അവളുടെ പേര് ശിവ എന്നാണ്.. എങ്കിലും എഴുതാനുള്ള സ്വകാര്യത കണക്കിലെടുത്ത് ഒരു ഫേ ക്ക് ഐഡി വഴിയാണ് കഥകൾ എഴുതിയിരുന്നത്…

Story written by Jishnu Ramesan

=================

ഫെയ്സ്ബുക്ക് വഴിയാണ് അവളെ പരിചയപ്പെട്ടത്..പക്ഷേ പരിചയപ്പെട്ട സാഹചര്യം സാഹിത്യപരമായി തന്നെയായത് കൊണ്ട് മെസ്സേജുകളുടെ അടക്കവും ഒതുക്കവും എടുത്തു പറയേണ്ട ഒന്നു തന്നെയായിരുന്നു…

പരസ്പരം അറിയാതെയുള്ള സംഭാഷണങ്ങൾ ആ സുഹൃത്ത് ബന്ധത്തിന്റെ അച്ചടക്കത്തിന് കാരണമായി..

അവളുടെ പേര് ശിവ എന്നാണ്.. എങ്കിലും എഴുതാനുള്ള സ്വകാര്യത കണക്കിലെടുത്ത് ഒരു ഫേ ക്ക് ഐഡി വഴിയാണ് കഥകൾ എഴുതിയിരുന്നത്…

ഒരിക്കൽ അവള് ചോദിച്ചു,

“ജിഷ്ണു, നമ്മൾ എന്നാ ഒന്ന് നേരിട്ട് കാണുന്നത്..? ഞാൻ ജിഷ്ണുവിന്റെ പ്രൊഫൈൽ ഫോട്ടോ കണ്ടിട്ടുണ്ട്..പക്ഷേ എന്നെ കാണണം എന്ന് തോന്നിയിട്ടില്ലെ…?”

കാണണം എന്ന് തോന്നിയിട്ടുണ്ട്..പക്ഷേ അതിന് വേണ്ടി ഒരു ഫോട്ടോ അയച്ചു തരുമോ എന്നൊന്നും ഒരിക്കലും പറയില്ല..ശിവയെ നേരിട്ട് കണ്ടാൽ മതി എനിക്ക്…

“ഓഹോ, എന്നാ നമുക്ക് നമ്മുടെ നാട്ടിൽ വെച്ച് തന്നെ കാണാം..ഒരേ നാട്ടുകാരല്ലെ നമ്മൾ..നല്ല അസ്സല് തൃശൂർകാര്..കുറച്ച് ദൂരം ഉണ്ടെന്നല്ലെ ഉള്ളൂ…ജിഷ്ണു വടക്കുംനാഥൻ ക്ഷേത്രത്തിന് അടുത്തും, ഞാൻ ഗുരുവായൂർ ഉണ്ണിക്കണ്ണന്റേ അടുത്തും..”

തൃശൂരിൽ നിന്ന് ഗുരുവായൂർ അതികം ദൂരമൊന്നുമില്ല…അര മണിക്കൂർ അത്രേ ഉള്ളൂട്ടോ..

“ജിഷ്ണു എന്നാടോ ലീവിന് നാട്ടിൽ വരുന്നത്..? “

ഞാൻ അടുത്ത മാസം എത്തും.. എവിടെ വെച്ച് കാണും നമ്മൾ..?

“അതൊക്കെ അപ്പൊ പറയാം..;”

ശിവാ, ഞാനൊരു കാര്യം ചോദിക്കട്ടെ, നമുക്കിടയിൽ ഈ ഒരു ചോദ്യം നമ്മൾ മറന്ന് പോയതാണ്… തനിക്ക് പ്രണയം വല്ലതും ഉണ്ടോ…?

കുറച്ച് നേരത്തെ മൗനത്തിനു ശേഷം അവള് അയച്ചു,

“ഇങ്ങള് എന്താ ഇതൊന്നും ഇത്രയും നാളായിട്ടും ചോദിക്കാത്തെ എന്ന് ഓർത്ത് ഇരിക്കായിരുന്നൂ..; എനിക്കൊരു പ്രണയമുണ്ട്..ഞാനത് മാഷിനോട് പറയുന്നതിനേക്കാൾ നല്ലത് ജിഷ്ണു ചോദിക്കുമ്പോ പറയുന്നതല്ലേ എന്ന് വിചാരിച്ചിട്ടാ പറയാത്തത്..!”

