നിൻ്റെ ഓർമയിൽ
Story written by Angel Kollam
===================
സ്മിത ജനാല വാതിൽ തുറന്നിട്ട് പുറത്തേക്ക് നോക്കി.. ജനലിൽ കൂടി സൂര്യ രശ്മികൾ അകത്തേക്ക് അരിച്ചിറങ്ങി വന്നപ്പോൾ അവളുടെ കണ്ണുകൾ പതിയെ അടഞ്ഞു പോയി.. കഴിഞ്ഞ ഒരു മാസമായി താൻ ഈ ജനാലകൾ തുറന്നിട്ടെന്ന് അവൾക്ക് പെട്ടന്നോർമ്മ വന്നു.. ഒരു മാസമായി ആരോടും ബന്ധമില്ലാതെ അടച്ചിട്ട ഈ റൂമിനുള്ളിൽ താൻ മാത്രം.. തന്നെ അന്വേഷിച്ചു വരാനും തനിക്കെന്ത് പറ്റിയെന്ന് തിരക്കാനും അടുപ്പമുള്ള ആരും തനിക്കില്ല…
പുറത്തെ നിരത്തിൽ കളിക്കുന്ന കുട്ടികളുടെ ശബ്ദം കേൾക്കാമായിരുന്നു.. പെട്ടെന്ന് ചഞ്ചലിന്റെ ശബ്ദം കേട്ടത് പോലെ തോന്നി..
“മാ.. ഇവിടെ പുറത്തെ കാഴ്ചയും കണ്ടു നിൽക്കുവാണോ? എനിക്ക് പോകാൻ ടൈം ആയി “
“ദാ.. വരുന്നു മോളെ “
സ്മിത തിരിഞ്ഞു നോക്കിയതും അവിടെ ആരും ഉണ്ടായിരുന്നില്ല.. മോളുടെ ശബ്ദം കേട്ടെന്ന് തോന്നിയത് വെറുതെ ആയിരുന്നു.. എല്ലാം തന്റെ മനസിന്റെ തോന്നലുകൾ..ഒരിക്കലും തിരിച്ചു വരാനാകാത്ത യാത്രയിലേക്ക് ചഞ്ചൽ പോയെന്ന് തനിക്കിപ്പോളും വിശ്വസിക്കാൻ കഴിയുന്നില്ല..
സ്മിത ആ ജനൽ ചേർത്തടച്ചു.. വേണ്ട ഈ ശബ്ദവും പുറത്തെ പ്രകാശവും ഒന്നും തനിക്ക് വേണ്ട.. ഇരുട്ടാണ് ഇപ്പോൾ തനിക്കേറ്റവും പ്രിയപ്പെട്ടത്..
ഹാളിലെ ഭിത്തിയിൽ ബാലാജിയുടെ ഫോട്ടോയോട് ചേർന്ന് ചില്ലിട്ടു വച്ചിരിക്കുന്ന ചഞ്ചലിന്റെ ഫോട്ടോയിലേക്ക് നോക്കിയപ്പോൾ സ്മിതയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.. എത്ര നിയന്ത്രിക്കാൻ ശ്രമിച്ചാലും ഓർമ്മകൾ തന്നെ ശ്വാസം മുട്ടിക്കുകയാണ്.. ആ ഫോട്ടോയിലേക്ക് നോക്കിക്കൊണ്ടവൾ ചോദിച്ചു..
“ഞാൻ തനിച്ചാണെന്ന് അറിയാമായിരുന്നില്ലേ മോളെ.. എന്നിട്ടും എന്നെന്നേക്കുമായി എന്നെ ഈ ഇരുട്ടിൽ തള്ളിയിട്ടിട്ട് പോകാൻ നിനക്ക് എങ്ങനെ കഴിഞ്ഞു?”
