പരലോകം
Story written by Bindu NP
===================
ഭാരമില്ലാത്ത ഒരു പഞ്ഞിക്കെട്ട് പോലെപറന്നു പോകുകയായിരുന്നു ഞാൻ. വിശ്വാസം വരാതെ ഞാൻ ചുറ്റിലും നോക്കി..എന്റെ കൂടെ ഒരാൾക്കൂടിയുണ്ട്. അയാൾ എന്റെ കൈ പിടിച്ചിട്ടുണ്ട്.
അപ്പോഴാണ് ഒരു കൂറ്റൻ മതിൽക്കെട്ട് ഞാൻ കണ്ടത്. അവിടെ വലിയ ഒരു ബോർഡും….ഞാൻ അത് വായിച്ചു..
“പരലോകം “
ഞാൻ മരിച്ചുവെന്നും കാലന്റെ അസിസ്റ്റന്റ് ആണ് എന്റെ കൂടെയുള്ളതെന്നും എനിക്ക് മനസ്സിലായി…
ഞാൻ മരിച്ചുപോയല്ലോ എന്നോർത്ത് ആദ്യം സങ്കടം തോന്നിയെങ്കിലും എന്നേക്കാൾ മുന്നേ ഇവിടെ വന്ന എന്റെ അച്ഛനെയും മറ്റു പ്രീയപ്പെട്ടവരെയും കാണാമല്ലോ എന്നോർത്തപ്പോൾ മരിച്ച സങ്കടം ഞാൻ മറന്നു..
ആ ഗേറ്റ് കടന്നപ്പോൾ ഒരു വലിയ ഇടനാഴിയായിരുന്നു. അവിടെ വലിയ വലിയ ഹാളുകൾ. അതൊക്കെ ഓരോരോ ഡിപ്പാർട്മെന്റ് ആണെന്ന് മനസ്സിലായി
അസിസ്റ്റന്റ് കയ്യിലുള്ള കണക്ക് ബുക്ക് ഒന്നുകൂടി നോക്കി. അതിലേക്ക് ഞാനും എത്തി വലിഞ്ഞു നോക്കി. ആക്സിഡന്റ് എന്ന കോളത്തെ തന്നെ ഓരോ വിധത്തിൽ തരം തിരിച്ചിരിക്കുന്നു
അതിൽത്തന്നെ രാജ്യത്തിന്റെയും സംസ്ഥസനങ്ങളുടെയും ജില്ലയുടെയും പട്ടികകൾ…
ട്രെയിൻ ആക്സിഡന്റ്….അതിൽ എന്റെ പേര് തിരഞ്ഞു…കേരളം…പിന്നെ കണ്ണൂർ…ആ നമ്പർ പത്തിലാണ് നിങ്ങൾക്ക് പോകേണ്ടത്. അയാൾ പറഞ്ഞു..
ആ റൂമിൽ എത്തിയപ്പോൾ ഇതാരാണ് പുതിയ അഡ്മിഷൻ എന്ന മട്ടിൽ ചിലർ എന്നെ നോക്കി. ഞാൻ ചുറ്റിലും പരിചയമുള്ള മുഖങ്ങൾ തിരഞ്ഞു..
ഞങ്ങളുടെ വീടിനടുത്ത് നിന്ന് ട്രെയിൻ തട്ടി മരിച്ചവരുടെ മുഖങ്ങൾ ഞാൻ ഓർത്തെടുക്കാൻ ശ്രമിച്ചു
അപ്പോഴാണ് കുറേപേർക്കിടയിൽ ആ മുഖം ഞാൻ കണ്ടത്.
മനു….
