എഴുത്ത്: നൗഫു
==================
“പത്താം ക്ലാസ് കഴിഞ്ഞു വീട്ടിൽ വെറുതെ ഇരിക്കുന്ന സമയത്താണ് എന്തേലും സ്വന്തമായി ചെയ്താലോ എന്നൊരു ചിന്ത മനസിലുദിച്ചത് “
“വേറെ ഒന്നുമുണ്ടായിട്ടല്ലട്ടോ.. പത്താം ക്ലാസ് അത്യുജ്ജലമായി പൊട്ടി പാളീസായി “..
” സാധാരണ അധികമാളുകളും ഒന്നോ രണ്ടോ പിന്നെയും ഏറി പോയാൽ നാല് വിഷയത്തിലോ അല്ലെ പൊട്ടാറുള്ളു.. പക്ഷെ എന്റെ കാര്യം അങ്ങനെ ആയിരുന്നില്ല.. സാമാന്യം വൃത്തിയായി എല്ലാ വിഷയത്തിലും പൊട്ടി.. പൊട്ടി പാളീസായി കിടക്കുന്നവന് പ്ലസ് 2സീറ്റ് കൊടുക്കില്ല എന്നൊരു ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചത് കൊണ്ട് മുന്നോട്ടുള്ള പഠിത്തം ഞാൻ അവിടെ നിർത്തി “
“ഒരു ജനാധിപത്യ സർക്കാർ അങ്ങനെ ഒരു ഉത്തരവ് പുറപ്പെടുവിക്കാൻ പാടില്ല എന്നാണ് എന്റെ അഭിപ്രായം “
അപ്പൊ ഞാൻ പറഞ്ഞു വന്നത്.. തുടരട്ടെ..
ആദ്യമായി എന്നെ പരിചയപെടുത്താം..
“എന്റെ പേര് അസ്‌ലം.. എല്ലാവരും ബാവ എന്ന് വിളിക്കും..”
“വീട്ടിൽ ഉമ്മ, ഉപ്പ, ഇക്ക, ഇത്ത പിന്നെ നിങ്ങളോട് സംസാരിക്കുന്ന ഞാനും… ഇവർക്കൊന്നും ഈ കുഞ്ഞിക്കഥയിൽ റോൾ ഇല്ലാത്തത് കൊണ്ട് നമുക്ക് എന്റെ കഥയുമായി മുന്നോട്ട് പോകാം..”
” തോറ്റു തൊപ്പിയിട്ട് (അപ്പി എന്ന് വായിക്കരുത്) നിൽക്കുന്നത് കൊണ്ട് വീട്ടിൽ നിന്നും അത്യാവശ്യം തെറിയും, ഇനി ജോലിക്ക് പോയി എന്തേലും കൊണ്ട് വരാതെ ഒരു തുള്ളി വെള്ളവും കിട്ടില്ല എന്ന ഉപരോധവും വന്ന അവസ്ഥയിൽ കിട്ടിയ ചെറിയ ചെറിയ ജോലി എടുക്കാൻ തുടങ്ങി… “
”അന്ന് കൂട്ടികളെ ജോലി ചെയ്യിപ്പിക്കുന്നതിന് ബാലവേല നിരോധനം ഇല്ല എന്ന് തോന്നുന്നു.. അല്ല.. അതെല്ല… പതിനെട്ടു വയസ്സ് ആയാൽ ബാലവേല നിയമത്തിനു പുറത്താണെന്ന് ആരോ പറഞ്ഞു കേട്ടിരുന്നു.. അതോണ്ട് എന്റെ വീട്ടുകാർ രക്ഷപെട്ടു.. അല്ലേൽ എല്ലാത്തിനെയും പിടിച്ചു ഞാൻ ഉണ്ട തീറ്റിച്ചേനി.. സോറി ബിരിയാണി തീറ്റിക്കുമായിരുന്നു… “
“അല്ലേലും… ഒന്നോ രണ്ടോ ക്ലാസുകൾ പാസ്സായി മുന്നോട്ട് പോകുവാൻ രണ്ടോ മൂന്നോ കൊല്ലം വേണമെന്ന് പറഞ്ഞാൽ പതിനെട്ടു കഴിയില്ല സുഹൃത്തുക്കളെ “..
“ജോലി അന്വേക്ഷിച്ചു നാട്ടിലെ കുഴിമടിയനായ പെയിന്റിംഗ് കോൺടാക്ട് എടുക്കുന്ന ആബിദ് കാക്കന്റെ അടുത്ത് അവസാനം ഞാൻ ചെന്നത്തി ..”
