മീരയുടെ മുഖം ഉയർത്തി നെറ്റിയിൽ ദേവന്റെ ചുണ്ട് അമരുമ്പോൾ മീരയുടെ മുഖത്ത് നാണം വിരിഞ്ഞു…

എഴുത്ത്: ശ്യാം കല്ലുകുഴിയിൽ

===============

” എന്തൊക്കെയായാലും താൻ ഈ രാത്രി ഇറങ്ങി വന്നത് ശരിയായില്ല… “

ഗ്ലാസ്സിലേക്ക് കോഫി പകരുമ്പോഴാണ് ദേവൻ അത് പറഞ്ഞത്, വയനാടിന്റെ തണുപ്പിൽ തണുത്ത് വിറച്ച മീര കൈകൾ കൂട്ടിയുരുമ്മി ഒന്നും മിണ്ടാതെ ദയനീയമായി ദേവനെ നോക്കിയിരുന്നു…

” താൻ ഇത് കുടിക്ക്…”

കയ്യിലുണ്ടായിരുന്ന കോഫീ ഗ്ലാസ്സ് മീരയ്ക്ക് നേരെ ദേവൻ നീട്ടി, അത് വാങ്ങി കൈ വെള്ളയിൽ മാറി മാറി പിടിക്കുമ്പോൾ തണുപ്പിന് ഒരാശ്വാസം കിട്ടുന്നത് പോലെ മീരയ്ക്ക് തോന്നി…

അൽപ്പം മാറി മേശയിൽ ചാരി നിന്ന് ദേവൻ ഒന്നും മിണ്ടാതെ മീരയെ തന്നെ നോക്കി നിന്നു. കുറുച്ച് നേരം കോഫീ ഗ്ലാസ്സ് കൈയ്യിൽ മാറി മാറി പിടിച്ച ശേഷമാണ് ഗ്ലാസ്സ് ചുണ്ടോട് അടുപ്പിച്ചത്, കോഫിയിൽ നിന്ന് ഉയർന്ന ഏലയ്ക്കയുടെ മണം മൂക്കിലേക്ക് അടിക്കുമ്പോൾ മീര തലയുയർത്തി ദേവനെ നോക്കി, തന്നെ നോക്കി നിൽക്കുന്ന ദേവന് ഒരു ചിരി സമ്മാനിച്ചുകൊണ് മീര ചൂട് കോഫീ ഊതിയൂതി കുടിച്ചു…..

പണ്ടൊരിക്കൽ ദേവനോട് പറഞ്ഞതാണ് കോഫിയിൽ ഏലയ്ക്കയിട്ട് കുടിക്കുന്ന ശീലം, ഇന്നും അത് ദേവൻ മറന്നിട്ടില്ല, അല്ലേലും ദേവൻ പലപ്പോഴും ചെറിയ കാര്യങ്ങൾ പോലും ഓർത്തിരിക്കുന്നത് മീരയെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്…

കോഫീ കുടിച്ച് തീരുന്നതുവരെ അവർ പരസ്പരം ഒന്നും മിണ്ടിയിരുന്നില്ല, മീര കുടിച്ച ഗ്ലാസ്സ് തിരികെ വാങ്ങി കഴുകി വച്ച് ദേവൻ മീരയുടെ അരികിലേക് വന്നിരുന്നു ..

“ഞാനൊന്ന് ഹഗ്ഗ് ചെയ്തോട്ടെ….”

അവർക്കിടയിൽ നീണ്ടു നിന്ന ഏറെ നേരത്തെ മൌനത്തിന് ശേഷമാണ് മീരയത് ചോദിച്ചത്. ദേവൻ ഒന്നും മിണ്ടാതെ മീരയെ തന്നെ നോക്കിയിരുന്നു. മീര ഒന്നുകൂടി ആ ചോദ്യം ആവർത്തിച്ചപ്പോൾ ദേവൻ എഴുന്നേറ്റ് നിന്ന് മീരയ്ക്ക് നേരെ കൈകൾ നീട്ടി….

സന്തോഷത്തോടെ മീര ദേവന്റെ കരങ്ങൾക്കിടയിലൂടെ ആ നെഞ്ചിൽ മുഖം ചേർത്ത് കെട്ടിപ്പിടിച്ച് നിന്നു. കുറച്ച് നിമിഷങ്ങൾക്ക് ശേഷം ദേവൻ മീരയെ തന്നിൽ നിന്ന് മാറ്റാൻ ശ്രമിച്ചെങ്കിലും മീര ഒന്നുകൂടെ ദേവനെ മുറുക്കിപിടിച്ച് നിന്നതേയുള്ളു…..

