പതിനെട്ടു വയസോളമെത്തിയ പെൺകുട്ടി. നീളൻപാവാടയും ഉടുപ്പും ആയിരുന്നു വേഷം. മുടി ഇരുവശത്തും പിന്നിക്കെട്ടിയിരിക്കുന്നു…

പുനരപി

Story written by Jayachandran NT

======================

തൃക്കാർത്തിക രാവായിരുന്നു. മൂർത്തിയുടെ പിറന്നാളുമാണ്. ഒരു യാത്ര. പുലർച്ച തന്നെ പുറപ്പെട്ടു. ഗൂഗിൾ മാപ്പിൽ ദൂരം കുറഞ്ഞു കൊണ്ടിരുന്നു. സന്ധ്യാനേരമായി. വീടുകളിൽ കാർത്തിക ദീപങ്ങൾ തെളിഞ്ഞു.

കാറിനുള്ളിൽ നേർത്ത സംഗീതം. സ്റ്റിയറിംഗിൽ താളമിട്ടവൻ യാത്ര തുടർന്നു. ഇരുണ്ടു കിടക്കുന്ന റോഡ്. ഇരുട്ടിലേക്കു തുളച്ചു കയറുന്ന കാറിൻ്റെ പ്രകാശം നിർമ്മിച്ച ഗുഹയ്ക്കുള്ളിലേക്കായിരുന്നു മൂർത്തിയുടെ സഞ്ചാരം.

വഴിതെറ്റിയോ! ഇടയ്ക്കവൻ സംശയിച്ചു. വഴി പെട്ടെന്നാണവസാനിച്ചത്.

‘പത്തേക്കർപ്പറമ്പും അതിനോടൊപ്പമുള്ള ചിത്രങ്ങളും! വർഷങ്ങളായി പരിചിതമായ പ്രദേശങ്ങൾ. താനൊരിക്കലും അവിടെ പോയിട്ടില്ല. പിന്നെങ്ങനെ പരിചിതമായി. ഇനിയതും സ്വപ്നമായിരുന്നോ!’

ഡ്രൈവിംങ്ങിനിടയിൽ എപ്പൊഴോ ചിന്തകൾ കാടുകയറി. വഴിതെറ്റി. ഒരു കായൽക്കരയിലെത്തി നിൽക്കുന്നു. ലക്ഷ്യത്തിലെത്താൻ കുറച്ചു ദൂരമെ ബാക്കി ഉണ്ടായിരുന്നുള്ളു. പെട്ടെന്ന് ബ്രേക്കിട്ടതുകൊണ്ട് കാർ നിന്നു. ശ്രദ്ധിച്ചില്ലായിരുന്നെങ്കിൽ വെള്ളത്തിൽ പോയേനെ! മുന്നിൽ ഇരുട്ടാണ്. കായലിനക്കരെ ചെറിയ വെളിച്ചങ്ങൾ. എവിടെയാണ് വഴി തെറ്റിയത്. മനസ്സിലാകുന്നില്ല. തിരികെ പോയാലോ! പക്ഷേ ഓണായിരിക്കുന്ന ഗൂഗിൾ മാപ്പ്, വഴി കൃത്യമായിവിടെ വന്നു നിലച്ചിരിക്കുന്നു. താൻ സെറ്റ് ചെയ്തിരുന്നത് ഇതല്ലല്ലോ എന്നവനോർത്തു. തിരിച്ചു പോകാനായി കാർ സ്റ്റാർട്ട് ചെയ്തു നോക്കി. സ്റ്റാർട്ടാകുന്നില്ലായിരുന്നു. വീണ്ടും ശ്രമിച്ചു. ഒരനക്കവും ഇല്ല.

