പെട്ടെന്നു തന്നെ അവൾ പണിയൊക്കെ തീർത്തു ,അപ്പോഴേക്കും രമേശൻ കുളിച്ചു റെഡിയായി വന്നിരുന്നു….

എഴുത്ത്: വൈദേഹി വൈഗ

=================

“വൈകുന്നേരം ആവുമ്പോ റെഡിയായി നിൽക്ക് , ഓഫിസിൽ നിന്ന് ടീച്ചർ മൂവിക്ക് 2 ഫ്രീ ടിക്കറ്റ് കിട്ടീട്ടുണ്ട് … ഒന്നും വച്ചുണ്ടാക്കണ്ട ,ഇന്നത്തെ ഡിന്നർ പുറത്തൂന്നാവാം …”

തന്നിൽ നിന്നടർന്ന് മാറി അടുക്കളയിലേക്ക് പായാൻ തുടങ്ങുന്ന നിത്യയെ നെഞ്ചോട് ചേർത്തു പിടിച്ച് രമേശൻ പറഞ്ഞു,അവൻ നൽകിയ നെറുകയിലെ മുത്തത്തിന്റെ കുളിരിൽ മുങ്ങി അവൾ തോർത്തുമെടുത്ത് കുളിമുറിയിലേക്ക് നടന്നു .

കുളി കഴിഞ്ഞു അടുക്കളയിൽ കയറിയ അവൾ ഒരു ദീർഘനിശ്വാസത്തോടെ പണികളിലേക്ക് കടന്നു. 8.30 ക്ക് ആണ് രമേശേട്ടൻ ഓഫിസിലേക്ക് ഇറങ്ങുന്നത്,അതിന് മുൻപ് പ്രാതലും ഉച്ചത്തേക്കുള്ള ഭക്ഷണവും റെഡിയാക്കണം .

നിത്യ ചായക്കുള്ള വെള്ളം ഗ്യാസടുപ്പിൽ വച്ചു,വിറകടുപ്പിൽ ചോറിനുള്ള വെള്ളവും. ഈ വിറകടുപ്പ് കത്തിപിടിപ്പിക്കുന്ന കാര്യം വലിയ കഷ്ടമാണ്,എത്ര നല്ല വിറകാണ് എന്ന് പറഞ്ഞാലും ഒരു പുകച്ചിലാ…. മഴക്കാലമാണെങ്കിൽ പറയുകയെ വേണ്ടാ .

ഒരു വിധത്തിൽ തീ പിടിപ്പിച്ചപ്പൊഴെക്കും ചായക്കുള്ള വെള്ളം തിളച്ചു. വെള്ളം ഫ്ലാസ്കിലേക്ക് മാറ്റി,രമേശേട്ടന് 8 മണിക്കേ ചായ വേണ്ടൂ. ഇപ്പോഴേ വെള്ളം തിളപ്പിച്ച്‌ വച്ചാൽ അപ്പോൾ വെപ്രാളപ്പെടണ്ടല്ലോ …

ഫ്രിഡ്ജിൽ നിന്ന് ദോശ മാവ് എടുത്തു അത്യാവശ്യം നല്ല കനത്തിൽ ദോശ ചുട്ടെടുത്തു,ഏട്ടന് അതാ ഇഷ്ടം. അതിന്റെ കൂടെ തക്കാളി ചമ്മന്തിയോ ഗാർലിക്ചട്ണിയോ ഉണ്ടെങ്കിൽ മൂപ്പര് ഹാപ്പി .

ചോറിനുള്ള വെള്ളം തിളച്ച് അരി കഴുകി ഇട്ട ശേഷം ആണ് കറി പരിപാടിയിലേക്ക് കടന്നത്.

ദോശക്ക് തക്കാളിചമ്മന്തിയും ചോറിന് ചീര തോരൻ തേങ്ങചമ്മന്തി മീൻവറുത്തതും മാങ്ങ അച്ചാറും. ഇന്നലെ രമേശേട്ടൻ കൊണ്ടുവന്ന ചൂര ഇരിപ്പുണ്ട് ഫ്രിഡ്ജില്, വൃത്തിയാക്കി ഇന്നലേ തന്നെ കഷ്ണം മുറിച്ചു വച്ചിരുന്നു. അതിനെ എടുത്തു ഒന്ന് മസാലയിൽ കുളിപ്പിച്ച് വറുത്താൽ മതി .

പെട്ടെന്നു തന്നെ അവൾ പണിയൊക്കെ തീർത്തു ,അപ്പോഴേക്കും രമേശൻ കുളിച്ചു റെഡിയായി വന്നിരുന്നു. അവന് ബ്രേക്ക്ഫാസ്റ്റ് വിളമ്പി കൊടുത്ത് അവൾ അവൻ കഴിക്കുന്ന നേരത്ത് ചോറും കറികളും പാത്രത്തിൽ ആക്കി അവന്റെ ബാഗിൽ വച്ചിരുന്നു .

