രണ്ടാനച്ഛൻ വീട്ടിൽ കയറിയ നാൾ മുതൽ അയാൾക്ക് എന്നോട് വല്ലാത്ത സ്നേഹമാണ്. രണ്ട് വയസ്സ്കാരിയോട്…

ഹുഡുഗി

എഴുത്ത്: അഞ്ജു ജാനകി

=====================

ഇന്നെന്റെ രണ്ടാനച്ഛൻ മരിച്ചു ഹാർട്ടറ്റാക്കാണെന്നാണ് മരണം അറീക്കാനായി വിളിച്ച ശിവേട്ടൻ പറഞ്ഞത്. കാലത്ത് ജോലിക്കായി വീട്ടിൽ നിന്നിറങ്ങിയ രണ്ടാനച്ഛൻ പിന്നീടെത്തിയത് ചലനമറ്റ മൃദശരീരമായിട്ടാണ്. പഞ്ചായത്ത് ഓഫീസിലാണ് ജോലി. ജോലിക്കിടയിൽ വേദന വന്നതാണത്രേ ഹോസ്പിറ്റലിൽ എത്തുന്നതിന് മുന്നേ കാലൻ തന്റെ ജോലി തീർത്തു.

ജീവിച്ചിരിക്കുന്ന കാലം അയാളെ കാണുന്നത് പോലും അറപ്പ് തോന്നിയ എനിക്ക് മരിച്ചു കിടക്കുന്ന അയാളെ കാണാനൊരു ആഗ്രഹം. അതാണ് ശിവേട്ടന്റെ കാൾ വന്നയുടനെ ജോലി സ്ഥലത്ത് ലീവ് പറഞ്ഞിറങ്ങിയത്.

ബസ്സ് യാത്ര തുടങ്ങിയിട്ട് പത്ത് മിനിറ്റെ ആകുന്നുള്ളു.. ഇനി മണിക്കൂറുകൾ എടുക്കും മരിച്ചു കിടക്കുന്ന അയാളെ കാണുവാനും. അമ്മയുടെ ആർത്ത് നിലവിളിക്കുന്ന കരച്ചിൽ കേൾക്കുവാനും. ആ കാഴ്ച്ചയും ശബ്ദവും നൽകുന്ന മനസുഖമറിയാനായി ഇനിയും മണിക്കൂറുകൾ ആകുമല്ലോ എന്നോർക്കുമ്പോൾ ഒരു വിഷമം. സാരല്യ വേവുവോളം കാത്തിലെ ഇനി ആറുകയല്ലേ വേണ്ടുള്ളൂ.

ആ സമയം ഗൗരി തന്റെ ഫോൺ തിരഞ്ഞു. അയ്യോ ഫോൺ എവിടെ പോക്കറ്റിലില്ല ബാഗിൽ ഉണ്ടോ.! ഇല്ല ഇവിടെയുമില്ല ദൈവമേ എടുക്കാൻ മറന്നോ. ഇല്ല ഇല്ല കിട്ടി ഹാവു., എന്തായാലും പുള്ളി മരിച്ചതല്ലേ ഇൻസ്റ്റയിൽ ഒരു പോസ്റ്റ് ഇട്ടേക്കാം. അല്ല എന്തെഴുതും.. ഹ്മ്മ് ഇത് മതി. ” മരിച്ചെന്നു വിശ്വസിക്കാനാകുന്നില്ല മരിച്ചെന്നു വിശ്വസിക്കുകയുമില്ല എന്നും എനിക്കൊപ്പം ഉണ്ടാകുമെന്നു വിശ്വാസത്തിൽ ഈ ജീവിതം മുന്നോട്ട് നയിക്കും.” വായിക്കുന്നവർ കരുതട്ടെ ഞാൻ നല്ല വിഷമത്തിലാണെന്നു.

