അവളെ വിദേശത്തേക്ക് വിടാൻ ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ല. പോകാൻ അവൾക്കും. പോകുന്നെൻ്റെ തലേന്ന്….

മണൽ കൊട്ടാരം

Story written by Mini George

=================

“റോയിയോട് എത്രവട്ടം പറയണം ഞാൻ, ഇപ്പോൾ അങ്ങോട്ട് വരുന്നില്ലെന്ന്. എല്ലാമൊന്നുതുങ്ങി പച്ച പിടിച്ചു വരുന്നേ ഉള്ളൂ. അപ്പോഴേക്കും വരണമെന്ന് പറഞാൽ? സ്ഥിരമായി ഇത് തന്നെ അല്ലെ ഞാൻ പറഞ്ഞു കൊണ്ടിരിക്കുന്നത്?. “

“പിള്ളേര് വളർന്നു വരികയാണ്. അവിടെ വന്നു, ചെറിയ ജോലി തപ്പിപിടിച്ച് അതിനു പോയാൽ റോയി പറയുന്ന ആ സന്തോഷ ജീവിതമേ നടക്കൂ, കയ്യിൽ അഞ്ച് പൈസ കാണത്തില്ല. അവരുടെ ഭാവി എന്താകും?. അവരും റോയിയെ പോലെ താനാതീനാ നടക്കും. അത് വേണോ? അത് ഞാൻ സമ്മതിക്കില്ല. തൽകാലം ഞാൻ വന്നാൽ ശെരിയാകില്ല. പിന്നെ റോയിയെ കൂടെ കൊണ്ട് വരണം എന്നതൊക്കെ നടക്കാത്ത കാര്യം ആണ്. രണ്ടു വീട്ടിലെയും അപ്പന്മരെയും അമ്മമാരെയും ആരു നോക്കും. വയസ്സ് കാലത്ത് അവർക്ക് വേണ്ട മരുന്നും മന്ത്രവും ഒക്കെ ചെയ്യാനാരുണ്ട്?

കാൾ കട്ട്‌ ചെയ്തു ലിസ പോയിട്ടും റോയ്, ഫോൺ കയ്യിൽ തന്നെ പിടിച്ചുകൊണ്ട് ഉമ്മറത്തിണ്ണയിൽ ഇരുന്നു..പടിഞ്ഞാറേ മാനം ചുമന്നു തുടങ്ങിയിരുന്നു..എവിടെയോ പെയ്യുന്ന മഴയുടെ തണുപ്പുമായി കാറ്റ് വീശിക്കൊണ്ടിരുന്നു.

കരിമ്പടഛവി കലർന്ന മേഘങ്ങൾ പോലെ റോയിയുടെ തലക്ക് മുകളിൽ  ലിസയുടെ വാക്കുകൾ ഉരുണ്ടു കൂടി,  ആർത്തലച്ചു പെയ്തു.

ആ കുത്തൊഴുക്കിൽ ജീവിതം ഒരു മണൽകൊട്ടാരം പോലെ പൊടിഞ്ഞലിഞ്ഞു പോകുന്നത് റോയ്ക്ക്‌ മനസ്സിലായി. പ്രതീക്ഷകളും സ്വപ്നങ്ങളും ചുഴിക്കുള്ളിൽ ചുറ്റിക്കറങ്ങി അഗാധതയിൽ പോയിമറഞ്ഞു. അയാളുടെ ആത്മബലം കടലാസു തോണി പോലെ നനഞ്ഞടിഞ്ഞു പോയി.

എണീക്കാൻ പോലും മറന്ന് അയാൾ, ചുറ്റും പരക്കുന്ന സന്ധ്യയുടെ ഇരുൾ പോലും അറിയാതെ അവിടെ ഇരുന്ന് പോയി. മരച്ചില്ലകളിലും പറമ്പിലെ വാഴക്കൂട്ടങ്ങൾക്കും ഇടയിൽ, പടരാൻ വെമ്പി രാത്രി ഒരുങ്ങി നിന്നു..

