അമ്മ
Story written by Jolly Shaji
===================
“അച്ചായാ എനിക്ക് തീരെ വയ്യ…അമ്മച്ചിയാണെങ്കിൽ പോ ത്ത് പാല് പിഴിഞ്ഞ് കറിയുണ്ടാക്കാൻ പറയുന്നു…എനിക്ക് അടുക്കളയിൽ നിൽക്കാനേ പറ്റുന്നില്ല നടുവ് പൊട്ടും പോലെ…”
“സാരമില്ല ഞാൻ അല്പം ബാം പുരട്ടി തരാം ന്നിട്ട് ഞാനും കൂടാം കറിയുണ്ടാക്കാൻ…അവരൊക്കെ പാതിരാ കുർബാനക്ക് പോകാൻ ഉള്ള തിരക്കിൽ അല്ലെ…”
നോബി വേഗം അല്പം ബാം ജാൻസിയുടെ നടുവിൽ പുരട്ടികൊടുത്തു…എന്നിട്ട് രണ്ടാളും കൂടി അടുക്കളയിൽ ചെന്നു ജാൻസി ഉള്ളിയും പച്ചമുളകുമൊക്കെ അരിയാൻ എടുത്തു അവിടെ കിടന്ന സ്റ്റൂളിൽ മെല്ലെ ഇരുന്നു…നോബി വേഗം ഒരു തേങ്ങ പൊതിച്ചെടുത്തു രണ്ടായി പിളർത്തി അതിലെ വെള്ളം അവൾക്ക് കൊടുത്തു…
“ദാ കുടിച്ചോ ക്ഷീണം കുറയും…”
അവൾ അത് വാങ്ങി കുടിച്ചു…നോബി തേങ്ങ ചിരവാൻ തുടങ്ങി…
“എടാ നീ പള്ളിയിൽ പോരുന്നില്ലേ…”
പള്ളിയിൽ പോകാൻ റെഡിയായി വന്ന അമ്മച്ചിയാണ്…
“ഇല്ലമ്മ…ഇവൾക്ക് തീരെ വയ്യെന്ന്…ഒറ്റക്കിട്ട് പോയാൽ എങ്ങനെയാ ഈ രാത്രിയിൽ…”
“ഓ അതിനു ലോകത്ത് ആദ്യത്തെ ഗർഭം നിന്റെ ഭാര്യക്ക് അല്ലയോ…ഇനിയും കിടക്കുന്നു പത്തു പതിനഞ്ചു ദിവസം പെറാൻ…അതെങ്ങനെ വയറ്റിൽ മുളച്ചപ്പോൾ തൊട്ട് അവൾക്ക് ഷീണം അല്ലയോ…അച്ചി കോന്തൻ അതൊക്ക കേൾക്കാനും…”
സൂസന്ന ദേഷ്യത്തോടെ ചാടിത്തുള്ളി പെണ്മക്കളെയും കൂട്ടി പള്ളിയിൽ പോകാൻ ഇറങ്ങി…
ഉള്ളി വരട്ടാൻ അടുപ്പത്തു വെച്ച ജാൻസിക്ക് ഒട്ടും നിൽക്കാൻ മേലാത്ത അവസ്ഥയായി…
“ഇച്ചായ എനിക്ക് തീരെ വയ്യാട്ടോ…എന്നെ ആശുപത്രിയിൽ കൊണ്ടുപോ…എനിക്ക് അപ്പനും അമ്മയും ഇല്ലാത്ത കൊണ്ടല്ലേ നിങ്ങളൊക്കെ എന്നോടിങ്ങനെ…”
അപ്പോളേക്കും നോബി അവളെ പറയാൻ സമ്മതിക്കാതെ വായ പൊത്തി…
“എന്താടി നീ പറയുന്നത് നിന്നെ ഞാൻ സ്നേഹിക്കുന്നില്ലേ…ആരും ഇല്ലാത്തവൾ എന്നറിഞ്ഞല്ലെടി നിന്നെ ഞാൻ കൂടെ കൂട്ടിയത്…നീ അല്ലെ ഇവിടുന്നു മാറാൻ സമ്മതിക്കാത്തത്. വാ നമുക്ക് ഹോസ്പിറ്റലിൽ പോകാം..”
നോബി അടുപ്പ് ഓഫാക്കി അവളെ മെല്ലെ പിടിച്ച് റൂമിൽ കൊണ്ടുപോയി ഡ്രസ്സ് മാറ്റി അവർ ഒരുക്കി വെച്ചിരിക്കുന്ന ബാഗുമെടുത്തു മുറ്റത്തേക്ക് ഇറങ്ങി…
“ഇച്ചായ എങ്ങനെ പോകും ഇപ്പൊ..നിക്ക് നടക്കാൻ തീരെ വയ്യാട്ടോ..”
“നമുക്ക് മെല്ലെ നടന്നു റോഡിലേക്ക് കയറാം..ഏതെങ്കിലും വണ്ടികിട്ടും..”