പോസ്റ്റ് ചെയ്തു കൈ എടുത്തു നിമിഷങ്ങക്കുള്ളിൽ കമന്റുകൾ വന്നു. ആരുടെയാണ് ആദ്യകമന്റ വിബിൻ “ആദരാഞ്ജലികൾ.., എല്ലാവരും മരിക്കേണ്ടവർ അല്ലെ.” ഹ്മ്മ് തീർച്ചയായും എല്ലാവരും മരിക്കേണ്ടവരാണ്. പ്രജീഷ് “പ്രണാമം.. ഗൗരിക്കുട്ടി വിഷമിക്കല്ലേ..” അതിന് ആര് വിഷമിക്കുന്നു പ്രജീഷ്. പ്രവീൺ ” ഇന്ന് നീ നാളെ ഞാൻ പ്രണാമം.” എന്റെ കാര്യം എനിക്കറിയില്ല പുള്ളിക്ക് ഇന്നായിരുന്നു. ശങ്കർ ” എത്ര നല്ല മനുഷ്യനാണ് എത്ര പെട്ടെന്നാണ് യാത്രയായത്. പ്രണാമം.” നല്ല മനുഷ്യനോ താൻ എന്ത് കണ്ടിട്ടാണ് അയാൾ നല്ല മനുഷ്യനെന്ന് പറഞ്ഞത്.! എന്ത് തന്നെയായായിലും അത് തെറ്റാണ് ശങ്കർ.

ഫോൺ മുൻപോക്കറ്റിൽ തിരുകികയറ്റിക്കൊണ്ട് ഗൗരി തുടർന്നു. ഒരാൾ നല്ല മനുഷ്യനെന്നു പുറം മൂടികണ്ടിട്ടല്ല പറയേണ്ടത്. നല്ല മനുഷ്യനെന്ന പദവി ഒരാൾക്ക് നൽകണമെങ്കിൽ അയാളിൽ മൂന്ന് ടെസ്റ്റുകൾ നടത്തണം. ഒന്ന് ആ വ്യക്തിക്ക് ഒപ്പം താമസിക്കുക. രണ്ട് ആ വ്യക്തിയുമായി പണമിടപാട് നടത്തുക മൂന്ന് ആ വ്യക്തിയുമായി ഒരു യാത്ര ചെയ്യുക. അപ്പോൾ മനസ്സിലാകും ആരെല്ലാമാണ് നല്ലവരെന്നു.

എന്തായാലും ശങ്കർ പുറം മൂടി കണ്ടിട്ടാകും അയാൾക്ക് നല്ല മനുഷ്യനെന്ന പദവി നൽകിയിട്ടുണ്ടാവുക.. അടുത്തറിയുന്നവർക്കും അയാൾ നല്ല മനുഷ്യനായിരിക്കാം എന്തിന് കൂടുതൽ പറയണം എന്റെ അമ്മക്ക് പോലും അയാൾ നല്ല മനുഷ്യനാണ്. പക്ഷെ എനിക്ക് അയ്യാൾ നല്ല മനുഷ്യനല്ല അയാൾക്ക് ഞാൻ നൽകിയ പദവി പത്തുനൂറ്റിയമ്പത് കൊല്ലം മുന്നേ അമേരിക്കയിൽ ജീവിച്ചിരുന്ന ഹോംസ്‌ എന്ന സീരിയൽ കില്ലറിന് ലോകം നൽകിയ പദവി തന്നെയാണ്.. “ചെകുത്താൻ”.

എന്റെ എട്ടാം വയസ്സിലാണ് അച്ഛൻ മരിക്കുന്നത്. എന്റെ ഒമ്പതാം വയസ്സിൽ അമ്മ ഇയാളെ വിവാഹം കഴിച്ചു.. കുടുംബത്തിന്റെ നിർബന്ധംമൂലമാണ് വിവാഹം കഴിച്ചതെന്നാണ് അയൽക്കൂട്ടത്തിൽ വരുന്ന ചേച്ചിമാരോട് അമ്മ പറയുന്നത്. പക്ഷെ അമ്മ അവരോട് പറയാത്ത ഒന്നുണ്ട് അച്ഛനെ മരണത്തിലേക്ക് തള്ളിയിട്ടിട്ടാണ് ഇയാളെ വിവാഹം കഴിച്ചതെന്ന്.

