കമന്റുകൾ പലയിടത്തു നിന്നും ഉയർന്നു തുടങ്ങിയപ്പോ മനുവിനും വല്ലാത്ത അസ്വസ്ഥതകൾ തോന്നിതുടങ്ങിയിരുന്നു….

മാംഗല്യം

എഴുത്ത്: മീനു ഇലഞ്ഞിക്കൽ

===================

” മരിച്ചോ …”

“അറിയില്ല പക്ഷേ രക്ഷയില്ലെന്നാ കേട്ടെ…ഈ കുഞ്ഞിനിത് എന്തിന്റെ കേടായിരുന്നു…ആ ലോറി ഡ്രൈവർ പറഞ്ഞത് മനഃപൂർവം മരിക്കാനായിട്ട് തന്നെ എടുത്ത് ചാടിയതാണെന്നാ ..”

“ആ മനുവെത്തിയോ…അകത്തേക്ക് ചെല്ലൂ മോനേ എല്ലാവരും അവിടെയുണ്ട്…”

മനസ്സ് തകർക്കുന്ന സംഭാഷണങ്ങൾക്കിടയിലൂടെയാണ് മനുകൃഷ്ണൻ ഹോസ്പിറ്റലിനുള്ളിലേക്ക് കയറിയത്..ഐ. സി. യു  വിനു മുന്നിലേക്ക് നടക്കുമ്പോൾ അവന്റെ പാദങ്ങൾ വിറപൂണ്ടു…കാരണം അകത്ത് മരണത്തോട് മല്ലിട്ടു കിടക്കുന്നത് അവളാണ്….അവന്റെ  പ്രാണന്റെ പ്രാണനായ മീനാക്ഷി.

“മനുവേട്ടൻ വലിയ എഞ്ചിനീയർ അല്ലേ…ഞാനാണേൽ വെറും പത്താം ക്ലാസുകാരി…എന്നേക്കാളൊക്കെ പഠിപ്പുള്ള കുട്ട്യോളെ കാണുമ്പോൾ എന്നെ ഇട്ടേച്ചു പോകുമോ “

എന്നും എപ്പോഴും മീനാക്ഷിയുടെ പരിഭവം അതായിരുന്നു. അത് വെറുമൊരു പരിഭവമല്ല അവളുടെ മനസ്സിലെ പേടിയായിരുന്നു എന്നറിയാവുന്നത് കൊണ്ട് തന്നെ മനുകൃഷ്ണൻ അവളെ കൂടുതൽ സ്നേഹിച്ചു. കുഞ്ഞായിരിക്കുമ്പോഴേ അച്ഛൻ മരിച്ച മനുവിനെ പഠിപ്പിച്ചു എൻജിനീയറാക്കിയത് അമ്മാവനാണ്. ആ അമ്മാവന്റെ മകൾ മീനാക്ഷി കുഞ്ഞുന്നാളിൽ തന്നെ അവന്റെ മനസ്സിൽ ഇടം പിടിച്ചതാണ്. തനി നാട്ടിൻ പുറത്തുകാരിയായ വായാടി പെണ്ണ്. പഠിക്കാൻ മടിച്ചിയായിരുന്ന  മീനാക്ഷി പത്താം ക്ലാസിനു മുകളിലേക്ക് പോകുവാനുള്ള സാഹസം കാട്ടിയില്ല.  പഠനം അവൾക്ക് താത്പര്യമുള്ള മേഘലയല്ല എന്ന് മനസ്സിലാക്കിയതുകൊണ്ട് തന്നെ ആരും നിർബന്ധിച്ചുമില്ല. നൃത്തമായിരുന്നു അവൾക്കേറെ ഇഷ്ടം…ഇപ്പോൾ നല്ലൊരു നർത്തകിയാണ് പക്ഷേ മൂന്നു നാലു കുട്ടികളെ വീട്ടിൽ പഠിപ്പിക്കുന്നതല്ലാതെ അതിനു മുകളിലേക്ക് പോകുവാനും താത്പര്യമില്ല. എപ്പോഴും അവൾക്കിഷ്ടം മനുവിനോട് പറ്റിച്ചേർന്ന് അവന്റെ പെണ്ണായി ഒപ്പം നടക്കുവാനാണ്. ആ ഇഷ്ടം മനസ്സിലാക്കിയതു കൊണ്ട് തന്നെ എവിടെ പോയാലും വാലു പോലെ കൂടെ കൂട്ടാറുണ്ട് അവൻ. എന്നാൽ  ഓഫീസ് സ്റ്റാഫായ സ്റ്റെഫിയുടെ ബെർഡേ ഫങ്ക്ഷന് കൂടെ പോയത് മീനാക്ഷിയുടെ നിർബന്ധത്താലായിരുന്നു. ആ ഒരു യാത്രയാണ് ഇപ്പോൾ ഈ ഐ സി യൂ വിലെ മരണക്കിടക്കയിലേക്ക് മീനാക്ഷിയെ കൊണ്ടെത്തിച്ചതും…

