അമ്മ ജയിലിൽ ആയിട്ട് പത്തു വർഷം കഴിഞ്ഞു..ഇത്രയും നാളും വല്ല്യമ്മ എന്താ അമ്മയെ കാണാൻ പോകാതിരുന്നത്…

Story written by Jishnu Ramesan

==================

ജയിലിൽ നിന്ന് അമ്മയെ കണ്ടിട്ട് വരുമ്പോ എന്നത്തേയും പോലെ അഭിയുടെ മനസ്സിൽ ആ ഒരു ചോദ്യം അവശേഷിച്ചിരുന്നൂ….

അമ്മ എന്തിനാ അച്ഛനെ കൊന്നത്…? ഞാൻ ഇവിടെ ജയിലിൽ എന്നു കാണാൻ വന്നാലും എന്റെ ഈ ചോദ്യത്തിന് മാത്രം അമ്മക്ക് മറുപടി ഇല്ല….!

“വേണ്ട മോനെ, നീ അത് അറിയണ്ട.. വേറൊന്നും എന്നോട് അഭിക്കുട്ടൻ ചോദിക്കരുത്..”

അതൊക്കെ പോട്ടെന്ന് വെക്കാം, ഞാൻ ഇത്രയും കഷ്ടപ്പെട്ട് അമ്മക്ക് പരോള് എടുത്തപ്പോ അമ്മയെന്തിനാ വേണ്ടെന്നു എഴുതി കൊടുത്തത്…?

“അഭി ഞാൻ പറഞ്ഞല്ലോ മോനോട് എന്നോട് ഒന്നും ചോദിക്കരുത് എന്ന്.. മോന് സുഖമാണോ അവിടെ…?”

കുറച്ചു നേരത്തെ മൗനത്തിനു ശേഷം അഭി പറഞ്ഞു, “മ്മ്‌ എനിക്ക് എന്ത് വിശേഷം, ഈ ലോകത്ത് ആരുമില്ലാത്ത എത്രയോ പേരുണ്ട് അവർക്കൊക്കെ ആരുമില്ലെന്ന് പറയാം…പക്ഷെ എനിക്കോ, അമ്മയുണ്ടായിട്ടും എന്റെ അടുത്തില്ല..അച്ഛനെ കൊ ന്നത് എന്തിനാണെന്ന് ഇപ്പൊ ഞാൻ ചോദിക്കില്ല..പക്ഷെ ഒരിക്കൽ എനിക്കത് അറിഞ്ഞേ തീരൂ..നല്ലൊരു വക്കീലിനെ വെച്ചിരുന്നെങ്കിൽ അമ്മയുടെ ശിക്ഷ കുറച്ചു കിട്ടുമായിരുന്നു..എന്നിട്ടും അമ്മയുടെ വാശി കാരണമാണ് പതിനഞ്ച് വർഷം ശിക്ഷ കിട്ടിയത്…”

മതി അഭി നിർത്ത്… എന്റെ മോൻ സുഖമായിട്ട് ജീവിച്ചാ മതി..ഈ അമ്മക്ക് അത്രയേ വേണ്ടൂ..

“പിന്നെ വേറൊന്നു കൂടി, നമ്മുടെ അത്രയും വലിയ വീടും സ്വത്തുക്കളും ഉണ്ടായിട്ടും അമ്മ എന്തിനാ എന്നെ വലിയമ്മയുടെ കൂടെ നിർത്തിയത്…? അച്ഛന്റെ അത്രയും സ്വത്തുക്കൾ ഉണ്ടായിട്ടും വലിയമ്മ എന്നെ കഷ്ടപ്പെട്ടാണ് പഠിപ്പിച്ചത്..അതൊക്കെ എന്തിനാ…? അങ്ങനെ കുറേയധികം ചോദ്യങ്ങൾ ഉണ്ട് എനിക്ക് അമ്മയോട് ചോദിക്കാൻ..”

“അതേ സമയം കഴിഞ്ഞു.. “

പോലീസുകാരൻ പറഞ്ഞത് കേട്ട് നിറ കണ്ണുകളോടെ അമ്മ അകത്തേക്ക് ഒന്നും മിണ്ടാതെ നടന്നു..

ജയിലിൽ നിന്നിറങ്ങി വലിയമ്മയുടെ വീട്ടിലേക്ക് പോകുന്ന വഴിക്ക് അച്ഛനും അമ്മയും താനും താമസിച്ചിരുന്ന വീടിനു മുന്നിൽ ബൈക്ക് നിർത്തി.. കാടും പടലും പിടിച്ച് ആർക്കും വേണ്ടാതെ കിടക്കുന്ന ആ വീടും സ്ഥലവും കണ്ടിട്ട് അവനു വിഷമമല്ല തോന്നിയത്, അവനു അറിയേണ്ടതായ നൂറു കൂട്ടം ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ആണ്..

