പിണക്കം
Story written by Bindu NP
=====================
വൈകുന്നേരം വെള്ളരിക്കണ്ടത്തിലെ ചർച്ചാ വിഷയം റഷീദയുടെ പുയ്യാപ്ല പിണങ്ങിപ്പോയതായിരുന്നു . ഞാനും റഷീദയും ഏഴാം ക്ലാസ്സ് വരേ ഒരേ ബെഞ്ചിൽ ഇരുന്നാണ് പഠിച്ചത്. വയലിനക്കരെയും ഇക്കരെയുമായിരുന്നു ഞങ്ങളുടെ വീട് . അവളുടെ ഉമ്മാക്ക് അഞ്ചു മക്കളാണ്. അവൾക്കൊരു ഇക്കാക്കയുണ്ട്. ഏഴാം ക്ലാസ്സ് കഴിഞ്ഞപ്പോ ഞങ്ങള് വേറെ വേറെ സ്കൂളിൽ ആയെങ്കിലും സ്കൂളിൽ നിന്നും വന്നാൽ ഞങ്ങൾ സന്ധിച്ചിരുന്നത് വയലിൽ വെച്ചായിരുന്നു..
പത്തു തോറ്റപ്പോ ഓള് പഠിപ്പ് നിർത്തി വീട്ടിലിരിപ്പായി .. കുറച്ച് നാള് കഴിഞ്ഞപ്പോ കേട്ടു ഓളുടെ കല്യാണം ആണെന്ന്.. ഓളെ കെട്ടുന്നത് സ്കൂൾ മാഷാണെന്നറിഞ്ഞപ്പോ എനിക്ക് അത്ഭുതമായിരുന്നു .. കല്യാണം കഴിഞ്ഞ് ഓള് പോകുന്നത് ഞാൻ വഴിയിൽ വെച്ചു നോക്കി നിന്നു. പൊതുവെ വെളുത്ത അവൾ നിറയെ സ്വർണ്ണവും മിന്നുന്ന ഡ്രെസ്സും എല്ലാം ഇട്ടപ്പോൾ ഒന്നൂടെ സുന്ദരിയായി.
പിന്നീടൊരിക്കൽ എന്നെ അവളുടെ അറ കാണാൻ വിളിച്ചു…ഞാൻ ആദ്യമായാണ് അറ കാണുന്നത്…. ആഹാ.. എന്തൊരു മനോഹരമായ മുറി.. നിറയെ ഷെൽഫുകളും ഫാർണിച്ചറുകളും മിന്നുന്ന വിരിപ്പുള്ള കിടക്കയും.. ഇതൊക്കെ ഞാൻ സിനിമയിൽ മാത്രേ അതിന് മുമ്പ് കണ്ടിട്ടുള്ളൂ. റഷീദയുടെ ഉമ്മ എനിക്ക് ഒരു ഗ്ലാസ്സ് നിറയെ ഓറഞ്ചു നിറത്തിലുള്ള തണുത്ത ഒന്ന് കുടിക്കാൻ തന്നു. ഞാൻ ആദ്യായിട്ടാണ് അങ്ങനെ ഒന്ന് കുടിക്കുന്നത്. ഞാൻ അത് കുടിക്കുന്നതും നോക്കി റഷീദ അടുത്തു തന്നെയുണ്ട്.. അവൾ കല്യാണം കഴിഞ്ഞപ്പോഴേക്കും ഒന്നുകൂടി സുന്ദരിയായ പോലെ..
ഓളുടെ ഉമ്മ വൈകുന്നേരത്തേക്കുള്ള നെയ്പ്പത്തിരിയും ചിക്കൻ കറിയും ഉണ്ടാക്കുന്ന തിരക്കിലായിരുന്നു .”പുയ്യാപ്പ്ള വയീന്നേരാവും വരാൻ “ന്ന് ഓളുടെ ഉമ്മ പറയുമ്പോ ഓള് നാണത്തോടെ ചിരിച്ചു ..എന്തൊരു ചേലാണപ്പാ ഓളുടെ പുഞ്ചിരിക്ക്.. കല്യാണം കഴിയുമ്പോഴേക്കും പെണ്ണിന് ഇത്രേം ഭംഗി കൂടുമോ… ചിലപ്പോ ഓളുടെ ഉമ്മ ഉണ്ടാക്കുന്ന കോഴിക്കറീം നെയ്പ്പത്തലും ഒക്കെ കഴിക്കുന്നോണ്ടാവും പെണ്ണിനിത്രേം ഭംഗിയെന്ന് ഞാനോർത്തു .
പിന്നെ ഇടയ്ക്കൊക്കെ ഞാൻ കോളേജിൽ പോകാൻ ബസ്സ് കാത്തു നിൽക്കുമ്പോ റഷീദയുടെ പുയ്യാപ്ലയും ബസ്സ് സ്റ്റോപ്പിൽ ഉണ്ടാവും .. ചിലപ്പോൾ ചിരിക്കും.. ചിലപ്പോൾ എന്തെങ്കിലും കുശലം പറയും ..
