നിനക്കും വേണ്ടെ ഒരു ജീവിതം..നീ വേറൊരു വീട്ടിൽ ചെന്ന് കയറേണ്ട പെണ്ണാണ്..പിന്നെ ഇവളിവിടെ ഒറ്റയ്ക്കാണ്..

Story written by Jishnu Ramesan

==================

മോളെ ഞാൻ പറയുന്നതൊന്ന് കേൾക്ക്, ഗീതു മോള് സമ്മതിച്ചാൽ മോൾടെ അച്ഛന് വേറൊരു വിവാഹം കഴിക്കാം..മോള് സമ്മതിച്ചാൽ മാത്രം…!

“അമ്മായി എന്താ ഈ പറയണേ..! എന്റെ അമ്മ മരിച്ചിട്ട് ഒരു വർഷമേ ആയിട്ടുള്ളു, എന്റെ അച്ചനെന്ന് പറയുന്ന ആ മനുഷ്യന്റെ കണ്ണീരു പോലും തോർന്നിട്ടില്ല..അമ്മേടെ ആത്മാവിന് സഹിക്കോ അത്…”

മോളെ ഗീതു, നിന്റെ അച്ഛനും ഇഷ്ടമുണ്ടായിട്ടല്ല, നിനക്ക് താഴെ ഒരു കുഞ്ഞനിയത്തി ഉണ്ട്..അവൾക്ക് ഒരു അമ്മയുടെ സാമീപ്യം കിട്ടേണ്ട സമയം ഉണ്ട്..അത് നികത്താൻ ഒരിക്കലും അച്ഛന് കഴിയില്ല..ഞങ്ങളൊക്കെ പറഞ്ഞു അച്ഛനെ സമ്മതിപ്പിച്ചിട്ടുണ്ട്..

“എന്റെ അനിയത്തിക്ക് ഞാനില്ലേ…?”

എത്ര നാള് ഉണ്ടാവും…? നിനക്കും വേണ്ടെ ഒരു ജീവിതം..നീ വേറൊരു വീട്ടിൽ ചെന്ന് കയറേണ്ട പെണ്ണാണ്..പിന്നെ ഇവളിവിടെ ഒറ്റയ്ക്കാണ്..

അതൊക്കെ കേട്ട് ഗീതു ചുമരിൽ തൂക്കിയിരിക്കുന്ന അമ്മയുടെ ഫോട്ടോയിലേക്ക് നോക്കി വിങ്ങിപ്പൊട്ടി…സാഹചര്യവും മറ്റും മൂലം അവൾക്ക് സമ്മതിക്കേണ്ടി വന്നു..പക്ഷേ ആ ഒരൊറ്റ കാരണം കൊണ്ട് തന്നെ അച്ഛൻ ഗീതുവിന് മുഖം കൊടുത്തിരുന്നില്ല…

രണ്ടാനമ്മ എന്ന സ്ഥാനം വഹിച്ചു കൊണ്ട് ആ സ്ത്രീ അവരുടെ ജീവിതത്തിലേക്ക് വന്നു..ഗീതു അവരെ ഒന്ന് നോക്കുക പോലും ചെയ്തില്ല…സ്വന്തം അമ്മയുടെ സ്ഥാനത്തേക്ക് ഒരു സ്ത്രീയെ ഒരിക്കലും അവള് ചിന്തിച്ചിരുന്നില്ല…

പതിയെ അവളുടെ രണ്ടാനമ്മ ആ വീട്ടീൽ ഒരംഗമായി മാറി..പക്ഷേ ഗീതു അവര് ഇട്ടു കൊടുക്കുന്ന ചായ പോലും കുടിച്ചിരുന്നില്ല…അച്ഛന്റെയും തന്റെ അനിയത്തിയുടെയും കാര്യങ്ങളൊക്കെ നോക്കി അവരാ വീട്ടിൽ ഒതുങ്ങി കൂടി..അവളുടെ അനിയത്തി പതിവ് പോലെ എന്നും സ്കൂളിൽ നിന്നും വന്ന് അമ്മയുടെ ചുവരിൽ തൂക്കിയിരിക്കുന്ന ഫോട്ടോയിൽ നോക്കി സ്കൂളിലെ കാര്യങ്ങള് പറയും..അത് കണ്ട് വിതുമ്പി കരയാനെ ഗീതുവിനും അച്ഛനും കഴിഞ്ഞുള്ളൂ…