ആ ചോദ്യത്തിന് മറുപടി കിട്ടില്ലെന്ന് സ്മിതയ്ക്ക് അറിയാമായിരുന്നു.. അല്ലെങ്കിൽ തന്നെ ആരാണ് മറുപടി പറയുന്നത്? ഈ ലോകത്തിൽ ആരുമില്ലാതെ തനിച്ചായി പോകുന്നവരുടെ വേദന എത്ര വലുതാണെന്ന് തനിക്കിപ്പോൾ അറിയാം.. അവരെല്ലാം സ്വയം സംസാരിക്കുന്നുണ്ടായിരിക്കും.. തന്റെ സംസാരശേഷി നഷ്ടപ്പെട്ടിട്ടില്ലെന്ന് സ്വയം ബോധ്യപെടുത്താനെന്നവണ്ണം സ്മിതയും സംസാരിച്ചു കൊണ്ടിരുന്നു..
ബാലാജിയുടെ ഫോട്ടോയിലെ ചിരിക്കുന്ന മുഖത്തേക്ക് നോക്കി അവൾ പരിഭവം പറഞ്ഞു..
“ബാലൂ.. മിടുക്കനാണ് കേട്ടോ.. അവിടെ തനിച്ചായത് കൊണ്ടാണോ മോളെ ഒപ്പം കൂട്ടിയത്..”
ഹാളിലെ ഒരു കസേരയിൽ ചാരി ഇരുന്നു കൊണ്ട് സ്മിത കണ്ണുകളടച്ചു..
ഇരുപത്തഞ്ച് വർഷങ്ങൾക്ക് മുൻപാണ് സ്മിത കേരളത്തിൽ നിന്നും മഹാരാഷ്ട്രയിലേക്ക് വന്നത്.. അച്ഛന്റെയും അമ്മയുടെയും മരണ ശേഷം തന്റെ കാര്യങ്ങൾ നോക്കേണ്ടത് ചെറിയച്ഛൻ ആയിരുന്നു.. താനൊരു ബാധ്യത ആകാതിരിക്കാൻ വേണ്ടിയെന്നോണം ഒരു വീട്ടുവേലക്കാരിയായി ഇവിടേക്ക് അയച്ചു.. ബാലാജിയുടെ വീട്ടിലെ വേലക്കാരിയായിട്ടാണ് താനെത്തിയത്.. അയാളുടെ സുഖമില്ലാതെ അമ്മയെ നോക്കാനായിരുന്നു സ്മിത എത്തിയത്..
ആ വീട്ടിലെ എല്ലാവരും ദാർഷ്ട്യത്തോടെ മാത്രം പെരുമാറിയപ്പോൾ ബാലാജിയും അമ്മയുമായിരുന്നു സ്മിതയ്ക്ക് ഏറെ ആശ്വാസം.. ബാലാജിയുടെയും സ്മിതയുടെയും ബന്ധം പ്രണയമാകാൻ ഏറെ സമയമൊന്നും വേണ്ടി വന്നില്ല.. ആരും അറിയാതെ ആ പ്രണയം അവർ ഒളിപ്പിക്കുകയും ചെയ്തു..
ബാലാജിയുടെ അമ്മയുടെ മരണശേഷം സ്മിതയ്ക്ക് അവിടുത്തെ ജോലി നഷ്ടമായി. അവൾ നാട്ടിലേക്ക് തിരിച്ചു പോകാൻ തുടങ്ങിയപ്പോൾ അവനാണ് അവിടെ അടുത്തുള്ള ലേഡീസ് ഹോസ്റ്റലിൽ കൊണ്ടാക്കുകയും ജോലിക്ക് വേണ്ടി അന്വേഷിക്കുകയും ചെയ്തത്..