കായൽക്കരയിലെ ഒരു ഓലപ്പുരയിൽ റാന്തൽ വെളിച്ചം കാണുന്നു. കാറിൽ നിന്നിറങ്ങി അവൻ അവിടേക്ക് നടന്നു. ബീഡിയും പുകച്ച് അതിനകത്തൊരാൾ. മൂർത്തിയുടെ കാൽപ്പെരുമാറ്റം കേട്ടയാൾ ഇറങ്ങി വന്നു. ബീഡിക്കുറ്റി മണ്ണിലിട്ടു. ചെരിപ്പിടാത്ത കാലുകൊണ്ടതു ചവിട്ടിപ്പൂഴ്ത്തി. അവനെ കാത്തിരുന്നതു പോലായിരുന്നു. അയാളുടെ പെരുമാറ്റം.

”എന്താ സാറേ വണ്ടി കേടായല്ലേ?” അയാൾ ചോദിച്ചു.

”അതെ എന്താന്നറിയില്ല വണ്ടി നിന്നു പോയി. എത്ര ശ്രമിച്ചിട്ടും സ്റ്റാർട്ടാകുന്നില്ല.” മൂർത്തി പറഞ്ഞു.

”അതങ്ങനെയാ സാറേ ഇടക്കൊക്കെ പനച്ചിമുത്തി എനിക്കരി വാങ്ങാൻ വഴികൊണ്ടത്തരും. സാറിനെവിടെയാ പോകേണ്ടത് ഞാൻ വള്ളത്തിക്കൊണ്ടാക്കിത്തരാം.”  അയാൾ പറഞ്ഞു.

‘എനിക്ക് ഈ സ്ഥലത്ത് എത്തണം.’

അവൻ മൊബൈലിൽ നിന്നാ ചിത്രങ്ങൾ കാണിച്ചു.

‘ഇതെനിക്കറിയാം ആറാട്ടുകടവിലാണ് ഈ കെട്ടിടം. സാറ് വള്ളത്തി കയറിയാട്ടെ ഞാൻ കൊണ്ടുവിടാം. പക്ഷേങ്കി എനിക്കഞ്ഞൂറ് തരണം.’

മൂർത്തി ആലോചിച്ചതു മറ്റൊന്നാണ്. ഈ ജലയാത്ര! ഇതുപോലൊന്ന് മുൻപും സംഭവിച്ചതല്ലേ? അതൊ സ്വപ്നങ്ങളുടെ പട്ടികയിൽ നിന്നുയർന്നു വരുന്നതാണോ! മൂർത്തി വള്ളത്തിൽ കയറി. ഉയരം കൂടിയ മെലിഞ്ഞ ഒരാളായിരുന്നു വള്ളക്കാരൻ. നീളമുള്ളൊരു മുള കായലിലേക്കാഞ്ഞു കുത്തി അയാൾ വള്ളം തള്ളി വിട്ടു കൊണ്ടിരുന്നു. അയാളുടെ കറുത്തനിറമുള്ള ശരീരത്തിലെ വിയർപ്പുതുള്ളികൾ നിലാവത്ത് തിളങ്ങി. തണുത്ത കാറ്റേറ്റ് അവനൊന്നു മയങ്ങി. വള്ളക്കാരൻ വിളിച്ചപ്പോഴാണുണർന്നത്.

”സാറേ ആറാട്ടിങ്കലെത്തി.”

മൂർത്തി കണ്ണുതുറന്നപ്പോൾ, വള്ളം ഒരു കടവിലെത്തിയിരുന്നു. വലിയൊരു മരത്തിൻ്റെ ചില്ലകൾ കായലിലേക്കു ചാഞ്ഞു നിൽക്കുന്നു. വള്ളം അതിൻ്റെ ചുവട്ടിലേക്കയാൾ അടുപ്പിച്ചു. കുറച്ചകലെയായി ആകാശത്തിലേക്കുയർന്ന കെട്ടിടങ്ങൾ.

‘അതാണ് സാറ് പറഞ്ഞ ആശൂത്രി കെട്ടിടം. പണ്ട് അവിടൊരു വലിയ തറവാടായിരുന്നു.’ അയാൾ പറഞ്ഞു.