എന്തെന്നാൽ അമ്മ അച്ഛന് നരകം നൽകുന്നത് ഞാൻ പലതവണ കണ്ടിട്ടുണ്ട്. അതായത് അമ്മ എപ്പോഴും ഓരോന്നും പറഞ്ഞുകൊണ്ട് അച്ഛനോട് വഴക്കിടും അച്ഛൻ എത്ര തന്നെ താഴ്ന്നു കൊടുത്താലും അമ്മ വീണ്ടും വീണ്ടും ഓരോന്നും ചൊല്ലിക്കൊണ്ട് വരും കാതിൽ ഈയം ഉരുക്കി ഒഴിക്കുന്നതിന് തുല്ല്യമാണത്. സത്യത്തിൽ അത് കേൾക്കുമ്പോൾ എനിക്ക് തന്നെ ദേഷ്യം വരാറുണ്ട്. ഒരുതവണ എന്റെ ദേഷ്യം കാണിച്ചതിന്റെ പാട് ഇന്നുമെന്റെ ദേഹത്തുണ്ട്. പാവം അച്ഛൻ മനസ്സമാധാനം നഷ്ടപെട്ടിട്ടാണ് മരിച്ചത്.

കാൽതെറ്റി കായലിൽ വീണതിനാൽ മുങ്ങി മരിച്ചതാണെന്നു അമ്മയും നാട്ടുകാരും കുടുംബക്കാരും പറഞ്ഞു. ന്യായം നടപ്പിലാക്കേണ്ട നിയമപാലകരും അത് ഏറ്റു പറഞ്ഞു. പക്ഷെ പോകുന്നതിന് മുന്നേ അച്ഛൻ ഒരു തുണ്ട് കടലാസിൽ എന്നോട് യാത്ര പറഞ്ഞിരുന്നു. വായിച്ചയുടനെ കത്തിച്ചു കളയാനാണ് അച്ഛൻ എനിക്ക് നൽകിയ നിർദേശം മരിച്ചു മുകളിൽ നിൽക്കുന്ന അച്ഛനോടുള്ള ബഹുമാനം കൊണ്ടാകാം ഞാനത് അനുസരിച്ചു.

ലോകം പറയുന്നു അപകടമരണമാണെന്നു അച്ഛൻ പറയുന്നു ആ ത്മ ഹ ത്യയാണെന്ന് എങ്കിൽ ഞാൻ പറയുന്നു ഇതൊരു കൊ ല പാ തകമാണെന്നു. കൊ ലയാ ളി എന്റെ അമ്മയും. ഒരു മരണത്തിന് മൂന്ന് അഭിപ്രായങ്ങൾ. എന്താല്ലേ.!

രണ്ടാനച്ഛൻ വീട്ടിൽ കയറിയ നാൾ മുതൽ അയാൾക്ക് എന്നോട് വല്ലാത്ത സ്നേഹമാണ്. രണ്ട് വയസ്സ്കാരിയോട് കാണിക്കേണ്ട സ്നേഹപ്രകടനമാണ് പത്ത് വയസുള്ള എന്നോട് കാണിക്കാറ്. ആ സ്നേഹപ്രകടനത്തിന് പിന്നിൽ മറ്റൊരു ചിന്തയുണ്ടെന്നു അന്നെനിക്ക് അറിയില്ലായിരുന്നു.

ജീവിതചക്രം മുന്നോട്ട് തിരിയുംതോറും സ്നേഹപ്രകടനം അതികരിച്ചപ്പോൾ എനിക്ക് മനസിലായി ഈ പ്രകടനത്തിന് മോശപ്പെട്ട ഒരു അർത്ഥമുണ്ടെന്നു. അമ്മയോട് പരാതിപ്പെട്ടപ്പോൾ ആദ്യം കേട്ടില്ലെന്നും പിന്നീട് കണ്ടില്ലന്നും നടിച്ചു. അതിനും കാരണം അയാൾ തന്നെയാണ്.

സ്വർഗ്ഗതുല്യമായ അയാളുടെ സ്നേഹപ്രകടനത്തിന്റെ മുന്നിൽ അമ്മ മതിമറന്നു ഇരിക്കയാണ്. അതുകൊണ്ട് തന്നെ അമ്മ അയാൾക്ക് മുന്നിൽ മൂകയും എനിക്ക് മുന്നിൽ ബധിരയും അന്ധയുമായിരുന്നു.

