എഴുപത് പ്ലസ്
Story written by Arya Karunan
========================
എന്നെ ഒരുപാട് ഇഷ്ടാണോ മാഷിന്????
അതെല്ലോ…… ഇയാൾക്ക് ഇതുവരെ അത് മനസിലായില്ലേ?????
അയാളുടെ ആ ചോദ്യത്തിന് അവരുടെ മുഖത്തു ചുവപ്പ് രാശി കൊണ്ട് വരാൻ ഉള്ള പ്രാപ്തിയുണ്ടായിരുന്നു. അവർ ഒന്നും പറയാതെ മറ്റു എവിടെയെക്കോ ദൃഷ്ടി മാറ്റി. അവരുടെ ആ പ്രവർത്തിയിൽ നിന്ന് തന്നെ അവരുടെ ഉത്തരം എന്താണെന്ന് അയാൾക്ക് മനസിലായിരുന്നു.
അയാൾ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ടേബിളിൽ ഇരുന്ന കോഫി എടുത്ത് കുടിച്ചു. അപ്പോഴാണ് ഓപ്പോസിറ്റ് ടേബിളിൽ ഇരിക്കുന്ന പെൺകുട്ടിയുടെ കൈയിലെ ബുക്ക് അയാളുടെ ശ്രദ്ധയിൽപ്പെട്ടത്.
The Namesake by Jhumpa Lahiri
അയാളുടെ ഓർമ്മകൾ ആദ്യമായി ഈ കഫെ ലൈബ്രറിയിൽ വന്ന ദിവസത്തിലേയ്ക്ക് പോയി.
മോൾക്ക് മുംബൈയിൽ ജോലി കിട്ടിയപ്പോൾ അവളുടെ കൂടെ വന്നതാണ് മുംബൈലേയ്ക്ക്. അവൾ ജനിച്ച നാൾ തൊട്ട് ഒറ്റയ്ക്ക് എങ്ങും വിട്ടിട്ടില്ല….അതുകൊണ്ട് മോൾക്ക് മുംബൈയിൽ ജോലി കിട്ടിയപ്പോൾ രണ്ടാമത്തെ ചിന്തിക്കേണ്ടി വന്നില്ല അവളുടെ കൂടെ വരാൻ. ഇവിടെ വന്നപ്പോൾ ആണ് വല്ലാത്ത ഒറ്റപ്പെടൽ തോന്നിയത്. മോള് ജോലിക്ക് പോയാൽ ഫ്ലാറ്റിൽ വല്ലാത്ത വീർപ്പുമുട്ടൽ. അവളോട് അതിനെ കുറിച്ച് പറഞ്ഞപ്പോൾ അവൾ പറഞ്ഞു.
പപ്പയ്ക്ക് വീണ്ടും വായിച്ചു തുടങ്ങിക്കൂടെ??? I know that you love to read and ബിസി ആയപ്പോൾ നിർത്തിയതാണ് ആ ശീലമെന്ന്. So start it again……
അവൾ തന്നെ ആണ് ഫ്ലാറ്റിന്റെ അടുത്തുള്ള Food for thought എന്ന ബുക്ക് കഫെ suggest ചെയ്‌തതും. അന്ന് രാത്രി തന്നെ വായിക്കണ്ട ബുക്ക് ലിസ്റ്റ് ഒക്കെ ഉണ്ടാക്കി പിറ്റേന്ന് മോൾ ജോലിക്ക് ഇറങ്ങിയതും അവിടെക്ക് പോയി.
ഉദ്ദേശിച്ച ബുക്ക് നോക്കാനായി ലൈബ്രറി സെക്ഷനിൽ പോകുമ്പോൾ ആണ് സെയിം ബുക്ക് ഒരു ടേബിളിൽ ഇരിക്കുന്നത് കണ്ടത്. പെട്ടെന്ന് തന്നെ അത് കൈയിൽ എടുത്ത് പേജുകൾ മറച്ചു കൊണ്ട് മുഖത്തോട് അടുപ്പിച്ചു ബുക്കിന്റെ മണം ഒന്ന് ആസ്വദിച്ചു.
എസ്ക്യൂസ് മി……..
ആ സമയത്താണ് ആരോ എന്നെ വിളിച്ചത്. ഒരു 55-60 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ… ഒരു സിമ്പിൾ ചുരിദാർ ആണ് വേഷം. മുടി അവിടെ ഇവിടെയായി നരച്ചിട്ടുണ്ട്. അവരെ തന്നെ നോക്കി നിൽക്കുമ്പോൾ വീണ്ടും അവരുടെ ശബ്ദം എന്റെ കാതിൽ വീണ്ടും പതിഞ്ഞത്.
അത് ഞാൻ വായിച്ചു കൊണ്ട് ഇരുന്ന ബുക്ക് ആണ്……
ഓഹ്….. സോറി…… ആക്ച്വലി ഞാൻ ഈ ബുക്ക് അന്വേഷിച്ചാണ് വന്നത്. പെട്ടെന്ന് അത് കണ്ടപ്പോൾ എടുത്തതാണ്….. Iam extremely sorry……….
ഏയ്യ് അത് പ്രശ്നം ഇല്ല …….. ഇവിടെ ഫസ്റ്റ് ടൈം ആണോ?????
അതും ചോദിച്ചു കൊണ്ട് അവർ കസേരയിലേക്ക് ഇരുന്നു. ഞാനും അവരോട് അനുവാദം ചോദിച്ചുകൊണ്ട് അവരുടെ ഓപ്പോസിറ്റ് ചെയറിലേയ്ക്ക് ഇരുന്നു.
