Story written by Namsi Jaan
=================
ഇന്നാണ് അവന്റെ കല്യാണം.. എന്നോട് വരരുതെന്നു തീർത്തു പറഞ്ഞിട്ടുണ്ട് .. പക്ഷെ എന്തായാലും കല്യാണത്തിന് പോണം..അത്രയധികം എന്നെ സ്നേഹിച്ചവനാ…ഒരുമിച്ചു ജീവിക്കാൻ ഒരുപാടുവട്ടം നിർബന്ധിച്ചതാ… പക്ഷെ എനിക്കതിനു പറ്റില്ലാരുന്നു…
അവനെന്നെ കാണുമ്പോൾ എന്താവും അവസ്ഥ എന്നെനിക്ക് നേരിട്ട് കാണണം…സങ്കടമാണോ, സന്തോഷമാണോ, ദേഷ്യമാണോ, അതവന്റെ മുഖത്ത് നിന്ന് നേരിട്ട് വായിച്ചറിയണം… പിന്നെ അവനെയും അവന്റെ പെണ്ണിനേയും കല്യാണ ഡ്രസ്സിൽ കാണണം.. പോകാതിരുന്നാൽ ഒരിക്കലുമെനിക്ക് മനസമാധാനം കിട്ടില്ല..
അവനോടു ചോദിച്ചാൽ അഡ്രസ് തരില്ലെന്ന് ഉറപ്പാണ്.. കല്യാണത്തിന്റെ ദിവസം പറഞ്ഞത് തന്നെ ഭാഗ്യം.. കല്യാണക്കത്ത് ഫേസ്ബുക്കിൽ ഇട്ടിട്ടുണ്ട്…അരമണിക്കൂർ യാത്ര ചെയ്താൽ അവിടെയെത്താം..ടൗണിലേക്ക് പോവാണെന്നു വീട്ടിൽ പറഞ്ഞു, ഞാനും എന്റെ ഫ്രണ്ടും കൂടി അവന്റെ നാട്ടിലേക്ക്…. അധികം അന്വേഷിക്കേണ്ടി വന്നില്ല.. നാട്ടിലെ പേരുകേട്ട തെമ്മാടി ആയത് കൊണ്ട് വഴി കൃത്യമായി പറഞ്ഞു തന്നു… അത്രയും നേരമുണ്ടായിരുന്ന ധൈര്യമൊക്കെ എങ്ങോട്ടാ പോയ പോലൊരു അവസ്ഥ… തിരിച്ചു പോയാലോന്ന് ഫ്രണ്ടിനോട് ചോദിച്ചപോൾ അവൾ കണ്ണുരുട്ടി കാണിച്ചു…
മുന്നിൽ തന്നെ അവനുണ്ട് … എന്നെ കണ്ടപ്പോ ഉണ്ടായ ഭാവമെന്താണെന്നു ഈ സമയം വരെ എനിക്കറിയില്ല.. ചിരിക്കുന്നുണ്ട് പക്ഷെ കണ്ണ് നിറഞ്ഞിട്ടുമുണ്ട്…ടെൻഷൻ കൊണ്ട് വാക്കുകൾക്ക് വിറയലുണ്ട്.. അതവന്റെ സംസാരത്തിലറിയാം…
ഞങ്ങളെ വീടിനുള്ളിലേക്ക് കൂട്ടികൊണ്ട് പോയി, കുടിക്കാൻ ജ്യൂസ് തന്നു… അവന്റെ തിരക്കും ഓട്ടവും കണ്ടിട്ട് കൊച്ച് കുട്ടികൾ പാർക്കിലേക്ക് കേറിയാലുള്ള അവസ്ഥ പോലെ എനിക്ക് തോന്നിയെ… ആരൊക്കെയോ അവനോടു അതാരാ വന്നതെന്ന് ചോദിക്കുന്നുണ്ട്.. ചോദിക്കുന്നവരോടൊക്കെ ഗൾഫിലുള്ള ചങ്ങാതിയുടെ ഭാര്യയാണെന്ന് പറഞ്ഞു എന്നെ പരിചയപ്പെടുത്തി കൊടുത്തു…
