ചേച്ചി എന്നുള്ള വിളി പ്രായം കൊണ്ട് എന്നെക്കാൾ രണ്ടു വയസ് കൂടുതലായത് കൊണ്ട് മാത്രമാണ്…

ചേച്ചി

Story written by Jishnu Ramesan

================

രാവിലെ നേരെത്തെ ഏണീക്കുന്നത്‌ തന്നെ അയല്പക്കത്തെ വൈഗേച്ചിയെ കാണാനാണ്…

രാവിലത്തെ കുളിയും കഴിഞ്ഞ് പരമ്പരാഗത ആചാര അനുഷ്ഠാനങ്ങൾ പിന്തുടരുന്നത് കൊണ്ട് ഒരു കിണ്ടിയിൽ വെള്ളവുമായി മുറ്റത്തെ തുളസി തറയിലേക്ക് വരും..

ഹൊ കാണേണ്ട കാഴ്ചയാണ്, വല്ലാത്തൊരു ഐശ്വര്യമുള്ള കാഴ്ചയാണ്…ചേച്ചി എന്നുള്ള വിളി പ്രായം കൊണ്ട് എന്നെക്കാൾ രണ്ടു വയസ് കൂടുതലായത് കൊണ്ട് മാത്രമാണ്…

സ്ഥിര ജോലിയൊന്നും അല്ലെങ്കിലും അടുത്തുള്ള സ്കൂളിൽ ഹൈസ്കൂളിലെ മലയാളം ടീച്ചറായി പോകുന്നുണ്ട്…പലപ്പോഴും തോന്നിയിട്ടുണ്ട് ഈ കുട്ടികളൊക്കെ ഇവരെയും നോക്കിക്കൊണ്ട് ക്ലാസ്സിൽ എങ്ങനെ ഇരിക്കുന്നോ എന്തോ…!അത്രയ്ക്ക് ഭംഗിയാണ് വൈഗേച്ചിയെ…ഈ ചേച്ചിയെന്നുള്ള വിളി മാറുന്ന സന്ദർഭം വല്ലപ്പോഴുമുള്ള വഴക്കിനിടയിലാണ്…

ഒരിക്കൽ പത്താം ക്ലാസിലെ പയ്യന്മാരുടെ നോട്ടം പരാതിയായപ്പോ, എല്ലാ ടീച്ചർമാർക്കും സാരിക്ക് മുകളിൽ ഒരു കോട്ട് കൊടുത്തു.. സാരിയുടെ വിടവിലൂടെയുള്ള ചൂഴ്ന്നു നോട്ടം തന്നെ കാരണം..

പലവട്ടം ഞാനും അറിയാതെ നോക്കി പോയിട്ടുണ്ട്.. അച്ഛനും അമ്മയ്ക്കും ഒറ്റ മകളാണ് വൈഗ..ജാതകം എന്ന വില്ലൻ ജീവിതത്തിന് തടസം നിന്നത് കൊണ്ടാവാം ചേച്ചിയും വീട്ടിൽ നിന്നു പോയി.. എന്നാലും ഇരുപത്തേഴ് വയസ്സ് ആയിട്ടുള്ളൂ എങ്കിലും പെൺമക്കളുള്ള അച്ഛനും അമ്മയ്ക്കും അതൊരു വിഷമം നിറഞ്ഞ കാലമാണ്…

കൗമാരത്തിന്റെ തുടക്കത്തിൽ ” ചേച്ചി, ചേച്ചി ” എന്നുള്ള പ്രയോഗം ചെറുതായിട്ട് പ്രണയത്തിലേക്ക് വഴുതി മാറിയിരുന്നു..പക്ഷേ എന്ത് പറഞ്ഞ് അടുക്കും ഞാൻ, വയസ്സ് എന്നത് കുഴപ്പമില്ല, പക്ഷേ ഈ ചേച്ചി എന്നുള്ള വിളിയാണ് പ്രശ്നം…!

പ്ലസ് ടു കാലഘട്ടം മുതൽ ഇന്നീ ദിവസം വരെ അവളോടുള്ള ഇഷ്ടം മനസ്സിലിട്ടു നടന്നു…പലപ്പോഴും പ്രണയം മോശം ചിന്തയിലേക്ക് വഴി മാറിയിരുന്നു..