എന്റെ കല്യാണം കഴിഞ്ഞു രണ്ട് വർഷം കഴിഞ്ഞപ്പോഴാണ് മനു മരിക്കുന്നത്. ഭർത്താവിന്റെ അടുത്ത ഒരു ബന്ധുവായിരുന്നു മനു…
എന്റെ കല്യാണം കഴിയുന്ന സമയത്ത് റെയിലിന്റെ സെക്കന്റ് ലൈനിന്റെ പണി നടക്കുന്നെയുണ്ടായയിരുന്നുള്ളൂ..പിന്നെ അധികം താമസിയാതെ പണി പൂർത്തിയാവുകയും അത് വഴി ഗതാഗതം ആരംഭിക്കുകയും ചെയ്തു
പഴയ റയിലിലൂടെ വടക്കോട്ടേക്കും പുതിയ റയിലിലൂടെ തെക്കെട്ടേക്കും ആണ് ട്രെയിൻ പോകുന്നത്. പുതിയ ലൈനിൽ വെച്ചാണ് മനുവിനെ ട്രെയിൻ ഇടിക്കുന്നത്…
ഞാൻ വേഗം അവന്റെ അടുത്തേക്ക് ചെന്നു.
“മനൂ….നിനക്കെന്നെ മനസ്സിലായോ…?”
അവൻ എന്നെ സൂക്ഷിച്ചു നോക്കി…വീണ്ടും വീണ്ടും വിശ്വാസം വരാത്ത മട്ടിൽ …”എടത്തീ “..ഏടത്തി എപ്പോ….ഇവിടെ ..”?
“ഞാൻ ഇപ്പൊ എത്തിയതെയുള്ളൂ .”
“ഏടത്തി ഇവിടെ ഇരിക്കൂ…” “ഇനി പറയ് ഏടത്തിക്കെന്താണ് പറ്റിയത് ?”
“ഞാൻ എന്നത്തേയും പോലെ വെള്ളം കൊണ്ടുവരാൻ പോയതായിരുന്നു. ഒരു പാത്രത്തിൽ തലയിലും മറ്റൊരു പാത്രത്തിൽ കയ്യിലും വെള്ളവുമായി റെയിൽ മുറിച്ചു കടക്കുകയായിരുന്നു. പഴയ റെയിൽ കടന്ന് പുതിയ റെയിലിലേക്ക് കാലെടുത്തു വെച്ചതേ ഓർമ്മയുള്ളൂ എനിക്ക്…മൂന്നു മണിയുടെ ഇന്റർസിറ്റി ആയിരുന്നു എന്നെ ഇടിച്ചിട്ടത്…നിനക്കറിയാലോ അകലെ നിന്ന് കേൾക്കുന്നത് പോലെ ട്രെയിൻ ശബ്ദം അടുത്തു നിന്ന് നമ്മൾ കേട്ടെന്ന് വരില്ല എന്ന്..ഞാനും കേട്ടില്ല..മനസ്സ് നിറയെ വൈകുന്നേരത്തെ ജോലികൾ ആയിരുന്നു…”
“അതുപോട്ടെ…നിനക്കന്ന് സത്യത്തിൽ എന്താണ് സംഭവിച്ചത്? ചിലർ പറഞ്ഞു അപകടം ആണെന്ന്..ചിലർ പറഞ്ഞു ആ ത്മ ഹ ത്യ ആണെന്ന്…പക്ഷേ ഏടത്തിക്കറിയാം നീ ഒരിക്കലും ആ ത്മ ഹ ത്യ ചെയ്യില്ല എന്ന്..”
“ഞാൻ അന്നും പതിവ് പോലെ വായനശാലയിൽ പോയതായിരുന്നു എടത്തീ….അവിടെ ഇരുന്ന് വായിച്ച് സമയം പോയതറിഞ്ഞില്ല. ഒരു ഒൻപത് മണി കഴിഞ്ഞു കാണും. ലൈബ്രറിയിൽ നിന്നും ഒരു പുസ്തകവും എടുത്ത് ധൃതിയിൽ വീട്ടിലേക്ക് നടന്നു. ഞാൻ ഇപ്പോഴും ഓർക്കുന്നുണ്ട് “വനവാസം” എന്ന ബുക്കാണ് അന്ന് ഞാൻ എടുത്തത്..സേതുവിന്റേതാണെന്ന് തോന്നുന്നു .. “
“എന്നിട്ട് “
“എന്നിട്ട് ഏട്ടത്തിക്കറിയാലോ അന്ന് പുതിയ റെയിലിലൂടെ ട്രെയിൻ പോകാൻ തുടങ്ങിയിട്ട് കുറച്ച് നാള് മാത്രേ ആയിട്ടുള്ളൂ..സത്യത്തിൽ ആ ലൈനിലൂടെ എങ്ങോട്ടേക്കാണ് ട്രെയിൻ പോകുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു.”
