തോന്നി..

എന്താ ടീ പതിവില്ലാത്ത ഒരു ഒഴിഞ്ഞു മാറ്റം….എന്തേ…ഞാൻ വന്നത് നിനക്ക് പിടിച്ചില്ലേ..

നെഞ്ചിൽ തീ ആളികത്തുന്നുണ്ടങ്കിലും അതു പുറത്തു കാട്ടാതെ അവൾ ചുവരിൽ തൂക്കിയ കണ്ണാടിയുടെ മുൻപിലേക്ക് ചേർന്നു നിന്നു..

അവന്റെ വലതുകരം അവളുടെ ഇടതുതോളിൽ മുറുകെപിടിച്ചു. അവൾ ഇടതു കരംകൊണ്ട് ആവുന്നത്ര തള്ളി മാറ്റാൻ ശ്രമിച്ചു..

തള്ളി മാറ്റാൻ ശ്രമിക്കുന്നതിനിടയിൽ അവൻ പുറകിൽ നിന്നും ചേർത്തു പിടിച്ചിരുന്നു.

അരുൺ വല്ലതും കഴിച്ചിട്ടാകട്ടെ..ഇനിയും ഒരുപാട് സമയമുണ്ടല്ലോ

തൻ്റെ കാതുകളോട് ചേർത്തുവെച്ച അവൻ്റെ കണ്ണാടിയിൽ കണ്ട ചിരിക്കുന്ന മുഖത്തോടായി അവൾ പറഞ്ഞു.

അവൻ ആ കവിളിൽ ഒന്നു ചെറുതായി കടിച്ചു കൊണ്ട് അവളെ വട്ടം പിടിച്ചിരുന്ന കൈകൾ അയച്ചു…

ഉം വേഗമാകട്ടെ വിശക്കുന്നു ..

അവൻ തിരക്കു കൂട്ടി..

അവൾ ചിരിച്ചു കൊണ്ടു അടുക്കളയിലേയ്ക്ക് നടന്നു..

കൈ കഴുകി വന്നിരുന്ന അവൻ്റെ മുന്നിലേയ്ക്ക് ചോറും കറികളും എടുത്തു വച്ചു..

അരുൺ ഞാൻ വാരിത്തരട്ടേ..

അവൻ കൊച്ചു കുട്ടികളെപ്പോലെ അനുസരണയോടെ തലയാട്ടി.

ആദ്യ ഉരുള കഴിക്കുന്നതിനിടയിൽ അവൻ  അവളുടെ മുഖത്തേയ്ക്ക് ഒന്നു നോക്കി..

ഇത് എന്തു വാടി ഒരു ചവർപ്പ് ..

അയാളുടെ  അതൃപ്തിയോടെയുള്ള വാക്കുകൾ കേട്ടപ്പോൾ ഞെട്ടലോടെ അവൾ മുഖമുയർത്തി അയാളെ മിഴിച്ചുനോക്കി

അത് അരുണിന് തോന്നുന്നതാ..

അവൾ സൗമ്യമായി മറുപടി നൽകി.

രണ്ടു മൂന്നു തവണ വായ് തുറന്നതേ അവനു ഓർമ്മയുള്ളൂ.

അവൻ എഴുന്നേറ്റ് കൈ കഴുകി ..

എന്തു പറ്റി അരുൺ കറി ഇഷ്ടപ്പെട്ടില്ലേ..

അവൾ ഒന്നും അറിയാത്തതുപോലെ ചോദിച്ചു.

എനിക്കെന്തോ തല ചുറ്റുന്നതുപ്പോലെ തോന്നുന്നു..ഞാനൽപ്പം കിടക്കട്ടെ…അവൻ കൈ കഴുകി മുണ്ടിൻ്റെ തല കൊണ്ട് മുഖം തുടക്കുന്നതിനിടയിൽ പറഞ്ഞു.

അയ്യോ..ഞാൻ പറയാൻ വിട്ടു പോയി മോളിപ്പം വരും ഇന്നവൾക്ക് ക്ലാസ്സ് നേരത്തേ കഴിയുമെന്നാ പറഞ്ഞത്

എന്നാ ശരി ടി ഞാനിറങ്ങട്ടെ..

അമ്മയില്ലങ്കിൽ മോള്….താളം തെറ്റിയ അവൻ്റെ മനസ്സിൽ അപ്പോൾ ആ ഒറ്റ ചിന്തയായിരുന്നു. ഇന്നങ്കിലും തൻ്റെ ആഗ്രഹം നടത്തണം കിളിന്തു പെണ്ണാ കാണാൻ കൊള്ളാവുന്നവർ വല്ലവരും തൊടുന്നതിനു മുൻപായി കിട്ടണം.

അവൻ വേച്ചു വേച്ചു നടന്നു പോകുന്നത്..അവൾ ഒരു കൊ ലച്ചിരിയോടെ നോക്കി നിന്നു.

തിരികെ വന്ന് അവൻ കഴിച്ചു ബാക്കി വെച്ച പാത്രത്തിലേക്ക് ഒന്നു നോക്കി..