കുറച്ചു നാളുകളായി ലിസ ഇങ്ങനെ ആണ്. എന്ത് പറഞ്ഞാലും ഇഷ്ടപ്പെടാത്തത് പോലെ , മടുപ്പ് പോലെ…

കുട്ടികൾ രണ്ടുപേർക്കും ക്ലാസ്സ് ഉണ്ട്. മൂത്തവൻ്റെ കോഴ്സ് അടുത്തു കഴിയും. എന്നിട്ട് അമ്മേടെ അടുത്തു പോകാനാണ് പ്ലാൻ. ഇതൊന്നും അവരായിട്ട് പറയുന്നതല്ല. ഗ്രൂപ്പ് ചാറ്റിൽ കേൾക്കുന്നതാണ്.

അന്ന് ദോശ ചുടുമ്പോൾ റോയിടെ വിരലുകൾ ആദ്യമായ് പൊള്ളി, ചോറ് വാർക്കുമ്പോൾ വയറും, ഉണ്ണാനിരുന്നപ്പോൾ മനസ്സും പൊള്ളി..

കഴിക്കാൻ ഇരുന്നപ്പോൾ അർഹതയില്ലാത്ത ചോറ് തൊണ്ടയിൽ നിന്നിറങ്ങാൻ കൂട്ടാക്കുന്നില്ല….രാത്രി ഇരുണ്ടു വെളുത്തിട്ടും ഓരോ ജോലികൾ ചെയ്യുമ്പോഴും റോയ് എവിടെയൊക്കെയോ അലയുകയായിരുന്നു..

“റോയിയെ…നല്ല പെടക്കണ ആവോലി…ഡാ….”

മീൻകാരൻ പൈലി നീട്ടി വിളിച്ചപ്പോഴാണ് റോയിക് സ്ഥലകാലബോധം വന്നത്.

“ഓ..ഇന്ന് വേണ്ട പൈലി….” നിന്നിടത്ത് നിന്നും വിളിച്ചു പറഞ്ഞു.

“അവക്കെട പൈസ വന്നു കാണത്തില്ലെടെ പൈലി..അതാ അവനു മീൻ വേണ്ടാതെ..”

അയൽവക്കത്തെ തങ്കചേടത്തി തമാശ പൊട്ടിച്ചു.

അത് കേട്ടപ്പോൾ റോയിക്ക്‌ പൊടുന്നനെ ദേഷ്യം വന്നു..അവൾ കാശ് അയച്ചില്ലേലും ചിലവിനുള്ള പൈസയൊക്കെ ഈ റോയ് പണിയെടുത്തു ഉണ്ടാക്കുന്നുണ്ട് ചേടത്തിയെന്നു വിളിച്ചു പറയാൻ റോയുടെ നാവ് തരിച്ചത് അയാൾ പണിപ്പെട്ടു അടക്കി…ഇറങ്ങി നിന്നു അവരെ ഒരു നോട്ടം നോക്കി. തീ പാറുന്ന പോലുള്ള നോട്ടം കണ്ട് പരുങ്ങിയ ചേടത്തി ചട്ടീലു തേക്കെല വച്ച് പൈലിക്ക് നേരെ നീട്ടി.

“നിങ്ങൾക്ക് നിങ്ങടെ വായൊന്നൊതുക്കിക്കൂടെ ചേടത്തിയെ..” പൈലിക്കും ദേഷ്യം വന്നു.

എന്തൊരു കഷ്ടമാണിത്. അവൾക്ക് മാത്രല്ല നാട്ടുകാർക്കും ഒരു വിലയില്ലതായല്ലോ. വല്ലാത്ത ഒരു വിധി. റോയി നിന്ന് വിയർത്തു.

പൈലി നീട്ടി വിളിച്ചു കടന്നു പോയി “ചൂര ചൂരെയ്

ഓർക്കുംതൊറും നെഞ്ച് വീണ്ടും വിറക്കുന്നു. അവളെ വിദേശത്തേക്ക് വിടാൻ ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ല. പോകാൻ അവൾക്കും. പോകുന്നെൻ്റെ തലേന്ന് നെഞ്ചില് കിടന്നു അലമുറയിട്ടു കരഞ്ഞ പെണ്ണാണ് ഇതെല്ലാം പറയുന്നത്.

