ആരോ ഒരാൾ…
Story written by Dhanya Shamjith
======================
“ചേച്ചി പറയുന്നുണ്ടോ,, അതോ ഞാൻ പോയി പറയണോ?”
മീനുവിൻ്റെ അരിശത്തോടെയുള്ള ചോദ്യം കേട്ട് മാതു വല്ലായ്മയോടെ അവളെ നോക്കി.
ഇന്നും വന്നിട്ടൊണ്ട് കുടിച്ച് ലക്കില്ലാതെ… അവളുടെ പറച്ചിൽ കേട്ട് മാതു ജനൽ വഴി പുറത്തേക്കു നോക്കി..
മുറ്റത്തെ പഴകിയ പടിക്കെട്ടിൽ മലർന്ന് കിടക്കുന്ന രൂപത്തെ കണ്ട് അവൾ നെടുവീർപ്പോടെ മീനുവിനെ നോക്കി.
അവിടെ ഇരുന്നോട്ടെ മോളെ,, നമുക്ക് ശല്യോന്നൂല്ലല്ലോ.
ശല്യോല്യാന്നോ? നേരം ഇരുട്ടാവുമ്പം കാണാം മനുഷ്യൻ്റെ ചെവി തല കേൾപ്പിക്കാണ്ട് ഒച്ചപ്പാടുണ്ടാക്കണത്. സ്വസ്ഥായിട്ടൊന്ന് ഒറങ്ങാൻ കൂടി പറ്റണില്ല. ചോദിക്കാനും പറയാനും ആരുമില്ലാത്ത ധൈര്യത്തിലല്ലേ അയാളീ കാട്ടണത്.. ചേച്ചിക്ക് പറ്റില്ലെങ്കി ഞാമ്പോയി പറയാം നാളെ തൊട്ടീ പണി പറ്റൂല്ലാന്ന്.. അവൾ വാതിൽ തുറന്നു.
വേണ്ട വേണ്ട,, ഞാൻ പോയി പറഞ്ഞോളാം..മീനുവിനെ തടഞ്ഞു കൊണ്ട് മുറ്റത്തേക്കിറങ്ങി പടിയ്ക്കലേക്ക് നടക്കുമ്പോൾ മാതുവിൻ്റെ നെഞ്ചിൻ്റെ മിടിപ്പിന് വേഗം കൂടിയിരുന്നു..
പടിയിറങ്ങി ചെല്ലുമ്പോഴേ കണ്ടു,, താഴെ കൂനിക്കൂടി കിടക്കുന്ന അയാളെ… കണ്ണടച്ച് മലർന്ന് കിടപ്പാണ്, ഇടയ്ക്കെന്തോ അസ്പഷ്ടമായി വിളിച്ചു പറയുന്നുണ്ട്..
ഓർമ്മ വച്ച നാൾ മുതൽ അയാളീ പടിയ്ക്കലുണ്ട്.. ആൺതുണയില്ലാത്ത വീടായതുകൊണ്ടോ, പടിയ്ക്കപ്പുറം ആധിപത്യം സ്ഥാപിക്കാത്തതു കൊണ്ടോ അമ്മ ഒരിയ്ക്കൽ പോലും ഒന്നും പറയുന്നത് കണ്ടിട്ടില്ല.. ചില രാത്രികളിൽ പടിയ്ക്കൽ കേൾക്കാറുള്ള ഒച്ചപ്പാടിൽ ചെവിയോർത്ത് കിടക്കുമ്പോൾ അതിനുമപ്പുറം ഉയർന്നു കേൾക്കുന്ന അയാളുടെ ചീത്ത വിളികൾ ശമിക്കവേ ഒരു നെടുവീർപ്പോടെ അമ്മ തന്നെയും മീനുവിനേയും ചേർത്തു പിടിച്ചു കിടക്കാറുണ്ട്…
അയാൾ വന്നതിനു ശേഷം നേരമിരുട്ടുമ്പോൾ പറമ്പിലൂടെയുള്ള കാലടി ശബ്ദങ്ങളും, ജനലഴികളിലെ തട്ടലും ഇല്ലാതായതും,, രാവിലെകളിൽ അമ്മയുടെ മുഖത്തെ ഉറക്കച്ചടവില്ലാതെയായതും തനിക്ക് മനസിലാകുന്നുണ്ടായിരുന്നു…
