കണ്ണാടിയിൽ നോക്കി സിന്ദൂരം നെറ്റിയിൽ കുത്തിയിട്ട് ശ്രീജ സ്കാർഫ് എടുത്തു തലയിൽ കെട്ടി….

മാതൃത്വം

Story written by Sebin Boss J

====================

“‘ ദേവേട്ടാ ..””‘ കണ്ണാടിയിൽ നോക്കി സിന്ദൂരം നെറ്റിയിൽ കുത്തിയിട്ട് ശ്രീജ സ്കാർഫ് എടുത്തു തലയിൽ കെട്ടി .

“‘ നീയിറങ്ങാൻ നോക്ക് ശ്രീജേ …സമയമാകുന്നു . മറ്റേ ഡോക്ടർക്ക് ഇന്ന് ഓപ്പറേഷൻ ഉള്ളതാണ് , അതുകൊണ്ട് താമസിക്കരുതെന്ന് ഡോക്ടർ ശ്രീലക്ഷ്മി പ്രത്യേകം പറഞ്ഞതല്ലേ . പെട്ടന്നിറങ്ങാൻ നോക്ക് ”’ “‘ ദേവൻ കണ്ണാടിയിലൂടെ അവളെ നോക്കി പറഞ്ഞു .

“‘ദേയിറങ്ങി “‘ ഇടത്തെ മാറിടത്തിലേക്ക് സാരി കയറ്റിയിട്ട് ശൂന്യതയെ മറച്ചുകൊണ്ടവൾ ദേവനെ നോക്കി പുഞ്ചിരിച്ചു .

“‘ ബാഗ് ..ബാഗെന്തിയെ ”’ശ്രീജ ചെറിയ വാനിറ്റി ബാഗുമായി ബൈക്കിനടുത്തേക്ക് വന്നപ്പോൾ ദേവൻ നെറ്റിചുളിച്ചു .

“”ബാഗില്ലാ ..അതോണ്ടല്ലേ ഞാൻ ബൈക്ക് മതിയെന്ന് പറഞ്ഞത് . എനിക്ക് ദേവേട്ടന്റെ കൂടെ ഇങ്ങനെയിരുന്നു പോണം “” “‘ശ്രീജ ദേവന്റെ പുറകിൽ വന്നു കയറി .

“” എടീ ..അഡ്മിറ്റ് ആകേണ്ടി വരുമെന്ന് പറഞ്ഞതല്ലേ . .”‘ ശ്രീജയുടെ നിറവയറിൽ മുട്ടാതെ ദേവൻ മുന്നോട്ട് കയറിയിരുന്നു . ഒരിഷ്ടങ്ങളും പ്രത്യേകിച്ച് പറയാത്ത തന്റെ ഭാര്യയുടെ, ഈ ആഗ്രഹമെങ്കിലും സാധിച്ചില്ലെങ്കിൽ പിന്നെയെന്താ …

“‘ബാഗ് റെഡിയാണ് ദേവേട്ടാ … വീട് അടുത്തല്ലേ ..വേണ്ടി വന്നാൽ ദേവേട്ടൻ വന്നെടുത്താൽ മതിയല്ലോ . .താമസിക്കണ്ട വണ്ടിയെടുക്ക് “”‘

“” ദേവൻ …ശ്രീജയുടെ ആരോഗ്യം കണക്കിലെടുത്തു ഈ കുഞ്ഞിനെ വേണ്ടായെന്ന് വെക്കാമെന്നുറച്ചല്ലേ നിങ്ങൾ ഡേറ്റ് നിശ്ചയിച്ചു ഇവിടെ നിന്ന് പോയത് . നിങ്ങളോട് ഞാൻ എല്ലാ കാര്യങ്ങളും പറഞ്ഞതല്ലേ ..എന്നിട്ടും ദേവൻ കൂടെ അറിഞ്ഞോണ്ടാണോ ഇത് “”‘ ശ്രീജയുടെ പരിശോധന കഴിഞ്ഞു ഡോക്ടർ ശ്രീലക്ഷ്മി ദേവനെ ഉള്ളിലേക്ക് വിളിപ്പിച്ചു ചോദിച്ചപ്പോൾ ദേവൻ വായ് പൊളിച്ചു . ഡോക്ടർ ശ്രീലക്ഷ്മിയുടെ മുന്നിൽ ഓങ്കോളജി ഡോക്ടറും ഉണ്ടായിരുന്നു .

“‘എന്താ ..എന്താ ഡോക്ടർ ?”’ ദേവൻ ഇരുവരെയും മാറിമാറി നോക്കി .

“”കാര്യം ഞാൻ പറയാം ദേവേട്ടാ ..എനിക്കീ കുഞ്ഞു വേണം . അതിനുള്ള ആരോഗ്യം എനിക്ക് ഉണ്ട് . എന്റെ ഈ അസുഖം കുഞ്ഞിന് വരുമോയെന്നു മാത്രമറിഞ്ഞാൽ മതി””

“” ശ്രീജേ നീ …”” ദേവൻ പരിശോധനക്കായി മറച്ച ,സ്‌ക്രീൻ മാറ്റി ഇറങ്ങി വരുന്ന ശ്രീജയെ നോക്കി .

