എഴുത്ത്: ശ്രീജിത്ത് ഇരവിൽ
=================
നാടുവിട്ടുപോയ മകൻ വരുന്നുണ്ടെന്ന് അറിഞ്ഞതിൽ പിന്നെ വിലാസിനിക്കൊന്നിനും നേരമില്ല. അവളുടെ സന്തോഷവും പ്രസരിപ്പുമൊക്കെയൊന്ന് കാണേണ്ടത് തന്നെയാണ്.
അന്ന് എട്ടിൽ തോറ്റതിന്റെ വിഷമത്തിലായിരിക്കണം ചെക്കനാരോടും പറയാതെയൊറ്റ പൊക്കങ്ങ് പോയത്.. അതിനുശേഷം അവനെയാരും കണ്ടിട്ടില്ല.
ലോകത്തോളം നീണ്ട പത്ത് വർഷങ്ങൾക്ക് ശേഷം തന്റെ മകൻ തിരിച്ചുവരുന്നു. ഈ കാലമത്രയും താനൊഴുക്കിയ കണ്ണീർത്തടത്തിലൊരു പ്രതീക്ഷയുടെ പച്ചയുടുപ്പിട്ട ഒരു കരയുയർന്നിരിക്കുന്നു. വിലാസിനിക്കിതിൽപ്പരം മറ്റെന്ത് വേണം.
എന്നാൽ മകൻ വരുന്നെന്ന് പറഞ്ഞിട്ടും, അവനിഷ്ട്ടമുള്ള പ്രഥമനുമുണ്ടാക്കി കാത്തിരിക്കുന്ന വിലാസിനിയുടെ ആഹ്ലാദം കണ്ടിട്ടും ആ പിതാവിലൊരു ഉത്സാഹവുമില്ല. അയാളൊരു കരിമ്പനടിച്ച തോർത്തുമുണ്ട് പോലെയാ കസേരയിൽ കൂനിയിരിപ്പാണ്.
‘അവന് മീശ വന്നിട്ടുണ്ടാകുമല്ലേ..!?’
വിലാസിനി ചോദിച്ചു. അയാൾ തറയിൽ നിന്ന് കണ്ണെടുക്കാതെ തന്നെയതിന് പതിഞ്ഞ ശബ്ദത്തിൽ മറുപടി പറഞ്ഞു.
“ഉം…! ഉണ്ടാകും…!”
‘അവൻ തടിച്ചിട്ടുണ്ടാകുമോ…!? ചുരുള മുടികളൊക്കെ നിവർന്നിട്ടുണ്ടാകുമോ..!? മാതൃഭാഷ മറന്നിട്ടുണ്ടാകുമോ..!? നിങ്ങള് കവലയില് പോയി നിക്ക് മനുഷ്യാ.. മോൻ വഴിതെറ്റിയെവിടേലും പോയി….!’
വിലാസിനി തന്റെ ആത്മസംഘർഷങ്ങളെല്ലാം പിറുപിറുത്തുകൊണ്ട് അയാളെ കവലയിലേക്കുന്തി പറഞ്ഞയച്ചു. തോളത്തൊരു നരച്ച തോർത്ത് മടക്കിയിട്ട് മടിയോടെ അയാളാ വീട്ടിൽ നിന്നിറങ്ങിപ്പോയി. കാഴ്ച്ചയിൽ നിന്ന് മറയുന്നത് വരെ വിലാസിനയത് ഉമ്മറത്തെ തൂണിൽ ചാരി നോക്കി നിന്നു.
നേരമുച്ച കഴിഞ്ഞു. മകനും വഴിതെറ്റാതെയവനെ കൊണ്ടുവരാൻ പോയ അവന്റെ അച്ഛനും വന്നില്ല.
പകല് തീരാറായി എന്ന് സൂര്യൻ പറഞ്ഞുതുടങ്ങുന്ന മങ്ങിയ സായാഹ്നത്തിലും അവളുടെ മുഖം നിരാശയുടെ കറുപ്പിൽ മുങ്ങി. മകനെയോർത്ത് വിലാസിനി വിങ്ങിപ്പൊട്ടി.
എന്താണവർ വരാത്തതെന്ന് ചിന്തിച്ചുമ്മറത്ത് അങ്ങോട്ടുമിങ്ങോട്ടുമവൾ നടന്നു. പണ്ട് അവനെത്ര വട്ടം അവന്റെ അച്ഛന്റെ പുറത്ത് വലിഞ്ഞുകയറി ആന കളിച്ച ഉമ്മറമാണിത്..! എത്ര വട്ടമീ പടവുകളിൽ തട്ടി വീണ് അവന്റെ മുട്ട് പൊട്ടിയിരിക്കുന്നു. തൊടിയിലെ പ്ലാത്തിമരവും ഊഞ്ഞാലുമൊക്കെയവൻ മറന്നുകാണുമോ..? അവനെത്തിയാൽ എല്ലാം ചോദിക്കണം. അവൻ മറന്നതെല്ലാം ഓർമിപ്പിക്കണം. അവനെയൊരിക്കലും ഇനി തിരിച്ച് പോകാൻ അനുവദിക്കരുത്..!