ഓഹോ അപ്പൊ ഈ പെണ്ണിന് പ്രണയം ഉണ്ടല്ലേ..! ആരാ ആള്..? എത്ര നാളായി തുടങ്ങിയിട്ട്..?

ഒന്ന് ചിരിച്ചിട്ട് അവള് പറഞ്ഞു, “അയ്യോ എന്റെ ജിഷ്ണു നിർത്തി നിർത്തി ചോദിക്ക്.. എന്തിനാടോ ഇത്രയ്ക്ക് ടെൻഷൻ..?”

ടെൻഷൻ ഒന്നുമല്ല, പെട്ടന്ന് തനിക്കൊരു പ്രണയം ഉണ്ടെന്ന് കേട്ടപ്പോ ചോദിച്ചെന്നെ ഉള്ളൂ..

“ശരി ശരി, എന്റെ കാമുകനെ കുറിച്ച് ഞാൻ ഇപ്പൊ ഒന്നും പറയില്ല..ചിലപ്പോ നമ്മുടെ കൂട്ടിനെ അത് ബാധിച്ചാലോ..! ജിഷ്ണു എന്നെ കാണാൻ വരുന്ന ദിവസം ഞാൻ ആളെയും കൂട്ടിക്കൊണ്ട് വരാം..എന്താ അതല്ലേ നല്ലത്..!”

ശരിയാ അതാ നല്ലത്, അത് മതി..

അത്രയും അടുപ്പം ഉള്ളത് കൊണ്ട് തന്നെ അവളായിട്ട്‌ തന്നെ ഫോൺ നമ്പർ കൊടുത്തു..സ്വന്തം അമ്മ പറയുന്നത് കേട്ട് ജീവിക്കുന്ന ഒരു തനി നാട്ടിൻപുറം ചെക്കൻ ആയത് കൊണ്ട് തന്നെ അവൾക്ക് നല്ല വിശ്വാസമായിരുന്നു ജിഷ്ണുവിനെ..പക്ഷേ ഫോൺ നമ്പർ കൊടുത്താലും അവർക്കിടയിൽ രണ്ടു പേരും തീരുമാനിച്ചൊരു നിബന്ധന ഉണ്ടായിരുന്നു..

ആഴ്‍ച്ചയിൽ ഒരിക്കൽ മാത്രമേ ഫോൺ വിളി പാടുള്ളൂ..അതും അഞ്ച് മിനിറ്റ് മാത്രം..പക്ഷേ ആ ഒരു വിളിക്കും വല്ലാത്തൊരു ഫീൽ ഉണ്ടായിരുന്നു..അവരുടേത് ഒരു പ്രണയബന്ധം അല്ലാത്തത് കൊണ്ട് തന്നെ അവർക്കിടയിൽ സന്തോഷത്തിനും സമാധാനത്തിനും സ്ഥാനം വളരെ അതികമയിരുന്നൂ…

ഒരിക്കൽ ജിഷ്ണു രാത്രി ഉറങ്ങാൻ നേരം ഓരോന്ന് ആലോചിച്ച് കിടന്നിട്ട് പെട്ടന്ന് ഫോൺ എടുത്ത് ശിവയെ വിളിച്ചു..കുറച്ച് നേരത്തെ റിംഗിന് ശേഷം അവള് ഫോൺ എടുത്തു..

“അയ്യോ ഇതെന്താ ജിഷ്ണു ഈ നേരത്ത്..! സമയം കുറെ ആയില്ലേ, ഉറക്കമില്ലെ…? ഫോൺ വിളിയിൽ നമ്മുടെ നിബന്ധന മറന്നോ താൻ…?”

ശിവാ സോറി ട്ടോ..; ഞാൻ ഒരു അത്യാവശ്യ കാര്യം അറിയാൻ വിളിച്ചതാ…ഇപ്പൊ വിളിച്ചതിന് പകരമായി ഈ ആഴ്‍ച്ച ഇനി വിളിക്കണ്ട..