“എന്നോട് എപ്പോഴേലും പ്രണയം തോന്നിയിട്ടുണ്ടോ… “

ദേവനിൽ നിന്ന് മാറാതെ തന്നെയാണ് മീര അത് ചോദിച്ചത്. മൗനമായിരുന്നു ദേവന്റെ മറുപടി…

” ഞാൻ ആഗ്രഹിച്ചിട്ടുണ്ട് എന്നെയാരെങ്കിലും പ്രണയിച്ചിരുന്നെങ്കിലെന്ന്, ആരാലെങ്കിലും പ്രണയിക്കപ്പെടാൻ ഞാൻ വല്ലാതെ ആഗ്രഹിക്കുന്നു, എന്നെ കേൾക്കാൻ, എന്നെ മനസ്സിലാക്കാൻ, എനിക്കായി ഒരാൾ ഉണ്ടെന്ന തോന്നലിൽ ജീവിക്കൻ…… “

ദേവൻ മെല്ലെ മീരയുടെ തോളിൽ തട്ടി അവർ പറയുന്നതും കേട്ട് നിന്നു…

” ഞാൻ… ഞാൻ പ്രണയിച്ചോട്ടെ… ഒന്നിനും വേണ്ടിയല്ല വെറുതെ, എനിക്ക് ആരെങ്കിലും ഉണ്ടെന്ന തോന്നലിന് വേണ്ടിയെങ്കിലും…. “

അത് പറഞ്ഞ് കഴിഞ്ഞും ദേവനിൽ നിന്ന് മറുപടി ഒന്നും കിട്ടാതെ ഇരുന്നപ്പോൾ മീര ദേവന്റെ നെഞ്ചിൽ നിന്ന് തലയുയർത്തി ആ കണ്ണുകളിലേക്ക് നോക്കി നിന്നു …

ദേവൻ എന്തോ പറയാൻ തുടങ്ങുമ്പോഴേക്കും മേശപ്പുറത്തിരുന്ന മൊബൈൽ ഉച്ചത്തിൽ ശബ്ദിച്ചു തുടങ്ങി…. മീരയിൽ നിന്ന് മാറി മൊബൈൽ എടുത്ത് നോക്കി ചിരിച്ചുകൊണ്ട് അത് മീരയുടെ നേരെ പിടിച്ചപ്പോൾ, മീര ഒന്നും മിണ്ടാതെ പുറത്തെ വാതിലിലേക്ക് നടന്നു…

” ഹലോ….. “

കാൾ അറ്റൻഡ് ചെയ്ത് ദേവൻ ചെവിയിൽ ചേർത്ത് പിടിച്ചുകൊണ്ടു പറഞ്ഞു…

” ആ അങ്കിൾ അമ്മ അവിടെ ഉണ്ടല്ലോ ല്ലെ… “

മറു വശത്ത് നിന്ന് ആ ചോദ്യം കേട്ടപ്പോൾ ദേവൻ ഒന്ന് ചിരിച്ചു കൊണ്ട് മൂളി. പിന്നെയൊന്നും പറയാതെ കാൾ കട്ട് ആയപ്പോൾ ദേവൻ മൊബൈൽ തിരികെ മേശപ്പുറത്ത് വച്ച്, പുറത്തേക്ക് ഇറങ്ങുമ്പോൾ മീര മുറ്റത്തെ വലിയ ഊഞ്ഞാലിൽ ഇരിക്കുകയായിരുന്നു….

” അതേ നല്ല മഞ്ഞ് ഉണ്ട് വെറുതെ അസുഖം ഒന്നും വരുത്തി വയ്ക്കേണ്ട…. “

ദേവൻ ചിരിച്ചു കൊണ്ടാണ് അത് പറഞ്ഞ് മീരയ്ക്ക് അരികിൽ ഇരുന്നത്…

” സത്യം പറയാല്ലോ മടുത്തു ഈ ജീവിതം. ഇപ്പോൾ പിള്ളേര് പോലും അങ്ങേരുടെ ഭാഗത്ത് ആണ്…… “

മീര തല കുമ്പിട്ടിരുന്നാണ് അത് പറഞ്ഞത്….