ഒരിയ്ക്കൽ പോലുമയാൾ ആ പടി കയറി വീട്ടുമുറ്റത്തേക്ക് വന്നിട്ടില്ല,, ഇടയ്ക്കൊക്കെ പടിയ്ക്കൽ മൂടി വയ്ക്കുന്ന പാത്രങ്ങളിൽ ഒരു വറ്റു പോലും അയാൾ തൊട്ടു നോക്കിയതുമില്ല.. ഇരുട്ടിൽ മാത്രം പടിയ്ക്കൽ ഒരു ബീഡിക്കനൽ തെളിയും, അപ്പോഴമ്മയുടെ മുഖത്തൊരു ആശ്വാസം തെളിയുന്നത് കാണാം…
അതാരാണെന്ന ചോദ്യത്തിന് ഞങ്ങൾക്കൊരിക്കലും ഉത്തരം കിട്ടിയിരുന്നില്ല…ഒരിയ്ക്കൽ തൻ്റെ ചോദ്യത്തിന് അമ്മ പറഞ്ഞു
“ആരുമില്ലാത്തവർക്ക് ചിലപ്പോഴൊക്കെ ദൈവം ആരെയെങ്കിലും കരുതിവയ്ക്കും മോളേ ” എന്ന്..
അന്നതിൻ്റെ അർത്ഥം തനിക്ക് മനസിലായിരുന്നില്ല പക്ഷേ അമ്മ മരിച്ച് താനും മീനുവും തനിച്ചായപ്പോൾ ദേഹത്തൂടെ പാഞ്ഞ നോട്ടങ്ങളും, വഷളൻ വാഗ്ദാനങ്ങളും പകലിലെ നിഴലിനെ പോലും പേടിപ്പെടുത്തി.. ഒറ്റയ്ക്കായതിൻ്റെ നൊമ്പരം ,മുഴുവൻ ധൈര്യവും ചോർത്തി കളയുമ്പോൾ പടിയ്ക്കൽ കേട്ട അയാളുടെ ശബ്ദത്തിൽ തനിയെയാണെങ്കിലും ജീവിച്ചേ പറ്റൂവെന്ന തോന്നലും ധൈര്യവും അറിയാതെ വന്നു ചേരുകയായിരുന്നു..അന്നാണ് അമ്മ പറഞ്ഞതിൻ്റെ അർത്ഥം തനിക്ക് മനസ്സിലായത്…
ചിന്തകളോടെ മാതു അയാളെ ഒരു വട്ടം കൂടി നോക്കി,, പിന്നെ തിരികെ നടന്നു…തനിക്കരികിലൊരു നിഴൽ അനക്കമറിഞ്ഞെന്ന പോലെ കണ്ണുകൾ തുറക്കാതെ അയാൾ പിറുപിറുക്കുന്നുണ്ടായിരുന്നു..
” നേരമിരുട്ടി ,ഇഴജന്തുക്കള് കാണും, നോക്കി പോ.”
അവളത് കേട്ടില്ല, എങ്കിലും അവളുടെ മുഖത്തൊരു പുഞ്ചിരിയുണ്ടായിരുന്നു…
ചേച്ചി ഒന്നും മിണ്ടാതിങ്ങ് പോന്നൂലേ? ഇത്ര അധികാരത്തോടെ ഇരിക്കാനും മാത്രം നമ്മുടെ ആരാ അയാള്?
മീനു ശബ്ദമുയർത്തിയതും വാതിൽ ചേർത്തടച്ചു.
ആരോ ഒരാൾ… ഒരു പക്ഷേ നമുക്കായി കരുതിവച്ച ആ ഒരാൾ…അവൾ മെല്ലെ പറഞ്ഞുകൊണ്ട് മീനുവിനെ ചേർത്തണച്ചു.. അവളുടെ മിഴികൾ നിറഞ്ഞിരുന്നു.. കാതുകളിൽ പണ്ടെപ്പഴോ അമ്മ പറഞ്ഞ വാക്കുകൾ അലയടിച്ചു കേട്ടു.
“ആരുമില്ലാത്തവർക്ക് ചിലപ്പോഴൊക്കെ ദൈവം ആരെയെങ്കിലും കരുതി വയ്ക്കും,, “.