പറ്റാവുന്ന അത്രയും പ്രതികരിച്ചു എതിർത്തു പല രാത്രികളും ഭയത്താൽ ഉറക്കം നഷ്ടപ്പെട്ടതിനാൽ ഉണർന്നിരുന്നു അതുകൊണ്ട് തന്നെ അയാളുടെ ആഗ്രഹം മരിക്കുന്നത് വരെയും അയാൾക്ക് വെറും ആഗ്രഹമായിരിക്കുന്നത്. ഉറക്കില്ലാത്ത രാത്രികളിലെല്ലാം മനസ്സിൽ ഒരു ചിന്ത മാത്രമേ എന്നിലുണ്ടായിരുന്നുള്ളു. അയാളെ എങ്ങനെ കൊല്ലും.

പഠനം കഴിഞ്ഞു അധികം താമസിയാതെ തന്നെ ജോലിയും ലഭിച്ചു.. ബാഗ്ലൂരിലാണ് ജോലി ലഭിച്ചത്. ഞാൻ അത്രയും അകലെ ജോലിക്ക് പോകുന്നതിൽ അമ്മയെക്കാളും എതിർത്തത് അയാളായിരുന്നു. കാരണം എന്തെന്ന് അറിയാലോ അത് തന്നെ. എന്റെ വാശിക്ക് മുന്നിൽ ഇവരുടെ തീരുമാനം മാറില്ലെന്ന് എനിക്ക് നന്നായിട്ട് അറിയാം അതിനാൽ തന്നെ ഞാനൊരു ഓഫർ നൽകി. കിട്ടുന്ന ശമ്പളത്തിന്റെ പാതി നൽകാമെന്ന്.

കാ മ ത്തെക്കാൾ അയാൾക്ക് പ്രിയം ലക്ഷ്മിദേവിയായത് കൊണ്ടാകാം അയാൾ പിന്നെ ഒരു തവണ പോലും എന്റെ യാത്രയെ എതിർത്തില്ല. ഇന്നേക്ക് ഒരു കൊല്ലമായി എന്റെ അദ്ധ്വാനത്തിന്റെ പാതി അയാൾ അനുഭവിക്കാൻ തുടങ്ങിയിട്ട്. അത് അതികം അയാളെക്കൊണ്ട് അനുഭവിപ്പിക്കരുതെന്നു ഞാൻ മാസങ്ങൾക്ക് മുന്നേ തീരുമാനിച്ചു.

അഞ്ചുമാസങ്ങൾക്ക് മുന്നേ ഒരു ദിവസം കാലത്ത് ഞാൻ വീട്ടിൽ വന്നു കയറി. വീടിന്റെ മുന്നിൽ അയാൾ അച്ഛൻ ഉപയോഗിച്ചിരുന്ന ചാരുകസേരയിൽ ചാരി ഇരുന്നുകൊണ്ട് പത്രം തുറന്നു അതിൽ തലയിട്ട്‌ ഇരിക്കുന്നു. എന്നെ കണ്ടയുടനെ സ്നേഹപ്രകടനവുമായി എന്റെ അരികിലേക്ക് വന്നു.

എപ്പോഴും എതിർക്കുന്ന ഞാൻ. മനസ്സിലെ വെറുപ്പും അമർഷവും കടിച്ചുപിടിച്ചുകൊണ്ട് അയാളുടെ സ്നേഹപ്രകടനം ഏറ്റുവാങ്ങി. ബലികൊടുക്കാൻ കൊണ്ടുപോകുമ്പോൾ ആരാച്ചാർ കാണിക്കുന്ന സ്നേഹത്തെ മൃ ഗം ഏറ്റുവാങ്ങുന്നത് പോലെ..

സ്നേഹപ്രകടനത്തിന് ശേഷം അടുക്കളയിൽ ചെന്നൊരു ചൂട് ചായ ഉണ്ടാക്കി അയാൾക്ക് നീട്ടി.. അത് കണ്ട് അയാൾ വലിയ ആശ്ചര്യത്തോടെ എന്നെ നോക്കി ഒരു പുഞ്ചിരികൊണ്ട് ഞാനത് തടുത്തു. പക്ഷെ അയാൾ അറിഞ്ഞില്ല ഞാൻ നൽകുന്നത് അയാളുടെ ചിതയിലെക്കുള്ള ഒരു വിറകുകൊള്ളിയായിരുന്നെന്നു.