“എന്താ…മോനേ എന്താ സംഭവിച്ചേ…എന്തിനാ എന്റെ കുട്ടി ഈ കടും കൈ ചെയ്തത്..”

അമ്മ പരിഭ്രമത്തോടെ അരികിലേക്കോടിയത്തുമ്പോൾ തൊട്ടു മുന്നിൽ കണ്ട കസേരയിലേക്ക് പതിയെ ഇരുന്നു മനു. അവന്റെ ഓർമകൾ ആ നശിച്ച നിമിഷങ്ങളിലേക്ക് വീണ്ടുമൊന്ന് സഞ്ചരിച്ചു……

“മനു വേട്ടാ….ഞാൻ ഈ  സാരിയുടുത്തിട്ട് ഭംഗി ഉണ്ടോ ..”

സ്റ്റെഫിയുടെ വീട്ടിലെത്തി കാറിൽ നിന്നിറങ്ങുമ്പോൾ മീനാക്ഷിയുടെ ആദ്യ ചോദ്യം അതായിരുന്നു

“എന്തിനാ…മീനു നീ ഈ സാരിയെല്ലാം വലിച്ചു ചുറ്റി…നിനക്കിതൊന്നും ശീലമല്ലാത്തതല്ലേ ചുരിദാറായിരുന്നു ഭംഗി “

ആ മറുപടിയിൽ അവളുടെ മുഖം വാടിയപ്പോൾ പുഞ്ചിരിച്ചു മനുകൃഷ്ണൻ

“എന്റെ മീനു…നീ ഏത്‌ ഡ്രസ്സിലും സുന്ദരിയല്ലേ അപ്പോൾ പിന്നെ പ്രത്യേകം ചോദിക്കേണ്ടതുണ്ടോ “

ആ ഒരു മറുപടി മാത്രം മതിയായിരുന്നു മീനാക്ഷിയുടെ മുഖം വീണ്ടും തിളങ്ങുവാൻ

“എന്നാലും സാരിയാ മനുവേട്ടാ നല്ലത് ഇവിടുള്ള കെട്ടിലമ്മ മാരുടെ മുന്നിൽ നമ്മളൊട്ടും കൊച്ചാക്കാൻ പാടില്ലല്ലോ അത് മനു വേട്ടനു നാണക്കേട് അല്ലേ “

ആ നിഷ്കളങ്കതയ്ക്കു മുന്നിൽ മറുത്തൊന്നും പറയാതെ അവളെ മാറോട് ചേർത്തു അകത്തേക്കു പോയി മനു

ആ വീടിനുള്ളിൽ മീനാക്ഷിക്ക് പുതിയൊരു ലോകമായിരുന്നു. എല്ലാം വലിയ വലിയ എൻജിനീയർമാരും മറ്റു സ്റ്റാഫുകളും അവരുടെ കുടുംബങ്ങളും അവരുടെ വസ്ത്ര രീതികയും ചറപറാ ഇംഗ്ലീഷിലുള്ള സംസാരങ്ങളും കണ്ട് നാട്ടിൻപുറത്തുകാരിയായ മീനാക്ഷിയുടെ കണ്ണ് തളളി. നിഷ്പ്രയാസം അവരുമായൊക്കെ സംസാരിച്ചുകൊണ്ട് മനു അകത്തേക്ക് പോകുമ്പോൾ അത്ഭുതത്തോടെ അവനോട് ചേർന്നു നിന്നു അവൾ

“മനുവേട്ടാ….എത്ര എളുപ്പത്തിലാ ഏട്ടൻ ഇംഗ്ലീഷ് പറയുന്നേ കേട്ടിട്ട് ഞാൻ ഞെട്ടിപ്പോയി”

