മകളുടെ ഒരു വീഡിയോ ഓപ്പൺ ആയപ്പോൾ അയാളുടെ ദേഹമാസകലം തീകൊണ്ടു പുളയുന്ന പോലെ….

ഒരു രാത്രി…

Story written by Rejitha Sree

===================

ഇരുട്ടിന്റെ ഭീതിയെ കീറിമുറിച്ചുകൊണ്ട് റോഡിന്റെ നടുവിലോട്ടു കയറി നിന്നു കൈകാണിച്ച സുന്ദരിയെ കണ്ടപ്പോഴേ കാറിന്റെ ബ്രെക്കിൽ അറിയാതെ കാലമർന്നു..അവരുടെ അടുത്തെത്തിയപ്പോൾ സുധിഷ് തന്റെ കാറിന്റെ ഗ്ലാസ്‌ താഴ്ത്തി.

ഇരുട്ടിൽ കാറിന്റെ വെളിച്ചത്തിൽ വൈറ്റ് ഷിഫോണിൽ ഡിസൈൻ ചെയ്ത സാരി അവളുടെ ഭംഗിയെ വിളിച്ചോതുന്നുണ്ടായിരുന്നു.ഒറ്റ നോട്ടത്തിൽ ഒരു രാജസ്ഥാനി ലുക്ക്‌.

അകത്തേയ്ക്കു തല നീട്ടി ഒരു ലിഫ്റ്റ് തരുമോന്നു ചോദിച്ചപ്പോൾ ആ മായശില്പത്തിനെ നോക്കി “കയറിക്കോളൂ ” ന്നാണ് പറഞ്ഞത്.

കാറിൽ കയറിയ ഉടനെ അവൾ ഫോൺ എടുത്തു എന്തോ ടൈപ്പ് ചെയ്തു.. ഫോൺ തിരികെ ബാഗിലേയ്ക്ക് തന്നെ വച്ചു.

വീഥിയുടെ ഇരു വശങ്ങളിലും ആയി നിറയെ റബ്ബർ മരങ്ങൾ നിഴൽ വിരിച്ചിരുന്നു. മലയടുക്കുള്ള വഴിയോരമായതിനാൽ അധികം വണ്ടികൾ ഒന്നും തന്നെ എതിരെയോ ഒപ്പമോ വന്നിരുന്നില്ല.

ഏതോ പ്രണയഗീതിന്റെ ഈരടികൾ റേഡിയോ മാങ്കോയിൽ കേട്ടപ്പോൾ സുധീഷ് ആ ഗാനം കുറച്ചുകൂടി ഉച്ചത്തിലാക്കി. ആരും ഒന്നുകൂടി നോക്കിപോകുന്ന ആ മുഖലാവണ്യം അയാൾ മിററിലൂടെ ഒന്നുകൂടി നോക്കി.

അവൾ പിൻസീറ്റിൽ ഇരുന്നു പുറത്തെ റബ്ബർ കാടുകളിലേക്ക് തന്നെ ഉറ്റുനോക്കികൊണ്ടിരുന്നു.

ഫ്രണ്ട് മിററിലൂടെ സുധി അവളെ നോക്കി ചോദിച്ചു..

“എവിടെപോകാനാ..? “എന്താ ഇവിടെ..??

ചോദ്യത്തിലെ ഔചിത്യം മനസ്സിലാക്കിയ അവൾ പറഞ്ഞു “അടുത്ത നാല് ഹെയർ പിൻ കൂടി കഴിഞ്ഞാൽ എന്നെ അവിടെ ഇറക്കിയേക്കണം. അവിടുന്ന് എനിക്ക് പോകാനുള്ള വണ്ടി കിട്ടും… “

അവളുടെ ശബ്ദത്തിലെ ധാർഷ്ട്യം സുധിയിൽ നീരസമുണ്ടാക്കിയതുകൊണ്ടോ എന്തോ പിന്നീട് ഇരുവരും ഒന്നും ശബ്‌ദിച്ചില്ല.

റോഡിന്റെ ഓരം ചേർന്നു കാർ ബ്രേക്കിട്ടപ്പോൾ ഒരു താങ്ക്സ് പോലും പറയാതെ അവൾ ഇറങ്ങി. ആകാംഷ കൊണ്ട് സുധി അവളോട് ചോദിച്ചു…

“വിരോധമില്ലെങ്കിൽ പേരൊന്നു പറഞ്ഞാൽ…”

ഉറച്ച ശബ്ദത്തോടെ അവൾ പറഞ്ഞു

“അപർണ്ണ.. അപർണ്ണ രാജീവൻ. “

കാർ കുറച്ചു മുൻപോട്ടു നീങ്ങിയപ്പോൾ അവൾക്കായി വന്ന വാഹനത്തിൽ അവൾ കയറി തിരികെ പോകുന്നത് അയാൾ കാറിന്റെ സൈഡ് മിററിലൂടെ കണ്ടു.

*************,**********

വീട്ടിൽ എത്തിയിട്ടും എന്തോ ചോദ്യം ബാക്കി നിൽക്കുന്ന പോലെ സുധി അവളുടെ കാര്യം ആലോചിച്ചുകൊണ്ടേയിരുന്നു.

“ആ വഴി എങ്ങനെ അവൾ വന്നു…??

രാവിലെ സ്കൂൾ വാൻ വന്ന് ഹോൺ അടിച്ചപ്പോഴാണ് നേരം വെളുത്തതറിഞ്ഞത്. മോൾടെ സ്കൂൾ വാൻ 7 മണി ആകുമ്പോഴേയ്ക്കും വരും.

പക്ഷെ ഇന്ന് ഹോൺ അടിച്ചു ബഹളം വക്കുവാണല്ലോ.

“അനുജേ.. .. ദേ ബസ്‌ ഹോൺ അടിക്കുന്നത് കേട്ടില്ലേ നീ..?