അഞ്ഞൂറിൻ്റെ രണ്ടു നോട്ടുകൾ മൂർത്തി അയാൾക്ക് നൽകി. അയാളുടെ കണ്ണുകൾ വിടർന്നു. വള്ളത്തിൽ നിന്ന് മൂർത്തി കാലുകൾ നിലത്ത് വച്ചപ്പോൾ മിന്നലോടൊപ്പം ഒരു ഇടിമുഴക്കമുണ്ടായി.

‘മഴ ഉണ്ടാകുമെന്ന് തോന്നുന്നു. സാറ് വേഗം പൊയ്ക്കോ’ വള്ളക്കാരൻ തിരിച്ചു തുഴഞ്ഞു.

നേർത്ത കാറ്റു വീശി. പൊഴിഞ്ഞു വീഴുന്ന ഇലകളോടൊപ്പം ഭസ്മത്തിൻ്റെ സുഗന്ധം! ഇതിനു മുൻപും ഇങ്ങനെ സംഭവിച്ചിരിക്കുന്നല്ലോ എന്നവൻ ഓർമ്മയിൽച്ചികഞ്ഞു. കുറച്ചു ദൂരമെ നടക്കാനുണ്ടായിരുന്നുള്ളു. വിശപ്പ് കലശലായിത്തുടങ്ങി. സമയം, രാത്രി രണ്ടുമണി കഴിഞ്ഞിരിക്കുന്നു. കാടുകയറിയ പറമ്പ്. ഇരുട്ടുവിഴുങ്ങിയ കെട്ടിടങ്ങൾ. വിശാലമായപറമ്പിൻ്റെ ഒരറ്റത്തായി ചെറിയ വെളിച്ചം. മൂർത്തി അവിടേക്കു നടന്നു. ചെറിയൊരു വീട്. ഉള്ളിൽ ആളനക്കമുണ്ട്. ജനാലയിലൂടെ ഒരു നിഴൽ കാണുന്നു.അവിടെ ഉള്ളവർ ഉറങ്ങിയിട്ടില്ല. ഈ പാതിരാത്രിയിലും ഇവർ എന്തു ചെയ്യുകയാകും. എന്നവനു തോന്നി.

മഴചാറിത്തുടങ്ങി. ഒന്നു വിളിച്ചു നോക്കാം. അവൻ കതകിൽ മുട്ടി. അകത്തൊരു പാത്രം നിലത്തു വീഴുന്ന ഒച്ച ഉണ്ടായി. അൽപ്പനേരം അതു നീണ്ടുനിന്നു. പിന്നെ പിടിച്ചു നിർത്തിയതുപോലെ നിലച്ചു. നീണ്ട നിശബ്ദത. മൂർത്തി വീണ്ടും വാതിലിൽ മുട്ടി. കാത്തു നിന്നു. ആരോ വാതിൽക്കലേക്ക് നടന്നടുക്കുന്നുണ്ട്. കാൽപ്പെരുമാറ്റം, വസ്ത്രങ്ങൾ ഉലയുന്ന ശബ്ദം. വാതിലിലെ സാക്ഷ നീങ്ങി. ഒരു പെൺകുട്ടിയാണ് വാതിൽ തുറന്നത്. ഒരുപാളി പകുതി തുറന്നവൾ വാതിൽ മറഞ്ഞു നിന്നു.

പതിനെട്ടു വയസോളമെത്തിയ പെൺകുട്ടി. നീളൻപാവാടയും ഉടുപ്പും ആയിരുന്നു വേഷം. മുടി ഇരുവശത്തും പിന്നിക്കെട്ടിയിരിക്കുന്നു. ചമയങ്ങളില്ലാത്ത മുഖം. നെറ്റിയിൽ നീളത്തിലൊരു ഭസ്മക്കുറി. മുഖത്ത് നിസംഗമായ ഭാവം. ഇക്കാലത്തും ഇങ്ങനെ വേഷം ധരിക്കാനൊരു പെൺകുട്ടിയോ! മൂർത്തിക്ക് അതിശയം തോന്നി.

അകലെ എവിടെയോ കാലൻ കോഴികൾ അന്നേരം കൂകി. അതിനകമ്പടിയായി നായകൾ ഓരിയിട്ടു.

