പുറത്ത് ഫ്ലാറ്റെടുത്ത് താമസിക്കുന്ന പകുതിയിൽ കൂടുതൽ കുട്ടികളും വീട്ടിൽ അറിയിക്കാതെയാണ് മറ്റ് കുട്ടികളോടൊപ്പം റൂം ഷെയർ….

രചന: ഷാൻ കബീർ

======================

“ഇക്കാ, എന്നെയൊന്ന് ഇന്ന് രാത്രി ഒരുമണിക്ക് ആ ഫ്ലാറ്റിന്റെ (ആ ഫ്ലാറ്റിന്റെ പേരിവിടെ ഞാൻ പറയുന്നില്ല) പിറകിലത്തെ മതിലുചാടാൻ സഹായിക്കോ…”

ഞാൻ അനുവിനെ അടിമുടിയൊന്ന് നോക്കി

“അല്ല, കുറേ ആയല്ലോ കണ്ടിട്ട്… നീ ആളാകെ മാറിയല്ലോ”

തീരെ നീളം കുറഞ്ഞ ഷോട്സും അതിനൊത്ത ഉടുപ്പുമായിരുന്നു അവളുടെ വേഷം. ആ വേഷത്തിൽ അനുവിനെ കണ്ടപ്പോൾ എന്റെ മനസ്സ് രണ്ട് മാസം പിറകോട്ട് പോയി. അച്ഛന്റേയും അമ്മയുടേയും ഒപ്പം ചെന്നൈയിലുള്ള പ്രശസ്തമായ ഒരു കോളേജിലേക്ക് മെഡിക്കൽ വിദ്യാഭ്യാസത്തിനായി വന്ന അനുവിനെ ആദ്യമായി കണ്ടത് ഞാൻ ഓർത്തു.

വളരേ നാണം കുണുങ്ങിയായ കൂടുതൽ സംസാരിക്കാത്ത നല്ല അച്ചടക്കമുള്ള കുട്ടി. നല്ല ഐശ്വര്യമുള്ള മുഖം. നെറ്റിയിൽ ചന്ദനക്കുറി. മാന്യമായ വസ്ത്രരീതി. കോളേജിന് തൊട്ടടുത്ത് എനിക്ക് ഷോപ്പുണ്ട്. അവിടെ ഏറ്റവും കൂടുതൽ അറിയപ്പെട്ടിരുന്നതും കൂടുതൽ സ്റ്റുഡന്റ്സ് വന്നിരുന്നതും എന്റെ ഷോപ്പിലായിരുന്നു. കുട്ടികളൊക്കെ ഞാനുമായി നല്ല കമ്പനി ആയിരുന്നു. എന്റെ തുറന്നുള്ള സംസാര രീതി ആയിരിക്കാം അവർക്ക് ഞാൻ പ്രിയപ്പെട്ട ഇക്കയായി മാറാനുള്ള കാരണം.

അങ്ങനെ കോളേജ് ഹോസ്റ്റലിൽ താമസം തുടങ്ങിയ അനു രണ്ട് കൂട്ടുകാരികളുമൊത്ത് ആഴ്ച്ചയിൽ ഒരു ദിവസം എന്റെ ഷോപ്പിൽ വരും. എന്റെ തമാശയൊക്കെ കേട്ട് പൊട്ടിച്ചിരിച്ച് കുറേസമയം അവിടെയിരുന്ന് വർത്താനം പറഞ്ഞിട്ടാണ് പോവാറ്. കോളേജ് ഹോസ്റ്റൽ അല്ലാതെ പ്രൈവറ്റായി ഒരുപാട് ഹോസ്റ്റലുകളും ഉണ്ടവിടെ. അഞ്ചാറ് പേർ ചേർന്ന് ഷെയർ ചെയ്ത് താമസിക്കുന്ന ഫ്ലാറ്റുകളും ഉണ്ട്.

