ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്ന മോളുടെ വാക്കുകൾ പ്രകാശനെ ഞെട്ടിച്ചിരുന്നു. ഇത്രയും നാളുകൾക്ക് ഇടയിൽ…

_upscale

നിങ്ങൾ പോലും അറിയാതെ…

Story written by Unni K Parthan

===================

“നിങ്ങൾക്ക് സ്നേഹിക്കാൻ അറിയാത്തതു എന്റെ കുഴപ്പമാണോ…എല്ലാരുടെയും നിർബന്ധം മൂലം നിങ്ങൾ എന്റെ തലയിൽ വന്നു പെട്ടു..ഒഴിവാക്കാനും ഇനി പറ്റില്ല ലോ…” രാവിലെ തന്നേ അടുക്കളയിൽ നിന്നും രോഹിണിയുടെ ശബ്ദം ഉയർന്നു തുടങ്ങി..

വായിച്ചിരുന്ന പത്രത്തിൽ നിന്നും തലയുയർത്തി പ്രകാശൻ അടുക്കളയിലേക്ക് തല ചെരിച്ചു നോക്കി..പിന്നെ ഹാളിൽ സ്റ്റഡി ടേബിൾ ഇരുന്നു പഠിക്കുന്ന മകൾ ദേവികയേയും നോക്കി..

“അമ്മക്ക് ഇല്ലാത്തതു മറ്റുള്ളവർക്ക് വേണം എന്ന് കരുതുന്നത് തെറ്റാണ്..” ദേവികയുടെ മറുപടി കേട്ട് പ്രകാശൻ ഞെട്ടി..അമ്പരപ്പോടെ പ്രകാശൻ ദേവികയേ നോക്കി…

ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്ന മോളുടെ വാക്കുകൾ പ്രകാശനെ ഞെട്ടിച്ചിരുന്നു…ഇത്രയും നാളുകൾക്ക് ഇടയിൽ അമ്മയേ എതിർത്തു മകൾ സംസാരിച്ചു പ്രകാശൻ കേട്ടിട്ടില്ല…

ഒന്നും സംഭവിക്കാത്തത് പോലേ ദേവിക പുസ്തകത്തിലേക്ക് കണ്ണുകൾ പായിച്ചു..

“എന്താ..എന്താടീ…അസത്തെ നീ പറഞ്ഞത്…” അടുക്കളയിൽ നിന്നും ചവിട്ടി തുള്ളി വന്നു ദേവികയുടെ കൈയ്യിൽ അമർത്തി നുള്ളി കൊണ്ട് രോഹിണി കലി തുള്ളി..

ദേവിക ഒന്നും മിണ്ടാതെ പുസ്തകത്തിൽ കണ്ണും നട്ട് ഇരുന്നു..

“എന്താ…നീ പറഞ്ഞത് ന്ന്…” രോഹിണിയുടെ ശബ്ദം അലർച്ചയായി മാറി..പ്രകാശൻ വേഗം പത്രം മടക്കി വെച്ച് ഹാളിലേക്ക് വന്നു…

“അമ്മ പറഞ്ഞതിന് മറുപടി പറഞ്ഞു അത്രേം ഉള്ളൂ..” ദേവികയുടെ കൂസലില്ലായ്‌മ രോഹിണിയേ ഒന്നുടെ ചൊടുപ്പിച്ചു…

“എന്താ..എനിക്ക് സ്നേഹമില്ലേ…”

“ആരോട്…” ദേവികയുടെ മറുപടി രോഹിണിയേ നിശബ്ദയാക്കി..

“അമ്മക്ക് ആരോടും സ്നേഹമില്ല..പിന്നെ എങ്ങനെ മറ്റുള്ളവർ അമ്മയേ സ്നേഹിക്കണമെന്ന് അമ്മക്ക് പറയാൻ കഴിയും..” കുഞ്ഞു വായിൽ നിന്നും ഇരുത്തം വരുന്ന വാക്കുകൾ വരുന്നത് കേട്ട് രോഹിണി അമ്പരപ്പോടെ പ്രകാശനേയും ദേവികയേയും മാറി മാറി നോക്കി…

“ഞാൻ കണ്ടിട്ടില്ല..അമ്മ സ്നേഹത്തോടെ അച്ഛനോട് പെരുമാറുന്നത്..