“കയ്യിലുള്ള ചെറിയ ടോർച്ചുമായി ഞാൻ റെയിലിലൂടെ നടന്നു വരികയായിരുന്നു..അതിരാണിപ്പാലത്തിന്റെ വളവ് കഴിഞ്ഞ് ട്രെയിൻ വരുന്നത് ഞാൻ കണ്ടു..പഴയ ലൈനിലൂടെയാണ് ട്രെയിൻ വരുന്നത് എന്നാണ് ഞാൻ കരുതിയത്..”
“ട്രെയിൻ കുറച്ച് കൂടി അടുത്തെത്തിയപ്പോഴാണ് അത് പുതിയ ലൈനിലൂടെ ആണ് വരുന്നതെന്ന് മനസ്സിലായത്…ട്രെയിനിന്റെ വെളിച്ചം കണ്ണിലടിച്ചപ്പോൾ ഞാൻ പരിഭ്രാമത്തോടെ സൈഡിലേക്ക് എടുത്ത് ചാടി. പക്ഷേ അപ്പോഴേക്കും വൈകിപ്പോയിരുന്നു …”
“അതേ..ഞാനും ഓർക്കുന്നുണ്ട് അന്ന് ഒൻപതേ കാലിന്റെ മലബാർ കടന്നുപോയപ്പോ എന്തോ വല്ലാത്ത ഒരു ശബ്ദമായിരുന്നു..”
അതിന് ശേഷമാണ് അറിഞ്ഞത് ആർക്കോ ട്രെയിൻ തട്ടിയിരിക്കുന്നു..ചിതറിപ്പോയതിനാൽ ആളെ മനസ്സിലാവുന്നില്ല. അന്ന് വൈകുന്നേരം കണ്ട യാചകൻ ആണെന്നാണ് എല്ലാരും ആദ്യം കരുതിയത്…
പിന്നീട് റെയിലിനു സമീപത്തു നിന്നു കിട്ടിയ പുസ്തകം ആണ് വായന ശാലയിൽ നിന്നു വന്ന ആരോ ആണെന്ന നിലപാടിൽ കൊണ്ടെത്തിച്ചത്. അങ്ങനെ അവസാനം പുസ്തകം എടുത്ത ആളെ അന്വേഷിച്ചപ്പോഴാണ് അത് മനു ആണെന്ന് തിരിച്ചറിഞ്ഞത്..ഇതൊക്കെ പിന്നീടാണ് ഞങ്ങൾ അറിഞ്ഞത്.
അന്ന് രാത്രി ആരും ഉറങ്ങിയില്ല..രാത്രി എപ്പോഴോ കെട്ടിയോൻ വന്ന് അലമാരയിൽ വെച്ചിരുന്ന നല്ല മുണ്ടുകളിൽ ഒരെണ്ണം എടുത്ത് കൊണ്ടുപോകുമ്പോൾ ഞാൻ സംശയത്തോടെ ചോദിച്ചു
“അറിയാവുന്ന ആരെങ്കിലുമാണോ ..?
“അല്ല…അറിയാത്ത ആളാണ്. പക്ഷേ പരിചയമുള്ള പോലീസുകാരാണ് അവിടെ ഉള്ളത്. അവരാണ് മുണ്ടിന് ചോദിച്ചത്. നീ ഇതിനി ആരോടും പറയണ്ട… ” എന്ന് പറഞ്ഞ് കെട്ടിയോൻ പോയി..
