കാമുകിയെയും കൊണ്ട് കറങ്ങാൻ പോകുവാൻ കുറച്ച് കാശിനു വേണ്ടി വന്നതാണ് അവൻ എന്റെ വീട്ടിൽ…

Story written by Jishnu Ramesan

================

“നിന്റെയൊക്കെ ഒരു ഭാഗ്യം നോക്കണേ, പ്രേമിക്കുന്ന പെണ്ണിനേം കൊണ്ട് കറങ്ങാൻ പോകുന്നു, സിനിമക്ക് പോകുന്നു..! എന്നാണാവോ എനിക്കും ഇത് പോലെയൊക്കെ….!”

കാമുകിയെയും കൊണ്ട് കറങ്ങാൻ പോകുവാൻ കുറച്ച് കാശിനു വേണ്ടി വന്നതാണ് അവൻ എന്റെ വീട്ടിൽ… സംസാരിക്കുമ്പോ വല്ലപ്പോഴും ഉള്ള കുറച്ച് വിക്കും, കുറച്ച് കറുത്തത് ആണെന്നുള്ളതും ഒഴിച്ചാൽ നല്ല രീതിക്ക് അധ്വാനിച്ച് തന്നെയാണ് ഞാനും ജീവിക്കുന്നത്…

‘ നീ ടെൻഷൻ അടിക്കേണ്ട വിഷ്ണു, ഒരിക്കൽ നിനക്കും വരും ഒരു പെണ്ണ്..’

അതും പറഞ്ഞ് കാശും വാങ്ങി അവൻ പോയി…സ്വന്തമായി ഒരു ചെറിയ വർക്ക്ഷോപ്പ് ഉണ്ട് എനിക്ക്.. അന്ന് രാത്രി അമ്മ വിളമ്പി തന്ന ചോറ് ഉണ്ടു എന്ന് വരുത്തി പോയി കിടന്നു…മനസ്സ് മുഴവൻ തന്റെ കുറവുകളായിരുന്നു..ചിലപ്പോഴൊക്കെ ഭയങ്കര പോസിറ്റീവ് എനർജി ആണ്, ഒന്ന് മനസ്സ് ശരിയാക്കി വരുമ്പോ എന്തെങ്കിലും ഗുലുമാല് ഉണ്ടാകും..

അങ്ങനെ പിറ്റേന്ന് വർക്ക്ഷോപ്പിൽ ഇരിക്കുമ്പോ ദേ പോണൂ അവൻ അവളെയും കൊണ്ട് ബുള്ളറ്റിൽ.. സിനിമയിലൊക്കെ കണ്ടിട്ടേ ഉള്ളൂ ട്രിപ്പ് പോകുന്നതും മറ്റും..

അന്ന് രാത്രി വീട്ടിൽ ചെന്നപ്പോ അമ്മേടെ വക വേറെ പരാതി, പാവത്തിന്റെ കമ്മല് പണയം വെച്ചാണ് വർക്ക്ഷോപ്പ് മോഡി പിടിപ്പിച്ചത്..മാസം രണ്ടായി കമ്മല് പണയം ആയിട്ട്.. പൈസയൊക്കെ ആയി, പക്ഷേ ഓരോ ആവശ്യങ്ങൾ അല്ലേ…

പിറ്റേന്ന് രാവിലെ ഉമ്മറത്തേക്ക് അമ്മ കട്ടൻകാപ്പി തന്നിട്ട്‌ പോയപ്പോഴാ അമ്മയുടെ നരച്ച് തുടങ്ങിയ മുടി കണ്ടത്…. ജീവിക്കാനുള്ള തിരക്കിൽ എല്ലാ ശ്രദ്ധയും പോയി…

രാത്രി നല്ല മഴ ആയിരുന്നു, കൃത്യം കോലായിൽ തന്നെ ബൈക്ക്‌ വെച്ചത് കൊണ്ട് എവിടെയൊക്കെയോ വെള്ളം കേറി ബൈക്ക് സ്റ്റാർട്ട് ആവുന്നില്ല…

അങ്ങനെ, അച്ഛൻ മരിച്ചപ്പോ കേറ്റി വെച്ച അച്ഛന്റെ ചേതക് സ്ക്കൂട്ടറു പുറത്തെടുത്തു.. കൃത്യം ആറാമത്തെ അടിയിൽ അവൻ സ്റ്റാർട്ട് ആയി.. അതും കൊണ്ട് നേരെ വർക്ക്ഷോപ്പിൽ ഒരു വിധം എത്തി.. പിന്നെ അതിന്റെ എല്ലാ പണിയും തീർത്ത് കുട്ടപ്പനാക്കി എടുത്തു..