ഇതിൽ റൂം ഷെയർ ചെയ്ത് താമസിക്കുന്ന കുട്ടികളെ അസൂയയൂടെയാണ് കോളേജ് ഹോസ്റ്റലിൽ താമസിക്കുന്ന കുട്ടികൾ നോക്കി കണ്ടിരുന്നത്. കോളേജ് ഹോസ്റ്റലിൽ എല്ലാത്തിനും ലിമിറ്റേഷൻസ് ഉണ്ട്, പക്ഷേ പുറത്ത് താമസിക്കുന്നവർക്ക് അതില്ല. ഇഷ്ടമുള്ള പോലെ ലൈഫ് ആസ്വദിച്ച് നടക്കാം. അവർക്ക് അതിർവരമ്പുകളില്ല.

ഇതറിയാവുന്ന മിക്കവാറും മാതാപിതാക്കൾ കുട്ടികളെ കോളേജ് ഹോസ്റ്റലിൽ ആക്കിയാണ് പോവാറ്. പക്ഷേ, ആദ്യമൊക്കെ കുട്ടികൾ അഡ്ജസ്റ്റ് ചെയ്യുമെങ്കിലും പുറത്തിറങ്ങി നടക്കാൻ തുടങ്ങുമ്പോഴും പുതിയ കൂട്ടുകെട്ടുകൾ വന്ന് ചേരുമ്പോഴും അവർക്ക് കോളേജ് ഹോസ്റ്റൽ ജയിലിന് തുല്യമായി മാറിയിരിക്കും. ഒരേ ക്ലാസ്സിൽ പഠിക്കുന്ന പലരും പുറത്ത് താമസിക്കുന്നവർ ആയിരിക്കും. അവരുടെ അടിച്ച് പൊളിയുടെ കഥ കേട്ട്കേട്ട് കോളേജ് ഹോസ്റ്റലിൽ താമസിക്കുന്നവർക്ക് വല്ലാത്തൊരു കൊതി തോന്നും. ഇഷ്ടമുള്ള ഫുഡ്‌ കഴിച്ച്, വൈകിയാലും കണ്ണുരുട്ടി കാണിക്കാൻ വാർഡൻ ഇല്ലാത്ത, ഒരുപാട് സൗഹൃദങ്ങൾക്കൊപ്പമുള്ള ഒരു ലൈഫ്. അങ്ങനെ പാറി പാറി നടക്കാൻ.

പുറത്ത് ഫ്ലാറ്റെടുത്ത് താമസിക്കുന്ന പകുതിയിൽ കൂടുതൽ കുട്ടികളും വീട്ടിൽ അറിയിക്കാതെയാണ് മറ്റ് കുട്ടികളോടൊപ്പം റൂം ഷെയർ ചെയ്യുന്നത്. മാതാപിതാക്കളോട് കോളേജ് ഹോസ്റ്റലിലാണ് താമസം എന്ന് പറയും.

ഇനി ഞാൻ പറയാൻ പോവുന്നത്, പുറത്ത് പഠിക്കുന്ന എല്ലാ കുട്ടികളേയും കുറിച്ചല്ല. ഞാൻ എന്റെ കണ്ണ് കൊണ്ട് കണ്ട, എന്നെ ഞെട്ടിപ്പിച്ച ചില കുട്ടികളെ കുറിച്ച് മാത്രമാണ്.

ഞാൻ നേരത്തെ പറഞ്ഞ അനുവിന്റെ കാര്യം തന്നെ എന്നെ ഒരുപാട് അത്ഭുതപ്പെടുത്തിയതാണ്. കോളേജ് ഹോസ്റ്റലിൽ താമസിച്ച് തന്റെ നല്ല ഭാവിക്കായി കഷ്ടപ്പെട്ട് പഠിച്ച് ആഴ്ച്ചയിൽ ഒന്നോ രണ്ടോ തവണ പുറത്തിറങ്ങി ഇഷ്ടമുള്ള ഭക്ഷണമൊക്കെ കഴിച്ച് കളിച്ച് ചിരിച്ച് നടന്നിരുന്ന അവൾ പെട്ടെന്നാണ് മാറിയത്. പുതിയ കൂട്ടുകെട്ടുകൾ അവളെ മാറ്റി എന്ന് പറയുന്നതാവും ശരി.

