പാടില്ല അവനെ ലോകം അറിയണം എന്നുപറഞ്ഞു എല്ലാത്തിനും മുമ്പിൽ നിന്നത് ഇക്കയാണ്.

Story written by Sumayya Beegum T A

======================

അയ്യയ്യേ ഒരുത്തൻ കേറി പിടിച്ചു നശിപ്പിച്ചു എന്നൊക്കെ കെട്യോനോട് ഇവറ്റകളൊക്കെ എങ്ങനാ പറയുക.

നമ്മുടെ കാലത്ത് എങ്ങാനും ആയിരുന്നെങ്കിൽ ഒറ്റ വെട്ടിനു നമ്മളെയും തീർക്കും അവനെയും തീർക്കും. കാലം പോയ പോക്കേ.

നീ ഒന്ന് ചുമ്മാതിരിയെടി ഇതൊക്കെ ഇന്നത്തെ അവളുമാര് സുഖിച്ചിട്ട് ഓരോന്ന് പറഞ്ഞു നടക്കുന്നതല്ലേ ഒന്നുകിൽ കെട്ട്യോന്റെ മുമ്പിൽ നല്ല പിള്ള ചമയാൻ ഇല്ലേൽ അവനും കൂടി ചേർന്നുള്ള ഇടപെടായിരിക്കും. നല്ല കാശുകാരുടെ കയ്യിലെ പൈസ തട്ടാൻ.

ഛെ ഉളുപ്പില്ലാത്ത ഓരോത്തിമാർ കാരണം പെണ്ണുങ്ങടെ വെലയും നിലയും പോയി എന്നുപറഞ്ഞ മതിയല്ലോ.

തിരക്കില്ലാത്ത കെ എസ് ആർ ടി സി ബസിലെ മധ്യവയസ്സ് കഴിഞ്ഞ ആ രണ്ട് സ്ത്രീകളുടെ സംസാരം എല്ലാർക്കും കേക്കാവുന്ന വിധത്തിൽ ആയിരുന്നു.

ഇളം വെയിലിൽ ഇടയ്ക്കിടയ്ക്ക് വീശുന്ന കാറ്റിന്റെ സുഖത്തിൽ അവൾ അഷ്‌കറിന്റെ തോളിലേക്ക് ചാഞ്ഞു കിടന്നു.

അവരുടെ ഉറക്കെയുള്ള സംസാരം കേട്ടപ്പോൾ അവൾ അറിയാതെ ചിരിച്ചു പോയി.

ഈ ലോകത്തു നടക്കുന്ന എല്ലാ കാര്യങ്ങളും നമ്മൾ കാണുന്ന പോലെയും അതിന്റെ ശരികൾ നമ്മൾ തീരുമാനിക്കുന്നത് പോലെയാണെന്നും നമുരോരുത്തരും സ്വയം വിധിക്കുന്നു. അതിന്റെ അടിസ്ഥാനത്തിൽ ചിലരെ ശിക്ഷിക്കുന്നു മറ്റു ചിലരെ വെറുതെ വിടുന്നു.

ഒരു ദിവസം സെയ്‌തലി കാക്കാടെ കടയിൽ നിന്ന് ഓരോ സർബത്ത് വാങ്ങി കുടിച്ചുകൊണ്ട് നിന്നപ്പോഴാണ് ഇക്കാ പറഞ്ഞത് എന്റെ തൊണ്ടയിൽ ഒരു വീർപ്പു തോന്നുന്നെന്നു.

ഇടയ്ക്ക് ഭക്ഷണം ഇറക്കാൻ ബുദ്ധിമുട്ട് ഉണ്ടായതും കിടക്കുമ്പോൾ ഉള്ള ശ്വാസം മുട്ടലും എല്ലാം കൂടി ചേർത്തു വായിച്ചപ്പോഴാണ് ഡോക്ടറെ കണ്ടതും പരിശോധനകൾ നടത്തിയതും.

ഇപ്പോൾ കുഴപ്പമില്ല വളർന്നാൽ പണിയാകും മെഹറുബ എന്ന് ഡോക്ടർ പറഞ്ഞപ്പോൾ ഇക്കാ സർജറിക്ക് അപ്പോ തന്നെ സമ്മതം മൂളി.

