നയനയുടെ ചോദ്യം കേട്ട് കഴുകിയ പാത്രം  ഷെൽഫിൽ വെച്ചു കൈ മുണ്ടിൽ തുടച്ചു രാഹുൽ നയനയെ നോക്കി….

നിഴൽപോലൊരുവൾ….

Story written by Unni K Parthan

===============

“ഹരിയുടെ പെണ്ണിന് എന്നേക്കാൾ ഉയരം ഉണ്ടോ ഏട്ടാ..”

നയനയുടെ ചോദ്യം കേട്ട് കഴുകിയ പാത്രം  ഷെൽഫിൽ വെച്ചു കൈ മുണ്ടിൽ തുടച്ചു രാഹുൽ നയനയെ നോക്കി..

“എന്തേ ഇപ്പൊ അങ്ങനെ ഒരു തോന്നൽ..” കിച്ചൻ സ്ലാബ് തുടച്ചു വൃത്തിയാക്കുന്നതിനോടൊപ്പം രാഹുൽ പുഞ്ചിരിയോടെ ചോദിച്ചു..

“ഒന്നൂല്യ..അങ്ങനെ തോന്നി..” ഉഴുന്ന് അരച്ചത് പാത്രത്തിലേക്ക് ഒഴിച്ചു നയന മെല്ലെ പറഞ്ഞു..

“മ്മ്…എന്നാലും എന്റെ പെണ്ണ് അങ്ങനെ പരാതിയും പരിഭവവും പറയാറില്ല ലോ..പിന്നെ ഇപ്പൊ എന്ത് പറ്റിയെന്നാ ചോദിച്ചത്..”

“ഇന്നലെ തെക്കേലെ വസുമതി ചേച്ചി വന്നിരുന്നെ ഇവിടെ..ആള് അമ്മയോട് പറഞ്ഞത് കേട്ടു..”

“അമ്മ എന്നിട്ട് എന്താ പറഞ്ഞേ..”

“അമ്മ പറഞ്ഞു പൊക്കത്തിൽ ആണോ ചേച്ചി കാര്യം..പെരുമാറ്റത്തിൽ അല്ലേ എന്ന്..മോള് ഇവിടെ വന്നിട്ട് വർഷം ആറു കഴിഞ്ഞു..ഇത് വരേയും എനിക്ക് മുഖം കറുപ്പിച്ചു ഒന്ന് പറയേണ്ട കാര്യത്തിനു ഇട വരുത്തിയിട്ടില്ല. പൊക്കകുറവ് ഉണ്ടന്ന് ഞങ്ങൾക്ക് ആർക്കും ഇത് വരേം തോന്നിയിട്ടും ഇല്ല ന്ന്..”

“അത് തന്നെ അല്ലെ ശരി..അമ്മ പറഞ്ഞത് തന്നെ അല്ലെ ശരി..ചില അമ്മമാർ ആൺ മക്കൾ അടുക്കളയിൽ കയറി ഒന്ന് സഹായിച്ചാൽ കുറ്റം പറയും..തുണി അലക്കി കൊടുത്താൽ ചീത്ത മുഴുവനും കെട്ടി വന്ന പെണ്ണിന്..പെൺ കോന്തൻ എന്ന പേരും ഭർത്താവിന് ചാർത്തി തരും..ഇവിടെ അങ്ങനെ ആണോ ഉണ്ടായത്..

ഹരിയും ഞാനും എല്ലാ പണിയും ചെയ്യില്ലേ..അമ്മ എന്തേലും എതിര് പറയോ..അച്ഛൻ പോലും അടുക്കളയിൽ കയറില്ലേ..അകം അടിച്ചു തുടച്ചു ഇടില്ലേ..ഇതൊക്കെ പുറത്ത് ഉള്ളവർക്ക് കാണുമ്പോ ചിലപ്പോൾ കുരു പൊട്ടുമെന്നേ..അത്രേം ഒള്ളൂ..ഇനി കയറി വരുന്ന പെണ്ണിനെ പറ്റി ആവും അവർക്ക് ചിന്ത..കാരണം നിന്നെ ഇതിനൊന്നും കിട്ടില്ല എന്ന് അറിയാം..അപ്പൊ..എന്തേലും ഒരു കുറ്റം കണ്ടു പിടിക്കും..നീ കേൾക്കാൻ കൂടി കരുതി ആവും അങ്ങനെ പറഞ്ഞേ..”

“അത് എനിക്ക് അറിയാം..എന്നാലും..”

“ഒരു എന്നാലും ഇല്ല..ഹരിയും, നിത്യയും നമ്മൾ ജീവിക്കുന്നത് പോലെ ഇവിടെ ജീവിക്കണം..നമ്മൾ ആണ് അവർക്ക് മാതൃകയാവേണ്ടത്..”

“മ്മ്..”

“ഡീ…”

“ആ..”

“സങ്കടായോ..”

“ഹേയ്..ഇത് വരെ അങ്ങനെ ഒരു ചിന്ത ഉണ്ടായില്ല..പക്ഷെ കേട്ടപ്പോൾ ഒരു പിടച്ചിൽ..പൊക്കം ഇല്ലന്ന് പറയുന്നത് കുറവാണോ ഏട്ടാ..”

“ഇടി വേണോ..”

“ആർക്ക്..”

“നിനക്ക്..”

“എന്തിന്..”

“പിന്നെ ഇങ്ങനെ ഒക്കെ പറയുന്നേ..പൊക്കമില്ലന്ന് നിന്നോട് ആരാ പറഞ്ഞേ..ഞങ്ങളേക്കാൾ ഉയരത്തിൽ അല്ലെ പെണ്ണെ നിന്റെ മനസ്..

ഇഷ്ടങ്ങളുടെ കാഴ്ചകളെ..നെഞ്ചിലേറ്റി..കൂടെ ചേർത്ത് പിടിക്കുന്ന..നിമിഷങ്ങൾ..ആരും അറിയാതെ സ്വന്തം പരിഭവങ്ങൾ നെഞ്ചിൽ പിടച്ചിലായി പെയ്തിറങ്ങുമ്പോൾ..ഓടി വന്ന് എന്നോട് ചേർന്ന് നിന്ന്..ഏട്ടാ..എനിക്ക് ഒരു സുഖമില്ല എന്ന് പറയുന്ന വാക്കുകൾ..അത് നെഞ്ചിലേക്ക് ഏറ്റെടുക്കാൻ..എനിക്കും, അമ്മയ്ക്കും കഴിയുന്നിടത്തല്ലേ പെണ്ണേ..നീ വിജയിക്കുന്നത്..മുഖം വീർപ്പിച്ചു നടക്കാതെ..പരിഭവങ്ങൾ, സങ്കടങ്ങൾ, ദേഷ്യം എല്ലാം..ഞങ്ങളോട് പറയുന്ന നയനമ്മ കിടുവല്ലേ..

നെഞ്ചിലേക്ക് ഓരോ കനൽ ചുമ്മാ കോരിയിടേണ്ട പെണ്ണേ..ഞങ്ങളുടെ അല്ലേ നീ..” നയനയെ ചേർത്ത് പിടിച്ചു രാഹുൽ പറയുമ്പോൾ..നയനയുടെ നെഞ്ചോന്നു പിടഞ്ഞു..മിഴികൾ..മെല്ലെ നനഞ്ഞു..വലതു കൈ രാഹുലിന്റെ വയറിൽ മെല്ലെ അമർത്തി..നെഞ്ചിലേക്ക് നയന ചുണ്ടമർത്തി..

ശുഭം

~Unni K Parthan