ക ഞ്ചാ വും ഡ്ര ഗും അടിച്ച് രാത്രി പകലാക്കി ബോധമില്ലാതെ നടക്കുന്ന ഒരുകൂട്ടമായിരുന്നു അവളുടെ പുതിയ കൂട്ട്. അവരുടെ റൂമിലേക്ക് സ്ഥിരമായി ഫുഡ്‌ ഡെലിവറി ചെയ്യാൻ പോവുന്ന ഡെലിവറി ബോയ് പറഞ്ഞത്

“ന്റെ ഇക്കാ, ആ റൂമിന്റെ അടുത്ത് എത്തുമ്പോൾ തന്നെ വല്ലാത്തൊരു നാറ്റമാണ്. അസഹനീയമായ നാറ്റം. റൂമിന്റെ വാതിൽ തുറന്നാൽ ക ഞ്ചാ വിന്റെ പു കമ.യമാണ്, കുത്തുന്ന ക ഞ്ചാ വിന്റെ മണം മൂക്കിലേക്ക് തുളച്ച് കയറും. ആണും പെണ്ണും മടിയിൽ ഇരുന്നും, മുകളിൽ കിടന്നും മത്സരിച്ച് വലിക്കാവും അപ്പോൾ. അതിൽ ചിലർ പൂർണ ന ഗ്ന ർ ആയിരിക്കും. അവർ നമ്മളെ ശ്രദ്ധിക്കുക പോലുമില്ല. കുറച്ച് ബോധമുള്ള ആരെങ്കിലും വന്ന് വാതിൽ തുറക്കും ഫുഡ്‌ മേടിച്ച് വെക്കും. ചില സമയത്ത് ഫുഡ്‌ ഓർഡർ ചെയ്ത കാര്യം പോലും അവർ മറന്നിട്ടുണ്ടാകും”

ദിവസങ്ങൾ പഴക്കമുള്ള ഉപയോഗിച്ച കോണ്ടങ്ങൾ അങ്ങിങ്ങായി വലിച്ചെറിഞ്ഞ, ഡ്ര ഗും ക ഞ്ചാ വും വലിച്ച് കയറ്റി ബോധമില്ലാതെ പറക്കുന്നവരുടെ, കൂട്ടം കൂടി ര തി ആസ്വദിക്കുന്നവരുടെ, അടിച്ച് പൊളിക്കാൻ ചിലവിന് പണം തികയാതെ വരുമ്പോൾ ക ഞ്ചാ വ് വിറ്റ് അതിന്റെ കമ്മീഷൻ പറ്റുന്ന, തന്റെ മാനത്തിന് ഒരു യൂസ് ആൻഡ് ത്രോ ഗ്ലാസ്സിന്റെ വിലപോലും കൽപിക്കാത്ത, അമിതമായ ല ഹ രി ഉപയോഗം കാരണം സ്വബോധം നഷ്ടപ്പെട്ട് പിച്ചും പേയും പറഞ്ഞ് അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന, ബോധമില്ലാതെ ഡ്രൈവ് ചെയ്ത് മരണത്തിലേക്ക് ഓടി കയറുന്ന ഒരുപാട് കുട്ടികൾ അവിടെ ഇപ്പോഴുമുണ്ട്…

അവരൊക്കെ എന്തോ വലിയ സംഭവം ആണെന്ന് കരുതി അവരോട് കൂട്ടുകൂടാൻ അടങ്ങാത്ത ആഗ്രഹവും കൊണ്ട് മതിലുചാടാൻ ഒരുങ്ങി നിൽക്കുന്ന അനുമാർക്ക്‌ ഒരു പഞ്ഞവുമില്ല അവിടെ…

ഫ്ലാറ്റിൽ മെമ്പർ അല്ലാത്തവർക്ക് രാത്രിയിൽ അകത്ത് കടക്കാൻ സാധിക്കില്ല. അതുകൊണ്ട് ആരോ അബോധാവസ്ഥയിൽ പറഞ്ഞ് കൊടുത്ത ഐഡിയയാണ് മതിലുചാട്ടം. നീ മതില് ചാടി വന്നാൽ റൂമിൽ എത്തിക്കുന്ന കാര്യം ഞങ്ങളേറ്റു എന്ന് ആരോ പറഞ്ഞു പോലും.