അകത്തുനിന്നു അനക്കമൊന്നും ഇല്ലാഞ്ഞപ്പോൾ സുധി ദേഹത്തു കിടന്ന ബെഡ്ഷീറ് മാറ്റി എണീറ്റു ചെന്നു..

അടുക്കളയിൽ അരി തിളച്ചു മറിയുന്നുണ്ട്.. പക്ഷെ ആരെയും അവിടെ കണ്ടില്ല.

അനുജ ഒച്ച വെച്ച് വഴക്ക് പറയുന്നത് കേട്ടുകൊണ്ട് അയാൾ മോളുടെ ബെഡ്റൂമിലേയ്ക്ക് കയറി ചെന്നു.

“എന്താ അനുജേ … എന്താ ഇവിടെ..??

“ദേ.. സുധിയേട്ടാ നിങ്ങടെ മോൾക്ക്‌ അഹങ്കാരം ഈയിടെ ആയി കൂടുതലാ കേട്ടോ. ഞാൻ ഒന്നും പറയുന്നില്ല.. “

കയ്യിലിരുന്ന യൂണിഫോം ചുരുട്ടി ദേഷ്യത്തോടെ കട്ടിലിലേയ്ക്ക് എറിഞ്ഞുകൊണ്ട് അനുജ മുറിയിൽ നിന്നിറങ്ങി പോയി..

സുധി മോളുടെ ബെഡിലേയ്ക്കിരുന്നു..ലയന മോളുടെ മുടിയിഴകളിൽ മെല്ലെ തലോടി..

“ന്താ.. മോളെ.. മോള് ഇന്ന് സ്കൂളിൽ പോകുന്നില്ലേ..”

അവൾ ഒന്നും മിണ്ടാതെ അച്ഛന്റെ കൈ പിടിച്ചു കവിളിനോട് ചേർത്തു പിടിച്ചു..

അവളുടെ കണ്ണുനീരിനാൽ കുതിർന്ന കവിളിലെ തണുപ്പ് അയാളുടെ ഹൃദയത്തെ വേദനിപ്പിച്ചു..

ഒന്നും മിണ്ടാതെ അവൾ അച്ഛനെ കെട്ടിപിടിച്ചു കരഞ്ഞു..

“പോട്ടെ.. സാരമില്ല.. മോൾക്ക്‌ വയ്യെങ്കിൽ പോകണ്ട. അച്ഛൻ വിളിച്ചു പറഞ്ഞോളാം..പക്ഷെ അച്ഛൻ ഡ്യൂട്ടി കഴിഞ്ഞു ഹോസ്പിറ്റലിൽ നിന്ന് വരുമ്പോൾ മോള് നല്ല സുന്ദരികുട്ടിയായി ഇരിക്കണം കേട്ടോ.. “

അയാൾ അവളുടെ താടിപിടിച്ചുയർത്തി.. കണ്ണുകൾ രണ്ടും തുടച്ചുകൊണ്ട് നെറുകയിൽ നേർത്ത ഒരു ചുംബനം നൽകി.

കൃത്യനിഷ്ഠയുടെ കാര്യത്തിൽ വിട്ടുവീഴ്‌ച ഇല്ലാത്തതുകൊണ്ട് രാവിലെ 9 മണിക്ക്‌ സുധി ഹോസ്പിറ്റലിലേക്ക് പോകാൻ ഇറങ്ങും. സിറ്റിയിലെ പ്രമുഖ ഹോസ്പിറ്റലിലെ സർജൻ ആണ് സുധീഷ്.

ഇറങ്ങാൻ നേരം ബാഗ് സെക്കന്റ്‌ സീറ്റിൽ വച്ചപ്പോൾ എന്തോ ഒന്ന് ബാക്ക് സീറ്റിൽ കണ്ടപോലെ തോന്നി..

തോന്നലാണോ ന്നറിയാൻ ഒന്നുകൂടി തിരിഞ്ഞു നോക്കി.അത് ഒരു വിസിറ്റിംഗ് കാർഡ് ആയിരുന്നു. കാർഡിൽ കണ്ട പേര് അയാൾ മനസിൽ വായിച്ചു..

“അപർണ്ണ രാജീവൻ.. “

ഫോൺ നമ്പറും ഓഫീസിന്റെ അഡ്രെസ്സും കൃത്യമായി എഴുതിയ കാർഡ് അയാൾ ഒരു മിനിറ്റ് നോക്കിയ ശേഷം ജീൻസിന്റെ പോക്കറ്റിലേയ്ക്ക് തിരുകി.

ഹോസ്പിറ്റലിൽ എത്തിയപ്പോൾ ആംബുലൻസിൽ കൊണ്ടുവന്ന ഒരാളെ സ്ട്രക്ചറിൽ അത്യാഹിത വിഭാഗത്തിലേക്ക് കയറ്റുന്ന കാഴ്ചയാണ് കണ്ടത്.

ഒറ്റനോട്ടത്തിൽ ഒരു 45 നോട്‌ അടുത്തു പ്രായം തോന്നുന്ന ഏതോ പ്രമാണി ആണ്. അടക്കിപ്പിടിച്ച തേങ്ങലുമായി അയാളുടെ ഭാര്യയും മകളും.. ഒപ്പം കുറെ പാർട്ടിക്കാരെന്നു തോന്നിപ്പിക്കുന്ന ചിലരും..

ക്യാബിനിൽ ചെന്ന് ടേബിളിന്റെ മുകളിൽ ഉണ്ടായിരുന്ന പേഷ്യൻസിന്റെ ലാബ് റിസൾട്ടുകൾ ഓരോന്നായി നോക്കി ഇരിക്കുമ്പോഴാണ് നഴ്സിന്റെ കാൾ വന്നത്.