എന്തിന്..എന്നോട് പോലും അമ്മ സ്നേഹത്തോടെ പെരുമാറിയിട്ടില്ല..എന്നും എന്നെ കുറ്റപെടുത്തിയിട്ടേ ഉള്ളൂ..ഞാൻ കറുത്ത് പോയതിന്..എന്നും എന്നെ ചീത്ത പറഞ്ഞിട്ടേ ഒള്ളൂ…എവിടേലും പോകുമ്പോ എന്നെ കൂടെ കൂട്ടാറുണ്ടോ അമ്മ..അമ്മക്ക് നാണക്കേട്..വെളുത്തു സുന്ദരിയായ അമ്മക്ക് കറുത്ത്..കരിവണ്ടിനേ പോലേയുള്ള എന്നെ കൂടെ കൂട്ടാൻ അമ്മക്ക് മടി..

പലപ്പോഴും അമ്മയുടെ പ്രവർത്തികൾ കാണുമ്പോൾ ഞാൻ സ്വയം ചിന്തിച്ചു പോകാറുണ്ട്..ഞാൻ അമ്മയുടെ മോളാണോ എന്ന്..

എനിക്ക് ഓർമ വെക്കുമ്പോൾ മുതൽ ഞാൻ കേൾക്കുന്നതാണ്…അച്ഛനെ കുത്ത് വാക്കുകൾ കൊണ്ടും..ശാപ വചനങ്ങൾ കൊണ്ടും പ്രാകുന്നത്…

ഒരിക്കൽ പോലും അച്ഛൻ അമ്മയേ എതിർത്തു പറഞ്ഞു കേട്ടിട്ടില്ല…അത് എന്താണ് എന്നും ഞാൻ ഒരുപാട് ആലോചിച്ചു…എനിക്ക് ഉത്തരം ഇന്ന് വരേ കിട്ടിയിട്ടില്ല..

എല്ലാ ക്ലാസിലും പഠിക്കാൻ മിടുക്കിയായ എന്നെ അമ്മ ഒന്ന് അഭിനന്ദിച്ചിട്ട് പോലുമില്ല..എന്നേക്കാൾ മാർക്ക് കുറവുള്ള അമ്മയുടെ അനിയന്റെ മക്കൾക്ക് അമ്മയുടെ സമ്മാനങ്ങൾ..അതൊക്കെ എന്റെ കൺമുന്നിൽ ഞാൻ കണ്ടിട്ടുണ്ട്..

എന്തിനാ ഏറെ..എത്രയെത്ര ജോലികൾ അമ്മക്ക് കിട്ടി..മറ്റുള്ളർ കൊതിക്കുന്ന ജോലികൾ…അമ്മ പോയോ…പോയില്ല..എന്താ അമ്മ പറഞ്ഞത്…

“അങ്ങനെ ഞാൻ ജോലിയെടുത്തു തിന്ന് കൊഴുക്കാൻ ആരും നോക്കേണ്ടാ ന്ന്…അമ്മക്ക് അമ്മയുടെ കൂടപ്പിറപ്പുകൾ മാത്രം മതി..അച്ഛന്റെ വീട്ടിലേ ആരേലും ഇങ്ങോട്ട് വന്നാൽ പച്ച വെള്ളം അമ്മ കൊടുക്കുമോ..അരമണിക്കൂർ പോലും ഇവിടെ ഇരുത്തുമോ…അല്ല..അവർ ഇരിക്കുമോ ഇല്ല..കാരണമെന്താ..അത്രക്ക് മഹത്വരമാണല്ലോ അമ്മയുടെ സ്നേഹം..

പണം..പണം മാത്രം മതി അമ്മക്ക്..മാസ മാസം അച്ഛന്റെ ശമ്പളം അമ്മയുടെ കൈയിലേക്ക് വരുമ്പോൾ മാത്രം ഞാൻ കണ്ടിട്ടുണ്ട് ഒരു ചിരി..അതല്ലാതെ അമ്മ ഈ വീട്ടിൽ ചിരിക്കുന്നത് പോലും ഞാൻ കണ്ടിട്ടില്ല…

സ്നേഹം…അതൊരു ഗിവ് ആൻഡ് ടേക്ക് പോളിസിയാണ്..സ്നേഹം കൊടുത്തു സ്നേഹം വാങ്ങുക..അത്..എന്റെ അച്ഛന് ആവോളം ഉണ്ട്..

