ഞാനതിലെ ഫോട്ടോസ് ഓരോന്നായി ഓപ്പൺ ചെയ്തു. അപ്പോഴാണ് മറ്റുള്ളവയിൽ നിന്നും തികച്ചും വ്യത്യസ്തമായി…

സീക്രട്ട്…

എഴുത്ത്: ഉണ്ണി ആറ്റിങ്ങൽ

===================

ആറ്റിങ്ങലിൽ നിന്നു വർക്കല റെയിൽവെസ്റ്റേഷനിലേക്കുള്ള ഒരു ഓട്ടോ യാത്രക്കിടയിലാണ് ഡ്രൈവറുടെ സീറ്റിന്റെ പുറകിലായി വ്യത്യസ്തമായ രീതിയിൽ വളരെ ഭംഗിയോടെ എഴുതിയിരിക്കുന്ന കുറച്ചു വരികൾ ഞാൻ ശ്രദ്ധിച്ചത്.

Any time call me 94470*****

Facebook : **** @ facebook.com

താഴെയായി മലയാളത്തിൽ ഒരു കുറിപ്പും

“ദയവ് ചെയ്ത് ഈ ലിങ്ക് തുറക്കരുത്…”

കൗതുകത്തോടെ ഞാനത് വായിച്ചു. അതെന്താ ഈ ലിങ്ക് തുറന്നാൽ ? എന്തായാലും ഒരു മണിക്കൂർ യാത്രയുണ്ട് വർക്കലയെത്താൻ. ഞാൻ ഡാറ്റ ഓണാക്കി മുഖപുസ്തകം തുറന്നു. സർച്ച് ചെയ്ത് അയാളുടെ പ്രൊഫൈൽ കണ്ടെത്തി ഓപ്പണാക്കി. ഡ്രൈവർ ചേട്ടന്റെ മുഖം തന്നെയാണ് ഡി പി. താഴേക്ക് താഴേക്ക് സ്ക്രോൾ ചെയ്ത് നോക്കി. അയാളുടെ ഒന്ന് രണ്ട് സെൽഫികളും കുറച്ച് ഷെയർ പോസ്റ്റുകളുമല്ലാതെ വ്യത്യസ്തമായ മറ്റൊന്നും അതിലെനിക്ക് കാണാൻ കഴിഞ്ഞില്ല. പിന്നെന്തിനാവും ഇത് തുറക്കരുതെന്നൊരു താക്കീത് !!

ഞാനതിലെ ഫോട്ടോസ് ഓരോന്നായി ഓപ്പൺ ചെയ്തു. അപ്പോഴാണ് മറ്റുള്ളവയിൽ നിന്നും തികച്ചും വ്യത്യസ്തമായി അയാളുടെ മുഖം മറച്ചിരിക്കുന്ന ഏതാനും ചിത്രങ്ങളടങ്ങിയ ഒരു ഫോൾഡർ ഞാൻ ശ്രദ്ധിച്ചത്. കുറച്ച് തെരുവ് കുട്ടികൾക്ക് ഭക്ഷണം വിളമ്പിക്കൊടുക്കുന്നതും അവരത് ആർത്തിയോടെ കഴിക്കുന്നതുമൊക്കെയായിരുന്നു അതിലെ ചിത്രങ്ങൾ. പക്ഷേ എല്ലാ ചിത്രങ്ങളിലും ഓട്ടോച്ചേട്ടന്റെ മുഖം എഡിറ്റ് ചെയ്തു മറച്ചിരിക്കുന്നു. ആകാംഷയോടെ ഞാനയാളോട് ചോദിച്ചു.

എന്താ ഈ ഫോട്ടോയിലെല്ലാം ചേട്ടന്റെ മുഖം മറച്ചിരിക്കുന്നത് ?

“ഓ സർ അതു നോക്കിയായിരുന്നോ?.അതു വലിയൊരു സീക്രെട്ടാണ് സാറേ.”

എന്റെ കൗതുകം വർധിച്ചു.

അതെന്താ ചേട്ടാ അത്ര വലിയ സീക്രെട്ട്?