“സർ.. ഇപ്പോൾ കൊണ്ടുവന്ന പേഷ്യന്റിനു കുറച്ചു സീരിയസ് ആണ്. സർ ഒന്ന് വരണം “

“ഓക്കേ.. ഞാൻ ദാ വരുന്നു.. “

ഫോൺ കട്ട്‌ ചെയ്തിട്ട് നേരെ ക്യാഷുവാലിറ്റിയിലേയ്ക്ക് ചെന്നു..

പ്രാഥമിക പരിശോധനയിൽ തന്നെ എന്തോ പോയ്സൺ ഉള്ളിൽ ചെന്ന് ആള് തളർന്ന അവസ്ഥയിലാണെന്ന് മനസിലായി. സംസാര ശേഷി നഷ്ടപെട്ടപോലെ വാക്കുകൾ നല്ലപോലെ കുഴയുന്നുണ്ട്.. ഡോക്ടറിന് നേരെ നോക്കി ദയഅർഹിക്കുന്നപോലെ കണ്ണുനീർചാലുകൾ രണ്ടുകണ്ണുകളിൽ നിന്നും ഒഴുകിയിറങ്ങുന്നുമുണ്ട്.

ഭാര്യയെന്ന് തോന്നിക്കുന്ന സ്ത്രീ പറഞ്ഞുതുടങ്ങി.. “ഇന്നലെ മുതലാണ് ഡോക്ടർ… വെളുപ്പിനെ വന്ന് കിടന്നതാണ്. എവിടെയായിരുന്നു ന്ന് ചോദിച്ചപ്പോൾ ഒന്ന് കിടക്കട്ടെ നല്ല ക്ഷീണമെന്നു മാത്രം പറഞ്ഞു…”

പറഞ്ഞു വന്നത് ഒന്ന് നിർത്തിയ ശേഷം അവർ സാരിയുടെ തുമ്പുകൊണ്ട് കണ്ണും മുക്കും തുടച്ചു..

നേഴ്സിന്റെ കയ്യിൽ നിന്നും കേസ് ഷീറ്റ് വാങ്ങിയപ്പോൾ നെയിം കോളത്തിലേയ്ക്ക് കണ്ണ് പാഞ്ഞു..

ഹരിശങ്കർ. 46 വയസ്സ്..

“ഓക്കേ.. ഇപ്പോൾ ഒന്നും പറയാൻ ആവില്ല 24 മണിക്കൂർ ഒബ്സെർവഷനിൽ കിടക്കട്ടെ. അപ്പോഴേയ്ക്കും ടെസ്റ്റ്‌ റിസൾട്ടൊക്കെ വരും. പേടിക്കേണ്ട.. “

“അളവിൽ കൂടുതൽ പോയ്സൺ ഉള്ളിൽ ചെന്നതാണ്. വീടുമായി എന്തേലും പ്രശ്നം അല്ലെങ്കിൽ ബിസ്സിനെസിലോ മറ്റോ….?

“ഞാൻ അറികെ പ്രശ്നങ്ങൾ ഒന്നുമില്ല ഡോക്ടർ.. “

“ഓക്കേ.. ” ഇപ്പോൾ കൊടുക്കണ്ട മെഡിസിൻ എഴുതിയിട്ട് കേസ് ഷീറ്റ് നഴ്സിനെ ഏല്പിച്ചു… ഈ പേഷ്യന്റിനെ ഐ സി യു വിലയ്ക്ക് മാറ്റണം. പിന്നെ ഓരോ മണിക്കൂർ കൂടുമ്പോഴും വിവരങ്ങൾ എന്നെ അറിയിക്കുകയും വേണം.. “

വൈകിട്ടുള്ള ഒ പി കൂടി കഴിഞ്ഞപ്പോൾ രാത്രി വളരെ താമസിച്ചാണ് ഇറങ്ങിയത്. ഡ്രൈവിംഗ് നിടയിൽ കണ്ണുകൾ ഉറക്കത്തിന്റെ ആഴങ്ങളിലേക്ക് അറിയാതെ വീഴുന്നുണ്ടായിരുന്നു. വളവുകൾ തിരിഞ്ഞു വന്നപ്പോൾ ആണ് ഇന്നലെ ഇവിടെവച്ചാണല്ലോ അപർണ്ണയെ കണ്ടതെന്ന് ഓർമ വന്നത്. അയാളുടെ കൈകൾ ജീൻസിന്റെ പോക്കറ്റിൽ പരതി.

“അപർണ്ണ രാജീവൻ.ഫാഷൻ ഡിസൈനർ .”

കാർ സൈഡിലേക്ക് പതിയെ ഒതുക്കി. അയാൾ ഫോൺ എടുത്തു. നമ്പർ ഓരോന്നായി ഡയൽ ചെയ്തു. കാൾ ബട്ടൺ അമർത്തണോ വേണ്ടയോന്ന് വീണ്ടും വീണ്ടും ആലോചിച്ചു. ന്തായാലും കാൾ ബട്ടൺ അമർത്തി..

അപ്പുറത്ത് റിങ് ചെയ്യുന്ന കേട്ടപ്പോൾ എന്തൊക്കെയോ പ്രതീക്ഷകൾ മനസ്സിനെ മഥിച്ചുതുടങ്ങി. പക്ഷെ കാൾ കണക്ട് ആകാതെ കട്ട്‌ ആയി..

ഒരു നിമിഷം ഫോണിന്റെ ഡിസ്‌പ്ലേയിൽ നോക്കി. നിരാശയോടെ സീറ്റിലേക്ക് വച്ചപ്പോൾ ഒരു മെസ്സേജ് ടോൺ കേട്ടു. ലോക്ക് തുറന്നപ്പോൾ

“നാളെ 11 മണി ആകുമ്പോൾ ഓഫീസിലേയ്ക്ക് വരണം.ഞാൻ വെയിറ്റ് ചെയ്യും. “

സംശയവും ആകാംഷയും കൂടി ചേർന്ന നിമിഷം…

*******************

പിറ്റേന്നുള്ള സുപ്രഭാതം പതിവിലും നേരത്തെ ആയിരുന്നു.ഹോസ്പിറ്റലിൽ വിളിച്ചു ഹരിയുടെ ഇപ്പോഴത്തെ അവസ്ഥ എങ്ങനുണ്ടെന്നു തിരക്കി..