“അതൊക്കെ അവിടെ നിൽക്കട്ടെ ജിഷ്ണു ഇപ്പൊ വിളിച്ച കാര്യം പറയ്..!”

അതോ, ശിവ പറഞ്ഞില്ലേ തന്റെ ലൗവറിനെ പറ്റി, അയാളുടെ സ്ഥലം എവിടെയാ..? അല്ലെങ്കിൽ പേരെങ്കിലും പറയ്..?

“ഓഹോ ഇതാണോ കാര്യം..! അവൻ ഇവിടെ ഗുരുവായൂർ തന്നെയാ താമസം..ഞങ്ങൾ ചെറുപ്പം തൊട്ടേ ഉള്ള കൂട്ടാ…പിന്നീട് എപ്പോഴോ അവനോട് പ്രണയമായി… അല്ലാ ജിഷ്ണു, ഇതെന്താ ഇപ്പൊ ഇങ്ങനെയൊക്കെ ചോദിക്കാൻ…”

ഏയ് ഒന്നൂല്യ, ഞാൻ വെറുതേ..!

“എന്നാ മോൻ പോയി കിടന്നുറങ്ങാൻ നോക്ക്..! ഓരോന്ന് ആലോചിച്ച് ടെൻഷൻ അടിക്കേണ്ട..കേട്ടല്ലോ…?”

എന്നാ ശരി, ശിവാ…;

അവള് ഫോൺ വെച്ചതിനു ശേഷം ജിഷ്ണു ഒരിക്കൽ അയച്ചു കൊടുത്ത അവന്റെ അമ്മയുടെ ഫോട്ടോ എടുത്തിട്ട് അതിൽ നോക്കി പറഞ്ഞു,

“അമ്മേടെ മോനൊരു പാവാട്ടോ..അമ്മമാരെ എല്ലാർക്കും ജീവനാ..പക്ഷേ ഈ ചെക്കന് അമ്മ എന്ന് വെച്ചാൽ, എന്താ പറയാ..”

ജിഷ്ണു ലീവിന് പോകുന്നതിനു രണ്ടു ദിവസം മുൻപ് അവളെ വിളിച്ചിട്ട് ചോദിച്ചു,

ഞാൻ ഇയാൾക്ക് ഇപ്പൊ എന്താ വാങ്ങാ..? എന്താ ശിവയ്ക്ക് വേണ്ടത്..?

“എന്റെ ജിഷ്ണു, എനിക്കൊന്നും വേണ്ടാട്ടാ, ആ പാവം അമ്മ മോനെയും നോക്കി ഇരിക്കാ അവിടെ..അമ്മയ്ക്ക് എന്തെങ്കിലും വാങ്ങിയാ മതി, അപ്പൊ എനിക്കും സന്തോഷാവും..”

ഒരു ചിരി മാത്രമായിരുന്നു അവന്റെ മറുപടി…പക്ഷേ അവൻ ശിവയ്ക്ക് വേണ്ടി ഒരു ഡയറി വാങ്ങി..സ്വർണ്ണ നിറമുള്ള തിളങ്ങുന്ന ഒരു കൊച്ചു ഡയറി..

ഫ്ലൈറ്റിൽ കയറുന്നതിനു മുൻപ് ജിഷ്ണു അവൾക്കൊരു മെസ്സേജ് അയച്ചു..”ഞാൻ നാട്ടിലേക്ക് വരുന്നു” എന്ന്..

നാട്ടിലെത്തി രണ്ടു ദിവസം അവൻ അവളെ വിളിക്കുകയോ മെസ്സേജ് അയക്കുകയോ ചെയ്തില്ല..അങ്ങനെ ഒരു രാത്രി അവൻ വിളിച്ചു..

ശിവാ നാളെ ഞാൻ വരും നിന്നെ കാണാൻ..;

“നാളെ രാവിലെ നേരത്തെ വരുമോ..? അപ്പൊ നമുക്ക് ഗുരുവായൂർ പോയി തൊഴാം..”