മീനാക്ഷിയുടെ മുഖത്തെ അതിശയം കണ്ടപ്പോൾ പുഞ്ചിരി മാത്രമായിരുന്നു മനുവിന്റെ മറുപടി. എന്നാൽ അതിനിടയിലും സ്ത്രീകളുമായി അവൻ അടുത്തിടപഴകുന്നത് മീനാക്ഷിയെ അസ്വസ്ഥയാക്കിക്കൊണ്ടിരുന്നു

“മനുവേട്ടനെന്തിനാ അവളുമാരോട് ശൃംഗരിക്കാൻ പോകുന്നത് എല്ലാം ഓരോ ജാതികളാ കണ്ടാൽ അറിയാം അഴിഞ്ഞാടി നടക്കുന്നവളുമാരാണെന്ന് “

പിന്നാലെ നടന്നവൾ കാതിൽ ഓരോന്ന് പറയുമ്പോൾ പരമാവധി കേൾക്കാത്ത മട്ടിൽ നടന്നു മനു. എന്നാൽ മീനാക്ഷിയുടെ അതൃപ്തി അവളുടെ പ്രവൃത്തികളിലും പ്രതിഫലിച്ചു തുടങ്ങിയപ്പോൾ പാർട്ടിയിൽ പങ്കെടുക്കുവാനെത്തിയ പലരും അവരെ ശ്രദ്ധിച്ചു തുടങ്ങി.

“എൻജിനീയർ മനുകൃഷ്ണന്റെ വുഡ്ബിയെ കണ്ടോ ഒരു കൾച്ചറില്ലാത്ത കുട്ടി “

കമന്റുകൾ പലയിടത്തു നിന്നും ഉയർന്നു തുടങ്ങിയപ്പോ മനുവിനും വല്ലാത്ത അസ്വസ്ഥതകൾ തോന്നിതുടങ്ങിയിരുന്നു. ഒടുവിൽ വൈൻ കുടിക്കുവാൻ നിർബന്ധിച്ച സ്റ്റെഫിയുടെ തല വഴി ദേഷ്യത്തിൽ വൈൻ ഗ്ലാസ് കമിഴ്ത്തിയതോടെ  സർവ്വ നിയന്ത്രണവും കൈവിട്ട മനു മീനാക്ഷിയെ പുറത്തേക്കു വലിച്ചു കൊണ്ട് പോയി

“മീനു ഇത് സിറ്റിയാണ് നാട്ടിൻപുറം അല്ല എന്നെയിങ്ങനെ നാണം കെടുത്തരുത് പ്ലീസ്…എന്തിനാ വലിഞ്ഞു കയറികയറി വന്നത് അവിടെങ്ങാൻ നിന്നാൽ പോരായിരുന്നോ അവിടെയുള്ളവരുടെ മുന്നിൽ മുഖം തിരിച്ചും കുശുമ്പും കുന്നായ്കയും കാട്ടിയും മനുഷ്യന്റെ വില കളയുവാനായിട്ട്….നാശം”

കൈ കൂപ്പി തൊഴുതു കൊണ്ടവൻ അകത്തേക്കു പോകുമ്പോൾ മീനാക്ഷിയുടെ മിഴികൾ നിറഞ്ഞു തുളുമ്പി ആ വാക്കുകൾ അവൾക്ക് മരണ തുല്യമായിരുന്നു

പിന്നെ കുറച്ചു സമയം മീനാക്ഷിയെ കണ്ടില്ല പുറത്തു പിണങ്ങി നിൽക്കുകയാകും എന്ന് കരുതി മനു തിരക്കിയതും ഇല്ല. പിന്നീട്‌ അവൻ അറിയുന്നത് അവൾക്ക്  ആക്സിഡന്റ് പറ്റിയെന്ന വിവരമാണ് ഓടിക്കിതച്ചെത്തുമ്പോൾ അറിഞ്ഞു അതൊരു ആ ത്മ ഹത്യാ ശ്രമമാണെന്ന്.

“അവൾക്ക് പേടിയാണ് മനുപഠിപ്പും വിവരവുമില്ലാത്ത നാട്ടിൻപുറത്തുകാരിയെ വേണ്ടാന്ന് വച്ചു അഞ്ചക്ക ശമ്പളക്കാരനായ എൻജിനീയർ പോകുമോ എന്ന പേടി അതിനൊപ്പം നീ വഴക്കു പറഞ്ഞപ്പോൾ ഒരുപക്ഷേ അവളെ വേണ്ടാതായിക്കാണും എന്ന് തോന്നിയിട്ടുണ്ടാകും നീയില്ലാത്തൊരു ജിവിതം അവൾക്ക് സങ്കല്പിക്കുവാൻ കഴിയില്ല അതാകും ചിലപ്പോൾ ….”

