ഞങ്ങൾക്ക് രണ്ട് പെൺകുട്ടികൾ മൂത്ത ആളുടെ വിവാഹം കഴിഞ്ഞു ഒരു കുട്ടിയും ഉണ്ട്….

എഴുത്ത്: സ്നേഹ സ്നേഹ

===================

അച്ഛന് അവിടെയെങ്ങാനും പോയി ഇരുന്ന് കൂടെ അവരിങ്ങ് എത്താറായി.

അവരെ ഞാനുമൊന്ന് കണ്ടോട്ടേടാ മക്കളെ ഒന്നുമല്ലേലും എൻ്റെ കൊച്ചുമോളെ പെണ്ണ് കാണാൻ വരുന്നവരല്ലേ

അതൊക്കെ പിന്നെ കാണാം അവരു വല്യ ആൾക്കാരാ അവര് അച്ഛനെ കണ്ടാൽ ഈ കല്യാണം നടക്കില്ല

ശരി മോനെ ഞാൻ കാരണം ഈ കല്യാണം മുടങ്ങണ്ട

എടി അവരിങ്ങെത്തീട്ടോ മോളോട് ഒരുങ്ങി നിൽക്കാൻ പറ

അവളൊരുങ്ങി ഹരിയേട്ടാ

രണ്ട് കാറിലായി എത്തിയവരെ ഹരി വീട്ടിലേക്ക് ക്ഷണിച്ചു.

പെണ്ണുകാണാനെത്തിയവരോട് കുശലന്വോഷണം ചോദിച്ചും പറഞ്ഞും ഇരുന്നു.

പയ്യന് എന്താ ജോലി

ഞാൻ MBA കഴിഞ്ഞ് അമേരിക്കയിൽ ഒരു കമ്പനിയിൽ വർക്ക് ചെയ്യുന്നു.

കല്യാണം കഴിഞ്ഞ് പെണ്ണിനേയും കൂടെ കൊണ്ട് പോകണമെന്നാണ് ആഗ്രഹമെന്ന് ചെറുക്കൻ്റെ അമ്മ പറഞ്ഞപ്പോൾ തൻ്റെ മകളുടെ ഭാഗ്യമോർത്ത് ഹരിയുടെ ഉള്ള് സന്തോഷം കൊണ്ട് തുടിച്ചു

ഞങ്ങൾക്ക് രണ്ട് ആൺമക്കളാണ് ഇവനാണ് മൂത്തത്.ഇവനിളയവൻ പഠിക്കുന്നു:

ഞങ്ങൾക്ക് രണ്ട് പെൺകുട്ടികൾ മൂത്ത ആളുടെ വിവാഹം കഴിഞ്ഞു ഒരു കുട്ടിയും ഉണ്ട്.

ഞാനൊരു കാര്യം ചോദിക്കാൻ വിട്ടു പോയി ബാലൻ മാഷിൻ്റെ വീട് അല്ലേ മാഷ് എവിടെ കണ്ടില്ലാലോ – ഇടക്ക് സുഖമില്ലന്ന് കേട്ടു.

അച്ഛനെ അറിയോ

ബാലൻ മാഷിനെ അറിയോന്നോ?

ബാലൻ മാഷിൻ്റെ കൊച്ചു മോളാ വേണി എന്നറിഞ്ഞിട്ടാണ് ഞങ്ങൾ ആലോചനയുമായിട്ട് ഇവിടെ വന്നത് തന്നെ

അച്ഛനെ എങ്ങനെ അറിയാം

എൻ്റെ ഗുരുനാഥനാണ് ബാലൻ മാഷ് അങ്ങനെ പറഞ്ഞാ പോരാ എനിക്കെൻ്റ അച്ഛൻ്റെ സ്ഥാനമാണ് ബാലൻ മാഷ്