“അന്വേഷിക്കുവിൻ കണ്ടെത്തിടും എന്നുള്ള മഹാനായ പ്രവാചകന്റെ വാക്കുകൾ എത്ര സത്യം “
“ഇക്കയുടെ കൂടേ ആഴ്ചയിൽ രണ്ടോ മൂന്നോ പണിയെ ഉണ്ടാവൂ.. ബാക്കി ഉള്ള ദിവസങ്ങളിൽ ആള് ടൂർ ആയിരിക്കും.. അത് കൊണ്ട് തന്നെ നമുക്ക് ഇഷ്ടം പോലെ ഫ്രീ ടൈം ഉണ്ടാവും..”
“ദിവസക്കൂലിയായി എഴുന്നൂറും എഴുന്നൂറ്റി അൻപതും ഉള്ളത് കൊണ്ട് (സത്യത്തിൽ മൂപ്പര് 800 ഓ.. 850 മറ്റോ ആണ് വാങ്ങുന്നത്… ബാക്കി പൈസ കമ്മീഷൻ എന്ന പേരിൽ പോക്കറ്റിൽ ആക്കുകയാണ്.. ദോഷം പറയരുതല്ലോ.. നമുക്കുള്ള ബ്രെഷുകൾ ,.. പൂട്ടി ബ്ലേഡ് അങ്ങനെ ഉള്ള കുറച്ചു സാധനങ്ങൾ മൂപ്പരുടെ വകയാണ്…) ചിലവ് കുറച്ചു പൈസ മാറ്റി വെക്കാനും കഴിഞ്ഞു..
“അതിനിടയിലാണ് സ്വന്തമായി എന്തേലും ചെയ്താലോ എന്നൊരു ചിന്ത വന്നത്.. ചിന്ത മാത്രമേ കയ്യിലുള്ളു.. കായ് (പൈസ )..ഇല്ല..”
“കായിക്ക് എവിടെ പോകും… എല്ലാത്തിനും മുതൽ മുടക്കാൻ കുറച്ചേറെ പണം വേണമല്ലോ..”
“ആ സമയത്താണ് കൃഷി വകുപ്പിൽ നിന്നും തക്കാളി.. പച്ച മുളക്.. ചീര അങ്ങനെ കുറച്ചു സാധങ്ങളുടെ വിത്ത് വിതരണം നടക്കുന്നുണ്ടെന്നു കേട്ടത്.. അതിന് പിന്നെ മുതൽമുടക്ക് വേണ്ടല്ലോ.. സ്വന്തമായി കുറച്ചു സ്ഥലം മാത്രം മതി..”
“പേടിക്കണ്ട… അത് തുടങ്ങാനുള്ള പുരയിടം നാല് സെന്റ് സ്ഥലത്തു ഇല്ല.. ഇനി മട്ടുപാവിൽ തുടങ്ങനാണേൽ ഓടിട്ട വീടാണ്.. ഇന്നത്തെ കാലത്തും ഓടോ എന്ന് ചോദിക്കരുത്.. അങ്ങനെ കുറച്ചു വീട് ഈ കേരള മഹാരാജ്യത്ത് ഉണ്ട് സുഹൃത്തുക്കളെ.. ഓട് മാത്രമല്ല ഓല പുരയും ഉണ്ടാകുമായിരിക്കും..”
“പിന്നെ ഉള്ളത് വയലാണ്.. ആകെ കിട്ടിയത് എട്ടും പത്തും.. പതിനെട്ടോളാം വിത്തുകളാണ്.. ഇതുമായി പത്തു പന്ത്രണ്ടു ഏക്കർ പാടത്തു കൃഷിക് ഇറങ്ങുക എന്ന് വെച്ചാൽ.. ആദ്യമേ മണ്ടനാണെന്ന് മുദ്ര കുത്തിയ നാട്ടുകാർ പിന്നെ എന്നെ എന്ത് വിളിക്കുമെന്ന ഒരു ചിന്ത മനസ്സിൽ ഉദിച്ചപ്പോൾ ആ ശ്രമം ഞാൻ അങ്ങോട്ട് ഉപേക്ഷിച്ചു “..