എന്റെ അമ്മക്ക് സ്നേഹം എന്താണ് ന്ന് പോലും അറിയില്ല..സ്നേഹിക്കുന്നത് എങ്ങനാണ് ന്ന് പോലും അറിയില്ല..പിന്നെ എങ്ങനാ അമ്മേ..അമ്മക്ക് സ്നേഹം കിട്ടുക..” പുസ്തകം മടക്കി കൈയ്യിൽ പിടിച്ചു സ്റ്റഡി ടേബിളിൽ നിന്നും എഴുന്നേറ്റ് ദേവിക മെല്ലേ അവളുടെ റൂമിലേക്ക് നടന്നു..

ഒന്നും മിണ്ടതേ..തരിച്ചു നിൽക്കുന്ന രോഹിണിയുടെ തോളിൽ തന്റെ വലതു കൈത്തലം അമർത്തി പ്രകാശൻ…

വാടിയ താമര തണ്ട് പോലേ രോഹിണി പ്രകാശന്റെ നെഞ്ചിലേക്ക് ചാരി…

********************************

രാത്രി..

“എനിക്ക് സ്നേഹിക്കാൻ അറിയില്ലേ..” ചുമരിന്റെ അറ്റത്തേക്ക് പതിവ് പോലേ നീങ്ങി കിടന്നു രോഹിണി ചോദിച്ചത് കേട്ട് പ്രകാശൻ കൈയ്യിൽ ഇരുന്ന പുസ്തകം ടേബിളിലേക്ക് വെച്ചു…പിന്നെ കട്ടിലിന്റെ മറ്റേ അറ്റത്തു വന്നു കിടന്നു..

“എന്തേ നിങ്ങൾ ഒന്നും പറയാത്തെ..നമ്മുടെ മോള് പറഞ്ഞത് കേട്ടില്ലേ..”

“ഇപ്പോളെങ്കിലും നീ മോളേ എന്ന് വിളിച്ചുലോ..” പ്രകാശന്റെ മറുപടി കേട്ട് രോഹിണിയുടെ ശരീരത്തിൽ ഒരു വിറയൽ വന്നു..

രോഹിണിയുടെ ഓർമ്മകൾ പിറകിലേക്ക് പോയി ഒറ്റ നിമിഷം കൊണ്ട് ഒരായിരം കാഴ്ചകൾ..

“ശരിയാണ്..ഞാൻ മോളേ എന്ന് ഒരിക്കൽ പോലും വിളിച്ചിട്ടില്ല..” രോഹിണിയുടെ മനസ് മറുപടി കൊടുത്തു..

“ഉണ്ടോ….” പ്രകാശൻ പതിയേ ചോദിച്ചു..

“ഇല്ല..”

“എന്തായിരുന്നു കാരണം..”

കുറച്ചു നേരത്തെ നിശബ്ദത..

“ഉത്തരം ഞാൻ തന്നേ പറയാം..ആൺ കുട്ടിയേ കാത്തിരുന്ന തന്റെ മുന്നിലേക്ക്..വന്നത് ഒരു പെൺകുട്ടിയായിരുന്നു..അതും..കറുത്ത് വിരൂപമായ മുഖമുള്ള ഒരു പൈതൽ..

എനിക്ക് ഓർമയുണ്ട് ഇപ്പോളും അന്നത്തെ ആ ദിവസം..ഒറ്റ നോട്ടമേ താൻ നോക്കിയുള്ളു നമ്മുടെ ദേവു മോളേ…

“അയ്യേ…ഇതെന്താ ഇങ്ങനെ…”

ആ വാക്കുകൾ തുളച്ച് ഇറങ്ങിയത്…എന്റെ മാത്രം നെഞ്ചിലേക്കല്ലാ..അന്ന് അവിടെ…ഉണ്ടായിരുന്ന ഡോക്ടറിന്റെയും..നേഴ്‌സുമാരുടെയും ഹൃദയത്തിലേക്ക് ആയിരുന്നു…

ഇങ്ങനെയും ഒരമ്മയോ…അവരുടെയും എന്റെയും ഉള്ളിൽ ആ മുഖഭാവം ആയിരുന്നു…

അന്ന് വരേ നിനക്ക് എന്നോട് ഒത്തിരി സ്നേഹമായിരുന്നു..പിന്നെ..ക്രമേണെ നീ മാറി…എല്ലാരോടും ദേഷ്യം…അത് എന്റെ വീട്ടുകാരോടും എന്നോടും..
നമ്മുടെ മോളോടും..

