എന്താ മാധവാ, നിന്നെ കൊണ്ട് വിട്ടിട്ട് മകൻ വേഗം തിരിച്ച് പോയല്ലോ. മകൻ്റെ സ്നേഹത്തെ കുറിച്ച് നീ വാ തോരാതെ പറയുമായിരുന്നല്ലോ….

Story written by Saji Thaiparambu

=====================

അച്ഛനിന്ന് പുറത്തേയ്ക്കൊന്നും ഇറങ്ങിയില്ലേ?

വൈകുന്നേരം,ഓഫീസിൽ നിന്നും തിരികെ വീട്ടിലെത്തിയ സേതു വരാന്തയിലിരിക്കുന്ന അച്ഛനോട് കുശലം ചോദിച്ചു

ഇല്ലടാ ,, എങ്ങോട്ടും പോയില്ല

അച്ഛനെന്താ സുഖമില്ലായ്മ വല്ലതുമുണ്ടോ ?ആകെ ഡള്ളായിരിക്കുന്നല്ലോ?

സേതു ജിജ്ഞാസയോടെ വീണ്ടും ചോദിച്ചു.

ഹേയ് അത് ഞാൻ ഉച്ചയ്ക്ക് ശേഷം കുറച്ചൊന്ന് മയങ്ങിയിരുന്നു, ചിലപ്പോൾ അതിൻ്റെയാവും.

എന്നാൽ ശരി ഞാനൊന്ന് ഫ്രഷാവട്ടെ അച്ഛാ ,,

ങ്ഹാ സേതുവേട്ടൻ വന്നോ?എന്നാൽ പിന്നെ രണ്ട് പേർക്കും ഞാൻ ചായ എടുക്കാം,,

അകത്ത് നിന്ന് സേതുവിൻ്റെ ഭാര്യ ശാലിനി ഇറങ്ങി വന്നു.

എങ്കിൽ വേഗമെടുത്ത് വയ്ക്ക് ,അത് കഴിഞ്ഞ് എനിക്ക് വായനശാല വരെയൊന്ന് പോകണം, കുറച്ച് ബുക്സ് മാറ്റിയെടുക്കാനുണ്ട്,,

അതും പറഞ്ഞ് സേതു അകത്തേയ്ക്ക് കയറിപ്പോയപ്പോൾ മാധവൻ വീണ്ടും പുറത്ത് റോഡിലേക്ക് കണ്ണ് നട്ടിരുന്നു.

അമ്മ മരിച്ചതിന് ശേഷം സേതു കുറെ നാളുകളായിട്ട് അച്ഛൻ്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്താറുണ്ട് ,അത് മറ്റൊന്നുമല്ല ,അച്ഛന് ഒരിക്കലും ഒറ്റപ്പെടല് തോന്നാൻ പാടില്ലെന്ന് അയാൾക്ക് നിർബന്ധമുണ്ടായിരുന്നു

*************************

മോനേ,, ഇന്ന് അയ്യപ്പൻ എന്നെ വിളിച്ചിട്ടുണ്ടായിരുന്നു ,,

അകത്ത് ടേബിളിൽ ചായ കുടിച്ച് കൊണ്ടിരിക്കുമ്പോൾ, മാധവൻ സേതുവിനോട് അന്നത്തെ വിശേഷങ്ങൾ പറഞ്ഞ് തുടങ്ങി,

ഏത്? നമ്മുടെ ഗിരീഷിൻ്റെ അച്ഛനോ ?

ങ്ഹാ അതേ ,, നിങ്ങള് കൂട്ടുകാരാകുന്നതിന് മുമ്പേ ഞങ്ങള് സുഹൃത്തുക്കളാണല്ലോ ?

എന്താ അച്ഛാ,, വിശേഷിച്ച് ? വെറുതെ വിളിച്ചതാണോ?

ഉം വെറുതെ വിളിച്ചതാണ് , പക്ഷേ അവൻ ഭയങ്കര സന്തോഷത്തിലായിരുന്നു,,

അതെന്താ അച്ഛാ ?