“പിന്നെ അടുത്ത ബിസിനസ് ആയി ചിന്ത”
“അങ്ങനെ ഭൂലോകത്തുള്ള സകലമാന ഉടായിപ്പ് ബിസിനസുകളെക്കുറിച്ചും സ്റ്റഡി ചെയ്യുന്നതിന് ഇടയിലാണ്.. ( ഈ പഠിത്തം അന്ന് പത്താം ക്ലാസിൽ പഠിച്ചിരുന്നേൽ സത്യമായിട്ടും ഞാൻ ജില്ലയിൽ ഫസ്റ്റ് വാങ്ങിക്കുമായിരുന്നു)… വീടിനു അടുത്ത് തന്നെ ഉള്ള ഇക്ക പാലക്കാട് നിന്നും പോത്തും കുട്ടികളെ കൊണ്ട് പോകുന്നുണ്ടെന്ന് കേട്ടത്.. പത്തു പതിനാല് മാസം വളർത്തി അടുത്ത ബലി പെരുന്നാളിന് വിറ്റാൽ മുടക്ക് മുതലിന്റെ അഞ്ചിരട്ടി എങ്കിലും ലാഭം കിട്ടും..
“സമയം ഒത്തു വന്നത് കൊണ്ടാണെന്നു തോന്നുന്നു.. പെയിന്‍റ് പണിക്കിടയിൽ ഒരു ചെറിയ കുറിയിൽ ചേർന്നിരുന്നു.. നറുക്ക് കുറിയായത് കൊണ്ട് . അടിക്കുമെന്നുള്ള ഒരു പ്രതീക്ഷയും ഇല്ലാത്ത സമയമായിരുന്നു.. എന്തൊക്കെ ആണേലും.. നറുക്ക് എടുക്കുന്ന ദിവസം ഞാൻ ഒരുപാട് സ്വപ്നങ്ങൾ കാണാറുണ്ട്…എന്റെ ഭാഗ്യമോ നിർഭാഗ്യമോ… ആ മാസത്തിലെ നറുക് എനിക്ക് തന്നെ വീണു..”
“ഇക്ക പുതിയ ബിസ്സിനെസിനെ കുറിച്ച് പറഞ്ഞ, അന്ന് രാത്രി തന്നെ ആയത് കൊണ്ട് പതിനഞ്ചു കിട്ടിയതിൽ പന്ത്രണ്ടായിരം കൊടുത്തു എനിക്കും ഒരു പോത്ത് കുട്ടിയെ കൊണ്ട് വന്നു തരുവാൻ ഏൽപ്പിച്ചു..”
“എട്ട് മാസം വളർച്ച എത്തിയ ചെറിയ കുട്ടിയെയാകും നമുക്ക് കിട്ടുക.. രണ്ടു വയസ് വരെ വളർത്തണം.. കാര്യമായിട്ട് ചിലവൊന്നും ഇല്ല.. പക്ഷെ ഒരു പ്രശ്നം ഉള്ളത് ആളെ കൂടേ തന്നെ ഒരു വിധം സമയമെല്ലാം നമ്മളും വേണം..”
❤❤❤
“ഇക്ക പോത്തിനെ കൊണ്ട് വന്നു.. സ്വന്തമായി ആലയൊന്നുമില്ല.. ഇനി അത് കെട്ടി ഉണ്ടാക്കി വരുമ്പോഴേകും പണിയാകും.. ചിലവ് കൂടും അത് തന്നെ..”
“നാല് സെന്റ് പുരയിടത്തിൽ ആല കെട്ടാൻ സ്ഥലമെവിടെ… ഇവനെ കെട്ടുന്നത് തന്നെ തൊട്ടടുത്തുള്ള പറമ്പിലാണ്.. “
“ഞാൻ കിടക്കുന്ന റൂമിന്റെ ജനവാതിൽ തുറന്നാൽ ആളെ കാണാം “
“ആൾക്ക് ഞാൻ ഒരു പേരുമിട്ടു.. അപ്പു “
“പണി ഇല്ലാത്ത ദിവസങ്ങളിൽ രാവിലെ തന്നെ ആളെയുമായി ഇറങ്ങും..”
സത്യപറഞ്ഞാൽ ആദ്യ ദിവസങ്ങളിൽ ആള് കുത്തുമെന്നൊക്കെ ഒരു പേടി ഉണ്ടായിരുന്നു.. പക്ഷെ ഒന്നുമുണ്ടായില്ല.. ഒരാഴ്ച കൊണ്ട് തന്നെ എന്റെ കൂടേ നടക്കുവാൻ തുടങ്ങി…”
“മൂക്കു കയർ പോലും പിടിക്കേണ്ടത് ഇല്ല..ഞാൻ അവനെ കെട്ടാറുമില്ല..”
