തിരക്കിൽ നിന്ന് അൽപ്പം മോചനം ലഭിച്ചതോടെ വീണ്ടും ലഞ്ചിന് അവളുടെ വീട്ടിലേക്ക് വെച്ചു പിടിച്ചു….

എഴുത്ത്: ബഷീർ ബച്ചി

================

മലപ്പുറം ജില്ലയിലെ കിഴക്കേ അറ്റത്തുള്ള ഒരു പഞ്ചായത്ത് ഓഫീസിലേക്ക് സ്ഥലം മാറ്റം കിട്ടി വന്ന പുതിയ സെക്രട്ടറി ആയിരുന്നു ഞാൻ..മലയോര മേഖല..പുതിയ നാട് പുതിയ അന്തരീക്ഷം.

മലകളും അരുവികളും  റബ്ബർ തോട്ടങ്ങളും നിറഞ്ഞ മനോഹരമായ ഭൂപ്രദേശം..

എല്ലാവരുമായി പരിചയപെട്ടു..ഏതെങ്കിലും നാട്ടിൽ പോകുമ്പോൾ അതാണ് എന്റെ നാട്..വീട്ടുകാരില്ല..കുടുംബങ്ങളില്ല. ഓർഫനേജിൽ ആരോ ഉപേക്ഷിച്ചു പോയ ഒരു കൈകുഞ്ഞ്. അവരുടെ കാരുണ്യം കൊണ്ട് പഠിച്ചു വളർന്നു. ഇന്ന് ഈ നിലയിൽ എത്തി നിൽക്കുന്നു. വയസ്സ് 28 ആയിരിക്കുന്നു.

അടുത്തുള്ളൊരു ചെറിയ വാടക വീട് സംഘടിപ്പിച്ചു.

ഇവിടെ എവിടെയെങ്കിലും നല്ല ഫുഡ്‌ കിട്ടുന്ന ഹോട്ടലോ മറ്റോ ഉണ്ടോ..ഞാൻ ഓഫീസിൽ പ്യൂൺ ആയി ജോലി ചെയ്യുന്ന രാഘവൻ ചേട്ടനോട് അന്വേഷിച്ചു..

ഇവിടുന്ന് കുറച്ചു താഴോട്ട് പോയാൽ വീട്ടിലൊരു ഊണ് എന്നൊരു ബോർഡ് കാണാം സാറെ..ഒരു ഉമ്മച്ചിയും മോളും കൂടെ നടത്തുന്നതാ..നല്ല അടിപൊളി ഭക്ഷണം ആണ്..വലിയ വിലയുമില്ല..

ഇന്ന് ലഞ്ചിന് ഒന്ന് പോയി നോക്കാം ഞാൻ അദ്ദേഹത്തെ നോക്കി പുഞ്ചിരിച്ചു.

റോഡിനു അരികിൽ തന്നെയുള്ള ഒരു ചെറിയ ഓടിട്ട വീട്..മുറ്റത്തൊരു പന്തൽ പോലെ വലിയ രണ്ടു പായ വലിച്ചു കെട്ടിയിട്ടുണ്ട്..കുറച്ചു ടേബിളുകളും കസേരകളും..

ആദ്യമേ കണ്ണിലുടക്കിയത് ഭക്ഷണം വിളമ്പി കൊടുക്കുന്ന വെളുത്തു മെലിഞ്ഞ ആ മനോഹരമായ പെൺകുട്ടിയിലേക്ക് ആയിരുന്നു..ഏകദേശം 23 വയസ്സ് പ്രായമുണ്ടവൾക്കെന്ന് തോന്നി.

പക്ഷെ അവളുടെ കാലുകൾ..

നടക്കുമ്പോൾ അവൾ കാൽ വലിച്ചു എടുത്താണ് നടക്കുന്നത്..ഒരു കാലിന്റെ മുട്ടിനു താഴേക്ക് തീരെ വണ്ണമില്ലാതെ ശോഷിച്ചു പോയത് പോലെ..വികലാംഗയായിരുന്നു അവൾ..

എല്ലാവരോടും ചിരിക്കുകയും സംസാരിക്കുകയും ചെയ്തു അവൾ ആത്മാർത്ഥതയോടെ ജോലി ചെയ്യുന്നുണ്ടായിരുന്നു..കൂടെ അവളുടെ ഉമ്മച്ചിയും. മറ്റുള്ളവരോട് അവരുടെ വിനയവും ബഹുമാനവും കലർന്ന സംസാരവും മനസ്സിൽ സന്തോഷമുളവാക്കി…

നല്ല രുചിയുള്ള സാമ്പാറും അവിയലും എല്ലാം കൂടെ അഞ്ചാറു തരം വിഭവങ്ങളുമായ് ഒരു അടിപൊളി സദ്യ. വയറു നിറഞ്ഞു. മനസും. അത്യാവശ്യം നല്ല കച്ചവടവും ഉണ്ടായിരുന്നു..കൂലിപ്പണിക്കാർ..വഴിപോക്കർ അടുത്തുള്ള ചില ഓഫീസിലെ ജീവനക്കാർ…കുറെ പാർസലും പോകുന്നുണ്ടായിരുന്നു..