അതിൽ നിന്ന് എടുത്തു കഴിക്കണോ വേണ്ടയോ..മനസാക്ഷിയോട് അവൾസ്വയം ചോദിച്ചു

അവളുടെ മനസ്റ്റിലേക്ക് അനുമോളുടെ രൂപം കടന്നു വന്നു..

എൻ്റെ മകൾ ഒരാനാഥയാകും..അവൾ മറ്റൊരു ശ്രീദേവിയായി കൂടാ..ഞാൻ ഇനിയവൾക്ക് ഒരു നല്ല അമ്മയാകണം..

രാമേട്ടൻ്റെ വിധവയായ ഭാര്യ..ആർത്തിയും ആണിൻ്റെ ചൂടും ഇനി അഗ്നിയിൽ ഇട്ടു ചുട്ടെരിക്കണം.

ഞാനല്ലാതെ എൻ്റെ മകൾക്കിനി ആരുമില്ല, എല്ലാം നഷ്ടമായവള്‍ക്ക് സഹാനുഭൂതിയുടെ കണികയും ലഭിക്കില്ല. കാ മ കണ്ണുകൾ അവളെ കൊത്തിവലിക്കും. അവൾ പതിയെ എഴുന്നേറ്റ്  കണ്ണാടിയിലേക്ക്  ഒന്നു നോക്കി മുഖത്ത് വിയർപ്പുതുള്ളികൾ ഒന്നിനോട് ഒന്നു ചേരാതെ പറ്റി ചേർന്നിരിക്കുന്നു. വിളറി വെളുത്ത മുഖത്തിൽ പ്രതിഫലിക്കുന്ന ഭീകരത തന്നെപ്പോലും പേടി പെടുത്തുന്നു. ഇത്രയും കാലം അനുഭവിച്ച ദുഃഖങ്ങളത്രയും ഭീകരരൂപികളായി മുഖത്ത് ഒട്ടിപ്പിടിച്ചതാവാം…അവൾ മുണ്ടിൻ്റെ തല കൊണ്ട് മുഖം ഒന്നു തുടച്ചു. മുറിയിൽ ചെന്നു കിടന്നു.

മകൾ സ്കൂൾ വിട്ടു വന്നതു പോലും അവൾ അറിഞ്ഞിരുന്നില്ല…മൗനമായിരുന്നു അന്നവിടം പതിവു ജോലികൾ പോലും ചെയ്യാൻ കഴിയുന്നില്ല മരവിച്ച ശരീരത്തിൻ്റെ ശക്തിയെല്ലാം ചോർന്നു പോയിരിക്കുന്നു. മകളുടെ ഇടയ്ക്കുള്ള ചെറിയ ചെറിയ ആവശ്യങ്ങൾ പോലും അവൾക്ക് കേൾക്കാൻ കഴിഞ്ഞിരുന്നില്ല….

പിറ്റേന്ന് കോഴി കൂവിയ സമയത്തു തന്നെ അവൾ ഉണർന്നു…പതിവുപോലെ അടുക്കളയിലെ ജോലിയെല്ലാം തീർത്തു വെച്ചു.

നളനി ചേച്ചിയുടെ ഉച്ചത്തിലുള്ള വിളി കേട്ടാണ് അവൾ ഉമ്മറത്തേക്ക് എത്തി നോക്കിയത്..

“ശ്രീദേവീ നീ അറിഞ്ഞോ..?

ആ ചെക്കൻ നമ്മുടെ കൂടെ പണിക്കു വരുന്ന അരുണേ…ഇന്നലെ വിഷം കഴിച്ചു ആത്മഹത്യ ചെയ്തൂന്ന്..ശവം പാറമടയിലെ ഓടയിൽ കിടക്കായിരുന്നു. ശോ വല്ലാത്ത കഷ്ടായി പോയി..നല്ല പയ്യനായിരുന്നു…നളിനിചേച്ചി പറയുന്നത് കേട്ടു

താടിക്കു കൈയ്യും കൊടുത്തു നിൽക്കുന്നതിനിടയിലാണ്. അരുണിൻ്റെ പേരു കേട്ട അനുമോളും അങ്ങോട്ടേയ്ക്ക് എഴുന്നേറ്റു വന്നത്.

മോളേ…നമ്മുടെ അരുൺ പോയിമോളെ..എനിക്ക് പിറക്കാതെ പോയ കുഞ്ഞു അനിയത്തിയാ അനുമോൾ എന്ന് എന്നോട് എപ്പോഴും പറയുമായുരുന്നു…നിറഞ്ഞു തുളുമ്പിയ കണ്ണുകൾ നളിനിചേച്ചി കാണാതെ അനുവിനെ ശ്രീദേവി തൻ്റെ മാറോട് ചേർത്തു നിറുത്തി കൊണ്ടു പറഞ്ഞു…നമുക്കിനി ആരുമില്ല. മോളേ..മോൾക്ക് ഞാനും എനിക്ക് മോളും…

അനുമോളുടെ മുടിയിൽ തലോടുന്നതിനിടയിൽ നളിനി ചേച്ചിക്കു വേണ്ടി മാത്രം ശ്രീദേവിയും ഒന്നു കണ്ണീർ വാർത്തു. സന്തോഷത്തിൻ്റെ ആനന്ദ കണ്ണീർ…

*******************

എന്ന് ദീപു….