അധികം വൈകാതെ അവർ തമ്മിലുള്ള ബന്ധം ബാലാജിയുടെ വീട്ടുകാർ അറിഞ്ഞു.. അല്ലെങ്കിൽ തന്നെ ആ കാലഘട്ടത്തിൽ ഒരു പെൺകുട്ടിയുമായി കറങ്ങി നടക്കുന്നത് വീട്ടിലറിയാൻ അധികം സമയമൊന്നും വേണ്ടല്ലോ.. അവന്റെ വീട്ടുകാർ ഈ ബന്ധത്തെ നഖശിഖാന്തം എതിർത്തു.. ആരുടെയും എതിർപ്പ് വകവെക്കാതെ ബാലാജി സ്മിതയെ കല്യാണം കഴിച്ചു.. ആ വീട്ടിൽ നിന്നും അവനെ അവന്റെ ബന്ധുക്കൾ ഇറക്കി വിട്ടു.. തോറ്റു കൊടുക്കാൻ അവനും ഇഷ്ടമായിരുന്നില്ല.. ആരുടെയും സപ്പോർട്ട് ഇല്ലാതെ അവരൊരുമിച്ചു ജീവിച്ചു.. സ്മിതയുടെ ബന്ധുക്കൾക്ക് പണ്ടേ അവളൊരു ബാധ്യത ആയത് കൊണ്ട് അവരുടെ ഭാഗത്തു നിന്ന് പ്രത്യേകിച്ച് പ്രതികരണം ഒന്നുമുണ്ടായില്ല..
സന്തോഷം നിറഞ്ഞ ദിവസങ്ങൾ ജീവിതത്തിലേക്ക് വരാൻ തുടങ്ങി.. ബാലാജിയ്ക്ക് നല്ലൊരു കമ്പനിയിൽ ജോലി കിട്ടി.. തങ്ങളുടെ ജീവിതത്തിന് മിഴിവേകാൻ ചഞ്ചൽ തങ്ങളുടെ ജീവിതത്തിലേക്ക് വന്നു.. ഉറുമ്പ് ഇര ശേഖരിക്കുന്നത് പോലെ ഓരോ ചില്ലറ തുട്ടും കൂട്ടി വച്ച് ബാലാജി ഈ ഫ്ലാറ്റും സ്വന്തമാക്കി.. ബന്ധുക്കൾ ആരുമില്ലെങ്കിലും സന്തോഷമായി ജീവിക്കാമെന്ന് ബാലാജി ആവർത്തിച്ചു പറയുമായിരുന്നു..
ജീവിതത്തിലെ സന്തോഷം ഇല്ലാതാകാൻ അധികസമയമൊന്നും വേണ്ടി വന്നില്ല.. ഒരു ദിവസം ജോലി കഴിഞ്ഞു വീട്ടിലേക്ക് വരുമ്പോൾ ആക്‌സിഡന്റ് ഉണ്ടാകുകയും ബാലാജിയെ അവർക്ക് നഷ്ടമാകുകയും ചെയ്തു.. ചഞ്ചലിനന്ന് പത്തു വയസ്സ് മാത്രമാണ് പ്രായം.. തളർന്നിരുന്നാൽ മോൾക്ക് വേറെയാരും ഉണ്ടാകില്ല എന്ന ചിന്തയാണ് മുന്നോട്ട് സഞ്ചരിക്കാൻ പ്രേരിപ്പിച്ചത്..
ബാലാജിയുടെ വേർപാടിന് ശേഷം പിന്നെ ചഞ്ചൽ മാത്രമായിരുന്നു തന്റെ ലോകം.. ജോലിക്ക് പോയാൽ അവളെ പൂർണ്ണമായും ശ്രദ്ധിക്കാൻ കഴിയില്ലെന്ന് തോന്നിയത് കൊണ്ടാണ് വേറെ ജോലി ഒന്നും അന്വേഷിക്കാതെ വീട്ടിൽ തന്നെയിരുന്ന് അച്ചാറും പലഹാരങ്ങളും ഉണ്ടാക്കി ടൗണിലെ കടകളിൽ കൊണ്ട് കൊടുക്കാൻ തുടങ്ങിയത്.. ചഞ്ചൽ സ്കൂളിൽ പോകുന്ന സമയമാണ് അച്ചാറൊക്കെ ഉണ്ടാക്കാൻ സ്മിത തിരഞ്ഞെടുത്തത്.. ബാക്കിയുള്ള സമയം മുഴുവനും മകൾക്ക് വേണ്ടി മാത്രമായിരുന്നു ജീവിതം..
