എന്നിട്ടും ഇന്നവളെ കാത്തിരിക്കുന്നത് ആ സ്വപ്‌നങ്ങളുടെ ചിറകരിയാനാണല്ലോ എന്നോർത്ത് നന്ദന്റെ കണ്ണുകൾ നിറഞ്ഞു…

കാലം കാത്തുവെച്ചൊരു കർക്കിടക മഴ

Story written by Sindhu Manoj

=======================

“നമുക്ക് വല്ലതും കഴിച്ചാലോ. വിശക്കുന്നില്ലേ നന്ദൂട്ടിക്ക്.?

റോഡ് മുറിച്ചു കടക്കുമ്പോൾ ഇടതു കയ്യിൽ മുറുക്കെ പിടിച്ചിരുന്ന നന്ദൂട്ടിയോട് അയാൾ ചോദിച്ചു.

“വിശക്കുന്നൊന്നുമില്ല. പക്ഷേ,നമ്മളിനി വീട്ടിലെത്തുമ്പോഴേക്കും കുറെ വൈകുമല്ലോ അതോണ്ട് കഴിക്കാം.

വെറുമൊരു എട്ടു വയസ്സുകാരിയിൽ നിന്നും പ്രതീക്ഷിക്കാത്ത മറുപടിയായതുകൊണ്ട് അമ്പരപ്പ് നിറഞ്ഞ ചിരിയോടെ അയാൾ അവളുടെ കൈ പിടിച്ചു കുലുക്കി.

ദാ, അവിടെ കയറാം. അച്ചയുടെ കൂടെ മുത്തശ്ശിക്ക് ബലിയിടാൻ വരുമ്പോൾ ഞങ്ങൾ അവിടെയാ ചായ കുടിക്കാൻ കയറുക. അമ്മക്ക് അവിടുത്തെ മസാല ദോശ വല്യ ഇഷ്ടാ. നമുക്കൊരെണ്ണം പാർസൽ വാങ്ങാം അങ്കിൾ.

ഇവിടുന്ന് മേടിച്ചാ വീടെത്തുമ്പോഴേക്കും തണുത്തു പോവൂലോ നന്ദൂസേ. നമുക്ക് കോട്ടമുറിയിലെത്തുമ്പോ അവിടുന്ന് വാങ്ങിക്കാം. പോരെ.

ഓക്കേ അങ്കിൾ.

നന്ദുവിന് മസാല ദോശയും, ചായയും ഓർഡർ ചെയ്ത് അവൾക്കെതിരെയുള്ള കസേരയിൽ അയാളിരുന്നു.

ഗൗരിയുടെ മോള് ശരിക്കും നന്ദേട്ടനെ പോലെയാ. ആ കണ്ണുകളും മൂക്കും അതേപോലെ എടുത്തു വെച്ചിട്ടുണ്ട്.

അവളെ നോക്കിയിരിക്കെ,ആരതി പറയാറുള്ളത് നന്ദനോർത്തു.

“നിനക്കെന്താ ആരതി. ഒന്നുമില്ലെങ്കിലും ഞങ്ങൾ ഒരേ കുടുംബത്തിലെയല്ലേ. എന്റെയും ഗൗരിയുടെയും മുത്തശ്ശിയും മുത്തശ്ശനും ഒന്ന് തന്നെയല്ലേ. അപ്പൊ പിന്നെ ഈ സാമ്യം അത്ര അത്ഭുതപ്പെടാനൊന്നുമില്ല.”

“ഉവ്വ്… ഞാനും കേട്ടിട്ടുണ്ട് മുറപ്പെണ്ണിനെക്കുറിച്ച് .വെറുതെയല്ല അവള് മോൾക്ക് കൃഷ്ണനന്ദയെന്ന് പേരിട്ടതും, നന്ദൂട്ടിയെന്ന് വിളിച്ചു നടക്കുന്നതും.”

അവളതു പറയുമ്പോൾ കർക്കിടകമഴ തോരാതെ പെയ്യുന്നൊരു രാത്രിയുടെ ഓർമ്മയിൽ അയാൾ അടിമുടി വിറച്ചു പോകും. മുഖത്തെ പരിഭ്രമം ആരതി കാണാതിരിക്കാൻ അയാൾ പെട്ടന്നെഴുന്നേറ്റ് പോകുകയാണ്‌ പതിവ്.

ദോശ മുറിച്ചു കഴിക്കുന്ന നന്ദുവിൽ ഇടയ്ക്കിടെ ഗൗരിയുടെ ചലനങ്ങൾ പകർത്തപ്പെടുന്നത് അയാൾ കൗതുകത്തോടെ നോക്കിയിരുന്നു.

************************

“നന്ദേട്ടാ, തോട്ടുവക്കിലേക്ക് വന്നോളൂട്ടോ. ഞാനപ്പോഴേക്കും കാവിലൊന്ന് കയറി തൊഴുതിട്ട് പെട്ടെന്നങ്ങു വന്നേക്കാം.”

പട്ടുപാവാട രണ്ടു കൈകൊണ്ടും ഉയർത്തിപ്പിടിച്ച്, കാലിലെ കൊലുസിനെ പൊട്ടിച്ചിരിപ്പിച്ചു കൊണ്ട്, പടിപ്പുരക്കു മുന്നിൽ കാത്തുനിൽക്കുന്ന കൂട്ടുകാരികൾക്കടുത്തേക്കൊടുമ്പോൾ മുത്തശ്ശന്റെ ചാരുകസേരയിൽ ചാഞ്ഞിരുന്നു പുസ്തകം വായിക്കുന്ന നന്ദനോട് ഗൗരി സ്വരം താഴ്ത്തി പറഞ്ഞു.