ഇൻജെക്ഷൻ എടുക്കാൻ നഴ്സ് സിറിഞ്ചു എടുക്കുമ്പോൾ ഉപ്പാനെ കെട്ടിപിടിക്കുന്ന ഞാൻ എങ്ങനെ രണ്ടെണ്ണത്തിനെ പ്രസവിച്ചു എന്നത് പോലും എനിക്ക് തന്നെ അതിശയമാണ്.

ആ ഞാൻ എങ്ങനെ സർജറിക്ക് സമ്മതിക്കും.

കൂട്ടത്തിലൊരു ഇത്താത്ത സർജറിക്ക് ഇടയിൽ മരിച്ചുപോയതും അടുത്തുള്ളൊരു ചേട്ടൻ അനസ്തീഷ്യ കൊടുത്തപ്പോ തന്നെ മരിച്ചതുമൊക്കെ ഓർമയിൽ വന്നു.

ഓരോ ദിവസവും ഓരോ യുഗം പോലെ കടന്നുപോയി.

മക്കളെയും ഇക്കാനെയും ഓർക്കുമ്പോൾ തന്നെ കരൾ പിടയും.

കൊച്ചുമക്കൾ ആണ് എനിക്ക് എന്തേലും സംഭവിച്ചാൽ അവരെ ആര് എന്നെപോലെ നോക്കും എന്നൊക്കെ ഓർക്കും.

എന്നാൽ ആ ചിന്തകളെയൊക്കെ കാറ്റിൽ പറത്തി ഇക്കാ പോസിറ്റീവ് എനർജി നിറച്ചുകൊണ്ടിരുന്നു. ഞാൻ ഇല്ലേടി ഒന്നും വരില്ല എന്ന് പലതവണ പറഞ്ഞു കേട്ടപ്പോൾ എനിക്കും ഒരു ധൈര്യമായി.

ഓപ്പറേഷനിടയിൽ പേടിച്ചു അറ്റാക് വന്നു മരിച്ചുപോകുമോ എന്ന് വരെ ഓർത്തെങ്കിലും പേടിച്ചപോലെ ഒന്നും സംഭവിച്ചില്ല.

വെള്ളയുടപ്പുകൾ ഇട്ടു ഓപ്പറേഷൻ തീയേറ്ററിൽ കയറിയതും മനോഹരമായ ചിരിയോടെ ഡോക്ടർ സംസാരിച്ചതും ഓർമയുണ്ട്.

പിന്നെ ഒരു മൂടൽമഞ്ഞു പോലെ എല്ലാം അവ്യക്തമാണ്. ഞാനും മക്കളും കൂടി കുറെയേറെ മാമ്പഴങ്ങൾ പെറുക്കി അടുക്കി വെക്കുന്നു. പരസ്പരം സംസാരിക്കുന്നു ചിരിക്കുന്നു കളിക്കുന്നു. ശാന്തമായ മയക്കം.

ഇടയ്ക്കെപ്പോഴോ കയ്യിൽ തട്ടി ഇക്കാ വിളിച്ചു.

മെഹർ ഡാ സർജറി കഴിഞ്ഞു കേട്ടോ പതിയെ നെറ്റിയിൽ ആ കൈവിരലുകൾ തഴുകുന്നു ആ കുളിർമയിൽ സർജറി കഴിഞ്ഞെന്ന വലിയ സമാധാനത്തിൽ ഞാൻ വീണ്ടും മയക്കത്തിലേക്ക് വീണു..

ഇടയ്ക്കെപ്പോഴോ ദേഹത്ത് എന്തോ ഒരു ഭാരം എന്ന് തോന്നി. അരുതാത്ത സ്പർശനങ്ങൾ ദേഹം മൊത്തം. ആരുടെയോ കൈവിരലുകൾ വേദനിപ്പിക്കുന്നു. ശ്വാസം മുട്ടുന്നു.

കണ്ണുകൾ വലിച്ചു തുറക്കാൻ ശ്രമിച്ചു. പാതി തുറന്ന കണ്ണിലൂടെ കണ്ടു ഇടയ്ക്ക് കണ്ടിട്ടുള്ള ഒരു അറ്റൻഡർ മുഖം ഉയർത്തി തന്നെ നോക്കുന്നുണ്ട് അയാൾ തന്നെ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്.