പോകാൻ നേരം രമേശൻ അവളുടെ നെറുകയിൽ മുത്തമിട്ടു,അവൻ ഗേറ്റ് കടന്നു പോകുന്നത് വരെ കൈ വീശിക്കൊണ്ട് അവൾ സിറ്റൗട്ടിൽ തന്നെ നിന്നു .

അവൻ പോയ ശേഷം ഒരു കട്ടൻ ചായ ഇട്ട് സാവധാനം ആസ്വദിച്ചു കുടിച്ചു . എന്നിട്ട് ഒരു യുദ്ധത്തിന് എന്ന പോലെ സ്വയം തയ്യാറായി. ചോറും കറികളും തയ്യാറാണ്,അതുകൊണ്ട് പാചകം ഇനിയില്ല .

അലങ്കോലമായ് കിടന്ന അടുക്കള വൃത്തിയാക്കി വീടും മുറ്റവും അടിച്ചു വാരി തുടച്ചു തുണിയും കഴുകി വന്നപ്പോൾ 11 മണി. ദോശ ഒക്കെ തണുത്തു മരവിച്ചിരിക്കുന്നു . എങ്കിലും രണ്ട് ദോശ തിന്ന് പാത്രങ്ങൾ കഴുകാൻ ഉള്ളതൊക്കെ കഴുകി വന്നപ്പോൾ ആകെ വിയർത്തു കുളിച്ചിരുന്നു .

മേല് കഴുകി വന്ന് ഫോണിൽ വീഡിയോ കണ്ടിരുന്നു , ഇന്നെന്താണോആവോ നേരം പോകാത്തത്… അവൾ ഓർത്തു .

അവളുടെ കാത്തിരിപ്പ് നീണ്ടു,ഏറെ നേരം വൈകിയിട്ടും രമേശൻ വന്നില്ല. രാത്രി 10 മണി കഴിഞ്ഞപ്പോൾ ആണ് അവൻ വന്നത്. വന്ന പാടേ അവൻ സോഫയിലേക്ക് മറിഞ്ഞു ഫോൺ എടുത്തു തോണ്ടാൻ തുടങ്ങി ,

നിത്യ റെഡി ആയി നിൽക്കുകയായിരുന്നു ,അവൾ കാര്യം അവതരിപ്പിച്ചപ്പോൾ അവൻ ദേഷ്യത്തിൽ അവളോട് പറഞ്ഞു ,

“ഓഫിസിൽ ഓവർടൈം ഡ്യൂട്ടിയും ചെയ്തു ബോസ്ന്റെ വായിൽ ഇരിക്കുന്നതും കേട്ട് വീട്ടിൽ വന്നാൽ സ്വസ്ഥത ഇല്ല …. നിനക്ക് ഒന്നും അറിയണ്ടല്ലോ…ഇവിടെ നിനക്ക് എന്താ പണി വെറുതെ ഇരുന്നു തിന്നാ പോരെ …കഷ്ടപ്പെടാൻ ഞാൻ ഉണ്ടല്ലോ …”

പിന്നെ അവൾ ഒന്നും മിണ്ടിയില്ല . ധൃതിയിൽ ഡിന്നർനു ചപ്പാത്തിയും മുട്ടകറിയും തയ്യാറാക്കി .

പിറ്റേ ദിവസം തുണി കഴുകാൻ രമേശന്റെ ഷർട്ട്‌ എടുത്തപ്പോൾ അതിൽ നിന്ന് അവൾക്ക് രണ്ട് സിനിമടിക്കറ്റ് കിട്ടി. നൊമ്പരങ്ങളെ നെടുവീർപ്പിൽ ഒതുക്കി അവൾ അടുത്ത പണികളിലേക്ക് നീങ്ങി ….

*************************

ഹാഫ് ഡേ ലീവ് എടുത്തു രമേശ്‌ നേരത്തെ വീട്ടിലെത്തി, അപ്പോൾ നിത്യ ടീവിയിൽ റീടെലികാസ്റ്റ് സീരിയൽ കാണുകയായിരുന്നു.

തന്നെ കണ്ടിട്ടും മൈൻഡ് ഒന്നുമില്ലാതിരുന്ന അവളെ കണ്ടപ്പോൾ രമേശന് ജാള്യത തോന്നി. അല്ലെങ്കിൽ തന്റെ തലവെട്ടം കാണുമ്പോൾ തന്നെ ചായ ഉണ്ടാക്കാൻ പായുന്ന ആളാണ്. ഇന്നലേ താനും ഇച്ചിരി ഓവർ ആയിരുന്നല്ലോ….