ഒരിക്കൽ പോലും വന്നു കയറിയ രണ്ടാനമ്മ തന്നോട് മിണ്ടാത്ത ഗീതുവിനോട് സംസാരിക്കാൻ ശ്രമിച്ചില്ല…തന്റെ അമ്മയോടുള്ള സ്നേഹം രണ്ടാനമ്മയോട് ദേഷ്യമായി മാറി..ഗീതു അച്ഛനോട് അകലം പാലിച്ചു.. “മോളെ” എന്നൊന്ന് വിളിക്കാൻ അച്ഛന് എന്തു കൊണ്ടോ കഴിഞ്ഞിരുന്നില്ല…

അനിയത്തിയുടെ കുഞ്ഞു മനസ്സ് ആ സ്ത്രീയിൽ തന്റെ അമ്മയെ കണ്ടിരുന്നു..അനിയത്തിക്ക്‌ വയസറിയിച്ച നാളുകളിൽ തന്റെ അമ്മ എങ്ങനെയായിരുന്നു എന്ന് അവരിൽ കണ്ടു.. “അമ്മാ” എന്ന് തന്റെ പെറ്റമ്മയെ അല്ലാതെ മറ്റാരെയും വിളിക്കാൻ അവൾക്ക് കഴിഞ്ഞില്ല…

ഗീതുവിന് ന്യുമോണിയ വന്നു ഹോസ്പിറ്റലിൽ കിടന്ന ദിവസങ്ങളിൽ ഒരു അമ്മയുടെ ലാളനയോടെ അപരിചിതയായി തന്നെ അവളെ പരിചരിച്ചു…മനസ്സുകൊണ്ട് ആ സ്ത്രീയെ അവൾക്ക് അംഗീകരിക്കാൻ കഴിയുമെങ്കിലും പെറ്റമ്മയുടെ വിയോഗം അതിനു തടസമായി..

ഗീതുവിന് വന്ന കല്യാണ ആലോചന “അവൾക്ക് വിവാഹ പ്രായമായി ഇത് നടത്തണം” എന്ന് പറഞ്ഞു ആ അമ്മ തന്നെയാണ് മുൻകൈ എടുത്തത്…

കല്യാണ ദിവസം അനുഗ്രഹം വാങ്ങാൻ അച്ഛന്റെ കാൽക്കൽ വീണപ്പോൾ അവള് പൊട്ടിക്കരഞ്ഞു..അമ്മയുടെ ഫോട്ടോയുടെ മുന്നിൽ നിന്നവൾ വിതുമ്പി…കാരണം, ആ അമ്മ ഒത്തിരി ആഗ്രഹിച്ചിരുന്നു ഗീതുവിന്റെ വിവാഹം..

ഗീതു ഒരമ്മയാവാൻ പോകുന്നു എന്നറിഞ്ഞപ്പോ സ്വന്തം രക്തം അല്ലാതിരുന്നിട്ട്‌ കൂടി അത് കേട്ടപ്പോ ഏറ്റവും കൂടുതൽ സന്തോഷിച്ചത് രണ്ടാനമ്മ എന്ന സ്ഥാനക്കാരിയായിരുന്നൂ…

ആദ്യ പ്രസവം പെണ്ണിന്റെ വീട്ടിൽ ആണെന്ന് അറിയാമെങ്കിലും അവളുടെ അച്ഛന് അറിയാമായിരുന്നു, സ്വന്തം വീട്ടിൽ ഇത്രയും കാലം ഒരു അന്യയെ പോലെ ജീവിച്ച ഗീതുവിന്റെ മാനസികാവസ്ഥ…അത് കൊണ്ട് തന്നെ അവളോട് അവിടെ നിന്നോ എന്ന് തന്നെ പറഞ്ഞു..അവളുടെ ഭർത്താവിന്റെ വീട്ടുകാർക്കും അത് സമ്മതമായിരുന്നു..കാരണം, അത്രക്ക് ജീവനായിരുന്നു അവർക്ക് ഗീതുവിനെ…

പക്ഷേ ഏഴാം മാസം ഗീതുവിൻെറ രണ്ടാനമ്മ അവളുടെ ഭർത്താവിന്റെ വീട്ടിലേക്ക് കയറി ചെന്നിട്ട് അവളോട് പറഞ്ഞു,

