പിറ്റേന്ന് ക്ലാസിലേക്ക് കയറി ചെന്നത് തനിക്ക് നേരെയുള്ള കട്ടിയുള്ള ഒരു ഡയലോഗ് കേട്ട് കൊണ്ടാണ്…

Story written by Jishnu Ramesan

====================

സ്കൂളിലെ യുവജനോത്സവത്തിൽ ഒപ്പനക്ക്‌ മാർക്കിടാൻ ഇരിക്കുമ്പോഴാണ് വിനീത് അശ്വതിയെ കണ്ടത്…അഞ്ച് വർഷങ്ങൾക്ക് മുൻപ് അവളിലൂടെയും കൂട്ടുകാരികളിലൂടെയും തനിക്ക് അനുഭവിക്കേണ്ടി വന്ന നാണക്കേടും അപമാനവും വിനീതിന്റെ മനസ്സിലേക്ക് ഇന്നലെയെന്ന പോലെ തെളിഞ്ഞു വന്നു..

അമ്മയുടെ പ്രാർത്ഥന കൊണ്ടും പിന്നെ കഷ്ടപ്പെട്ട് പഠിച്ചത് കൊണ്ടും ഒരു മലയാള അധ്യാപകനായി ജോലി കിട്ടി അഞ്ച് വർഷം മുമ്പാണ് തൃശൂർ ജ്യോതി കോളേജിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചത്…

അവന്റെ ഉയരമില്ലായ്മ ചെറുപ്പം മുതലേ ഒരുപാട് കളിയാക്കലുകളും മറ്റും നേരിടേണ്ടി വന്നിട്ടുണ്ട്…കുള്ളൻ എന്ന വിളി ആദ്യമൊക്കെ അവനെ കരയിച്ചു എങ്കിലും എല്ലാവരുടെയും മുന്നിൽ ജയിക്കണം എന്ന വാശി വിനീതിനെ ഉയരങ്ങളിൽ എത്തിച്ചു എന്ന് വേണം പറയാൻ..

കോളേജിലെ മലയാള അധ്യാപകനായി ചെന്ന ആദ്യ ദിവസം തന്നെ മറ്റുള്ളവരുടെ ചിരി അവനിൽ പതിച്ചു.. പെൺകുട്ടികളുടെ ഒരു കോട്ട തന്നെയാണ് അവിടം.. സ്റ്റാഫ് റൂമിൽ അവന്റെ രൂപം ആദ്യമൊന്ന് മറ്റുള്ള അധ്യാപകരും നോക്കിയെങ്കിലും തങ്ങളുടെ കൂടെയുള്ള മാഷാണ് എന്ന ബഹുമാനം വിനീതിന് കിട്ടി..

തന്റെ ക്ലാസിലേക്ക് ചെന്ന വിനീതിനെ പെൺകുട്ടികൾ അതിശയത്തോടെ നോക്കി..’ ഞാനാണ് ഇനി നിങ്ങളുടെ മലയാളം സാർ ‘ എന്ന് അവൻ സ്വയം പരിചയപ്പെടുത്തി…പിന്നെ ക്ലാസിലെ അമ്പതോളം വരുന്ന കുട്ടികളെ പരിചയപ്പെടാൻ തുടങ്ങി വിനീത്..എന്നാല് പലരിൽ നിന്നും അവഗണന ആയിരുന്നു മറുപടി..തന്റെ ആദ്യ ദിവസത്തെ ക്ലാസ് ഒരു വിധം കഴിച്ചു..

പിറ്റേന്ന് ക്ലാസിലേക്ക് കയറി ചെന്നത് തനിക്ക് നേരെയുള്ള കട്ടിയുള്ള ഒരു ഡയലോഗ് കേട്ട് കൊണ്ടാണ്…

“മാഷേ ദേ ആ കസേരയിൽ കയറി നിന്ന് ക്ലാസ് എടുക്കൂ, ഞങ്ങൾക്ക് സാറിനെ കാണാനില്ല..”