അത് പിന്നെ ,കുറെ വർഷങ്ങളായി അയ്യപ്പൻ്റെ മക്കളൊക്കെ വിദേശത്തായിരുന്നത് കൊണ്ട്, ആ വലിയ വീട്ടിൽ അയാൾ തനിച്ചായിരുന്നല്ലോ? ഇപ്രാവശ്യം മക്കള് അവധിക്ക് വന്നപ്പോൾ, അച്ഛൻ ഇനി ഒറ്റയ്ക്ക് നില്ക്കേണ്ടെന്ന് പറഞ്ഞ്, അയ്യപ്പനെ അവർ ഗാന്ധിഭവനിൽ കൊണ്ട് വിട്ടു ,ആദ്യം അവന് ചെറിയ വിഷമം തോന്നിയെങ്കിലും, ഇപ്പോൾ വളരെ ഹാപ്പിയാണ്, കാരണമെന്താ ന്നോ? അവൻ്റെ കൂടെ പഠിച്ച പലരും അവിടെയുണ്ടെന്ന്, പഴയ കൂട്ടുകാരെ തിരിച്ച് കിട്ടിയാൽ, ആർക്കാ സന്തോഷമുണ്ടാവാത്തത് ? അവൻ്റെ മക്കള് ചെയ്തത് വലിയൊരു പുണ്യമാണ് ,ഇല്ലെങ്കിൽ അയ്യപ്പൻ സ്വന്തം വീട്ടിൽ ഒറ്റയ്ക്ക് ജീവിച്ച് ഭ്രാന്ത് പിടിച്ചേനെ ,,,

അത് ശരി, അച്ഛനാള് കൊള്ളാമല്ലോ? മക്കള് അവരുടെ സൗകര്യം നോക്കി സ്വന്തം അച്ഛനെ വൃദ്ധസദനത്തിൽ കൊണ്ട് തള്ളിയതാണോ? അച്ഛൻ പുണ്യ പ്രവർത്തിയായിട്ട് പറഞ്ഞത് ?

സേതു ,ആശ്ചര്യത്തോടെ അച്ഛനോട് ചോദിച്ചു.

ഹേയ്, അങ്ങനല്ലെടാ ,നീയിങ്ങനെ നെഗറ്റീവായി ചിന്തിക്കുന്നത് കൊണ്ടാണ്, ഇപ്പോൾ തന്നെ നീയും ശാലിനിയും ജോലിക്കും, മക്കള് സ്കൂളിലും പോയി കഴിഞ്ഞാൽ പിന്നെ, ഞാനിവിടെ ഒറ്റയ്ക്കല്ലേ? അപ്പോൾ ചിലപ്പോൾ ഗാന്ധിഭവനെക്കുറിച്ച് ഞാനും ആലോചിക്കാറുണ്ട്,, സത്യത്തിൽ എന്നെപ്പോലെയുള്ള സീനിയർ സിറ്റിസെൻസിന് ജീവിതം എൻജോയ് ചെയ്യാൻ പറ്റിയൊരിടമാണത് ,

അച്ഛനെന്താ പറഞ്ഞ് വരുന്നത് ?

ആശങ്കയോടെയാണ് സേതുവത് ചോദിച്ചത്

അല്ലടാ ഞാനും ആലോചിക്കുകയായിരുന്നു, അയ്യപ്പൻ്റെയൊപ്പമായിരുന്നെങ്കിൽ, എനിക്കും ഇവിടെ ഒറ്റയ്ക്കിങ്ങനെ ഇരുന്നുള്ള മടുപ്പ് ഒഴിവാക്കാമായിയിരുന്നല്ലോയെന്ന്?

എന്ന് വച്ചാൽ,, ഞാൻ അച്ഛനെ വൃദ്ധസദനത്തിൽ കൊണ്ട് വിടണമെന്നല്ലേ?നടക്കില്ലച്ഛാ ,, എൻ്റെ അച്ഛൻ, എന്നും എൻ്റെ കൂടെ തന്നെയുണ്ടാവണം ,അതിന് വേണ്ടിയല്ലേ അച്ഛാ ,, നിങ്ങളെ ഞാൻ ഏച്ചിമാരുടെ വീട്ടിലേയ്ക്ക് പോലും അയക്കാതിരുന്നത് ?,ഈ വീട്ടിൽ അച്ഛന് ഞാൻ എന്തേലും കുറവ് വരുത്തിയിട്ടുണ്ടോ ? ഇഷ്ടമുള്ള ഭക്ഷണമുണ്ടാക്കി തരുന്നില്ലേ? വസ്ത്രങ്ങളില്ലേ? അസുഖം വരുമ്പോൾ ചികിത്സിക്കുന്നില്ലേ?എൻ്റെ ഭാര്യയോ മക്കളോ അച്ഛനോട്, ഇച്ചിപ്പോ എന്ന് ഇത് വരെ പറയാൻ ഞാൻ ഇട കൊടുത്തിട്ടുണ്ടോ? പിന്നെ എന്ത് കുറവിൻ്റെ പേരിലാണ് അച്ഛനിവിടുന്ന് പോകാൻ ഒരുങ്ങുന്നത്?