ജോലി കിട്ടി ആദ്യ ശമ്പളം വാങ്ങിയയന്ന് അവൻ വാങ്ങിക്കൊടുത്തതായിരുന്നു നിറയെ മുത്തുകളുള്ള വെള്ളിക്കൊലുസ്.അവൾക്കതെന്തു ചേർച്ചയാണെന്ന് ഉള്ളിലൂറുന്ന പ്രണയത്തോടെ അവനോർത്തു.

വർഷങ്ങൾക്ക് മുൻപ്,അപ്പച്ചി മരിച്ചതറിഞ്ഞു അവരെ കാണാൻ പോയ അച്ഛൻ തിരിച്ചു വന്നപ്പോൾ അച്ഛന്റെ പിന്നിൽ, കരഞ്ഞു തളർന്ന കണ്ണുകളിൽ പേടിയൊളിപ്പിച്ച ഒരഞ്ചു വയസ്സുകാരിയും ഉണ്ടായിരുന്നു.

“മാധവി, ഇവളെയൊന്ന് കുളിപ്പിച്ചിട്ട് അകത്തേക്ക് കയറ്റിയാ മതിട്ടോ. പതിനാറു ദിവസം പുല നോക്കണം. അന്യജാതിക്കാരന്റെ കൂടെപ്പോയതു കൊണ്ട് പടിയടച്ചു പിണ്ഡം വെച്ചു എന്നതൊക്കെ നേര് തന്നെ. ന്നാലും ന്റെ കൂടപ്പിറപ്പല്ലേ .കർമ്മങ്ങളെല്ലാം ഇവളെക്കൊണ്ട് ചെയ്യിക്കണം. ഒന്നിനും ഒരു കുറവും വരുത്തണ്ട.

അച്ഛനന്ന് തൊണ്ടയിടറി അമ്മയോട് പറഞ്ഞതൊന്നും നന്ദന് മനസ്സിലായില്ല. അച്ഛനിങ്ങനെ കരഞ്ഞു കണ്ടിട്ടില്ലല്ലോ എന്ന അത്ഭുതവും നേരിയ കറുപ്പാണെങ്കിലും ഭംഗിയുള്ള കണ്ണുകളും, നീണ്ട മുടിയുമുള്ള കുഞ്ഞു സുന്ദരിപ്പെണ്ണ് ആരാണെന്നറിയാനുള്ള ആകാംഷയുമായിരുന്നു അവന്.

കുറെ ദിവസങ്ങൾക്കു ശേഷം അമ്മയാണവനോട്, ഗൗരി ആരെന്നും അവളിനി നമ്മുടെകൂടെയാണ് താമസിക്കുന്നതെന്നും പറഞ്ഞു കൊടുത്തത്.

പറമ്പിൽ പണിക്കു വരാറുള്ള മാക്കോത പറയന്റെ മകനോടൊപ്പം ഇറങ്ങി പോയ അപ്പച്ചിയുടെ മോളാണത്രേ ഗൗരി.അച്ഛനുണ്ടായി ഒരുപാട് നാളൂകഴിഞ്ഞ് തറവാട്ടിലുണ്ടായ പെൺകുഞ്ഞായിരുന്നു അപ്പച്ചി

രാജകുമാരിയെപ്പോലെ കൊണ്ട് നടന്നതാ എന്നിട്ടും തന്നിഷ്ടം കാട്ടി എല്ലാരുടേം മുഖത്തു കരി വാരിത്തേച്ച്‌ ഇറങ്ങിപ്പോയി. അതും ഒരു പറയച്ചെക്കന്റെ കൂടെ. അച്ഛനും അമ്മയും ഏട്ടനും കരഞ്ഞു കാല് പിടിച്ചു പോകല്ലേ മോളെയെന്നും പറഞ്ഞ്.അവളതൊന്നും ഗൗനിച്ചില്ല. അത്രക്കുണ്ടായിരുന്നു അഹങ്കാരം. എന്നിട്ടോ അവള്ടെ മോൾക്ക് ഈ തറവാട്ടിൽ അഭയം തേടി വരേണ്ട അവസ്ഥ വന്നില്ലേ. ഒക്കെ ഓരോ വിധി തന്നെ.. അല്ലാണ്ടെന്താ പറയാ.

പറഞ്ഞു നിർത്തി അമ്മ നെടുവീർപ്പിടും.

അപ്പച്ചിയും, മാമനും, ഗൗരിയുടെ മൂത്ത ഏട്ടനും പഴനിക്ക് പോകും വഴിയുണ്ടായ കാർറപകടത്തിൽ മരിച്ചു പോയി. അതോടെ അനാഥയായ ഗൗരിയേ അച്ഛൻ കൂട്ടിക്കൊണ്ട് പോന്നതാണത്രേ.

ആദ്യമൊക്കെ ഗൗരിയുടെ കറുത്ത നിറം കാണുമ്പോൾ വല്ലാത്ത വെറുപ്പ് തോന്നിയിരുന്നു.

