ആ കൊച്ചാണെങ്കിൽ ഒരു മനുഷ്യകുഞ്ഞിനെ പോലും ശ്രദ്ധിക്കുന്നില്ല കയ്യിലും കഴുത്തിലും പല നിറത്തിലുള്ള ചരടും….

ന്യൂ ജനറേഷൻ പെൺകുട്ടി…

Story written by Anu George Anchani

========================

“ആലുമ്മ ഡോളുമ്മ”…… തേനംമാക്കലേക്കു” കാലെടുത്തു വച്ചപ്പോളേ എതിരേറ്റത് “തലയുടെ” ഒരു കിടുക്കൻ പാട്ടു…

അല്ലേലും ഞങ്ങൾ ഈരാറ്റുപേട്ടക്കാർ പണ്ടേ ഇത്തിരി അടിച്ചുപൊളി പാർട്ടീസ് ആണെന്നേ… ! .. അതൊണ്ടുതന്നെ ആ റൂട്ടിൽ ഓടുന്ന എല്ലാ ബസുകളും നല്ല ചുള്ളന്മാരും ചുള്ളത്തിമാരുമാണ് കേട്ടോ… ! സ്കൂൾ ടൈം ആണെങ്കിൽ പിന്നെ പ്രത്യേകിച്ചു പറയുവേം വേണ്ട.. , എന്തായാലും എൻറെ ഈ യാത്ര ഒരു ഉച്ചതിരിഞ്ഞ നേരത്താ. കാഞ്ഞിരപ്പള്ളി വരെ ഒന്നുപോവണം…..,

എൻറെ സ്റ്റോപ്പ് ആയ തണ്ണിനാലിൽ നിന്നു ബസ് മുൻപോട്ടു എടുത്തപ്പോൾ തന്നെ ബസിൽ ആകമാനം ഒന്നു കണ്ണോടിച്ചു…ഹ്മ്മ്…. ഒരു രക്ഷയും ഇല്ലാ.. ! ഒറ്റ സീറ്റുപോലും കാലിയില്ല…ആകെ ഉള്ളത് പെട്ടിപ്പുറം മാത്രമാണ്… പഠിപ്പും കഴിഞ്ഞു. ജോലിം കിട്ടിയപ്പോളേ വല്യ കുട്ടിയായി എന്ന ഒരു ചെറിയ അഹങ്കാരം ഉള്ളതുകൊണ്ട് അവിടെ പോയി ഇരിക്കാനും വയ്യ…. സ്കൂളിൽ പോകുന്ന സമയതാണേല് അവിടെ ഇരിക്കാനാരുന്നു മത്സരം. “കിളിച്ചേട്ടൻ ” വന്നു എണീപ്പിച്ചും വിടില്ല.. ഏറ്റവും മുൻപിൽ ഇരുന്നു കാഴ്ചകൾ ഒക്കെ കാണുകയും ചെയ്യാം…

ആ…അതൊക്കെ അന്ത കാലം ഇനിയിപ്പോ ദുരഭിമാനവും തലേൽ വച്ചു “പൊക്കമില്ലായ്മയാണ് എൻറെ പൊക്കം” എന്നു ഓതിത്തന്ന വല്യ മനുഷ്യനെ ഓർത്തു കമ്പിയിൽ ഏന്തി പിടിച്ചു നില്കുകതന്നെ..വഴി …

ഓരോവളവ് തിരിയുമ്പോളും ഗതാഗത വകുപ്പിലെ നല്ലവരായ ചേട്ടന്മാർക്കു വേണ്ടി പ്രാർത്ഥിച്ചു ” ഈശ്വരാ ഭഗവാനെ നല്ലപോലെ അവരെ ഒന്നു ഗൗനിച്ചേക്കണേ”……