അതിനിടയിൽ കറന്റും പോയി..പിന്നീടാണ് അറിഞ്ഞത് ഞങ്ങൾ ഉറങ്ങാതെ റെയിലിനു നോക്കി നിൽക്കുന്നത് കണ്ടിട്ട് ആരോ വന്ന് മെയിൻ സ്വിച്ച് ഓഫ് ചെയ്തതാണെന്ന്..പിന്നെ ഒന്നും അറിഞ്ഞില്ല…നേരം പുലർന്നപ്പോൾ വഴി പോകുന്നവരോടൊക്കെ ചോദിച്ചു ആളെ മനസ്സിലായോ എന്ന്..ഇല്ല എന്ന് എല്ലാരും മറുപടിയും പറഞ്ഞു
ഞാൻ സാധാരണ പോലെ സൊസൈറ്റിയിൽ പാലുമായി പോയി..വഴിയിൽ വെച്ച് ജാനു ഏടത്തിയാണ് എന്നോട് ചോദിച്ചത്
“അല്ലപ്പാ മരിച്ചതറിഞ്ഞിട്ടില്ലേ..എന്നിട്ട് നീ പാല് കൊണ്ടു വന്നിന് എന്ന്…”
“അതിന് മരിച്ച ആളെ തിരിച്ചറിഞ്ഞില്ലല്ലോ… ” എന്ന് ഞാനും…
“അല്ലപ്പാ അത് നിങ്ങളുടെ മനു അല്ലേ…” എന്ന് കേട്ടതും ഞാൻ ആകെ തളർന്നു പോയി. എങ്ങനെയോ വീട്ടിൽ എത്തി…വിവരം അറിഞ്ഞപ്പോൾ അവിടെ കൂട്ടക്കരച്ചിലായി..
“ഞാൻ മാത്രമല്ല എടത്തീ….നമ്മുടെ നാട്ടുകാർ കുറേപേർ ഇവിടെയുണ്ട്” എന്ന ശബ്ദം കേട്ടപ്പോഴാണ് ചിന്തയിൽ നിന്നുണർന്നത്…
ശരിയാണല്ലോ എന്ന് ഞാനും ഓർത്തു.
ഞാൻ ആദ്യത്തെ പ്രസവം കഴിഞ്ഞ് എന്റെ വീട്ടിൽ ആയിരിക്കുന്ന സമയത്താണ് ഒരു അച്ഛനും അമ്മയും രണ്ടു മക്കളും ട്രെയിനിനു മുന്നിൽ ചാടി മരിച്ചത്..അവരെ ഞാൻ ഒരിക്കലും കണ്ടിട്ടില്ല..
അവൻ അവരെ എനിക്ക് പരിചയപ്പെടുത്തി.. “എന്തിനായിരുന്നു നിങ്ങള് രണ്ടുപേരും ഇങ്ങനെ ഒരു തീരുമാനമെടുത്തത് എന്ന് ഞാൻ ചോദിച്ചു..”
അവർ പറഞ്ഞു… “അന്ന് ഞങ്ങൾ കുടുംബത്തോടെ ബോംബയിൽ ആയിരുന്നു. സന്തോഷത്തോടെ കഴിയവേ ആണ് ഏട്ടന് ചില ആരോഗ്യ പ്രശ്നങ്ങൾ വന്നത്…ആ രോഗം ഞങ്ങളുടെ ജീവിതം കാർന്നു തിന്നാൻ തുടങ്ങിയതോടെയാണ് ഞങ്ങൾ നാട്ടിൽ വരാൻ തീരുമാനിച്ചത്.. “
“ഏട്ടനില്ലാതെ ഒറ്റയ്ക്ക് രണ്ടു മക്കളെയും കൊണ്ട് ആ ലോകത്തിൽ ജീവിക്കാൻ എനിക്ക് പറ്റില്ല എന്ന് തോന്നി..അതാ “… ആ സ്ത്രീ അർദ്ദോക്തിയിൽ നിർത്തി.
“എങ്കിലും ആ മക്കളെ കൂടെ കൂട്ടേണ്ടായിരുന്നു..അവർ എങ്ങനെ എങ്കിലും ജീവിക്കില്ലായിരുന്നോ..?”