“വൈകുന്നേരങ്ങളിലെ ഫുഡ്‌ബോൾ കളിക്കിടയിലും അവൻ ഗ്രൗണ്ടിന് അടുത്ത് തന്നെ കാണും…”
“ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ അതുമായി വല്ലാത്ത ഒരു ആത്മബന്ധം ഞാൻ പോലും അറിയാതെ എന്റെ ഉള്ളിൽ പടർന്നിരുന്നു…”
“അവൻ ഇപ്പോഴും എന്റെ കൂടേ ഒരു കൂട്ടുകാരനെ പോലെ ഉണ്ടാകും … ദിവസങ്ങൾ പതിയെ മുന്നോട്ട് പോയി.. എന്റെ ശബ്ദം കേൾക്കുമ്പോൾ തന്നെ എവിടെ ആയിരുന്നേലും തല ഉയർത്തി നോക്കുന്നത് കാണാം “
“എണ്ണയൊക്കെ തേച്ചു മിനുക്കി ആയിരുന്നു ഞാൻ കൊണ്ട് നടന്നിരുന്നത് “..
“എനിക്ക് മാത്രമല്ല.. എന്റെ കൂട്ടുകാർക്കും.. വീട്ടുകാർക്കും എല്ലാം പ്രിയപ്പെട്ടവനായിരുന്നു അവൻ..”
“അങ്ങനെ ബലി പെരുന്നാൾ അടുത്തു കൊണ്ടിരുന്നു.. ചുറ്റിലുമുള്ള മഹല്ലുകളിൽ നിന്നും ആളുകൾ വില പേശലിനായി വിളിച്ചു കൊണ്ടിരുന്നു.. അത് വിറ്റ് കിട്ടിയ പണം കൊണ്ട് വേണം.. പെങ്ങക്ക് കിടക്കാനുള്ള റൂം വാർത്തിടാൻ എന്ന് വീട്ടിൽ ചർച്ച വന്നപ്പോൾ ഞാനും അനുകൂലിച്ചു..”
“പക്ഷെ.. ബലി പെരുന്നാൾ വരെ അവന് ആയുസ്സില്ലായിരുന്നു.. “
“ഒരിക്കൽ ഞങ്ങളുടെ വീടിന് അടുത്തുകൂടെ പോയ നാട്ടിലെ മുതലാളി.. അവനെ കണ്ടു.. എന്റെ അരികിലേക് വന്നു, ചോദിക്കുന്ന പണം തരാം വിൽക്കുന്നോ, എന്ന് ചോദിച്ചു..”..
“എത്ര കിട്ടും “.
ഞാൻ മുതലാളിയോട് ചോദിച്ചു..
“നീ പറഞ്ഞോ.. നിന്റെ മുതലല്ലേ.. “..
മുതലാളി വീണ്ടും എന്നോട് തന്നെ വില പറയാൻ പറഞ്ഞു..
ഞാൻ വീണ്ടും മുതലാളി എത്ര തരുമെന്ന് ചോദിച്ചു..
“ഒന്നേ ഇരുപത്തി അഞ്ചു തരാം.. അങ്ങോട്ടും ഇങ്ങോട്ടുമില്ല… എന്റെ പേരക്കുട്ടിയുടെ അഖീഖ ( മുടി മുറിക്കൽ ചടങ്ങിനോട് കൂടേ നടക്കുന്ന അറവ് ).. നടത്താനാണ് ഞാൻ വാങ്ങുന്നത്.. നിനക്ക് സമ്മതം ആണേൽ ഇതാ അഡ്വാൻസ് എന്നും പറഞ്ഞു… അയ്യായിരം രൂപ കയ്യിലെക്കു തന്നു..”
“എനിക്ക് ഒന്നും ചിന്തിക്കാൻ ഇല്ലായിരുന്നു.. നല്ല വിലയാണ്.. ആദ്യം വന്നവർ എല്ലാം എഴുപത്തി അയ്യായിരം.. കൂടിയാൽ എൺപതിനായിരം വരെ തരാമെന്നായിരുന്നു പറഞ്ഞിരുന്നത് .. “
“ഞാൻ മറ്റൊന്നും ചിന്തിക്കാതെ അഡ്വാൻസ് വാങ്ങി.. ബാക്കി കൊണ്ട് പോകുന്ന അന്ന് വൈകുന്നേരം വീട്ടിലേക്കു വന്നാൽ തരാമെന്ന് പറഞ്ഞു മുതലാളി പോയി “
“നല്ല വില കിട്ടിയ സന്തോഷത്തിൽ ഉമ്മയോട് പറയാനായി ഞാൻ വീട്ടിലേക്ക് ഓടി “
“മ്പേ…. “
എന്നെ കാണാതെ തന്നെ അവൻ ശബ്ദമുണ്ടാക്കുവാനായി തുടങ്ങി..