വീട്ടിലെത്തിയ അഭി ഉമ്മറത്ത് ചക്ക മുറിച്ചു കൊണ്ടിരുന്ന വലിയമ്മയുടെ അടുത്ത് ചെന്നിരുന്നു..എന്നിട്ട് പതിവില്ലാത്ത ഒരു ചോദ്യം ചോദിച്ചു..

“വല്ല്യമ്മെ ഞാൻ ശരിക്കും ഒരു രാജാവിനെ പോലെ ജീവിക്കേണ്ട കുട്ടിയായിരുന്നു അല്ലെ…?”

അവന്റെ ചോദ്യത്തിന് മുഖം കൊടുക്കാൻ വല്ല്യമ്മക്ക് കഴിഞ്ഞില്ല…

“അമ്മ ജയിലിൽ ആയിട്ട് പത്തു വർഷം കഴിഞ്ഞു..ഇത്രയും നാളും വല്ല്യമ്മ എന്താ അമ്മയെ കാണാൻ പോകാതിരുന്നത്…?”

എന്റെ കൂടപ്പിറപ്പിനെ അങ്ങനെ ഒരു അവസ്ഥയിൽ കാണാൻ കഴിയില്ല…അത് കൊണ്ട് തന്നെ..

വലിയമ്മയുടെ സംസാരത്തിന് കട്ടി കൂടി എന്ന് മനസ്സിലാക്കിയ അഭി വീണ്ടും ചോദിച്ചു,

“അമ്മ എന്തിനാ അച്ഛനെ കൊ ന്നത്…? അച്ഛന്റെ സ്വത്തുക്കൾ അനുഭവിക്കാൻ ആഗ്രഹം ഉണ്ടായിട്ടില്ല, എന്നാലും ചോദിക്കാ, എന്തിനാ അമ്മ എന്നെ ഇവിടെ ആക്കിയത്…?”

അഭി നിനക്ക് ഞാൻ എന്തെങ്കിലും കുറവ് വരുത്തിയിട്ടുണ്ടോ ഇവിടെ…?

“ഇല്ല…”

പിന്നെ എന്തിനാ ഇങ്ങനെ ഒക്കെ പറയുന്നത് മോൻ…? അമ്മയെ പോലിസ് കൊണ്ട് പോകുമ്പോ ഒന്നേ പറഞ്ഞിരുന്നുള്ളു, നിന്നെ എന്റെ അടുത്ത് നിർത്തണം എന്ന്, പിന്നെ നിന്റെ അച്ഛന്റെ സ്വത്തും പണവും കൊണ്ട് ഒരു മിഠായി പോലും അഭിക്ക്‌ കിട്ടരുത് എന്ന്..

“അതിനുള്ള കാരണമാണ് ഇത്രയും നാളും ഞാൻ അമ്മയോട് ചോദിച്ചത്..! പക്ഷെ അമ്മ ഒന്നും പറയുന്നില്ല..വല്ല്യമ്മ എങ്കിലും ഒന്ന് പറഞ്ഞു താ…”

അഭിയുടെ ചോദ്യങ്ങൾ വലിയമ്മയെ വീർപ്പു മുട്ടിച്ചു..അങ്ങനെ ആദ്യമായി അവര് അഭിയുടെ അമ്മയെ കാണാൻ ജയിലിലേക്ക് തിരിച്ചു..

തന്നെ കാണാൻ വന്ന ചേച്ചിയെ കണ്ടതും അഭിയുടെ അമ്മ കമ്പി അഴിയിൽ പിടിച്ച് പൊട്ടിക്കരഞ്ഞു..

“ജീവിതകാലം മുഴുവനും ഇതിനകത്ത് കിടക്കാനാണോ നിന്റെ തീരുമാനം..അഭി എന്നെ ഓരോന്നും ചോദിച്ച് കൊന്നു കൊണ്ടിരിക്കുകയാ…എനിക്ക് ഇനിയും പിടിച്ച് നിൽക്കാൻ കഴിയില്ല..അവനു പ്രായമായി. കോളേജിൽ പോകുന്ന കുട്ടിയാ അവൻ..അത് കൊണ്ട് ഒരു ദിവസമെങ്കിൽ ഒരു ദിവസം നീ പുറത്ത് വരണം, അവന്റെ കൂടെ എല്ലാം തുറന്നു പറഞ്ഞ് അവനൊപ്പം ഉണ്ടാവണം നീ..”

