അയ്യോ എൻ്റെ ഏട്ടാ ഒന്നു പതുക്കെ ആരെങ്കിലും കേട്ടാ നാണക്കേടാണ്..അത് അവിടെ എവിടെയെങ്കിലും ഉണ്ടാവും..

Story written by Jishnu Ramesan

=====================

എടീ ഇത് കേറുന്നില്ല…!

“എൻ്റെ ഏട്ടാ അത് ഊരിയിട്ട് ഒന്നുകൂടി ഇട്, അല്ലെങ്കി ഇങ്ങട് താ ഞാനിട്ടു തരാം..”

ന്‍റെ രേവതി നിന്നോട് ഞാൻ പറഞ്ഞതല്ലേ ഈ ഷൂ ഒന്നും വേണ്ടാന്നു..നിക്ക് എൻ്റെ തേച്ചു മിനുക്കിയ ലൂണാർ ചെരുപ്പ് തന്നെ മതി..ന്‍റെ അച്ഛനും കുറെ കാലം ലൂണാറാ ഇട്ടത്..ഈ സോക്സ് എന്നൊക്കെ കേട്ടിട്ടെ ഉള്ളൂ ഞാൻ, ഇടുന്നത് ആദ്യാ..

“കുട്ടേട്ടാ നമ്മടെ കല്യാണം കഴിഞ്ഞിട്ട് എൻ്റെ വീട്ടിൽക്ക്‌ ആദ്യായിട്ട് പോവാ നമ്മള്..അപ്പോ കുറച്ച് മോഡേൺ ആയിട്ട് വേണ്ടേ പോവാൻ..ന്‍റെ വീട്ടുകാര് കുറച്ച് റിച്ച് ആണുട്ടോ..! എൻ്റെ അമ്മ പാടത്ത് കൊയ്യാൻ പോകുന്നത് ബൂട്ടൊക്കെ ഇട്ടിട്ടാ..അറിയോ കുട്ടേട്ടന്…!”

ബൂട്ടോ, നീ എന്താ രേവതീ ഈ പറയണേ, അത് ചിലപ്പോ പാമ്പ് കടിക്കാണ്ടിരിക്കാൻ ആവും..അല്ലെങ്കി നിൻ്റെ അമ്മക്ക് പ്രാന്താവും..

“പ്രാന്താ ന്‍റെ അമ്മയ്ക്കോ, ദേ ഏട്ടാ വേണ്ടാത്തത് പറയല്ലേ…എന്തൊക്കെ പറഞ്ഞാലും ഏട്ടൻ ഇന്ന് ഈ ഷൂ ഇട്ടിട്ട് വന്നാ മതി..അവിടെ കുറെ ബന്ധുക്കളൊക്കെ ഉള്ളതാ..”

ആ ഷൂ എങ്കി ഷൂ ” എന്നും പറഞ്ഞ് കുട്ടൻ ഷൂവും വലിച്ചു കേറ്റി രേവതിയുടെ വീട്ടിലേക്ക് തിരിച്ചു..

അതും രാവിലെ തന്നെ കുളിപ്പിച്ച് കുട്ടപ്പനാക്കി നിർത്തിയ തൻ്റെ സൈക്കിളിൽ ആണ് യാത്ര..

“രേവതീ സാരിതുമ്പ് ഒതുക്കി പിടിക്ക്, അല്ലെങ്കിലെ ടയറിൽ കുരുങ്ങും..”

ജീൻസും ടീഷർട്ടും ഷൂവും ഒക്കെ ഇട്ട് വയലിന് നടുവിലൂടെ ഉള്ള റോഡിൽ കൂടി സൈകിളിൽ തൻ്റെ ഭാര്യയെയും കൂട്ടി അച്ചി വീട്ടിലേക്ക് പോകുന്ന കാഴ്ച കണ്ട് പാടത്ത് കൊയ്യുന്ന സ്ത്രീകൾ അടക്കം പറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു…

രേവതിയുടെ വീട്ടിലേക്ക് സ്റ്റെപ്പ് കയറിവേണം പോകാൻ..കുട്ടനും പെണ്ണും ദൂരെ നിന്നേ വരുന്നത് കണ്ട ബന്ധുക്കാരൻ ചെക്കൻ സ്റ്റെപ്പ് ഇറങ്ങി താഴെ വന്നു..എന്നിട്ട് കുട്ടനോട് പറഞ്ഞു, “രേവതി ചേച്ചിടെ ചേട്ടാ ആ സൈക്കിൽ ഇങ്ങട് തായൊ ഞാൻ വീട്ടിലേക്ക് കയറ്റി വെക്കാം…” അങ്ങനെ സൈക്കിളും ആ ചെക്കനെ ഏൽപ്പിച്ച് കുട്ടനും പെണ്ണും വീട്ടിലേക്ക് നടന്നു..