“‘ കുഞ്ഞിന് വരാൻ ഉള്ള ചാൻസ് ഒരു ശതമാനം പോലുമില്ല . പക്ഷെ ശ്രീജാ എത്രയും പെട്ടന്ന് കീമോയും മറ്റ് ട്രീറ്റ്‌മെന്റും തുടങ്ങിയില്ലെങ്കിൽ തന്റെ സ്ഥിതി മോശമാകും . ആരോഗ്യം മോശമാണെങ്കിൽ ഈയൊരവസ്ഥയിൽ …””’

””ഏതു ട്രീറ്റ്മെന്റിനേക്കാളും എനിക്ക് സുഖം നൽകുന്നത് സ്നേഹിച്ച പെണ്ണിന്റെ ഇടത് വശം ശൂന്യമായി അവൾ വിരൂപയാണെന്നറിഞ്ഞും, എന്നെ ജീവിതത്തിലേക്ക് കൂട്ടിയ ദേവേട്ടൻ നൽകുന്ന സ്നേഹവും പരിചരണവുമാണ് . ഞങ്ങളീ കുഞ്ഞിന് വേണ്ടി എത്ര മാത്രം കൊതിച്ചതാണെന്ന് ഡോക്ടർക്കും അറിയാം. വയറ്റിൽ കിടന്ന് കൈകാലുകൾ അനക്കുന്ന കുഞ്ഞിന്റെ സാമീപ്യവും എന്റെ ഭർത്താവിന്റെ പരിചരണവും മൂലം കുഞ്ഞിനെ പ്രസവിക്കുന്നത് വരെ ഞാൻ ഈ ആരോഗ്യത്തോടെ കാണും ഡോക്ടർ . എന്റെ പ്രസവം കഴിഞ്ഞു , എന്റെ കുഞ്ഞിനായി ദൈവം മാറ്റിവെച്ച ഒറ്റ മുല ഊട്ടി , ഒരു പെണ്ണിന്റെ ജീവിതാഭിലാഷമായ മാതൃത്വം അനുഭവിച്ചിട്ട് ജീവിതമോ മരണമോ ഏതായാലും അതിലേക്ക് പോകാൻഎനിക്ക് മടിയില്ല ഡോക്ടർ…. “” ശ്രീജയുടെ ശബ്ദം ഉറച്ചതായിരുന്നു .

“‘ശ്രീജേ നീ …”” ദേവൻ എന്തോ പറയാനായി ആഞ്ഞതും ശ്രീജ അയാളുടെ കൈയ്യിൽ മുറുകെ പിടിച്ചു .

“” വീണ്ടും ആ രോഗം പടർന്നത് എന്റെയോ പിറക്കാനിരിക്കുന്ന ആ കുഞ്ഞിന്റെയോ തെറ്റല്ലല്ലോ ദേവേട്ടാ . എനിക്കറിയാം എനിക്കെന്ത് പറ്റിയാലും എന്റെ കുഞ്ഞ് ഈ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ കൈകളിൽ ആണെന്ന് . ഇനിയും എതിര് പറയരുത് . എന്റെ അവസാനത്തെ ആഗ്രഹം ..അതാണെന്ന് കരുതി സമ്മതിക്ക് ദേവേട്ടാ “‘ ദേവൻ മറുപടി പറയാൻ അശക്തനായിരുന്നു .

“‘ ” മാതൃത്വം അനുഭവിക്കുന്നത് ഏതൊരു പെണ്ണിന്റെയും ആഗ്രഹമാണ് ,.അവകാശവുമാണ് . പക്ഷെ ഞങ്ങൾ ഡോക്ടർമാർ കുഞ്ഞിനും അമ്മക്കുമിടയിൽ പെട്ടു പോയി . ഡിസിഷൻ നിങ്ങളുടെ തന്നെയാണ് . താൻ അഴുകിയും തന്റെ കുഞ്ഞിന് വളമാകുന്നവളാണ് ഒരു പെണ്ണ് . ശ്രീജ ഒരു പെണ്ണാണ് . ഒരു പെണ്ണിന് അങ്ങനെ പറയാനേ കഴിയൂ .നമുക്ക് കാത്തിരിക്കാം ശ്രീജയെ പോലെ ഒരു പെൺകുഞ്ഞിനായി . പ്രാർത്ഥിച്ചോളൂ “”’ ഓങ്കോളജി ഡോക്ടർ ദേവന്റെ ചുമലിൽ അമർത്തിയിട്ട് പുറത്തേക്കുള്ള ഡോർ തുറന്നപ്പോൾ എതിരെയുള്ള ഭിത്തിയിലെ ടീവിയിൽ കടലിൽ മരിച്ച കുഞ്ഞിന്റെ അമ്മയെ മുഖം മറച്ചു കാണിക്കുന്നുണ്ടായിരുന്നു .

~സെബിൻ ബോസ്