ഈശ്വരന്റെ പാപം….
Story written by Sebin Boss J
================
”’ ബഷീടെ അമ്മക്ക് തീരെ വയ്യെന്നാ കേട്ടെ . അവനിന്നും സ്‌കൂളിൽ വരണില്ല ”
ഇടവഴിയിൽ വീണുകിടക്കുന്ന അളിഞ്ഞു തുടങ്ങിയ കശുമാങ്ങ കല്ലിൽ ഇട്ടമർത്തി കശുവണ്ടി അടർത്തിയെടുത്ത ശേഷം വാസു പറഞ്ഞു .
” അവന്റെ അപ്പച്ചൻ വരാറായോടാ ?” പഴുത്ത കശുമാങ്ങ ഈ മ്പിക്കുടിച്ചിട്ട് അതിന്റെ കശുവണ്ടിയും കറകളഞ്ഞു വാസുവിന് നീട്ടിക്കൊണ്ട് ഈപ്പച്ചൻ ചോദിച്ചു .
”ആവോ .. അവന്റെ അച്ഛനെ ചോദിക്കുമ്പോ അവന് സങ്കടം വരും .അവന്റമ്മ ആണേൽ കരയുകേം ചെയ്യും . അതോണ്ട് ഒന്നും ചോദിക്കാനും വയ്യ .വേഗന്ന് വാ ..മണിയടിക്കാറായി . അച്ചൻ ഓടിക്കും “‘ ഇടവഴിയിൽ അങ്ങിങ്ങായി വീണുകിടന്ന കശുമാങ്ങകളിലേക്ക് നിരാശയോടെ നോക്കിക്കൊണ്ട് വാസു ഇടവഴിയിലൂടെ വേഗത്തിൽ നടന്നു . .മൺപാതയിൽ നിന്ന് ടാർ റോഡിലേക്ക് കയറും മുൻപേ ഉള്ള വലിയ പ്ലാവിന്റെ ഉണങ്ങിയ വേരുകൾക്കിടയിലേക്ക് തങ്ങൾ അന്ന് ശേഖരിച്ച കശുവണ്ടി പെറുക്കിയിട്ട് സ്‌കൂളിലേക്കവർ ഓടി
” ആയതിനാൽ സീസറിനുള്ളത് സീ സ റിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുക .ഉള്ളവർ ഇല്ലാത്തവന് കൊടുക്കുമ്പോഴാണ് നിങ്ങൾക്ക് സ്വർഗ്ഗരാജ്യം ലഭിക്കുന്നത് ”
” ഓ .. ഭാഗ്യം . കാലത്തേ കുർബാനയാ .”‘
സെയിന്റ് മേരീസ് പള്ളിയിലേക്കുള്ള പടവുകൾ ഓടിക്കയറുന്നതിനിടെ ഈപ്പച്ചൻ കുരിശു വരച്ചു .
“‘നീ പള്ളീൽ കേറാൻ പോകുവാണോ .?”’ വാസു തനിച്ചാകുന്നതിന്റെ വിഷമം മറച്ചുവെച്ചില്ല .
“‘ഹേയ് ഇല്ലടാ …. “‘
“‘അതെന്നാ നിനക്ക് ദൈവത്തിൽ വിശ്വാസമില്ലേ ?”’
“‘ അതിന് ദൈവമുണ്ടോ ? നീ കണ്ടിട്ടുണ്ടോ ? ദൈവം ഉണ്ടാരുന്നേൽ നിനക്കും എനിക്കും ബഷിക്കും ഒക്കെ അപ്പച്ചൻ ഇല്ലാണ്ടാകുമായിരുന്നോ . അമ്മച്ചി ഇങ്ങനെ കഷ്ടപ്പെടേണ്ടി വരുമാരുന്നോ ?”’ ഈപ്പച്ചന്റെ മുഖം വലിഞ്ഞുമുറുകി
”അത് ദൈവത്തിന്റെ കുഴപ്പമാണോ . നിന്റെ അമ്മക്കും ദൈവവിശ്വാസം ഇല്ലേ ? വലിയ ഉച്ചത്തിൽ പ്രാർത്ഥിക്കുന്നത് കേൾക്കാല്ലോ “”
“‘ വീട്ടിൽ പ്രാർത്ഥിക്കും ..ഞായറാഴ്ച്ചെം തോട്ടത്തിൽ പണിക്ക് പോണം . അതോണ്ട് പള്ളീൽ പോകാറില്ല . അല്ല .. അതിന് നീയും പള്ളീൽ പോകാറില്ലല്ലോ .പറച്ചില് കേട്ടാൽ വല്യ വിശ്വാസി “” “‘
പള്ളിയുടെയും സ്‌കൂളിന്റെയും ഇടക്കുള്ള പുണ്യാളൻ കുളത്തിന്റെ കൽക്കെട്ടിൽ അവരിരുന്നു . ഓട് മേഞ്ഞ സ്‌കൂൾ കെട്ടിടത്തിന്റെ അങ്ങേയറ്റത്ത് നിന്നും സന്മാർഗ്ഗപാഠത്തിന്റെ . ക്‌ളാസ് മുഴങ്ങിക്കേൾക്കുന്നുണ്ടായിരുന്നു .