അതെ…… മോൾക്ക് ഇവിടെ ജോലി കിട്ടിയപ്പോൾ നാട്ടിൽ നിന്ന് ഇങ്ങോട്ട് ഷിഫ്റ്റ് ചെയ്തതാണ്…… ഫ്ലാറ്റിൽ ഒറ്റയ്ക്ക് ഇരിക്കുമ്പോൾ വല്ലാത്ത ബോറടി….. അപ്പോൾ പഴയ വായന ശീലം ഒക്കെ പൊടി തട്ടി എടുക്കാം എന്ന് കരുതി.
അപ്പൊ വൈഫ്?????
ഡെലിവറി ടൈമിൽ തന്നെ മരിച്ചു.
ഓഹ്…. സോറി…..
It’s okay…….
അവിടെന്ന് തുടങ്ങിയത് ആണ് ഞങ്ങൾ തമ്മിൽ ഉള്ള സൗഹൃദം. മുംബൈ settled ആയിട്ടുള്ള മലയാളി. ഒരു മകൻ. മകന് പത്തു വയസ്സുള്ളപ്പോൾ ആണ് ഒരു ആക്‌സിഡന്റിൽ ഭർത്താവ് മരിച്ചത്. പിന്നെ ഒറ്റയ്ക്ക് മകന് വേണ്ടി ജീവിച്ചു. മകന് ജോലി കിട്ടിയപ്പോൾ ആള് ജോലിക്ക് പോകുന്നത് നിർത്തി. സമയം കൊല്ലനായി തിരഞ്ഞു എടുത്ത വഴി ആണ് വായന.
പരസ്പരം പല കാര്യങ്ങളും ചർച്ച ചെയ്തും അഭിപ്രായങ്ങൾ പറഞ്ഞും ബുക്കുകൾ recommend ചെയ്തും ആ സൗഹൃദം ദിനം പ്രതി വർധിച്ചു വന്നു. എന്നാണ് അത് ഒരു പ്രണയത്തിലേയ്ക്ക് വഴി തിരിഞ്ഞത്??? അറിയില്ല….. പക്ഷെ ഒന്ന് അറിയാം….. ഒരുപാട് ഇഷ്ടമാണ് അയാളെ. അയാളുടെ മാഷ് വിളിയെ…..
ഏറെ സമയം ആയിട്ടും മാഷിന്റെ ശബ്ദം ഒന്നും കേൾക്കാത്തത് കൊണ്ടാണ് അവർ തിരിഞ്ഞു നോക്കിയത്. അപ്പോഴാണ് എന്തോ നോക്കി കൊണ്ട് ചിന്തിച്ചു ഇരിക്കുന്ന മാഷിനെ അവർ കണ്ടത്. അയാളുടെ നോട്ടം എന്തിലേക്ക് ആണെന്ന് കണ്ടതും അവരുടെ ചൊടികളിലും ഒരു പുഞ്ചിരി വിരിഞ്ഞു.
എന്താണ് മാഷേ സെക്കന്റ് ഹീറോയിനിന്റെ എൻട്രി ഓർത്തത് ആണോ???
അവർ ഒരു കുസൃതി ചിരിയോടെ ചോദിച്ചു.
അതെല്ലോ………. ഒരു ബുക്ക് കാരണം എനിക്ക് കിട്ടിയ എന്റെ ഹീറോയിനെ കുറിച്ച് ആലോചിച്ചത് തന്നെയാ…..
ഒരു കുസൃതിയോടെ തന്നെ അയാളും പറഞ്ഞു. അവർ ഒന്ന് ചിരിച്ചു കൊണ്ട് അയാൾ കുടിച്ചു ബാക്കി വെച്ച കോഫി കുടിച്ചു.
അപ്പോൾ ഞാൻ നാളെ മോളെ കൂട്ടി വരുമട്ടോ തന്നെ പെണ്ണുകാണാൻ…. തന്റെ മകന് എതിർപ്പ് ഒന്നും കാണില്ലല്ലോ????
അവന്റെ അമ്മയ്ക്ക് ഇതിനേക്കാൾ നാലൊരു ആളെ കിട്ടില്ല എന്നൊക്കെ മനസിലാവാൻ ഉള്ള വക തിരിവ് ഒക്കെ അവന് ഉണ്ടെന്നേ……….
അപ്പോ പിന്നെ ഒളിച്ചോട്ടം ഒന്നും വേണ്ട……
അയാൾ ഒരു കണ്ണിറുക്കി കൊണ്ട് പറഞ്ഞു. അവർ കണ്ണുകൾ കൂർപ്പിച്ചു അയാളെ ഒന്ന് നോക്കി. എന്നിട്ട് അയാളുടെ കൈകളിൽ മേലെ ഒന്ന് അടിച്ചു.
പ്രായം എത്രയായി എന്ന് ഒരു വിചാരവും ഇല്ല……..
എന്ന് പറഞ്ഞു കൊണ്ട് വീണ്ടും വായിച്ചു കൊണ്ട് ഇരുന്ന ബുക്ക് എടുത്ത് അയാൾക്ക് കൂടി കേൾക്കാൻ പറ്റുന്ന രീതിയിൽ വായിക്കാൻ തുടങ്ങി.
~ആര്യ കരുണാകരൻ