“അതൊക്കെയുണ്ട് , ഞാനെന്നും ഒന്ന് രണ്ട്‌ പൊതി ചോറ് വാങ്ങിക്കൊടുക്കാറുണ്ട് ആ പിള്ളേർക്ക്… അപ്പൊഴെടുക്കുന്ന ഫോട്ടോസാ അതൊക്കെ.”

അതൊക്കെ നല്ല കാര്യമല്ലേ ചേട്ടാ അതിനെന്തിനാ ഇങ്ങനെ മുഖം മറച്ചിരിക്കുന്നത്. അത്രക്ക് നാണക്കേടാണോ അവരൂടെ കൂടെ നിൽക്കുന്നത് ?

“അയ്യോ!! ആ കുഞ്ഞുങ്ങളുടെ കൂടെ നിൽക്കാൻ ഞാനെന്തിനാ നാണിക്കുന്നത്. അതും മറ്റൊരു ചെറിയ കഥയാണ്.”

എന്ത് കഥ!!! എനിക്ക് വീണ്ടും ആകാംഷയായി.

“സാറിന് കഥ കേൾക്കാൻ അത്ര താൽപര്യമാണെങ്കിൽ ഞാൻ പറയാം.”

“ആരോരുമില്ലാതെ തെരുവില് തെണ്ടി നടക്കുന്ന ചേരിപ്പിള്ളേരാ അത്. ഒരു നേരത്തെ അന്നത്തിന് പോലും വകയില്ലാത്തവര്. ഒരിക്കലൊരു വലിയ വീട്ടിലെ സാറിനെയും കൊണ്ട്‌ ഓരോട്ടം പോയതാ ഞാനാ ചേരീല്. അന്നയാള് രണ്ടു പൊതി ചോറ് വാങ്ങി ഈ പിള്ളേർക്ക് കൊടുത്തിട്ട് കൂടെ നിന്നു ഫോട്ടോയെടുക്കുന്നത് കണ്ടു. പുള്ളിയെന്തിനാ ഈ ചേരിപ്പിള്ളരുടെ കൂടെ നിന്നു ഫോട്ടോയെടുക്കുന്നതെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലായില്ല. തിരിച്ചു പോകുന്ന വഴിക്ക് ഞാനയാളോടത് ചോദിക്കുകയും ചെയ്തു. അപ്പോഴാണ് ഇങ്ങനെയുള്ള നല്ല കാര്യങ്ങളൊക്കെ ചെയ്യുന്ന ഫോട്ടോയെടുത്ത് ഫേസ്ബുക്കിൽ ഇട്ടാൽ സമൂഹത്തിൽ എപ്പോഴുമൊരു വിലയുണ്ടാകുമെന്നും നമ്മളെയൊക്കെ പത്ത് പേരറിയാനുള്ള എളുപ്പ വഴിയാണ് ഇതൊക്കെയെന്നുമൊക്കെ അയാള് പറയുന്നത്. “

അപ്പൊ ഇതിന് വേണ്ടി ഇനിയെന്നും സാറിവിടെ വരുമോന്ന് ചോദിച്ചപ്പോ ആ ദുഷ്ടൻ പറഞ്ഞ മറുപടി എന്താന്നറിയാമോ ?

“പിന്നേ ഈ തെണ്ടികളെ ഊട്ടലല്ലേ എന്റെ പണി. ഇവറ്റകളെയൊക്കെ കാണുന്നത് തന്നെ എനിക്ക് അറപ്പാ. പിന്നെ ഈയൊരു പിക്ച്ചറെടുക്കാൻ വേണ്ടിയല്ലേ കാശ് മുടക്കി ഇതൊക്കെ വാങ്ങിക്കൊടുത്തതെന്ന്.”

“സത്യം പറഞ്ഞാൽ എനിക്കയാളോട് തീർത്താൽ തീരാത്തത്ര ദേഷ്യം തോന്നി. പിന്നെ അവരൊക്കെ വല്യ വല്യ ആൾക്കാരല്ലേ. നമ്മളെപ്പോലുള്ള പാവങ്ങൾക്ക് ദേഷ്യം തോന്നീട്ടെന്താ കാര്യം.”