വിലാസിനിയുടെ ചിന്താമണ്ഡലം മകന്റെയോർമ്മകളിൽ വിങ്ങിയാടുകയാണ്. അതിനൊരു തീർപ്പെന്ന നിലയിലാ പിതാവ് ഉമ്മറത്തേക്ക് കയറി വന്നു. വിലാസിനിയാകെ തിരഞ്ഞു. അവളെന്തെങ്കിലും ചോദിക്കും മുമ്പേ അയാളാ പൊതി മകൻ തന്നതാണെന്ന് പറഞ്ഞിട്ടവൾക്ക് കൊടുത്തു. അവളത് ധൃതിയിൽ തുറന്നുനോക്കി. കഴിഞ്ഞ വട്ടവും അവൻ കൊടുത്തയച്ചയതേ കസവുപട്ട്..!
ഇനിയെന്താണ് നടക്കാൻ പോകുന്നതെന്ന് അയാൾക്കറിയാം. ആ പിതാവ് തലകുനിച്ചാ ചാരുകസേരയിലിരുന്നു. പ്രതീക്ഷിച്ചത് പോലെ അവളാ കസവെടുത്ത് മുറ്റത്തേക്കൊരേറങ്ങ് കൊടുത്തു. ഓമനയോടെ ഉള്ളിൽ ഓർത്തോർത്ത് നിറച്ച മകനെയവൾ ശപിച്ചു. താൻ മരിച്ചാൽ പോലും അവനെയിങ്ങോട്ട് കയറ്റരുതെന്ന് അയാളോടവൾ വളരെ ദേഷ്യത്തോടെ പറഞ്ഞു. എന്നിട്ടകത്തേ മുറിയിലേക്ക് കയറി കതകടച്ചു. അല്ലെങ്കിലും ചില ദേഷ്യങ്ങളും ശാപവാക്കുകളുമെല്ലാം തീവ്ര സങ്കടത്തിന്റെ പ്രകടന പത്രികയാകാറുണ്ട്.
അയാളെഴുന്നേറ്റില്ല. അയാൾക്കറിയാം അകത്തവൾ കട്ടിലിൽ കമിഴ്ന്ന് കിടന്ന് തലയിണയിൽ മുഖം പൂഴ്ത്തി കരയുകയായിരിക്കുമെന്ന്… അയാൾ തലയുയർത്തിയാ കസേരയിൽ പാതി ചാരിയങ്ങനെ കിടന്നു. കണ്ണുകൾ നിറഞ്ഞിട്ടുണ്ട്. നാട് വിട്ടുപോയ മകനന്ന് തന്നെ തീവണ്ടിപ്പാളത്തിൽ ഉടൽ വേർപെട്ട് കിടന്നതും. കിട്ടിയെതെല്ലാം വാരിക്കൂട്ടി തൊടിയിലവന്റെ ഊഞ്ഞാലാടുന്ന പ്ലാത്തിമരത്തിനരികിൽ അടക്കം ചെയ്തതും വിലാസിനിക്കറിയില്ല.
മകനെ കാണാതായത് തൊട്ട് പത്തോളം നാളുകളോളം വിലാസിനിക്ക് ബോധമില്ലാത്ത ജീവൻ മാത്രമേയുണ്ടായിരുന്നുള്ളൂ.. ! അതിനുശേഷം അവളിങ്ങനെയാണ്. പെട്ടന്നൊരു സുപ്രഭാതത്തിൽ മകൻ വരുന്നെന്ന് പറഞ്ഞവന് വേണ്ടി എല്ലാമൊരുക്കും. ആ പിതാവതെല്ലാം കണ്ട് കല്ലുപോലെയാ കസേരയിലിരിക്കും.
മകനെ കൊണ്ടുവരാൻ വിലാസിനി അയാളെ ഉന്തി പറഞ്ഞയക്കുമ്പോൾ അവൾക്കൊരു കസവുവാങ്ങാനുള്ള പണവുമയാൾ കരുതാറുണ്ട്. ആദ്യമൊക്കെ അവളത് വാങ്ങി സമാധാനിക്കാറുമുണ്ട്. പക്ഷേ.., ഈയിടയായി ഇങ്ങനെയാണ്.
മറ്റൊരു കാര്യമെന്തെന്നാൽ പോകുമ്പോഴും വരുമ്പോഴും അയാളാ പ്ലാത്തിമര ഭാഗത്തേക്ക് നോക്കാറേയില്ല…!