ഒരിക്കലും ഒരു അമ്മ എങ്ങനെയൊക്കെ ആയിക്കൂടാ എന്നുള്ളതിന് ഉള്ള തെളിവായിരുന്നു പിന്നീടുള്ള നിന്റെ ജീവിതം…പല വട്ടം നമ്മൾ തമ്മിൽ അതിന്റെ പേരിൽ വഴക്കിട്ടുണ്ട്..പക്ഷേ…തനിക്കു ഒരു മാറ്റവും ഉണ്ടായിരുന്നില്ല..ക്രമേണ ഞാൻ മൗനം പാലിക്കാൻ തുടങ്ങി…അതും തനിക്കു ആയുധമായിരുന്നു..പിന്നീട് മോള് പറഞ്ഞത് പോലേ..അവൾക്ക് ഓർമ വെക്കുന്ന കാലം മുതൽ എന്നെ ക്രൂരമായി താൻ വേദനിപ്പിച്ചു കൊണ്ടേ ഇരുന്നു..അതൊക്കെ നമ്മുടെ മകൾ അറിയുന്നുണ്ടായിരുന്നുവെന്ന് ഇന്നാണ് ഞാൻ അറിഞ്ഞത്..

കണ്ടിട്ടില്ലേ..അഞ്ചാം ക്ലാസിലെ റിസൾട് വന്നതിന് ശേഷം നമ്മുടെ മോൾക്ക്‌ ഉണ്ടായ ഒരു മാറ്റം..അതിന് താൻ മോളുടെ മാറ്റം ഒന്നും അറിഞ്ഞിട്ടില്ല ലോ…

അന്ന്..റിസൾട് വന്നു ഓടി വന്നു നിന്നേ കെട്ടിപ്പിടിച്ചു ഉമ്മ വെക്കാൻ വന്ന മോളേ നീ തട്ടി മാറ്റി..തന്റെ അനിയന്റെ മക്കൾക്ക് നീ വെച്ച് നീട്ടിയ ചോക്ലേറ്റ് അവർ വാങ്ങുമ്പോൾ..നമ്മുടെ മോള് എന്നെ ദയനീയമായി നോക്കി…ആ നോട്ടം ഇന്നും എന്റെ മനസ്സിൽ മായാതെയുണ്ട്..അന്ന് നമ്മുടെ മോള് മാറി..പിന്നീട് ഒരിക്കൽ പോലും അവൾ പുസ്തകത്തിലേ സംശയങ്ങൾ എന്നോട് പോലും ചോദിക്കാതെയായി…

എല്ലാം അവൾ സ്വയം പഠിക്കാൻ ശീലിച്ചു…ഒരുപാട് ആഗ്രഹിച്ചിരുന്നു ഞാൻ..എന്നോട് അവൾ ഒരു സംശയം ചോദിച്ചിരുന്നുവെങ്കിൽ എന്ന്..പക്ഷേ…ഇന്ന് ഈ നിമിഷം വരേ ചോദിച്ചിട്ടില്ല..

ഇപ്പോളോ..അവൾക്കു പഠിക്കാൻ നമ്മുടെ സഹായം വേണ്ടി..സ്കൂളിൽ നിന്നും ഏറ്റവും മികച്ച വിദ്യാർത്ഥിക്കുള്ള സ്കോളർഷിപ്പ്..അതും അവൾക്ക് എത്ര വേണമെങ്കിലും പഠിക്കാനുള്ള കാലം വരേയും..

നമ്മുടെ മോള് അവളുടെ വഴി ഇപ്പോളേ തിരഞ്ഞെടുത്തു..നമുക്ക് ചോദ്യം ചെയ്യാൻ കഴിയില്ല..കാരണം അവൾ മിടുക്കിയാണ്..ലക്ഷ്യമുണ്ട്…അത് നേടുക തന്നേ ചെയ്യും..

അവളുടെ അനുഭവമായിരുന്നു..അവളുടെ ജീവിതം..കാലം അവളിൽ നല്ലൊരു അമ്മയേ നൽകും..അവൾക്ക് കിട്ടാതേ പോയ സ്നേഹവും വാത്സല്യവും അവളുടെ മക്കൾക്ക് ലഭിക്കും..അവൾ നല്ലൊരു സ്ത്രീയാകും..സമൂഹം അവളുടെ വാക്കുകൾക്ക് ചെവിയോർത്തു നിൽക്കുന്ന കാലം..അത് വരിക തന്നേ ചെയ്യും..

