യുവതി തന്നെ കണ്ടുവെന്ന് മനസ്സിലായ ജോസ് ചമ്മല്‍ മറച്ചുകൊണ്ട് കൈവീശി കാണിച്ചു…

ഗംഗയുടെ ദുരിതാശ്വാസക്കിറ്റ്

എഴുത്ത്: അരവിന്ദ് മഹാദേവൻ

==================

“എന്ത് സൗന്ദര്യമാ ആ പെണ്ണിന് , ക ടിച്ച് തി ന്നാന്‍ തോന്നും “

കൊറോണ വ്യാപിച്ചതിനെ തുടര്‍ന്ന് അമേരിക്കയില്‍ നിന്നും നാട്ടിലെത്തി ക്വാറന്റീനില്‍ കഴിയുന്ന ജോസ് കുരുവിള തന്റെ വലിയ വീടിന്റെ രണ്ടാമത്തെ നിലയില്‍ നിന്നും  തൊട്ടടുത്ത വീട്ടിലെ വിധവയായ സ്ത്രീ തുണിയലക്കുന്ന കാഴ്ച ഒളിഞ്ഞ് നോക്കിക്കൊണ്ട് ഫോണിലൂടെ സുഹൃത്തായ കോശിയോട് പറഞ്ഞു.

” മഹാമാരി വന്ന് ആസനത്തില്‍ വിള്ളലുണ്ടാക്കുമ്പോഴെങ്കിലും തന്റെ മനോഭാവത്തില്‍ അല്പമെങ്കിലും മാറ്റം വരുമെന്ന് കരുതിയത് വെറുതെയായല്ലോ കുരുവിളേ ” കോശി പുച്ഛത്തോടെ പറഞ്ഞു.

“അമേരിക്കയിലെ മദാമമാരെക്കാളും നല്ല സാധനങ്ങള്‍ കണ്ണ് മുന്നില്‍ നിന്ന് മദിക്കുമ്പോള്‍ വേറെന്ത് പറയാനാണ് കൂവേ ” ജോസ് വഷളച്ചിരിയോടെ പറഞ്ഞു.

“താനൊരിക്കലും നന്നാകില്ല , എനിക്ക് വേറെ പണിയുണ്ട് ” കോശി ദേഷ്യത്തോടെ ഫോണ്‍ വെച്ചു.

വയസ്സ് അമ്പത്തഞ്ചാകുന്നെങ്കിലും സ്ത്രീ വിഷയത്തില്‍ അതീവ തല്പരനായിരുന്നു ജോസ്  കുരുവിള.

കോശി ഫോണ്‍ വെച്ചതിന് ശേഷം ജോസ് തന്റെ ഭാര്യയുടെ നമ്പര്‍ ഡയല്‍ ചെയ്തു.

” എന്നതാ ജോസച്ചായാ “

താഴത്തെ നിലയിലെ അടുക്കളയില്‍ ചിക്കന്‍ വറുത്തുകൊണ്ട് നിന്ന  ജോസിന്റെ ഭാര്യ ത്രേസ്യ ബ്ലൂടൂത്ത് ഹെട്സെറ്റിലെ കോള്‍ ബട്ടണ്‍ അമര്‍ത്തി കോളെടുത്തുകൊണ്ട് ചോദിച്ചു.

“എട്യേ നാളെയെന്റെ ക്വാറന്റീന്‍ കഴിയുവല്ലേ , നീ ഉച്ചക്ക് ബാങ്കില്‍ ചെന്ന് ഒരു ലക്ഷം രൂപയിങ്ങെടുത്തോണ്ട് പോരണം “

ജോസ്  ജനാലവഴി അടുത്ത വീട്ടില്‍ തുണിയലക്കിക്കോണ്ട് നിന്ന യുവതിയെ ഒളിഞ്ഞ് നോക്കുന്ന പ്രവര്‍ത്തി തുടര്‍ന്നുകൊണ്ട് പറഞ്ഞു.

“ക്വാറന്റീന്‍ കഴിയുന്നതിന് നിങ്ങക്കെന്നാത്തിനാ ജോസച്ചായാ കാശ് “

വറുത്തെടുത്ത് പാത്രത്തില്‍ വെച്ചിരുന്ന കോഴിക്കാലിലൊന്നെടുത്ത് കടിക്കുന്നതിനിടയില്‍ ത്രേസ്യ തിരക്കി .