പകുതി കടിച്ച ഞാവൽ പഴം പോലുള്ള വൈഗയുടെ ചുണ്ടുകൾ കൊണ്ടുള്ള ചിരി പലപ്പോഴും എന്നെ ഭ്രാ ന്ത് പിടിപ്പിച്ചു…

“ന്താടാ ചെക്കാ” എന്നും പറഞ്ഞ് എന്നോട് തട്ടിക്കേറിയുള്ള സംസാരം എന്നിൽ നെഞ്ചിടിപ്പ് കൂട്ടുമായിരുന്നു..

“ഇത് പ്രണയമല്ല, വൈഗയുടെ സൗന്ദര്യവും മേനിയഴകും കാണുമ്പോഴുള്ള കാ മവി ഭ്രാന്തി ആണെന്ന് തോന്നിപ്പോകുന്നു…” പക്ഷേ അതിലും ഒരു മറ പോലെ എനിക്ക് അടങ്ങാത്ത പ്രണയം ഉണ്ട്…

പിന്നെ വർഷത്തിൽ ഒരിക്കൽ മാത്രം ആസ്വദിക്കാൻ കഴിയുന്ന അവളിലെ രൂപമുണ്ട്…ഉത്സവത്തിന്റെ അന്നത്തെ താലമെടുപ്പിന്റെ ദിവസം…

അമ്പല കമ്മറ്റിയിൽ ഉള്ളത് കൊണ്ട് താലം എടുക്കുന്നവർക്ക് വിളക്കിലേക്കുള്ള എണ്ണ ഒഴിച്ചു കൊടുക്കുന്ന ചുമതല ഞാൻ തന്നെ ഏറ്റെടുക്കും…

സെറ്റ് സാരിയും, ചുവന്ന ബ്ലൗസും, കറുത്ത കുപ്പിവളകളും, ചെറിയ കുന്നിക്കുരു കമ്മലും ഹൊ വല്ലാത്തൊരു അഴകാണ്…കയ്യിലെ താലത്തിലെ മൺചിരാതിലെ തിരി വെളിച്ചം വൈഗയുടെ കൃഷ്ണമണിയിൽ പ്രതിഫലിക്കുന്ന കാഴ്ച നോക്കി നിന്നു പോകും…

“നാട്ടിലെ തന്നെ വാട്ടർ അതോറിറ്റിയില് ജോലിയുണ്ട്, അത് കൊണ്ട് തന്നെ കുടുംബം നോക്കുന്നതിൽ വിജയം കൈവരിക്കാനായിട്ടുണ്ട് എനിക്ക്…പ്രായം എന്നത് വെറും സംഖ്യ മാത്രമാണല്ലോ, എന്തായാലും വൈഗയോട് തുറന്നു പറയണം..” ഇങ്ങനെയുള്ള ഒരു തീരുമാനം മനസ്സിൽ കൊണ്ടു നടക്കാൻ തുടങ്ങിയിട്ട് കാലമേറെയായി..

ഒരു സന്ധ്യക്ക് അവളുടെ വീട്ടിലേക്ക് നടന്നു..ഉമ്മറത്ത് വൈഗയുടെ അമ്മയുണ്ട്..എന്തോ അവരെ കണ്ടപ്പോ ഒന്നും വേണ്ടെന്ന് തോന്നുന്നത് പോലെ, ചേച്ചിയമ്മ എന്നാണ് അവരെ വിളിക്കുന്നത് തന്നെ… ഇല്ല ഇതിനിയും മനസ്സിലിട്ടു നടന്നാൽ ഭ്രാന്ത് പിടിക്കും എനിക്ക്…

“ചേച്ചിയമ്മെ വൈഗേച്ചി എവിടെ…?”

‘അവള് ദേ അപ്പുറത്തുണ്ട്, വിളക്ക് തേയ്ക്കാ..!’

വീടിന് അരികിലൂടെ പുറകു വശത്തേക്ക്‌ ചെല്ലുമ്പോ അവിടെ തളത്തിൽ നിന്നു കൊണ്ട് നിലവിളക്ക് തേയ്ക്കുകയാണ്…കുളി കഴിഞ്ഞ് വെള്ളത്തുള്ളികൾ മുടിയിലൂടെ ഇറ്റിറ്റ് വീഴുന്നുണ്ട്..

എന്നെ കണ്ടതും “ന്താടാ ചെക്കാ രണ്ടു ദിവസം കാണാനേ ഉണ്ടായിരുന്നില്ല്യാലോ..” എന്നുള്ള അവളുടെ ചോദ്യം വക വെയ്ക്കാതെ ഞാൻ അവളോടായി പറഞ്ഞു,

“വൈഗാ, ഇത്രയും കാലത്തെ നമ്മുടെ പരിചയം കൊണ്ട് ഒരു കാര്യം പറയുന്നതിന് മറയുടെ ആവശ്യമില്ല…പക്ഷേ ഇപ്പൊ എന്തോ…!”