ഞാൻ ഇനി എന്നും ഉണ്ടാവും കേട്ടോ..ഞാൻ അവളോട്‌ പറഞ്ഞു.

സാർ ഇവിടെ എവിടെ..മുൻപ് കണ്ടിട്ടില്ല. അവൾ പുഞ്ചിരി തൂകി കൊണ്ട് ചോദിച്ചു.

ഇവിടെ പഞ്ചായത്ത് ഓഫീസിലെ പുതിയ സെക്രട്ടറിയാണ്..ഞാനും ചിരിച്ചു.കൊണ്ട് മറുപടി നൽകി.

പിന്നെ എന്നും ഉച്ചയ്ക്ക് ഉള്ള ഭക്ഷണം അവിടുന്ന് തന്നെയാക്കി..അവളും ഉമ്മയും ഉപ്പയും മാത്രമേ ഒള്ളു ആ വീട്ടിൽ..ഉപ്പ സുഖമില്ലാതെ കിടപ്പിലാണ്..

ജീവിതം കണ്മുന്നിൽ ഒരു ചോദ്യചിഹ്നം പോലെ നിന്നപ്പോൾ അവളുടെ മനസ്സിൽ വിരിഞ്ഞ ഒരു ആശയമായിരുന്നു അത്. അത് നല്ല രീതിയിൽ ഇപ്പോൾ മുമ്പോട്ട് പോകുന്നു..

അവളുടെ മുഖത്തിന്റെ ഭംഗിയോ അവളുടെ കാലിന്റെ ന്യൂനത കൊണ്ടുള്ള സഹതാപമോ ആയിരുന്നില്ല എന്നെ അവളിലേക്ക് ആകർഷിച്ചത്..അവളുടെ വിനയം കലർന്ന സ്വാഭാവം പെരുമാറ്റം. അനുകമ്പ നിറഞ്ഞ മിഴികൾ..ഞാൻ ഒരു അനാഥൻ ആണെന്ന് അറിഞ്ഞപ്പോൾ രാത്രി ഇവിടെ വന്നു ഭക്ഷണം കഴിക്കാൻ നിർബന്ധം പിടിച്ചു അവൾ..ഞാൻ സ്നേഹത്തോടെ നിരസിച്ചു..

ആഗ്രഹം ഇല്ലാത്തത് കൊണ്ടായിരുന്നില്ല മറിച്ചു അവൾക്ക് അത് കൊണ്ടൊരു പേരുദോഷമോ ബുദ്ധിമുട്ടോ വരരുത് എന്നെനിക്ക് നിർബന്ധമുണ്ടായിരുന്നു..

മനസ്സിൽ അവളോടുള്ള ഇഷ്ടം കൂടി കൂടി വന്നു. അത് പ്രണയമായി മാറുന്നത് ഞാനറിഞ്ഞു. മനസിന്റെ ആഴങ്ങളിൽ കിടന്നത് വീർപ്പുമുട്ടി തുടങ്ങിയപ്പോൾ ഞാനവളോട് അത് തുറന്നു പറഞ്ഞു..

അവളുടെ കണ്ണുകൾ മിഴിഞ്ഞു..വാക്കുകൾ കിട്ടാതെ അവൾ പരിഭ്രമിച്ചു..

അവൾ വേഗം എന്റെ അരികിൽ നിന്ന് പോയി..ഭക്ഷണം കഴിച്ചു ഞാൻ എഴുന്നേറ്റു പുറത്തേക്ക് ഇറങ്ങിയപ്പോൾ അവൾ എന്റെ പിന്നാലെ വന്നു.

സാർ..

ഞാൻ തിരിഞ്ഞു നോക്കി

എനിക്ക് അതിന് അർഹതയില്ല..സാറിനെ പോലെയൊരാൾക്ക് എന്നെ പോലെ ഒരു മുടന്തി പെണ്ണിനെ..അത് വേണ്ട..എനിക്ക് എന്റെ ഉമ്മയെയും ഉപ്പയെയും നോക്കണം. അത്രേയൊള്ളൂ ആഗ്രഹം ഞാൻ ഇങ്ങനെയുള്ള സ്വപ്നങ്ങൾ ഒന്നും ഇത് വരെ കണ്ടിട്ടില്ല..അങ്ങനെ കാണാൻ പോലും അർഹതയില്ലാത്തവളാ ഞാൻ..സാർ എന്നോട് ക്ഷമിക്കണം.!

അവളുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു. അവൾ വേഗം മുഖം തിരിച്ചു വീട്ടിനുള്ളിലേക്ക് കയറി പോയി..

എനിക്ക് നിരാശയൊന്നും തോന്നിയില്ല..വേദനയും….അവളെപോലെയൊരു പെൺകുട്ടി ഇങ്ങനെയേ പ്രതികരിക്കൂ എന്നെനിക്ക് അറിയാമായിരുന്നു.

പിന്നെ പിന്നെ ഞാൻ ഭക്ഷണം കഴിക്കാൻ ചെല്ലുമ്പോൾ അവൾ അതികം സംസാരിക്കാതെ ഒഴിഞ്ഞു മാറുമായിരുന്നു..പക്ഷെ അവളുടെ കണ്ണുകളിൽ നിന്ന് ഞാൻ അറിയുന്നുണ്ടായിരുന്നു. എന്നെ അറിയാതെ പോലെ ശ്രദ്ധിക്കുന്ന വേദനയൂറിയ മിഴികൾ..അവളുടെ മനസ്സിലേക്ക് ഞാനിട്ട് കൊടുത്ത പ്രണയത്തിന്റെ തീപൊരി അത് അവളുടെ മനസ്സിൽ ആളികത്തി തുടങ്ങിരുന്നു.

കുറച്ച് ദിവസങ്ങൾക്ക് ശേഷം അവൾ എന്റെ അരികിൽ വന്നു ഭക്ഷണം വിളമ്പി തുടങ്ങിയപ്പോൾ ഞാനവളോട് ചോദിച്ചു..

എന്താ എന്നെ കാണുമ്പോൾ ഇങ്ങനെ മിണ്ടാതെ ഒഴിഞ്ഞു മാറുന്നത്..

ഒന്നൂല്യ..അവൾ തല താഴ്ത്തി കൊണ്ട് പറഞ്ഞു.

ഞാൻ സീരിയസ് ആയി പറഞ്ഞതാ കേട്ടോ..ഈ കച്ചവടം ഒഴിവാക്കാൻ ഒന്നും ഞാൻ പറയില്ല..അവരുടെ ജീവിതകാലം മുഴുവൻ നമ്മുക്ക് ഇവിടെ തന്നെ കഴിയാം..

അത് വേണ്ട സാർ..എനിക്ക് അങ്ങനെയൊന്നുമില്ല..

എന്റെ മുഖത്തേക്ക് നോക്കി നിനക്ക് അത് പറയാൻ കഴിയുമോ..?

അവൾ ഒരു നിമിഷം എന്റെ കണ്ണുകളിലേക്ക് നോക്കി വേഗം തല താഴ്ത്തി.

മഴക്കാലം ആരംഭിച്ചു തുടങ്ങിയിരുന്നു….കനത്ത മഴ..തോരാതെ മഴ പെയ്തു കൊണ്ടേയിരുന്നു…

പലയിടത്തും ഉരുൾ പൊട്ടലും കനത്ത നാശ നഷ്ടങ്ങളും റിപ്പോർട്ട്‌ ചെയ്യപ്പെട്ടു. അതിന്റെ രക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് കുറച്ചു ദിവസങ്ങൾ ജീവിതം തിരക്കിലേക്ക് അമർന്നു. സുലുവിന്റ വീട്ടിൽ പോയിട്ട് ഇപ്പോൾ രണ്ടാഴ്ച കഴിഞ്ഞു.

തിരക്കിൽ നിന്ന് അൽപ്പം മോചനം ലഭിച്ചതോടെ വീണ്ടും ലഞ്ചിന് അവളുടെ വീട്ടിലേക്ക് വെച്ചു പിടിച്ചു.

എന്നെ കണ്ട നിമിഷം ആ മിഴികളിലെ സന്തോഷവും ചുവപ്പ് ഛായ പടർന്ന അവളുടെ കവിളുകളുംഅവളുടെ മനോഹരമായ ആ പുഞ്ചിരിയും മതിയായിരുന്നു എനിക്ക് എന്റെ മനസ് നിറയാൻ..

ഞാൻ കരുതി പറയാതെ പോയിന്നു..അവൾ മെല്ലെ പറഞ്ഞു.