അന്ന് വൈകുന്നേരം ഷോപ്പ് പൂട്ടി വീട്ടിൽക്ക്‌ പോരുമ്പോ മെക്കാനിക്ക് ആയിട്ട് നിൽക്കണ ചെക്കനോട് പറഞ്ഞു, “ഡാ ഞാനൊരു മൂന്നു ദിവസം ഉണ്ടാവില്ല..ഒരു സ്ഥലം വരെ പോവാ കട നീ നോക്കണം..”

ആത്മാർഥതയോടെ അവനും സമ്മതം മൂളി.. അന്ന് നേരെ വീട്ടിൽക്ക്‌ ചെന്നിട്ട് അമ്മയോട് പറഞ്ഞു, “അമ്മേ നാളെ മ്മ്‌ക്ക് ഒരു സ്ഥലം വരെ പോണം, അമ്മേടെ നല്ല കുറച്ച് ഡ്രസ്സോക്കെ എടുത്ത് വെച്ചോട്ടാ..പിന്നെ ആ പ്രഷറിന്റെ ഗുളിക മറക്കണ്ട..”

‘ നീ എന്തൊക്കെയാ വിഷ്ണു ഈ പറയണേ..! എന്നെ നീ വല്ല വൃദ്ധ സദനത്തില് ആക്കാൻ പോവാണാ..! അല്ലാണ്ട് ഇൗ തുണിയും സാധനവും ഒക്കെ ആയിട്ട് എങ്ങടാ…?’

“അതൊക്കെ ഉണ്ട് അമ്മേ, ഞാൻ അമ്മേനേം കൊണ്ട് ഒരു ട്രിപ്പ് പോവാൻ തീരുമാനിച്ചു.. അച്ഛന്റെ ഈ ചേതകിൽ അമ്മ കുറെ കേറീട്ടില്ലെ..! നാളെ മ്മ്‌ക്ക്‌ ഇതില് പോവാം.. എന്നാ എന്റെ അമ്മക്കുട്ടി എല്ലാം സെറ്റ് ആക്കിക്കോ..!”

രാവിലെ അമ്മേനെ കൊണ്ട് അമ്മേടെ പഴയ ചുരിദാറോക്കെ ഇടീച്ച് സുന്ദരിയാക്കി…വീടും പൂട്ടി ന്റെ അച്ഛന്റെ പടക്കുതിരയിൽ ഞാനും അമ്മയും കൂടി വീട്ടീന്ന് തിരിച്ചു..പോകുന്ന വഴിക്ക് അമ്മേടെ കമ്മല് പണയം വെച്ച കടയിൽ കയറി കമ്മല് എടുത്തു കൊടുത്തു…വേണ്ട മോനെ എന്നൊക്കെ പറഞ്ഞെങ്കിലും ആ പാവത്തിന്റെ മുഖത്തെ സന്തോഷം കാണേണ്ടത് തന്നെയാണ്..

അച്ഛന്റെ കൂടെ ഈ തൃശൂർ മാത്രം കിടന്ന് കറങ്ങിയിട്ടുള്ള അമ്മയ്ക്ക് ദൂര യാത്ര ഒരുപാട് ഇഷ്ടാണെന്ന് എനിക്കറിയാം.. നേരെ വെച്ച് പിടിച്ചത് വാഗമൺ വഴി കട്ടപ്പനക്ക്‌ ആണ്.. ഡിസംബർ ആയത് കൊണ്ട് നല്ല കിടിലൻ തണുപ്പാണ്… ചേതക് കുറച്ച് പഴക്കം ഉള്ളതാണെന്ന് അറിയാലോ, പതിയെ ആണ് പോയത്… കയറ്റം കയറാൻ കുറച്ച് ബുദ്ധിമുട്ട് ഉണ്ടായി..ന്നാലും ഇവൻ വഴിയിൽ കിടന്നില്ല..