“മോളെ ഗീതു, ഇന്നേ വരെ ഞാൻ നിന്നെ ഇങ്ങനെ വിളിച്ചിട്ടില്ല..നീ എന്നെ നിന്റെ അമ്മയായിട്ട്‌ കാണണ്ട, നിന്റെ വീട്ടിലെ ഒരു ജോലിക്കാരി ആയിട്ട് കണ്ടാൽ മതി…ഇത്രയും കാലം അങ്ങനെ തന്നെ ആയിരുന്നു എന്റെ ജീവിതം..ആരോടും ഒരു പരാതിയും പരിഭവവും പറഞ്ഞിട്ടില്ല..നിന്റെ അച്ഛൻ ഓരോ ദിവസവും അവിടെ നീറി നീറി ആണ് ജീവിക്കുന്നത്..ഞാൻ കാരണമാണ് നീ വീട്ടിൽ വന്നു നിൽക്കാത്തത് എന്നെനിക്ക് അറിയാം..

ഞാൻ കാരണം ഒരിക്കലും മോള് ആ അച്ഛന്റെ മനസ്സ് വേദനിപ്പിക്കരുത്…ദയവു ചെയ്ത് മോള് വീട്ടിലേക്ക് വാ, ഒരു വീട്ടു വേലക്കാരിയെ പോലെ മോളെ ഞാൻ നോക്കിക്കോളാം..ഞാൻ ആ വീട്ടിലേക്ക് കയറിവന്ന ദിവസം ആദ്യം തന്നെ മനസ്സുകൊണ്ട് നിന്റെ അമ്മയോട് മാപ്പ് ചോദിച്ചു..ആ പാവത്തിന്റെ സ്ഥാനത്തേക്ക് ഒരിക്കലും എനിക്ക് യോഗ്യത ഇല്ല..

ഞാൻ ഒരിക്കൽ പോലും ഗീതു മോളോട് സംസാരിക്കാൻ വരാത്തത് ഇപ്പൊ എന്നോടുള്ള വെറുപ്പ് കൂടാതിരിക്കാൻ ആണ്..അന്ന് ഹോസ്പിറ്റലിൽ മോള് വയ്യാതെ കിടന്നപ്പോ പോലും മോളെ നന്നായി നോക്കി എന്നല്ലാതെ ഒന്നും മിണ്ടിയിരുന്നില്ല…ആരുമില്ലാതെ കഴിഞ്ഞിരുന്ന എനിക്ക് നിന്റെ അച്ഛൻ ഒരു ജീവിതം തന്നപ്പോ ആരൊക്കെയോ ഉണ്ടെന്നുള്ള തൊന്നലോടെയാണ് ഞാനാ വീട്ടിലേക്ക് കയറി വന്നത്…പക്ഷേ…!”

ഗീതുവിന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു..അപ്പോഴാണ് അവളുടെ ഭർത്താവ് ഗീതുവിന്റെ ഡ്രെസ്സും സാധനങ്ങളും ഒക്കെ പാക്ക്‌ ചെയ്തു കൊണ്ടു വന്നത്..എന്നിട്ട് പറഞ്ഞു,

“ഗീതു നീ പോകണം നിന്റെ അമ്മയുടെ കൂടെ..ഈ പാവം ഒരിക്കലും നിന്നെ ശപിക്കില്ല..പക്ഷേ നിന്റെ ഈ പ്രവൃത്തിയും ഇവരോടുള്ള അവഗണനയും നിനക്കും കുഞ്ഞിനും ഒരു ശാപമായി മാറും..ഈ അമ്മ പറഞ്ഞത് പോലെ ആ വീട്ടിൽ ഒരു വേലക്കാരിയെ പോലെയല്ലേ ഇത്രയും കാലം കഴിഞ്ഞത്…ഞാൻ വീട്ടിലേക്ക് ആക്കി തരാം, നീ വേഗം ഒരുങ്ങ്…”

വീട്ടിലേക്ക് വന്നു കയറിയപാടെ അച്ഛൻ അവളെ കെട്ടിപ്പിടിച്ച് കരഞ്ഞു..അപ്പോഴാണ് ഗീതുവിന്റെ അമ്മായിയെ കണ്ടത്..

“അല്ല അമ്മായി എപ്പോ വന്നു…!”