ഞാൻ അനുവിനെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചു. അവൾ അതൊന്നും ശ്രദ്ധിച്ചില്ല. എങ്ങനെയെങ്കിലും ഫ്ലാറ്റിന്റെ അകത്ത് കടക്കാൻ അവളുടെ മനസ്സ് വല്ലാണ്ട് തുടിക്കുന്നുണ്ടെന്ന് അവളുടെ മുഖത്ത് നിന്നും എനിക്ക് വായിച്ചെടുക്കാൻ പറ്റി. തിരിച്ച് ഈ സമയത്ത് ഹോസ്റ്റലിലേക്ക് പോവാനും പറ്റില്ല. കുറച്ച് കഴിഞ്ഞപ്പോൾ അവൾ വിളിച്ചപ്പോൾ ഫ്ലാറ്റിലുള്ളവർ ഫോൺ എടുക്കുന്നുമില്ല. എല്ലാം മയക്കുമരുന്നും അടിച്ച് ബോധമില്ലാതെ കിടക്കാണ്.

ഇനിയെന്ത് ചെയ്യും എന്ന് ആലോചിച്ച് അവൾ പേടിക്കാൻ തുടങ്ങി. ഞാൻ അവളെ ആശ്വസിപ്പിച്ചു. എനിക്കറിയാവുന്ന സ്റ്റുഡൻസിനെ വിളിച്ച് ഞാൻ അനുവിനെ ഇന്ന് രാത്രി താമസിക്കാൻ ഒരു സ്ഥലം ഏർപ്പാടാക്കാൻ പറഞ്ഞു. റിയയും കൂട്ടുകാരികളും വന്ന് അനുവിനെ അവരുടെ മുറിയിലേക്ക് കൊണ്ടുപോയി…

റിയ, അവൾ പഠിക്കുന്നതും അതേ കോളേജിലാണ്. അവൾ താമസിക്കുന്നത് മറ്റ് കൂട്ടുകാരികൾക്കൊപ്പം റൂം ഷെയർ ചെയ്താണ്. അവൾക്കും അവിടെ എന്ത്‌ വേണമെങ്കിലും ആവാം… പക്ഷേ, അവൾ വന്നത് പഠിക്കാൻ ആയിരുന്നു, പഠിച്ച് തന്റെ ലക്ഷ്യത്തിലേക്ക് എത്താൻ വേണ്ടി കഠിനമായി ശ്രമിക്കുന്നവൾ.

പിറ്റേദിവസം, അനുവിന്റെ അമ്മയെ വിളിച്ച് നടന്നതൊക്കെ ഡീറ്റെയിൽഡ് ആയി പറഞ്ഞുകൊടുത്ത് അടുത്ത ട്രെയിനിൽ അവരെ ചെന്നൈക്ക് എത്തിച്ചിട്ട് റിയ എന്നെ നോക്കി പറഞ്ഞൊരു വാക്കുണ്ട്…

“ഇക്കാ, ഇവിടെ പഠിക്കാൻ വന്ന പഠിക്കണം. അല്ലാണ്ട് വഴിതെറ്റി പോവാൻ ആണേൽ ഇത്രേം ദൂരം ട്രെയിൻ യാത്ര ചെയ്ത് ഇങ്ങോട്ട് വരണോ…? നമ്മുടെ നാട്ടിൽ തന്നെ അതിനുള്ള ധാരാളം സ്ഥലങ്ങളും കൂട്ടുകെട്ടുകളും ഉണ്ടല്ലോ… ഇങ്ങനെയുള്ള അനുമാരെയൊക്കെ കയ്യോടെ വീട്ടുകാരെ ഏൽപ്പിക്കണം, അതിൽ ഒരു പാവോം കരുതിയിട്ട് കാര്യമില്ല. ഇപ്പൊ പറഞ്ഞില്ലേൽ, നഷ്ടം ആ കുടുംബത്തിന് മാത്രാണ്. ചുറ്റും കൂടിയിരുന്ന് ക ഞ്ചാ വ് വലിച്ചവരൊന്നും ജോലിയില്ലാതെ തെണ്ടി തിരിഞ്ഞാൽ നോക്കാൻ ഉണ്ടാവില്ല. സ്വന്തം അച്ഛനും അമ്മയും മാത്രേ ഉണ്ടാവൂ”

~ഷാൻ കബീർ