അതവളാണ് അശ്വതി, ആൺകുട്ടികളുടെ അഭാവം ആ കോളേജിൽ നികത്തുന്നത് അശ്വതിയും കൂട്ടുകാരും ആണെന്ന് സ്റ്റാഫ് റൂമിൽ നിന്ന് മുമ്പേ അറിഞ്ഞിരുന്നു…

അവളുടെ ആ കമന്റ് ഉള്ളിൽ തട്ടിയെങ്കിലും കാര്യമാക്കിയില്ല…ഇതൊക്കെ കുറെ കേട്ടതാ എന്ന നിലയിൽ വിട്ട് കളഞ്ഞു.. ക്ലാസ്സ് എടുക്കുമ്പോ ഫോണിലും മറ്റുമായി വേറെ ഏതോ ലോകത്താണ് സ്റ്റുഡന്റ്സ്…അവരെ പറഞ്ഞിട്ടും കാര്യമില്ല, എന്നെ ഒരു അധ്യാപകനായിട്ട്‌ കാണാൻ അവർക്കും കഴിയില്ലായിരിക്കും…എന്തൊക്കെ ആയാലും ഞാൻ അവരുടെ അധ്യാപകൻ അല്ലേ, അവന്റെ കർത്തവ്യം അവൻ നല്ല രീതിക്ക് നിർവഹിച്ചു… ക്ലാസ്സിൽ ശ്രദ്ധിക്കേണ്ടവർക്ക് ശ്രദ്ധിക്കാം എന്ന നിലപാടിൽ വിനീത് ക്ലാസെടുത്തു…

മറ്റുള്ളവരുടെ കളിയാക്കലുകളും മറ്റും കൊണ്ട് ക്ലാസിലെ പല കുട്ടികൾക്കും അവനോട് സഹതാപം തോന്നിയിരുന്നു…ഒരിക്കൽ സഹി കെട്ടപ്പോൾ പ്രിൻസിപ്പലിന് പരാതി കൊടുത്തു.. ഒരു ഉപദേശം എന്നോണം അവരെ വിളിച്ച് പ്രിൻസിപ്പൽ വഴക്ക് പറഞ്ഞു..

ഒരിക്കൽ ക്ലാസിലേക്ക് വന്നപ്പോ ‘ കുള്ളൻ സാറിന് സ്വാഗതം ‘ എന്ന് ബോർഡിൽ എഴുതിയത് അവനെ നന്നേ തളർത്തി… അവർക്കെതിരെ പരാതി നൽകിയതിനുള്ള പ്രതികാരം ആയിരുന്നു..പലപ്പോഴും അവന് തോന്നിയിരുന്നു ഈ ജോലി തിരഞ്ഞെടുക്കേണ്ടിയിരുന്നില്ല എന്ന്..

ഒരിക്കൽ കോളേജ് മാസിക പ്രകാശനം ചെയ്യുന്ന ദിവസം സ്റ്റേജിൽ അത്രയും വിദ്യാർഥികളുടെയും അധ്യാപകരുടെയും മുന്നിൽ വെച്ച് ഒരു കളിപ്പാവ എന്നോണം അവനെ അപമാനിച്ചു…അതിനു ശേഷം എന്തെങ്കിലും പ്രോഗ്രാം ഉണ്ടെങ്കിൽ മനഃപൂർവം ഒഴിഞ്ഞു നിൽക്കും..

ശരിക്കും അവരുടെ ഒരു നേരമ്പോക്ക് തന്നെയായിരുന്നു അവൻ..വിനീതിന് ഉണ്ടാകുന്ന മാനക്കേടോ ഒന്നും തന്നെ അവരു ചിന്തിച്ചില്ല..എന്തിനേറെ പറയുന്നു ഒരു അധ്യാപകൻ എന്ന സ്ഥാനം പോലും ഇല്ലായിരുന്നു..