“കുറച്ച് പാവപ്പെട്ടവരെ സഹായിക്കാമെന്ന് വെച്ചെടീ , ഒരു ആയിരം രൂപയ്ക്കുള്ള സാധനങ്ങള്‍ വീതം നൂറ് കിറ്റ് നമുക്കങ്ങ് വിതരണം ചെയ്യാം “

ജോസ് ഗൗരവം ഭാവിച്ചുകൊണ്ട് പറഞ്ഞു.

ജോസിന്റെ ശബ്ദം കേട്ടപ്പോള്‍ താഴെ നിന്നും തുണിയലക്കിക്കൊണ്ട് നിന്ന യുവതി മുകളിലേക്ക് നോക്കി.

യുവതി തന്നെ കണ്ടുവെന്ന് മനസ്സിലായ ജോസ് ചമ്മല്‍ മറച്ചുകൊണ്ട് കൈവീശി കാണിച്ചു.

യുവതി അയാളെ ദേഷ്യത്തില്‍ നോക്കിയിട്ട് അലക്കിക്കോണ്ട് നിന്ന തുണിയെ അലക്കുകല്ലില്‍ വലിച്ചടിച്ച് തിരുമ്മിയെടുത്തു.

യുവതി തന്നോട് ദേഷ്യം പ്രകടിപ്പിച്ചതാണെന്ന് ജോസിന് മനസ്സിലായി.

“നിങ്ങക്കെന്നാത്തിന്റെ കേടാണച്ചായാ , ഒന്നാമത് ഹൗസ് ലോണ്‍ മുടങ്ങിക്കിടക്കുകയാണ് , മാസം അടവ് തന്നെ മുപ്പതിനായിരം രൂപയുണ്ടെന്നോര്‍ക്കണം , മാത്രമല്ല നമ്മുടെ ടെക്സ്റ്റയില്‍സും ഇപ്പോള്‍ നഷ്ടത്തിലാ ഓടുന്നത് “

കടിച്ചുകൊണ്ടിരുന്ന ചിക്കന്റെ കാല് ദേഷ്യത്തില്‍ കടിച്ചുമുറിച്ച് ചവച്ചരച്ചുകൊണ്ട് ത്രേസ്യ പറഞ്ഞു.

“ലോണല്ലേ , അതൊക്കെ നമുക്ക് മാനേജ് ചെയ്യാമെന്നേ “

ജോസ് നിസ്സാരത്തോടെ പറഞ്ഞു.

“അച്ചായാ ഒന്നും രണ്ടും ലക്ഷം രൂപയല്ല നമുക്ക് ലോണായി ഉള്ളത് , ഒരു കോടി രൂപയില്‍ കൂടുതലാണ് അടച്ച് തീര്‍ക്കാനുള്ളത് “

ത്രേസ്യ ചവച്ചരച്ച ചിക്കന്‍ കാല് വിഴുങ്ങിക്കൊണ്ട് മിക്സിയിലടിച്ച് വെച്ചിരുന്ന പൈനാപ്പിള്‍ ജ്യൂസ് ഗ്ലാസ്സിലാക്കി ഒറ്റ വലിക്ക് കുടിച്ച് തീര്‍ത്തു.

“അതിലൊക്കെ എന്നതാടീ കാര്യം ? കൊട്ടാരം പോലൊരു വീട് വെച്ചില്ലേ ? ബെന്‍സ് കാറ് വാങ്ങിയില്ലേ ,  മൂത്ത മോന് ബുള്ളറ്റും ഇളയവന് സ്വിഫ്റ്റും വാങ്ങിക്കൊടുത്തില്ലേ”

ജോസ് പൊങ്ങച്ചത്തോടെ കട്ടിലിലേക്കിരുന്നുകൊണ്ട് പറഞ്ഞു.