“എന്തിനാവും അവൾ വരണമെന്ന് പറഞ്ഞത്…??

അവൾക്ക് തന്നെ കാണണം എന്നുള്ള ആഗ്രഹമുണ്ടോ…? അവൾ ആരാണെന്ന് അറിയാനായി താനല്ലേ അവളോട് കാര്യങ്ങൾ തിരക്കിയത്.?

പിന്നെ അവൾ എന്തിനാണ് തന്നോട് ഓഫീസിൽ ചെല്ലാൻ അവശ്യപ്പെട്ടത്..?

അവളുടെ ഓഫീസിന്റെ സ്റ്റെപ്പുകൾ ഓരോന്നായി ചവിട്ടി കയറുമ്പോൾ സുധീഷിന്റെ മനസിൽ ഉത്തരമില്ലാത്ത കുറെയേറെ ചോദ്യങ്ങൾ കിടന്ന് തിളച്ചു മറിഞ്ഞു.

ഫ്രണ്ട് ഓഫീസിലുള്ള പെൺകുട്ടിയോട് അപർണ്ണയെ കാണണമെന്ന് പറഞ്ഞപ്പോൾ ക്യാബിൻ ഉണ്ടെന്ന് പറഞ്ഞ് അപർണ്ണയോട് അനുവാദം ചോദിക്കാനായി ആ കുട്ടി അകത്തേയ്ക്കു കയറിപ്പോയി.

അന്യ സംസ്ഥാനങ്ങൾ ഉൾപ്പെടെ പ്രമുഖ ടെക്സ്റ്റയിൽ ഷോപ്പുകളിലേയ്ക് ഡ്രസ്സ്‌ ഡിസൈൻ ചെയ്തതിലുള്ള അംഗീകാരങ്ങൾ വാങ്ങുന്ന മികവ് ഓഫീസിൽ തൂക്കിയ പല ചിത്രങ്ങളിൽ നിന്നയാൾക്ക്‌ മനസ്സിലാക്കി..

“സർ ..അകത്തേയ്ക്കു ചെല്ലാൻ പറഞ്ഞു.. “

“ഓക്കേ..”

ക്യാബിൻ തുറന്നു ചെന്നപ്പോൾ അപർണ്ണ തന്റെ എതിരെയുള്ള ചെയർ ചൂണ്ടി ഇരിക്കാൻ പറഞ്ഞു. ഉറച്ച വ്യക്തിത്വമുള്ള അവളുടെ ശബ്ദം ആരെയും ഒരു അകലം പാലിക്കാൻ പ്രേരിപ്പിക്കുന്ന പോലെ അയാൾക്ക്‌ തോന്നി.

ഇരുവർക്കിടയിലും തങ്ങിനിന്ന നിശബ്ദതയെ ഭേദിച്ചുകൊണ്ട് അവൾ പറഞ്ഞു തുടങ്ങി.

“ഡോക്ടർ.. എനിക്ക് താങ്കളുടെ ഒരു സഹായം വേണം .. “

സുധിയുടെ നെഞ്ചിൽ ഒരു ശ്വാസംമുട്ടൽ പോലെ തോന്നി. എന്താകും അവൾ അടുത്തതായി ചോദിക്കാൻ പോകുന്നതെന്നോർത്തപ്പോൾ..

ഇനി മുതൽ ഞാൻ പറയുന്ന കാര്യങ്ങൾ താങ്കൾ ക്ഷമയോടെ കേൾക്കണം..

“താങ്കളുടെ ഹോസ്പിറ്റലിൽ അഡ്മിറ്റായ ഹരി ശങ്കറിന് പോയ്സൺ കൊടുത്തത് ഞാനാണ്.. “!

കേട്ടപാടെ സുധിയിലുണ്ടായ ഞെട്ടൽ കണ്ടയുടനെ അവൾ പറഞ്ഞു..

“ഇപ്പോഴല്ല സർ ഞെട്ടേണ്ടത്.. ഇനിയുള്ള കാര്യങ്ങൾ കേട്ടുകഴിയുമ്പോഴാണ്. “

എന്റെ ചേച്ചി മഞ്ജിമയുടെയും ആകാശിന്റെയും പ്രണയവിവാഹമായിരുന്നു. ഒരു ഡോക്ടർ ആകാൻ കൊതിച്ച എന്റെ ചേച്ചിയും ഹോസ്പിറ്റലിൽ വർക്ക്‌ ചെയ്തിരുന്ന ലാബ് ടെക്നിഷൻ ആയ ആകാശും തമ്മിൽ കാഴ്ചയിലും സ്ഥാനമാനങ്ങളിലും ഒരുപാട് അന്തരമുണ്ടായിരുന്നു.

പക്ഷെ ആരെയും പോലെ കുറവുകൾ മറന്ന് സ്നേഹിക്കാൻ അവളെ പ്രേരിപ്പിച്ചത് ആകാശിന്റെ പ്രണയത്തെക്കാളും വലിയ സ്നേഹം അവൾക്കായി അവൻ നല്കിയതുകൊണ്ട് തന്നെയാണ്. ആരെയും അറിയിച്ചില്ല. ആകാശിന്റെ വീട്ടിൽ അവർ ഒരുമിച്ചു താമസിച്ചു.

ആകാശിന്റെ ചെറിയ വരുമാനവും അവളുടെ ചെറിയ സ്റ്റൈഫെന്റും ഒക്കെ കൂട്ടി അവർ ജീവിച്ചുതുടങ്ങി.