അത് ഞാൻ, അത് വേണ്ട ചേച്ചി..അവൻ നിന്റെ സംരക്ഷണയിൽ കഴിഞ്ഞാ മതി..ഒന്നുമില്ലെങ്കിലും അവന്റെ മനസ്സിൽ അവന്റെ അച്ഛനെ കൊന്ന ഒരമ്മയല്ലെ ഞാൻ..

“നീ ഒന്നും പറയണ്ട..ഇത്രയും വർഷം പരോളൊന്നും ഇല്ലാത്തത് കൊണ്ട് നിനക്ക് പരോൾ പെട്ടന്ന് കിട്ടും..”

അങ്ങനെ മൂന്നു ദിവസത്തെ പരോളിന് അഭിയുടെ അമ്മ പുറത്ത് വന്നു..ഒരു മാസം കിട്ടുമായിരുന്നിട്ടും അമ്മയുടെ നിർബന്ധ പ്രകാരം മൂന്ന് ദിവസം ആക്കി..

അമ്മ വീട്ടിലേക്ക് വരുന്ന ദിവസം അമ്മക്ക് വേണ്ട ഡ്രസ്സുകളും ഒക്കെ വാങ്ങി അഭി വീട്ടിൽ കാത്തിരുന്നു..മനഃപൂർവം അമ്മയെ കൊണ്ടു വരാൻ അഭി ജയിലിലേക്ക് പോയില്ല..

അമ്മയെ കണ്ടപാടെ കൊച്ചു കുട്ടിയെ പോലെ അഭി കെട്ടി പിടിച്ച് കരഞ്ഞു.. പക്ഷെ അഭി ആ മൂന്നു ദിവസവും തന്റെ പതിവ് ചോദ്യങ്ങൾ ഒന്നും തന്നെ ചോദിച്ചില്ല…

തിരിച്ചു ജയിലിലേക്ക് പോകാൻ നേരം അമ്മ അഭിയെ വിളിച്ച് ചോദിച്ചു, “മോനെ നിനക്ക് അറിയേണ്ടേ അമ്മ എന്തിനാ അച്ഛനെ കൊ ന്നതെന്ന്…?”

വേണ്ടമ്മെ, എനിക്കത് അറിയണ്ട..ഇത്രയും കാലം ഞാൻ അതും ചോദിച്ച് അമ്മയെ കുറെ കരയിച്ചതല്ലെ, ഇനിയത് വേണ്ട..

“ഇല്ല നീയത്‌ അറിയണം..പക്ഷെ എല്ലാം പറഞ്ഞു കഴിയുമ്പോ അഭി എന്നെ ‘ അമ്മ ‘ എന്ന് വിളിക്കില്ല..”

അതെന്താ അമ്മ അങ്ങനെ പറഞ്ഞത്…?

“അത്, അത്… ഞാൻ നിന്റെ അമ്മയല്ല അത് കൊണ്ട് തന്നെ..!”

എന്തൊക്കെയാ അമ്മേ ഈ പറയുന്നത്…?

“അതേ അഭി, നീ അച്ഛൻ, അച്ഛൻ എന്ന് വിളിക്കുന്ന ആ മനുഷ്യൻ ഒരു ക്രൂ രനായിരുന്നു.. എല്ലാം അറിഞ്ഞു കഴിയുമ്പോ അയാളെ വെറുക്കും നീ.. നിന്റെ അച്ഛന്റെ രണ്ടാമത്തെ ഭാര്യായിരുന്നൂ ഞാൻ… ശരിക്കും വെ പ്പാ ട്ടി എന്ന് പറയുന്നതാവും ശരി.. ഇന്ന് നിന്റെ അമ്മ ഈ ലോകത്ത് ജീവിച്ചിരിപ്പില്ല…ഞാൻ പറയാറില്ലേ നിന്നോട്, അച്ഛന്റെ സ്വത്തുക്കൾ നീ അനുഭവിക്കേണ്ട എന്ന്… അത് എന്ത് കൊണ്ട് എന്ന് പറയാൻ എനിക്ക് കഴിയുമായിരുന്നില്ല..

ആ ദുഷ്ടൻ നിന്റെ അമ്മയെ മറ്റുള്ളവർക്ക് കാഴ്ച വെച്ച് ഉണ്ടാക്കിയതാണ് അതെല്ലാം..അങ്ങനെ ഉള്ള സൗഭാഗ്യം നിനക്ക് വേണോ അഭി…?