“അത് പറഞ്ഞപ്പോഴാ ഓര്‍ത്തത് , ചെക്കന്മാര്‍ രണ്ടുപേര്‍ക്കും വണ്ടിയെടുത്ത് കൊടുത്തത് കൊണ്ട് മോള്‍ പിണക്കത്തിലാണ് , അവള്‍ക്ക് അഞ്ച് പവന്റെ സ്വര്‍ണ്ണ പാദസരവും ആപ്പിളിന്റെ ഫോണും വേണമെന്ന്  , വേറൊരു കാര്യം ഞാന്‍ പറഞ്ഞേക്കാം , മോള്‍ക്കും കൂടി അങ്ങനെ വല്ലതും വാങ്ങിച്ചാല്‍ നിങ്ങളുടെ അനിയത്തീടെ കഴുത്തില്‍ കിടക്കുന്നത് പോലെയുള്ള ഡയമണ്ട് നെക്‌ലേസും എനിക്ക് കിട്ടിയിരിക്കണം “

ത്രേസ്യ കടുത്ത ശബ്ദത്തില്‍ പറഞ്ഞു.

“എന്നാ കോ പ്പ് വേണേലും വാങ്ങിക്കാം , നീയാദ്യം പറഞ്ഞത് പോലെ ഉച്ചക്ക് ചെന്ന് കാശെടുത്തോണ്ട് വാ “

ജോസ് കോള്‍ കട്ട് ചെയ്ത് ഫോണ്‍ കട്ടിലിലേക്കിട്ടു, എന്നിട്ട് പതിയെ ജനലിനടുത്തെത്തി വീണ്ടും അടുത്ത വീട്ടിലേക്ക് ഒളിഞ്ഞ് നോക്കി.

തുണിയലക്കിക്കൊണ്ട് നിന്ന യുവതി അപ്രത്യക്ഷയായിരുന്നു.

********************

പിറ്റേ ദിവസം വൈകുന്നേരം അഞ്ചുമണിക്ക് ജോസിന്റെ വീട്ടില്‍ പാവപ്പെട്ടവരെ സഹായിക്കാനെന്ന രീതിയില്‍ കിറ്റ് വിതരണം തകൃതിയായി നടക്കുന്നുണ്ടായിരുന്നു.

“കടത്തില്‍ മുങ്ങി നില്കുന്ന അവസ്ഥയാണ് , എന്നാലും എന്റെ നാട്ടുകാര്‍ ബുദ്ധിമുട്ടനുഭവിക്കുമ്പോള്‍ എനിക്ക് നോക്കി നില്കാനുമാകില്ലല്ലോ , അതുകൊണ്ടാണ് ചെറിയ രീതിയിലുള്ള സഹായം , അമേരിക്കയിലൊക്കെ കോടിക്കണക്കിന് രൂപ ചാരിറ്റിക്ക് വേണ്ടി വിനിയോഗിച്ചത് കൊണ്ട് ഇപ്പോള്‍ കുറച്ച് സാമ്പത്തിക ഞെരുക്കത്തിലാണ് , അതുകൊണ്ട് അടുത്ത വര്‍ഷം വേറേതെങ്കിലും വൈറസിന്റെ പ്രശ്നമോ അതല്ല പ്രളയമോ ഉണ്ടായാല്‍ കൂടുതലായി ഞാന്‍ സഹായിക്കാം “

കിറ്റ് വാങ്ങുന്ന ഓരോരുത്തരോടായി ജോസ് പറഞ്ഞു.

വന്നവരെല്ലാം തന്നെ അത്യാവശ്യം അല്ലലില്ലാതെ നല്ല രീതില്‍ ജീവിക്കുന്ന ആള്‍ക്കാരായിരുന്നു , ചില വിരുതന്മാര്‍ അവര്‍ വാങ്ങിയ കിറ്റിന് പുറമെ ഭാര്യയെയും മക്കളെയും വരെ കിറ്റ് വാങ്ങാന്‍ പറഞ്ഞ് വിട്ടു.

ആറുമണിയോടെ കിറ്റ് വിതരണം നിലച്ചു.

“അപ്പുറത്തെ വീട്ടിലെ ഗംഗ കിറ്റ് വാങ്ങാന്‍ വന്നില്ലയോടീ “

തുണിയലക്കിക്കൊണ്ട് നിന്ന യുവതിയെ ഉദ്ധേശിച്ച് ബാക്കി വന്ന രണ്ട് കിറ്റുകളിലേക്ക് നോക്കി ജോസ് ഭാര്യയോട് ചോദിച്ചു.