“എന്റെ കാലടികൾ പോലും അവന് തിരിച്ചറിയാൻ കഴിയുമെന്ന് ഞാൻ അന്നേരമാണ് അറിയുന്നത്… “
“വീട്ടിലേക് വരുന്ന വഴിയിൽ എന്നേക്കാൾ ഉയരത്തിലുള്ള മതിലുണ്ട്.. അതിലേക് ഏന്തി വലിഞ്ഞു കയറി ഞാൻ നോക്കുമ്പോൾ.. എന്നെ തന്നെ നോക്കി അവൻ നിൽക്കുന്നു “..
“എനിക്ക് എന്തോ മനസ്സിൽ ഒരു വല്ലായ്മ പോലെ “..
പക്ഷെ പൈസയുടെ കാര്യം ഓർമ വന്നപ്പോൾ ഞാൻ അതൊന്നും ഓർക്കാതെ വീട്ടിലേക് നടന്നു..
“ഉമ്മ.. ഉമ്മാ…”
ഉമ്മയോട് കാര്യം പറഞ്ഞപ്പോൾ ഉമ്മയുടെ മുഖത്തും ഒരു സന്തോഷമില്ല..
ആ വേറെ എന്തേലും ആകുമെന്ന് ചിന്തിച്ചു..
“അവനെ രണ്ടു ദിവസമായി ഞാൻ കാര്യമായി ശ്രദ്ധിക്കാതെയായി.. ഏതായാലും അറക്കാൻ ഉള്ളതല്ലേ ഇനി എന്തിനാ നോക്കുന്നത്.. അഡ്വാൻസ് ആണേൽ വാങ്ങിക്കുകയും ചെയ്തു.. ഇനി എനിക്ക് ബാക്കി കിട്ടിയാൽ മതി.. അതായിരുന്നു എന്റെ ചിന്ത “.
“അങ്ങനെ അവനെ കൊണ്ടുപോകുവാനുള്ള ആപ്പ ഓട്ടോ വീടിന് അടുത്തുള്ള വഴിയിലേക് എത്തി “..
“അത് വരെ മനസിൽ തോന്നാത്ത ഒരു തരം വിറയൽ… ആരെയോ നഷ്ട്ടപ്പെടാൻ പോകുന്നത് പോലെയുള്ള തോന്നൽ.. നിറയുന്നു..”
“പക്ഷെ.. അന്നേരവും എന്താണ് കാര്യമെന്ന് മാത്രം അറിയുന്നില്ല…”
ഒരു അറവ് കാരനും അയാളുടെ സഹായിയുമാണ് അപ്പുവിനെ കൊണ്ട് പോകുവാനായി വന്നത്…
“മ്പേ “
“ഞാൻ ഇത് വരെ ഈർക്കിളി കൊണ്ട് പോലും തല്ലാത്ത അപ്പുവിന്റെ മുതുകിൽ അയാൾ അടിക്കുമ്പോൾ അവൻ എന്നെ നോക്കി അലറുന്നുണ്ട്.. “
“അയാൾ അവനെ നടത്താനായി ബലം പ്രയോഗിക്കുന്നത് കൊണ്ട് തന്നെ ഞാൻ ഒന്നും മിണ്ടാതെ കണ്ടു നിന്നു “..
“പക്ഷെ എത്ര അടി കിട്ടിയിട്ടും അവൻ എന്റെ അരികിൽ നിന്നും ഒരടി പോലും അനങ്ങുന്നില്ല”..
“അവസാനം അയാൾ എന്നോട് തന്നെ.. അവനെ ഓട്ടോയിൽ കയറ്റി സഹായിക്കാൻ പറഞ്ഞു “
“ഞാൻ അവന്റെ മൂക് കയറിൽ പിടിച്ചു മുന്നോട്ട് നടന്നതും… അവനും എന്റെ കൂടെ മുന്നോട്ട് നടന്നു.. മുമ്പിലുള്ള.. ആപ്പയിലേക്ക് ഞാൻ കയറിയ ഉടനെ തന്നെ മുൻ കാല് വെച്ചു അപ്പുവും കൂടേ കയറി.. “
“ആപ്പയിലെ ക്യാബിന്റെ പുറകിലുള്ള കമ്പിയിലേക്കു ചേർത്ത് കെട്ടി ഞാൻ ഓട്ടോയിൽ നിന്നും ഇറങ്ങി “..