കുടിയേറ്റ ഗ്രാമമായ അവിടുത്തെ ഏക ആരാധനാലയവും വിദ്യാലയവുമായിരുന്നു ആ സ്‌കൂളും പള്ളിയും .
ജീവിക്കാൻ ഒരു നിവൃത്തിയുമില്ലാത്തവരും കടം കയറി നാടുവിട്ടവരുമായിരുന്നു ആ മേഖലയിൽ വന്ന് താമസമാക്കിയവർ എല്ലാവരും തന്നെ . കണ്ണെത്താ ദൂരത്തോളം കിടക്കുന്ന തോട്ടത്തിന്റെ പല മൂലക്കായി പുറമ്പോക്കിൽ കെട്ടിയുയർത്തിയ ലയങ്ങളി താമസിച്ച് തോട്ടത്തിൽ തുച്ഛമായ ദിവസക്കൂലിക്ക് പണിയെടുക്കന്നവരായിരുന്നു ഭൂരിഭാഗം ജനങ്ങളും .
“കുർബാന ആണെന്നറിയുവാരുന്നേൽ ഉള്ള കശുവണ്ടി പെറുക്കാരുന്നു . അനിയനൊരു നിക്കറ് വാങ്ങണം . നിനക്കിത്തോണ പൈസ വേണോടാ ഈപ്പച്ചാ “”
“‘എനിക്ക് വേണ്ട . ബഷീടെ അമ്മക്ക് മരുന്ന് വാങ്ങാൻ കൊടുത്താലോ . ഇന്നലെ വല്യ ഒച്ചയിൽ വലിക്കുന്ന ശബ്ദം കേൾക്കാരുന്നു കുറച്ചായി അവന്റെയമ്മ വലിവ് കാരണം പണിക്കും പോയിട്ടില്ല . വീട്ടീന്നാ റേഷനരി കൊടുത്തേ “”
“‘ ഹോ !! എന്തോരം പൈസയാ . ഇതൊന്നും എടുക്കുന്നില്ലേ ?”’
പുണ്യാളൻ കുളത്തിലേക്ക് വിശ്വാസികൾ വലിച്ചെറിഞ്ഞ നാണയത്തുട്ടുകൾ കുന്ന് കൂടി കിടക്കുന്നതിലേക്ക് നോക്കി വാസു പറഞ്ഞു .
“” കുളം വറ്റിക്കാൻ പാടില്ലന്നാ പറയുന്നെന്ന് . രാത്രീല് പുണ്യാളൻ വെളളം കുടിക്കാൻ വരുമത്രെ .അപ്പോൾ വെള്ളം അശുദ്ധിയാക്കരുതെന്ന്. ഒരു പൈസ എടുത്താൽ പോലും പുണ്യാളൻ കൈ തീക്കനലിൽ മുക്കൂന്നാ “” ഈപ്പച്ചനും കുളത്തിലേക്ക് എത്തിനോക്കി .
”ശെരിക്കും പുണ്യാളൻ വെളളം കുടിക്കാൻ വരുവോ ? ഈ ദൈവങ്ങൾക്കൊക്കെ എന്ത് സുഖാല്ലേ ?. പാലും പഴവുമൊക്കെ എന്നും നിവേദിക്കും . അതൊക്കെ അവര് കഴിക്കോ ? നിങ്ങടെ പുണ്യാളന്മാര് ദൈവങ്ങളല്ലേ .എനിക്കും പുണ്യാളൻ ആയാൽ മതിയാരുന്നു .എന്തോരം പൈസേം പാലും പഴവുമൊക്കെ കിട്ടും ”’ വാസു ആകാശത്തേക്ക് നോക്കി
“”.എടാ മരിച്ചവരല്ലേ പുണ്യാളന്മാർ . മരിച്ചുകഴിഞ്ഞാൽ ദാഹോം വിശപ്പുമൊന്നുമില്ല . ”’ ഈപ്പച്ചൻ അവനെ കളിയാക്കി
“‘ എത്രേം പെട്ടന്ന് മരിച്ചു പുണ്യാളനായാ മതിയാരുന്നു . പിന്നെ വിശപ്പ് ഇല്ലല്ലോ . ഇന്നും ഉച്ചക്ക് വയറുനിറയെ കഴിക്കാൻ പറ്റില്ല .ബഷിക്ക് കൊണ്ടോണം ഉച്ചക്കഞ്ഞി “”‘
“‘ഉം … തെക്കമ്പലത്ത് അടുത്താഴ്ച ഊട്ടു നേർച്ചയുണ്ട് . ശുദ്ധികലശമാ . ഒരു കുഞ്ഞാവ മുള്ളി അശുദ്ധാക്കീന്ന് . നന്നായി … നല്ല സാമ്പാറും അവിയലും പായസവും കൂട്ടി സദ്യ ഉണ്ണാം “‘
“‘പായസമോ ? ഞാനും വരട്ടെടാ ?”
