വധു
എഴുത്ത്: ലച്ചൂട്ടി ലച്ചു
=====================
അ ടിവ യറ്റി ൽ കൊളുത്തിപ്പിടിയ്ക്കുന്ന വേദന തോന്നിയതുകൊണ്ടായിരുന്നു വിധുവേട്ടൻ വന്നു വിളിച്ചിട്ടും നേരെയൊന്നു നോക്കാൻ പോലും കഴിയാഞ്ഞത് …
“വിവാഹം ഇന്ന് കഴിഞ്ഞതല്ലേയുള്ളൂ ..അപ്പോഴേയ്ക്കും പുതുപെണ്ണ് അന്തപ്പുരമടച്ചു പൂട്ടിയോ …??”
പുറത്തു നിന്നുള്ള മുറുമുറുക്കലുകൾ കേൾക്കാമായിരുന്നു …
“വിധു…നീ ലച്ചുവിനെ ഇങ്ങടെക്ക് വിളിയ്ക്ക്…ഏട്ടനും ഏട്ടത്തിയും പോകാൻ നിൽക്കാണ്…”
അച്ഛൻ വീണ്ടും വിധുവേട്ടനെ മുറിയിലേക്ക് പറഞ്ഞുവീടുന്നുണ്ടായിരുന്നു …
“എന്താടോ തനിയ്ക്ക് പറ്റിയെ… സുഖമില്ലേ…??”
വിധുവേട്ടൻ നെറ്റിയിൽ കൈവച്ചു നോക്കുന്നുണ്ടായിരുന്നു …
അറിയില്ല….. എങ്ങനെ പറയണമെന്ന്…പ്രതീക്ഷിക്കാത്ത തീയതിയിലാണ് വീണ്ടും മാ സമു റയെത്തിയത് …കയ്യിലൊന്നും കരുതിയിട്ടില്ലെന്ന ആധിവേറെ… അതിനിടയിലാണ് അസഹ്യമായ ഈ വയറുവേദന …ജീവൻ പോകുന്ന പോലെ തോന്നുന്നു ….
ഞാനൊന്നും പറയാതെ വീണ്ടും തലയിണയിൽ മുഖമമർത്തി കിടന്നു ….
ഉടുത്തിരുന്ന വിവാഹ സാരിയിൽ പകുതിയും ചുവപ്പു പടർന്നിരുന്നു …
ആരോടാണ് ഒന്നു പറയുക …
വിവാഹം നിശ്ചയിച്ചതിനു ശേഷം വിരലിലെണ്ണാവുന്ന പ്രാവിശ്യം മാത്രമേ വിധുവേട്ടൻ തന്നെ വിളിച്ചിട്ടുള്ളൂ …..
നേരിട്ട് കാണാൻ കൂടി വന്നിട്ടില്ല്യ …ആളൊരു പരുക്കനാണെന്നു അന്നേ മനസ്സിലാക്കിയിരുന്നു …ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ തുറന്നു പറഞ്ഞാൽ എന്തായിരിയ്ക്കും പ്രതികരണമെന്നും നിശ്ചയമില്ല …
” എനിയ്ക്ക്….. എനിയ്ക്ക് സുഖമില്ല….. നല്ല തലവേദന….”
ഒരുവിധം പറഞ്ഞൊപ്പിച്ചുകൊണ്ട് ഞാൻ തിരിഞ്ഞുകിടന്നു…..
നാണക്കെട് മൂലമോ ക്ഷീണം കൊണ്ടോ ഞാൻ വല്ലാതെ തളർന്നിരുന്നു ….
അതിഥികളെയൊക്കെ എന്തൊക്കെയോ കാരണങ്ങൾ പറഞ്ഞുകൊണ്ട് അച്ഛനും വിധുവെട്ടനുമൊക്കെ ഒഴിവാക്കുന്നത് വാതിലിനു വിടവിലൂടെ കാണാൻ കഴിയുന്നുണ്ടായിരുന്നു …
ഇപ്പോൾ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് അമ്മയുടെ സാന്നിധ്യമായിരുന്നു ….!!