കോളേജ് ഡേ ദിവസം സ്റ്റുഡന്റ്സിന്റെ ഫണ്ണി വീഡിയോസ് പ്രദർശനത്തിൽ ആ പാവം മാഷിനെ കരുവാക്കിയുള്ള വീഡിയോ അവരവിടെ പ്രദർശിപ്പിച്ചു… ആ പാവം മാഷ് അറിയാതെ കോളേജ് വരാന്തയിലൂടെ നടക്കുന്നതും മറ്റും അവൻ അറിയാതെ പകർത്തി, കുള്ളൻ എന്ന സംബോധന ചെയ്തും വളരെ ക്രൂരമായി തന്നെ വിനീതിനെ അപമാനിച്ചു…

തന്റെ പൊക്കക്കുറവിനെ അവൻ ആ നിമിഷം ശപിച്ചു..ഈ ലോകം ഒരിക്കലും മാറില്ല എന്ന് അവൻ മനസ്സിൽ ഉറപ്പിച്ചു… വലിയ സ്ക്രീനിൽ ആ വീഡിയോ കണ്ട എല്ലാ പെൺകുട്ടികളും പൊട്ടി ചിരിച്ചു..എല്ലാവർക്കും ആഘോഷിക്കാൻ ആ അധ്യാപകന്റെ ഉയരക്കുറവിനെ കരുവാക്കി..അത് മൂലം ആ പാവത്തിന് ഉണ്ടാവുന്ന മാനക്കേട് ആ പൊട്ടിച്ചിരികൾക്കിടയിൽ ആരും തന്നെ ഓർത്തില്ല…ഇതൊക്കെ കണ്ട് മറ്റു അധ്യാപകരും ആ പെൺകുട്ടികളുടെ ചെയ്തിയെ തടയാൻ വന്നു.. വീഡിയോ ഓഫ് ചെയ്തു..

വിനീത് ആ സദസ്സിൽ നിന്നും നിറഞ്ഞ കണ്ണുകളുമായി ഇറങ്ങി പോയി.. പ്രിൻസിപ്പൽ പിറ്റേന്ന് തന്നെ അവരുടെ മാതാപിതാക്കളെ വിളിപ്പിച്ച് എല്ലാരേയും മൂന്ന് മാസം സസ്പെൻഡ് ചെയ്തു..പക്ഷേ അത് കൊണ്ടൊന്നും അവരു ചെയ്ത തെറ്റ് തിരുത്താൻ കഴിയുന്നില്ല…

അശ്വതി എന്ന പെൺകുട്ടി തന്നെയായിരുന്നു ഇതിനൊക്കെ മുമ്പിൽ.. സാധാരണ ഒരു ഗ്യാങ്ങിൽ ഉള്ളത് പോലെ അശ്വതി കാശുള്ള വീട്ടിലെ പെൺകുട്ടി ആയിരുന്നില്ല… ഒരു സാധാരണ കുടുംബത്തിലെ കുട്ടിയായിയിരുന്നു…

ഒരു തമാശക്ക് ചെയ്തതാണെന്നും തന്റെയും ഫ്രണ്ട്സിന്റെയും സസ്പെൻഷൻ പിൻവലിക്കാൻ പ്രിസിപ്പലിനോട് പറയണമെന്നും പറഞ്ഞ് അശ്വതി വിനീതിനെ സമീപിച്ചു… എന്നാല് അവരോട് ഒന്ന് ദേഷ്യപെടാണോ ഒന്ന് സംസാരിക്കാനോ കഴിയാത്ത വിധം ആ മാഷ് തകർന്നു പോയിരുന്നു…

ഒരു മാസത്തിനു ശേഷം കുറച്ച് ബുദ്ധിമുട്ടിയാണെങ്കിലും കോളേജിൽ നിന്നും ഒരു സ്കൂളിലേക്ക് സ്ഥലമാറ്റം വാങ്ങി വിനീത് അവിടുന്ന് പോയി…അത്രയും ശമ്പളം ഉള്ള ജോലി വേണ്ടെന്ന് വെച്ച് കുറഞ്ഞ ശമ്പളത്തിൽ സ്കൂൾ മാഷായി ജോയിൻ ചെയ്തതിനെ പലരും എതിർത്തു..