ഉറങ്ങിക്കോ…നാളേ രാവിലെ എഴുന്നേൽക്കണ്ടേ.. ” കൈയ്യെത്തിച്ചു ലൈറ്റ് ഓഫ് ചെയ്തു പ്രകാശൻ കിടന്നു….

അടക്കി പിടിച്ച തേങ്ങലുകൾ നാലു ചുവരുകൾക്കുള്ളിൽ അലയടിക്കാൻ തുടങ്ങി..

“തിരിച്ചറിവുകൾ വൈകി വന്നാലും..കുഴപ്പമില്ല..പക്ഷേ…തിരുത്താൻ കഴിയുന്ന മനസുണ്ടെങ്കിൽ മാത്രമേ തിരിച്ചറിവ് കൊണ്ട് കാര്യമുള്ളൂ…നമ്മുടെ മകൾക്ക് അതിന് കഴിയും..വേണേൽ തനിക്കും..” ഇരുട്ടിൽ കണ്ണുകൾ തുറന്നു പിടിച്ചു കൊണ്ട് പ്രകാശന്റെ ശബ്ദം നാലു ചുവരുകൾ ഏറ്റെടുത്തു…

തേങ്ങലിന്റെ ശബ്ദം ഉയർന്നു…അതൊരു പൊട്ടി കരച്ചിലായി ചുമരുകൾ ഏറ്റെടുത്തു..

******************

“ഉറങ്ങിയോ….”

രാത്രിയിൽ എപ്പോളോ രോഹിണിയുടെ നേർത്ത ശബ്ദം കേട്ടാണ് പ്രകാശൻ ഉണർന്നത്…

“വിളിച്ചോ നീ എന്നേ…”

കൈ എത്തിച്ചു ലൈറ്റ് ഇട്ട് കൊണ്ട് പ്രകാശൻ തിരിഞ്ഞ് കിടന്ന് രോഹിണിയേ നോക്കി ചോദിച്ചു…

“മ്മ്…”

“എന്തേ….”

“ഏട്ടന് തോന്നിട്ടുണ്ടോ ഞാൻ നമ്മുടെ മോളുടെ ക്രൂരയായ ഒരമ്മയാണെന്ന്…” വർഷങ്ങൾക്ക് ശേഷമുള്ള രോഹിണിയുടെ..ഏട്ടാ എന്നുള്ള വിളി ശരിക്കും പറഞ്ഞാൽ പ്രകാശനേ ഞെട്ടിച്ചു..

“ന്തേ ഇപ്പോ ഇങ്ങനെ ഒരു ചോദ്യം..” പ്രകാശൻ എഴുന്നേറ്റു ബെഡിൽ ഇരുന്നു കൊണ്ട് ചോദിച്ചു..

“ഒന്നൂല്യ…ഏട്ടന് ഓർമ്മയുണ്ടോ..നമ്മുടെ കല്യാണം കഴിഞ്ഞിട്ടുള്ള നാളുകൾ…എന്നെങ്കിലും ഞാൻ ഏട്ടനെ ഇഷ്ടമില്ലാത്തത് എന്തെങ്കിലും പ്രവർത്തിച്ചിരുന്നോ..”

“ഇല്ല…”

“പിന്നേ എപ്പോളാ ഞാൻ മാറിയത്..ഓർമ്മയുണ്ടോ ഏട്ടന്..”

“മോള് ജനിച്ചതിന് ശേഷം…”

“എന്താ ഞാൻ അങ്ങനെ മാറാൻ കാരണം..ചിന്തിച്ചിട്ടുണ്ടോ..എപ്പോളെങ്കിലും..”

“ഒരുപാട് ചിന്തിച്ചു..പക്ഷേ ഉത്തരം കിട്ടിയില്ല..”