വാഗമൺ എത്താറായപ്പോ ഞാൻ ഗ്ലാസ്സിൽ കൂടി അമ്മേനെ നോക്കി… പാവം തണുപ്പത്ത് എന്നെയും കെട്ടിപ്പിടിച്ച് ചുറ്റുമുള്ള കാഴ്ചകൾ കണ്ട് മനസറിഞ്ഞ് തന്നെ ചിരിക്കുന്നുണ്ട്… ന്റെ അച്ഛന്റെ ആത്മാവ് ഇപ്പൊ സന്തോഷിക്കുന്നുണ്ടാവും..

വാഗമൺ ഉള്ളൊരു തേയില വിൽക്കുന്ന കടയിൽ നിന്ന് ഒരു കിടിലൻ ഏലക്ക ചായ അമ്മയ്ക്ക് വാങ്ങി കൊടുത്തു… ഭാഗ്യത്തിന് അമ്മയ്ക്ക് കാലിന് വേദന ഒന്നുമില്ല..അവിടുന്ന് കട്ടപ്പന വഴി ചോദിച്ച് ഞങ്ങൾ ചേതക്കിന് കൈ കൊടുത്തു..

പ്രധാന റോഡിലേക്ക് കയറുന്നതിനു മുമ്പ് ഒരു “വീട്ടിൽ ഊണ്” എന്ന ബോർഡ് കണ്ട് അവിടെ കയറി.. അമ്മേടെ ഇഷ്ട വിഭവമായ പോ ത്ത് വരട്ടിയത് ഉണ്ട്.. വീട്ടിലെ പാചകം ആയത് കൊണ്ട് ഞാനും ഒരെണ്ണം ഓർഡർ ചെയ്തു.. ആഹാ നല്ല ചൂട് ചോറും പോ ത്ത് വരട്ടിയതും, മോര് കറിയും,പയറു മെഴുക്ക് വരട്ടിയും കൂട്ടി ഒരു പിടി പിടിച്ചു..

എന്നെ നോക്കി ന്റെ അമ്മേടെ ഒരു ചിരിയുണ്ട്, അതാണ് രസം..രാത്രി തണുപ്പ് കൂടിയപ്പോ കട്ടപ്പന ടൗണിലെ ഒരു ആശ്രമത്തിൽ മുറി കിട്ടി.. അന്ന് അവിടെ കഴിച്ചു കൂട്ടി..അവിടെ ഉള്ളവര് നല്ലവരായത് കൊണ്ട് രാവിലെ അമ്മയ്ക്ക് കുളിക്കാൻ ചൂട് വെള്ളം ഒക്കെ ശരിയാക്കി കൊടുത്തു…ഞാൻ എങ്ങനെയൊക്കെയോ കുളിച്ചു എന്ന് പറഞ്ഞാ മതി…

രാവിലെ തൊട്ടടുത്തുള്ള ഒരു ചെറിയ ചായക്കടയിൽ നിന്ന് നൂലപ്പവും നല്ല ചൂട് പാലും ചേർത്ത് കഴിച്ചു..

അവിടുന്ന് അടുത്ത ലക്ഷ്യം മൂന്നാർ ആണ്.. അമ്മയോട് അവിടേക്കാണ് പോകുന്നതെന്ന് പറഞ്ഞപ്പോ ഭയങ്കര സന്തോഷം..വേറൊന്നും അല്ല, വീട്ടില് കുടുംബശ്രീ മീറ്റിംഗ് നടക്കുമ്പോ അവിടെ വരുന്ന ചേച്ചിമാർ മൂന്നാർ പോയി അവിടെ പോയി ഇവിടെ പോയി എന്നൊക്കെ പറയുമ്പോ ഈ പാവം എവിടെയും പോവാത്തത് കൊണ്ട് മിണ്ടാതിരിക്കും..അത് കാണുമ്പോ സങ്കടം വരൂട്ടോ..!