അങ്ങനേം ഇങ്ങനേം ആടിയുലഞ്ഞു.. പള്ളിവാതിക്കൽ എത്തി.. എൻറെ ഇടവകപ്പള്ളി ആന്നെ.. എത്തിവലിഞ്ഞു പള്ളിലേക്കു നോക്കി ഒന്നു നെറ്റിയിൽ കുരിശു വരച്ചു.. അതെന്റെ അമ്മച്ചി പഠിപ്പിച്ച ശീലാട്ടോ..പിന്നെ ഒരുകാര്യം കൂടി ഉണ്ടേ ഞങ്ങള് ചെമ്മലമാറ്റംകാർക്കു കാവലിന് ഒന്നും രണ്ടും അല്ലാ.. പുണ്യാളന്മാർ പന്ത്രണ്ടാ… കർത്താവീശോ മിശിഹായുടെ പ്രിയ ശിഷ്യന്മാർ… ഭാരതത്തിൽ തന്നെ അത്യപൂർവമാണ് പന്ത്രണ്ടു ശ്ളീഹന്മാരുടെ നാമദേയത്തിലുള്ള.., പാലാരൂപതയുടെ കീഴിലുള്ള ഞങ്ങളുടെ പള്ളി അതില് ഞങ്ങൾക്കു ഇച്ചിരി തലക്കനം ഉണ്ടെന്നും കൂട്ടിക്കോ.. !

പള്ളിക്കു എതിർവശത്താണ് എൻറെ വിദ്യാലയം.. സ്നേഹവും സൗഹൃദവും കൈകോർത്ത എൻറെ ” Lfhs ” .. നീണ്ട പതിനൊന്നു വർഷകാലം ഞാനും എൻറെ കൂട്ടുകാരും ഓടിക്കളിച്ച നടുമുറ്റം…. നെറ്റിചുളിക്കല്ലേ ഞാൻ നഴ്സറി തൊട്ടുള്ള കാലമാ പറഞ്ഞത്.. ഞങ്ങൾക്ക് ഹയർ സെക്കന്ററി ഇല്ലാരുന്നേ..

എന്തായാലും പുണ്യാളന്മാര് കനിഞ്ഞു. ഇരിക്കാൻ സീറ്റ് കിട്ടി. …. അവിടെ ഇറങ്ങാൻ ആളുകൾ ഉണ്ടാരുന്നു ഒപ്പം കേറാനും അതോണ്ട് നമ്മുടെ പെട്ടിപ്പുറം ഇപ്പോളും കാലിയാണ്… വാരിയാനിക്കാട്‌ സ്റ്റോപ്പിൽ എത്തിയപ്പോൾ ഒരു പെൺകുട്ടി കയറി ഇതിനു മുൻപെങ്ങും ഞാൻ അവളെ കണ്ടിട്ടേയില്ല… ആളു നല്ല ഉഷാറാണ്ട്ടോ കയറിയപാടെ പെട്ടിപ്പുറം സ്വന്തമാക്കി… പിന്നെ അവളായി ഞങ്ങൾ യാത്രക്കാരുടെ ശ്രദ്ധാ കേന്ദ്രം… ലോകത്തുള്ള സകലമാന നിറങ്ങളും അവളുടെ ഉടുപ്പിലുണ്ട്… ക്രിസ്റ്മസ്സ് ട്രീ ഉണ്ടാക്കാൻ ഇതുപോലത്തെ രണ്ടെണ്ണം മതി അത്രക്കും കളർഫുൾ…. അതാണെങ്കിലോ… ? പിഞ്ഞി കീറിയപോലെ കാറ്റത്തു പറന്നു കളിക്കുന്നു മോശം പറയരുതല്ലോ ഞാൻ ഇട്ടിരിക്കണത് നല്ല ഇസ്തിരി ഇട്ടു മിനുക്കിയ കോട്ടൺ ചുരിദാർ ആണേ… !

ആ കൊച്ചാണെങ്കിൽ ഒരു മനുഷ്യകുഞ്ഞിനെ പോലും ശ്രദ്ധിക്കുന്നില്ല കയ്യിലും കഴുത്തിലും പല നിറത്തിലുള്ള ചരടും കോർത്തിട്ടിരിക്കുന്നു മുടിയാണേൽ എണ്ണ കണ്ടിട്ട് തന്നെ കാലങ്ങളായി ഇത്രയും ആയപ്പോളേ കാര്യം പിടികിട്ടി, “ന്യൂ ജനറേഷനാ…. ന്യൂ ജനറേഷൻ’……