നോബിയുടെ തോളിൽ പിടിച്ച് ഒരുവിധം അവർ റോഡിൽ എത്തി…വരുന്ന വണ്ടിക്കെല്ലാം നോബി കൈനീട്ടി ആരും നിർത്തുന്നില്ല എല്ലാത്തിലും ഫുൾ ആളാണ്…ചിലർ പള്ളിയിലേക്ക് എന്ന് വിളിച്ചു പറഞ്ഞു പോകുന്നു…ചിലതെല്ലാം ശബരിമലക്കു പോകുന്നതും വരുന്നതുമായ വാഹനങ്ങൾ…ജാൻസിക്കാണെങ്കിൽ വേദന കൂടി വരുന്നു…
കുറച്ചു കഴിഞ്ഞു ക്ഷമ കെട്ട നോബി ഒരു കാർ വരുന്നത് കണ്ടു വേഗം റോഡിന്റെ നടുക്ക് കയറി നിന്നു…അടുത്തെത്തിയ കാർ സഡൻബ്രേക്ക് ഇട്ടു നിർത്തി…മധ്യവയസ്കനായ ഒരാൾ ചില്ലു താത്തി…നോബി വേഗം അയാൾക്ക് അടുത്തെത്തി…റോഡ് സൈഡിൽ നിന്ന ജാൻസിയെ ചൂണ്ടി അവൻ പറഞ്ഞു…
“സാർ, സാർ സഹായിക്കണം..എന്റെ ഭാര്യയാണ് അത്..അവൾ ഗർഭിണി ആണ്…തീരെ വയ്യ അവൾക്ക് ഒന്ന് ആശുപത്രിയിൽ വിടാമോ ഞങ്ങളെ…പ്ലീസ് സാർ..”
ആ മനുഷ്യൻ റോഡിൽ നിൽക്കുന്ന ജാൻസിയെ സൂക്ഷിച്ചു നോക്കി…
“ഞാനും എന്റെ മക്കളുമാണ്..ഞങ്ങൾ ശബരിമലക്കു പോകാൻ ഉള്ള യാത്ര ആയിരുന്നല്ലോ…സാരമില്ല ആ കുട്ടിയെ കയറ്റു..ഞാൻ കൊണ്ടാക്കാം ആശുപത്രിയിൽ…”
നോബി മെല്ലെ ജാൻസിയെ പിടിച്ച് കാറിലേക്ക് കയറ്റി…നോബി ഫ്രണ്ട് സീറ്റിലും കയറി…കാറിൽ ഒതുങ്ങി കൂടിയിരിക്കുന്ന പത്തിൽ താഴെ മാത്രം പ്രായമുള്ള ആ ആൺകുട്ടികളെ നോക്കി…ഒറ്റക്കാഴ്ചയിൽ തന്നെ അവൾക്ക് മനസ്സിലായി അവർ ഓട്ടീസം ബാധിച്ച കുട്ടികൾ ആണെന്ന്…അവൾക്ക് തന്റെ വേദനക്ക് പെട്ടന്ന് കുറവ് വന്നത് പോലെ തോന്നി…
“എന്താടോ കൂടെ സ്ത്രീകൾ ആരുമില്ലേ..”
കാർ ഓടിച്ചു കൊണ്ട് അയാൾ നോബിയോട് ചോദിച്ചു…
“അമ്മച്ചിയും പെങ്ങൻമാരും പള്ളിയിൽ പോയി സാറെ…”
“ഈ മാസം തികഞ്ഞിരിക്കുന്ന കുട്ടിയെ ഒറ്റക്കാക്കിയിട്ടു എന്ത് പ്രാർത്ഥിക്കാൻ ആണെടോ…ഏതു ദൈവം കേൾക്കും ആ പ്രാർത്ഥന…”
നോബിക്ക് മറുപടി ഒന്നും ഉണ്ടായില്ല…ജാൻസിക്ക് ആ മനുഷ്യനോട് വല്ലാത്ത സ്നേഹം തോന്നി…
നോബി പറഞ്ഞ വഴിയിലൂടെ കാർ ഓടിച്ച അയാൾ ഗവണ്മെന്റ് ആശുപത്രിയുടെ മുന്നിൽ കാർ നിർത്തി…നോബി ജാൻസിയെ പിടിച്ചിറക്കി…അവർ അയാൾക്ക് നന്ദി പറഞ്ഞ് കാഷ്വാലിറ്റിയിലേക്ക് നടന്നു…അവിടെ ഉണ്ടായിരുന്ന നേഴ്‌സ് കാര്യം തിരക്കി…
“അയ്യോ ഡോക്ടർ ഇല്ലല്ലോ ഇപ്പൊ…ക്രിസ്തുമസ് അല്ലെ എല്ലാരും ലീവിൽ ആണ്…”
“സിസ്റ്റർ ഇവൾക്ക് തീരെ വയ്യാഞ്ഞിട്ടാണ്..ഒന്ന് വിളിക്കുമോ ഡോക്ടറെ..”