നിയ മോളുടെ മൂന്നാം മാസം.. മഞ്ജിമയുടെ പേഷ്യന്റിന് “ഓവർ ഡോസ് മെഡിസിൻ” കൊടുത്തുന്ന ആരോപണത്തിൽ…

ഹോസ്പിറ്റലിൽ നിന്ന് വന്ന അവൾ പിന്നെ ഉണർന്നില്ല….

“സൈലന്റ് അറ്റാക്ക്.. “

മൂന്നു മാസം പ്രായമായ കുഞ്ഞിനേയും കൊണ്ട് ആകാശേട്ടന്റെ അമ്മയ്‌ക്കൊപ്പം എന്നെ കാണാൻ വരുമ്പോൾ നിയ മോളുടെ കണ്ണുകൾ എന്നെ തന്നെ നോക്കിയത് കൊണ്ടാണോ എന്തോ എനിക്ക് മോളെ വിട്ടുകൊടുക്കാൻ തോന്നിയില്ല.

പല രാത്രികളിലും മോളുടെ കുഞ്ഞ് വാശിക്കൊപ്പം ഉറക്കമുളച്ചും കൂടെ കളിച്ചും ഞാൻ പതിയെ അവളുടെ അമ്മയായി മാറുകയായിരുന്നു.

മഞ്ജിമ പോയെല്ലോ ന്നുള്ള വിഷമം അമ്മയെയും ആകെ തളർത്തിയതുകൊണ്ടാണോ എന്തോ…

മഞ്ജിമയാണ് അവളുടെ അമ്മയെന്ന് എന്റെ അമ്മയും അവളോട് പറഞ്ഞിരുന്നില്ല…

ഇവിടെ സ്വന്തമായി ഓഫീസ് ആയപ്പൊളേക്കും ഞാനും മോളും അമ്മയും കൂടി ഇങ്ങോട്ട് പോരുന്നു. അവളെ സ്കൂളിൽ ചേർത്തു.

വർഷങ്ങൾ മുന്നോട്ടുപോയെങ്കിലും എന്തുകൊണ്ടോ പേഷ്യന്റിന്റെ കാര്യത്തിൽ മഞ്ജിമ കെയർലെസ്സ് ആയതാണ് അവളുടെ മരണ കാരണമെന്ന് ചിന്തിക്കാൻ എന്റെ മനസ്സിന് കഴിയുമായിരുന്നില്ല.

അന്ന് അവളുമായി അടുപ്പമുണ്ടായിരുന്ന അവളുടെ ചില ഫ്രെണ്ട്സ് വഴി ഞാൻ ചിലത് ചോദിച്ചറിഞ്ഞു..

അതിൽ നിന്നുള്ള അറിവായിരുന്നു അവൾ ഇടയ്ക്കിടെ “ഡ്ര ഗ്സ് ” ഉപയോഗിക്കുന്നുണ്ടായിരുന്നു എന്ന്..

എങ്ങനെ കിട്ടി എന്നുള്ള എന്റെ ചോദ്യത്തിന്റെ ഉത്തരം കിട്ടിയത് അവരുടെ ക്യാന്റീൻ ഓണർ ആയ സജനിൽ നിന്നായിരുന്നു..

കോളേജിന്റെ കുറച്ചകലെ മാറ്റി ഒരു കോഫി ഷോപ്പ് ഉണ്ട്. അവിടെ വരുന്നവർക്ക് ആദ്യം ആഹാരപദാർത്ഥങ്ങളിൽ കൂടി കുറച്ചായി കൊടുക്കും. പിന്നീട് മെഡിസിൻ പോലെ കയ്യിലും…

അഡിക്ട് ആയി കഴിയുമ്പോൾ പിന്നെ എന്തു കോംപ്രമൈസിനും അവർ തയ്യാറാകും…

അങ്ങനെ… “ഒരു ദിവസം അവൾപോലുമറിയാതെ അവളുടെ ചില ഫോട്ടോസ്.. വീഡിയോസ്.. “

“പുറത്താകുമോന്നുള്ള ഭയത്താൽ അവൾ..

ശെരിക്കും സൂയിസൈഡ് ചെയ്തതാണ്… “!

“ആരാണയാൾ.. . “?? സുധിയുടെ ചോദ്യം ശരം പോലെ അവളിലേക്ക്‌ തറച്ചു..

“അയാളാണ് ഇപ്പോൾ നിങ്ങളുടെ ഹോസ്പിറ്റലിൽ അഡ്മിറ്റായ “ഹരി ശങ്കർ .. “

ഇത്രയൊക്കെ അറിഞ്ഞിട്ടും ഞാൻ അയാളെ എന്റെ നിയ മോളെ ഓർത്തു വെറുതെ വിട്ടതായിരുന്നു…

പക്ഷെ.. സ്കൂളുകൾ കേന്ദ്രമാക്കിയും അയാളുടെ വേട്ട ഉണ്ടെന്നറിഞ്ഞപ്പോൾ..അത്യാവശ്യം ശരീരമുള്ള കൊച്ച് പെൺകുഞ്ഞുങ്ങളാണ് അയാളുടെ ഇര.

സ്കൂളിന്റെ അടുത്തുള്ള ബേക്കറിയിൽ കൊടുക്കുന്ന ഫുഡിൽ..അയാളുടെ സ്വാധീനം ഉപയോഗിച്ച് പല കേസുകളും അയാൾ തേയ്ച്ചുമായിച്ചു കളഞ്ഞിട്ടുണ്ട്..

“പക്ഷെ.. സാറിന്റെ ലയന മോളുടെ വീഡിയോ… “

സുധിയുടെ ശ്വാസം നിലച്ചുപോയി.