കല്ല്യാണം കഴിഞ്ഞ അന്ന് തൊട്ടു ഒരിടത്തും ഒറ്റക് പോയിട്ടില, വിട്ടിട്ടും ഇല്ല. കൊണ്ടുവരുന്നത് കൊണ്ട് ജീവിക്കാൻ അവൾക്കും നല്ല മിടുക്കായിരുന്നു. നഴ്സിങ് പഠിച്ചെങ്കിലും കുട്ടികളെ നോക്കാൻ ആളില്ലാത്ത കൊണ്ട് ജോലിക്ക് പോലും പോയിട്ടില്ല

റോയിയുടെ ഉണ്ടായിരുന്ന ജോലി കൊറോണ കൊണ്ടുപോയപ്പോൾ നിവർത്തിയില്ലാതെ ആണ്, അവളെ വിദേശത്ത് വിട്ടത്. അതും തൻ്റെ നിർബന്ധം കൊണ്ട്. ഒരു സുഹൃത്താണ് കാനഡയിൽ ഒരു വിസ സംഘടിപ്പിച്ചത്. കുട്ടികളെ പഠിപ്പിക്കണം, രണ്ടു വീട്ടിലെയും അപ്പനമ്മമർക്ക് മരുന്ന് വേണം…എന്ത് ചെയ്യും.? വിടുക തന്നെ.

“റോയി ഉണ്ടെങ്കിലേ ഞാൻ പോകൂ. ആറുമാസം കൊണ്ട് ഞാൻ ഫാമിലി വിസ അയക്കും. അങ്ങോട്ട് വന്നോളണം, ഇച്ചായൻ ഇല്ലാതെ ഒറ്റയ്ക്കു എനിക്ക് പറ്റില്ല ഇച്ചായാ..””

അവളുടെ കരച്ചിലും പറച്ചിലും കേൾക്കുമ്പോൾ തോന്നും വിടണ്ട എന്ന്. പക്ഷേ നല്ലൊരു ചാൻസ് ഒത്ത് വന്നപ്പോൾ അവളുടെ അപ്പനും കൂടിയാണ് നിർബന്ധിച്ചത്.

“ഇതൊക്കെ ഒന്നു അവസാനിച്ചു ഇവനൊരു ജോലിയായാൽ മോൾ തിരിച്ചു പോരെ…അതുവരെ മോള് ക്ഷമിക്കൂ.”

ആദ്യമൊക്കെ വിളിക്കുമ്പോഴെ കരച്ചിലായിരുന്നു, തിരികെ വരുന്നെന്ന് പറഞ്ഞ്. പാവം കുട്ടികളെ വിട്ടു നിന്നിട്ടില്ലല്ലോ.

പിന്നെ പിന്നെ ശീലമായ പോലെ കരച്ചിലങ്ങു മാറി. കുട്ടീകളെ കൂട്ടി ഗ്രൂപ്പ് ചാറ്റൊക്കെ ചെയ്യുമ്പോൾ എത്ര നേരം വേണേലും സംസാരിച്ചിരിക്കും.

ഇവിടെയാണെന്കിൽ പരിചയമില്ലാഞ്ഞിട്ടുകൂടി റോയി കുട്ടികൾക്ക് നല്ലൊരു അപ്പനും അമ്മയും ആയി, ഇത് വരെ ചെയ്യാത്ത ജോലികൾ, ഒരു പെണ്ണിന് വീട്ടിൽ എന്താണ് ജോലിയെന്നു ചിന്തിച്ചിരുന്ന റോയ് മാറുകയായിരുന്നു. ഒരു വീട്, രണ്ടു കുട്ടികൾ, പ്രായമായ മാതാപിതാക്കൾ, നിർത്താതെ ഓടുന്ന എണ്ണയിട്ട ഒരു യന്ത്രം പോലെ, ഒരമ്മ എന്ത് ചെയ്യുന്നുവോ അതെല്ലാം ചെയ്തു. കുട്ടികൾക്ക് ഒരു കുറവും വരുത്താതെ, ലിസ അയക്കുന്ന കാശും, അല്ലറ ചില്ലറ പാർട്ട് ടൈം ജോലികളും ഒക്കെ ആയി….