അതിനെന്താ ഞാൻ നേരത്തെ വരാം..എനിക്കും ഒന്ന് തൊഴാലോ..പിന്നെ ഒരു കാര്യം, ഇങ്ങടെ ആ കാമുകനോട് കൂടി വരാൻ പറയ്..എനിക്ക് കാണാലോ..!

“അതെന്തായാലും ആളും വരും..നാളെ തമ്മിൽ അമ്പലത്തിൽ വെച്ച് കാണാമെന്ന് പറഞ്ഞിട്ടുണ്ട്..അതാ ജിഷ്ണു നാളെ വരട്ടെ എന്ന് ചോദിച്ചപ്പോ വരാൻ പറഞ്ഞത്..”

പിറ്റേന്ന് രാവിലെ തന്നെ ജിഷ്ണു ക്ഷേത്രത്തിൽ എത്തി..ശിവയെ ആദ്യമായി കാണാൻ പോവുകയാണ്..അക്ഷരങ്ങളിലൂടെയും ശബ്ദത്തിലൂടെയും മാത്രം അറിഞ്ഞ ശിവയെ ഇന്ന് നേരിട്ട് കാണാൻ പോവുകയാണ്..അവള് എന്നെയേ കണ്ടിട്ടുള്ളൂ, അതും ഫോട്ടോയിൽ…ഇനി കണ്ടാ തിരിച്ചറിയോ ആവോ…!

ഇന്ന് ഏകാദശി ദിവസം ആയത് കൊണ്ട് തന്നെ നല്ല തിരക്കുണ്ട് ക്ഷേത്രത്തിൽ… പെട്ടന്നാണ് അവളുടെ കാൾ വന്നത്..

“ജിഷ്ണു, ഇയാള് ഇപ്പൊ എവിടെയാ നിൽക്കുന്നത്..? ഒരു കാര്യം ചെയ്യോ, തൊഴാൻ വരി നിൽക്കുന്ന ആളുകളെ കണ്ടോ…! അതിന്റെ അവസാനം ഒരു പാർക്കിംഗ് ഗ്രൗണ്ടിലേക്ക് ഉള്ള വഴിയാണ്..അവിടേക്ക് നിന്നാ മതീട്ടോ..!”

അവൻ ശിവ പറഞ്ഞതനുസരിച്ച് അവിടേക്ക് കയറി നിന്നു..ചുറ്റുമുള്ള കാഴ്ചകളോക്കെ കണ്ട് അങ്ങനെ നിന്നപ്പോ ഉണ്ട് ആരോ പുറത്ത് വന്നു തട്ടി വിളിക്കുന്നു…തിരിഞ്ഞ് നോക്കിയ അവന് തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല..

“ശിവ” അവളാണ് തന്റെ മുന്നിൽ നിൽക്കുന്നത്… അവളുടെ കണ്ണുകൾ എന്നെ ശരിക്കും തളർത്തി എന്ന് വേണം പറയാൻ…ഒരു ചെറിയ പൊട്ടാണ് നെറ്റിയിൽ ഉള്ളത്..നേരിട്ട് കണ്ടതിന്റെ ചമ്മലൊന്നും ഇല്ലാതെ അവളുടെ ചുണ്ടിൽ വിരിഞ്ഞത് ഒരു പുഞ്ചിരി തന്നെയായിരുന്നു…അവള് എപ്പോഴും പറയാറുള്ള തന്റെ ഇഷ്ട കറുത്ത കുപ്പിവളകൾ അവളുടെ കൈകളിൽ കിടന്ന് കൂട്ടി മുട്ടുന്നുണ്ട്..

“അയ്യോ എന്ത് പറ്റി ജിഷ്ണു, ഇങ്ങനെ കണ്ണും മിഴിച്ച് നോക്കി നിൽക്കുന്നത്…?”

ഏയ് ഒന്നൂല്യ,പെട്ടന്ന് കണ്ടപ്പോ…!