”ആരാണ് എന്തു വേണം?”

പെൺകുട്ടിയുടെ പതിഞ്ഞ ശബ്ദം. പാലപ്പൂവിൻ്റെ മണവും പേറി വരുന്ന കാറ്റ്. അസമയത്ത് പുറത്തൊരു പുരുഷനെ കണ്ടിട്ടും ഒട്ടും പതറാത്ത ഭാവം. ഭയമില്ലാത്ത മുഖം. ശരിക്കും മൂർത്തിയാണ് ഭയപ്പെട്ടത്.

മഴയുടെ ശക്തി കൂടി വന്നു.

‘ഞാൻ മൂർത്തി, ഈ സ്ഥലം വാങ്ങിയ ആളാണ്. വഴിയിൽ വണ്ടി കേടായി. ഇവിടെ വെളിച്ചം കണ്ടതു കൊണ്ടാണിങ്ങോട്ട് വന്നത്. ഇന്നു തങ്ങാനൊരിടം.’

പകുതിയിൽ നിർത്തിയവൻ…

‘ഇവിടെ മറ്റാരുമില്ലേ?’ എന്ന ചോദ്യത്തോടെ ആവശ്യം അറിയിച്ചു.

അവൾ മൂർത്തിയെ അടിമുടി നോക്കി. അവൻ തോളിലെ പണമടങ്ങിയ ബാഗിൻ്റെ ഭാരമിറക്കി നിലത്തു വച്ചിരുന്നു.

‘ആരാ മോളെ അത്?കാരണോത്തൻമാരാണോ? അടിച്ചു മെഴുകിയേൻ്റെ ചക്രം തന്നീല.  പട്ടരെ ശാപം നീയൊക്കെ അനുഭവിക്കും.’ വീടിനകത്ത് നിന്നൊരു വൃദ്ധയുടെ പിറുപിറുപ്പുണ്ടായി.

മൂർത്തിക്ക് ആശ്വാസമായി. പെൺകുട്ടി ഒറ്റക്കല്ല.

‘ആരാ അത്?’ എന്ന ചോദ്യഭാവത്തോടെ അവൻ നോക്കിയെങ്കിലും അവൾ മറുപടി ഒന്നും പറഞ്ഞില്ല.

വാതിലടഞ്ഞു നിന്ന അവൾ വഴി നൽകി. മൂർത്തി അകത്തു കയറി. ചെറിയൊരു വരാന്ത. നടുക്കൊരു തടിമേശ. ഒരു പാത്രം ചോറതിലുണ്ട്. ഒരു പാത്രം നിലത്തായിരുന്നു. ചുറ്റിനും ചോറെല്ലാം ചിതറിത്തെറിച്ചിരിക്കുന്നു. വരാന്തയിൽ നിന്നു കാണുന്ന ഒരു മുറിയിലെ വാതിൽ തുറന്നിരുന്നു. അതിനുള്ളിൽ ഒരറ്റത്ത് ചേർത്തിട്ടിരിക്കുന്ന കട്ടിലിൽ ഒരു വൃദ്ധ കിടക്കുന്നു. ഇടയ്ക്കിടക്കവർ എന്തോ പിറുപിറുക്കുന്നുണ്ട്.

‘കുറച്ചു വെള്ളം കുടിക്കാൻ കിട്ടുമോ’ അവൻ ചോദിച്ചു.

അവൾ ഒരു മൺകലത്തിൽ നിന്ന് വെള്ളമെടുത്ത് നൽകി. അവന് നല്ല വിശപ്പുണ്ടായിരുന്നു. മേശപ്പുറത്തിരുന്ന ചോറിലേക്ക് നോക്കി.

‘അതു കഴിക്കണ്ട. അൽപ്പനേരം ഇരിക്കൂ ഞാനൽപ്പം അവൽ നനച്ചു തരാം.’ അവൾ പറഞ്ഞു.