പക്ഷേ ലിസയുടെ കുറവ് അയാളിൽ നിന്നും ഊരി പോയില്ല. രാവുകൾക്കും പകലുകൾക്കും അവളുടെ സ്വരവും ഗന്ധവുമായിരുന്നു. തിരികെ വിളിക്കണം. നല്ലൊരു ജോലി എത്രയും പെട്ടെന്ന് കണ്ടെത്തണം. സുഖമായി ജീവിക്കണം. വയ്യ ഇനിയിങ്ങനെ ഒറ്റക്ക്.

എന്നാൽ വിചാരിച്ചതു പോലെ ഒന്നും അല്ല സംഭവിച്ചത്. സ്വയം വരുമാനം ഒക്കെ ആയപ്പോൾ ലിസക്കൊരു മാറ്റം പോലെ. അവിടത്തെ സൗകര്യങ്ങൾ, ഏറ്റവും കുറഞ്ഞ ജോലിഭാരവും, കൈനിറയെ കിട്ടുന്ന ശമ്പളവും, പുതിയ പുതിയ സൗഹൃദങ്ങളും..പലപ്പോഴും വിളിച്ചാൽ ഫോൺ എടുക്കാൻ തന്നെ ഒരു മടി. എന്നാൽ പിള്ളേരോട് നല്ല കൂട്ടും സംസാരവും.

വാക്കുകളിൽ മാത്രമല്ല, പെരുമാറ്റത്തിലും, വസ്ത്രധാരണത്തിലും ഒക്കെ വല്ലാത്ത മാറ്റം. ധനികയായ സ്ത്രീകളെ പോലെ. ഒരു ചുരിദാർ ഇട്ടാൽ ചാഞ്ഞും ചരിഞ്ഞും നോക്കിയിരുന്നവൾ ഇറുകിയ ജീൻസും ബനിയനും, മിഡിയും ടോപ്പും ഒക്കെയായി, കറുത്ത് ചുരുണ്ട മുടി സ്ട്രൈറ്റ് ചെയ്തു മുഖത്തിനൊപ്പം വെട്ടിയിട്ട് ആൾ ശെരിക്കുംമോഡേൺ ആയിരിക്കുന്നു..ഒരു പക്ഷെ ഇതൊക്കെ തോന്നുന്നതായിരിക്കുമോ??….റോയി അങ്ങനെ സമാധാനിക്കാൻ ശ്രമിച്ചു.

പക്ഷേ ഇപ്പൊളിപ്പോൾ എന്തു കാരൃത്തിനും “അപ്പാ” എന്ന് വിളിച്ചു പുറകെ നടക്കുന്ന മക്കളും മിണ്ടുന്നില്ല. അമ്മേടെ കൂടെ പോകാനുള്ള മൂഡിൽ നടക്കുന്ന പിള്ളേരോടു “അത് ശരിയാകില്ല, ഇപ്പൊൾ പോകേണ്ട” എന്ന് പറഞ്ഞതാണ് കുഴപ്പം…

അവർക്കിപ്പോൾ അവരുടെ ഭാവിക്ക് വിലങ്ങുതടിയായി നിൽക്കുന്നവനാണ്  അപ്പൻ.

അവളുടെ വീട്ടിൽ ഒന്ന് പറഞ്ഞു നോക്കാം എന്ന് കരുതി കഴിഞ്ഞ ദിവസം അവിടെ വരെ പോയി. പക്ഷേ അവരും വല്ലാതെ മാറിയിരിക്കുന്നു.