“പെട്ടന്ന് കണ്ടപ്പോ എന്താടോ കാണാൻ കൊളളില്ലെ എന്നെ..? എന്താ ജിഷ്ണു വിളിക്കുമ്പോ ഉള്ള തന്റെ കുടുകുടാ ചിരി എവിടെ പോയി…! “

ചിരിയൊന്നും പോയിട്ടില്ല ശിവാ..; ദേ ഇത് അമ്മ തന്നു വിട്ടതാ.. ഞാൻ ഇന്നലെ രാത്രി അമ്മയോട് പറഞ്ഞു, ഞാൻ ഇത് വരെയും കാണാത്ത എന്റെ ചങ്ങാതിയെ കുറിച്ച്..ഇതൊന്നു കഴിച്ച് നോക്ക് അമ്മ ഉണ്ടാക്കിയ ഉണ്ണിയപ്പം ആണ്..

അവളതിൽ നിന്നും ഒരു ഉണ്ണിയപ്പം എടുത്ത് കഴിച്ചു..

“അമ്മ ഇൗ കൊച്ചു മോന് വേണ്ടി ഉണ്ടാക്കിയ ഉണ്ണിയപ്പം അല്ലേ, കിടു ആണുട്ടോ..; അതിലൊരു പങ്ക് കഴിക്കാൻ എനിക്കും പറ്റിയല്ലോ..;”

ജിഷ്ണു അവൾക്ക് വേണ്ടി വാങ്ങിയ ഡയറി ശിവയുടെ കയ്യിലേക്ക് കൊടുത്തു..
ഒരു ആകാംഷയോടെ അവളത് വാങ്ങി നോക്കി..

“എന്റെ ജിഷ്ണു, ഡയറി കൊള്ളാട്ടോ..എന്റെ ജീവിതത്തിൽ കുറെ ഗിഫ്റ്റുകൾ കിട്ടിയിട്ടുണ്ട്…പക്ഷേ ഇത് ഞാൻ അതിലൊന്നും പെടുത്തില്ല..”

അല്ല ശിവാ, തന്റെ ലൗവർ വന്നില്ലേ..? കൂടെ വരുമെന്നല്ലെ പറഞ്ഞത്…!

“ആള് എന്റെ കൂടെ വന്നിട്ടുണ്ട്..എന്നോട് പറഞ്ഞു താൻ പോയി ജിഷ്ണുവിനെ കൂട്ടിക്കൊണ്ട് വരാൻ..വാ ജിഷ്ണു നമുക്ക് അവനെ കാണാൻ പോകാം..”

അവര് നേരെ പോയത് അമ്പല നടയിലേക്കാണ്…അവിടെയെത്തിയ ശിവ അവനോട് പറഞ്ഞു,

“ജിഷ്ണു ദാ അങ്ങോട്ട് നോക്ക്..അതാണെന്റെ കാമുകൻ, ഞാൻ ആരാധിക്കുന്ന എന്റെ കള്ള കൃഷ്ണൻ..” അതും പറഞ്ഞവൾ അകത്തെ ശ്രീകോവിലിന് ഉള്ളിലിരിക്കുന്ന കൃഷ്ണനെ ചൂണ്ടി കാണിച്ചു..

അത് കേട്ടതും അത്രയും നേരം അവനിൽ ഉണ്ടായിരുന്ന ഞെട്ടലിൽ നിന്നും അവൻ ഉണർന്നു..കൃഷ്ണനെയാണ് കാമുകനായി ഇത്രയും നാളും അവള് പറഞ്ഞതെന്ന് അവന് മനസിലായി…പിന്നീട് അവനിൽ ഒരു നിറഞ്ഞ ചിരിയാണ് ശിവ കണ്ടത്..

“മതീടോ ജിഷ്ണു ഇങ്ങനെ ചിരിച്ചത്..നമുക്ക് ഒന്ന് തൊഴുതിട്ട്‌ ദാ പുറത്ത് പോയി നല്ലൊരു മസാല ദോശ കഴിക്കാം..കിടു ആണ് ഇവിടുത്തെ മസാല ദോശ..”

തൊഴലൊക്കെ കഴിഞ്ഞ് അവരു ഒരു ഹോട്ടലിൽ മസാല ദോശ കഴിക്കാൻ കയറി..
അവളെ ഒന്ന് നോക്കിയിട്ട് അവൻ പറഞ്ഞു,

എന്റെ ശിവാ, കാമുകൻ എന്നൊക്കെ പറഞ്ഞപ്പോ എനിക്കെന്തോ നെഞ്ചിനൊക്കെ വല്ലാത്തൊരു ഇടിപ്പായിരുന്നൂ..