“ഇല്ല… “” ടേബിളിൽ അടിച്ചുകൊണ്ട് അയാൾ ഇരുന്നിടത്തു നിന്നും ചാടി എണീറ്റു..

സുധിയുടെ ശബ്ദം വിറച്ചു..

“ഇല്ല.. നിങ്ങൾ.. നിങ്ങൾ വെറുതെ.. ആവശ്യമില്ലാത്ത പറയരുത് അപർണ്ണ..” സുധിയുടെ കണ്ണുകൾ ചുവന്നു.

“ഇല്ല ഡോക്ടർ…”അപർണ്ണ തന്റെ ലാപ് ഓപ്പൺ ചെയ്തു.

മകളുടെ ഒരു വീഡിയോ ഓപ്പൺ ആയപ്പോൾ അയാളുടെ ദേഹമാസകലം തീകൊണ്ടു പുളയുന്ന പോലെ.. അയാൾ മുഖം പൊത്തി..

“ഇല്ലാ.. എന്റെ പൊന്നുമോള്.. ഹെന്റെ പൊന്നുമോള്.. “സുധി മുഖം പൊത്തി പൊട്ടിക്കരഞ്ഞു..

“ഡോക്ടർ.. ലയന മോളുടെ അടുത്ത കൂട്ടുകാരിയാണ് എന്റെ നിയമോൾ. അവർ തമ്മിൽ കൈമാറിയ മെസ്സേജുകളിൽ നിന്നാണ് ഞാൻ ഇതെല്ലാം അറിഞ്ഞത്.

നിയ മോൾക്ക്‌ എന്നെ ഒളിക്കാൻ ഒന്നുമില്ലാത്തതുകൊണ്ട് ലയന മോളുടെ ആ ത്മഹത്യാപ്രവണത ഉള്ള മെസ്സേജുകൾക്ക്‌ ആശ്വാസത്തിന്റെ കരുതൽ നൽകി അവൾക്ക്‌ ധൈര്യം കൊടുത്തത് ഞാനായിരുന്നു…. “

അപർണ്ണ പറഞ്ഞു നിർത്തി…

“നമുക്ക് ചുറ്റുമുള്ള തെറ്റുകൾ അസാധാരണ സംഭവങ്ങൾ ആകുന്നത് നമ്മുടെ പ്രീയപ്പെട്ടവരിലേയ്ക്ക് അത് എത്തുമ്പോഴാണ്. .. “

“പെൺകുഞ്ഞുങ്ങളോട് ഇങ്ങനൊക്കെ ചെയ്യുന്ന കാ മ വെറിയന്മാരെ പിന്നെ ഞാൻ എന്തുചെയ്യണം.,?

“കുറെ നാൾ സർക്കാർ ചിലവിൽ തിന്നാൻ കൊടുക്കണോ.. ? അതോ പുറത്തിറങ്ങുമ്പോൾ സെലിബ്രിറ്റിയെ പോലെ കൊണ്ടു നടക്കണോ..”

“പൊതുസമൂഹത്തിന് എന്താ.. മീഡിയയുടെ ഒരു ദിവസത്തെ റേറ്റിംഗ്… “

“മടുത്തു ഡോക്ടർ.. ഈ ലോകം ഇങ്ങനെ കണ്ട് മടുത്തു..”

സുധി തന്റെ കണ്ണുകൾ തുടച്ചു…

“അന്നൊരിക്കൽ എന്റെ ചേച്ചി സ്വയം പ്രതികരിച്ചിരുന്നെങ്കിൽ ഇന്ന് മറ്റുള്ളവരെങ്കിലും രക്ഷപെട്ടേനെ… “

“ഇങ്ങനെ ഉള്ളവനെയൊക്കെ നിയമത്തിന്റെ മുൻപിലേക്ക് തള്ളികൊടുക്കാതെ “കൊന്നുകളയണം… “

“അയാളുമായൊരു കൂടിക്കാഴ്ച ഞാൻ പണ്ടേ മനസിൽ കുറിച്ചിട്ടതായിരുന്നു.. പെണ്ണ് ഒരു വീക്നെസ് ആയ അയാളോട് ഞാൻ പതിയെ അടുത്തുതുടങ്ങി. അയാളുടെ അടുത്ത കൂട്ടുകാരും അയാൾക്ക്‌ എത്രത്തോളം സ്വാധീനം മറ്റുള്ളവരിൽ ഉണ്ടെന്നും ഞാൻ മനസിലാക്കി. “

“ഒരു ബിസ്സിനെസ്സിനെന്നും പറഞ്ഞുള്ള എന്റെ നീക്കങ്ങൾ എല്ലാം പ്രതീക്ഷിച്ചതിലും മുൻപേ ലക്ഷ്യം കണ്ടു. ഞാനല്ലാതെ ഒരു ലോകവും അയാൾക്കില്ലാത്ത അവസ്ഥയിലേയ്ക്ക് ഞാൻ അയാളെ കൊണ്ടെത്തിച്ചു. അയാളുടെ ബിസ്സിനെസ്സ് എല്ലാം ഇപ്പോൾ നോക്കിനടത്തുന്നത് എന്റെ ബിനാമികളാണ്.”

“അയാളുടെ സർവ്വ നാശം “! അതാണ് എനിക്ക് വേണ്ടത്. ഇവിടെ നിന്നും ഒരു ഉയർച്ച അയാൾക്കിനി ഉണ്ടാകില്ല…

“മരണത്തിൽ കുറഞ്ഞ ശിക്ഷയും.. !

“അയാളുടെ ഫാമിലി ഡോക്ടറിന്റെ പേരിൽ ഡോക്ടറിന്റെ ഹോസ്പിറ്റലിന്റെ നമ്പർ ഞാനാണ് സേവ് ചെയ്തത്. ഇനി ഡോക്ടറിന് തീരുമാനിക്കാം..”