അവളുടെയച്ഛൻ കറുത്ത് കരിവീട്ടിപോലെയായിരുന്നു. പിന്നെങ്ങനെ അവള് വെളുത്തു തുടുത്തിരിക്കും.അമ്മ ഇടയ്ക്കിടെ കളിയാക്കി പറയും.

പിന്നെയെപ്പോഴാണ് ആ കറുപ്പിനെ പ്രണയിച്ചു തുടങ്ങിയതെന്നും, കുസൃതിച്ചിരിയോളിപ്പിച്ച ഉണ്ടക്കണ്ണുകളിൽ നോക്കി സ്വപ്നം കാണാൻ തുടങ്ങിയതെന്നും അവനറിയില്ല.

തോട്ടു വക്കിലെ കൂറ്റൻ ആഞ്ഞിലിച്ചുവട്ടിലിരുന്ന് എന്തുമാത്രം നിലാവിനെയും, നക്ഷത്രങ്ങളെയും കണ്ടിരിക്കുന്നു. സ്വപ്നങ്ങൾക്ക് വർണ്ണച്ചിറകുകൾ തുന്നിയിരുന്നു.

എന്നിട്ടും ഇന്നവളെ കാത്തിരിക്കുന്നത് ആ സ്വപ്‌നങ്ങളുടെ ചിറകരിയാനാണല്ലോ എന്നോർത്ത് നന്ദന്റെ കണ്ണുകൾ നിറഞ്ഞു.

“നന്ദേട്ടാ, ഞാൻ വൈകിയോ. ധൃതിയിൽ ഓടി വന്നു അവനടുത്തിരിക്കുമ്പോൾ കിതച്ചു കൊണ്ടവൾ ചോദിച്ചു.”

ഹേയ് ഇല്ല.. ഞാനും ഇപ്പോ വന്നതേയുള്ളു.

“ഇന്നാ പ്രസാദം. നന്ദേട്ടന്റെ പേരിൽ അർച്ചന കഴിച്ചു. ഇലച്ചീന്തിലെ ചന്ദനം നെറ്റിയിൽ തൊടുവിച്ചുകൊണ്ട് അവൾ പറഞ്ഞു.”

“നാളെ അവരെത്തുമെന്ന് അമ്മാവൻ പറഞ്ഞു. നന്ദേട്ടനും അറിഞ്ഞില്ലേ. എന്തിനാ വെറുതെ അവരെ വിളിച്ചു വരുത്തുന്നെ. നമ്മുടെ കാര്യം ഇന്ന് തന്നെ പറഞ്ഞോ അമ്മാവനോട്. ഇനിയും വൈകിയാൽ നന്ദേട്ടനെ എനിക്ക് കൈ വിട്ടു പോകും എന്നൊരു തോന്നൽ. ഞാനത് സഹിക്കൂല നന്ദേട്ടാ. എനിക്ക് നന്ദേട്ടനെയല്ലാതെ വേറെയാരെയും കല്യാണം കഴിക്കണ്ട.കൊന്നാലും ഞാനതിനു സമ്മതിക്കെമില്ല.”

നന്ദന്റെ നെഞ്ചിൽ മുഖം ചേർത്ത് ഗൗരി വിതുമ്പി കരഞ്ഞു.

അവളോട് എന്ത് പറയണം എന്നറിയാതെ നിമിഷങ്ങളോളം ആ മുടിയിൽ തഴുകി അവളെ ചേർത്തുപിടിച്ച് അവനിരുന്നു.

“ഗൗരി, എന്നോട് പൊറുക്ക് മോളെ.”

തൊണ്ടയിടറിക്കൊണ്ട് അവനവളുടെ മുഖം പിടിച്ചുയർത്തി.

നമ്മൾ സ്വപ്നം കണ്ടയാകാശത്തേക്ക് ഒന്നിച്ചു പറന്നുയരാൻ നമുക്കൊരിക്കലും കഴിയില്ല.വിധിയുടെആവർത്തനമാകുമത്.അച്ഛനുമമ്മയും അത് താങ്ങാനാകാതെ നെഞ്ച് പൊട്ടി മരിച്ചെന്നിരിക്കും. അവരുടെ കണ്ണീർ വീണ നമ്മുടെ ബാക്കി ജീവിതം എന്താകും എന്നാലോചിച്ചു നോക്കിയേ.അവരുടെ പ്രതീക്ഷകളെല്ലാം ഞാനെന്ന ഒറ്റ മകനിലാ. അതില്ലാതാക്കിയിട്ട് ഞാനെന്ത് നേടാനാ. ഒരിക്കലും അവരുടെ സമ്മതത്തോടെ നമ്മൾ ഒന്നിക്കില്ല ഗൗരി.നീയെന്നെ മറക്കൂ.

ഒരു നിമിഷം, വല്ലാത്തൊരു ഞെട്ടലോടെ ഗൗരി നന്ദന്റെ നെഞ്ചിൽ നിന്നും പിടഞ്ഞു മാറി.

“എന്താ…. എന്താ നന്ദേട്ടാ… എന്താ പറഞ്ഞേ…

“നിന്റെ വിവാഹക്കാര്യം അച്ഛൻ വീട്ടിൽ വന്നു പറഞ്ഞയന്ന് ഞാനമ്മയോട് പറഞ്ഞു നിന്നെയെനിക്ക് വേണമെന്ന്. അമ്മയത് കേട്ട് ഒരു കുന്നിക്കുരുവോളം ദേഷ്യം എന്നോട് കാട്ടിയില്ല. പകരം വിമ്മി വിമ്മി കരഞ്ഞു.