“പക്ഷേ അയാളെ വീട്ടിൽ കൊണ്ടാക്കി തിരികെ പോരുമ്പോ ഞാനും ചിന്തിച്ചു, ഇതുപോലെയൊക്കെ ചെയ്താൽ എന്നെയും പത്ത് പേരറിയില്ലേ? കൂടുതൽ ആളുകൾ അറിയുമ്പോ ഓട്ടവും കൂടുതൽ കിട്ടിയാലോ ?”

“അങ്ങനെ രണ്ട് പൊതി ചോറും വാങ്ങി ഞാനും പോയി അവിടേക്ക്. പിള്ളേർക്ക് ചോറ് കൊടുത്തിട്ട് കൂടെ നിന്ന് കുറച്ചു ഫോട്ടോകൾ ഞാനുമെടുത്തു. പക്ഷേ ആ പാവങ്ങളത് ആർത്തിയോടെ കഴിക്കുന്നത് കണ്ടപ്പോ ഒരു നിമിഷം അവരുടെ സ്ഥാനത്ത് ഞാനെന്നെ തന്നെ ഓർത്ത് പോയി സാറേ… ഒരു നേരത്തെ ആഹാരം പോലുമില്ലാതെ മുഴുപ്പട്ടിണി ആയിരുന്ന എന്റെ കുട്ടിക്കാലം. അത്‌കൊണ്ട് വിശപ്പിന്റെ വിലയെന്താന്ന് മറ്റാരെക്കാളും നന്നായി എനിക്കറിയാം. “

“അതായിരിന്നു തുടക്കം. പിന്നെപ്പിന്നെ ഓട്ടം കൂടുതൽ കിട്ടുന്ന ദിവസങ്ങളിലെല്ലാം രണ്ടോ മൂന്നോ പൊതി ചോറ് വാങ്ങി കൊടുക്കും ഞാനവർക്ക്. ഓട്ടം ഇല്ലാത്തപ്പോ എന്തു ചെയ്യാനാ സാറേ. എന്നാലും കല്യാണങ്ങൾക്ക് ബാക്കി വരുന്നതും പരിചയമുള്ള വീടുകളിൽ നിന്നുമൊക്കെ എന്നെക്കൊണ്ട് ആവുന്ന പോലെ എന്തേലും കൊണ്ടു കൊടുക്കും ഞാനാ പാവങ്ങൾക്ക്. അപ്പൊ അതുങ്ങളുടെ മുഖത്ത് വിടരുന്ന ഒരു സന്തോഷമുണ്ട്… അത് കാണുമ്പോ നമ്മളനുഭവിക്കുന്ന ഒരു മനസുഖമുണ്ടല്ലോ.. അതൊന്നും ഈ ഭൂമിയിൽ മറ്റൊരിടത്ത് നിന്നും കിട്ടില്ല സാറേ.”

“വിശപ്പിന്റെ വിലയെന്താണെന്ന് ഒരു പക്ഷെ സാറിന് മനസിലായെന്ന് വരില്ല. പട്ടിണി എന്താണെന്ന് അറിയണേൽ അതനുഭവിച്ച് തന്നെ അറിയണം.. അല്ലെങ്കിൽ അതനുഭവിച്ചിട്ടുള്ളവനു മാത്രമേ അതിന്റെ വേദനയും മനസ്സിലാവുള്ളൂ…”

സത്യം പറഞ്ഞാൽ അതെല്ലാം കേട്ടപ്പോ സ്വയം പുച്ഛമാണ് എനിക്ക് തോന്നിയത്..കുറച്ച് കാശുള്ളതിന്റെ പേരിൽ സമൂഹത്തിൽ വലിയവനെന്നു കരുതിയ ഞാനൊക്കെ ആ മനുഷ്യന്റെ മുന്നിൽ എത്രയോ നിസാരനാണെന്ന സത്യം. കഴിക്കുന്ന ഭക്ഷണത്തിൽ ഒരു മുടിയിരുന്നാൽപ്പോലും അതപ്പാടെ വേസ്റ്റിൽ കളയുന്ന എനിക്ക് എന്ത് യോഗ്യതയാണുള്ളത് അയാളുടെ മുന്നിൽ.