അവിടെ ആകെ ഉണ്ടായിരുന്ന തടിക്കസേരയിൽ അവനിരുന്നു. മേശപ്പുറത്തിരുന്ന ചോർ അവളെടുത്തു ജനാല വഴി പുറത്തേക്കു കളഞ്ഞു. കുറച്ചു നേരം കൊണ്ട് അവൾ അവിലും ചുരണ്ടിയിട്ട ശർക്കരയും, അരിഞ്ഞിട്ട പഴവുമായി ഒരു പാത്രം മൂർത്തിക്ക് നൽകി.

‘ചോറെന്താ കളഞ്ഞത്?’ അവൻ ചോദിച്ചു.

‘അതിൽ വിഷം ഉണ്ടായിരുന്നു.’

‘അതെന്തിന്?’

‘മരിക്കാൻ.’

അവളുടെ മറുപടികൾ ഒട്ടും മടിയില്ലാതെയായിരുന്നു. അവൽ പാത്രവുമായി മൂർത്തി സ്തംഭിച്ചിരുന്നു.

‘ഭയപ്പെടണ്ട അതിൽ വിഷമൊന്നുമില്ല. നിങ്ങൾ കഴിക്കൂ.’ അവൾ പറഞ്ഞു.

അപ്പോൾ ആ മുഖത്തൊരു മന്ദഹാസം അവൻ കണ്ടു. അവർക്കിടയിലെ അപരിചിതത്ത്വം പതിയെ മറയുകയായിരുന്നു. ആർത്തിയോടെ അവനതു കഴിച്ചു.

‘അടിച്ചു മെഴുകിയേന് ചക്രം കിട്ടീല.’ വൃദ്ധ, പിറുപിറുത്തു കൊണ്ടിരുന്നു.

‘എന്താ കുട്ടിയുടെ പേര്?’

‘അതിന് ഞാൻ കുട്ടിയല്ലല്ലോ ‘

‘ശരി, ഒരു പേരുണ്ടാകുമല്ലോ?’

‘ദേവി.’ അവൾ പറഞ്ഞു.

ദേവി. ആ പേരവൻ മനസ്സിലുരുവിട്ടു. ശരിക്കും ഇവളിനി ഒരു ദേവിയാണോ?പാതിരാത്രിയിൽ ഒരു വീട്ടിൽ ഉറങ്ങാതിരിക്കുക. വിശന്ന വയറിന് ഒരാശ്വാസമാകുക. ഇതെല്ലാം സ്വപ്നമാണോ? സ്വപ്നമേത് സത്യമേത് എന്നു തിരിച്ചറിയാനാകാത്ത പട്ടികയിലെ ഓർമ്മയാണോ ഇതും.

വൃദ്ധ, വീണ്ടും പണത്തിൻ്റെ കണക്ക് പറഞ്ഞു.

‘ദേവിയുടെ മുത്തശ്ശി എന്താ പറയുന്നത്?’ മൂർത്തി ചോദിച്ചു.

‘അതൊരു കഥയാണ്. നിങ്ങൾ ഈ ആശുപത്രി വാങ്ങിയ ആളല്ലേ അപ്പോൾ നിങ്ങളതറിഞ്ഞിരിക്കണം. ഇതു വിൽക്കുന്നവർ ഞങ്ങളെ ഇവിടെ നിന്നൊഴിയാൻ പറഞ്ഞിരിക്കുന്നു. ഞങ്ങൾക്ക് പോകാൻ മറ്റൊരിടമില്ല. ഞങ്ങളെവിടെ പോകാനാണ്. മരിക്കാൻ തീരുമാനിച്ചു. അപ്പോഴാണ് നിങ്ങൾ വന്നു വിളിച്ചത്.’ അവൾ പറഞ്ഞു നിർത്തി. ഒന്നു ശ്വാസമെടുത്തു.

‘എല്ലാം ഒരു പഴങ്കഥയുടെ ശാപമെന്ന് ചിലർ ഇപ്പൊഴും വിശ്വസിക്കുന്നു.’

‘പട്ടരുടെ കാലുകുത്താതെ ശാപം മാറില്ല.’ ആ വൃദ്ധ പിന്നെയും പിറുപിറുത്തു.