” അച്ഛനുമമ്മയും ഒരുപാട് കിനാവുകൾ കണ്ടിരിക്കുന്നു നിന്നെക്കുറിച്ച്. ഞങ്ങൾക്ക് നീയൊന്നെയുള്ളൂ. ആവതില്ലാത്ത കാലത്ത് ഞങ്ങളെയിങ്ങനെ ശിക്ഷിക്കരുത്. കൂടുതലൊന്നും അമ്മക്ക് പറയാനില്ല.

“ഗൗരി, അപ്പച്ചിയെപ്പോലെ തന്നിഷ്ടം കാട്ടിയാൽ അച്ഛൻ പിടിച്ചു നിന്നേക്കും പക്ഷേ അമ്മ….. എനിക്കതോർക്കാൻ വയ്യ. നീയീ കല്യാണത്തിന് സമ്മതിച്ചേ പറ്റൂ.അതാ നമുക്ക് രണ്ടുപേർക്കും നല്ലത്.ശ്രീകുമാർ വലിയൊരു ഗവണ്മെന്റ് ഉദ്യോഗസ്ഥനല്ലേ. നിനക്ക് നല്ലതേ വരൂ.

ഗൗരി പിന്നെയൊന്നും മിണ്ടിയില്ല. പോകാനെഴുന്നേൽക്കുമ്പോൾ കാലുകൾ വേച്ചു പോയി. മുന്നോട്ടുള്ള ആയത്തിൽ കയ്യിലെ കുപ്പിവളകൾ ആഞ്ഞിലിത്തടിയിൽ ചെന്നിടിച്ചു പല കഷ്ണങ്ങളായി ചിതറി.

റോഡിൽ കിടക്കുന്ന കുപ്പിവളത്തുണ്ടുകൾ പെറുക്കിക്കൊണ്ടുവന്ന് നന്ദന്റെ കൈ വെള്ളയിൽ വെച്ച് പൊട്ടിച്ച് സ്നേഹത്തിന്റെ അളവ് നോക്കിയിരുന്ന പഴയ ഗൗരി, പൊട്ടിയടർന്ന വളത്തുണ്ടുകളെ തിരിഞ്ഞു പോലും നോക്കാത്ത, സ്നേഹത്തിന്റെ ആഴങ്ങൾ തിരയാത്ത പുതിയ ഗൗരിയായി.

******************

“അങ്കിൾ,വാട്ടാർ യു തിങ്കിങ്?

നന്ദൂട്ടി കയ്യിൽ തൊട്ടപ്പോൾ,ഓർമ്മകളെ കുടഞ്ഞെറിഞ്ഞുകൊണ്ട് അയാൾ ഒന്നുമില്ലെന്ന് തലയാട്ടി.

“യ്യോ… നന്ദൂട്ടി തനിയെ പോയോ വാഷ് റൂമിലേക്ക്‌. അങ്കിൾ വേറെന്തൊക്കെയോ ആലോചിച്ചിരുന്നു പോയ്. സോറി ട്ടോ.

സാരമില്ല അങ്കിൾ. ഞാനിവിടെ വന്നിട്ടുള്ളതല്ലേ. വാഷ്റൂമൊക്കെ എനിക്കറിയാം.

ഉം… മിടുക്കി.

നന്ദൂട്ടി, അങ്കിൾ ഒരു കാര്യം ചോദിച്ചാൽ നന്ദൂട്ടി സത്യം പറയോ.

തിരികെ ഡ്രൈവ് ചെയ്യുമ്പോൾ നന്ദൻ അവളോട് ചോദിച്ചു.

ഷുവർ. നന്ദൂട്ടി തലകുലുക്കി

നന്ദൂട്ടിക്ക് അച്ചയോടാണോ അമ്മയോടാണോ കൂടുതൽ ഇഷ്ടം.?

അത് അച്ചയോട് തന്നെ. അമ്മയേം എനിക്കു ഒരുപാട് ഇഷ്ടാ. പക്ഷേ അച്ചയായിരുന്നു എന്റെ എല്ലാം. അമ്മക്ക് എപ്പോഴും ദേഷ്യാ. ചില നേരത്ത് കാര്യമില്ലാതെ വഴക്ക് പറയും. അന്നൊക്കെ അച്ച എന്നെ സപ്പോർട്ട് ചെയ്ത് അമ്മയെ നല്ല വഴക്കും പറയും.

അച്ച പോയപ്പോ നന്ദൂട്ടിക്ക് എന്ത് സങ്കടമായിരുന്നു ന്നോ. ആരുമില്ലാതെ ഒറ്റക്കായ പോലെയൊക്കെ തോന്നി. പക്ഷേ അതിനു ശേഷം അമ്മയെന്നെ ഞെട്ടിച്ചു കളഞ്ഞു. ദേഷ്യപ്പെടാത്ത,വഴക്ക് പറയാത്ത പുതിയൊരു അമ്മയെ കാണിച്ചു തന്ന്.

“മോളുടെ അമ്മ പാവമാ. മനസ്സ് നിറയെ സ്നേഹമുള്ളതുകൊണ്ടാ ഈ ദേഷ്യമൊക്കെ. മോളത് മനസ്സിൽ വെക്കണ്ടട്ടോ. അമ്മക്കിനി മോളല്ലേയുള്ളൂ.”