ഒരു സ്കൂളിലെ മലയാളം അധ്യാപകന് കിട്ടുന്ന സ്നേഹത്തിനും സ്ഥാനത്തിനും അപ്പുറം ഒരു സ്ഥാനം വിനീതിന് ആ സ്കൂളിലെ കുട്ടികളും മറ്റു അധ്യാപകരും കൊടുത്തു… അവനവിടെ സന്തോഷവാനായിരുന്നു…

ഇന്നിപ്പോ മൂന്ന് വർഷം കഴിഞ്ഞു വിനീത് ആ സ്കൂളിൽ അധ്യാപകനായി ജോലി ചെയ്യാൻ തുടങ്ങിയിട്ട്…ഒരു തനി നാട്ടിൻപുറത്തിന്റെ എല്ലാ നന്മയും അവനെ തേടിയെത്തി..

ഇന്ന് സ്കൂൾ യുവജനോത്സവത്തിന് ഒപ്പനക്ക്‌ മാർക്കിടാൻ ഇരുന്നപ്പൊഴാണ് അശ്വതിയെ കണ്ടത്…കഴിഞ്ഞതോക്കെ ഒരൊറ്റ നിമിഷം കൊണ്ട് അവൻ ഓർത്തെടുത്തു… സെറ്റ് സാരിയും ഉടുത്തു കൊണ്ടാണ് അവളുടെ വരവ്..

ഓഫീസിൽ തിരക്കിയപ്പോ ആണ് അറിഞ്ഞത് മലയാളം അധ്യാപികയുടെ ട്രെയിനിംഗ് ആയിട്ടാണ് അവള് ഇവിടെ വന്നത്… ഇന്നലെയാണ് വന്നു തുടങ്ങിയത്..താൻ കഴിഞ്ഞ നാല് ദിവസം ലീവ് ആയത് കാരണം അറിഞ്ഞിരുന്നില്ല…അന്നത്തെ ദിവസം മനഃപൂർവം അശ്വതിയുടെ കൺമുന്നിൽ പെടാതെ നടന്നു..

അടുത്ത ക്ലാസ്സ് തുടങ്ങുന്ന ദിവസം അശ്വതിയെ പ്രധാന മലയാള അധ്യാപകനെ കണ്ടിട്ട് ക്ലാസെടുക്കാൻ പോയാൽ മതിയെന്നും പറഞ്ഞ് ഹെഡ് മാസ്റ്റർ വിനീതിന്റെ അടുത്തേക്ക് പറഞ്ഞു വിട്ടു..

കോളേജിൽ തന്നെ പഠിപ്പിച്ചിരുന്ന മാഷിനെ കണ്ട അശ്വതി പകച്ചു നിന്നുപോയി.. അവളുടെ തൊണ്ട വരണ്ടു..ഒരു ക്ഷമാപണം പറയാൻ പോലും നാവ് പൊങ്ങിയില്ല..

“ഒരു അധ്യാപകനെ മാനിക്കാത്ത താനെങ്ങനെ ഈ ജോലിക്ക് വന്നു” എന്ന അവന്റെ ചോദ്യത്തിന് മുന്നിൽ അവള് ഉത്തരം മുട്ടി നിന്നു…ഒമ്പത് ബി യില് രജിസ്റ്റർ എടുത്ത് കൊടുത്തിട്ട് ക്ലാസിലേക്ക് പൊക്കൊ എന്ന് പറഞ്ഞു…

അശ്വതിയുടെ ട്രെയിനിംഗ് കഴിയുന്നത് വരെ അവളോട് മിണ്ടാനോ മറ്റോ അവൻ ശ്രമിച്ചില്ല.. ട്രെയിനിങ് കഴിയാൻ രണ്ടു ദിവസം ഉള്ളപ്പോൾ അശ്വതിയും അവളുടെ കൂടെയുള്ള ട്രെയിനിംഗ് ടീച്ചറും കൂടി വിനീതിന്റെ അടുത്തേക്ക് അവരുടെ ട്രെയിനിംഗ് പിരീഡ് മാർക്ക് ഇടാൻ കൊണ്ടു വന്നത്..