“അയ്യോ അതെന്തിനാ..!എന്നിട്ട് ഇപ്പൊ ആ ഇടിപ്പൊക്കെ മാറിയോ..?”

ചിരി തന്നെയായിരുന്നു അപ്പോഴും അവന്റെ മറുപടി…എന്നിട്ട് അവളോടായി പറഞ്ഞു,

ശിവാ, തനിക്കൊരു പ്രണയബന്ധം ഉണ്ടെന്ന് കേട്ടപ്പോ വിഷമം ഒന്നുമല്ല തോന്നിയത്…കാരണം, തന്നോട് അങ്ങനെയൊരു ഇഷ്ടം തോന്നിയിട്ടില്ല…എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തിന് എന്നെക്കാൾ അടുപ്പം ഉള്ള ഒരാള് ഉണ്ടെന്ന് കേട്ടപ്പോ……! വേറൊന്നും വിചാരിക്കേണ്ട, ..;

“ജിഷ്ണു എനിക്ക് ഒരു കാര്യം പറയാനുണ്ട്…എനിക്ക് ഒരാളെ ഇഷ്ടാ…ഇഷ്ടം എന്ന് പറഞ്ഞാല് ജീവൻ ആണുട്ടോ, പക്ഷേ എന്റെ ഇഷ്ടം തിരിച്ച് അയാൾക്ക് ഉണ്ടോ എന്നറിയില്ല…ഇന്നേ വരെ പറഞ്ഞിട്ടില്ല എന്റെ ഇഷ്ടം…”

അവന്റെ മുഖം വാടി..ചിരി പതിയെ കുറഞ്ഞു വന്നു..

അല്ലാ,അതാരാ ശിവാ അത്രയും ഇഷ്ടമുള്ള ഒരാള്..എന്നോട് മുമ്പൊന്നും പറഞ്ഞിട്ടില്ലല്ലോ..!

“നേരിട്ട് കാണുമ്പോ പറയാൻ എന്തെങ്കിലും വേണ്ടേ, അതാ…ജിഷ്ണു എനിക്ക് തന്ന ഇൗ ഡയറിയിലെ അവസാന പേജിലും ഞാനെന്റെ അനുഭവങ്ങൾ കുറിച്ചിട്ടു കഴിയുമ്പോ ഞാൻ പറയും അതാരാണെന്ന്…”

അപ്പൊ ഇൗ ഡയറി എഴുതി തീരുന്നത് വരെ ഞാൻ കാത്തിരിക്കണം അതാരാണെന്ന് അറിയാൻ, അല്ലേ…?

“ഇത്രയും നാളും വല്യ ആകാംഷയോടെ അല്ലേ എന്നെ കാണാൻ കാത്തിരുന്നത്…എന്നിട്ട് ഇന്ന് കണ്ടപ്പോ വല്ലാത്തൊരു ഫീൽ ആയിരുന്നില്ലേ…! അത് പോലെ എനിക്ക് അത്രക്ക് ഇഷ്ടമുള്ള ആള് ആരാണെന്ന് അറിയാൻ ഒരിക്കൽ കൂടി ജിഷ്ണുവും കാത്തിരിക്ക്..”

അവളുടെ നിബന്ധന അവന് സമ്മതമായിരുന്നു…

അവിടുന്ന് രണ്ടാളും പിരിഞ്ഞു.. അന്ന് രാത്രി അവന് ഉറക്കം ഇല്ലായിരുന്നു എന്ന് തന്നെ പറയാം..അതാരാ അവള് എന്നോട് പോലും പറയാത്ത അത്രക്കും ഇഷ്ടമുള്ള ഒരാള്..

അതേ സമയം ജിഷ്ണു തനിക്കായി തന്ന ഡയറിയിലെ ആദ്യ പേജിൽ ” എന്റെ സ്വന്തം ജിഷ്ണു” എന്ന് കുറിച്ചിരുന്നു ശിവ…

~ജിഷ്ണു രമേശൻ