“അവളൊന്നും വന്നില്ല അച്ചായാ , അല്ലേലും അവള്‍ക്ക് അഹങ്കാരം കുറച്ച് കൂടുതലാ  , വിധവയാണെന്നും രണ്ട് പെണ്‍കുട്ടികളാണെന്നും കണ്ട് എത്രപേര്‍ സഹായവുമായി ചെന്നതാ , അവള്‍ക്ക് ആരുടെയും സഹായം വേണ്ടത്ര , തയ്യലിലൂടെ നല്ല പണം വരുന്നുണ്ടാകും , അതിന്റെ അഹങ്കാരമാ “

ത്രേസ്യ പുച്ഛ ഭാവത്തില്‍ പറഞ്ഞു.

“അങ്ങനെയൊന്നും പറയാതെടീ , അവരുടെ കാര്യം നമുക്കറിയില്ലല്ലോ, എന്നതാണേലും ഞാനിതും കൊണ്ട് അതുവരെയൊന്ന് പോയേച്ച് വരാം “

ഭാര്യയോട് പറഞ്ഞിട്ട് ജോസ് രണ്ട് കിറ്റും രണ്ട് കൈയ്യിലുമായി തൂക്കി പിടിച്ചുകൊണ്ട് ഗംഗയുടെ വീട്ടിലേക്ക് നടന്നു.

ഗംഗയുടെ വീടിന് മുന്നിലെത്തിയപ്പോള്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന ഗംഗയുടെ മൂത്ത മകള്‍ റേഷനരി ചോറും ചെറിയൊരു പാത്രത്തില്‍ വേറെന്തോ കൂട്ടാനും വെച്ച് ഭക്ഷണം കഴിക്കുകയായിരുന്നു.

“ഇതെന്നാ കറിയാ മോളെ “

കുട്ടിയുടെ അടുത്തെത്തിയ ജോസ് ചെറിയ പാത്രത്തിലേക്ക് നോക്കി ചോദിച്ചു.

“തീയില്‍ ചുട്ടെടുത്ത വറ്റല്‍ മുളകും , വാളന്‍ പുളിയും , ചെറിയ ഉള്ളിയും കൂട്ടിച്ചേര്‍ത്ത് അമ്മയുണ്ടാക്കി തന്ന ചമ്മന്തിയാണ് അങ്കിള്‍ “

കുട്ടി നിഷ്കളങ്കതയോടെ ജോസിന് മറുപടി നല്കി.

“ആണോ , ഇതെങ്ങനാ കൊള്ളാമോ “

കുട്ടി പറഞ്ഞത് കേട്ട് കൊതിയോടെ അയാള്‍ ആ പാത്രത്തില്‍ നിന്നും കുറച്ച് ചമ്മന്തിയെടുത്ത് രുചിച്ച് നോക്കി.

“ഹോ സൂപ്പര്‍ , അമ്മയോട് എനിക്കും ഇതുപോലെ കുറച്ച് ഉണ്ടാക്കി തരാന്‍ പറയണം , ഇത് മാത്രമല്ലേയുള്ളൂ അങ്കിളിന്റെ വീട്ടില്‍ നല്ല ചിക്കന്‍ കറിയുണ്ട് , മോളൊരു പാത്രവുമായി അങ്ങോട്ട് ചെന്നിട്ട് ആന്റിയോട് കുറച്ച് കറി തരാന്‍ അങ്കിള്‍ പറഞ്ഞുവെന്ന് പറയ് “

ജോസ് ചമ്മന്തി പാത്രത്തിലേക്ക് തുറിച്ച് നോക്കിക്കൊണ്ട് പറഞ്ഞു.

“അയ്യോ അതൊന്നും വേണ്ട അങ്കിള്‍ , ഞങ്ങള്‍ക്കീ ചമ്മന്തി തന്നെ ധാരാളമാണ് “

കുട്ടി ജോസിന്റെ വാഗ്‌ദാനത്തെ ചിരിയോടെ നിഷേധിച്ചു.

“ആരാ മോളെ പുറത്ത് “

പുറത്തെ ശബ്ദം കേട്ട് ഗംഗ വെളിയിലെത്തി.