പയ്യെ രമേശൻ അവളുടെ അരികിൽ പോയിരുന്നു, എന്നിട്ടും മിണ്ടാട്ടമില്ലെന്ന് കണ്ടപ്പോൾ നിലത്ത് ഇരുന്ന് കൊണ്ട് അവളുടെ മടിയിൽ തലവച്ചു.

“സോറി നിത്യേ… ഞാൻ ഇന്നലെ നിന്നോട് ദേഷ്യപ്പെടാൻ പാടില്ലായിരുന്നു… ഓഫിസ് ഡ്യൂട്ടി കഴിഞ്ഞിറങ്ങിയപ്പോൾ ശരത് എന്നോട് മൂവി ക്ക് പോകുന്നുണ്ടോ എന്ന് ചോദിച്ചു, പോകുന്നുണ്ടെന്ന് ഞാനും പറഞ്ഞു.

അപ്പൊ ഒരു ടിക്കറ്റ് ഫ്രീ അല്ലേ ഞാനും ഉണ്ടെന്നായി അവൻ…. എങ്ങനെയാ പറ്റില്ല ന്ന് പറയുക…..

തിരികെ വന്ന് നിന്നെ എങ്ങനെ ഫേസ് ചെയ്യണം എന്ന് അറിയില്ലായിരുന്നു, അതാ ദേഷ്യപ്പെട്ടത്….. സോറി….”

രമേശന്റെ സ്വരം നേർത്തു നേർത്തു വന്നു, നിത്യ ഒന്നും മിണ്ടാതെ എഴുന്നേറ്റു അടുക്കളയിൽ പോയി രമേശന്റെ ഫേവറൈറ്റ് ഇഞ്ചി ചായ ഉണ്ടാക്കി മേശമേൽ കൊണ്ട് വച്ചു.

അവളുടെ മൗനം അവനിൽ വല്ലാത്ത വേദന ഉണ്ടാക്കി, വഴക്ക് പറയാനാണെങ്കിൽ കൂടി അവൾ തന്നോടൊന്ന് മിണ്ടിയിരുന്നെങ്കിൽ എന്ന് അവൻ അതിയായി ആഗ്രഹിച്ചു.

അവൻ പുറത്ത് പോകാമെന്നു പറഞ്ഞിട്ടും അവൾ ഒന്നും കേൾക്കാൻ കൂട്ടാക്കിയതുമില്ല അവനോട് മിണ്ടിയതുമില്ല. മാത്രവുമല്ല ആഹാരം ഉണ്ടാക്കി വച്ച് നേരത്തെ കിടക്കുകയും ചെയ്തു.

ആഹാരം കഴിക്കാൻ ഇരുന്നപ്പോൾ അവളുടെ സാമിപ്യം ഇല്ലെന്ന് കണ്ട് അവന് കരച്ചിൽ വന്നു, കല്യാണം കഴിഞ്ഞ് ഇന്നെ വരെ തന്റെ നിഴലായ് ഒപ്പം ഉണ്ടായിരുന്ന അവളുടെ മൗനം അവന് മരണതുല്യമായ വേദന ആയിരുന്നു. അതിനേക്കാൾ അവനെ നോവിച്ചത് അതിന് കാരണം തന്റെ ദേഷ്യം ആണല്ലോ എന്ന ചിന്തയായിരുന്നു…

ബെഡ്‌റൂമിൽ എത്തിയപ്പോൾ അവൻ കണ്ടത് നിലത്ത് കിടന്നുറങ്ങുന്ന നിത്യയെയാണ്. രമേശന് സ്വയം വെറുപ്പ് തോന്നി.

നിത്യയെ എടുത്തു ബെഡിൽ കിടത്തി, രാത്രിയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും രമേശന് ഉറക്കം വന്നില്ല. പുലർച്ചെ എപ്പോഴോ ഉറങ്ങിപ്പോയ അവൻ ഉണർന്നപ്പോൾ നേരം ഏറെ വൈകിയിരുന്നു. നിത്യ ആണെങ്കിൽ എഴുന്നേറ്റിട്ടുമില്ല.

ഇനി എത്ര വെപ്രാളപ്പെട്ട് റെഡിയായാലും വൈകും എന്ന് മനസിലായപ്പോൾ രമേശൻ ഓഫിസിലേക്ക് വിളിച്ചു ലീവ് ആണെന്ന് അറിയിച്ചു .