യാ അല്ലാഹ് ഹൃദയം പൊട്ടി അലറി ആര് കേൾക്കാൻ. ചുണ്ടുകൾ അനങ്ങുന്നില്ല. മരുന്നിന്റെ മയക്കവും പേടിയും കൂടി ആയപ്പോൾ തൊണ്ട വരളുന്നു നാവ് പൊങ്ങുന്നില്ല.

എന്റെ വെപ്രാളവും ഹൃദയമിടിപ്പ് കൂടിയതും ഒക്കെ കണ്ടിട്ടാവണം അയാൾ എല്ലാം അവസാനിപ്പിച്ചു എഴുന്നേറ്റു.

മനസ്സ് മൊത്തത്തിൽ വൃണപ്പെട്ടു ആ മുറിവിൽ നിന്നെല്ലാം ചോര കിനിഞ്ഞു.

എന്റെ സമ്മതത്തോടെ മാത്രം എന്നെ സ്വന്തമാക്കുന്ന ഭർത്താവ്, എനിക്ക് ആവശ്യമുള്ളതെല്ലാം തന്ന് സ്വന്തം തൃപ്തിയേക്കാൾ എന്നെ തൃപ്തി പെടുത്താൻ എപ്പോഴും മത്സരിക്കുന്നൊരാൾ. ഒരു ചെറു നോവ് പോലും ഞാൻ അറിയരുതെന്ന് കരുതി ഏറ്റവും ശ്രദ്ധിക്കുന്നയാൾ ആ ശരീരം ആണ് ഒരു പി ശാചിനാൽ മൊത്തത്തിൽ നശിച്ചത്.

എന്ത് ചെയ്യണം എന്നാദ്യം ഒരു പിടിയുമുണ്ടായിരുന്നില്ല പക്ഷേ ആ വൃത്തികെട്ടവന്റെ മുഖം ഓർത്തപ്പോൾ എല്ലാം എല്ലാരും അറിയണം എന്ന് ഉറപ്പിച്ചു.

ബോധം തെളിഞ്ഞപ്പോൾ റൂമിൽ ഡോക്ടർ പരിശോധനയ്ക്ക് വന്ന സമയം ഇക്കയെയും മൂത്ത സഹോദരനെയും വിളിച്ചു മൂന്നുപേരോടുമായി ആ സംഭവം ധൈര്യത്തോടെ പറഞ്ഞു.

എന്തും നേരിടാം എന്നുറപ്പിച്ചു തന്നെ ആണ് എല്ലാം പറഞ്ഞതെങ്കിലും പുരുഷന്മാരായ ആ മൂന്നുപേരും എന്നെ മനസ്സിലാക്കുകയാണ് ചെയ്തത്.

ഒന്നും മിണ്ടാതെ ഇക്കയും മൂത്ത ആങ്ങളയും റൂമിൽ നിന്നിറങ്ങി പോയപ്പോൾ ഒരുപാട് സങ്കടം തോന്നി എങ്കിലും ഇക്കയെ കുറ്റപ്പെടുത്താൻ തോന്നിയില്ല. ഒരു പുരുഷനും സഹിക്കാവുന്ന ദുരന്തം അല്ല എനിക്ക് ഉണ്ടായത്. വരുന്നപോലെ വരട്ടെ എന്നോർത്ത് കണ്ണടച്ച് കിടന്നു.

എല്ലാം അറിഞ്ഞ അമ്മയും അമ്മായിയും ഞാൻ കേൾക്കെ തന്നെ എന്നെ കുറ്റപ്പെടുത്തി. ഒന്നും ആരോടും പറയണ്ടായിരുന്നു എന്നുപറഞ്ഞു പരിതപിച്ചു.

കുറച്ചു സമയത്തിന് ശേഷം വന്ന നഴ്സുമാർ സംസാരിക്കുന്നത് കേട്ടു ഐ സി യൂ വിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന അറ്റെൻഡറെ ഏതോ കുറച്ചു പേര് ചേർന്ന് ഒരുപാട് മർദിച്ചു നാഭികിട്ട് ഒക്കെ നല്ല ചവിട്ട് കിട്ടിയിട്ടുണ്ടെന്നു.

അന്നേരം എന്റെ കണ്ണിൽ നിന്ന് പൊഴിഞ്ഞത് കണ്ണീരായിരുന്നില്ല തീ കനലുകൾ ആയിരുന്നു.