വർഷങ്ങൾ എത്ര പെട്ടന്നാണ് കടന്ന് പോയത്.. ചഞ്ചൽ കോളേജിൽ പഠിക്കാൻ പോയിത്തുടങ്ങി.. അവളുടെ സ്വഭാവത്തിൽ ചില മാറ്റങ്ങൾ വന്നു തുടങ്ങിയത് പോലെ തോന്നുന്നു.. പഴയത് പോലെ ക്ലാസ്സ് കഴിഞ്ഞു വന്നാലുടനെ തന്നോട് വിശേഷങ്ങൾ പറയുന്നില്ല.. കോളേജ് കഴിഞ്ഞു വന്നാലും അവൾ പലപ്പോഴും തന്നോട് സംസാരിക്കാൻ സമയം കണ്ടെത്തുന്നില്ല.. താൻ അവൾക്ക് വേണ്ടി മാത്രമാണ് ജീവിക്കുന്നതെന്ന് അവൾ മറന്നു തുടങ്ങിയിരിക്കുന്നു.. പരിഭവമോ പരാതിയോ ഒന്നുമില്ല.. ഞാൻ എനിക്ക് വേണ്ടി സമയം കണ്ടെത്താഞ്ഞത് എന്റെ തെറ്റാണ് ഒരിക്കലും നിന്റെയല്ലല്ലോ എന്നോർത്ത് സ്വയം സമാധാനിച്ചു..
ചഞ്ചലിനു ഒരു പ്രണയമുണ്ടെന്ന് അധികം വൈകാതെ തന്നെ സ്മിത മനസിലാക്കി.. ചോദ്യം ചെയ്യാനുള്ള യോഗ്യത തനിക്കുണ്ടോ എന്ന ചിന്ത മനസിനെ പിന്നോട്ട് വലിച്ചു.. താനും ബാലാജിയും പ്രണയിച്ചു വിവാഹം ചെയ്തവരായിരുന്നു അപ്പോൾപിന്നെ മകളുടെ പ്രണയത്തെ ചോദ്യം ചെയ്യാൻ പറ്റുമോ? അറിയില്ല.. എങ്കിലും ഒരുദിവസം അവളുടെ റൂമിലെത്തിയിട്ട് പറഞ്ഞു..
“മോളെ.. നിന്നെ ഞാനൊരുപാട് സ്നേഹിക്കുന്നുണ്ട്.. ഒരുപക്ഷേ ഈ ലോകത്തിൽ മറ്റെന്തിനെക്കാളും നിന്നെ സ്നേഹിക്കുന്നുണ്ട്.. നീ ആണെന്റെ ലോകം.. മറ്റൊരാളുടെ സ്നേഹം നിനക്ക് കിട്ടി തുടങ്ങിയത് കൊണ്ട് നിനക്ക് അമ്മയുടെ സ്നേഹം മനസിലാകുന്നില്ല?”
“സോറി മാ…”
ചഞ്ചൽ തന്നെ കെട്ടിപിടിച്ചു കൊണ്ട് അവളുടെ പ്രണയത്തെപ്പറ്റി പറഞ്ഞു..
‘വിശാൽ ‘ കോളേജിൽ ഈയിടെ വന്ന ജൂനിയർ ലെക്ചർ ആണ്.. അവനെപ്പറ്റി പറയുമ്പോൾ ചഞ്ചലിനു നൂറ് നാവായിരുന്നു.. കുറ്റം പറയാൻ പറ്റില്ല.. പ്രണയിക്കുമ്പോൾ അല്ലെങ്കിലും ഇങ്ങനെ ആണല്ലോ..
ഒരു മാസത്തിനു മുൻപ് കോളേജിൽ നിന്ന് മടങ്ങി വന്ന ചഞ്ചലിന്റെ മുഖം കണ്ടപ്പോൾ തന്നെ എന്തോ അരുതാത്തത് സംഭവിച്ചിട്ടുണ്ടെന്ന് തോന്നി..
“എന്ത് പറ്റി മോളെ?”