അച്ഛനില്ലാത്ത എനിക്ക് സ്കൂൾ ജീവിതം ദുരിതം പിടിച്ചതായിരുന്നു. മാറിയുടുക്കാൻ വേറെ ഒരു ഡ്രസ്സ് പോലും ഇല്ലാതിരുന്ന കാലം. നന്നായി പഠിക്കുന്ന ഞാൻ ബാലൻ മാഷിൻ്റെ അരുമശിഷ്യനായി മാറാൻ അധികം നാൾ വേണ്ടി വന്നില്ല. മാഷിനോട് എൻ്റെ എല്ലാ കഥയും പറഞ്ഞപ്പോൾ മാഷ് എന്നെ ചേർത്ത് നിർത്തി പറഞ്ഞു നീ പഠിച്ച് വലിയ ഒരാളകുമെന്ന് . അതിന് എനിക്ക് വേണ്ടുന്ന എല്ലാ സഹായവും ചെയ്ത് തന്നത് ബാലൻ മാഷ് ആയിരുന്നു. വിശന്നപ്പോൾ ഭക്ഷണമായും സ്കൂൾ തുറക്കുമ്പോൾ പുസ്തകമായും പുത്തനുടുപ്പും കുടയും ആയി ബാലൻ മാഷ് എനിക്ക് മുന്നിൽ ദൈവദൂതനെ പോലെ പ്രത്യക്ഷനാകും. ഞാനൊരു നല്ല ഉടുപ്പ് ഇട്ടത് ആദ്യമായി ചെരുപ്പിട്ടതും ബാലൻ മാഷിൻ്റെ സംഭാവനകളായിരുന്നു. 10-ാം ക്ലാസ്സ് നല്ല മാർക്കോടെ പാസ്സായി ഞാൻ ആ സ്കൂളിൽ നിന്ന് പോയി. പിന്നീടും പല പ്രാവശ്യം മാഷിനെ കണ്ടു.കണ്ടപ്പോളെല്ലാം ചെറിയ ഒരു തുക എൻ്റെ പോക്കറ്റിൽ വച്ച് തരും.

പിന്നെ അവിടുന്ന് പോയി പഠിച്ച് ഈ നാട്ടിൽ നിന്ന് അക്കരക്ക് പോയി. മാഷ് പറഞ്ഞതുപോലെ ഞാൻ വലിയ ആളായി. മാഷ് അന്ന് ചെയ്തതുപോലെ ഞാനും ഇന്ന് കുറെ കുട്ടികളെ സഹായിക്കുന്നുണ്ട്. പിന്നീട് മാഷ് എവിടാന്ന് അറിയില്ല. കാണാറില്ലങ്കിലും മാഷ് എന്നും എൻ്റെ മനസ്സിൽ ഉണ്ടായിരുന്നു.

ഈത്തവണ നാട്ടിൽ വന്നപ്പോ ഞാൻ അന്വേഷിച്ച് കണ്ട് പിടിക്കുകയായിരുന്നു. അപ്പോഴാ മാഷിൻ്റെ അസുഖത്തെ കുറിച്ച് അറിഞ്ഞത്. മാഷിന് ഒരു കൊച്ചുമോളുണ്ടന്നും അറിഞ്ഞത് അപ്പഴേ തീരുമാനിച്ചു ആ കൊച്ചുമോളെ ഞങ്ങൾക്ക് വേണമെന്ന് . ഞാൻ പറഞ്ഞ് എൻ്റെ മാഷിനെ മക്കൾക്കറിയാം അവരുടെ തീരുമാനവും ഇത് തന്നെയാ.

ഞാൻ കഥ പറഞ്ഞ് നിങ്ങളെ ബോറടിപ്പിച്ചോ എനിക്ക് ബാലൻ മാഷിനെ ഒന്ന് കാണണം.

അത് അച്ഛനിപ്പോ പഴയ പോലെ ഓർമ്മ ഒന്നും ഇല്ല. എന്തേലുമൊക്കെ ചുമ്മ വിളിച്ച് പറയും. അമ്മ മരിച്ചേ പിന്നെ അച്ഛൻ്റെ മാനസികനില അത്ര ശരിയല്ല

അതൊന്നും സാരമില്ല എനിക്ക് എൻ്റെ മാഷിനെ കണ്ടാ മതി. എത്ര മാനസികനില ശരിയല്ലങ്കിലും മാഷിന് എന്നെ കാണുമ്പോൾ മനസ്സിലാകും

എന്നാൽ മോളെ കാണ് എന്നിട്ട് അച്ഛനെ കാണാം

വേണ്ട ആദ്യം മാഷിനെ കാണണം. വേണിയെ കാണണം എന്നു പോലും ഞങ്ങൾക്കില്ല. കണ്ടില്ലേലും മാഷിൻ്റെ കൊച്ചുമോളെ ഞങ്ങൾക്കിഷ്ടമാകും

ലത അച്ഛനെ വിളിക്ക് ഇങ്ങോട് വരാൻ പറയു .