തണുപ്പ് അടിക്കാതിരിക്കാൻ ചെവി മൂടുന്ന രീതിക്ക് ഒരു തൊപ്പി വാങ്ങി കൊടുത്തു..പിന്നൊരു കൂളിംഗ് ഗ്ലാസ്സും.. അതൊക്കെ വെച്ച് എന്റെ അമ്മ എന്നെ നോക്കി ഒരു ചിരിയും…

ഇവിടുന്ന് രണ്ടര മണിക്കൂർ വേണം മൂന്നാർ..ഇതും കൊണ്ട് പോവാൻ ഒരു മൂന്നു മണിക്കൂറിൽ കൂടുതൽ വേണ്ടി വരും..ന്നാലും ഇവൻ കിടു ആണുട്ടോ…

മൂന്നാർ റോഡ് അടിപൊളിയാണ്.. തേയില തോട്ടവും കുന്നും മലയും അങ്ങനെ കുറെയുണ്ട്..അമ്മയ്ക്ക് ആണെങ്കിൽ എല്ലായിടത്തും നിർത്തി ഫോണിൽ സെൽഫി എടുക്കണം പോലും..അമ്മേടെ കുടുംബശ്രീയിലെ പെണ്ണുങ്ങൾക്ക് കാണിച്ച് കൊടുക്കാൻ ആണത്രേ..

അത് മാത്രോ വീടിന്റെ അടുത്തുള്ള ചേച്ചിയെ ഒരു നാല് നേരം വിളിക്കും..കോഴി കൂട്ടിൽ കേറിയൊ..?, ആടിന് പ്ലാവില കൊടുത്തോ അങ്ങനെ ഒരു നൂറു കൂട്ടം ചോദ്യം..അമ്മ ഇവിടെ ആണെങ്കിലും പകുതി ജീവൻ അവിടെ വീട്ടിലാ…

മൂന്നാറിൽ നിന്ന് തേയില ഒരു നാലു കിലോ വാങ്ങി അമ്മ ആദ്യമേ ബാഗിൽ വെച്ചു..പിന്നെ എനിക്ക് പോലും അറിയാത്ത എന്തൊക്കെയോ സാധനങ്ങൾ വാങ്ങിക്കൂട്ടി….”ചിട്ടി കിട്ടിയ ഒരു ലക്ഷം രൂപ ഇവിടെ തീരോ ഈശ്വരാ..” എന്റെ മനസ്സിൽ അങ്ങനെ ഒരു ചിന്ത വന്നത് സത്യം…

മൂന്നാറിൽ ഒരു കുന്നിന്റെ മുകളിൽ അമ്മേനേം കൊണ്ട് ഒരു വിധം കയറി… ആഹാ എന്ത് രസാണെന്ന് അറിയോ…! അമ്മ തണുപ്പ് കൊണ്ട് ജാക്കറ്റ് ഇട്ടിട്ടും എന്നോട് ചേർന്ന് നിന്ന് കിടു കിടാ വിറയ്ക്കുകയാണ്…

ഞാൻ അമ്മയോട് ചോദിച്ചു, “ഇനി എന്താ അമ്മേടെ ആഗ്രഹം…? നമുക്ക് നമ്മള് മാത്രം മതി അമ്മേ, ആരും വേണ്ട… എന്നെക്കൊണ്ട് ആവുന്ന ആഗ്രഹം ആണെങ്കിൽ ഞാൻ സാധിച്ചു തരും..”

ഒന്ന് ചിരിച്ചിട്ട് അമ്മ പറഞ്ഞു, ‘ എനിക്കിനി ഒരാഗ്രഹം ഉണ്ട്, ന്റെ വിഷ്ണു മോന്റെ കല്യാണം..’

“എന്റമ്മേ അതും ഇതും പറഞ്ഞ് ഇത്രയും സുന്ദരമായ നിമിഷം വെറുതേ കളയണ്ട..കേട്ടല്ലോ…!”