“രേവതീ ഈ ഷൂ ഭയങ്കര കനാട്ടോ, കാല് പൊന്തണില്യ..”

അയ്യോ ന്‍റെ കുട്ടേട്ടാ അതൊക്കെ തൊന്നണതാ..നിങ്ങള് പെട്ടന്ന് ഇങ്ങട് കേറി വായോ..!

മുറ്റത്ത് എത്തിയതും കുട്ടൻ ഉമ്മറത്തേക്ക് നോക്കിയിട്ട് രേവതിയോട് പറഞ്ഞു, “ഡീയെ നിൻ്റെ അമ്മേടെ കാലില് ഇന്ന് ബൂട്ട് ഇല്ല്യാലോ…!”

ഇത് കേട്ടതും ദേഷ്യത്തോടെ അവള് പറഞ്ഞു, “ദേ കുട്ടേട്ടാ വേണ്ടാട്ടോ…ദേ പിന്നെ, വേറൊരു കാര്യം, എൻ്റെ ബന്ധുക്കൾ എന്താണ് ജോലി എന്ന് ചോദിച്ചാൽ കശുവണ്ടി കച്ചവടം എന്ന് തന്നെ പറയണം, അല്ലാതെ അന്ന് കല്യാണ ദിവസം പറഞ്ഞത് പോലെ അണ്ടി കച്ചവടം എന്നൊന്നും പറയരുത്..”

ഓ ഇല്ല്യാ ഞാനായിട്ട് നിന്നെ നാണം കെടുത്തില്ല..

എല്ലാരും കൂടി അവരെ അകത്തേക്ക് സ്വീകരിച്ചിരുത്തി…മുറിയിൽ കയറിയ കുട്ടൻ ഒരു വിധത്തിൽ ജീൻസും ടീഷർട്ടും മറ്റും അഴിച്ച് മാറ്റി..എന്നിട്ട് ഒരു മുണ്ട് ഉടുത്തു..ഒരു നെടുവീർപ്പോടെ കട്ടിലിലേക്ക് മറിഞ്ഞു..രാത്രി കിടക്കാൻ നേരത്ത് കുളിയൊക്കെ കഴിഞ്ഞു വന്ന കുട്ടൻ തൻ്റെ പ്രിയപ്പെട്ട കോ ണ കം അയയിൽ വിരിക്കാനായി മുറ്റത്തേക്ക് ഇറങ്ങി..ഇത് കണ്ട രേവതി പറഞ്ഞു,

“അയ്യേ ന്‍റെ കുട്ടേട്ടാ ന്താ ഇങ്ങള് ഈ കാണിക്കണേ..! ഇവിടെ ഇതൊന്നും ആരും ഇടില്ല്യാ..അതു കൊണ്ട് ഞാൻ ദേ ഏട്ടനു നല്ല ജെ ട്ടി എടുത്തിട്ടുണ്ട്..”

രേവതി നിനക്കറിയാലോ എൻ്റെ അച്ഛൻ ഒരു പൂജാരിയാണ്..അച്ഛനാണ് എന്നെ ഇതൊക്കെ ഉടുക്കാൻ ശീലിപ്പിച്ചത്..ഇനി ആ ശീലം മാറില്ല..ഞാൻ ആരും കാണാതെ ഇത് കൊണ്ട് നടന്നോളം..എന്താ പോരെ..!

“ഏട്ടൻ എന്തെങ്കിലും ചെയ്യ്” എന്നും പറഞ്ഞ് അവള് കിടക്കാൻ കയറി..കുട്ടൻ ആരും കാണാതെ രാത്രി പതിയെ പുറത്തിറങ്ങി..എന്നിട്ട് തൻ്റെ നാലു കോ ണകവും അയയുടെ ഒരു ഓരത്ത്‌ വിരിച്ചു..യാത്രാ ക്ഷീണം കൊണ്ട് ഉറങ്ങിപോയ കുട്ടൻ രാവിലെ ഏണിക്കാൻ വൈകി..