” അയാൾ ഇപ്പോൾ ഡോക്ടറിന്റെ കൈകളിലാണ്. ഒരു ഡോക്ടറിന്റെ എത്തിക്സ് വച്ച് അയാളെ രക്ഷിക്കാം…”

” അതല്ലെങ്കിൽ .. മകളെ കച്ചവടത്തിനിരയാക്കിയവന് ഇനിയൊരു സൂര്യോദയം നൽകാതെ കൊ ന്നുക ള ഞ്ഞേക്കണം. .. “

അപർണ്ണയുടെ കണ്ണുകളിലെ പ്രതികാരത്തിന്റെ തീജ്വാല മതിഭ്രമം ബാധിച്ചവന്റെ ഉയിർത്തെഴുന്നേല്പുപോലെ ആയിരുന്നു.

വിയർത്തൊഴുകിയ ശരീരവുമായി സുധി ചെയറിൽ നിന്നെണീറ്റു.. പതറിയ കാലുകളോടെ അയാൾ പുറത്തേക്ക് നടന്നപ്പോൾ അപർണ പുറകിൽ നിന്ന് വിളിച്ചു.

“ഡോക്ടർ .,, “

അയാളത് കേട്ടില്ല. അവിടെ നിന്നിറങ്ങുമ്പോൾ അപർണയുടെ ലാപ്പിലെ കാഴ്ചകൾ നിറമണിയാതെ അയാളുടെ ഉപബോധമനസിൽ ആടിതിമിർത്തു.

അപർണ്ണയുടെ അരികിൽ നിന്നും സുധി നേരെ ചെന്നത് ഹോസ്പിറ്റലിലേയ്ക്കായിരുന്നു..

ഹരിയുടെ ബോധം വന്നപ്പോഴേയ്ക്കും സമയം രാത്രി 8 മണി കഴിഞ്ഞിരുന്നു.

ഐ സി യൂ വിൽ ഹരിയുടെ അരികിലേക്ക് സുധി ഒരു ചെയർ വലിച്ചിട്ടു. അയാളുടെ മുഖത്തെ ഓക്സിജൻ മാസ്ക് നീക്കി. വളരെ ശാന്തമായി ചോദിച്ചു..

“ഹരി ശങ്കറിന് ഇപ്പോൾ എങ്ങനെയുണ്ട്. “

“ഒരുപാട് ആശ്വാസമുണ്ട് ഡോക്ടർ..”

“മ്മ്… നിങ്ങൾക്ക് ജീവിക്കണമെന്ന് തോന്നുന്നുണ്ടല്ലേ..?

“യെസ് ഡോക്ടർ.. “

ഹരിയുടെ കുഴഞ്ഞ വാക്കുകൾ കേട്ടപ്പോൾ സുധിയിലെ ഡോക്ടറിൽ വേട്ടക്കാരന്റെ ഭാവം ഒന്നുകൂടി മൂർച്ചപ്പെട്ടു.

“ഇവിടെ നിന്നിറങ്ങിയാൽ ആദ്യം നിങ്ങൾക്ക് അപർണ്ണയെ തിരയാനല്ലേ..?

ഹരിയുടെ മുഖത്തെ അതിശയം കണ്ടപ്പോൾ സുധിയുടെ ഉള്ളിലെ പ്രതികാരത്തിന്റെ ദാഹം ഇരട്ടിയായി..

“ഡോക്ടർ എങ്ങനെ…??

“അത് വിട്.. എന്റെ മോളെ നിനക്കറിയുവോ..?

“12 വയസ്സ് മാത്രം പ്രായമുള്ള എന്റെ ലയന മോളെ ..??

കിടന്ന കിടപ്പിൽ നിന്നും ഹരി എഴുനേൽക്കാനായ് മുന്നോട്ടാഞ്ഞു.

“ഹേയ്.. ധൃതി ഒന്നും വേണ്ട… പതിയെ പറഞ്ഞാൽ മതി.. “

“അത് പിന്നെ.. അത് പിന്നെ.. ഡോക്ടർ.. എന്നെ ഒന്നും ചെയ്യരുത്.. ” അയാളുടെ ചുണ്ടുകൾ വിറച്ചു. ഇസിജി അപ്പാരറ്റസ് വേഗത്തിൽ ശബ്‌ദിച്ചു..

“ഡോക്ടർ.. പ്ലീസ്.. പ്ലീസ്.. “

“ഓഹ്.. അപ്പോൾ തനിക്ക് ജീവിക്കണം…”എന്തു യോഗ്യതയാടോ തന്നെപോലെയുള്ള ചെറ്റകൾക്ക് ഈ ലോകത്തിൽ ജീവിക്കാൻ…?

“മയക്കുമരുന്നും പെൺശരീരവും വിറ്റുതിന്നുന്ന തന്നെപോലെയുള്ള വൃത്തികെട്ട നാറികൾ അമ്മയുടെ ഉദരത്തിൽ നിന്ന് പിറവിയെടുത്തതേ തെറ്റ്.. “

നിന്നെയൊക്കെ രക്ഷിക്കാനും ന്യായീകരിക്കാനും കുറെ വ്യഭിചരിച്ച നിയമങ്ങളും.. “!

“പക്ഷെ ഇനി നിനക്കതിനൊന്നുമുള്ള സമയമില്ലല്ലോ മിസ്റ്റർ ഹരിശങ്കർ ..”

ഹരിയുടെ കണ്ണുകളിലൂടെ ഒഴുകിയിറങ്ങിയ ദയയുടെ കണ്ണുനീർ കണ്ടപ്പോൾ സുധിയുടെ കണ്ണുകൾ വിടർന്നു..