“ജോസേട്ടനോ , എന്താ പതിവില്ലാതെ ഇങ്ങോട്ടൊക്കെ “

പുറത്ത് മകളുടെ അരികില്‍ നില്കുന്ന ജോസിനെയും അയാളുടെ സമീപം നിലത്തിരുന്ന രണ്ട് കിറ്റിലേക്കും നോക്കി ഗംഗ സംശയത്തോടെ ചോദിച്ചു.

“കിറ്റ് വിതരണം നടത്തിയപ്പോള്‍ ഗംഗയെ കണ്ടില്ല , അതുകൊണ്ട് ഞാനിതും കൊണ്ട് ഇങ്ങോട്ട് പോന്നു ,  നല്ല സാമ്പത്തിക ഞെരുക്കത്തിലായിരുന്നു , മക്കളൊക്കെ ആവശ്യത്തിനും അനാവശ്യത്തിനും ചുമ്മാ കാശ് ചിലവാക്കി കളയുകയാണെന്നേ , ഞങ്ങളുടെ ബുദ്ധിമുട്ടിനെക്കുറിച്ച് അവര്‍ക്ക് യാതൊരു ചിന്തയുമില്ല ,  ഇപ്പോള്‍ തന്നെ ഒരുപാട് കടമുണ്ട് , എന്നാലും ഇങ്ങനൊരു സാഹചര്യത്തില്‍ എന്റെ നാട്ടുകാരെ സഹായിക്കാതിരുന്നാലെങ്ങനെയെന്ന് കരുതിയിട്ടാ കിറ്റ് വിതരണം ചെയ്യാന്‍ തീരുമാനിച്ചത് “

ഗംഗയെ അടിമുടി നോക്കിക്കൊണ്ട് ജോസ് പറഞ്ഞു.

“ആവശ്യക്കാര്‍ വരികയും കിറ്റ് വാങ്ങുകയും ചെയ്തല്ലോ , പിന്നെന്തിനാ ജോസേട്ടന്‍ ഇങ്ങോട്ട് കൊണ്ട് വന്നത് “

ഗംഗ ജോസിനെ തുറിച്ച് നോക്കി.

“അതല്ല ഗംഗ കിറ്റ് വാങ്ങാന്‍ വന്നില്ലല്ലോ”

മുഖമടച്ച് അടി കിട്ടിയത് പോലെയായെങ്കിലും ജോസത് പുറമെ കാണിച്ചില്ല.

“ജോസേട്ടാ സര്‍ക്കാര്‍ നല്കുന്ന ഫ്രീ റേഷനും, അതുകൂടാതെ കിട്ടിയ സാധനങ്ങളും ഇവിടെ ഇരിപ്പുണ്ട് , ഇപ്പോള്‍ ജോസേട്ടന്‍ കടത്തില്‍ മുങ്ങി നില്കുകയാണെന്നൊക്കെയല്ലേ പറഞ്ഞത്  , ജോസേട്ടന്‍ തന്നെ ഈ കിറ്റുകള്‍ കൊണ്ട് പൊയ്ക്കോളൂ “

ഗംഗ ശബ്ദം കടുപ്പിച്ചു.

“ഏത് സര്‍ക്കാര്‍ തരുന്ന റേഷനരിയോ, അയ്യേ അതൊക്കെ ഞാനെന്റെ വീട്ടിലെ പ ട്ടിക്ക് കൊടുക്കുന്ന അരിയാണ്  , ഈ കിറ്റില്‍ കിലോയ്ക്ക് അമ്പത് രൂപ വിലയുള്ള നല്ല സൂപ്പര്‍ അരിയുണ്ട് , കൊച്ചിനൊക്കെ തിന്നാന്‍ കൊടുക്കുമ്പോള്‍ നല്ലത് കൊടുക്കണ്ടേ ? ഗംഗേടെ അതേ സ്വഭാവമാ മോള്‍ക്കും കിട്ടിയിരിക്കുന്നത് ,  ഈ ചമ്മന്തി മാത്രം കണ്ടതുകൊണ്ട് കുറച്ച് ചിക്കന്‍ കറി എന്റെ വീട്ടില്‍ ചെന്ന് വാങ്ങിച്ചോളാന്‍ പറഞ്ഞപ്പോള്‍ മോളും അത് വേണ്ടെന്നാ പറഞ്ഞത് “

ജോസ് പുച്ഛത്തോടെ കുട്ടി കഴിച്ചുകൊണ്ടിരുന്ന റേഷനരിയിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.