“ഉം.. എനിക്ക് അമ്മയേം ഒത്തിരി ഇഷ്ടാ. അമ്മയോട് പിണങ്ങിയാൽ അച്ച എന്നോടും പിണങ്ങും. അച്ഛയോട് നന്ദൂട്ടി പ്രോമിസ് ചെയ്തിട്ടുണ്ട് അമ്മയോട് ഒരിക്കലും പിണങ്ങില്ല ന്ന്

“അച്ചയെപ്പോലെ അങ്കിൾ സ്നേഹിച്ചാൽ തിരിച്ചു നന്ദൂട്ടിക്കു അങ്കിളിനെ അതേപോലെ സ്നേഹിക്കാൻ പറ്റോ?

അയാൾ അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിക്കൊണ്ട് ചോദിച്ചു.

“നോ.. നെവർ അങ്കിൾ… അച്ചയെപ്പോലെ എനിക്ക് അച്ഛയെ മാത്രേ സ്നേഹിക്കാൻ പറ്റൂ. എന്ത് പാവമായിരുന്നുന്നോ എന്റച്ച. എന്നിട്ടും എന്തിനാണാവോ അച്ച നന്ദൂട്ടിയേം, അമ്മയേം ഒറ്റക്കാക്കി ആരോടും പറയാതെ ഇറങ്ങി പോയത്.അച്ഛ തിരികെ വരും. നന്ദൂട്ടിയെ കാണാതിരിക്കാൻ അച്ചക്കാവില്ല അങ്കിൾ.

അതു കേട്ടപ്പോൾ അവളുടെ മുന്നിൽ താനൊരുപാട് ചെറുതായതുപോലെ തോന്നി നന്ദന്.

“സാരമില്ല മോളിനി അതോർത്തു വിഷമിക്കണ്ട. അങ്കിൾ വെറുതെ ചോദിച്ചതാ.

ഉം.. അവളൊന്നു മൂളിയിട്ട് കണ്ണുകളടച്ചു സീറ്റിലേക്കു ചാരിയിരുന്നു.

അച്ഛയുടെ ഓർമ്മകൾ ആ മനസ്സിനെ പൊള്ളിക്കുന്നുണ്ടാകും എന്ന തോന്നലിൽ അയാൾക്ക് സ്വയം നിന്ദ തോന്നി.ഒപ്പം തന്റെ നിസ്സഹായതയെയോർത്ത് സങ്കടവും.

കർക്കിടക മഴ നിറഞ്ഞു പെയ്തൊരു രാത്രിയുടെ ഓർമ്മകൾ പിന്നെയും അയാളുടെ മനസ്സിലേക്ക് തൂവാനം ഇറ്റിച്ചു.

കല്യാണത്തിന് ശേഷം ഒരിക്കൽ പോലും ഗൗരി തറവാട്ടിലേക്ക് വന്നില്ല. അപ്പച്ചിക്കായി മാറ്റിയിട്ടിരുന്ന തറവാട്ടു വീതം ഗൗരിയുടെ പേരിൽ എഴുതി കൊടുത്ത്, ഗംഭീരമായി തന്നെ അവളുടെ കല്യാണം നടത്തി അച്ഛൻ ബാധ്യത തീർത്തു.

തറവാട്ടിലേക്കു അവൾ വരാതിരുന്നത് നന്ദന് വല്ലാത്തൊരു അനുഗ്രഹമായി തോന്നി.

ആരതിയുമായുള്ള വിവാഹമുറപ്പിച്ചപ്പോൾ അച്ഛനുമമ്മക്കും പുതു വസ്ത്രങ്ങളെടുത്തകൂട്ടത്തിൽ ഓരോ ജോഡി ഗൗരിക്കും ശ്രീകുമാറിനും കൂടി വാങ്ങി.

അതുമായി നന്ദൻ കയറി ചെല്ലുമ്പോൾ പുറത്ത് നല്ല മഴയായിരുന്നു. വിവാഹത്തിനു ശേഷം അവളെ ആദ്യമായി കാണുകയായിരുന്നു അവൻ. പഴയ ഗൗരിയുടെ പ്രേതം പോലെ, വിളറി വെളുത്ത് ഓജസ്സറ്റ മുഖം കണ്ട് നന്ദൻ ഉള്ളിൽ കരഞ്ഞു പോയ്.

ശ്രീകുമാർ ഇനിയും എത്തിയില്ലേ ഓഫീസിൽ നിന്ന്.?

ശബ്ദത്തിലെ ഇടർച്ച ഒളിപ്പിക്കാൻ പാടുപെട്ട് അവൻ ചോദിച്ചു.

“ഇല്ല.. ചിലപ്പോൾ ഇന്ന് വരില്ല എന്നു പറഞ്ഞിട്ടുണ്ട്.”

“ങേ!! അതെന്താ.?

അതിനുള്ള മറുപടി വിളറിയൊരു ചിരിയിലൊതുക്കി കളഞ്ഞു അവൾ.

“എന്താ ഗൗരി, നിനക്ക് സുഖമില്ലേ. എന്താ നീയിങ്ങനെ.?

കുഴിയിലാണ്ടുപോയ കണ്ണുകളിലേക്ക് നോക്കി അവൻ ചോദിച്ചു.