“നീയെന്നാതിനാടാ അവളോട് വരാൻ പറയുന്നത്. കൊച്ചുങ്ങളും പോട്ടെ. അവരുടെ ഭാവിക്കു ഇവിടെ നിന്നിട്ട് എന്തോ ചെയ്യാനാ, അവിടെ പോയി നന്നായി പഠിച്ചാ അവര്ക്കവിടെ സുഖായി ജീവിക്കാലോ, ജീവികട്ടെടാ, നിന്റെ മക്കളല്ലേ നന്നായി ജീവിക്കട്ടെ..

ഇപ്പോൾ റോയിയുടെ പേരിൽ ലിസ പൈസ അയയ്ക്കാറില്ല. പിള്ളേർക്കും അവളുടെ വീട്ടിലേക്കും നേരിട്ട് അയയ്ക്കുന്നു..

ആലോചിച്ചു റോയിക്ക് വട്ടുപിടിക്കും എന്നായി. ഇന്നലെ അവളുടെ വീട്ടിൽ പോയതിൻ്റെ റിയാക്ഷൻ ആണ് ഇന്ന് പെയ്തു തീർത്തത്.

ദിവസങ്ങൾ കടന്നുപോയി. ലിസ റോയിയെ വിളിക്കാറേയില്ല. കുട്ടികളുമായാണ് ചങ്ങാത്തം. അയാളുടെ മനസ്സിൽ കഴിഞ്ഞു പോയ കാലത്തിൻ്റെ നല്ലോർമകൾ മാത്രം കെടാതെ നിന്നു. ഇനിയൊരിക്കലും ലിസയോ കുട്ടികളോ പണ്ടത്തെ പോലെ ആകില്ല. ഓർക്കും തോറും അയാൾക്ക് സമനില തെറ്റുന്ന പോലെ.

കുട്ടികൾ മിണ്ടാതായത് അയാൾക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അവരെ ഇങ്ങനെ അകറ്റരുതെ എന്ന് പറയാൻ പോലും അയാൾക്ക് കഴിഞ്ഞില്ല….എല്ലായിടത്തു നിന്നും അയാൾ പുറന്തള്ളപ്പെട്ടിരിക്കുന്നു. അവരുടെ ഒപ്പം ചേരാൻ അയാൾക്ക് പറ്റുന്നില്ലായിരുന്നു. പല കാര്യത്തിലും കുട്ടികൾ റോയിയെക്കാൾ അറിവുള്ളവർ ആയിരുന്നു..

നാട്ടിൽ ചെറിയ ജോലികളുമായി നടക്കുന്ന അപ്പൻ വിചാരിക്കുന്നതിലും കൂടുതൽ സ്വപ്‌നങ്ങൾ ഉണ്ടായിരുന്നു അവർക്ക്. കാനഡ പോലൊരു രാജ്യം അവരുടെ ഏറ്റവും മികച്ച ചോയ്സ് ആയിരുന്നു.

അങ്ങനെ മൂത്തവൻ്റെ കോഴ്സ് കഴിഞ്ഞ സമയം, അവർ ആരുടെയൊക്കെയോ സഹായത്തോടെ വിസയും മറ്റും ശരിയാക്കുന്നു. കൊണ്ടു പോകേണ്ട സാധനങ്ങൾ ഒരുക്കുന്നു…ബന്ധു വീടുകളിൽ പോകുന്നു. ഒന്നിനും റോയ് ഇടപെടേണ്ട ആവശ്യം വന്നില്ല. പണം മുടക്കാൻ അമ്മയുണ്ടായിരുന്നു.

അവർ അവരുടെ അമ്മയുടെ അടുത്തേക്ക് പോകാൻ തുടങ്ങുകയാണ്. റോയ് ഓരോ ചുള്ളികമ്പുകൾ ചേർത്ത് വെച്ചൊരുക്കിയ ആ കൂട് ചേർത്ത് വച്ച തൂവലുകൾ പൊഴിഞ്ഞു ദ്രവിച്ചു തുടങ്ങിയിരിക്കുന്നു. കുടുംബം ഒരു പളുങ്കു പാത്രം താഴെ വീണ പോലെ ആയിപ്പോയി. കാലത്തിനു ചേരാത്ത കോലം പോലയാൾ.