എന്ന എന്റെ ചോദ്യത്തിന് അവർ ഒരു നിശ്വാസത്തോടെ മറുപടി പറഞ്ഞു…
“ഞങ്ങളൊന്ന് നുള്ളി നോവിക്കുക പോലും ചെയ്യാത്ത ഞങ്ങളുടെ മക്കളെ അവിടെ ഇട്ട് ഞങ്ങള് മാത്രം പോന്നാൽ അവരെ ആര് വളർത്തും…മറ്റുള്ളവരുടെ വഴക്ക് കേട്ട് അവർക്കൊക്കെ ഒരു ശല്യമായി അവർ മാറുന്നത് കാണാനുള്ള ത്രാണി ഇല്ലാത്തതു കൊണ്ടാണ് ഞങ്ങള് പോരുമ്പോ ഉറങ്ങികിടക്കുകയായിരുന്ന മക്കളെയും കൂടെ കൂട്ടിയത് “…
അപ്പൊ അവരുടെ അരികിൽ ചിത്ര ശലഭങ്ങളെ പോലെ പാറി നടക്കുന്ന രണ്ടു കുട്ടികളെ ഞാൻ കണ്ടു..
കുറച്ചപ്പുറത്തിരിക്കുന്ന ചെറുപ്പക്കാരനെ ചൂണ്ടി മനു ചോദിച്ചു
“ഏടത്തിക്ക് അറിയില്ലേ അവനെ?”
നോക്കിയപ്പോ ആ ചെറുപ്പക്കാരനെ എനിക്ക് മനസ്സിലായി..സനി…അവനെ ഞാൻ ആദ്യമായി കാണുന്നത് മാലിനിയെച്ചിയുടെ വീട് തേപ്പിന് വന്നപ്പോഴാണ്..
ഇടയ്ക്കിടെ ഉള്ള ചൂളം വിളിയും മനോഹരമായ ചില പാട്ടുകളും കേട്ടു തുടങ്ങിയപ്പോഴാണ് ഞങ്ങൾ അങ്ങോട്ട് ശ്രദ്ധിച്ചത്…നോക്കിയപ്പോ അത് സനി ആണ്..
അടുത്ത വീട്ടിലെ സുന്ദരിപ്പെണ്ണിനെ പുറത്തു കാണുമ്പോ ഉള്ള ചൂളം വിളിയാണെന്ന് മനസ്സിലായി..അതുകൊണ്ട് തന്നെ അവനെ കാണുമ്പോ എനിക്ക് താനേ ചിരി വരും…
പിന്നീട് അവനെ ഞാൻ കാണുന്നത് പി എസ്സി യുടെ നൈറ്റ് ക്ലാസ്സിൽ ആണ്..അപ്പോഴാണ് അവനോട് ആദ്യമായി സംസാരിക്കുന്നത്…
“ഇതെന്തേ ഇത്ര നാളും ക്ലാസ്സിനൊന്നും വരാതിരുന്നതെന്ന് ചോദിച്ചപ്പോ “ഇപ്പോഴണപ്പാ ബോധം വന്നത് എന്ന് പറഞ്ഞ് അവൻ ചിരിച്ചു..
ഒരു വൈകുന്നേരം അറിഞ്ഞു അതിരാണിപ്പാലത്തിനപ്പുറം ആരോ ട്രെയിനിനു തല വെച്ചിട്ടുണ്ട് എന്ന്..പിന്നീടാണ് അറിഞ്ഞത് അത് സനിയാണെന്ന്..
അവനോടും ഞാൻ ചോദിച്ചു നീ എന്തിനാണ് ആ ത്മ ഹ ത്യ ചെയ്തതെന്ന്..
അവൻ പറഞ്ഞു “ജീവിതത്തിൽ പ്രതീക്ഷകൾ അസ്തസ്മിച്ചാൽ പിന്നെ മരണമല്ലേ നല്ലത് എന്ന്…”
ഒരു തർക്കത്തിന് വയ്യാത്തതുകൊണ്ട് ഞാൻ ഒന്നും മിണ്ടിയില്ല..