“അപ്പുവിനെ കൊണ്ട് പോകാൻ വന്ന രണ്ടു പേരും ഓട്ടോയിലേക് കയറിയ ഉടനെ തന്നെ അവിടെ നിന്നും വണ്ടി മുന്നോട്ട് നീങ്ങുവാൻ തുടങ്ങി “
“”മ്ബ്രെ”
“”മ്ബ്രെ”
“”മ്ബ്രെ”
“ഓട്ടോ പോകുന്നതും നോക്കി ഞാൻ നിന്ന സമയം അപ്പു,.. കമ്പിയിലേക്കു ചേർത്ത് കെട്ടിയ കയറിൽ നിന്ന് കഴുതു ചെരിച്ചു എന്നെ നോക്കി കരയുന്നുണ്ട് “
“… മ്ബ്രെ…മ്ബ്രെ …മ്ബ്രെ… “
അവന്റെ ശബ്ദം പോലും ഇടറുന്നത് പോലെ..
“അവൻ എന്റെ കണ്ണിൽ നിന്നും മറയുന്നത് വരെ എന്നെ നോക്കി കരയുന്നുണ്ടായിരുന്നു “
❤❤❤
“ഉച്ച സമയമായി.. രാവിലെ അവനെ ഓട്ടോയിൽ കയറ്റി വിട്ടതിനു ശേഷം വീട്ടിലേക്കു ചെന്നിട്ടില്ല… വീട്ടിലേക് കയറാൻ പറ്റിയില്ല എന്നതായിരുന്നു സത്യം… എന്തോ ഒരു ശൂന്യത അനുഭവപ്പെടുന്നത് പോലെ”
“ചോറ് കഴിക്കാൻ സമയമായപ്പോൾ വീട്ടിലേക്കു നടന്നു…”
“മനസ് വല്ലതെ പ്രക്ഷുബ്ധമാകുവാൻ തുടങ്ങിയിട്ടുണ്ട്.. എന്താണ് കാര്യമെന്ന് മനസിലാകുന്നില്ല”..
“വീടിന് അരികിലുള്ള തൊടിയുടെ മതിലിനു അടുത്തേക് എത്തി.. തല ഉയർത്തി ഏന്തി വലിഞ്ഞു അപ്പുറത്തേക് നോക്കിയപ്പോൾ അവനെ കാണാനില്ല. “
“ഞാൻ വരുന്നത് അറിഞ്ഞാൽ അപ്പു മുരടനക്കാറുണ്ടായിരുന്നു..”
“ഏകദേശം എന്റെ മനസിലെ പ്രശ്നം എനിക്ക് മനസിലായി തുടങ്ങി.. “
“എന്റെ അപ്പു.. അവനാണ് എന്റെ പ്രശ്നം.. “
“വീട്ടിലേക് കയറിയപ്പോഴും അവിടെ ആളും ബഹളവുമെന്നും മില്ല.. ഉമ്മ കട്ടിലിൽ കിടക്കുകയാണ് “..
“ഉമ്മ.. ചോറ്..”..
“ഞാൻ വിളിച്ചിട്ടും ഉമ്മ കേൾക്കുന്നില്ല..”..
“ഞാൻ.. അരികിലേക് പോയി ഉമ്മയെ തട്ടി വിളിച്ചു.. ഉമ്മ കരയുകയാണ്.. “
“ഉമ്മാ.. എന്ത് പറ്റി… എന്തിനാ കരയുന്നത്..”
“മോനെ അപ്പു.. അവനെ നീയാണ് നോക്കിയത് എങ്കിലും.. അവനുള്ള കാടി വെള്ളം എത്ര വട്ടം ഒഴുകി കൊടുത്തതാണ്.. അവന്റെ ശബ്ദം കേൾക്കാതെ ഈ വീട്ടിൽ. നിൽക്കാൻ കഴിയുന്നില്ല എനിക്ക്…അവനെ അവർ നാളേ വെട്ടി മുറിക്കില്ലേ..എനിക്ക് അതോർത്തിട്ട് കണ്ണ് നീർ അടക്കാൻ കഴിയുന്നില്ലടാ “…
“ഉമ്മാ..നമ്മുടെ പ്രശ്നം ഉമ്മാക് അറിയില്ലേ.. നാളേ ഒരു നല്ല ആലോചന വരുമ്പോൾ ഇത്താക്ക് ഒരു റൂമില്ല എന്നൊക്കെ അറിയുമ്പോൾ അവർ വിവാഹത്തിൽ നിന്നും പിന്മാറില്ലേ.. അവൾക്കായ് ഒരു റൂം നമുക്ക് പണിയാൻ പൈസ വേണ്ടേ.. അതാ ഞാൻ”..