പറക്കമുറ്റിയ കുഞ്ഞുങ്ങൾ പറന്നു തന്നെ പോകും…ലോക നിയമമാണത്. അയാൾ അങ്ങനെ ആശ്വസിച്ചു.

പക്ഷേ അവർ അമ്മയുടെ അരികിലേക്ക് പോയത് മുതൽ അയാൾ തകർന്നു തുടങ്ങി. ഒറ്റക്കുള്ള ജീവിതം വെറുത്തു പോയി. എങ്കിലും ലിസക്കെന്നെ വേണ്ടാതായല്ലോ…കുട്ടികളും….

അയാൾക്ക് ഒന്നു അമ്മയെ കാണണം എന്ന് തോന്നി.

പറമ്പിൽ പണിയെടുക്കുന്ന പെണ്ണുങ്ങളെ നോക്കി കാവി മെഴുകിയ അരിതിണ്ണയിൽ ഇരിക്കുകയായിരുന്നു, റോയിയുടെ അമ്മ. നട്ടുച്ച നേരം, തിളക്കുന്ന വെയിൽ.

പടികടന്നുവരുന്ന റോയിയെ അവർക്ക് പെട്ടെന്ന് മനസ്സിലായില്ല..അത്രക്കയാൾ മാറിപ്പോയിരിക്കുന്നു. ഒരു ഭ്രാന്തനെപ്പോലെ.

വന്നതും അയാൾ അവരുടെ മടിയിൽ കിടന്നു. സങ്കടം തിക്കു മുട്ടിയ മനസ്സുമായി. അവർ അയാളുടെ മുടിയിൽ തഴുകിക്കൊണ്ടിരുന്നു. റോയിക്ക് സഹിക്കാൻ കഴിഞ്ഞില്ല..അയാൾ ഉറക്കെ കരഞ്ഞു. 

“കരഞ്ഞോളൂ കുഞ്ഞെ മതിയാവോളം….എങ്കിലേ നിനക്കൊരു പുതിയ മനുഷ്യനായി നിനക്ക് വേണ്ടി ജീവിക്കാൻ പറ്റൂ. ആ അമ്മ പറഞ്ഞു കൊണ്ടിരുന്നു….

ഇനിയെങ്കിലും നീ നിനക്കു വേണ്ടി ജീവിക്കണം. കാലം മാറുമ്പോൾ കോലവും മാറണമെന്ന് പലരും പറയും. പക്ഷെ നീ നിന്റെ അപ്പനെയും അമ്മയെയും അവളുടെ മാതാപിതാക്കളെയും ഉപേക്ഷിച്ചു ഇപ്പൊ പോയാൽ, നാളെ നീയും അതുപോലെ ഉപേക്ഷിക്കപ്പെടും..അവർ നിന്നെ മനസ്സിലാക്കുന്ന കാലം വരും…അതു വരെ പിടിച്ചു നിൽക്കണം..കൂട്ടിവെയ്ക്കുന്ന പണം ഒന്നിനും ഉപകരിക്കാത്ത കാലം വരുമ്പോൾ അവർ നിന്നെ ഓർക്കും.””

ഒരാളെങ്കിലും തന്നെ അറിയുന്നല്ലോ എന്ന ചിന്ത അയാൾക്കു തെല്ലൊന്നുമല്ല ആശ്വാസമേകിയത്. അമ്മയുടെ മടിയിൽ കിടന്നു അയാൾ ആകാശം നോക്കി..

വെളുത്ത മേഘങ്ങൾക്ക്‌ കീഴിലൂടെ നനുത്ത മേടക്കാറ്റ് വീശികൊണ്ടിരുന്നു. വെയിൽ തിളയ്ക്കുന്ന മുറ്റത്തു വന്നു വീഴാവുന്ന വേനൽ മഴ കാത്തയാൾ അമ്മയുടെ മടിയിൽ സ്വസ്ഥമായ് മിഴികൾ പൂട്ടി..

~Mini george