അവളുടെ കൂടെയുള്ള ടീച്ചർക്ക് ഫുൾ മാർക്കും കൊടുത്ത് ഗ്രീൻ കോളത്തിൽ ഒരു ടിക് കൊടുത്താണ് വിട്ടത്…അപ്പോഴും അശ്വതി അവന് മുന്നിൽ വിയർത്തു കൊണ്ട് നിൽക്കുന്നുണ്ട്…

“അശ്വതി ടീച്ചർക്ക് ഞാൻ റെഡ് മാർക്കാണ് തരുന്നത്…ഒരു അധ്യാപകനെ ബഹുമാനിക്കാത്ത ടീച്ചർ എങ്ങനെയാണ് കുട്ടികളെ പഠിപ്പിക്കുന്നത്..അത് മാത്രമല്ല കുട്ടികൾ എന്നും തന്നെ കുറിച്ച് പരാതിയാണ്..”

നിറഞ്ഞ കണ്ണുകളോടെ അശ്വതി പറഞ്ഞു,

‘ മാഷേ എന്നോട് ക്ഷമിക്കണം, ഇപ്പൊ ഇവിടെ എനിക്ക് റെഡ് മാർക്ക് വീണാൽ പിന്നീട് ഒരിക്കലും ടീച്ചർ ആയിട്ട് ജോലി എവിടെയും കിട്ടില്ല.. എന്റെ അച്ഛനും അമ്മയ്ക്കും ഞാൻ മാത്രേ ഉള്ളൂ..ഈ ജോലി ഇപ്പൊ എനിക്ക് അത്യാവശ്യമാണ്..ഒരുപാട് നാളത്തെ സ്വപ്നമാണ് ഈ അധ്യാപിക ജോലി..’

“അശ്വതി, തനിക്ക് ഒരു നാണക്കേടും തോന്നുന്നില്ലേ ഇങ്ങനെ പറയാൻ..! കുറച്ച് വർഷങ്ങൾക്ക് മുമ്പ് എന്നെ കുള്ളനെന്നും മറ്റും വിളിച്ച് അപമാനിച്ചും കളിയാക്കിയും ആ കോളേജിൽ കിടന്ന് നിറഞ്ഞാടിയ താൻ ഒരിക്കൽ തനിക്കും ഒരു ദിവസം വരുമെന്ന് കരുതിയില്ല..എന്നെ വ്യക്തിപരമായി പറഞ്ഞത് ഞാൻ ക്ഷമിച്ചു അന്നെ…പക്ഷേ ഒരു അധ്യാപകൻ എന്ന നിലയ്ക്ക് എങ്കിലും ഒരു ബഹുമാനം തരാമായിരുന്നൂ…”

‘ മാഷേ ഞാൻ….!’

“എനിക്ക് അമ്മ മാത്രേ ഉള്ളൂ..കുറെ കഷ്ടപ്പെട്ട് നേടിയെടുത്ത ജോലിയാണ് ഇത്..ഇപ്പൊ അശ്വതി പറഞ്ഞത് പോലെ ഒരുപാട് സ്വപ്നങ്ങളുമായി വന്നതാണ് ഞാനന്ന് ആ കോളേജിൽ, പക്ഷേ…!