പെട്ടന്ന് അപ്പുവിനെ ഓർത്തപ്പോൾ എനിക്ക് കൂടുതലായൊന്നും സംസാരിക്കാൻ കഴിഞ്ഞില്ല..
“നിനക്ക് സങ്കടമില്ലേ.. അവനെ വിട്ടു പിരിഞ്ഞിട്ട്..”
ഉമ്മ കരഞ്ഞു കൊണ്ട് തന്നെ എന്നോട് ചോദിച്ചു..”..
“ഉമ്മാ.. ഇത് വരെ അറിയില്ലായിരുന്നു എന്റെ മനസിനെ അലട്ടുന്നത് എന്താണെന്ന്.. ഇപ്പൊ ഇങ്ങോട്ട് കയറി വരുമ്പോൾ അപ്പുറത്തെ തൊടിയിലേക് നോക്കിയപ്പോൾ എനിക്ക് മനസിലായി.. എന്റെ അപ്പുവിനെ ഇവിടെ നിന്നും ഇറക്കി വിട്ടതാണ് എന്റെ പ്രശ്നമെന്ന്.. അറിയില്ലായിരുന്നു ഉമ്മാ അവനെനിക് ഇത്രത്തോളം പ്രിയപ്പെട്ടതാവുമെന്ന്…”
കരഞ്ഞു കൊണ്ട് ആ മാറിലേക് ഞാൻ വീണു..
“മോനെ.. ഞാൻ പറഞ്ഞാൽ ഒരു കൂട്ടം നീ കേൾക്കുമോ..”
എന്താണുമ്മ…
“അവനെ വിറ്റ പൈസ നമുക്ക് വേണ്ടാ.. ആ പൈസ മുതലാളിക്ക് തന്നെ കൊണ്ട് കൊടുത്തു അപ്പുവിനെയും കൂട്ടി ഇന്ന് തന്നെ നീ കൊണ്ട് വരണം.. അവനെ നമുക്ക് പോറ്റാടാ.. അവന് ജീവനുള്ള കാലം വരെ..”
“ഉമ്മാ പറഞ്ഞത് തന്നെ ആയിരുന്നു എന്റെ മനസിലും.. ഞാൻ ചോറ് പോലും കഴിക്കാതെ മുതലാളി തന്ന അഡ്വാൻസുമായി മുതലാളിയുടെ വീട്ടിലേക് ഓടുകയായിരുന്നു..”
“എന്താടാ നീ ഓടി കിതച്.. ഞാൻ ഇതിനെ അറുത്തിട്ടൊന്നുമില്ല.. ഏതായാലും സാധനം നല്ല ഉരുപ്പടിയാണ്… ആദ്യമായിട്ടാണ് ഞാൻ ഇങ്ങനെയുള്ളതിനെ അറുക്കാൻ പോകുന്നത്..”
ഒരു വഷളചിരി ചിരിച്ചു കൊണ്ട് അറവുകാരൻ എന്നോട് പറഞ്ഞു..”
ടാ.. പട്ടി.. എന്റെ അപ്പുവിനെ നീ അറക്കുക്കുമല്ലെടാ.. എന്നും ചോദിച്ചു ഞാൻ അയാളെ ചവിട്ടി നിലത്തേക് ഇട്ടു…”
എന്റെ ശബ്ദം കേട്ട ഉടനെ തന്നെ.. അപ്പു തിരിഞ്ഞു നോക്കി എന്നെ കണ്ടു.. “മ്ബ്രെ” എന്നു ആർക്കാൻ തുടങ്ങി..
ഞാനും.. അറവുകാരനുമായുള്ള കശപിശ കേട്ടു മുതലാളി വീടിനുള്ളിൽ നിന്നും ഇറങ്ങി വന്നു…
എന്താ ബാവ.. നീ ഇവിടെ വന്നു തല്ല് പിടി നടത്തുകയാണോ..
“മുതലാളി ക്ഷമിക്കണം… ഞാൻ എന്റെ പോത്തിനെ.. അറുക്കാൻ തരുന്നില്ല.. മുതലാളി തന്ന അഡ്വാൻസ് ഇതാ.. എനിക്ക് ഇവനേ തിരിച്ചു വേണം..”