നിത്യയെ ഉണർത്താൻ നോക്കിയെങ്കിലും പിന്നെ അത് വേണ്ടെന്ന് വച്ചു, ഇന്നൊരു ദിവസമെങ്കിലും അവൾ റസ്റ്റ്‌ എടുത്തോട്ടെ…

അടുക്കളയിൽ എത്തിയ അവന്റെ കിളിപാറി. ഇന്നലേ നിത്യ നേരത്തെ കിടന്നത് കൊണ്ട് അടുക്കള വൃത്തിയാക്കിയിട്ടില്ല, സിങ്കിൽ പാത്രങ്ങൾ കുന്നുകൂടി കിടക്കുകയാണ്. അടുക്കള വൃത്തിയാക്കാതെ ഒന്നും നടക്കില്ലെന്നു മനസിലായ അവൻ പാത്രങ്ങൾ കഴുകാൻ തുടങ്ങി.

ഇത്രയേറെ പാത്രങ്ങൾ ഈ വീട്ടിലുണ്ടോ എന്ന് കഴുകിക്കഴിഞ്ഞപ്പോൾ അവൻ സ്വയം ചോദിച്ചു. അപ്പോൾ തന്നെ രമേശൻ ആകെ തളർന്നിരുന്നു. ഇനിയും നിലം തുടച്ചിട്ടേ ഫുഡ് ഉണ്ടാക്കാൻ പറ്റുള്ളൂ എന്നാലോചിച്ചപ്പോൾ അവന് തല ചുറ്റുന്ന പോലെ തോന്നി.

കട്ടൻ ഉണ്ടാക്കി നിത്യയെ വിളിച്ചുണർത്തി കൊടുത്തു. പക്ഷെ കുടിച്ചു നോക്കിയപ്പോഴാണ് അവന് മനസിലായത് കടുപ്പം കൂടിപ്പോയി എന്ന്.

ദോശ കരിഞ്ഞു, ചമ്മന്തിക്ക് ഉപ്പ് കൂടി.

ചോറ് വേവേറി, സാമ്പാറിന് എരിവ് കൂടി മെഴുക്കുപുരട്ടി അടിയിൽ പിടിച്ചു. ഒന്നും നേരേ ചൊവ്വേ തിന്നാൻ പറ്റാത്ത അവസ്ഥ.

ഇനിയും എത്ര പണിയാ ബാക്കി. രമേശന്റെ കണ്ണിൽ നിന്ന് പൊന്നീച്ച പാറി.

അപ്പോഴാണ് ശരിക്കും ഇന്നലേ നിത്യയോട്‌ പറഞ്ഞത് എത്ര വലിയ തെറ്റാണെന്ന് അവന് മനസിലായത്.

വീട്ടുജോലികൾ അത്ര വലിയ പണിയൊന്നുമല്ലെന്നാണ് വിചാരിച്ചിരുന്നത്… അവളോട് ക്ഷമ ചോദിക്കണം.

അവൻ വല്ല വിധേനയും എഴുന്നേറ്റു, എന്ത് നടുവേദനയാ… റൂമിൽ ചെല്ലുമ്പോൾ നിത്യ കുളിച്ചു മാറ്റിയിരുന്നു.

ഒന്നും പറയാതെ തന്നെ അവന്റെ മനസ്സ് അവൾ മനസിലാക്കിയിരുന്നു. അവളെ പൂണ്ടടക്കം കെട്ടിപ്പിടിച്ചു അവൻ വിതുമ്പിയപ്പോൾ ആശ്വസിപ്പിക്കാനെന്ന പോലെ രമേശന്റെ ചുമലിൽ തലോടി നിത്യ.

ഇരുവരും ചേർന്ന് മറ്റു പണികളൊക്കെ വേഗം തീർത്തു. എത്രയൊക്കെ അപാകതകളുണ്ടായിട്ടും അവൾ ഒരു പരാതിയും പറയാതെ രമേശൻ ഉണ്ടാക്കിയ ആഹാരം കഴിച്ചു. അപ്പോൾ ഇച്ചിരി ഉപ്പ് കൂടിയാൽ പോലും പരാതി പറയുന്ന തന്റെ സ്വഭാവം വിശകലനം ചെയ്യുകയായിരുന്നു രമേശൻ…

വൈകുന്നേരം അവർ ഒരുമിച്ചു അമലാപോളിന്റെ ടീച്ചർ കാണാൻ പോയി.

തുറന്നു പറഞ്ഞാൽ തീരുന്ന പ്രശ്നങ്ങളെ ഈ ലോകത്തുള്ളൂ… അതുപോലെ എന്ത് ജോലിക്കും അതിന്റെതായ കഷ്ടതകളും മേന്മകളും ഉണ്ടെന്ന് സാരം…..