അമ്മവാൻ മിഴികൾ തുടച്ചുകൊണ്ട് അകലേക്ക് നടന്നു പോകുമ്പോൾ നിറകണ്ണുകളോടെ പുറത്തേക്കു നടന്നു മനു

“മീനാക്ഷിയുടെ ആൾക്കാർ ആരാ….”

കാത്തിരിപ്പിനൊടുവിൽ വൈകുന്നേരത്തോടെ ഐ സി യു വിൽ നിന്നും ഡോക്ടർ പുറത്തേക്ക് വന്നു. ആകാംക്ഷയോടെ ഏവരും ചുറ്റും കൂടുമ്പോൾ ഡോക്ടറുടെ മുഖത്തു പുഞ്ചിരി വിരിഞ്ഞു

“ഭഗവാൻ കാത്തു…കുട്ടി അപകട നില തരണം ചെയ്തു “

ആശ്വാസത്തോടെ ഏവരും ഭഗവാനെ തൊഴുമ്പോൾ നടന്നു നീങ്ങിയ ഡോക്ടർ ഒന്ന് തിരിഞ്ഞു

“ആർക്കെങ്കിലും ഒരാൾക്ക് കേറി കാണാം കേട്ടോ “

“മോൻ ചെല്ല് കേറി കാണു …”

അമ്മാവൻ ചുമലിൽ തട്ടുമ്പോൾ നിറകണ്ണുകളോടെ മനു അകത്തേക്ക് കയറി. അമിതമായ വേദനയിലും മീനാക്ഷിയുടെ മുഖത്തെ പുഞ്ചിരി മാഞ്ഞിരുന്നില്ല

“മ….മനു….ഏട്ടാ..”

ശബ്ദത്തിൽ നോവ് പടരവേ വലതു കയ്യാൽ അവളുടെ വായ് പൊത്തി
മനു

“ഒന്നും പറയേണ്ട…എല്ലാം മനസ്സിലാകും എനിക്ക് …”

പതിയെ പോക്കറ്റിൽ നിന്നും ഒരു ചെറിയ പൊതിയെടുത്തു അവൻ…അതു നിവർത്തുമ്പോൾ മഞ്ഞചരടിൽ കോർത്തൊരു താലിയായിരുന്നു. മീനാക്ഷി മിഴിച്ചു നോക്കി നിൽക്കേ അനുവാദത്തിനു കാക്കാതെ ആ താലി അവളുടെ കഴുത്തിൽ ചാർത്തി മനു നിറഞ്ഞൊഴുകുന്ന മീനാക്ഷിയുടെ മിഴികൾ തുടച്ചു കൊണ്ട് നെറുകയിലൊരു മുത്തം നൽകി അവൻ.

“ക്ഷമിക്കൂ എന്നോട്…ഈ താലി ഞാൻ മുന്നേ ചാർത്തണമായിരുന്നു. എങ്കിൽ ഇന്ന് എന്റെ മീനുവിന് ഈ ഗതി വരില്ലായിരുന്നു. ഇനി നീ എന്റെ പെണ്ണാണ് ഞാൻ നിന്റെയും വിട്ടുപോകില്ല മരണം വരേയും “

നിറകണ്ണുകളോടെയവൻ ഒരിക്കൽ കൂടി മീനാക്ഷിക്കു  മുത്തം നൽകുമ്പോൾ എല്ലാത്തിനും സാക്ഷിയായി പിന്നിൽ നിന്ന നഴ്സ് പുഞ്ചിരി തൂകി…

ആത്മാർഥ പ്രണയത്തിനു മുന്നിൽ  സ്ഥാനമാനങ്ങളോ വലുപ്പ ചെറുപ്പങ്ങൾളോ ഒന്നും തന്നെയില്ല. പരസ്പരം സ്നേഹിക്കുവാനും അംഗീകരിക്കുവാനുമുള്ള മനസ്സ്…അതുതന്നെയല്ലേ ഏറ്റവും വലുത്..

~മീനു ഇലഞ്ഞിക്കൽ