“സാറേ സ്ഥലമെത്തി.”

ഡ്രൈവറുടെ ശബ്ദം കേട്ടാണ് ഞാൻ ചിന്തയിൽ നിന്നുണർന്നത്.

ഓ!! സംസാരിച്ചിരുന്ന് സ്ഥലമെത്തിയതറിഞ്ഞില്ല. എത്ര കാശായി ചേട്ടാ ?

“നാനൂറ് രൂപ….”

ഒരു ആയിരത്തിന്റെ നോട്ടെടുത്ത് ഞാനയാൾക്ക് കൊടുത്തു.

“അയ്യോ സാറേ ചില്ലറ ഇല്ലലോ ബാക്കി തരാൻ.”

സാരമില്ല അതു ചേട്ടൻ വച്ചോളൂ, ഇന്ന് അവർക്ക് ചോറ് വാങ്ങിക്കൊടുക്കുമ്പോ എന്റെ വകയായി മൂന്ന് നാല് പൊതി അധികം വാങ്ങിക്കോളൂ….

“വല്യ സന്തോഷം സാറേ, അതുങ്ങൾക്കു ഒരു നേരത്തെ അന്നം കൊടുക്കാൻ തോന്നിയല്ലോ. അത് തന്നെ പുണ്യം, സാറിനെ ദൈവം അനുഗ്രഹിക്കും. എന്നാപ്പിന്നെ ഞാൻ പോയ്‌ക്കോട്ടെ….”

ശരി , പക്ഷേ ആ ഫോട്ടോയിൽ മുഖം മറച്ചിരിക്കുന്നതിന്റെ രഹസ്യം എന്താണെന്ന് ഇതുവരെ പറഞ്ഞില്ലല്ലോ.

ചേട്ടൻ വണ്ടി ഓഫ്‌ ആക്കി പുറത്തിറങ്ങി.

“സാറെന്നോട് ക്ഷമിക്കണം. ആ പാവങ്ങൾക്ക് എന്നും ഒരു നേരത്തെ അന്നമെങ്കിലും കൊടുക്കണമെന്ന് വല്യ ആശയാ ഇപ്പൊ. പക്ഷേ സാറിനറിയാമല്ലോ ഇതു ഓടിച്ചു കിട്ടുന്ന വരുമാനം കൊണ്ട് ഒന്നും ചെയ്യാൻ കഴിയില്ല. വണ്ടിയുടെ വാടകയും വീട്ടുചിലവും കഴിഞ്ഞ് തുച്ഛമായ പണമേ മിച്ചമുണ്ടാവൂ. വണ്ടിയിൽ കയറുന്ന എല്ലാവരോടും ഞാനിത് പറയും. കേട്ട് കഴിയുമ്പോ ചിലരൊക്കെ ഇത് പോലെ സഹായിക്കും. ഇപ്പൊ സാറെന്നോട് അവശ്യപ്പെട്ടില്ലേ കഥ പറയാൻ, അതുപോലെ ഇതിൽ കേറുന്ന എല്ലാവരോടും ഈ കഥയൊന്ന് പറയാൻ വേണ്ടി എന്റെ ചെറിയ മനസിൽ തോന്നിയ ഒരാശയമാണ് ആ രഹസ്യം.