“മാ.. വിശാലിന്റെ വീട്ടുകാർ ഞങ്ങളുടെ ബന്ധത്തിന് സമ്മതിക്കില്ല “
“അതൊന്നും ഓർത്ത് വിഷമിക്കണ്ട മോളെ.. വീട്ടുകാരുടെ സമ്മതമില്ലാതെയാണ് ഞാനും നിന്റെ അച്ഛനും വിവാഹിതരായത് “
“എന്റെ അച്ഛന്റെ അത്രയും സീരിയസ് ആയിട്ടുള്ള വ്യക്തിയാണ് വിശാലെന്ന് എനിക്ക് തോന്നുന്നില്ല “
“മോളെ സ്നേഹം സത്യമാണെങ്കിൽ എത്ര വൈകിയാലും അത് സ്വന്തമാകും”
ചഞ്ചലിനെ ഉപദേശിക്കുമ്പോൾ ബാലാജിയുടെ മുഖം മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ.. ഞാൻ കണ്ടിട്ടുള്ള ആദ്യത്തെയും അവസാനത്തെയും പ്രണയിതാവ് ബാലാജി ആയിരുന്നു.. എല്ലാവരും ബാലുവിനെപ്പോലെ നല്ലവരായിരിക്കുമെന്ന് ഞാൻ കരുതി.. ചഞ്ചൽ തന്റെ വാക്കുകൾ ശ്രദ്ധിച്ചു കേൾക്കുന്നത് കണ്ടപ്പോൾ അവളുടെ മനസിന് ധൈര്യം കൊടുക്കാൻ കഴിഞ്ഞുവെന്ന് താൻ വിശ്വസിച്ചു..
പിറ്റേന്ന് രാവിലെ, എന്നും ഉണരുന്ന സമയം ആയിട്ടും ചഞ്ചൽ റൂം തുറന്ന് പുറത്ത് വരാതിരുന്നപ്പോൾ മനസ്സിൽ എന്തോ അപായസൂചന മുഴങ്ങി.. അപ്പുറത്തെ ഫ്ലാറ്റിൽ ഉള്ളവരെ വിളിച്ചു വരുത്തി.. അവരെല്ലാവരും കൂടി അവളുടെ റൂമിന്റെ കതക് ചവിട്ടി തുറന്നപ്പോൾ കണ്ട ആ കാഴ്ച ഇപ്പോളും കണ്ണിൽ മുന്നിൽ നിന്നും മാഞ്ഞു പോകുന്നില്ല.. ആ റൂമിലെ ഫാനിൽ… കഴുത്തിൽ കുരുക്കിട്ട നിലയിൽ.. തന്റെ പൊന്നുമോൾ…
അവിടെ ടേബിളിൽ അവളുടെ കൈപ്പടയിൽ എഴുതിയ ഒരു കത്തുണ്ടായിരുന്നു..
‘സോറി മാ…മായുടെ അത്രയും ധൈര്യം എനിക്കില്ല.. അച്ഛൻ നഷ്ടപ്പെട്ടിട്ടും മായ്ക്ക് ഈ ലോകത്ത് ജീവിക്കാൻ പറ്റി.. പക്ഷേ വിശാലില്ലാതെ എനിക്ക് പറ്റില്ല മാ…”
ആ കത്ത് വായിച്ചപ്പോൾ ഈ ഭൂമി തനിക്ക് ചുറ്റും വട്ടം കറങ്ങുന്നത് പോലെ തോന്നി…
പിന്നീട് ചുറ്റും നടന്നതൊന്നും സ്മിത അറിഞ്ഞില്ല. ആരൊക്കെയോ ചേർന്ന് ചഞ്ചലിനെ ഹോസ്പിറ്റലിൽ എത്തിച്ചു.. അവിടെ നിന്നും മരണം സ്ഥിരീകരിച്ച ശേഷം ബോഡി പോസ്റ്റ്മോർട്ടം ചെയ്യാൻ അയച്ചു. അവിടെ നിന്നും പൊതുശ്മശാനത്തിൽ കൊണ്ട് പോകാനും ബാക്കിയുള്ള ചടങ്ങുകൾ നടത്താനും മലയാളി സംഘടനയിലുള്ള ഒന്ന് രണ്ടാളുകൾ മുൻപന്തിയിൽ ഉണ്ടായിരുന്നു..