നിന്റെ അമ്മ ആ പാവം ആരോടും ഒന്നും പറയാൻ കഴിയാത്ത വിധം ഒരു മുറിയിൽ വർഷങ്ങളോളം കിടന്നു…. ആ പാവത്തിന് ആ അവസ്ഥയിൽ ആ ത്മ ഹത്യ ചെയ്യാൻ പോലും അയാള് സമ്മതിച്ചില്ല എന്ന് വേണം പറയാൻ…അവസാനം അവിടുന്ന് രക്ഷപെട്ട് പുറത്ത് വന്ന നിന്റെ അമ്മയെ ആ നീചൻ കൊ ന്നു..

പണത്തിന്റെ ഹുങ്ക്‌ കൊണ്ട് അയാള് കേസിൽ പെട്ടില്ല..

പക്ഷെ വിധി അയാളെ രണ്ടാമത്തെ വിവാഹത്തിലൂടെ എന്റെ അടുത്ത് എത്തിച്ചു..അന്ന് വിവാഹ പന്തലിൽ ആ പണക്കാരനായ നിന്റെ അച്ഛനെ ഞാൻ വിവാഹം കഴിക്കുമ്പോൾ ഒരു നാല് വയസുകാരനായി നീയും ഉണ്ടായിരുന്നു..

പക്ഷെ എന്നോട് പറഞ്ഞത് നിന്റെ അമ്മ അസുഖം മൂലം മരിച്ചു എന്നാണ്..എന്റെ സ്വന്തം മോനായിട്ടാണ് നിന്നെ ഞാൻ വളർത്തിയത്…പക്ഷെ അന്ന് ആ നശിച്ച ദിവസം ഞാൻ ഇന്നും മറന്നിട്ടില്ല..

അയാളുടെ കൂടെ വന്ന ആ ഹിന്ദിക്കാരനെ എന്റെ അടുത്തേക്ക് പറഞ്ഞു വിട്ടപ്പോ ഞാൻ എതിർത്തു.. അന്ന് എനിക്ക് മനസ്സിലായി ഞാൻ ചതിയിൽ അകപ്പെട്ടു എന്ന്..അത് വരെ അയാള് എന്നോട് വളരെ മാന്യമായാണ് പെരുമാറിയത്..

പക്ഷെ അയാളത് വീണ്ടും ആവർത്തിച്ചു, ഞാൻ ശക്തമായി തന്നെ വീണ്ടും എതിർത്തു.. അന്നാണ് നിന്റെ അമ്മക്ക് പറ്റിയ ചതി അയാള് എന്നോട് പറയുന്നത്..കൊ ന്നതാ അഭി നിന്റെ അമ്മയെ ആ ദുഷ്ടൻ… അന്ന് അതൊക്കെ കേട്ടപ്പോ, എനിക്കും അതെ വിധി വരുമെന്ന് മനസ്സിലായപ്പോ വേറെ നിവൃത്തിയില്ലാതെ കൊ ന്നു ഞാൻ അയാളെ… കൊ.ത്തി യരിഞു ആ ദുഷ്ടനെ ഞാൻ…”

ഇനി എന്താ അഭി നിനക്ക് അറിയേണ്ടത്..! നിന്റെ അമ്മയെ വെച്ച് ആ നീചൻ ഉണ്ടാക്കിയ സ്വത്തുക്കൾ വേണോ നിനക്ക്…?

“അത്രയും പറഞ്ഞു ആ അമ്മ ഇറങ്ങി നടന്നു, തന്റെ ശേഷിക്കുന്ന ജയിൽ വാസത്തിലേക്ക്‌..”

അതൊക്കെ കേട്ട് വിങ്ങി പൊട്ടി നിൽക്കുകയായിരുന്നു അഭി അപ്പൊൾ.. ആ നിമിഷം അഭി മനസ്സിൽ കുറിച്ചിട്ടു..ബാക്കിയുള്ള ജീവിതം ജയിലിൽ കഴിയാൻ ഞാൻ അമ്മയെ സമ്മതിക്കില്ല..

എന്റെ അമ്മയെ കൊ ന്ന ആ ദുഷ്ടനെ ആണല്ലോ ഞാൻ അച്ഛൻ എന്ന് വിശേഷിപ്പിച്ചത്…!

ശേഷിക്കുന്ന ജീവിതം ഒരുമിച്ച് അമ്മയോടൊത്ത് ജീവിക്കും..അഭി വലിയമ്മോട് പറഞ്ഞു, “വലിയമ്മെ ആ പോകുന്നത് എന്റെ അമ്മ തന്നെയാ..എന്നെ പ്രസവിച്ചില്ല എന്നെ ഉള്ളൂ..”

അത് പറയുമ്പോ അഭി പൊട്ടി കരയുകയായിരുന്നു…

~ജിഷ്ണു രമേശൻ