സാറ് വണ്ടിയിൽ കേറിയപ്പോ ആദ്യം വായിച്ചതെന്താ? ഈ ലിങ്ക് തുറക്കരുത് എന്നല്ലേ. മലയാളി അല്ലേ , എന്തു ചെയ്യരുതെന്നു എഴുതി വച്ചാലും അതിനു നേരേ വിപരീതമേ ചെയ്യൂ. തുപ്പരുതെന്ന് എഴുതി വച്ചാൽ അവിടയേ തുപ്പുള്ളൂ , നോ പാർക്കിങ്ങ് ബോഡ് കണ്ടാൽ കൃത്യം അവിടെ തന്നെ പാർക്ക് ചെയ്യും. അതുകൊണ്ട് തന്നെ ഇത് തുറക്കരുതെന്ന് എഴുതി വച്ചിരിക്കുന്നത് കണ്ടാൽ മിക്കവരും അതു തുറന്നു നോക്കും.

പിന്നെ ആ ഫോട്ടോകളിൽ മുഖം മറച്ചിരിന്നത് കൊണ്ടല്ലേ അതിനെപ്പറ്റി മാത്രം സാറെന്നോട് ചോദിച്ചത്. അല്ലെങ്കിൽ എല്ലാ ഫോട്ടോയും നോക്കും പോലെ തന്നെ അതും വെറുതേ നോക്കി പോയേനെ. അവിടെയും മലയാളികളുടെ കൗതുകം തന്നെയാണ് കാരണം. സ്വന്തം വീട്ടിലെ കാര്യങ്ങളൊന്നും അറിയാൻ ശ്രമിക്കില്ലെങ്കിലും മറ്റുള്ളവന്റെ ജീവിതത്തിൽ എന്തു സംഭവിക്കുന്നു എന്നറിയാനുള്ള ആകാംഷ.. അതിന്റെ കാര്യം സീക്രെട്ടാണ് എന്നു കൂടി ഞാൻ പറഞ്ഞപ്പോ എന്റെ കഥ കേൾക്കാൻ സാറ് തയ്യാറായതും അതേ കൗതുകം കൊണ്ടു തന്നെയാണ്.”

“എല്ലാം കേട്ടു കഴിഞ്ഞപ്പോ അവരെ സഹായിക്കണമെന്നു തോന്നിയത് കൊണ്ടല്ലേ ഈ പൈസയെനിക്ക് തന്നത്. അല്ലാതെ സാറ് ഓട്ടോയിൽ കേറിയപ്പോ തന്നെ ഇവിടെ ഒരു ചേരിയുണ്ടെന്നും അവിടത്തെ പിള്ളാര് പട്ടിണിയാണെന്നും അവർക്ക് ആഹാരത്തിനു കുറച്ചു കാശു വേണമെന്നും പറഞ്ഞാൽ സാറ് തരുമായിരുന്നോ ? ഒരിക്കലും തരില്ല, സാറെന്നല്ല ആരും തരില്ല. സത്യം പറഞ്ഞാൽ മനസ്സിൽ നന്മയുള്ളവര് തന്നെയാ മലയാളികള് പക്ഷേ മറ്റുള്ളവരെക്കുറിച്ച് നല്ലതു പോലെ മനസിലാക്കിയാൽ മാത്രമേ അവരെ സ്നേഹിക്കാനും സഹായിക്കാനുമൊക്കെ മലയാളികൾക്ക് മനസ്സുണ്ടാവുള്ളു… സത്യത്തിൽ ഇത്രയേയുള്ളൂ ആ സീക്രട്ട്.”

അൽപനേരം ഞാൻ അയാളെത്തന്നെ നോക്കി നിന്നു. ആദ്യം ഒന്നമ്പരന്നെങ്കിലും നിറഞ്ഞ മനസ്സോടെ തന്നെ അദ്ദേഹത്തോട്‌ യാത്ര പറഞ്ഞ് റെയിൽവേ സ്റ്റേഷനിലേക്ക് നടക്കുമ്പോഴും ഒരേയൊരു ചോദ്യം മാത്രമേ എന്റെ മനസ്സിൽ ബാക്കിയുണ്ടായിരുന്നുള്ളു.

സത്യത്തിൽ അയാളെപ്പോലെയൊരു വലിയ മനുഷ്യനെ ഞാനല്ലേ ശരിക്കും സാറേന്ന് വിളിക്കേണ്ടത്……..

~ഉണ്ണി ആറ്റിങ്ങൽ…