അങ്ങനെ ഒരിക്കൽ ഓളുടെ ഉമ്മാനെ കണ്ടപ്പോ ചിരിച്ചു കൊണ്ട് എന്നോട് പറഞ്ഞു “ഇന്റെ ചങ്ങായിച്ചിക്ക് വിശേഷം ഇണ്ട് കേട്ടാ.. ഓക്ക് വല്ലാത്ത ക്ഷീണം ആണ് എന്ന്…”ആ റഷീദാന്റെ മാപ്ലയാണ് ഇപ്പൊ പിണങ്ങിപ്പോയെന്ന് പറയുന്നത് ..
ഈശ്വരാ … എന്താവും കാരണം എന്നോർക്കവേ വെള്ളരിക്ക് വെള്ളം കോരുന്നവർ അടക്കം പറയുന്നത് ഞാൻ കേട്ടു “ഓക്ക് എനിയും മതിയാക്കാനായിട്ടില്ലേ… അയ്യയ്യേ.. നാണക്കേട്… “
“ഓന പറഞ്ഞിറ്റ് കാര്യോല്ലപ്പാ.. ഓനൊരു സ്കൂൾ മാഷല്ലേ…. ഉമ്മയും മോളും ഒപ്പരം പെറ്റു കെടക്വാന്ന് പറയുമ്പോ നാലാള് കേട്ടാല് നാണക്കേടല്ലേ ..”
അപ്പൊ അതാണ് കാര്യം… റഷീദ മാത്രമല്ല ഓളെ ഉമ്മയും ഗർഭിണിയാണ്. അതറിഞ്ഞപ്പോ ഓളെ പുയ്യാപ്ല പിണങ്ങിപ്പോയതാണ്…
പിന്നേ കുടുംബക്കാരെല്ലാം ഒത്തുകൂടി മാധ്യസ്ഥം പറഞ്ഞ് പുയ്യാപ്ലയുടെ പിണക്കം ഒരുവിധത്തിൽ തീർത്തു..പിന്നെ റഷീദ പ്രസവിച്ച് കുറേ നാള് കഴിഞ്ഞപ്പോ ഞാൻ അവിടെ പോയി..
റഷീദയുടെ മാത്രമല്ല ഓളുടെ ഉമ്മയുടെയും പ്രസവം കഴിഞ്ഞിരുന്നു അപ്പൊ ..
രണ്ടു തൊട്ടിലിലും രണ്ടു മാലാഖക്കുഞ്ഞുങ്ങൾ… ഞാൻ ആ കുഞ്ഞുങ്ങളെ നോക്കിയിരിക്കവേ അതിൽ ഒരു കുഞ്ഞ് കരയാൻ തുടങ്ങി.. ഓളുടെ ഉമ്മ ബാത്‌റൂമിൽ ആയിരുന്നു.. ആ കുഞ്ഞിനെ ഓളെടുത്തു കരച്ചിൽ മാറ്റുമ്പോഴേക്കും മറ്റേ കുഞ്ഞ് കരയാൻ തുടങ്ങി..
അത് കേട്ട ഉടനെ കരയണ്ട വാവേ എന്ന് പറഞ്ഞ് ഓളുടെ പുയ്യാപ്ല വന്ന് ആ കുഞ്ഞിനെ എടുത്ത് തോളത്തിട്ടു..അപ്പോഴേക്കും ഓളുടെ ഉമ്മ കുളി കഴിഞ്ഞ് വന്നു..” കുഞ്ഞിന് വിശന്നിട്ടാണെന്ന് തോന്നുന്നു ഇങ്ങനെ കരയുന്നത് “എന്നുപറഞ്ഞ് ഓളുടെ പുയ്യാപ്ല കുഞ്ഞിനെ ഉമ്മയുടെ കയ്യിൽ കൊടുക്കുന്നത് കണ്ടപ്പോഴാണ് അത് ആരുടെ കുഞ്ഞാണെന്ന് എനിക്ക് മനസ്സിലായത് ..
ഈ കുഞ്ഞ് ഉണ്ടാകുന്നത് നാണക്കേടാണെന്ന് ഓർത്തിട്ടാണല്ലോ ഈ മാഷ് പിണങ്ങിപ്പോയതെന്ന് ഓർത്തപ്പോ എനിക്ക് ചിരി വന്നു..ഞാൻ തിരിച്ചു പോരാൻ നേരം രണ്ടു കുഞ്ഞുങ്ങളും രണ്ടുപേരുടെയും കൈകളിൽ കിടന്ന് സുഖമായി ഉറങ്ങുകയായിരുന്നു..
ബിന്ദു ✍️