ഞാൻ വന്നിട്ട് കുറച്ച് നേരമായി മോളെ..നിന്റെ അമ്മ വിളിച്ചിട്ട് വന്നതാ..;

അപ്പൊ അച്ഛനും ഗീതുവും അവളുടെ രണ്ടാനമ്മയുടെ മുഖത്തേക്ക് നോക്കി..ഒരു പതറിയ ശബ്ദത്തോടെ ആ സ്ത്രീ പറഞ്ഞു,

“ഞാൻ വിളിച്ചിട്ടാ മോളെ അമ്മായി വന്നത്..കാരണം,എന്റെ സാമീപ്യം മോൾക്ക് ഇഷ്ട്ടല്ല എന്നറിയാം എനിക്ക്..ഇനി പ്രസവം കഴിയുന്നത് വരെ മോൾടെ കാര്യങ്ങള് അമ്മായി നോക്കും..നിന്റെ അച്ഛനെയും ഈ കുഞ്ഞനിയത്തിയെയും വിട്ട് പോവാൻ ഒരു വിഷമം, പക്ഷേ ഗീതു മോൾക്കും കുഞ്ഞിനും വേണ്ടി ഞാൻ പോവാ വീട്ടിലേക്ക്..എന്നും ഈ അമ്മയുടെ പ്രാർഥന ഉണ്ടാവും മോൾക്ക്..”

അതും പറഞ്ഞു നേരത്തെ തന്നെ പാക്ക്‌ ചെയ്തു വെച്ച ബാഗും അകത്തു ചെന്ന് എടുത്തുകൊണ്ട് അവരു ആ വീടിന്റെ പടിയിറങ്ങി…പെട്ടന്നാണ് ആ വിളി കേട്ടത്…

“അമ്മേ..”

അവര് അത്ഭുതത്തോടെ തിരിഞ്ഞു നോക്കി..ഗീതു ആയിരുന്നു അത്…

“അമ്മ എവിടേക്കാ പോകുന്നത്..? പിന്നെ എന്നെ നോക്കാൻ അമ്മയല്ലാതെ ആരാ ഉള്ളത്..! ഈ അമ്മായിക്ക് അവിടെ ആടും പശുവും കുട്ടികളും ഒക്കെ ഉണ്ട്..എന്തിനാ വെറുതെ അമ്മായിയെ ബുദ്ധിമുട്ടിക്കുന്നത്..! എനിക്ക് എന്റെ കാര്യങ്ങള് നോക്കാൻ എന്റെ അമ്മ മതി…”

അത് കേട്ടതോടെ ആ സ്ത്രീ കയ്യിലെ ബാഗ് നിലത്തേക്ക് ഇട്ടിട്ട് അവിടെ നിന്ന് വിതുമ്പി കരഞ്ഞു.. ഗീതു മുറ്റത്തേക്ക് ഇറങ്ങി ചെന്നിട്ട് പറഞ്ഞു,

“എന്തിനാ അമ്മ കരയുന്നത്.!അമ്മയ്ക്ക് ആരുല്ലാ എന്ന് ആരാ പറഞ്ഞത്, ഞാനും അച്ഛനും പിന്നെ അമ്മേടെ ഈ കാന്താരി മോളും ഇല്ലെ…! വാ അമ്മെ കയറി വാ.. “

ഇതൊക്കെ കണ്ട് കരയാൻ തുടങ്ങിയ മുഖത്ത് ചിരി വരുത്തുന്നുണ്ടായിരുന്നൂ അവളുടെ അച്ഛൻ..അകത്തേക്ക് ഗീതുവിന്റെ കയ്യും പിടിച്ച് കയറിയ അവര് ഗീതുവിന്റെ അമ്മയുടെ ഫോട്ടോയിലേക്ക് നോക്കി പൊട്ടിക്കരഞ്ഞു…മനസ്സിൽ ഗീതുവിന്റെ അമ്മയോട് ഒരുപാട് നന്ദിയും ക്ഷമയും ചോദിച്ചിരുന്നു ആ രണ്ടാനമ്മയെന്ന ഗീതുവിന്റെ സ്വന്തം അമ്മ….

Story By ജിഷ്ണു രമേശൻ

(അമ്മ എന്ന വാക്കിനെ വർണ്ണിക്കാൻ ഈ ലോകത്ത് “അമ്മ” എന്ന വാചകമേ ഉള്ളൂ)