അതെ സ്ലോ പോയിസൻ. ബാംഗ്ലൂരിൽ ഞാൻ നടത്തിയ അന്വേഷണത്തിനൊടുവിൽ എനിക്ക് ലഭിച്ച ഒരു പോയിസൺ. പെട്ടെന്ന് ആളെ കൊ ല്ലി ല്ല സമയമെടുക്കും നന്നായിട്ട് സമയമെടുക്കും. മരണം വരുന്നതോ ഹൃദയം നിലച്ചുകൊണ്ട് അതിനാൽ തന്നെ ആർക്കും ഒരു സംശയവും വരില്ല വന്നാലും ഒന്നും തന്നെയില്ല എങ്കിലും ഞാൻ ചെയ്യുന്നത് എന്റെ കർമ്മമാണ് അല്ലാതെ പാപമല്ല. പിന്നെ എന്തിന് എന്നെ ശിക്ഷിക്കണം ആ ചിന്തയാണ് അയാളെ ഇങ്ങനെ കൊല്ലാനുള്ള തീരുമാനത്തിൽ എന്നെ എത്തിച്ചത്.

അടുത്ത ദിവസം അടുത്ത വീണ്ടും ചായയിലും ഭക്ഷണത്തിലും ഞാനത് നൽകി.. ആർത്തിയോടെ എന്റെ കയ്യിൽ നിന്നും അയാൾ ഭക്ഷണപാനീയങ്ങൾ വാങ്ങി കഴിച്ചു. അയാൾ കരുതികാണും ഞാൻ അയാൾക്ക് വഴങ്ങിയെന്നു. അതാകാം സ്നേഹപ്രകടങ്ങൾ വല്ലാണ്ട് വർദ്ധിച്ചു. അതെല്ലാം സഹിച്ചത് ഇന്ന് ശിവേട്ടൻ വിളിച്ചു പറഞ്ഞ വാർത്ത കേൾക്കാനായിരുന്നു. ഞാനത് കേട്ടു ഞാനാഗ്രഹിച്ച വാർത്ത.

“ഹലോ ഇറങ്ങുന്നില്ലേ., സ്ഥലമെത്തി.”

” ഹോ സോറി.. ഒന്ന് മയങ്ങിപ്പോയി..”

” കണ്ണ് തുറന്നിട്ടോ.. ഞാൻ എത്ര വിളി വിളിച്ചു.”

” അത് എന്താ കണ്ണ് തുറന്നു ഉറങ്ങാൻ പാടില്ലേ..” എന്ന് പറഞ്ഞു ഗൗരി ബസ്സിറങ്ങി.

” ആ മോളെ.. ബസ്സ് വൈകിയോ.. പറഞ്ഞതിനും അരമണിക്കൂർ കഴിഞ്ഞല്ലോ..”

” ആ ശിവേട്ടാ..” പറഞ്ഞുകൊണ്ട് ശിവേട്ടന്റെ രണ്ട് ടയർ ഉള്ളത് കൊണ്ട് മാത്രം ബൈക്ക് എന്ന് വിളിക്കുന്ന വാഹനത്തിൽ കയറി. ശിവേട്ടൻ എന്തിനാണ് ഇത്രയും വേഗതയിൽ പോകുന്നത് ബ്രൈക്ക്‌ വല്ലതുമുണ്ടോ ആവോ ഒന്ന് ചോദിച്ചാലോ.. ” ശിവേട്ടാ എന്തിനാ ഇത്രയും വേഗത., പതുക്കെ പോയാൽ പോരെ..”

” അത് മോളെ മരിച്ചിട്ട് കുറെ നേരമായില്ലേ ഇനിയും വൈകിക്കുന്നത് ശരിയല്ല, തെറ്റാണ് ആ ശരീരത്തോണ്ട് ചെയ്യുന്ന തെറ്റ്., മോൾക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു.”

ആണോ എങ്കിൽ പതിയെ മതി എന്ന് പറയണമെന്ന് ആഗ്രഹമുണ്ട് പക്ഷെ ശിവേട്ടൻ എന്ത് വിചാരിക്കും. ശിവേട്ടന്റെ ബൈക്കിന്റെ ടയർ ഒന്ന് പൊട്ടിയാലും മതി. വേണ്ട വേണ്ട ഒന്നും വേണ്ട വേഗം എത്തിയാൽ മതി. ഞാൻ എത്തുന്നതിന് മുന്നേ ആ ജീർണിച്ചശരീരത്തിന് ആരെങ്കിലും തീ കൊടുത്താൽ എനിക്ക് കാണാനാകില്ല.