‘വൈഗയോ…! എന്താടാ എന്ത് പറ്റി ഈ സന്ധ്യക്ക് ഭയങ്കര സാഹിത്യമാണല്ലോ…!നീ കാര്യം പറയടാ..’

“നിന്നെ ചേച്ചിയെന്ന് വിളിക്കുമ്പോ ഉള്ളതിനേക്കാൾ അടുപ്പമാണ് വൈഗയെന്ന് വിളിക്കുമ്പോ…! ചിലപ്പോ കാ മം കൊഴിയാത്ത എന്റെ ഈ പ്രായത്തിന്റെ ആവും..പക്ഷേ നിന്നോടുള്ള പ്രണയം എല്ലാത്തിനും മുകളിലാണ്..ഈ പ്രകൃതി മൊഴിഞ്ഞു തഴമ്പിച്ചൊരു കാര്യം പറയാം, ” ഇനിയുള്ള കാലം എന്റെ കൂടെ ജീവിച്ചൂടെ നിനക്ക്…?””

അവളുടെ മുഖത്ത് അത്ഭുതവും ദേഷ്യവും മിന്നി മറഞ്ഞു…

‘നിന്റെ മനസ്സിൽ ഇങ്ങനെയൊരു ചോദ്യം മറഞ്ഞിരുന്നത് ഞാനറിഞ്ഞില്ല..നിനക്ക് താലി കെട്ടാൻ ഞാൻ കഴുത്ത് നീട്ടി തന്നാലും ഒരു വിറയലോടെ അല്ലാതെ നിനക്കതിന് കഴിയില്ല…അതു പോലെ പലപ്പോഴും എന്റെ ശരീരത്തിന് വേണ്ടി നീ വെമ്പൽ കൊണ്ടിട്ടുണ്ടാവും അല്ലേ..! പക്ഷേ വിവാഹ ശേഷം എന്റെയൊരു നോട്ടം പോലും നിനക്ക് ഉൾകൊള്ളാൻ കഴിയില്ല..എന്റെ വിരലുകളിൽ സ്പർശിക്കാനുള്ള മനസ്സ് പോലും നിനക്ക് ഉണ്ടാവില്ല..കാരണം, എന്നെ നീ ചേച്ചി എന്നാണ് വിളിച്ചിരുന്നത്…

ഇപ്പൊ ഇഷ്ടം തുറന്നു പറയാൻ പോലും വൈഗ എന്ന് വിളിച്ചപ്പോ ഞാൻ കണ്ടു നിന്റെ മുഖത്തെ ഭയവും കുറ്റബോധവും..അങ്ങനെയുള്ള നീ എന്തിനാടാ എന്നോട്…! ഒരിക്കലും ഇങ്ങനെയൊരു സന്ദർഭം നമുക്കിടയിൽ ഇനി ഉണ്ടാവരുത്…’

പൂർത്തിയാകാത്ത സംഭാഷണത്തിന് തടയിട്ടു കൊണ്ട് വൈഗ അകത്തേക്ക് കയറിപ്പോയി..

മുടിയിഴയിൽ നിന്നൂർന്ന വെള്ളം താഴെ തളം കെട്ടി കിടക്കുന്നതിൽ നിന്ന് ഞാനെന്റെ കുറ്റബോധം കലർന്ന പ്രതിബിംബം കണ്ടു..

നെഞ്ചിൻ തളികയിൽ പതിച്ച അവളോടുള്ള പ്രണയം എങ്ങനെ മറക്കും…! കഴിയുമായിരിക്കും, കാലത്തിനു മായ്ക്കാൻ കഴിയാത്ത ഓർമകളും വേദനകളും ഇല്ലെന്നാണല്ലോ..

പിന്നീട് ഉപബോധ മനസ്സിൽ പോലും വൈഗ എന്നല്ല, വൈഗേച്ചി എന്ന് തന്നെയാണ് മൊഴിഞ്ഞത്…ഒളിച്ചോട്ടമായിരുന്നു പിന്നീട്…

മുൻ ജന്മത്തിലെ സന്യാസി ശാപം മാറിയത് പോലെ വൈഗേച്ചിയുടെ വിവാഹം ശരിയാകുന്നില്ല എന്ന എല്ലാവരുടെയും സങ്കടം മാറിയിരുന്നു…ദൂരേ നിന്നൊരു ആലോചന വന്നത് കുറച്ച് വേദനിപ്പിച്ചു എങ്കിലും മുഖത്തെ ചിരിക്കാനുള്ള കഴിവ് ആ വേദനയെ മറച്ചു…