സേതുവിൻ്റെ മുഖത്ത് ഗൗരവം നിറഞ്ഞു .

എല്ലാമുണ്ടെടാ,, ഒരു കുറവും നിങ്ങള് വരുത്തിയിട്ടില്ല, പക്ഷേ ഞാൻ സന്തോഷമായി ജീവിക്കാനാണ് നീ ആഗ്രഹിക്കുന്നതെങ്കിൽ, എന്നെ നീ നാളെ തന്നെ അയ്യപ്പൻ്റെയടുത്ത് കൊണ്ടാക്കണം, ഇനി ഇതിനെക്കുറിച്ചൊരു സംസാരമുണ്ടാകില്ല

തീർത്ത് പറഞ്ഞിട്ട് അച്ഛനെഴുന്നേറ്റപ്പോൾ സേതു നിസ്സഹായനായിപ്പോയി.

****************

എന്താ മാധവാ ,, നിന്നെ കൊണ്ട് വിട്ടിട്ട് മകൻ വേഗം തിരിച്ച് പോയല്ലോ. മകൻ്റെ സ്നേഹത്തെ കുറിച്ച് നീ വാ തോരാതെ പറയുമായിരുന്നല്ലോ? അത് കേട്ടപ്പോൾ ഞാൻ കരുതി നിൻ്റെയൊപ്പം വൈകുന്നേരം വരെ അവനിവിടെ ചിലവഴിക്കുമെന്ന്,,

ഗാന്ധിഭവനിൽ അച്ഛനെ കൊണ്ടാക്കിയിട്ട് ,സേതു വേഗം തിരിച്ച് പോകുന്നത് കണ്ട് അയ്യപ്പൻ ആശ്ചര്യത്തോടെ ചോദിച്ചു.

അത് പിന്നെ, അവനെന്തെങ്കിലും തിരക്കുണ്ടാവും ,സാരമില്ല നീ നോക്കിക്കോ ?നാളെ നേരം വെളുക്കുമ്പോൾ അവനിവിടെയെത്തിയിരിക്കും…

ആത്മവിശ്വാസത്തോടെയാണ് മാധവൻ അത് പറഞ്ഞത്

അല്ല മാധവാ,,നീയെന്തിനാണ് എൻ്റെ പേരും പറഞ്ഞ് ഇങ്ങോട്ട് വന്നത് ,അതിനും മാത്രം എന്ത് സുഖമാണ് ഇവിടെയുള്ളത് ?എടാ ഉവ്വേ നിൻ്റെ സ്ഥാനത്ത് ഞാനാണെങ്കിൽ ഇത്രയും സ്നേഹനിധിയായ മകനെയും മരുമകളെയും ചെറുമക്കളെയുമൊക്കെ വിട്ടിട്ട് ഒരിക്കലും വരില്ലായിരുന്നു,,,