“അന്ന്..മോൾക്ക് ജന്മം നൽകിയ ആ ദിവസം..അതെനിക്ക് മറക്കാൻ കഴിയില്ല…

അന്ന് മോളേ പുറത്തേക്ക് എടുത്തു കഴിഞ്ഞ നേരം..ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നേഴ്‌സ് നമ്മുടെ മോളേ പറ്റി പറയുന്നത് ഞാൻ കേട്ടു…

ഇത് ഒരു മനുഷ്യ കുഞ്ഞു തന്നേയാണോ….കണ്ടിട്ട് തന്നെ പേടിയാവുന്നു…ഇത്രേം വിരൂപമായ രൂപം…ഞാൻ കണ്ടിട്ടില്ല..ഈ കുട്ടിയേ എന്താ ഇനി നാട്ടിൽ ആളുകൾ വിളിക്കുക..കണ്ടിട്ട് തന്നേ പേടിയും അറപ്പും തോന്നുന്നു…

ആ നേഴ്സിന്റെ വാക്കുകൾ ദാ ഇപ്പോളും കാതിൽ കേൾക്കാം ഏട്ടാ എനിക്ക്..” രോഹിണിയുടെ ശബ്ദം നേർത്തിരുന്നു..

പ്രകാശന്റെ മുഖം വിളറി വെളുത്തിരുന്നു..പുതിയൊരു അറിവായിരുന്നു പ്രകാശന് അത്..അതിന്റെ ഞെട്ടലും അമ്പരപ്പും പ്രകാശന്റെ മുഖത്ത് ഉണ്ടായിരുന്നു..

“ഏട്ടാ..” രോഹിണി നീങ്ങി പ്രകാശന്റെ മടിയിൽ കിടന്നു..

“ഞാനും നമ്മുടെ മോളേ കണ്ടപ്പോൾ..ഞെട്ടിയിരുന്നു എന്നുള്ളത് സത്യമാണ്…പക്ഷേ..അയ്യേ എന്നുള്ള വിളി അത് ഞാൻ മനഃപൂർവം തന്നേയാണ് വിളിച്ചത്..പാതി മയക്കത്തിൽ..ഞാൻ അവർ പറയാതെ തന്നേ നമ്മുടെ മോളേ കണ്ടു..അകകണ്ണിൽ…വിരൂപമായ രൂപം..

എന്റെ മോൾക്ക് ഇനി ജീവിക്കണം..അതും എല്ലാവരും അസൂയപെടുന്ന രീതിയിൽ..കറുപ്പും..മുഖത്തിന്റെ വിരൂപവും നമ്മുടെ മകളേ തളർത്തി കളയരുത് എന്നുള്ളത്..ഒരു അമ്മയെന്ന എന്റെ വാശിയായിരുന്നു..വാശി മാത്രമല്ല..അവരോടുള്ള ദേഷ്യവും കൂടി ആയിരുന്നു..

നമ്മുടെ മോള് മുലപാൽ കുടിച്ചത് വരേയേ ചിലപ്പോൾ അവൾക്ക് അമ്മയോട് സ്നേഹം തോന്നിക്കാണു..ഓർമ വെക്കുന്ന നാൾ മുതൽ അവൾക്ക് അമ്മ ശത്രുവാണ്..അവളേ എല്ലാത്തിനും ചീത്ത പറയുന്ന…അവളുടെ മുന്നിൽ വെച്ചു മറ്റുള്ള കുട്ടികളെ പുകഴ്ത്തി പറയുക…അവളുടെ നല്ലതിനെ കണ്ടില്ലന്ന് നടിക്കുക..ഇതെല്ലാം ഞാൻ എന്ന അമ്മ അവൾക്കായി നൽകിയ പാഠമായിരുന്നു..

നാലാം ക്‌ളാസിലെ സ്കൂൾ പരീക്ഷക്ക് എല്ലാത്തിലും ഫുൾ മാർക്ക്‌ വാങ്ങി എന്റെ അടുത്തേക്ക് ഓടി വന്ന മോളുടെ മുഖം ഇപ്പോളും എന്റെ കണ്ണിൽ ഉണ്ട്..

അത് നോക്കതെ..അപ്പുറത്തെ ജാനകി ചേച്ചിയുടെ മകൾക്ക് കണക്കിൽ മാത്രം കിട്ടിയ ഫുൾ മാർക്കിനെ ഞാൻ പുകഴ്ത്തി സംസാരിച്ചപ്പോൾ..നമ്മുടെ മോളുടെ മുഖം വിങ്ങുന്നത് ഞാൻ കണ്ടിരുന്നു ഏട്ടാ…

എന്നോട് ഒന്നും മിണ്ടാതെ അവൾ അകത്തേക്ക് കയറി പോയി..പിന്നീട് ഓരോ കാരണങ്ങൾ ഉണ്ടാക്കി ഞാൻ നമ്മുടെ മോളേ കുറ്റപെടുത്താൻ തുടങ്ങി..കേവലം പത്തു വയസ് മാത്രം പ്രായമുള്ള കുട്ടി..ആ കുട്ടിക്ക് അതെങ്ങനെ താങ്ങാൻ കഴിയും എന്നുള്ളത് തന്നേ ആയിരുന്നു എനിക്ക് പേടി..