അതിനും അവൾ മറുപടി പറഞ്ഞില്ല. പകരം ഒരു കാർമേഘത്തുണ്ടിനെ മിഴികളിൽ പെയ്യാൻ വിട്ടു.

കരച്ചിലിനിടയിൽ ഒട്ടും പ്രതീക്ഷിക്കാതെയാണവൾ നന്ദന്റെ കൽക്കലേക്കു കുഴഞ്ഞു വീണത്.

എന്തു ചെയ്യണമെന്നറിയാതെ ഒരു നിമിഷം പകച്ചു നിന്നുപോയ നന്ദൻ അടുത്ത നിമിഷം താഴെക്കിരുന്ന് അവളുടെ തലയെടുത്തു മടിയിൽ വെച്ച് കവിളിൽ തട്ടി ഉണർത്താൻ ശ്രമിച്ചു.

അല്പസമയത്തിനകം കണ്ണു തുറന്ന ഗൗരി, നന്ദേട്ടാ എന്ന വിതുമ്പലോടെ അവനെ കെട്ടിപിടിച്ചു.

തുറന്നു പറയാനാകാത്തൊരു സങ്കടം അവളുടെയുള്ളിൽ അലയടിക്കുന്നുണ്ടെന്ന തിരിച്ചറിവിൽ, അവനവളെ തന്നിലേക്ക് ചേർത്തു പിടിച്ച് നിറുകിൽ ചുണ്ടുകൾ ചേർത്തു.

ചുട്ടുപഴുത്ത മനസ്സിനെ,നിർബാദം പെയ്തു നിറയുന്ന മഴത്തുള്ളികൾ കുളിരണിയിച്ചപോലെ അവളാ ചുംബനത്തിൽ കുളിർന്നു പോയി.

പുറന്തോടു പൊട്ടിച്ചു പുറത്തു വരാൻ കാത്തിരുന്ന പ്രണയ ശലഭങ്ങളിൽ ആസക്തി വന്നു നിറയുന്നത് അവളറിഞ്ഞു.

അവന്റെ കട്ടി മീശയിലും,നാസികത്തുമ്പിലും, ചുവന്നു തുടുത്ത കവിളുകളിലും തന്റെ ചുണ്ടുകൾ കൊണ്ടവൾ പ്രണയം പരതി.

അവളുടെയാ പെരുമാറ്റം അവനിൽ ഭീതി പരത്തിയെങ്കിലും നിമിഷങ്ങൾ അകന്നകന്നു പോകും തോറും അവനും നിനച്ചിരിക്കാതെ കടന്നു വന്ന വികാരത്തിനടിമപ്പെട്ടു.

വെറും തറയിൽ, കേട്ടുപിണഞ്ഞ നാഗങ്ങളെപ്പോലെ, പരസ്പരം നഗ്നതയിൽ പ്രണയ മുദ്രകൾ ചാർത്തുമ്പോൾ പുറത്ത് കർക്കിടക മഴയും ആവേശത്തോടെ പെയ്തു നിറയുകയായിരുന്നു.

വർഷങ്ങൾക്ക് ശേഷവും,ആരതിയുടെ ചുടുനിശ്വാസങ്ങളിൽ ഉണർന്നു വരുന്ന വികാരങ്ങളുടെ വേലിയേറ്റങ്ങളിൽ ഉന്മത്തനാകും മുന്നേ,തോരാതെ പെയ്തുകൊണ്ടിരുന്നൊരു രാത്രിയുടെ ഓർമ്മയിൽ പാതിവഴിയിൽ അയാൾ തളർന്നു പോയിരുന്നു.

“ആരതിക്കിനിയും വിശേഷമായില്ലേ എന്ന ചോദ്യങ്ങൾ അയാളുടെ ഹൃദയത്തിൽ മുള്ളുകൊണ്ട് കോറിക്കൊണ്ടിരുന്നു നിരന്തരം.

*************************

“ഗൗരി പ്രസവിച്ചു. മോളാ.നിങ്ങൾ രണ്ടുപേരും ഒന്നവിടെവരെ പോയിട്ട് വാ. അമ്മയ്ക്കും ആ കുഞ്ഞിനെയൊന്നു കാണാൻ മോഹമുണ്ട്. ഒന്നോർത്താൽ അവളും എന്റെ പേരക്കുട്ടിയല്ലേ.നിനക്കൊരു കുഞ്ഞിക്കാല് കാണാൻ എവിടെയൊക്കെ വഴിപാട് നേർന്നു. എന്റെ കണ്ണടയും മുൻപ് ഒരു തൊട്ടില് കെട്ടാൻ യോഗണ്ടാവോ എന്തോ “

അമ്മയത് പറഞ്ഞു നിർത്തുമ്പോൾ ആരതിയുടെ കണ്ണുകളിൽ തന്നോടുള്ള പുച്ഛം നിറയുന്നത് നന്ദൻ കണ്ടു.

മഴകൾക്കും, വെയിലുകൾക്കുമൊപ്പം വർഷങ്ങൾ ഓടിയോടി മറഞ്ഞു. ചെറിയൊരു പനിയുടെ രൂപത്തിൽ വന്ന മരണം ആരതിയെ കൂട്ടിക്കൊണ്ട് പോയ്. അതിനു പിന്നാലെ അച്ഛൻ, ഏറ്റവുമൊടുവിൽ അമ്മയും ഒരു യാത്രപോലും പറയാതെ അയാളിൽ നിന്നിറങ്ങിപ്പോയി.