ആ മകൻ്റെ സ്നേഹം തന്നെയാണെടോ എന്നെ ഇവിടേയ്ക്ക് വരാൻ നിർബന്ധിതനാക്കിയത് , തനിക്കറിയാമോ? എന്നോടുള്ള സ്നേഹ കൂടുതല് കാരണം ഏറ്റവുമധികം ബുദ്ധിമുട്ടുന്നത് അവൻ്റെ ഭാര്യയും മക്കളും തന്നെയാണ് ,തനിക്കറിയാല്ലോ ദൂരെ സ്ഥലത്തോട്ടൊന്നും യാത്ര ചെയ്യാനോ മഞ്ഞ് കൊള്ളാനോ ഒന്നും എനിക്കാവില്ലന്ന് ,അത് കൊണ്ട് എന്നെ തനിച്ചാക്കി പോകാൻ കഴിയില്ലെന്ന് പറഞ്ഞാണ് സേതു ,അവൻ്റെ ഭാര്യയെയും മക്കളെയും കൊണ്ട് ദൂരേക്കെങ്ങും ഒരു വിനോദയാത്ര പോകാത്തത് ,എൻ്റെ മരുമകള് അവളുടെ സ്വന്തം വീട്ടിൽ പോയിട്ട് മൂന്ന് വർഷത്തോളമായി , കാരണമെന്താ? അവള് പോയാൽ അച്ഛന് സമയത്ത് രുചിയുള്ള ആഹാരം കൊടുക്കാൻ കഴിയില്ലത്രേ,ആ പേരും പറഞ്ഞ് എൻ്റെ മകനാണ്, അവൻ്റെ ഭാര്യയുടെ ആഗ്രഹത്തിന് തടസ്സം നില്ക്കുന്നത്, അങ്ങനെ എത്രയെത്ര കാര്യങ്ങൾ,, എൻ്റെ പേരും പറഞ്ഞ് അവൻ മുടക്കം വയ്ക്കുന്നുണ്ടെന്നറിയാമോ ? എൻ്റെ മകന് എന്നോടുള്ള സ്നേഹക്കൂടുതല് കൊണ്ട്, നഷ്ടം സംഭവിക്കുന്നത് നിരപരാധിയായ മരുമകൾക്കും നിഷ്കളങ്കരായ എൻ്റെ പേരക്കുട്ടികൾക്കുമാണ് , ഇനിയും ഞാനവരുടെ ഇഷ്ടങ്ങൾ കാണാതെ പോയാൽ, മനസ്സ് കൊണ്ട് അവരെന്നെ വെറുത്ത് പോകും, അത് കൊണ്ടാണെടോ , അവരുടെ സ്വകാര്യജീവിതത്തിൽ നിന്നും ഞാൻ ഒഴിഞ്ഞ് കൊടുത്തത് ,നമ്മളൊക്കെ ചെറുപ്പത്തിൽ ജീവിതം ഒരു പാട് ആസ്വദിച്ചവരല്ലേ? മക്കളും സ്വതന്ത്രരായി ജീവിക്കട്ടെടോ , എല്ലാവരും സന്തോഷത്തോടെയിരുന്നാൽ മതി ,,

പറഞ്ഞ് തീരുമ്പോയ്ക്കും മാധവൻ്റെ കണ്ണുകൾ നിറഞ്ഞ് തൂവിയിരുന്നു

പിറ്റേന്ന് അതിരാവിലെയെഴുന്നേറ്റ് മാധവൻ ഗേറ്റിനടുത്ത് ചെന്ന് നിലയുറപ്പിച്ചു

തനിക്കിഷ്ടമുള്ള പ്രാതലുമായി മകൻ നേരത്തെ തന്നെ വരുമെന്ന പ്രതീക്ഷയിലായിരുന്നയാൾ

പക്ഷേ അയാളെ നിരാശപ്പെടുത്തിക്കൊണ്ട് ക്ളോക്കിലെ സൂചി പതിനൊന്നിലേയ്ക്ക് കടന്നു

നീ വന്ന് ഇഡ്ഡലി കഴിക്ക് മാധവാ,, സേതു വരുമെന്ന് കരുതി വെറുതെ അവിടെ നിന്ന് വെയില് കൊള്ളണ്ടാ അയാളിനി വരാൻ പോകുന്നില്ല

അയ്യപ്പൻ്റെ കണ്ടെത്തൽ മാധവൻ്റെയുള്ളിൽ കാരമുള്ള് തറയ്ക്കുന്ന വേദനയുണ്ടാക്കി

*********************

ദിവസങ്ങൾ ഓരോന്നായി കടന്ന് പോയി ,എല്ലാ ദിവസവും ഒരു ദിനചര്യ പോലെ മാധവൻ ഗേറ്റിൽ വഴിക്കണ്ണുമായി മകനെ നോക്കി നില്ക്കുമായിരുന്നു

ഒന്ന് രണ്ടാഴ്ച കഴിഞ്ഞപ്പോൾ അയാൾക്കും മനസ്സിലായി മകനെയിനി പ്രതീക്ഷിക്കേണ്ടെന്ന് , കടുത്ത നിരാശയിൽ പിന്നീടയാൾ മുറിക്കകത്ത് തന്നെ ചടഞ്ഞ് കൂടിയിരിക്കാൻ തുടങ്ങി