വേദനയെടുത്തു പുളയുമ്പോൾ അടുത്തിരുന്ന് പതിയെ പതിയെ മുടിയിൽ തലോടി അമ്മ ഉറക്കുന്നതെങ്ങനെയെന്നത് ഇപ്പോഴും അത്ഭുദകരമായ ഒരു രഹസ്യമാണ് തനിയ്ക്ക് …
“അച്ഛനും രണ്ട് ആണ്മക്കളും മാത്രമുള്ള വീടാണ്……എത്ര അമ്മായിയമ്മപോരെന്നും നാത്തൂൻപോരെന്നു പറഞ്ഞാലും ഒരു സ്ത്രീയുണ്ടെങ്കിൽ ഇവളെ ഒറ്റയ്ക്കവിടേയ്ക്ക് പറഞ്ഞുവീടുന്നതിന്റെ പകുതി ആവലാതി തീരുമായിരുന്നു….!!”
വിവാഹം നിശ്ചയിച്ച ശേഷം അമ്മ പറഞ്ഞ വാക്കുകൾ പെട്ടെന്ന് ഓർമ്മവന്നു …
“ഒരു സ്ത്രീയുണ്ടെങ്കിലെ വീടിനൊരു ഐശ്വര്യo വരുള്ളൂ എന്നു തോന്നിയതുകൊണ്ടല്ലേ അവർക്ക് നമ്മുടെ മോളെ വന്നു ചോദിയ്ക്കാൻ തോന്നിയത്….
നീയിനി ഇടംകോലിടാതെയിരിയ്ക്കു ശാരദേ…നല്ല ബന്ധമാണ്…ലച്ചുവിന് വിധുവിനെക്കാൾ നല്ലൊരു പയ്യനെ കിട്ടില്ല്യ അതു നീയുറപ്പിച്ചോളൂ…..”
അച്ഛൻ അഭിമാനത്തോടെ പറഞ്ഞ വാക്കുകൾ ….
കണ്ണിലിരുട്ട് കയറുന്നത് പോലെ തോന്നി….
തനിയ്ക്കും താല്പര്യം അതായിരുന്നല്ലോ …
ആണ്മക്കൾക്ക് അമ്മമാരോട് സ്വതവേ സ്നേഹക്കൂടുതലായിരിക്കും…
ഇവിടെയിപ്പോൾ തനിയ്ക്ക് കിട്ടാനുള്ള സ്നേഹം പങ്കിട്ട് പോകുമെന്ന ഭയവും വേണ്ട …
അബദ്ധമായിപ്പോയോ എന്നു ഒരു നിമിഷം സംശയം തോന്നി …
സ്വന്തം വീട്ടിൽ മാറിക്കിടക്കുന്ന ശീലമാണ് ഇവിടെ ഇപ്പോൾ എങ്ങനെയാണെന്ന് അറിയുക കൂടിയില്ല …ബെഡിൽ നിന്നെഴുന്നേൽക്കാൻ തക്ക ത്രാണിയില്ലാതായിരിക്കുന്നു …
വീട്ടിൽ അമ്മയുടെ മുൻപിൽ നാലുചുവരും പൊട്ടുമാറു നിലവിളിക്കാറുള്ള താൻ എങ്ങനെയാണ് ഇങ്ങനെ വേദന അടക്കിപ്പിടിയ്ക്കുന്നതെന്ന് ഓർത്തു ഒരുനിമിഷം അമ്പരന്നു …
കിടക്കയുടെ അടിയിലേക്കൊതുക്കിവച്ചിരുന്ന ബെഡ് പതിയെ നീക്കിയിടുമ്പോഴായിരുന്നു വിധുവേട്ടൻ വീണ്ടും കയറിവന്നത് …
“താനെന്താണ് ഈ ചെയ്യുന്നത്….??”
അരികിലേക്ക് വന്നു എന്റെ കൈ പിടിച്ചു കൊണ്ട് ചോദിക്കുമ്പോഴേക്കും നേരെ നിൽക്കാനാകാതെ ഞാൻ വീഴാൻ തുടങ്ങിയിരുന്നു …..
ഒരു കൈകൊണ്ട് എന്നെ താങ്ങിപ്പിടിച്ചു മറുകൈകൊണ്ട് ജഗ്ഗിൽ നിന്ന് വെള്ളമെടുത്തു വായിലേക്കൊഴിച്ചു തരുമ്പോഴായിരുന്നു വിധുവേട്ടൻ ആകമാനമെന്നെയൊന്നു നോക്കിയത് …
“ലച്ചൂ നീ കിടക്കയിൽ കിടന്നാൽ മതി …”
“വേണ്ട …അതു ശരിയാവില്ല…..”