ആ ദിവസത്തിനു ശേഷം ഈ ഫ്ലാറ്റിലെ ഇരുട്ട് മുറിയിൽ താൻ തനിച്ചായി.. മോളുടെയും ബാലുവിന്റെയും ഓർമ്മകളെ കൂട്ടുപിടിച്ചു ഈ ജീവിതം മുന്നോട്ട് തള്ളി നീക്കുമ്പോൾ ഒരു പ്രതീക്ഷയുമില്ലാത്ത ഈ ജീവിതം താനെന്തിനാ ജീവിക്കുന്നതെന്ന് പോലും ഒരു നിശ്ചയവുമില്ല…
മോളുടെ കത്ത് ഇടയ്ക്കിടെ കയ്യിലെടുത്തു പിടിച്ചു കൊണ്ട് സ്മിത നെടുവീർപ്പിട്ടു..
‘ബാലു പോയിട്ടും ജീവിക്കാനുള്ള ധൈര്യം ഉണ്ടായത് നിന്നെയോർത്തിട്ട് മാത്രമായിരുന്നു മോളെ.. ഞാനും കൂടി പോയാൽ നീ തനിച്ചായിപ്പോകും എന്നുള്ള ഓർമ കൊണ്ടാണ് ഞാൻ നിനക്ക് വേണ്ടി ജീവിച്ചത്.. പക്ഷേ നീ പോയാൽ തനിച്ചായിപോകുന്ന എന്നേ നീ ഓർത്തതേയില്ല.. ആരുടെയും തുണയില്ലാതെ ഇരുപത് വയസ്സ് വരെ നിന്നെ വളർത്തിക്കൊണ്ട് വരാൻ ഞാനെത്ര കഷ്ടപെട്ടെന്ന് നീ ഒരുനിമിഷം ഓർക്കണമായിരുന്നു.. നീ ഇല്ലാതായാൽ നിന്റെ ഓർമ്മകൾ കൊണ്ട് ഭ്രാന്ത് പിടിക്കുന്ന എന്നേ മാത്രം ഓർത്തിരുന്നുവെങ്കിൽ നീ ഈ സാഹസത്തിന് മുതിരുമായിരുന്നോ? ഇവിടെയിപ്പോൾ വിശാലിനു എന്ത് നഷ്ടമാണ് ഉണ്ടായത്? അവൻ ഇന്നല്ലെങ്കിൽ നാളെ മറ്റൊരു പെൺകുട്ടിയെ വിവാഹം ചെയ്തു സുഖമായി ജീവിക്കും.. പക്ഷേ ഞാനോ.. ജീവിതാവസാനം വരെ ഈ ഫ്ലാറ്റിൽ.. തനിയെ.. നിങ്ങളുടെ രണ്ടാളുടെയും ഓർമയിൽ… ‘
പുറത്ത് സന്ധ്യ ആയതും മഴ പെയ്യാൻ തുടങ്ങിയതും സ്മിത അറിഞ്ഞില്ല.. ചഞ്ചൽ പോയതിന് ശേഷം അവളുടെ ജീവിതത്തിൽ എന്നും ഇരുട്ട് മാത്രമായിരുന്നു..പകലിന്റെ വെളിച്ചത്തെപ്പോലും അവൾ അകറ്റി നിർത്തി…
പ്രണയപരാജയം കൊണ്ടോ അല്ലെങ്കിൽ മറ്റെന്തെങ്കിലും നിസാരപ്രശ്‍നം കൊണ്ടോ ജീവനൊടുക്കുന്നവർ ഒരുപാട് പേരാണ്.. പക്ഷേ അവരുടെ മരണത്തോട് കൂടി തനിച്ചായിപോകുന്ന സ്മിതയെപ്പോലെ ഒരുപാട് പേരുണ്ടാകും.. ഇത്രയും നാളും വളർത്തി വലുതാക്കിയ മാതാപിതാക്കളെ പറ്റി ഓർക്കാൻ കഴിഞ്ഞാൽ ഇങ്ങനെ നിസാരപ്രശ്നങ്ങൾക്കൊക്കെ ജീവനൊടുക്കാൻ കഴിയുമോ..