മൂർത്തി അവളുടെ മുഖത്തേക്കു നോക്കി.

‘അതൊരു പഴങ്കഥയാണ് മാഷെ’ അവൾ പറഞ്ഞു.

‘എൻ്റെ പേര് മൂർത്തിയെന്നാണ്.’ ആ മറുപടി അവൾ ശ്രദ്ധിച്ചില്ല.

അവൾ പട്ടാഭിയുടെ കഥ പറഞ്ഞു.

‘വർഷങ്ങൾക്ക് മുൻപുള്ളൊരു രാത്രി. വടക്കുനിന്നൊരു തോണിയിലാണ് പട്ടാഭി എന്ന ബ്രാഹ്മണൻ ആറാട്ടുകടവിലെത്തിയത്. അയാളൊരു വ്യാപാരിയായിരുന്നു. ഈ സ്ഥലം വർഷങ്ങൾക്കുമുൻപ് ഒരു തറവാടായിരുന്നു. ഒരിക്കലവർ കടം കയറി ആ ത്മ ഹത്യയുടെ വക്കിലെത്തി. തറവാട്ടിലെ കാരണവൻമാരുടെ ധൂർത്തുകൊണ്ട് കടംകയറി പട്ടിണിയിലായി. ബാങ്കുകാർ തടവാട്ട് പടിപ്പുരയിൽ ജപ്തിനോട്ടീസ് ഒട്ടിച്ചു.  ഒരു തൃക്കാർത്തിക ദിവസമായിരുന്നു. തറവാട്ടിലെല്ലാം അന്നവർ അവസാനദീപങ്ങൾ തെളിയിച്ചു. മാനഹാനി ഭയന്ന് അന്നുരാത്രി അവർ എല്ലാവരുംകൂടെ വിഷം കഴിച്ച് ആ ത്മഹ ത്യ ചെയ്യാൻ തീരുമാനിച്ചിരുന്നു. ചോറിൽ വിഷം കുഴച്ചുവച്ച് അവസാന അത്താഴത്തിനായവർ അകത്തളത്തിൽ നിരന്നിരിക്കുമ്പോഴാണ് തറവാട്ടുവാതിലിൽ ആരോ മുട്ടിയത്. തുറക്കുമ്പോൾ ഒരാൾ പുറത്തുണ്ടായിരുന്നു.

‘പട്ടാഭി എന്നാണെൻ്റെ പേര്. കുറച്ച് വടക്കുനിന്ന് വരികയാണ്. കൊല്ലത്തൂന്ന് വള്ളത്തിലായിരുന്നു യാത്ര. ആറാട്ടിങ്കൽ കടവിലെത്തിയപ്പോൾ ലേശം വൈകി. വ്യാപാരത്തിനായെത്തിയതാണെ
കൈയിൽ ദമ്പടി കുറച്ചു പണവും, പണ്ടങ്ങളുമുണ്ടേ കടവീന്ന് കുറച്ചുപേർ പുറകെ കൂടിയിരുന്നു. തസ്ക്കരൻമാരാണോന്ന് ശി സംശയം രാത്രി ഒന്നു തങ്ങാനനുവദിക്കണം.’ അയാൾ പറഞ്ഞു.