“ബാവ.. അതെങ്ങനെ ശരിയാകും.. ഞാൻ അഡ്വാൻസ് തന്നത് അല്ലെ.. ഇനി വാക്കു മാറ്റുക എന്ന് പറഞ്ഞാൽ..”
“മുതലാളി.. എനിക്ക് ഇവൻ ഇല്ലാഞ്ഞിട്ട് കഴിയുന്നില്ല.. ഇവനെ നിങ്ങൾ അറുത്താൽ ഞാൻ നെഞ്ച് പൊട്ടി മരിച്ചു പോകും.. ദയവ് ചെയ്തു ഞാൻ പറഞ്ഞത് നിങ്ങൾ കേൾക്കണം…”
“അല്ല.. നിനക്ക് ഞാൻ തരാമെന്നു പറഞ്ഞത് കുറവാണെന്നു തോന്നിയിട്ടാണെൽ ഞാൻ അതിലും ഇരട്ടി തരാട്ടോ.. കാരണം ഇവിടെ വന്ന എല്ലാവർക്കും അവനെ നല്ലത് പോലെ ഇഷ്ട്ടമായി.. സുകൂറെ.. ഒരു രണ്ടേ മുക്കാൽ ഇങ്ങോട്ട് എടുത്തോ.. ബാവ വന്നിട്ടുണ്ട്.. മുതലാളി എനിക്ക് കൂടുതൽ പൈസയാണ് ആവശ്യമെന്ന് കരുതി കാര്യസ്ഥനെ വിളിച്ചു പറഞ്ഞു..”
“മുതലാളി എനിക്ക് നിങ്ങൾ ഒരു കോടി തരാമെന്ന് പറഞ്ഞാലും.. എനിക്ക് വേണ്ടാ.. എനിക്ക് ഇവനെ നിങ്ങൾ ഈ അഡ്വാൻസ് എടുത്തിട്ട് തിരികെ തന്നാൽ മതി..”
“എനിക്ക് മനസിലായി.. നിന്റെ പ്രശ്നം.. നീ കൊണ്ട് പൊയ്ക്കോ… നിന്റെ പോത്തിനെ കണ്ടാൽ തന്നെ അറിയാം നീ ഇവനെ സ്നേഹിച്ചാണ് വളർത്തിയതെന്ന്..”
“മുതലാളി തന്ന അയ്യായിരം അവരെ തന്നെ ഏൽപ്പിച്ചു ഞാൻ അപ്പുവിന്റെ അടുത്തേക് ഓടി..”
“എന്നെ കണ്ട സന്തോഷം കൊണ്ടാണെന്ന് തോന്നുന്നു.. അപ്പു തലയാട്ടി “മ്ബ്രെ “എന്ന് കരയുന്നുണ്ട്.. അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ ഒലിക്കുന്നുണ്ട്… അതെല്ലാം ഞാൻ തുടച്ചു മാറ്റി കൊണ്ട് പറഞ്ഞു.. കരയണ്ടടാ.. നിന്നെ കൊണ്ട് പോകുവാനാണ് ഞാൻ വന്നത്.. അവന്റെ മൂക്ക് കയറിൽ കെട്ടിയ കെട്ട് അഴിച്ചു മാറ്റി ഫ്രീയാക്കി ഞാൻ മുന്നിലും അവനെ എന്റെ തൊട്ടു പിറകിലുമായി ഞങ്ങൾ പുറത്തേക് നടന്നു തുടങ്ങി..”
ബാവ ഒരു മിനിറ്റ്.. മുതലാളി വിളിച്ചപ്പോൾ ഞാൻ അവിടെ തന്നെ നിന്നു…
“ടാ.. ഇത് നീ തിരിച്ചു തന്ന അഡ്വാൻസ് ആണ്.. ഇത് നീ തന്നെ വെച്ചോ.. ഇവന് ഇനി എന്തേലും ചിലവൊക്കെ വരില്ലേ അതിന് എന്റെ വക എന്നും പറഞ്ഞു മുതലാളി ചിരിച്ചു..”
****************
ഞാൻ അപ്പുവിനെയും കൊണ്ട് റോഡിലൂടെ വീട്ടിലേക് നടന്നു..
എന്റെ പിറകിലായി കാലടികൾ വെച്ച് അപ്പുവും…
ആ സമയവും അപ്പുവിന്റെ കണ്ണിൽ നിന്നും കണ്ണ് നീർ തുള്ളികൾ ഒലിചിറങ്ങുന്നുണ്ടായിരുന്നു..
ബൈ
നൗഫു ❤❤