അപ്പോഴാണ് ഒരു പരിചിത ശബ്ദം ഞാൻ കേട്ടത്..ഒരാൾ പാട്ടു പാടുകയാണ്….ഞാൻ ആ രൂപത്തെ തിരിച്ചറിഞ്ഞു….ചന്ദ്രൻ പിള്ള എന്ന സി.പി
സി പി യെ ഞാൻ ആദ്യമായി കാണുന്നത് ഒരു മഴയുള്ള വൈകുന്നേരമാണ്..അന്ന് ഞാൻ തയ്യല് പഠിക്കാൻ പോകുന്ന സമയം ആയിരുന്നു…ആ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുന്നിൽ റോഡാണ്…
ബസ്സ് ഹോൺ അടിക്കുകയും വാഹനങ്ങളെല്ലാം നിർത്തിയിടുകയും ചെയ്യുന്നത് കണ്ടിട്ടാണ് ഞങ്ങൾ അങ്ങോട്ട് നോക്കിയത്..നോക്കുമ്പോ ഒരാൾ മഴയത്ത് നിന്ന് ഉച്ചത്തിൽ തെറി വിളിക്കുകയും ഇടയ്ക്കിടെ പാട്ടുകൾ പാടുകയും ചെയ്യുന്നു. ആരോ പറഞ്ഞു അതാണ് സി . പി. മ ദ്യപിച്ചാൽ അയാൾ അങ്ങനെആണത്രേ….പിന്നീട് വഴിയിൽ അയാളെ കണ്ടാൽ എനിക്ക് പേടിയായിരുന്നു….
പിന്നീട് പുതിയ വീടിന്റെ പണി തുടങ്ങിയപ്പോഴാണ് സി പി യെ ഞാൻ വീണ്ടും കാണുന്നത്…ജോലിക്കാരുടെ കൂടെ നന്നായി ജോലികൾ ഒക്കെ ചെയ്യുന്നു…എന്തൊരു നല്ല പെരുമാറ്റം..
എന്ത് ജോലി ചെയ്യാനും ഒരു മടിയും ഇല്ല..പക്ഷേ കുടിച്ച് കഴിഞ്ഞാൽ ആളൊരു പാ മ്പാ കും..
അങ്ങനെ ഇരിക്കെ ഒരിക്കൽ ഞാൻ അറിഞ്ഞു സി പി ട്രെയിൻ തട്ടി മരിച്ചു എന്ന്. അപകടം ആണെന്നറിഞ്ഞപ്പോൾ വല്ലാത്ത വിഷമം തോന്നി..
ഞാൻ സി പി യുടെ അടുത്തേക്ക് ചെന്നു..അയാളോടും ഞാൻ ചോദിച്ചു എന്താണ് സംഭവിച്ചത് എന്ന്..
“സൂര്യാ ബാ റി ൽ നിന്നും നന്നായി മ ദ്യപിച്ചു റെയിൽ വഴി വീട്ടിലേക്ക് വന്നതാണ്..മ ദ്യപിച്ചു ലക്ക് കേട്ടതിനാൽ ട്രെയിൻ കണ്ടിട്ടും മാറാൻ തോന്നിയില്ല…ട്രെയിനിനെ നോക്കി കൈ വീശി അങ്ങനെ നിന്നു…പിന്നെ ഒന്നും ഓർമ്മയില്ല ..” അയാൾ ചിരിച്ചു…
കുറച്ചകലെ ഇരുന്ന് കുട്ടികളോട് കഥ പറയുന്ന ആളെ അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്…
ഞാൻ മെല്ലെ അങ്ങോട്ടേക്ക് നടന്നു. അതേ ഇത് ആ മൊയില്യാറിക്ക തന്നെ…
അതൊരു നോമ്പുകാലമായിരുന്നു. അന്ന് രണ്ടര കഴിഞ്ഞിട്ടും എന്റെ അലക്ക് കഴിഞ്ഞിട്ടുണ്ടായിരുന്നില്ല. അപ്പോഴാണ് ഒരു കുടയും ചൂടി വാടി തളർന്ന ഒരു വൃദ്ധൻ അതുവഴി വന്നത്…സക്കാത്തിന് പോകുന്നതാണ്
“മോളേ…ഇവിടെ അടുത്തൊക്കെ മുസ്ലീം വീടുണ്ടോ …”?
“ആ…ആ കാണുന്നതൊക്കെ മുസ്ലീം വീടാണ്…”
അതിന് ശേഷം ഞാൻ ഇത്രയും കൂടി പറഞ്ഞു.. “ഇതിലേ തിരിച്ചു വരികയാണെങ്കിൽ ഇപ്പൊ വണ്ടി വരാനുണ്ടേ…റെയില് കടക്കുമ്പോ സൂക്ഷിച്ചു പോകണേ…”
അതിന് മറുപടി ഒന്നും പറയാതെ ചിരിച്ചു കൊണ്ടയാൾ അടുത്ത വീട്ടിലേക്ക് അയാൾ കയറിപ്പോയി
ഞാൻ ഭക്ഷണം കഴിക്കാനായി അകത്തേക്കും പോയി.