മാധവാ,, ദേ മാഡം വിളിക്കുന്നു പുതിയ ഓഫീസർക്ക് സ്വീകരണം കൊടുക്കാൻ നമ്മളെല്ലാവരും ഒരുങ്ങി വാതില്ക്കൽ ചെന്ന് നില്ക്കണമെന്ന്,, ഒന്നെഴുന്നേല്ക്ക് മാധവാ ,,

അയ്യപ്പൻകുട്ടി നിർബന്ധിച്ചിട്ടും മാധവൻ അനങ്ങിയില്ല

പുതിയ ഓഫീസർ വരുന്നതറിഞ്ഞ് അതീവ സന്തോഷത്തിലായിരുന്നു എല്ലാവരും, കാരണം നിലവിലുള്ള ഓഫീസർ പരുക്കൻ സ്വഭാവമുള്ളൊരു സ്ത്രീയായിരുന്നു പുതുതായി വരുന്നയാൾ മനുഷ്യത്വമുള്ളവനും ദയാലുവുമൊക്കെയാണെന്ന് കഴിഞ്ഞ ദിവസം സാമൂഹ്യക്ഷേമ ഓഫീസിൽ നിന്ന് വന്ന ഉദ്യോഗസ്ഥൻ പറഞ്ഞത്രേ

അല്പസമയത്തിനകം കേരളസർക്കാറിൻ്റെ ബോർഡ് വച്ച ഒരു ജീപ്പ് ഗേറ്റ് കടന്ന് അകത്തേയ്ക്ക് വന്നു, അതിൻ്റെ ഇടത് സീറ്റിൽ നിന്നിറങ്ങി വരുന്ന ഓഫീസറെ കണ്ട് അയ്യപ്പൻ കുട്ടി അമ്പരന്നു

മുറിയിൽ ചടഞ്ഞ് കൂടിയിരുന്ന മാധവനടുത്തേയ്ക്കയാൾ വേഗം നടന്ന് ചെന്നു,,

ഡാ,,, മാധവാ ,, എടാ ആരാ പുറത്ത് വന്നതെന്ന് നോക്കിയേ ,,? എടാ നിൻ്റെ മകൻ സേതുവാണെടാ ,, നമ്മുടെ പുതിയ ഓഫീസറ്,,,

അത് കേട്ടതും, മാധവൻ ചാടിയെഴുന്നേറ്റ് മുൻ വശത്തേയ്ക്ക് വന്നു.

മകനെ എല്ലാവരും കൂടി ബൊക്ക നല്കി സ്വീകരിക്കുന്നത് കണ്ട്, അയാൾ അമ്പരപ്പോടെ നിന്നു.

ആൾക്കൂട്ടത്തിനിടയിൽ തന്നെ നോക്കി കണ്ണീരോടെ നില്ക്കുന്ന, അച്ഛൻ്റെയടുത്തേയ്ക്കയാൾ ഓടിച്ചെന്നു.

കഴിഞ്ഞ രണ്ടാഴ്ചയായി തിരുവനന്തപുരത്തായിരുന്നച്ഛാ, എൻ്റെ അപേക്ഷ പ്രകാരം , ഡെപ്പൂട്ടേഷനിൽ ഇങ്ങോട്ടേയ്ക്ക് ട്രാൻസ്ഫറ് ചെയ്യാനായി ഇത്രയും സമയമെടുത്തു ,സാരമില്ല ഇനിയെപ്പോഴും എനിക്ക് അച്ഛൻ്റെ കൂടെ നിന്ന് കൊണ്ട് ജോലിചെയ്യാമല്ലോ?

ങ്ഹാ ,,,, ദേ ഇപ്പോഴാണ് ശരിയായത്, ഇനിയിപ്പോൾ അച്ഛൻ്റെ ആഗ്രഹവും നടക്കും, മകൻ്റെ ആഗ്രഹവും നടക്കും,,

അയ്യപ്പൻ കുട്ടി ചിരിച്ച് കൊണ്ടത് പറഞ്ഞപ്പോൾ ,മാധവനും സേതുവുമൊഴിച്ച് ബാക്കിയെല്ലാവരും കാര്യമറിയാതെ മിഴിച്ച് നിന്നു.

~സജി തൈപ്പറമ്പ്