ഞാൻ അങ്ങനെ പോകുമോ..എന്റെ ഹൃദയം ഇവിടെ വെച്ചിട്ട്..ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

അവൾ പരിഭ്രമത്തോടെ എന്റെ കണ്ണുകളിലേക്ക് നോക്കി

ഞാൻ അങ്ങനെയൊന്നും..അവൾ പെട്ടന്ന് തല താഴ്ത്തി.

എനിക്ക് അറിയാം സുലു..ആ മനസ്സിൽ ഞാനുണ്ടെന്ന്. പക്ഷെ നിന്റെ അപകർഷതാ ബോധം നിന്നെ അതിന് സമ്മതിക്കുന്നില്ല..പറയുവോളം ഞാൻ കാത്തിരുന്നോളാം..ഞാൻ വീണ്ടും അവളുടെ മിഴികളിൽ നോക്കി പുഞ്ചിരിച്ചു..

ദിവസങ്ങൾ കടന്നു പോയി..മാസങ്ങളും..

പഞ്ചായത്ത് ഭരണം നടുത്തുന്ന രാഷ്ട്രീയ പാർട്ടിയുടെ ചില സ്വാർത്ഥതാല്പര്യങ്ങൾക്ക് വഴങ്ങാതെ നിന്നതോടെ ഞാൻ അവരുടെ കണ്ണിലെ കരട് ആയി മാറി തുടങ്ങിയിരുന്നു..

ഒരു സ്ഥലമാറ്റം ഞാൻ ഏത് നിമിഷവും പ്രതീക്ഷിച്ചിരുന്നു. പ്രതീക്ഷിച്ചത് പോലെ തന്നെ സംഭവിച്ചു. അതും മറ്റൊരു ജില്ലയിലേക്ക്..അടുത്ത ആഴ്ച ജോയിൻ ചെയ്യണം..

വൈകുന്നേരം ഞാൻ അവളുടെ വീട്ടിലേക്ക് ചെന്നു. എന്നെ കണ്ടതും അവൾ വേഗം ഇറങ്ങി വന്നു.

ഞാൻ യാത്ര പറയാൻ വന്നതാ..ഞാൻ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.

എങ്ങോട്ട്..!! അവളുടെ വാക്കുകളിൽ നടുക്കം പ്രകടമായിരുന്നു.

കോഴിക്കോട്ടേക്ക് ട്രാൻസ്ഫർ ആണ്..

പെട്ടന്ന് അവളുടെ കണ്ണുകൾ നിറഞ്ഞു.

സുലു….ഞാൻ മെല്ലെ അവളെ വിളിച്ചു. അവൾ നിറകണ്ണുകളോടെ എന്നെ നോക്കി..

ഞാൻ ഇനി എത്ര വർഷം വേണേലും കാത്തിരിക്കാം കേട്ടോ..ആ മനസ്സിൽ ഞാനുണ്ടോ എന്നറിഞ്ഞാൽ മതി..

പെട്ടന്ന് അവൾ എന്റെ നെഞ്ചിലേക്ക് തളർന്നു വീണു..ആ മിഴികൾ പെയ്തു കൊണ്ടേയിരുന്നു..ഞാനവളെ വട്ടം പിടിച്ചു എന്നിലേക്ക് ചേർത്ത് പിടിച്ചു..അവളുടെ മിഴികളിൽ നെറ്റി തടത്തിൽ..കവിളുകളിൽ ഞാൻ ചുംബനങ്ങൾ കൊണ്ട് മൂടി..

ഞാനുമ്മയോട് സമ്മതം ചോദിക്കട്ടെ..അവൾ നിറകണ്ണുകളോടെ തലയാട്ടി..

ഉമ്മയുടെ അടുത്ത് ചെന്നു അവരുടെ കരം പിടിച്ചു ഞാൻ കാര്യങ്ങൾ പറഞ്ഞു.

എനിക്ക് ഒന്നും വേണ്ട. ഇവളെ മതി. പിന്നെ നിങ്ങളെയും…ഈ കച്ചവടം തുടർന്ന് പൊയ്ക്കോട്ടേ..എനിക്കും ഒരു വീട് ആയല്ലോ ഒരു ഉമ്മയും ഉപ്പയും പിന്നെ എന്നെ പ്രാണന് തുല്യം സ്നേഹിക്കാൻ ഒരു പെണ്ണും..

അവരെന്നെ അരികിൽ ചേർത്ത് പിടിച്ചു. അവരുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു..

ഞാൻ യാത്ര പറഞ്ഞിറങ്ങി.

അവളുടെ കണ്ണുകളിൽ ഞാൻ പോകുന്ന വേദനയോടെപ്പം വരാൻ പോകുന്ന ജീവിതത്തിന്റെ സ്വപ്നങ്ങളും നിറഞ്ഞിരുന്നു..