വിവാഹം കഴിഞ്ഞ് സ്വന്തം വീട്ടിലേക്കുള്ള ആദ്യത്തെ രണ്ടു പ്രാവശ്യത്തെ വിരുന്നു വരവിന് മനഃപൂർവമെന്നോണം വൈഗേച്ചി എന്നിലേക്കുള്ള പരിചയം ഒഴിവാക്കി…

വർഷം എട്ട് പിന്നിട്ടു, വാട്ടർ അതോറിറ്റിയിലെ എന്റെ ജോലി സ്ഥിരമായി, ഇതിനിടയിൽ വൈഗേച്ചിയുടെ അച്ഛന്റെ മരണ ശേഷം അമ്മയെ  ചേച്ചിയുടെ ഭർത്താവിന്റെ വീടായ ചെന്നൈയിലേക്ക്‌ കൊണ്ടു പോയിരുന്നു…

പലപ്പോഴും ഒരു ഓർമ പുതക്കലെന്നോണം വൈഗേച്ചിയുടെ വീട്ടിലേക്ക് നോട്ടം പോകും…ചേച്ചിയുടെ വിവാഹം കഴിഞ്ഞതോടെ ആ ശാപം വന്നത് എന്നിലേക്കാണെന്ന് തോന്നുന്നു…ഇത്രയും വർഷമായിട്ടും വിവാഹമൊന്നും ശരിയായില്ല…

വല്ലപ്പോഴും അമ്മയുടെ ചെറിയ ഫോണിലേക്ക് വരുന്ന വൈഗേച്ചിയുടെ കോൾ മാത്രമാണ് അവരെ കുറിച്ചുള്ള അറിവ്..എന്നെ അന്വേഷിക്കും എന്ന് മാത്രം…ഒരു കുട്ടി ഉണ്ടായത് സന്തോഷം തരുന്ന വാർത്തയായിരുന്നു…വാട്ട്സ്ആപ്പ് എല്ലാം ഉള്ള ഇക്കാലത്ത് ഒരു ഫോട്ടോ പോലും അയക്കാനുള്ള മനസ്സ് ഇല്ലായിരുന്നു എന്ന് തോന്നുന്നു…മനപൂർവ്വം വൈഗേച്ചി ഒന്നും വേണ്ടെന്ന് വെച്ചതാകാം.. ഞാൻ തന്നെയാണല്ലോ കാരണവും…!ഒരിക്കലും ഞാനും ശ്രമിച്ചില്ല ഒരു മെസ്സേജ് അയക്കാനോ വിളിക്കാനോ…!

വൈകാതെ തന്നെ എന്റെ വിവാഹം ഉറച്ചു, അമ്മയ്ക്ക് ഒരേ നിർബന്ധം അവരെ നേരിൽ പോയി ക്ഷണിക്കണം എന്ന്..എന്നാല് അച്ഛനും വരാമെന്ന് പറഞ്ഞതോടെ ചെന്നൈയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തു..

അന്നാദ്യമായി ഞാൻ അമ്മയുടെ ഫോണിൽ നിന്ന് വൈഗേച്ചിയെ വിളിച്ചു…

“ന്താടാ ചെക്കാ നിനക്കെന്നെ ഒന്ന് വിളിച്ചൂടെ” എന്ന വൈഗേച്ചിയുടെ സംസാരം എന്നെ ദേഷ്യം പിടിപ്പിച്ചു…

മനപൂർവ്വം എന്നെ കൊള്ളിക്കാൻ പറഞ്ഞതാണെന്ന് എനിക്ക് ഊഹിക്കാവുന്നതെ ഉണ്ടായിരുന്നുള്ളൂ..ഒരുതരം ദീർഘകാലത്തെ പ്രതികാരം ആകാം…പക്ഷേ ഞാനൊരു പ്രണയാഭ്യർത്ഥന നടത്തി എന്നത് കൊണ്ട് ഇങ്ങനെ…! അതൊരു ഉത്തരമില്ലാത്ത ചോദ്യമായി അവശേഷിക്കട്ടെ…!