“പ്രഭാത ഭക്ഷണം കഴിഞ്ഞിട്ട് മതി മോനെ കുളിയൊക്കെ” എന്ന് അമ്മായിയമ്മ പറഞ്ഞത് കേട്ട് ഇഡ്ഡലിയും സാമ്പാറും കൂട്ടി കുഴച്ച് നല്ല തട്ടു തട്ടി..

ഒരു ഏമ്പക്കവും വിട്ട് ഉമ്മറത്ത് വന്നിരുന്ന കുട്ടനോട് രേവതിയുടെ അച്ഛൻ പറഞ്ഞു, “സാധാരണ ഇവിടെയൊക്കെ കുളി കഴിഞ്ഞാണ് കാപ്പി കുടി..”

അയ്യോ അച്ഛാ അത് അമ്മ പറഞ്ഞിട്ടാ..

“ആ അത് കൊഴപ്പില്ല, ഞാൻ പറഞ്ഞു എന്നെ ഉള്ളൂ.”

കുട്ടൻ അപ്പോത്തന്നെ രേവതിയോട് പറഞ്ഞ് ഒരു തോർത്തും എടുത്ത് കുളിക്കാൻ പോയി..കുളിയും തേവാരവും കഴിഞ്ഞ് വന്ന് കുട്ടൻ മുറ്റത്തേക്കിറങ്ങി തൻ്റെ സ്വകാര്യ വസ്തു അന്വേഷിച്ചു..പക്ഷേ കോ ണകം അവിടെ ഇല്ലായിരുന്നു..പിന്നെ അവിടം മുഴുവൻ തിരച്ചിൽ ആയിരുന്നു..

“എടീ രേവതീ ന്‍റെ കോ ണകം എവിടെടി..?”

അയ്യോ എൻ്റെ ഏട്ടാ ഒന്നു പതുക്കെ ആരെങ്കിലും കേട്ടാ നാണക്കേടാണ്..അത് അവിടെ എവിടെയെങ്കിലും ഉണ്ടാവും..

അപ്പോഴാണ് മുറ്റത്ത് കുട്ടികളുടെ സംസാരം കുട്ടൻ ശ്രദ്ധിച്ചത്..കുട്ടൻ നേരെ വീടിന് മുന്നിലേക്ക് ഒരു തോർത്തും ചുറ്റി നടന്നു..

കുട്ടനെ കണ്ടതും കുട്ടികൾ പറഞ്ഞു, “കുട്ട മാമാ ഞങ്ങടെ പട്ടം ശരിക്കും പറക്കുന്നില്ല..ഒന്നു ശരിയാക്കി തരോ..?”

“ഓഹ് പിന്നെ പട്ടം എൻ്റെ കിളിക്കൂട് കാണാനില്ല അപ്പോഴാ അവരുടെ പട്ടം..” കുട്ടൻ മനസ്സിൽ പറഞ്ഞു കൊണ്ട് അവരെ രൂക്ഷത്തോടെ നോക്കി..

ഇതൊക്കെ കേട്ട് ഉമ്മറത്ത് കാര്യം പറഞ്ഞു കൊണ്ടിരിക്കുന്ന അമ്മാവനും രേവതിയുടെ അച്ഛനും പറഞ്ഞു, ” എൻ്റെ പിള്ളേരെ ആ പട്ടത്തിന്റെ വാല് ശരിയല്ല, അതാ പറക്കാത്തത്..അത് അഴിച്ചു കളഞ്ഞ് കട്ടി കുറഞ്ഞത് കെട്ട്..”

അപ്പോഴാണ് കുട്ടൻ അത് കണ്ടത്, തൻ്റെ കോണക വള്ളികൊണ്ടാണ് കുട്ടികൾ പട്ടത്തിന് വാല് കെട്ടിയത്…

“ഡാ ദുഷ്ടന്മാരെ എൻ്റെ കോണകം താടാ..എവിടുന്നാടാ ഇത് കിട്ടിയത്..ഞാൻ പൊന്നു പോലെ കൊണ്ടു നടക്കുന്നതാ..അയ്യോ ദേ ആ പറക്കുന്ന പട്ടത്തിലെ കോ ണ കം എൻ്റെ അച്ഛൻ പാരമ്പര്യമായി കൈമാറി തന്നതാ..”