ഒറ്റക്കായിപോയവന്റെ ശൂന്യതയോടെ കിടപ്പുമുറിക്കുള്ളിൽ ഒതുങ്ങിപ്പോയ നാളുകളിൽ തീരെ പ്രതീക്ഷിക്കാതെ ഗൗരിയും, മോളും അയാളുടെ ഏകാന്തതക്ക് കൂട്ടായി.

മോള് വന്നേപ്പിന്നെ ഗൗരി വീണ്ടും പഴയതു പോലെയായതറിഞ്ഞു നന്ദൻ ആശ്വാസം കൊണ്ടു. പി. എസ്. സി. എഴുതി ജോലിക്ക് ശ്രമിക്കുന്ന അവളുടെ ചുറുചുറുക്ക് നന്ദനെ അത്ഭുതപ്പെടുത്തി.

ആരതിയുടെ ആണ്ടുബലിയിടാൻ ആരുമില്ലെന്ന സങ്കടം, ഏറ്റുപറച്ചിലിലും കുറ്റബോധത്തിന്റെ നീറിപ്പിടച്ചിലിലും അമർന്നു പോയൊരു പകലിലാണ് ഗൗരി നന്ദന്റെ നെഞ്ചിലേക്കൊരു നിറയൊഴിച്ചത്.

“നന്ദേട്ടനറിയോ, നന്ദൂട്ടി നമ്മുടെ മോളാ. നമ്മുടെ മാത്രം.

പിടഞ്ഞു ചിതറുന്ന ഹൃദയത്തോടെ ശ്വാസം കിട്ടാതെ മിഴിഞ്ഞു പോയ കണ്ണുകളോടെ അയാൾ ഗൗരിയെ തുറിച്ചു നോക്കി.

“ശ്രീയേട്ടൻ ഒരു “ഗേ “യായിരുന്നു. അയാൾക്ക് അയാളെപ്പോലൊരു പുരുഷനെ മാത്രേ സ്നേഹിക്കാനും, സന്തോഷിപ്പിക്കാനും കഴിയുമായിരുന്നുള്ളു.

വിവാഹത്തിനു ശേഷം ആദ്യമൊന്നും എനിക്കത് മനസ്സിലായില്ല. ബെഡ്‌റൂമിൽ എന്നോട് കാണിക്കുന്ന അകൽച്ച ആദ്യമൊക്കെ എനിക്ക് സന്തോഷം നൽകി. കാരണം എന്റെ മനസ്സ് നിറയെ നന്ദേട്ടനായിരുന്നുലോ. എന്റെയെല്ലാം നന്ദേട്ടനു മാത്രം അവകാശപ്പെട്ടതാണ് എന്നൊരു തോന്നലായിരുന്നു അന്ന്. പെട്ടെന്നൊരു മാറ്റം എനിക്കാവില്ലയിരുന്നു.

അയാളെ തേടി വീട്ടിൽ വരുന്ന സുഹൃത്ത് രാത്രികളിലും അവിടെ തങ്ങി. അപ്പോഴൊക്കെയും ഒരു റൂമിലായിരുന്നു അവർ ഉറങ്ങിയിരുന്നത്.

അയാളുടെ അസ്തിത്വം തിരിച്ചറിഞ്ഞ നിമിഷം, അവിടുന്ന് ഓടി രക്ഷപെടാൻ എനിക്കു തോന്നി. പക്ഷെ കരഞ്ഞുകൊണ്ട് ശ്രീയെന്റെ കാലിൽ വീണു.

ഗൗരി, നീയെന്നെ അപമാനിക്കരുത്. എത്ര പറഞ്ഞിട്ടും എന്നെ മനസ്സിലാക്കാൻ കഴിയാത്ത അമ്മയുടെ അവസാന ആഗ്രഹം സാധിപ്പിച്ചു കൊടുക്കാൻ എനിക്കിങ്ങനെയൊരു വേഷം കെട്ടേണ്ടി വന്നു.

ഡിവോഴ്സ് വേണമെങ്കിൽ ഞാനതിനു തയ്യാറാണ്. പക്ഷേ റീസൺ ഇതാകരുത്.

ആലോചിച്ചു നോക്കിയപ്പോ തല്ക്കാലം ശ്രീയെ വിട്ടു പോകേണ്ട എന്നെനിക്ക് തോന്നി. കാരണം ശ്രീ എന്നെ ഒരുപാട് സ്നേഹിച്ചിരുന്നു.

ചില രാത്രികളിൽ എനിക്കെന്നെ നഷ്ടപ്പെടും. അപ്പോഴൊക്കെ തലയിണയിൽ മുഖമമർത്തി ഞാൻ നെഞ്ചുപൊട്ടിക്കരഞ്ഞു.

ഞാൻ വിട്ടുപോകില്ല എന്നറിഞ്ഞപ്പോൾ,അയാളിലെ പൗരുഷത്തെ ആരും സംശയിക്കാതിരിക്കാൻ ഒരു കുഞ്ഞുവേണം എന്നയാൾ ശഠിച്ചു. അതിന് ഏതൊരു വഴിയും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും എനിക്കു തന്നു.