“ജോസേട്ടാ നിങ്ങള്‍ക്കൊക്കെ റേഷനരിയോട് പുച്ഛവും ഈ ചമ്മന്തിയൊക്കെ പുതുമയുള്ള സാധനവുമാകാം , പക്ഷേ ഞങ്ങള്‍ സാധാരണക്കാര്‍ക്ക് അങ്ങനെയല്ല , 

എന്റെ ചെറുപ്പം മുതല്‍ ഞാനീ റേഷനരിയൊക്കെ കഴിച്ച് തന്നെയാണ് വളര്‍ന്നത് , എനിക്കിതുവരെ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിട്ടുമില്ല , ഈ ചമ്മന്തിയൊക്കെ ഞങ്ങള്‍ക്ക് ചിക്കന്‍ കറിയേക്കാള്‍ രുചിയുള്ള സാധനമാണ്  , എന്നും ചിക്കനും മട്ടനും വാങ്ങാനുള്ള കാശില്ലാത്തതുകൊണ്ട് ഞങ്ങളിത് ശീലമാക്കിയെന്ന് തന്നെ പറയാം , സാധാരണക്കാര്‍ ഇങ്ങനെയാണ് ജോസേട്ടാ  ,

ഞാനൊക്കെ പണ്ട് ഒരുപാട് പട്ടിണി അനുഭവിച്ചവളാണ് , പച്ച വെള്ളം കുടിച്ച് വിശപ്പടക്കുമ്പോഴും എന്റെ അച്ഛനും അമ്മയും ഞങ്ങള്‍ മക്കളെ പഠിപ്പിച്ചത് ആരുടെ മുന്നിലും  കൈനീട്ടാന്‍ പോകരുതെന്നാണ്

ആ ശീലം എന്റെ മക്കളിലും കണ്ടെങ്കില്‍ അഭിമാനത്തോടെ ഞാന്‍ പറയും അതെന്റെ വളര്‍ത്തുഗുണം കൊണ്ടാണെന്ന്

ജോസേട്ടന്‍ പറഞ്ഞില്ലേ മക്കള്‍ ആവശ്യത്തിനും അനാവശ്യത്തിനും കൂടുതല്‍ ചിലവുണ്ടാക്കി വെക്കുന്നെന്ന്, അത് നിങ്ങളുടെ വളര്‍ത്തുദോഷം കൊണ്ടാണ് , അച്ഛനമ്മമാരുടെ ഇല്ലായ്മകള്‍ മക്കള്‍ ചോദിച്ചറിയേണ്ടതല്ല , സ്വമേദയാ മനസ്സിലാക്കേണ്ടതാണ് , എന്നാല്‍ മാതാപിതാക്കള്‍ ഇല്ലാത്ത പണമുണ്ടാക്കി ആര്‍ഭാടം കാണിച്ചാല്‍ മക്കളും അതുതന്നെ ശീലിക്കും,  അതിന് മക്കളെ കുറ്റം പറഞ്ഞിട്ടോ, കടങ്ങളുടെ മുഴുപ്പിനെ ബോധ്യപ്പെടുത്തിയിട്ടോ  കാര്യമില്ല , എന്തുകൊണ്ടാണ് എന്റെ മക്കള്‍ ആര്‍ഭാട ജീവിതം ആഗ്രഹിക്കാത്തത് ?

കാരണം അവരുടെ മാതൃക ഞാനാണ് , ഞാനെന്താണോ അത് അവരുടെ സ്വഭാവത്തിലും പ്രകടമാകും ,

ജോസേട്ടന്‍ വേറൊരു കാര്യം ശ്രദ്ധിച്ചോ?

ഇന്ന് കിറ്റ് വാങ്ങാന്‍ തീര്‍ത്തും ദാരിദ്ര്യമനുഭവിക്കുന്ന എത്രപേര്‍ വന്നു ?