ഇത് കേട്ട് ഉമ്മറത്തിരുന്നവർ മുഖത്തോട് മുഖം നോക്കി അന്താളിച്ചു നിന്നു..രേവതി മുറ്റത്തെ ബഹളം കേട്ട് ഓടി വരുമ്പോ കുട്ടൻ ഒരു തോർത്തും ഉടുത്ത് കുട്ടികളുടെ പുറകെ പാടത്തേക്ക് ഒടുന്നുണ്ട്..നാണക്കേട് കൊണ്ട് രേവതി അകത്തേക്ക് തിരിച്ചു നടന്നു..

ഇത് കണ്ട അമ്മാവൻ രേവതിയുടെ അച്ഛനോട് പറഞ്ഞു, “നമുക്ക് ചതി പറ്റി അല്ലേ രാമൻ നായരെ..?”

പിള്ളേരുമായി അടിയുണ്ടാക്കി തൻ്റെ പ്രിയപ്പെട്ട കോ ണകവുമായി കയറി വരുന്ന കുട്ടനെ നോക്കി രേവതിയുടെ അച്ഛൻ പറഞ്ഞു, “മം ശരിയാ മച്ചമ്പി നമുക്ക് ചതി പറ്റി..”

നമ്മടെ മോള് കുട്ടനെ ഇങ്ങനെ കൊണ്ടു നടക്കുന്നു എന്തോ..അവള് പൊരുത്തപ്പെട്ട് പോവുമായിരിക്കും..

“പിന്നില്ലാതെ രേവതി എൻ്റെ മോളല്ലെ..!”

ഉമ്മറത്തേക്ക് കയറിവന്ന കുട്ടൻ അവരെ നോക്കിയിട്ട് പറഞ്ഞു, “അച്ഛാ ഈ പിള്ളേര് ശരിയല്ല…എനിക്ക് നിങ്ങടെ ജെ ട്ടിയൊന്നും പറ്റില്ല്യാ..അത് കൊണ്ട് എനിക്കിതെ പറ്റൂ..”

അതിനെന്താ മോനെ, അതൊക്കെ കുട്ടൻ്റെ ഇഷ്ടം..അല്ല മോൻ്റെ കച്ചോടം എങ്ങനെ പോകുന്നു….?

“അതൊന്നും പറയാത്തതാ അച്ഛാ നല്ലത്, അ ണ്ടി ക്ക് പഴയ വിലയില്ല്യ..” അതും പറഞ്ഞ് കുട്ടൻ അകത്തേക്ക് കയറി..മുറിയിൽ ചെന്നപ്പോ രേവതി ബാഗോക്കെ പായ്ക്ക് ചെയ്യുന്നുണ്ട്..

“അല്ല രേവതി നീ ഇതെങ്ങോട്ടാ…?”

ഞാനല്ല, നമ്മളാ പോകുന്നത്..ഇന്ന് തന്നെ തിരിച്ചു പോകണം..ഞാൻ അമ്മയോട് ഒരു കള്ളം പറഞ്ഞു, കട ഇത്ര ദിവസം അടച്ചിടാൻ പറ്റില്ല്യ എന്ന്..

“അതും ശരിയാ..ന്നാ മ്മക്ക് ഇറങ്ങാം, ല്ലേ…!”

എല്ലാരോടും യാത്ര പറഞ്ഞ് രണ്ടാളും ഇറങ്ങി.. വീട്ടിൽ നിന്ന് സ്റ്റെപ്പ് ഇറങ്ങാൻ നേരം കുട്ടൻ തിരിഞ്ഞു നിന്ന് രേവതിയുടെ അച്ഛനോട് പറഞ്ഞു,

“അച്ഛാ ദേ ആ മാവിൻ്റെ മുകളിൽ ഇരിക്കുന്ന പട്ടം കണ്ടാ..അതിൻ്റെ ചിറക് എൻ്റെ അച്ഛൻ എനിക്ക് പാരമ്പര്യം ആയിട്ട് തന്ന കോ ണക വള്ളി ആണ്..ഇനി ഞങ്ങൾ ഇങ്ങോട്ടേക്ക് വരുമ്പോഴേക്കും ആരെയെങ്കിലും കൊണ്ട് അത് എടുപ്പിക്കണം..”

അത്രയും പറഞ്ഞ് കുട്ടനും രേവതിയും ഇറങ്ങി..രേവതി ചമ്മല് കൊണ്ട് കണ്ണുകൾ ഇറുക്കി അടച്ചു..

അപ്പോഴും ഇതൊക്കെ കേട്ട് അച്ഛനും മച്ചമ്പിയും വായും പൊളിച്ച് നോക്കി നിൽക്കുന്നുണ്ടായിരുന്നു.

~ജിഷ്ണു രമേശൻ