പിന്നെ മുകളിലുള്ള റൂമിലേക്ക് ഞങ്ങളെ കൂട്ടിക്കൊണ്ട് പോയി..അവന്റെ പെണ്ണിനെ കാണിച്ചു തന്നു…എന്നെക്കാൾ എത്രയോ നല്ല മൊഞ്ചത്തി… അവനു നന്നായി ചേരുന്നുണ്ട്… ഞാനൊന്നു സമ്മതിച്ചിരുന്നേൽ അവൾക്കു പകരം ഞാനവിടെ ഇരുന്നേനെ…സത്യം പറഞ്ഞാൽ അസൂയ തോന്നിപ്പോയി അവളോട്…
ഞങ്ങളെല്ലാരും നിന്നൊരു ഫോട്ടോ എടുത്തു.. അവർക്കു കൊടുക്കാൻ ഒരു ഫോട്ടോ ഫ്രെയിം ചെയ്ത ഗിഫ്റ്റ് ഉണ്ടാരുന്നു കയ്യിൽ..അതും കൊടുത്ത് പോകാനിറങ്ങിയപ്പോ ഭക്ഷണം കഴിക്കാതെ വിടില്ല എന്നവർ തീർത്തു പറഞ്ഞു… വീട്ടിൽ പറയാതെ വന്നത്.. അതോണ്ട് പെട്ടെന്ന് പോവണം എന്ന് പറഞ്ഞു ഇറങ്ങാൻ നോക്കിയപ്പോഴാണ് അവന്റെ ഡയലോഗ്
ഇവളെന്റെ ചങ്ങാതിയുടെ വൈഫ് ഒന്നുമല്ല.. ഇത്രനാളും ഞാൻ സ്നേഹിച്ച പെണ്ണാണെന്ന്…
മണവാട്ടി പെണ്ണിന്റെ മുന്നിൽവെച്ചു അവനങ്ങനെ പറഞ്ഞപ്പോ സത്യം പറഞ്ഞാൽ ഞാനാകെ ഇല്ലാതായ പോലെ നിന്ന് പോയി… ചിരിയും വരുന്നു കരച്ചിലും വരുന്നു… അവനോടും അവളോടും എന്തോ പറയണമെന്നുണ്ട് പക്ഷെ ആകെ തളർന്നു പോയ അവസ്ഥ…
പക്ഷെ അത് കേട്ടു നിൽക്കുന്ന മണവാട്ടിക്ക് യാതൊരു പ്രശ്നവുമില്ലന്ന് കണ്ടപ്പോഴാണ് ശ്വാസം നേരെ വീണത്… ഇവൻ പറയുന്നത് ഒന്നും വിശ്വസിക്കല്ലേ ട്ടോ.. ചുമ്മാ നിന്നെ ചൂടാക്കാൻ പറയുവാണെന്നു പറഞ്ഞു ഫ്രണ്ടിനെയും കൂട്ടി പെട്ടെന്ന് ഇറങ്ങാൻ നോക്കി…
അനിയത്തിക്ക് പരിചയപ്പെടുത്തി കൊടുത്തപ്പോ എന്റെ പേര് അവളിങ്ങോട്ട് പറഞ്ഞു.. എല്ലാ കാര്യങ്ങളും അറിയാമെന്നും പറഞ്ഞു.. കാണുന്നവരോടെല്ലാം ഇത്രനാളും സ്നേഹിച്ച പെണ്ണാണ്.. ഇനിയങ്ങോട്ടും കൂടെയുണ്ടാവുമെന്നും പറഞ്ഞു പരിചയപ്പെടുത്തി…അവന്റെ സ്വഭാവം അങ്ങനെയായത് കൊണ്ട് എല്ലാരും ഒരു ചിരിയോടെ മാത്രം കേട്ടു നിന്ന്, എന്നോട് നല്ലപോലെ സംസാരിച്ചു… വേറെ വല്ലവരും ആയിരുന്നേൽ അന്നവിടെ ഒരു വല്യ പ്രശ്നം നടന്നേനെ..
അല്ലെങ്കിലും ചില സമയത്ത് സത്യം പറഞ്ഞാലും ആരും വിശ്ശ്വസിക്കില്ലല്ലോ…എന്റെ പെണ്ണായിരുന്നെന്ന് എല്ലാരോടും വിളിച്ച് പറഞ്ഞത് കെട്ടിട്ടാണോ എന്തോ തിരിച്ചു പോവുമ്പോൾ നിർത്താതെ കണ്ണ് തുടക്കാനായിരുന്നു വിധി…