ഞാൻ ജാള്യതയോടെ പറഞ്ഞൊപ്പിച്ചു …
“വാശി പിടിയ്ക്കാൻ കൂടി തനിയ്ക്ക് ആവതില്ല്യ….തൽക്കാലം ഇവിടെയിരിയ്ക്കു ഞാനിപ്പോൾ വരാം… “
ഒറ്റക്കെന്നെ അവിടെയിരുത്തി വിധുവേട്ടൻ പോയപ്പോൾ വീണ്ടും തനിച്ചായത് പോലെ തോന്നി …
ഈയൊരവസ്ഥയിൽ ആരുടെയെങ്കിലും ഒരു സാമിപ്യം തനിയ്ക്ക് അത്യാവിശ്യമായിരുന്നു …
ജനിച്ചവീട്ടിലേക്ക് തിരിച്ചോടിപ്പോകാൻ ഒരു നിമിഷം ഒരുപാട് കൊതിച്ചുപോയി . ..
ഒന്നും തുറന്നുപറയാൻ പറ്റാത്തഒരവസ്ഥ എത്ര ഭീകരമാണ് ….!!
ഞാൻ വീണ്ടും തലയിണ വയറിനോടടുപ്പിച്ചു തേങ്ങിക്കൊണ്ടേയിരുന്നു…
കരഞ്ഞു കരഞ്ഞു എപ്പോഴാണ് മയങ്ങിപ്പോയതെന്നറിഞ്ഞില്ലായിരുന്നു …
അരികിലൊരു ചൂട് തട്ടിയപ്പോഴായിരുന്നു ഉറക്കം വിട്ടത് …
“താനുണർന്നോ …?? വന്നപ്പോഴേയ്ക്കും ഉറങ്ങിപ്പോയിരുന്നു….അതാണ് ശല്യപ്പെടുത്തേണ്ടെന്നു കരുതിയത് ….”
“എന്താണിത് ….??”
ആവിപറക്കുന്ന ചില്ലു ഗ്ലാസ്സിലേക്ക് നോക്കി ഞാൻ ചോദിച്ചു …
“കട്ടനിൽ നാരങ്ങനീര് പിഴിഞ്ഞതാണ് …ഈ സമയങ്ങളിൽ അമ്മയ്ക്ക് അച്ഛൻ ഇങ്ങനെ കൊടുക്കുന്നത് കണ്ടിട്ടുണ്ട്…..താനിത് കുടിച്ചുനോക്ക്…. ക്ഷീണം ഒരുവിധം മാറും….”
യാതൊരു ഭാവഭേദവുമില്ലാതെ വിധുവേട്ടൻ അതു പറയുന്നത് കേട്ട് ഞാൻ തല കുനിച്ചിരുന്നു …
“അല്പം പുളിപ്പുണ്ടാകും ……എന്നാലും സാരല്യ…..എന്റെ കയ്യിലമർത്തിപ്പിടിച്ചോണ്ട് ഒറ്റവലിയ്ക്ക് കുടിച്ചോളൂ….കട്ടൻ കൊടുത്തിറങ്ങിപ്പോകുമ്പോൾ അച്ഛന്റെ കയ്യിലെ നീറ്റൽ ഞാൻ കണ്ടിരിയ്ക്കുന്നു …അറപ്പോടെ അമ്മ അരിഷ്ടവും ഈ പൊടിക്കയുമൊക്കെ കുടിയ്ക്കുമ്പോൾ അച്ഛന്റെ കൈ അമ്മയുടെ നഖത്തിന് ഇരയാവാറുണ്ടെ….!!”
വളരെ ലാഘവത്തോടെവിധുവേട്ടൻ അതുപറയുമ്പോൾ എന്റെ വേദനയുടെ പകുതിഭാരവും മെല്ലെ താഴുന്നത് പോലെ തോന്നിയിരുന്നു …
“തനിയ്ക്ക് പുറംവേദനയുണ്ടാവറുണ്ടോ ….??”