കുറച്ച് നേരം കഴിഞ്ഞ് കാണും റെയിലിനടുത്തു കൂടി നടന്നു പോകുകയായിരുന്ന അടുത്ത വീട്ടിലെ കുട്ടി ഓടി വന്നു പറഞ്ഞു “ദാ അവിടെ ഒരു പ്രായമായ ആള് വീണു കിടക്കുന്നു.”
ഓടി റെയിലിനരികിൽ എത്തുമ്പോ ഒരു ആന്തലോടെ ഞാൻ തിരിച്ചറിഞ്ഞു..ഈശ്വരാ…നേരത്തെ വഴി ചോദിച്ച മൊയില്യാറിക്ക. ഭക്ഷണം കഴിക്കാനായി ആ സമയത്തു തന്നെ അകത്തേക്ക് പോകാൻ തോന്നിയ നിമിഷത്തെ അപ്പോൾ ഞാൻ ശപിച്ചു..
“മൊയില്യാറിക്കാ..”. ഞാൻ വിളിക്കുന്നത് കേട്ട് അദ്ദേഹം തലയുയർത്തി
എന്തായിരുന്നു അന്ന് സംഭവിച്ചത്.. ഞാൻ ചോദിച്ചു.
“മോളേ ട്രെയിൻ വരുന്നത് കണ്ട് ഞാൻ സൈഡിലേക്ക് മാറി നിന്നതായിരുന്നു. പക്ഷേ കുട തുറന്ന് പിടിച്ചത് കാരണം ട്രെയിൻ പോകുമ്പോ ഉണ്ടായ കാറ്റിൽ ഞാൻ ചാഞ്ഞു വീണു പോയി. പിന്നെ ഞാൻ കണ്ണ് തുറക്കുമ്പോ ഇവിടെയാണ്”… അതും പറഞ്ഞ് ഇക്ക ചിരിച്ചു.
എനിക്ക് അത്ഭുതം തോന്നി. ഇവിടെ എല്ലാവർക്കും ചിരിച്ച മുഖമാണ്. ആർക്കും സങ്കടങ്ങളില്ല…
അപ്പോഴാണ് കുറച്ചകലെയായി ചിരിച്ചു കൊണ്ട് സംസാരിച്ചു കൊണ്ടിരിക്കുന്ന ആളെ ഞാൻ തിരിച്ചറിഞ്ഞത്..
അനിതേച്ചി..അനിതേച്ചിയുടെ മരണം ഒരു വല്ലാത്ത ഷോക്കായിരുന്നു..വൈകുന്നേരം ജോലി കഴിഞ്ഞ് വരികയായിരുന്ന മൂന്ന് സ്ത്രീകളിൽ ഒരാൾ ട്രെയിൻ തട്ടി മരിച്ചു എന്ന് കേട്ടപ്പോൾ ഒരു ഞെട്ടലായിരുന്നു..
എത്ര പറഞ്ഞിട്ടും എനിക്ക് ആളെ മനസ്സിലായില്ല. പിന്നീട് ആരൊക്കെയോ ഫോണിൽ ആദരാഞ്ജലികൾ ഇട്ടപ്പോഴാണ് ആളെ മനസ്സിലായത്. ഞാൻ എപ്പോഴൊക്കെയോ കണ്ടിട്ടുണ്ട്. അവർക്ക് രണ്ട് ആൺമക്കളാണ്
ഞാൻ അനിതേച്ചിയുടെ അടുത്തെത്തി. “ചേച്ചീ…അന്നെന്താണ് സംഭവിച്ചത്..?” ഞാൻ ചോദിച്ചു.