” അവർക്ക് ആവശ്യമുള്ളത് എല്ലാം അങ്ങേര് വാങ്ങി കൊടുക്കും, അപ്പൊൾ പിള്ളേര് ഹാപ്പി, എന്റെ കയ്യിൽ എന്തിരുന്നിട്ട, വീട്ടിലേക്കുള്ള അത്യാവശ്യ സാധങ്ങൾ വാങ്ങാനുള്ള പൈസ പോലും എന്റെ ജോലി കൊണ്ട് കിട്ടില്ല… എന്നെ കാണിക്കാൻ ഇപ്പോൾ അങ്ങേര് ഓരോ ദിവസവും കാമുകിമരെയും കൂട്ടിയാണ് വീടിന്റെ മുന്നിൽ കൂടി വണ്ടിയിൽ പോകുന്നത്….. “

മീര അത് പറയുമ്പോൾ ദേവൻ ആ കയ്യിൽ മുറുകെ പിടിച്ചിരുന്നു….

“ഞാൻ…. ഞാൻ പിള്ളേർക്ക് വേണ്ടിയല്ലേ എല്ലാം സഹിച്ചു ജീവിക്കുന്നത്.. ഇപ്പോൾ അവരും….. അല്ലെങ്കിലും ഇവരെയൊക്കെ നോക്കി വളർത്താമെന്നല്ലാതെ അവരിൽ നിന്ന് തിരികെ ഒന്നും പ്രതീക്ഷിക്കരുതല്ലോ…. “

മീരയുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു. എന്ത് പറഞ്ഞ് അശ്വസിപ്പിക്കണമെന്ന് അറിയാതെ ദേവനും ഏറെ നേരം അങ്ങനെയിരുന്നു…

” മീര… “

അൽപ്പനേരം കഴിഞ്ഞ് ദേവൻ വിളിക്കുമ്പോൾ മീരയൊന്ന് മൂളിയതേയുള്ളു…

” തനിക്ക് ഓർമ്മയുണ്ടോ പത്താം ക്ലാസ് പരീക്ഷ അടുത്തപ്പോൾ ട്യൂഷൻ സെന്ററിൽ നൈറ്റ്‌ ക്ലാസ്സ്‌ വയ്ക്കുന്നത്, അന്ന് തിരികെ പോകുമ്പോൾ തന്നെ വീട്ടിലാക്കാനുള്ള ഉത്തരവാദിത്വം എനിക്കായിരുന്നു. രാത്രി താൻ എന്റെ പുറകെ നടക്കുന്നതും, ഇരുട്ടിൽ എന്തോ അനക്കം കേട്ടപ്പോൾ എന്റെ കയ്യിൽ മുറുക്കെ പിടിച്ചതും, പിന്നെ വീട് എത്തുന്നത് വരെ ആ പിടിത്തം വിടാതെ ഇരുന്നതും ഓർമ്മയുണ്ടോ… “

ദേവൻ ചിരിച്ചുകൊണ്ട് പറയുമ്പോൾ മീര ആ മുഖത്തേക്ക് നോക്കിയിരുന്നു…

” പിന്നെയുള്ള ക്ലാസ്സിലൊക്കെ ഞാനാകും ലാസ്റ്റിൽ പഠിച്ച് കഴിയുന്നത്, അത് എന്തിനാണെന്നറിയോ തന്നെ തനിച്ച് കിട്ടാൻ, പിന്നെയുള്ള ദിവസമെല്ലാം തന്റെ കയ്യും പിടിച്ച് നടക്കാൻ… “

ദേവൻ അത് പറയുമ്പോൾ മീര ചിരിച്ചുകൊണ്ട് തന്റെ കയ്യിൽ പിടിച്ചിരിക്കുന്ന ദേവന്റെ കയ്യിലേക്കും മുഖത്തേക്ക് മാറി മാറി നോക്കി. എന്തോ തെറ്റ് ചെയ്‌തെന്ന പോലെ ദേവൻ പെട്ടെന്ന് കൈ മാറ്റാൻ ശ്രമിക്കുമ്പോൾ മീര ആ കൈകൾ പിടിച്ച് വച്ചു…..

” തന്റെ വിവാഹം ഉറപ്പിച്ചപ്പോൾ ആദ്യം വന്ന് പറഞ്ഞത് എന്നോടായിരുന്നു. തന്റെ സന്തോഷം കണ്ട് ഞാൻ സന്തോഷിക്കുമ്പോഴും ഉള്ളിലൊരു നീറ്റലായിരുന്നു…. “

” എടൊ…. “

ദേവൻ പറഞ്ഞു തീരും മുന്നേ മീര ഇടയ്ക്ക് കയറി വിളിച്ചു….