പരസ്പരം മുഖത്തുനോക്കിയ കാരണവർമാർ രണ്ടാമതൊന്നു ആലോചിക്കാതെ അയാളെ തറവാട്ടിലേക്ക് ക്ഷണിച്ചു. അത്താഴമായി വിഷം കുഴച്ചു വച്ചിരുന്ന ചോറ് നൽകി. അയാൾ മരിച്ചെന്നു വിശ്വസിച്ചു തെക്കേ ചായ്പ്പിൽ അവർ കുഴികുത്തി ശരീരം കുഴിയിലേക്കിട്ടപ്പോൾ അയാൾ ‘വെള്ളം വെള്ളം’ എന്നു മന്ത്രിച്ചു. ജീവൻ വെടിയാൻ മടിച്ച ആ ശരീരം മരണവുമായി മല്ലടിച്ചു. മൂത്ത കാരണവർ നേരിയത് അയാളുടെ കഴുത്തിൽ ചുറ്റി മുറുക്കിപ്പിടിച്ചു. ശ്വാസം മുട്ടി അയാളുടെ കൈകാലുകൾ പിടച്ചു. കണ്ണുകൾ തുറിച്ചു വന്നു. ചുണ്ടുകൾ എന്തോ മന്ത്രിച്ചു കൊണ്ടിരുന്നു. ഒടുവിൽ ആ ശരീരം നിലച്ചു. അന്ന് തെക്കിനിയിലെ കുഴിമൂടിയതും അതിനു മുകളിൽ ചാണകം മെഴുകിയതും അടിച്ചുറപ്പിച്ചതും എല്ലാം സൗദാമിനിയാണ്. അതിനു ശേഷം ആ തറവാട്ടിൽ പിറന്ന കുഞ്ഞുങ്ങളെയെല്ലാം ബുദ്ധിഭ്രമം പിൻതുടർന്നു. പട്ടാഭി, എന്ന ബ്രാഹ്മണൻ്റെ ശാപമാണെന്നാണ് പറഞ്ഞിരുന്നത്. പിന്നെ തറവാട്ടുകാർ ആ സ്ഥലം വിറ്റു. ഇവിടെ ആശുപത്രി വന്നു. എന്നിട്ടെന്തായി? ഇവിടെ പിറക്കുന്ന കുഞ്ഞുങ്ങളെയും ആ ശാപം പിന്തുടർന്നു. ബുദ്ധിസ്ഥിരതയില്ലാത്ത കുഞ്ഞുങ്ങൾ പിറക്കുന്നുണ്ടായിരുന്നു. ആദ്യം അതറിഞ്ഞിരുന്നില്ല. ചില അന്വേഷണങ്ങൾ പൊതുവായൊരിടത്ത് എത്തിയപ്പോഴാണ് ആശുപത്രി സംശയമുനയിലായത്. പിന്നെയാരും ആശുപത്രിയിൽ വരാതായി. ഇപ്പൊഴതൊരു മോർച്ചറിയാണ്. കുറെ ശവങ്ങളും ഒരു കാവൽക്കാരനും മാത്രമായി. അന്നത്തെ ആ സൗദാമിനിയാന്ന് ഈ കിടക്കുന്ന മുത്തശ്ശി. അടിച്ചു മെഴുകിയേൻ്റ കാശ് കൊടുത്തില്ലന്നാണ് മുത്തശ്ശി പറയുന്നത്.’

കഥകൾ കേട്ട് മൂർത്തി സ്തംഭിച്ചിരുന്നു.

ഉറങ്ങിയതെപ്പോഴാണെന്നറിയില്ല. കണ്ണുതുറന്നപ്പോൾ നിലത്തൊരു പായയിലാണ് കിടക്കുന്നത്. അവൻ ചുറ്റിനും നോക്കി. നേരം പുലർന്നിരിക്കുന്നു. നേർത്ത കുളിരുള്ള വെയിൽ. തലേദിവസത്തെ കാഴ്ച്ചകളിലേക്ക് ഓർമ്മയെത്തി.

ദേവി! എവിടെ? വൃദ്ധയുടെ പിറുപിറുക്കലും കേൾക്കാനില്ല. അവൻ എഴുന്നേറ്റു. പുറത്തേക്കു നടന്നു. കുടവയറും, കട്ടിമീശയുമായി ഉയരം കുറഞ്ഞ ഒരാളെ കണ്ടു. മോർച്ചറിയുടെ കാവൽക്കാരനാകും. ദേവി, പറഞ്ഞതവനോർത്തു. അയാൾ മൂർത്തിയെ സംശയത്തോടെ നോക്കി.

‘ഞാൻ മൂർത്തി, ഞാനാണിത് വാങ്ങിയത്.’ അവൻ പറഞ്ഞു.