ലത അച്ഛനെ വിളിക്കാനായി അകത്തേക്ക് പ്രവേശിച്ചതും ബാലൻ മാഷ് ഹാളിലേക്ക് വന്നു.

മോനെ പ്രകാശ് നീ എന്നെ മറന്നില്ലല്ലോ എന്നും ചോദിച്ച് പ്രകാശിൻ്റെ അടുത്തേക്ക് വന്ന ബാലൻ മാഷിനെ കണ്ടതും പ്രകാശ് ബാലൻ മാഷിനെ കെട്ടിപ്പിടിച്ചു.അതിന് ശേഷം ആ കാല് തൊട്ട് നമസ്കരിച്ചു.

പ്രകാശിനെ പിടിച്ച് എഴുന്നേൽപ്പിച്ച് തന്നോട് ചേർത്ത് നിർത്തി

മാഷേ മാഷിനെ എനിക്ക് മറക്കാൻ പറ്റോ

എൻ്റേയും മാഷിൻ്റേയും കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു.

മാഷേ ആരോഗ്യം എങ്ങനെയുണ്ട്

ഇല്ല കുട്ടി കുഴപ്പമില്ല പിന്നെ ഒറ്റക്കായതിൻ്റെ വേദന മനസ്സിന് ഉണ്ട്. എൻ്റെ ജീവൻ്റെ പാതി എനിക്കൊപ്പം 50 വർഷം എൻ്റെ സുഖത്തിലും ദുഃഖത്തിലും കൂടെ നിന്ന അവളു പോയില്ലേ .അതെനിക്ക് സഹിക്കാൻ പറ്റുന്നതിനും അപ്പുറമാണ്.പിന്നെ ഞാനൊരു പഴയ മനുഷ്യനല്ലേ ഓരോന്ന് കാണുമ്പോൾ ഞാൻ എന്തേലും പറയും അതിന് ഇവർ പറയുന്നത് എനിക്ക് ഭ്രാന്താണന്നാ

പ്രകാശ് നീ പറഞ്ഞതെല്ലാം ഞാൻ കേട്ടു. എൻ്റെ കുട്ടി വല്യ നിലയിൽ എത്തിയെന്നറിഞ്ഞപ്പോ മാഷിന് നല്ല സന്തോഷമായീട്ടോ പിന്നെ ഇതിൽ ഏതാ എൻ്റെ വേണി മോളുടെ പയ്യൻ

ഞാനാ മുത്തശ്ശാ എൻ്റെ പേര് കിഷൻ

നന്നായി വരും മക്കളെ എൻ്റെ വേണിമോൾ നല്ല കുട്ടിയാ മോന് നന്നായി ചേരും എൻ്റെ വേണി മോൾ

ഹരി എന്നാൽ ഇനി മോളെ വിളിക്ക്.

പെണ്ണ് കാണലിന് ശേഷം വളരെ സന്തോഷത്തോടെയാണ് പ്രകാശും കുടുംബവും അവിടുന്ന് ഇറങ്ങിയത്.

ഏറ്റവും അടുത്ത മുഹുർത്തത്തിൽ തന്നെ കിഷൻ വേളിയുടെ കഴുത്തിൽ താലി ചാർത്തി. ശുഭം

ചില ബന്ധങ്ങൾ ഇങ്ങനാ…

NB പ്രായമായവരുടെ പുലമ്പലുകൾ ഭ്രാന്തല്ല ഒറ്റപ്പെടലിൻ്റെ നൊമ്പരമാണ്.