“‘ രണ്ട് മണിക്കൂർ നടക്കാനുണ്ട് . അതിന് നീ പള്ളിക്കാരല്ലേ . അമ്പലത്തിൽ കേറാൻ പറ്റില്ലല്ലോ ”
”നടന്നാലെന്താ ..സദ്യ കഴിക്കാല്ലോ പായസമൊക്കെ കുടിച്ചിട്ടെത്ര നാളായി . അമ്പലത്തിനുള്ളിൽ അല്ലല്ലോ സദ്യ . ഞങ്ങൾ പുറത്തുനിന്ന് കഴിച്ചിട്ട് പോന്നോളാം ”
“‘ഞങ്ങളോ ?”’ വാസു കണ്ണ് മിഴിച്ചു
“‘ആഹ് ..ബഷീനെ കൂടി കൊണ്ടോകാം . അവനും കൊതിയുണ്ടാകില്ലേ ?”’
“” എടാ ..ബഷീറല്ലേ ദേ ഓടുന്നെ … വാടാ “”‘
താഴെ ചെമ്മൺപാതയിലൂടെ അങ്ങാടിയിലേക്ക് ഓടുന്ന ബഷീറിനെ കണ്ടതും ഈപ്പച്ചൻ പടവുകൾ ഓടിയിറങ്ങി , പുറകെ വാസുവും
“‘അവന്റെയമ്മച്ചി മരിച്ചിട്ടുണ്ടാകുമോ. ആളെ വിളിക്കാനാണോ അവൻ ഓടുന്നെ ? ”
“‘ഒന്നും പറയല്ലേടാ “” ഓട്ടത്തിനിടെ വാസു ഈപ്പച്ചനെ ശകാരിച്ചു
“‘ എടാ ഉമ്മച്ചി … വണ്ടി ഇല്ലല്ലോ “‘ അങ്ങാടീൽ എന്നും കാണുന്ന , തോട്ടത്തിലേക്ക് പണിക്കാരെ കൊണ്ട് പോകുന്ന ജീപ്പ് കാണാതെ തലക്ക് കൈയും വെച്ചിരിക്കുന്ന ബഷീറിനടുത്തേക്ക് ഓടിയെത്തിയ ഈപ്പച്ചനോടും വാസുവിനോടും ബഷീർ കരഞ്ഞു കൊണ്ട് പറഞ്ഞു
“” ബഷീ .. വാസൂ ”നിങ്ങള് വീട്ടിലേക്ക് പൊക്കോ .. ഞാൻ പള്ളീൽ ചെന്ന് അച്ചനോട് പറയാം ”
പറഞ്ഞു തീരും മുൻപേ അവർ രണ്ട് ദിക്കിലൂടെ കുതിച്ചു .
“‘ഡാ … നീ ആരേലും കൂട്ടി അമ്മേനെ എടുത്തോ . ഈപ്പൻ വരുമ്പോഴേക്കും ഞാനുമെത്താം “‘
ഇടവഴിയിലൂടെ ബഷീർ വീട്ടിലേക്ക് ഓടുമ്പോൾ തുണിസഞ്ചിയിൽ നിന്ന് പുസ്തകം മരപ്പൊത്തിലെടുത്തു വെച്ചിട്ട് , സഞ്ചിയിൽ കയ്യാലപൊത്തിൽ സൂക്ഷിച്ചിരുന്ന കശുവണ്ടികൾ പെറുക്കിയിടുകയായിരുന്നു വാസു
”’ ജീപ്പ് കേറത്തില്ലല്ലോ മോനെ വഴിയേ :””
“‘അച്ചനിവിടെ നിന്നോ ..ഞങ്ങള് എടുത്തോണ്ടുവരാം “‘
ഇടവഴിയുടെ തുടക്കത്തിൽ ജീപ്പ് നിർത്തിയതും ഈപ്പച്ചൻ പറഞ്ഞിട്ടിറങ്ങിയോടി .