ഒരാളും വന്നിട്ടുണ്ടാകില്ല,

പാവപ്പെട്ടവര്‍ക്ക് പണത്തിന്റെ കുറവ് മാത്രമേയുണ്ടാകൂ , പക്ഷേ അവര്‍ അഭിമാനം ആരുടെ മുന്നിലും പണയപ്പെടുത്താറില്ല ജോസേട്ടാ ,

അഥവാ പണയപ്പെടുത്തിയാലും അത് മക്കള്‍ക്ക് വേണ്ടി തീരെ ഗതികെട്ടിട്ടാവും , അങ്ങനെ തീര്‍ത്തും ഗതികേടിലാകുന്ന ഒരവസ്ഥയുണ്ടായാല്‍ ,  ഈ റേഷനരിയുടെ വരവ് നിലച്ചാല്‍ , ഞങ്ങള്‍ ആ ത്മഹത്യ ചെയ്തില്ലെങ്കില്‍ , അന്ന് ഞാന്‍ ജോസേട്ടനോട് അങ്ങോട്ട് വന്ന് കിറ്റ് ആവശ്യപ്പെട്ടോളാം, ഇപ്പോള്‍ ജോസേട്ടന്‍ ഈ കിറ്റും കൊണ്ട് പൊയ്ക്കോ “

ഗംഗ നിര്‍വ്വികാരയായി എന്നാല്‍ മൂര്‍ച്ചയേറിയ ശബ്ദത്തില്‍ പറഞ്ഞു.

“അല്ല ഗംഗേ അതുപിന്നെ ഇങ്ങനൊക്കെ പറഞ്ഞാല്‍ “

ജോസ് വിക്കലോടെ ഗംഗയെ നോക്കി.

” എങ്ങനൊക്കെ പറഞ്ഞാല്‍ “

ഗംഗ കടുത്ത ശബ്ദത്തില്‍ ചോദിച്ചു.

“അല്ല വീടില്‍ മുഴുവന്‍ ചോര്‍ച്ചയാണല്ലേ ? ഭര്‍ത്താവ് മരിച്ചതിന് ശേഷം ഗംഗ നല്ല ബുദ്ധിമുട്ടിലാണെന്ന് ഞാനറിഞ്ഞു,

ഒരു മടിയും കൂടാതെ ഗംഗക്കെന്നോട് എന്ത് സഹായം വേണമെങ്കിലും ചോദിക്കാം , എന്തും “

വീടിനുള്ളില്‍ പൊട്ടിയ ഓടിനിടയിലൂടെ മഴവെള്ളം വരുന്നത് പിടിക്കാന്‍ വെച്ചിരുന്ന പാത്രത്തെയും അതിന് ശേഷം ഗംഗയേയും വഷള ഭാവത്തില്‍ നോക്കിക്കൊണ്ട് ജോസ് വിഷയം മാറ്റി.

“ജോസേട്ടന്‍ ഉദ്ധേശിച്ച സഹായം എനിക്കാവശ്യമില്ല  , ആ സഹായമൊക്കെ ത്രേസ്യേച്ചിക്ക് കൊടുത്താല്‍ മതി , ഇപ്പോഴും ചേച്ചി ചെറുപ്പമാണെന്നാ അടുത്തുള്ള ചെറുപ്പക്കാര്‍ പറയുന്നത് “

ജോസിനോട് രൂക്ഷമായ ഭാഷയില്‍ പറഞ്ഞുകൊണ്ട് മകളെ വീടിനുള്ളില്‍ കയറ്റി ഗംഗ വാതില്‍ വലിച്ചടച്ചു.

കുനിഞ്ഞ ശിരസ്സോടെ കൊണ്ട് വന്ന കിറ്റുകളും കൈയ്യിലെടുത്ത് ജോസ് ഗംഗയുടെ വീടിന്റെ പടി കടന്നു.

~അരവിന്ദ് മഹാദേവന്‍ .

കുറിപ്പ് : പണത്തിന്റെ ഹുങ്ക് ഉള്ളില്‍ കൊണ്ട് നടക്കുന്നവര്‍ക്ക് പാവപ്പെട്ടവരോട് പുച്ഛമുണ്ടാവും,, പക്ഷേ അത്തരക്കാര്‍ക്കില്ലാത്ത മറ്റൊന്ന് പാവപ്പെട്ടവര്‍ക്കുണ്ട് അവര്‍ അഭിമാനം ആരുടെ മുന്നിലും പണയം വെക്കാറില്ലെന്നാണ് എന്റെ വിശ്വാസം