പക്ഷേ…ഒരിക്കലും എന്നോട് തട്ടികയറാതെ ഒന്നും മിണ്ടാതെ മാറി നിന്ന് കണ്ണു നിറയുന്ന നമ്മുടെ മോളേ ഞാൻ പലവട്ടം കണ്ടിട്ടുണ്ട്…ഓടി ചെന്ന് വാരിയെടുത്തു മാറോട് ചേർക്കാൻ എന്നിലെ അമ്മ കൊതിക്കാറുണ്ട്..

പക്ഷേ..ചെയ്തില്ല…

കരിങ്കാളി…കൊന്ത്രം പല്ലി…എന്ന് വേണ്ടാ നമ്മുടെ മോളേ അവളുടെ കൂട്ടുകാരികൾ വിളിച്ചു കളിയാക്കുന്നത് ഞാൻ പലവട്ടം കേട്ടിട്ടുണ്ട്..ഞാൻ കേട്ടിട്ടും അതിന് ചെവി കൊടുക്കാതെ മാറി നിന്നിട്ടുണ്ട്..

സ്വന്തം അമ്മ ചെയ്യുന്ന ആ അവഗണനയോളം വലുതായിരുന്നില്ല..അവൾക്ക് മറ്റുള്ളവരുടെ കുത്തു വാക്കുകൾ..എല്ലാം..ഒരു ചെറു പുഞ്ചിരിയോടെ എടുത്തു അവൾ മുന്നോട്ട് പോയി…മറ്റാരേക്കാളും..അവൾക്കു ദേഷ്യം സ്വന്തം അമ്മയേ മാത്രമായിരുന്നു..ആ ദേഷ്യം..ആ വാശി..അത് തന്നേയായിരുന്നു എനിക്കു വേണ്ടതും..തോറ്റു പോകാൻ മനസില്ലാത്ത ഒരു പത്തു വയസുകരിയിൽ നിന്നും…നമ്മുടെ മോള് ഒരുപാട് വളർന്നു ഇന്ന്..

പത്താം ക്ലാസിൽ പഠിക്കുന്ന നമ്മുടെ മോളുടെ പക്വതയുള്ള എത്ര പേരുണ്ട് നമ്മുടെ നാട്ടിൽ..ഉണ്ടോ..ഇല്ല…കാരണം..സാഹചര്യം നമ്മുടെ മോളേ മാറ്റിയെടുത്തു..ഇന്ന് നമ്മുടെ മോൾക്ക് അവളുടെ കറുപ്പ്..അല്ലെങ്കിൽ വൃത്തിയില്ലാത്ത മുഖം..അതൊന്നും പ്രശ്നമല്ല…കാരണം..അമ്മ നൽകിയ അവഗണനക്കോ..കുറ്റപെടുത്തലുകൾക്കോ..മേലേയായിരുന്നില്ല…അവൾക്ക് മറ്റുള്ളവരുടെ വാക്കുകൾ..അങ്ങനെയൊരു അമ്മയായി പോയത്…നമ്മുടെ മോളുടെ നന്മ മാത്രം ആഗ്രഹിച്ചത് കൊണ്ടാണ്..”

പൊട്ടികരച്ചിലോടെ രോഹിണി പറഞ്ഞു നിർത്തുമ്പോൾ പ്രകാശൻ രോഹിണിയേ ചേർത്ത് പിടിച്ചിരുന്നു..

“എനിക്ക്…എനിക്ക്…ഇനീം പറ്റില്ല ഏട്ടാ..നമ്മുടെ മോളോട്..” പാതിയിൽ നിർത്തി വിതുമ്പലിന്റെ ശബ്ദം ഒന്നുടെ ഉയർന്നു..

ഈ സമയം ഹാളിൽ ഒരു പൊട്ടികരച്ചിൽ കേട്ട് പ്രകാശനും രോഹിണിയും ചാടിയെഴുന്നേറ്റു ഹാളിലേക്ക് ചെന്നു..