ഞങൾ വരുന്നു ചെന്നൈയിലേക്ക്‌ എന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്ത്, യാത്രയ്ക്കൊരുങ്ങി…

ഒരു രാത്രിയിലെ ട്രെയിൻ യാത്രയ്ക്കു ശേഷം രാവിലെ ചെന്നൈ റെയ്ൽവേ സ്റ്റേഷനിൽ ഇറങ്ങി..വൈഗേച്ചിയും ഭർത്താവും അവിടെ ഞങ്ങളെ കൂട്ടാൻ ഉണ്ടായിരുന്നു..കഴിഞ്ഞ ആഴ്ച ഫോണിൽ സംസാരിച്ച പരിചയം പോലും കാണിച്ചില്ല ചേച്ചി…

വീട്ടിലേക്ക് ചെന്നപ്പോ ചേച്ചിയമ്മയെ കണ്ടത് മനസ്സിനെ പഴയ കാലത്തേക്ക് കൊണ്ട് പോകാനുള്ള മരുന്നായി തോന്നി…അമ്മയും ചേച്ചിയമ്മയും ഏറെ നാളത്തെ കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചത് കരച്ചിലിലൂടെ അവസാനിപ്പിച്ചു…

വൈഗേച്ചിയുടെ മോളെ അന്നാദ്യമായി ഞാൻ കണ്ടു..ചേച്ചി ഇവിടെ പൂർണ്ണ സന്തോഷവതിയാണ്…കൂടെ അമ്മയും ഉള്ളതിന്റെ സന്തോഷവും സമാധാനവും വേറെയും…!

രാവിലത്തെ ചായകുടി കഴിഞ്ഞ് പുറത്തേക്ക് നിന്ന എന്റെ അടുത്തേക്ക് വന്ന വൈഗേച്ചി ഒന്നേ പറഞ്ഞുള്ളൂ,

“എനിക്കറിയാം നിനക്ക് വിഷമം ഉണ്ടെന്ന്, എനിക്ക് വേണമെങ്കിൽ ഇവിടെ വന്ന് ഫോൺ ചെയ്യാം മെസ്സേജ് അയക്കാം, പക്ഷേ ഞാനത് ചെയ്തില്ല..എന്നോടുള്ള അന്നത്തെ പെരുമാറ്റത്തിന് ശേഷം കുറച്ച് അകലം വേണമെന്ന് എനിക്ക് തോന്നി അതാണ്…!

അന്ന് എന്റെ ഈ അനിയൻ ചെക്കന്റെ പ്രണയം തുറന്നു പറയുന്ന സന്ദർഭം എനിക്ക് ഓർക്കാൻ കൂടി വയ്യടാ…നീ ആഗ്രഹിച്ചത് പോലെ നമ്മൾ ഒന്നയെങ്കിൽ ഇന്ന് പരസ്പരം വെറുക്കുന്ന അവസ്ഥയിൽ ചെന്നെത്തുമായിരുന്നൂ നമ്മൾ, അതിപ്പോ ഒഴിവായത് നന്നായി എന്ന് നിനക്കും തോന്നുന്നില്ലേ…ഒരിക്കൽ പോലും എനിക്ക് നിന്നെ ആ കണ്ണിലൂടെ കാണാൻ കഴിയില്ല..ഇപ്പൊ നിങ്ങള് വന്നത് ഈ ചെക്കന്റെ കല്യാണം വിളിക്കാൻ ആണെന്ന് എനിക്കറിയാം…”

എനിക്ക് കാഴ്ച മറയുന്നത് പോലെ തോന്നി, കണ്ണ് നിറഞ്ഞിട്ടാണ്.. അന്ന് പറഞ്ഞ തെറ്റായ വാക്കുകൾ ഇന്നെന്നെ കുറെയേറെ പാഠങ്ങൾ പഠിപ്പിച്ചു…തെറ്റിൽ നിന്ന് ശരിയായ പാതയിൽ നടക്കാൻ കഴിഞ്ഞു…

മൂന്നു ദിവസത്തെ വാസത്തിനു ശേഷം അവിടുന്ന് തിരിച്ച് ട്രെയിനിൽ കയറാൻ നേരം എന്റെ പഴയ വൈഗേച്ചിയായി അവിടെ ഉണ്ടായിരുന്നു…

എന്നത്തേയും പോലെ ആ ചിരി ചേച്ചിയുടെ മുഖത്ത് കാണാൻ കഴിഞ്ഞു, എന്റെ കല്യാണത്തിന് വരാമെന്നുള്ള ഉറപ്പും എനിക്ക് തന്നിരുന്നു..

തിരിച്ചുള്ള യാത്രയിൽ പഴയതൊക്കെ നെഞ്ചില് ആരോ കൊട്ടി വിളിക്കുന്നത് പോലെ തെളിഞ്ഞു വന്നു….

~ജിഷ്ണു രമേശൻ