ഇല്ല, ഞാൻ ഒരിക്കലും ഇന്നേ വരെ ആരെയും അറിഞ്ഞുകൊണ്ട് ദ്രോഹിച്ചിട്ടില്ല..ഇവിടെ ഇപ്പൊ എനിക്ക് തന്നോട് പകരം വീട്ടാൻ കഴിയും..ഒരു മാഷെന്ന നിലയ്ക്ക് ഞാൻ ഒരിക്കലും അങ്ങനെ ചെയ്യില്ല..”

അതും പറഞ്ഞ് അശ്വതിയുടെ റെക്കോർഡിൽ ഗ്രീൻ മാർക്ക് ടിക് ചെയ്തു വിനീത്…അവൾക്ക് ആ നിമിഷം ഒരു വാക്ക് പോലും പറയാൻ കഴിഞ്ഞില്ല.. കണ്ണീര് മാത്രമായിരുന്നു അവളുടെ മറുപടി…

“പലപ്പോഴും എന്റെ ഈ ഉയരമില്ലാത്ത രൂപത്തെ ഞാൻ ശപിച്ചിട്ടുണ്ട്…പക്ഷേ ഇപ്പൊ എനിക്ക് അഭിമാനമാണ്, കാരണം, കളിയാക്കിയവരുടെ മുന്നിൽ ഇന്ന് ഞാൻ തല ഉയർത്തി തന്നെ നിൽക്കുന്നു… “

‘ മാഷേ ഞാൻ…!’

അവളുടെ മറുപടിയെ തടഞ്ഞു കൊണ്ട് അവൻ പറഞ്ഞു,

“വേണ്ട അശ്വതി എന്താണ് പറയാൻ പോകുന്നതെന്ന് എനിക്ക് ഊഹിക്കാൻ കഴിയും…ഇനി താൻ ജോലി ചെയ്യാൻ പോകുന്ന സ്കൂളിൽ അവിടുത്തെ കുട്ടികളുടെ തന്നോടുള്ള സാമീപ്യം തന്റെ ചെയ്തികൾ പോലെയിരിക്കും…എന്റെ കണ്ണീര് ഒരിക്കലും അശ്വതിക്ക് ശാപം ആവില്ല..”

എല്ലാം കേട്ട് ഒന്നും മിണ്ടാതെ അവള് തിരിഞ്ഞു നടന്നപ്പോ അവൻ പറഞ്ഞു,

“പിന്നെ ഒരു കാര്യം കൂടി, താൻ ഇനി പെർമനന്റ് ആയി പോകുന്നത് സ്കൂൾ ഒന്നുമല്ല…ഒരു വലിയ കോളേജ് ആണ്..അവിടുത്തെ മലയാളം ഡിപ്പാർട്ട്മെന്റിലെ പ്രധാന അധ്യാപികയായി “രേണുക” ഉണ്ട്… വേറാരുമല്ല, അവളെന്റെ ഭാര്യയാണ്..തന്നോട് ഒരു കുസൃതി എന്ന നിലയ്ക്ക് ഇത്രയെങ്കിലും ചെയ്യണ്ടേ അശ്വതി ടീച്ചറെ…! മൂന്ന് വർഷം മുമ്പ് എന്റെ ജീവിതത്തിലേക്ക് വന്നതാണ് രേണുക…അന്ന് മുതൽ ജീവിതത്തിൽ വിജയിച്ചിട്ടെ ഉള്ളൂ ഞാൻ.. എല്ലാത്തിനും താങ്ങായി എന്റെ അമ്മയും കൂടെയുണ്ട്…ഉയരമൊന്നും വേണ്ടടോ..;”

അതും പറഞ്ഞ് അവളുടെ മുന്നിലൂടെ വിനീത് എണീറ്റ് നടന്നപ്പോ സമൂഹത്തിലെ അവന്റെ സ്ഥാനം അവന്റെ ഉയരത്തേക്കൾ മുകളിൽ എത്തിയിരുന്നു….

~ജിഷ്ണു രമേശൻ