പെട്ടെന്നുള്ള ചോദ്യം കേട്ട് കടുംകാപ്പി ഉച്ചിയിൽ കയറിയില്ലെന്നേയുള്ളൂ…
“പതുക്കെ ….പതുക്കെ കുടിയ്ക്കേടോ …”
മെല്ലെവന്നു എന്റെ നെറുകയിൽ കൈകൊണ്ടു തട്ടുന്നുണ്ടായിരുന്നു …
“അമ്മയ്ക്കുണ്ടാവാറുണ്ടായിരുന്നു…ഞാനും കിച്ചനും കൂടിയാണ് തിരുമ്മിക്കൊടുക്കാറു…അന്നൊക്കെ എനിയ്ക്കും അവനും എന്തിനാ ഇങ്ങനെയൊക്കെ ചെയ്യണന്ന് കൂടി അറിയില്യയിരുന്നു…അമ്മ കരയുമ്പോൾ ഞാനും കിച്ചനും കൂടെക്കരയും….!!”
ഇത്രയും നാൾ തന്നോട് സംസാരിയ്ക്കാൻ വിമുഖത കാണിച്ചയാളാണോ തനിക്ക് മറുപടി നൽകാൻ പോലുമിട നൽകാതെ സംസാരിക്കുന്നതെന്നു ആകാംഷയോടെ വീക്ഷിക്കയായിരുന്നു ഞാൻ…
“എനിക്ക് പതിനേഴു വയസ്സുള്ളപ്പോഴായിരുന്നു അമ്മയുടെ മരണം …കിച്ചുവിന് പതിമൂന്നും….ഇനിയും പറയാനുണ്ടായിരുന്ന എന്തൊക്കെയോ ബാക്കിവെച്ച് അമ്മ പോയപ്പോൾ എന്നെക്കാൾ തളർന്നത് അച്ഛനും കിച്ചുവുമായിരുന്നു….അമ്മ പോയതിനു ശേഷം അതേ സാന്നിധ്യം എനിക്ക് ചുറ്റും അനുഭവപ്പെടാൻ ഞാൻ ഒരുപാട് കൊതിച്ചിട്ടുണ്ട് …തന്നെ ആദ്യമായിട്ട് കാണാൻ വന്നപ്പോൾ എനിക്കെന്റെ അമ്മയുടെ ഒരു ഗന്ധമായിരുന്നു അനുഭവപ്പെട്ടത് ….സത്യം പറഞ്ഞാൽ തന്റെ മുഖം പോലും നേരെചൊവ്വെ ഞാൻ നോക്കീട്ടു കൂടിയില്ല്യ …..”
ഒഴിഞ്ഞ ഗ്ലാസ് മേശപ്പുറത്തേക്ക് വയ്ക്കുമ്പോഴേയ്ക്കും ചൂടുവെള്ളം നിറച്ച വാട്ടർബാഗ് കയ്യിലേക്കെടുത്തിരുന്നു …..
“അവിടെ വച്ചോളൂ ഞാൻ ചെയ്തോളാം ….”
വീണ്ടും ജാള്യത എന്നെ തേടിവന്നു …
പുതപ്പിനുള്ളിൽ ഒതുങ്ങിക്കൂടാൻ നോക്കിയ എന്നെ അദ്ദേഹം വലിച്ചു പുറത്തേയ്ക്കിട്ടു ….
സാരിമാറ്റി വയറിലേയ്ക്ക് കൈകൾഅമർത്തുമ്പോൾ ആ സ്പർശനം തന്നെയാണ് ഒരുപരിധിവരെ തന്റെ വേദന മാറ്റുന്നതെന്ന് തോന്നിപ്പോയി. ..
വയറിൽ കൈകൾ കൊണ്ട് തലോടുന്നതിനോടൊപ്പം ആ വിരലുകൾ എന്റെ ശിരസ്സിലും മുടിയിഴകളിലും ഓടിനടന്നു ….
“ഇപ്പോൾ കുറച്ചേറെ ആശ്വാസം തോന്നുന്നില്ലേ …??”
“ഉം….”