അയാളുടെ മുഖത്തെ ഗൗരവഭാവം മാറി. വിധേയത്ത്വം നിറഞ്ഞു. പറമ്പ് ചുറ്റിക്കാണിക്കാൻ മൂർത്തിയോടൊപ്പം അയാളും നടന്നു. അവർ  പറമ്പ് ചുറ്റി തെക്കേമൂലയിൽ വളർന്നു പന്തലിച്ച പ്ലാവിൻ്റെ ചുവട്ടിലെത്തിയിരുന്നു. ഒരിളംകാറ്റ് അവനെ തഴുകി വന്നു. കാറ്റിൽ ഭസ്മത്തിൻ്റെ സുഗന്ധം.നിലത്ത് നിറയെ പൊഴിഞ്ഞു വീണു കിടക്കുന്ന പ്ലാവിൻ്റെ കളകൾ.

‘എപ്പൊഴും ഇങ്ങനെയാണിത് ഈ പ്ലാവിൽ ഇന്നുവരെ ഒരു ചക്ക ഉണ്ടായിട്ടില്ല. പൂവിടും കളകളാകും പൊഴിഞ്ഞു വീഴും.’ അയാൾ പറഞ്ഞു.

മൂർത്തി ആ മരത്തിൻ്റെ ഉയരങ്ങളിലേക്ക് നോക്കി. കാറ്റത്ത് ചില്ലകൾ നൃത്തം ചവിട്ടുന്നു. മഴനൂലുകൾ ആകാശത്തു നിന്ന് പെയ്തിറങ്ങുന്നതു പോലെ ആ വൃക്ഷം ഇലകൾ പൊഴിച്ചവനെ അഭിഷേകം ചെയ്തു. അവൻ്റെ മനസ്സിൽ നിന്നും പലതരം ചോദ്യങ്ങളുണർന്നു.

‘വർഷങ്ങൾക്ക് മുൻപ് സംഭവിച്ചതിൻ്റെ ആവർത്തനമായിരുന്നോ ഇന്നും നടന്നത്. ഈ പ്രദേശങ്ങളുടെ ചിത്രങ്ങൾ കണ്ടപ്പോൾ എന്തിനാണൊരു ആകർഷണം തോന്നിയത്. പട്ടാഭി എന്ന ബ്രാഹ്മണൻ എനിക്കാരായിരുന്നു. ഈ മണ്ണിനടിയിൽ എവിടെയോ ശാപവാക്കുകളുരുവിട്ടൊടുങ്ങിയ പട്ടാഭിയുടെ അസ്ഥികൂടങ്ങളുണ്ടോ

‘ഇവിടിന്നലെ ഒരത്ഭുതമുണ്ടായി.’ അയാളുടെ ശബ്ദത്തിൽ ആശ്ചര്യം നിറഞ്ഞിരുന്നു.

‘മരിച്ചൂന്ന് കരുതി കൊണ്ടുവന്ന കുഞ്ഞിന് ജീവൻ വച്ചു. മോർച്ചറിയിലേക്കെടുക്കാൻ നേരം ശക്തമായൊരു ഇടിമിന്നലുണ്ടായി. ഞാൻ നോക്കിയപ്പോൾ കുഞ്ഞിൻ്റെ വിരലുകൾ അനങ്ങുന്നു. അതിനെ തിരികെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആ കുട്ടിയുടെ ജീവൻ രക്ഷപ്പെട്ടു..ശരിക്കുമൊരു പുനർജൻമം തന്നെ!’ അവസാന വാചകം മൂർത്തിയുടെ ഹൃദയത്തിൽ ചെന്നു തറച്ചു.

മണ്ണിനടിയിൽ നിന്നൊരു അസ്ഥികൂടം ഉയർന്നു വരുന്നതായി തോന്നി. അവനഭിമുഖമായതു നിന്നു. ക്രമേണ ആ അസ്ഥികൂടത്തിലേക്ക് മാം സം പടർന്നു കയറി. അതിനൊരു രൂപമുണ്ടായി. അതിനു തൻ്റെ സ്വന്തം മുഖം തന്നെയെന്ന് മൂർത്തി അതിശയത്തോടെ കണ്ടു.

~ജെ..