“എന്നും വരുന്ന വഴിയാണ്. ആറു മണിക്ക് പരശു വരാനുണ്ട് എന്നും അറിയാം…ഞാനായിരുന്നു മുന്നിൽ….വീട്ടിലെത്തിയിട്ട് വേണം മക്കള് വരുമ്പോഴേക്കും ഭക്ഷണം ഉണ്ടാക്കാൻ…കയ്യിൽ രാത്രിയിലേക്കുള്ള മീനുണ്ട്..അതൊക്കെ ഓർത്തു കൊണ്ടാണ് നടന്നിരുന്നത്. പക്ഷേ റെയിലിനു മുകളിൽ കയറുന്നതു വരേ ട്രെയിൻ ശബ്ദം കേട്ടതേയില്ല..റെയിലിൽ കയറിയപ്പോഴാണ് ട്രെയിൻ വന്നത്..അവിടെ ഒരു വളവായത് കാരണം കണ്ടതുമില്ല.
കൂടെയുള്ളവർ ഒരു അലർച്ചയോടെ സൈഡിലേക്ക് എടുത്ത് ചാടി. ഞാൻ എന്ത് ചെയ്യണമെന്നറിയാതെ പതറി നിന്നുപോയി. അതും പറഞ്ഞ് അവർ പുഞ്ചിരിച്ചു…
മനു അപ്പോഴും അരികിൽ തന്നെയുണ്ട്..
അവന്റെ അരികിൽ ഞാൻ ഇരുന്നു..എനിക്ക് ഇനിയും കുറേ സംശയങ്ങൾ അവനോട് ചോദിക്കാനുണ്ട്..
“മനൂ..നമുക്ക് ഇവിടെ നമ്മുടെ മറ്റു ബന്ധുക്കളെ ഒന്നും കാണാൻ സാധിക്കില്ലേ …”?
“രണ്ടു വർഷം മുമ്പ് മരിച്ച നിന്റെ അച്ഛനെ നീ കണ്ടിരുന്നോ…”?
“ഏടത്തി വിഷമിക്കണ്ട ദിവസത്തിൽ കുറച്ച് സമയം നമുക്ക് എല്ലാരേയും കാണാം. അതായത് ഭൂമിയിലെ ഒരു വർഷം…അതാണ് ഇവിടത്തെ ഒരു ദിവസം…അപ്പൊ എല്ലാ ദിവസവും നമുക്ക് എല്ലാരേയും കാണാം…ഏട്ടത്തിക്ക് സന്തോഷമായില്ലേ …”
“സന്തോഷമായി …”
എന്തെല്ലാം വിശേഷങ്ങൾ എനിക്ക് അച്ഛനോടും അച്ഛമ്മയോടുമെല്ലാം പറയാനുണ്ട്…
പെട്ടെന്ന് കയ്യിൽ എന്തോ തറയ്ക്കുന്നത് പോലെ വല്ലാത്ത വേദന…നെറ്റിയിൽ ആരോ തൊടുന്നതുപോലെ…
“മനൂ..മനൂ…ഇതെന്താ ..” ഞാൻ പരിഭ്രത്തോടെ ചോദിച്ചു
“പേടിക്കേണ്ട പനി കൂടിയത് കൊണ്ടാണ്..ഇങ്ങനെ എന്തൊക്കെയോ പറയുന്നത്.”
കണ്ണ് തുറക്കുമ്പോ ഞാൻ ഹോസ്പിറ്റലിൽ ആണ്. രണ്ട് നഴ്സുമാർ അടുത്തുണ്ട്. അതിൽ ഒരാളുടെ കയ്യിൽ ഇൻജെക്ഷൻ ഉണ്ട്..മക്കൾ അടുത്തിരിക്കുന്നു…മോള് നെറ്റിയിൽ വീണു കിടന്ന മുടി നേരെയാക്കികൊണ്ട് പറഞ്ഞു “അമ്മ എന്തൊക്കെയാ ഉറക്കത്തിൽ പറഞ്ഞത്..സ്വപ്നം വല്ലതും കണ്ടുവോ…?
ഈശ്വരാ സ്വപ്നമായിരുന്നോ…
“എടത്തീ…” എന്ന് ആരോ വിളിക്കുന്നപോലെ…
എവിടെ മനു എവിടെ….കാണുന്നില്ലല്ലോ…
✍️ ബിന്ദു