എന്റെ അമ്മയെയും ചേർത്ത് പിടിച്ച് ആ കുന്നിന്റെ മുകളിൽ നിന്നപ്പോ വല്ലാത്തൊരു ധൈര്യമായിരുന്നു…

സ്വന്തം അമ്മയെയും കൊണ്ട് ഒരു ട്രിപ്പ് പോകുന്ന ഫീൽ ഒരു കാമുകിയുടെ കൂടെ പോയാലും കിട്ടില്ല.. ഇന്നത്തെ കാലത്ത് ശരിക്കും പറഞ്ഞാ അമ്മ വെച്ചുണ്ടാക്കുന്നത് കഴിച്ച് എണീറ്റ് പോവും, അല്ലെങ്കിൽ എന്തെങ്കിലും കുറ്റം പറയും…അല്ലാതെ ഒരിക്കൽ പോലും ആ പാവത്തിന്റെ മനസ്സറിയാൻ ശ്രമിക്കാറില്ല.. അമ്മ ഇല്ലാതാവുന്ന നിമിഷം നമ്മുടെയൊക്കെ മനസ്സ് നിറയെ കുറ്റബോധം ആയിരിക്കും….

അപ്പൊ ദേ പെണ്ണിനെയും കൊണ്ട് ട്രിപ്പ് പോയ ന്റെ ചങ്ങാതി വിളിക്കുന്നു…

‘ ഡാ നീ എവിടെയാ..! വീടൊക്കെ പൂട്ടി ഇട്ടേക്കാണല്ലോ..; ഞാൻ പകുതിക്ക് വെച്ച് തിരിച്ചു പോന്നൂടാ.. അവള് ശരിയാവില്ല, വേണ്ടാത്ത ഓരോ വാശി, നിന്റെ കയ്യിന്ന് വാങ്ങിയ പൈസ ഒറ്റ ദിവസം കൊണ്ട് അവള് തീർത്തു…’

അതൊക്കെ കേട്ട് ഒന്ന് ചിരിച്ചിട്ട് ഞാൻ പറഞ്ഞു “ഇന്ന് വൈകീട്ട് എത്തും, വന്നിട്ട് പറയാം എല്ലാം…” എന്ന്…

അന്ന് രാത്രി വൈകി, വീട്ടിലെത്തിയപ്പോ… അമ്മേടെ നല്ല സമയം ആണെന്ന് തോന്നുന്നു, നാളെ ഉച്ച കഴിഞ്ഞ് കുടുംബശ്രീ മീറ്റിംഗ് ആണ്..ഒരു മണിക്കൂർ ഉള്ള കുടുംബശ്രീ നാളെ എന്റെ അമ്മയായിട്ട്‌ നാലു മണിക്കൂർ തികയ്ക്കും…

അച്ഛന്റെ പടക്കുതിര ഇനി മുതൽ ഞാൻ ഉപയോഗിക്കാൻ തീരുമാനിച്ചു… യാത്രാ ക്ഷീണം കാരണം പെട്ടന്ന് ഉറങ്ങിപ്പോയി…

പിറ്റേന്ന് രാവിലെ വലിയ ഒച്ചയിലുള്ള സംസാരം കേട്ട് കർട്ടൻ മാറ്റി നോക്കിയപ്പോ,അമ്മ അപ്പുറത്തെ വീട്ടിലെ ചേച്ചിയോട് ട്രിപ്പിന്റെ കത്തി വെയ്ക്കാണെന്ന് മനസിലായി..എന്തോ വല്ലാത്തൊരു സന്തോഷമുണ്ട് ഇപ്പൊ മനസ്സിന്…ആ ഇനി ഞാനും എണീറ്റ് കുളിച്ച് വർക്ക്ഷോപ്പിൽ പോട്ടെ…!

(ഇതെഴുതാൻ എനിക്ക് പ്രചോദനമായത് കുറച്ച് നാള് മുമ്പ് നടന്നൊരു സംഭവമാണ്..)

~ജിഷ്ണു രമേശൻ