ഗോപാലന്റെ തെങ്ങ്
Story written by Jainy Tiju
===========
“സാറെ, അറിഞ്ഞില്ലേ, ആ ഭ്രാന്തൻ ഗോപാലൻ മരിച്ചു.”
രാവിലെ ഒരു ചായകുടിക്കാൻ നാരായണേട്ടന്റെ കടയിലേക്ക് കേറുമ്പോഴാണ് ഈ വാർത്ത കേട്ടത്. ഞാനാകെ വല്ലാതായി. ഇന്നലെ വൈകുന്നേരവും പുള്ളി പണികഴിഞ്ഞു വീട്ടിലേക്ക് പോകുന്നത് കണ്ടതാണ്.
“അറ്റാക്കാണെന്നാ പറയുന്നേ. രാത്രി ഉറങ്ങാൻ കിടന്നതാണത്രേ. പിന്നെ എണീറ്റില്ല. ഇത്രേ ഉള്ളു മനുഷ്യന്റെ കാര്യം.” നാരായണേട്ടൻ പരിതപിച്ചു.
ഞാൻ ഒന്നും മിണ്ടാതെ അവിടെ നിന്ന് എഴുന്നേറ്റ്, ഗോപാലേട്ടന്റെ വീട്ടിലേക്ക് നടന്നു. 6 വർഷം മുന്പാണ് ഹെൽത്ത് ഇൻസ്‌പെക്ടർ ആയ എനിക്ക് മാറ്റം കിട്ടി ഇങ്ങോട്ട് വന്നത്. അന്നുമുതൽ ഈ ഏരിയയിൽഉള്ള മിക്കവരെയും അറിയാം. എല്ലാവരും എന്നോട് സഹകരിച്ചിട്ടുമുണ്ട്. ഇവിടെ വന്നു അധികം താമസിയാതെ കേട്ടു തുടങ്ങിയതാണ് ഭ്രാന്തൻ ഗോപാലന്റെ കഥ…
നല്ലൊരു ആശാരിപ്പണിക്കാരനായിരുന്നു ഗോപാലൻ. സ്വല്പം വിക്കുള്ളതിനാൽ “വിക്കൻ ഗോപാലൻ ” എന്നായിരുന്നു പൊതുവെ അറിയപ്പെടുന്നത്. ഭാര്യ സുശീല നല്ല സുന്ദരിയായിരുന്നു. അവർ, ഗോപാലനെയും രണ്ടു കുട്ടികളെയും ഉപേക്ഷിച്ചു പണിപഠിക്കാൻ ഗോപാലന്റെ കൂടെ നിന്നിരുന്ന തമിഴന്റെ കൂടെ ഓടിപ്പോയ അന്ന് രാത്രി ഗോപാലൻ തെക്കേത്തൊടിയിൽ ഒരു തെങ്ങു വെച്ചു. ഒരു പതിനെട്ടാംപട്ട. പിന്നെ ആ തെങ്ങിൻചുവട്ടിലിരുന്നു ഭാര്യയോടെന്ന പോലെ സംസാരിക്കാൻ തുടങ്ങി. സ്ഥിരം മ ദ്യപാനിയായിരുന്ന അയാൾ അന്നുമുതൽ മ ദ്യം പൂർണമായും ഉപേക്ഷിച്ചു. അന്തിക്ക് മുൻപ് വീടണഞ്ഞു. കുട്ടികളെ ഊട്ടി, ഉറക്കി, അവർക്ക് വേണ്ടി ജീവിച്ചു.
ആളുകൾ അത്ഭുതത്തോടെ പറഞ്ഞു തുടങ്ങി. “കാര്യം കുടി കഴിഞ്ഞുവന്നാൽ അവളോട് വഴക്കുണ്ടാക്കുമായിരുന്നെങ്കിലും അവന് അവളെ ജീവനായിരുന്നു. കണ്ടില്ലേ അവനാകെ തകർന്നു പോയത്. ആ പാവത്തിനെയും ഇച്ചിരിയില്ലാത്ത പിള്ളേരേം ഇട്ടിട്ടു പോയ അവളൊരു കാലത്തും ഗതിപിടിക്കില്ല. ” കൂട്ടത്തിലൊന്നു പ്രാകാനും നാട്ടുകാർ മടിച്ചില്ല.
ഗോപാലന്റെ തെങ്ങ്, സാധാരണയിലും വേഗം വളർന്നു, പതിവിലധികം വിളഞ്ഞു. പലപ്പോഴും വിക്കൻ ഗോപാലന്റെ തെങ്ങ് നാട്ടുകാർക്കിടയിൽ ചർച്ചയായി. എത്ര കായ്ച്ചാലും ഗോപാലൻ അതിൽ നിന്നൊരു തേങ്ങ പോലും ഉപയോഗിച്ചില്ല.