“മോളേ…” ഹാളിലെ കസേരയിൽ ഇരുന്നു പൊട്ടികരയുന്ന ദേവികയുടെ അടുത്തക്ക് ചെന്ന് പ്രകാശൻ മെല്ലേ വിളിച്ചു..

ദേവിക പെട്ടന്ന് പ്രകാശനെ വട്ടം പിടിച്ചു പൊട്ടികരഞ്ഞു..പ്രകാശന്റെയും രോഹിണിയുടെയും ഹൃദയം പൊട്ടി ആ കരച്ചിൽ കണ്ടപ്പോൾ..പ്രകാശൻ ദേവികയേ ഒന്നുടെ തന്നിലേക്ക് അമർത്തി പിടിച്ചു..രോഹിണി ചുമരിൽ ചാരി നിന്നു പൊട്ടികരഞ്ഞു..മെല്ലെ ഊർന്നു താഴേക്ക് ഇരുന്നു..

“ഞാൻ ഇന്ന് ചോദിക്കുമായിരുന്നു അമ്മയോട്.. രാത്രി എത്ര വൈകിയാലും ചോദിക്കണം എന്ന് കരുതിയാ കിടന്നത്..കിടന്നിട്ടു ഉറക്കം വരുന്നുണ്ടായില്ല എനിക്ക്..തിരിഞ്ഞും മറിഞ്ഞും ഞാൻ കിടന്നു..ഒടുവിൽ  എപ്പളോ ഞാൻ എഴുന്നേറ്റു ഹാളിലേക്ക് വരുമ്പോൾ..പതിവില്ലാതെ അച്ഛന്റെയും അമ്മയുടെയും മുറിയിലെ സംസാരം ഞാൻ കേട്ടു…

എനിക്ക് പറ്റണില്ല അച്ഛാ സഹിക്കാൻ..എന്റെ അമ്മയോട് ഞാൻ..” പറഞ്ഞു തീർന്നതും ദേവിക പ്രകാശന്റെ ദേഹത്ത് നിന്നു കുതറി മാറി കൊണ്ട് രോഹിണിയുടെ അടുത്തേക്ക് വേച്ചു വേച്ചു നടന്നു ചെന്നു..പിന്നെ മെല്ലെ മുട്ടുകുത്തി തറയിൽ ഇരുന്നു..

“അമ്മേ…” ദേവിക മെല്ലേ വിളിച്ചു..

ഇരു കൈയ്യും മുട്ടുകാലിൽ വെച്ച് രോഹിണി മുഖം താഴേക്ക് പൂഴ്ത്തി വിതുമ്പി കൊണ്ടിരുന്നു…വിതുമ്പൽ എങ്ങലായി മുറിയിൽ അലയടിച്ചു…

“അമ്മേ..” ദേവിക മെല്ലേ രോഹിണിയുടെ കാലിൽ പിടിച്ചു..

രോഹിണി മെല്ലേ മുഖമുയർത്തി നോക്കി..ആ കണ്ണുകളിൽ വർഷങ്ങൾ അടക്കിവെച്ചിരുന്ന മാതൃത്വം വിറ കൊള്ളുന്നത് ദേവിക കണ്ടു..ചുണ്ടുകൾ മോളേ എന്ന് വിളിക്കാൻ വീർപ്പു മുട്ടുന്നത് ദേവിക അറിയുകയായിരുന്നു…

“അമ്മേ..” ദേവിക വിതുമ്പി കൊണ്ട് ഒന്നുടെ വിളിച്ചു..

“അമ്മേടെ പൊന്നു മോളേ..അമ്മേടെ ദേവോ…” അലറി വിളിച്ചു കൊണ്ട് രോഹിണി ദേവികയേ നെഞ്ചോട് ചേർത്തു..ആർത്തിയോടെ ദേവികയുടെ കണ്ണിലും..നെറ്റിയിലും..കവിളിലും..മൂക്കിലും..ഉമ്മ കൊണ്ട് മൂടി..വിറയാർന്ന കൈകൾ കൊണ്ട് രോഹിണി ദേവികയേ ചേർത്ത് പിടിച്ചു..

കാലം കടമെടുത്ത ഇന്നലെകളോട് മാപ്പ് പറഞ്ഞു..രോഹിണി പ്രകാശനെ നോക്കി പുഞ്ചിരിച്ചു..പ്രകാശൻ താഴേക്ക് ഇരുന്നു ഇരുവരെയും ചേർത്ത് പിടിച്ചു…

ശുഭം..