“ഓരോ ജീവനും രക്ഷിക്കാൻ വേണ്ടി,, മനുഷ്യന്റെ ശരീരത്തിന്റെയും മനസ്സിന്റെയും രോഗത്തെ ചികിൽസിച്ചു മാറ്റുന്നവനാണ് ഡോക്ടർ. “

ബന്ധങ്ങൾ നോക്കാതെ വ്യക്തികളെ നോക്കാതെ.. അത് ചെയ്യുമ്പോൾ ഉള്ള സംതൃപ്തി ഉണ്ടല്ലോ.. “

“അതേ സംതൃപ്തിതന്നെയാണ് ഇപ്പോൾ നിന്നെ ഇല്ലാതാക്കുന്നത് വഴി എനിക്ക് കിട്ടാൻ പോകുന്നതും.. “

“കാരണം ഇതും ഒരു നന്മയാണ്.. അച്ഛനമ്മമാരുടെ ജീവനും പ്രാണനും നൽകി വളർത്തിക്കൊണ്ടു വരുന്ന ഓരോ പെൺകുഞ്ഞുങ്ങൾക്കുo ഇവിടെ ജീവിക്കണം. അഭിമാനത്തോടെ… “

“ഒരു ഡോക്ടറുടെ എത്തിക്സിന് നിരക്കാത്തതാണ് ഞാൻ ഇപ്പോൾ ചെയ്യാൻ പോകുന്നത്…”

“പക്ഷെ.. നീയൊക്കെ ജീവിച്ചിരുന്നാൽ നാളെ നിന്റെ സ്വന്തം മകളുടെ ശരീരവും നീ വിറ്റുതിന്നും.. “

സുധി തന്റെ കയ്യിലുണ്ടായിരുന്ന മെഡിസിൻ ഡ്രിപ്പിലേയ്ക്ക് ഇൻജെക്ട് ചെയ്തു കയറ്റി.

” ഇനി നീ അനുഭവിക്കാൻ പോകുന്ന പത്തുമിനിറ്റ് നിന്റെ ജീവിതത്തിൽ ഇന്നോളം അറിഞ്ഞ വേദനയെക്കാളും ഭയാനകമായിരിക്കും.. അത് കാണാൻ ഞാനും നിനക്കൊപ്പം ഇവിടെ തന്നെയുണ്ട്.. “

സുധി തന്റെ കയ്യിൽ കെട്ടിയ വാച്ചിൽ സമയം നോക്കി രാത്രി 9.30. ഹരിയുടെ മരണം ഉറപ്പാക്കിയിട്ട് സുധി ഐ സി യൂ വിട്ടു പുറത്തേയ്ക്കിറങ്ങി.

*************************

ദിവസങ്ങൾക്ക് ശേഷം…

“അച്ഛാ.. ദേ ആരാ വന്നതെന്ന് നോക്കിയേ. നിയയും മമ്മിയും.. . “

പുറത്തുനിന്നുള്ള ലയന മോളുടെ ശബ്ദം കേട്ട് സുധി തന്റെ മുൻപിലെ ലാപ് ഓഫ്‌ ആക്കി എഴുനേറ്റു.

“അപർണ്ണ.. “അയാൾ മനസ്സിൽ പറഞ്ഞു.

“വരൂ.. “

“മോളെ അമ്മയോട് ചായ കൊണ്ടുവരാൻ പറയൂ.. ന്നിട്ട് നിയമോളെയും കൂട്ടി അപ്പുറത്തേയ്ക്ക് പൊക്കോ. “

അപർണ്ണ തന്റെ ഹാൻഡ് ബാഗിൽ നിന്നും ഒരു പെൻഡ്രൈവ് എടുത്തു സുധിയ്ക്കു നേരെ നീട്ടി.

“ഇതാ സുധി ആ പെൻഡ്രൈവ്. ഇതിന്റെ കോപ്പിയോ മറ്റു തെളിവുകളോ ഒന്നും ആരുടേയും കയ്യിൽ ഇല്ല. ഇത് സുധിയ്ക്കു തരണമെന്ന് തോന്നി. “

അപർണ്ണയുടെ കയ്യിൽ നിന്നും ആ പെൻഡ്രൈവ് വാങ്ങിയപ്പോൾ സുധിയുടെ കണ്ണുകൾ നിറഞ്ഞു.

“ഒടുവിൽ പല കഥയ്ക്കുള്ള അവസാനം കണ്ടു. ന്നാലും ഡോക്ടറിന്റെ പ്രൊഫഷൻ വേണ്ടന്നു വച്ചത് ശെരിയായില്ല… “

സുധി അപർണ്ണയുടെ മുഖത്തുനോക്കി ചെറുതായൊന്നു പുഞ്ചിരിച്ചതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല.

അനുജ നൽകിയ ചായ പകുതി കുടിച്ചു ടേബിളിലേയ്ക്ക് കപ്പ് വച്ചു.

“ന്നാൽ പിന്നെ… ഞാൻ ഇറങ്ങുന്നു.. “

ഇറങ്ങാൻ നേരം അവൾ തന്റെ കൈ സുധിയ്ക്കുനേരെ നീട്ടി..

“പറ്റിയാൽ ഇനിയും കാണാം.. “

യാത്ര പറഞ്ഞിറങ്ങിയ അപർണ്ണയെ നോക്കി അകത്തുനിന്നും വന്ന അനുജ ചോദിച്ചു..

“ആരാ സുധിയേട്ടാ അവർ…? “

സമാധാനത്തിന്റെയും പ്രതീക്ഷയുടെയും ഉറച്ച സ്വരത്തിൽ അയാൾ പറഞ്ഞു..

“ചിലർ നമ്മൾ പോലുമറിയാതെ നമ്മിലേക്ക്‌ വരും.. അവരുടെ ജോലി കഴിയുമ്പോൾ നമ്മെ വിട്ടവർ പോകുകയും ചെയ്യും.. “!

****************

വായനക്കാരുടെ തിരുത്തലുകൾ എന്തുതന്നെ ആയാലും പറയാൻ മടിക്കരുത്..

~Rejitha sree