” അതേടോ… എനിക്കൊരുപാട് ഇഷ്ടമായിരുന്നു. അതുപോലെ അത് പുറത്ത് പറയാൻ പേടിയും… പ്രണയത്തേക്കാൾ ഇഷ്ട്ടം തന്റെ സൗഹൃദമായിരുന്നു. പ്രണയം പറഞ്ഞ് ആ സൗഹൃദം നഷ്ട്ടപെടുത്താൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല എന്നതാണ് സത്യം…. “

അത് പറഞ്ഞ് മീരയുടെ അരികിൽ നിന്ന് എഴുന്നേറ്റ് ദേവൻ ഒന്ന് രണ്ട് ചുവട് മുന്നോട്ട് നടന്നു….

” ചില ഇഷ്ടങ്ങൾ എത്ര ശ്രമിച്ചാലും മനസ്സിൽ നിന്ന് പോകില്ല, അത് ഇങ്ങനെ ഓരോ നിമിഷവും നമ്മെ ഓർമിപ്പിച്ചു കൊണ്ടേയിരിക്കും,… പിന്നെ അതും ഒരു സുഖമാണ്,…..നഷ്ടത്തിന്റെ നോവിലും സന്തോഷം തരുന്ന ചില ഇഷ്ടങ്ങൾ…”

” മോള് ഇടയ്ക്ക് എന്നോട് ചോദിക്കും, ദേവനങ്കിളിന് അമ്മയോട് പ്രണയം ആണോയെന്ന്… ഞാൻ പറയും അവന് അതൊന്നും വരില്ലടിയെന്ന്… ഒരു പക്ഷെ അവൾക്ക് മനസ്സിലായികാണും എന്നിട്ടും എനിക്ക്……. “

ദേവന് പിന്നിലായി വന്ന് നിന്നുകൊണ്ട് മീര അത് പറയുമ്പോൾ, ദേവൻ തിരിഞ്ഞ് മീരയെ നോക്കി ഒന്ന് ചിരിച്ചു….

” ആ പത്താംക്ലാസ്സുകാരനിലുണ്ടായ ഇഷ്ട്ടം അതിപ്പോഴും ഒരു തുള്ളി പോലും കുറയാതെ എന്നിൽ തന്നെയുണ്ട്….. താൻ തനിച്ച് ആണെന്ന ചിന്ത വേണ്ട, ദേ ഇതുപോലെ ഓടി വരാനും, എന്തും പറയാനും ഞാൻ എന്നും ഉണ്ടാകും… “

അത് പറഞ്ഞ് കഴിയുമ്പോൾ ദേവന്റെ കണ്ണുകൾ നിറയുന്നത് മീര കണ്ടിരുന്നു. മറ്റൊന്നും പറയാതെ മീര ദേവനിലേക്ക് ചേർന്ന് നിൽക്കുമ്പോൾ ദേവന്റെ കൈകൾ മീരയെ ചേർത്ത് പിടിച്ച് കഴിഞ്ഞിരുന്നു. പരസ്പരം ഒന്നും മിണ്ടാതെ അവരുടെ മനസ്സുകൾ സംസാരിച്ച് കൊണ്ടിരുന്നു….

“അതേ പുറത്തെ മഞ്ഞ് കൊണ്ട് അസുഖം ഒന്നും വരുത്തേണ്ട തനിച്ചാണെന്ന ഓർമ്മ വേണം….”

ഏറെ നേരത്തെ ആ ചേർത്ത് പിടിക്കലിനിടയിലാണ് മീര അത് പറഞ്ഞത്. മീരയുടെ മുഖം ഉയർത്തി നെറ്റിയിൽ ദേവന്റെ ചുണ്ട് അമരുമ്പോൾ മീരയുടെ മുഖത്ത് നാണം വിരിഞ്ഞു, അന്ന് ആദ്യമായി ദേവന്റെ കണ്ണുകളിൽ തന്നോടുള്ള പ്രണയം വിരിയുന്നത് മീര കണ്ടു….

ദേവന്റെ കൈകളിൽ പിടിച്ച് മീര വീട്ടിലേക്ക് കയറുമ്പോൾ അവരുടെ മനസ്സ് ആ പഴയ പത്താം ക്ലാസുകാരിൽ നിൽക്കുകയായിരുന്നു. മറ്റൊന്നിനെ കുറിച്ചും ചിന്തിക്കാതെ അവർ ആ നിമിഷത്തിൽ സന്തോഷിക്കുയായിരുന്നു….

✍️ശ്യാം….