“എടോ ആകെ ഉള്ളത് ഷക്കീല ഡോക്ടർ മാത്രം ആയിരുന്നു…അവർ പോയിട്ട് കുറച്ചു നേരമേ ആയിട്ടുള്ളു…ഇനി വിളിച്ചാൽ കിട്ടില്ല…അവർ ഫോൺ എടുക്കില്ല രാത്രിയിൽ…നിങ്ങൾ ഏതേലും പ്രൈവറ്റ് ആശുപത്രിയിൽ പൊയ്ക്കോ…”
“ഡോക്ടർ ഇവിടെ അടുത്താണോ താമസം..”
“അടുത്ത് തന്നെ…ക്വർട്ടേഴ്സിൽ ആണ്…”
അവൻ ജാൻസിയെ അവിടിരുത്തി ഡോക്ടർ താമസിക്കുന്ന ക്വർട്ടേഴ്സിന് അടുത്തേക്ക് ഓടി…മൂന്നാല് പ്രാവശ്യം ബെൽ അടിച്ചിട്ടാണ് ഡോക്ടറുടെ ഭർത്താവ് എന്ന് തോന്നുന്ന ആൾ വാതിൽ തുറന്ന് കാര്യം തിരക്കി…വിവരം അറിഞ്ഞപ്പോൾ തന്നെ അയാൾ പറഞ്ഞു വയ്യെന്ന്…
“ഡോക്ടർ വന്നു കിടന്നതേ ഉള്ളല്ലോ…നല്ല തലവേദന ആയിട്ടാണ് ആൾ വന്നത്..”
“സാർ പ്ലീസ് എന്റെ ഭാര്യക്ക് തീരെ വയ്യ…”
പറ്റില്ലെന്ന് തറപ്പിച്ചു പറഞ്ഞ അയാൾ വേഗം വാതിൽ വലിച്ചടച്ചു..സങ്കടം വന്ന നോബി ഗയിറ്റിൽ പിടിച്ച് പൊട്ടിക്കരഞ്ഞു…പെട്ടന്ന് വാതിൽ വീണ്ടും തുറന്നു…ഇക്കുറി പുറത്തു വന്നത് സാക്ഷാൽ ഷക്കീല ഡോക്ടർ തന്നെ ആയിരുന്നു…വെളിയിൽ കിടന്ന ചെരുപ്പ് എടുത്തിട്ട ഡോക്ടർ നോബിയേക്കാൾ വേഗം ആശുപത്രിയിൽ എത്തി..
പിന്നെ എല്ലാം പെട്ടന്ന് ആയിരുന്നു…കുഞ്ഞ് തലതിരിയാത്തതു കൊണ്ട് ഉടൻ തന്നെ സർജറി ചെയ്തു…
അക്ഷമനായി പുറത്തോടെ അങ്ങോടും ഇങ്ങോടും നടക്കുന്ന നോബിയെ ഡോക്ടർ അകത്തേക്ക് വിളിപ്പിച്ചു…
“എടോ കഴിഞ്ഞു ട്ടോ..ആ കുട്ടിയെ എന്തെ ഇത്രയും വൈകിയത് കൊണ്ടുവരാൻ…അല്പം കൂടി വൈകിയെങ്കിൽ അമ്മയും കുഞ്ഞും നഷ്ടമായേനെ…”
“ഡോക്ടർ അത്…ഡേറ്റ് ആവാത്ത കൊണ്ട്…അമ്മച്ചിയും പറഞ്ഞു…”
“തന്റെ അമ്മച്ചിയാണോ ഡോക്ടർ… എന്നിട്ട് അമ്മച്ചി എവിടെ…”
“അമ്മച്ചിയൊക്ക തിരുപ്പിറവി കാണാൻ പോയേക്കുവാരുന്നു…”
“സ്വന്തം കൊച്ച് മോളുടെ തിരുപ്പിറവി കാണാനോ അതിനെ ഒന്ന് ഏറ്റു വാങ്ങാനോ അവർക്കു യോഗമില്ല…ആ അതെങ്ങനെ ഇത് സ്വന്തം മോൾ അല്ലല്ലോ അല്ലെ…പള്ളിയിൽ ഇന്ന് പോയാൽ പത്താളു കൂടുതൽ കാണുമല്ലോ അല്ലെ…താൻ പോയി കണ്ടോളൂ ജാൻസിയെ…അമ്മയും മോളും സുഖമായി ഇരിക്കുന്നു…”
ഡോക്ടർ വേഗം പുറത്തേക്ക് പോയി…നോബി തന്റെ മോളെ സ്നേഹത്തോടെ സൂക്ഷിച്ചു നോക്കി…അവൾക്ക് തിരുപ്പിറവി നൽകിയ ജാൻസിയുടെ നെറ്റിയിൽ അയാൾ ചുംബിച്ചു….
~ജോളി ഷാജി…