ഇടയ്ക്കെപ്പോഴോ മുടിയിഴകളിൽ നനുത്ത കൈവിരലുകൾ തഴുകുന്നത് അറിഞ്ഞപ്പോൾ പെട്ടന്ന് കണ്തുറന്നു.

എന്റെ ഇക്കയും മൂത്ത ആങ്ങളയും ഇരു കൈകളും കൈകളിൽ എടുത്തു വെച്ചു എന്നെ നോക്കിയിരിക്കുന്നു. രണ്ടാളുടെയും കണ്ണുകൾ കടൽ പോലെ.

ഞാൻ ഉണർന്നന്നറിഞ്ഞപ്പോൾ ആങ്ങള നെറ്റിയിൽ ഒരുമ്മ തന്നിട്ട് റൂമിനു പുറത്തു പോയി. ഇക്കയെ നോക്കിയതും ഞാൻ കരഞ്ഞുപോയി. തൊണ്ട അനക്കാനോ ഉറക്കെ ശബ്‌ദിക്കാനോ പറ്റില്ലാഞ്ഞിട്ടും ഞാൻ കരഞ്ഞു.

ആ കണ്ണുകൾ നിറഞ്ഞു കവിഞ്ഞു ഒന്നും മിണ്ടാതെ എന്നെ ചേർത്തുപിടിച്ചു.

എന്റെ ശരീരം വൃത്തിയാക്കി തന്നപ്പോൾ ഒക്കെ ആ ചങ്കു പൊട്ടുന്നത് ഞാൻ കണ്ടിട്ടും പിടിച്ചുനിന്നു.

ഡോക്ടർ പോലീസിൽ വിവരം അറിയിച്ചതിനനുസരിച്ചു കേസും കാര്യങ്ങളും മുമ്പോട്ട് പോകുന്നു.

എന്റെ മാനമോ എന്റെ കുടുംബത്തിനുണ്ടാവുന്ന അപമാനമോ ഓർത്തു ഞാനിത് മറച്ചു വെച്ചാൽ ആ മൃഗം അവിടെ ഇനിയും അഴിഞ്ഞാടും ആ പേ പിടിച്ച പല്ലുകൾ ഒരുപാട് അമ്മമാരുടെ പെൺകുഞ്ഞുങ്ങളുടെ മേനിയിൽ ക്ഷതങ്ങൾ തീർക്കും.

പാടില്ല അവനെ ലോകം അറിയണം എന്നുപറഞ്ഞു എല്ലാത്തിനും മുമ്പിൽ നിന്നത് ഇക്കയാണ്.

മെഹറു നീ ഉറങ്ങുവല്ലായിരുന്നോ?

ഇക്കയുടെ ചോദ്യം ചിന്തകളിൽ നിന്ന് എന്നെ ഉണർത്തി.

അടുത്ത സ്റ്റോപ്പിൽ ഇറങ്ങണം. ഇക്കാ ആ രണ്ട് സ്ത്രീകൾ പറയുന്നത് കേട്ടോ.

ലോകം പലതും പലരെയും പറ്റി പറയും. കാലം മാറിയതും ഭർത്താവ് എന്നാൽ ഭരിക്കുന്നവൻ മാത്രം ആണെന്ന ചിന്ത മാറിയതും ഒന്നും അവർക്ക് അറിവുണ്ടാകില്ല.

അല്ലെങ്കിൽ തന്നെ ഒരു പെണ്ണിനെ അവളുടെ പുരുഷനെക്കാൾ വേറെ ആർക്കാണ് മനസ്സിലാവുക.

അതുപറഞ്ഞു അഷ്‌കർ സീറ്റിൽ നിന്നും എഴുന്നേറ്റു,സ്റ്റോപ്പ്‌ എത്തി.

ആൺ എന്ന് ഉറപ്പിച്ചു പറയാവുന്ന അവനൊപ്പം അവളും നടന്നു.

അരുതുകളുടെ മറയിൽ ഒളിച്ചു വെച്ച കരച്ചിലുകൾ ഇല്ലാതെ പരസ്പരം മനസ്സിലാക്കി ആ യാത്ര ഇനിയും മുമ്പോട്ട് പോകട്ടെ. ഒരു ഭാര്യയുടെ ഏറ്റവും നല്ല സുഹൃത്തും വഴികാട്ടിയും അവളുടെ ഭർത്താവ് തന്നെയാവട്ടെ.

(കഥ, കഥാപാത്രം സാങ്കല്പികം )