നന്ദേട്ടന്റെ കുഞ്ഞിനെ പ്രസവിക്കാൻ ഒരുപാട് കൊതിച്ചു നടന്നവളല്ലേ ഞാൻ. അന്ന് നന്ദേട്ടന്റെ നെഞ്ചിലെ ചൂട് തട്ടിയപ്പോൾ അടക്കിവെച്ചമോഹങ്ങളെല്ലാം ഉയിർത്തെഴുന്നേറ്റു.

ശ്രീക്കറിയാമായിരുന്നു അവള് നന്ദേട്ടന്റെ മോളാണെന്ന്. എന്നിട്ടും അയാളവളെ ജീവനെപ്പോലെ സ്നേഹിച്ചും, അവളുടെ ഏതൊരാഗ്രഹങ്ങൾക്കും കൂടെ നിന്നും എന്നെ തോൽപിച്ചു കളഞ്ഞു.

ആരതിയുടെ മരണമറിഞ്ഞപ്പോൾഅയാൾ പറഞ്ഞു നമ്മൾ ഒന്നിക്കുമെങ്കിൽ അതാണ്‌ അയാളുടെ ഏറ്റവും വലിയ സന്തോഷമെന്ന്. അതിനുവേണ്ടി സ്വയം ഒഴിവായതാ. പക്ഷേ ശ്രീ ഇങ്ങനെ ഇറങ്ങി പോകും എന്നറിഞ്ഞെങ്കിൽ ഞാനത് തടഞ്ഞേനെ. കാരണം മോളെപ്പോലെ ഞാനും ശ്രീയെ ഒരുപാട് സ്നേഹിച്ചിരുന്നു.

ആരതി നന്ദേട്ടനോട്‌ പൊറുക്കുമെങ്കിൽ, നന്ദൂട്ടിയെക്കൊണ്ട് ആണ്ടുബലിയിടീച്ചോളൂ..
നന്ദേട്ടന്റെ ചോരയല്ലേ. അവൾക്കതിനു അർഹതയുമുണ്ട്.

മോളെയും കൂട്ടി ബലിതർപ്പണത്തിനിറങ്ങുമ്പോൾ അയാൾ ഗൗരിയെയും ക്ഷണിച്ചു.

“നന്ദേട്ടനൊപ്പം ഇനി എവിടേക്കും ഞാനില്ല ട്ടോ. അങ്ങനെയൊരു പ്രതീക്ഷയെ കൂടേ കൂട്ടണ്ട.എനിക്കു മോളും അവൾക്കു ഞാനും മതി ഇനിയുള്ള ജീവിതത്തിൽ. ഒരുപക്ഷേ മോള് പറയും പോലെ ശ്രീ എന്നെങ്കിലും തിരികെ വരുമായിരിക്കും . കാരണം എന്നെയും മോളെയും അത്രയേറെ സ്നേഹിക്കുന്നുണ്ട് ആ മനസ്സ്.എനിക്കു മറ്റൊന്നും വേണ്ട. ആ സ്നേഹം മാത്രം മതി. ഇനിയും ഇങ്ങനെതന്നെ മുന്നോട്ടു പോകാൻ.”

മോൾക്കൊപ്പം പുഴക്കരയിൽ ഈറനുടുത്ത്, നാക്കിലയിൽ എള്ളും പൂവും കുടഞ്ഞിടുമ്പോഴൊക്കെ അയാൾ ആരതിയോട് മാപ്പിരന്നു.

ഒരു കുഞ്ഞിനെ ലാളിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ടിട്ടും പ്രാണനെപ്പോലെ സ്നേഹം തന്ന് കൂടെ നിന്ന ആരതിയെക്കുറിച്ചോർത്തപ്പോൾ തുളുമ്പി വീണ കണ്ണുനീർത്തുള്ളികൾ സ്റ്റിയറിംഗ് വീലിൽ വീണു ചിതറി.

അയാൾ തല ചെരിച്ച് നന്ദുവിനെ നോക്കി. അവളപ്പോഴും കണ്ണടച്ചു സീറ്റിൽ ചാരികിടക്കുകയായിരുന്നു.

മോളെയെന്നൊന്നു വിളിച്ച് അവളെ മാറോട് ചേർക്കാൻ തോന്നിയ അതേ നിമിഷത്തിൽ തന്നെയാണ് അനേകായിരം സൂചികൾ കൊണ്ട് കുത്തിനോവിക്കും പോലൊരു വേദന നെഞ്ചിൽ പടർന്നു കയറിയത്. വിയർപ്പിൽ മുങ്ങിയ കൈകൾക്ക് വിറയൽ തോന്നിയപ്പോൾ അയാൾ കാർ നിർത്തി സ്റ്റിയറിങ് വീലിലേക്ക് തല ചേർത്ത് കുനിഞ്ഞു കിടന്നു.

വണ്ടി നിന്നതറിഞ്ഞു കണ്ണ് തുറന്ന നന്ദൂട്ടി, ആ കിടപ്പു കണ്ട് അയാളെ കുലുക്കി വിളിച്ചു കൊണ്ടിരുന്നു.

അപ്പോഴേക്കും അതൊന്നുമറിയാതെ,ആരതിയുടെ കൈ പിടിച്ച് അവർക്കായി മാത്രം പ്രണയനിലാവ് പൂക്കുന്ന ആകാശവഴിയിലൂടെ നടന്നു തുടങ്ങിയിരുന്നു നന്ദൻ.

~സിന്ധു മനോജ്