“അതെങ്ങനെയാ അതവന്റെ ഭാര്യയല്ലേ? ” എന്ന് നാട്ടുകാർ കളിയാക്കി ചിരിച്ചു..എങ്കിലും ഗോപാലന്റെ മനസ്സിളകിയില്ല..
ഒരിക്കൽ പറമ്പിൽ പണിക്ക് വന്ന ആരോ ആ തെങ്ങിൽ നിന്നൊരു കരിക്കിട്ടു കുടിച്ചു. അതറിഞ്ഞ ഗോപാലൻ ഭ്രാ ന്തുപിടിച്ചപോലെ അയാളെ തല്ലിയത്രെ…
“വിക്കൻ ഗോപാലൻ ” അന്നുമുതലാണ് “ഭ്രാന്തൻ ഗോപാലൻ ” ആയത്. പല തവണ ഞാൻ ഗോപാലേട്ടനോട് സംസാരിച്ചിട്ടുണ്ട്. അളന്നും തൂക്കിയും സംസാരിക്കുന്ന ആ മനുഷ്യൻ ഭ്രാന്തനാണെന്നു എനിക്കൊരിക്കലും തോന്നിയിട്ടില്ല. എങ്കിലും ആ വിളി തിരുത്താൻ അദ്ദേഹം ഒരിക്കലും ശ്രമിച്ചിട്ടുമില്ല.
ഞാൻ ഗോപാലേട്ടന്റെ വീട്ടിൽ ചെല്ലുമ്പോൾ ആളുകൾ അവിടവിടെ കൂടി നിൽക്കുന്നുണ്ടായിരുന്നു. തെങ്ങിൻചുവട്ടിൽ കുഴിവെട്ടിത്തുടങ്ങിയിരുന്നു.
ഗോപാലേട്ടന്റെ മൂത്തമകൻ പ്രകാശൻ ഉമ്മറത്തു ഇരിക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടപ്പോൾ ചെറുതായൊന്നു വിതുമ്പി…
“സാറെ, ജീവിച്ചിരുന്നപ്പോൾ അച്ഛന് ഏറ്റവും ഇഷ്ടം ആ തെങ്ങിൻചോടായിരുന്നു. ചെറുപ്പത്തിൽ അമ്മയെ ചോദിച്ചു ഞങ്ങൾ കരയുമ്പോൾ അച്ഛൻ ആ തെങ്ങ് ചൂണ്ടിക്കാണിക്കുമായിരുന്നു. മറ്റുള്ളവർക്ക് അത് ഭ്രാന്തായിത്തോന്നും. പക്ഷെ, അതെന്റെ അച്ഛന്റെ ജീവനായിരുന്നു. അച്ഛന്റെ മനസ്സായിരുന്നു. ഇനിയും എന്റെ അച്ഛൻ അവിടെ തന്നെ കിടന്നോട്ടെ “
അവന്റെ തോളിൽ ഒന്ന് തട്ടി ഞാൻ അകത്തേക്ക് കയറി. മക്കളൊക്കെ പറക്കമുറ്റിയിട്ടാണല്ലോ പോകുന്നത് എന്ന ആശ്വാസം ആവണം ഗോപാലേട്ടൻ ശാന്തമായുറങ്ങുന്നു…
അധികം താമസിയാതെ ചടങ്ങുകളൊക്കെ തീർത്തു ഗോപാലേട്ടന്റെ ശരീരം തെങ്ങിൻചുവട്ടിലടക്കി..ആളുകൾ പിരിഞ്ഞുപോയി.
അവിടെ ഗോപാലന്റെ കഥ അവസാനിക്കുന്നു. പക്ഷേ, ആ തെങ്ങിനുമുണ്ടായിരുന്നു ഒരു കഥ പറയാൻ. ആരും അറിയാതെ പോയൊരു കഥ. മ ദ്യലഹരിയിൽ സ്വന്തം ഭർത്താവിന് വഴക്കിനിടെ പറ്റിയൊരു കൈപ്പിഴയിൽ അകാലത്തിൽ പൊലിഞ്ഞുപോയിട്ടും ചെയ്യാത്ത തെറ്റിന്റെ ഭാരം ഇന്നും ചുമക്കുന്ന ഒരു പാവം പെണ്ണിനെ പറ്റി…അവളുടെ തേങ്ങലുകളിൽ ഉണരുകയും ഉറങ്ങുകയും ചെയ്ത ദിനരാത്രങ്ങളുടെ കഥ…
~ജെയ്‌നി റ്റിജു