“‘ അച്ചോ … അച്ചൻ ദൈവമാണ് “‘ ആശുപത്രിയിൽ ഉമ്മയെയും കൊണ്ടെത്തിയപ്പോൾ ബഷീർ കരഞ്ഞുപോയി
“” ആപത്തിൽ ഉപകരിക്കുന്നവൻ ആരോ അവനാണ് ദൈവം . ഏതായാലും അത് ഞാനല്ല “‘
അച്ചൻ ചിരിച്ചു .
“‘ പൈസ ഇത്രേം ഉള്ളൂ സാറെ .അമ്മച്ചിയെ രക്ഷിക്കണം ”’
ഈപ്പച്ചൻ പോക്കറ്റിൽ ഉണ്ടായിരുന്ന നാണയത്തുട്ടുകൾ ഡോക്ടറുടെ മേശപ്പുറത്തേക്കിട്ടിട്ട് പറഞ്ഞപ്പോൾ ചിരിക്കുകയായിരുന്നു .
“”” ഇതൊന്നും വേണ്ട . നിങ്ങളുടെ പ്രാർത്ഥനയാണ് വേണ്ടത് . നേർച്ചയും നേർന്ന് മുട്ടിന്മേൽ നിന്ന് ശെരിക്കും പ്രാർത്ഥിച്ചോ ദൈവത്തോട് “‘
”’ ഏത് ദൈവത്തോട് … ഞങ്ങടെ ഗ്രാമത്തിൽ ആകെയുള്ളത് സെയിന്റ് മേരീസ് പള്ളിയാണ് . അവിടെ നേർച്ചയിട്ടാൽ മതിയോ ?പക്ഷെ , ഇവൻ ഇസ്ലാമാണ് ഡോക്റ്ററെ . അമ്പലവും പള്ളിയുമൊക്കെ കൊറേ പോണം “‘
“‘ എവിടെയും നിങ്ങൾ ദൈവത്തെ അന്വേഷിച്ചു പോകണ്ട . ദൈവം നിങ്ങളുടെയൊപ്പമുണ്ട് . മനസാണ് ദേവാലയം . പ്രവർത്തിയാണ് ഈശ്വരൻ .ആ പ്രവർത്തിചെയ്ത നിങ്ങൾ ഓരോരുത്തരുമാണ് ഈശ്വരന്മാരും. നിങ്ങടെ കൂട്ടുകാരന്റെ അമ്മയെ ഇവിടെയെത്തിക്കാൻ നിങ്ങൾ ചെയ്ത ഈ സഹായമുണ്ടല്ലോ, അതാണ് ദൈവത്തിന് കൊടുക്കാൻ പറ്റിയ ഏറ്റവും വലിയ ബലി. ബലിയെക്കാൾ വലിയൊരു നേർച്ചയുമില്ല . ”
“‘അച്ചോ …”’ അങ്ങോട്ട് വന്ന അച്ചൻ പറഞ്ഞപ്പോൾ ഈപ്പച്ചൻ കൈതൊഴുതുകൊണ്ടച്ചനെ നോക്കി .
“‘ ജീപ്പിൽ കിടന്ന് കിട്ടിയതാണ് . നനഞ്ഞ നാണയ തുട്ടുകൾ . ഇത് പുണ്യാളന്റെ കുളത്തിൽ നിന്നുള്ളതാണെന്ന് എനിക്കുറപ്പുണ്ട് . മോഷണം പാപമാണ് മക്കളെ “‘
അച്ചൻ കുപ്പായത്തിൽ നിന്ന് കുറച്ചു നാണയത്തുട്ടുകൾ എടുത്തുനീട്ടിയപ്പോൾ ഈപ്പച്ചന്റെ ശിരസ്സ് താഴ്ന്നു .
“‘ അച്ചോ ..എന്നോട് ..എന്നോട് ക്ഷമിക്കണം .”’
”ഈപ്പച്ചൻ വിമ്മിക്കരയാൻ തുടങ്ങി .