ഉറപ്പിക്കാനായി ഒന്നുകൂടി സൂക്ഷിച്ചു നോക്കി…, ശരിയാ ഇതു അത് തന്നെ കാരണം കൈലുണ്ടേ പട്ടിക കഷ്ണം പോലെ പരന്ന ഒരു മൊബൈൽ.. മറ്റേ കൈയിൽ പാതികടിച്ച ഒരു ഡയറി മിൽക്ക് സിൽക്കും….. ആളു വല്യ തിരക്കിലാ ആരോടോ ചാറ്റിങ്‌ൽ ആണെന്ന് തോന്നണു… അവളയ്ക്കുന്ന സ്മൈലീസ് ഏതാണെന്നു ആ മുഖത്തൂന്നു തിരിച്ചറിയാം.. എന്തൊക്കെയായാലും വളവും ചരിവും ഒക്കെ ഉണ്ടായിരുന്ന ആ യാത്രയിൽ ഒരു അഭ്യാസിയെപോലെ അവൾ പിടിച്ചിരിക്കുന്നത് ഒന്നു കാണേണ്ട കാഴ്ച തന്നെ ആരുന്നു.

അങ്ങനെ കാളകെട്ടി അസീസി അന്ധവിദ്യാലയത്തിനു മുൻപിൽ നിന്നും ആളു കയറി കൂട്ടത്തിൽ ഒരു നാല് വയസുകാരനും അവന്റെ അമ്മയും, ആ കുഞ്ഞിനെ കാണുമ്പോൾ തന്നെ അറിയാം അവനു കണ്ണുകാണില്ല കൂടാതെ ബുദ്ധിപരമായ വൈകല്യവും ഉണ്ടു.. ആരും അവർക്കു എണീറ്റ് കൊടുക്കണില്ല..

ഞാൻ എണീക്കാനോ വേണ്ടയോ എന്നു മൂന്നാമത് ഒന്നുകൂടി ചിന്തിച്ചപ്പോളേക്കും നമ്മുടെ “നിറക്കൂട്ട് ” അവന്റെ നേരെ കൈ നീട്ടിയിരുന്നു….അവൻ അവളെ ചേർത്തു പിടിച്ചു … ബാഗിൽ നിന്നും ഒരു ചോക്ലേറ്റ് എടുത്തു പൊളിച്ചു അവന്റെ കൈയിൽ വച്ചു കൊടുത്തു.. ഇതിനിടക്ക്‌ അവൾ മൊബൈൽ മാറ്റിവച്ചിരുന്നു.. അവനെ ചുറ്റിപിടിച്ച അവളുടെ കൈകളിലേക്ക് അവന്റെ കടവായില്നിന്നും തുപ്പൽ ഒലിക്കുന്നുണ്ടായിരുന്നു.. ഒട്ടും മടിക്കാതെ അവളതു സ്വന്തം തൂവാല കൊണ്ട് തുടച്ചെടുത്തു അവന്റെ ചുണ്ടും…

അവർമാത്രമേ ഉള്ളു ബസിൽ എന്നു തോന്നും..,അത് അവരുടെ ലോകമാരുന്നു. അവളുടകിലുക്കാംപെട്ടി വാർത്തനങ്ങൾ അവന്റെ മുഖത്തു ചിരി പടർത്തുന്നുണ്ട്..ഈ കാഴ്ച എന്നിൽ മാത്രമല്ല കുഞ്ഞിന്റെ അമ്മയിലും ആശ്ചര്യം ഉളവാക്കുന്നുണ്ട് ഒപ്പം മനസ്സിലെവിടെയോ ഒരു കുളിർമയും…

ആനക്കല് പള്ളിയുടെ മുൻപിൽ ബസ് നിർത്തി… കുഞ്ഞിനെ അവന്റെ അമ്മയെ ഏല്പിച്ചിട്ടു അവളവിടെ ഇറങ്ങി പോയി… പള്ളി മുറ്റത്തേക്കു കയറിയ അവളെ ഒന്നുകൂടി ഞാൻ എത്തി നോക്കി എന്നിട്ടു കുരിശടിലേക്കു തിരിഞ്ഞു പ്രാർത്ഥിച്ചു…

“എൻറെ അന്തോണീസു പുണ്യാളാ എന്നേം ഇതുപോലൊരു ന്യൂ ജനറേഷൻ ആക്കണേ…കൂട്ടത്തിൽ പുറം മോടിക്കണ്ടു ആൾക്കാരെ വിലയിരുത്തുന്ന എൻറെ ഈ കൊനഷ്ട് സ്വഭാവോം മാറ്റിത്തരണേ””…….

~അനു അഞ്ചാനി