കണ്ണുകൾ തുറക്കാതെ തന്നെ ഞാൻ മൂളിക്കൊണ്ടേയിരുന്നു …
“വസ്‌ത്രം മാറിക്കോളൂ …തനിയ്ക്ക് ആവിശ്യമുള്ളതെല്ലാം ആ കബോർഡിലുണ്ട് … “
എഴുന്നേറ്റ് പോകാനൊരുങ്ങിയപ്പോൾ ആ കൈകളിൽ ഞാൻ മുറുകെപിടിച്ചു …
“ഞാൻ …..പറയാഞ്ഞത് ….”
പകുതി മുറിഞ്ഞു പോയ എന്റെ വാക്കുകൾ അദ്ദേഹം മന്ദസ്മിതത്തോടെ പൂർത്തീകരിച്ചു …
“എന്റെ ജീവിതത്തിന്റെ പകുതിയാണ് നീ …നിന്റെ ദേഹവും മനസ്സും അറിയാൻ മാത്രമല്ല ….നിന്നെ അനുഭവിക്കാൻ മാത്രമല്ല ….നിന്റെ വിഷമതകൾ എന്റേതുകൂടിയായി മാറുമ്പോഴാണ് പകുതിയേക്കാൾ നമ്മൾ ഒന്നായി മാറുന്നത്…
നിന്റെ അസ്വസ്ഥതകൾ ഇനിയെന്റെ ആകുലതകളാണ് …
വേദനകൾ പരസ്പരം പങ്കുവയ്ക്കുമ്പോൾ ….ആ വേദനകൾക്ക് പരസ്പരം ഒരാശ്വാസമായി മാറുമ്പോഴാണ് ദാമ്പത്യത്തിനു ഒരു അർത്ഥമുണ്ടാകുന്നത്…!!”
അപരിചത്വത്തിൽ നിന്നും പതിയെ ആരാധനയോടെ ഞാൻ ആ കണ്ണുകളിലേക്ക് നോക്കി …
അതു മനസ്സിലാക്കുയെന്നവണ്ണം വിധുവേട്ടൻ പുഞ്ചിരിച്ചു…..
” ആരാധന എനിയ്ക്ക് തന്നോടാണ്…ഓരോ മാസവും ഇഞ്ചിഞ്ചായി താൻ നീറിപ്പുകയുന്നത് ഒരിയ്ക്കൽ ഈ ഭൂമിയിലേക്ക് പിറവിയെടുക്കേണ്ടുന്ന എന്റെ കുഞ്ഞിന് വേണ്ടിയല്ലേ …സ്നേഹത്തെക്കാൾ എനിക്ക് തന്നോട് ബഹുമാനമാണ്…സ്വന്തം ശരീരത്തെ നോവിപ്പിച്ചുകൊണ്ട് മറ്റൊരു ജീവനെ സംരക്ഷിക്കാൻ…. മറ്റൊരു ജീവന് ജന്മം നൽകാൻ കഴിയുന്ന…. സ്ത്രീയോട് പ്രണയത്തേക്കാളുപരി ബഹുമാനമാണ് ….എനിക്ക് ആദരവാണ്….അത് എനിക്ക് ജൻമം തന്ന അമ്മയോടായാലും എന്റെ കുഞ്ഞിന് ജന്മo നല്കേണ്ടുന്ന തന്നോടായാലും ….”
നിറഞ്ഞ കണ്ണുകളോടെ പുഞ്ചിരി തൂകിനിൽക്കുന്ന എന്റെ മൂർദ്ധാവിൽ ചുംബിച്ചുകൊണ്ടായിരുന്നു വിധുവേട്ടൻ പറഞ്ഞത് …
“എന്റെ ആദ്യചുംബനം….അത് തനിയ്ക്ക് നൽകുന്നത് ഈ സമയത്തു തന്നെയാകട്ടെ…ഓരോ പ്രാവശ്യവും എന്റെ ചുംബനങ്ങളും സ്പര്ശനങ്ങളും തനിയ്ക്ക് മരുന്നായി മാറട്ടെ …!!”
സംതൃപ്തിയോടെ ആ നെഞ്ചിലേക്ക് ചായുമ്പോൾ ഞാൻ അറിയുന്നുണ്ടായിരുന്നു…
സ്ത്രീയെ ഒരു പുരുഷൻ അറിയുന്നത് ഇങ്ങനെയും കൂടിയാണെന്ന് …..!!