ശിവേട്ടന്റെ ശകടം റോഡിലൂടെയാണോ അതോ അന്തരീക്ഷത്തിലൂടെയാണോ എന്നറിയില്ല പറക്കുകയായിരുന്നു.. ആ വേഗതയുടെ ഫലമായി ഞങ്ങൾ പെട്ടെന്ന് തന്നെ എത്തി. വീടിന്റെ ഇടവഴിയിൽ ബൈക്ക് നിർത്തി ഞാനിറങ്ങി വീട്ടിലേക്ക് നടന്നു. കയ്യിൽ കരുതിയ ബാഗുമേന്തിക്കൊണ്ട്.

ആ സമയം നാസികയിലേക്ക് വല്ലാത്ത ഗന്ധം അരിച്ചെത്തി എന്ത് ഗന്ധമാണിത്. ദൈവമേ അയാളെ ഇവർ കത്തിച്ചോ.. എനിക്ക് കാണാനാകില്ലേ.. ഹാവു ഇല്ല അയാൾ അതാ ഹാളിൽ കിടക്കുന്നു വെള്ള പുതച്ചുകൊണ്ട്. അപ്പോൾ ഈ ഗന്ധം.! ആ മരണവീട്ടിൽ കത്തിക്കേണ്ട സുഖന്ധദ്രവ്യമായിരുന്നോ ചുമ്മാ പേടിച്ചു.

തലക്ക് അടുത്തായിട്ട് തന്നെ അമ്മയുണ്ടല്ലോ. നന്നായിട്ട് കരഞ്ഞിട്ടുണ്ട് മുടി ഒന്നാകെ പാറി കിടക്കുന്നു കണ്ണ് കരഞ്ഞു കരഞ്ഞു കലങ്ങിയിട്ടുണ്ട്. അച്ഛൻ മരിച്ചപ്പോൾ ഇങ്ങനെയൊരു കരച്ചിൽ ഞാൻ കണ്ടില്ലായിരുന്നു..

” മോളെ അച്ഛൻ പോയി… കണ്ടില്ലേ കിടക്കുന്ന കിടപ്പ്..”

അതിന് ഞാൻ എന്ത് വേണം ഞാനല്ലേ കിടത്തിയത് എന്ന് മനസ്സിൽ പറഞ്ഞു. ഞാനിങ്ങനെ മിണ്ടാതെ നിന്നാൽ മറ്റുള്ളവർ എന്ത് വിചാരിക്കും ഒന്ന് കരഞ്ഞേക്കാം.. ” അമ്മെ….” എന്ന് വിളിച്ചോണ്ട് ഗൗരി അമ്മയുടെ മടിയിൽ ചെന്ന് കിടന്നു അയാളെ നോക്കികൊണ്ട് ഗൗരി മനസ്സിൽ പറഞ്ഞു “തന്നെ ഇങ്ങനെ കിടന്നു കാണാൻ ഞാൻ എത്ര കാലമായി ആഗ്രഹിച്ചെന്നു അറിയാമോ.. എന്തായാലും എന്റെ കൈകൊണ്ട് തന്നെ നീ ചത്തുകിടന്നല്ലോ.. ദൈവമേ നിനക്ക് നന്ദി. അമ്മെ ഒരുപാട് കരയേണ്ട അതിലുപരി വിഷമിക്കേണ്ട നിങ്ങളെയും ഞാൻ എത്രയും വേഗം ഇയാൾക്കൊപ്പം എത്തിക്കും അതിനുള്ള വാഹനവുമായിട്ടാണ് ഞാൻ വന്നത്. അമ്മെ ഇന്ന് തന്നെ നിങ്ങൾക്ക് ചിതയിലേക്കുള്ള ആദ്യകൊള്ളി ഞാൻ വെക്കും..” അവൾ അമ്മയുടെ കാലിൽ അമർന്നുകൊണ്ട് ചേർന്നുകിടന്നു കണ്ണുകളടച്ചു മനസ്സ് തുറന്നു പൊട്ടിച്ചിരിച്ചു ആർത്തു ആർത്തു ചിരിച്ചു.. ആ ചിരി കണ്ടത് രണ്ടുപേരാണ് ഒന്ന് ദൈവം രണ്ട് അവളുടെ അച്ഛൻ.

ശുഭം.