“‘അച്ചോ … കശൂണ്ടി വിറ്റിട്ട് പുണ്യാളന്റെ പൈസ തിരിച്ചിട്ടോളാം ഞങ്ങള് . എടുത്തേന്റെ ഇരട്ടിയിട്ടോളാം . അപ്പൊ ഈപ്പനെ പുണ്യാളൻ തീക്കകത്തിടത്തില്ലല്ലോ . ബഷീടെ അമ്മേനെ ആശൂത്രീൽ കൊണ്ടൊണോല്ലോന്നോർത്തപ്പോ പെട്ടെന്ന്തോന്നീതാവും അച്ചോ .അല്ലാണ്ട് ഞങ്ങള് മോഷ്ടിക്കത്തൊന്നുമില്ല ””’ വാസു കയ്യിലുണ്ടായിരുന്ന തുണി സഞ്ചിവിടർത്തി കശുവണ്ടി കാണിച്ചു കൊണ്ട് അച്ചനോട് പറഞ്ഞു .
“‘ആവശ്യത്തിന് ഉപകരിക്കാനാണ് പണം . പക്ഷെ അന്യന്റെ മുതൽ അവന്റെയനുവാദം കൂടാതെയെടുത്താൽ അത് പാപമാണ് . പാപമല്ല നമ്മുടെ നാടിന്റെ നിയമനുസരിച്ച് തെറ്റ് . പാപങ്ങളും മത നിയമങ്ങളുമൊക്കെ മനുഷ്യൻ എഴുതിച്ചേർക്കുന്നതാണ് . മത നിയമങ്ങളും ആചാരങ്ങളും അനുസരിക്കണം , അതിലുപരി നമ്മുടെ നാടിന്റെ നിയമങ്ങളാണ് മത നിയമങ്ങൾക്കും ആചാരങ്ങൾക്കും മീതെ അനുസരിക്കേണ്ടത് . .നാം ജീവിക്കുന്ന നാടാണ് ജാതിമത ഭേദമെന്യേ നമ്മുടെ ആരാധനാലയം . നമ്മുടെ നന്മക്ക് വേണ്ടി നിലകൊള്ളുന്ന ഭരണാധികാരികൾ ഈശ്വരന്മാരും “‘
“‘പക്ഷെ അച്ചോ ഇവരൊക്കെയാ ഈശ്വരന്മാരെങ്കിൽ ഞങ്ങൾക്കൊരു വീടില്ല ..നല്ല ജോലിയില്ല …. ”’
“” ചില സമയങ്ങളിൽ ദൈവങ്ങളും കണ്ണടക്കാറുണ്ട് . ദൈവങ്ങൾ കണ്ണടക്കുമ്പോൾ മനുഷ്യത്വം ഉണരണം .നിങ്ങളിപ്പോൾ കൂട്ടുകാരനെ സഹായിച്ചപോലെ .ഏത് മതത്തിൽ പെട്ടവനെന്നോ ഏത് രാഷ്ട്രീയ പാർട്ടിയിൽ പെട്ടവനെന്നോ നോക്കാതെ പരസ്പരം സഹായിക്കുവാനുള്ള മനുഷ്യത്വം നിങ്ങൾക്കോരോരുത്തർക്കും ഉണ്ടാകുമ്പോൾ ഈശ്വരനുണരും . ഒപ്പം നാടും നാട്ടുകാരും രക്ഷപെടും . ”’
“‘ അമ്മക്ക് കുഴപ്പമൊന്നുമില്ല . നിങ്ങളെ കാണണമെന്ന് പറയുന്നു “” വാതിൽ തുറന്ന് പുറത്തേക്കിറങ്ങിയ ഡോക്ടർ പറഞ്ഞപ്പോൾ മൂവരും ആകാംഷയോടെ ഉള്ളിലേക്ക് കയറി . പുറകെ അച്ചനും
“” അച്ചോ .. വളരെ നന്ദി :.ദൈവമാണ് അച്ചനെ …”’
പതറിയ ശബ്ദത്തിൽ ബഷീറിന്റെ ഉമ്മ അച്ചനെയും ഡോക്ടറിനെയും നോക്കി കൈ കൂപ്പിയപ്പോൾ തുടരാൻ അനുവദിക്കാതെ ബഷീറിനെയും വാസുവിനെയും ഈപ്പച്ചനെയും മുന്നിലേക്ക് നിർത്തി അച്ചൻ പറഞ്ഞു .
“‘ ദൈവം അദൃശ്യനാണ് . ദൃശ്യമാകുന്നത് നമ്മുടെ പ്രവർത്തികളിലൂടെയാണ് . അപ്പോൾ നിങ്ങളുടെ ഈ മൂന്ന് മക്കളാണ് ദൈവങ്ങൾ . മത രാഷ്ട്രീയ വൈരുദ്ധ്യങ്ങൾ നെഞ്ചിലേറ്റി ഒരിക്കലും മാനുഷിക മൂല്യങ്ങൾ കൈവിടാതിരിക്കട്ടെ ഇവർ ”'”‘
✍️ സെബിൻ ബോസ്