പേടിയോടെ വാതിലിന്റെ മറയിൽ നിന്ന് മുറിയിലേക് എത്തി നോക്കിയ അമ്മ കണ്ടത്….

ഭ്രാന്തന്റെ മകൻ

Story written by Sarath Krishna

==================

അകത്തളത്തിലെ മുറിയിലെ കട്ടിലിന്റെ കാലിന് ചങ്ങല കെട്ടാനുള്ള ബാലമുണ്ടോന്ന് ഉറപ്പ് വരുത്തികൊണ്ടാണ് ഭ്രാന്താശുപത്രിക്കാർ മടക്കിയ അച്ഛനുമായി അമ്മാവൻ വീട്ടിൽ വന്നു കയറിയത് …

ഇനി ചികിൽസിച്ചിട്ടും വലിയ പ്രയോജനമില്ല…!!!!!

അമ്മയോട് ഇത് അമ്മാവൻ പറഞ്ഞു നിർത്തുമ്പോൾ.. കാലിലെ ചങ്ങലയോടുള്ള ദേഷ്യം മുറിയിൽ അടക്കി വെച്ചിരുന്ന പഴയ പാത്രങ്ങളോടും ചില്ല് അലമാരയോടുമായി അച്ഛൻ തീർത്തിരുന്നു…

ആ വലിയ ശബ്ദത്തിന്റെ ഞെട്ടലോടെ അനിയത്തി ചേച്ചിയെ പറ്റി ചേർന്ന് നിൽക്കുന്നത് കണ്ട് അമ്മയുടെ ഊർന്നു വീണ കണ്ണുനീർ തുള്ളി എന്റെ മുഖത്തെ സ്പർശിച്ചു…

എന്റെ കവിളിൽ തലോടിട്ട് , ഇനി എല്ലാം ഭഗവാന്റെ കൈലാണെന്നും പറഞ്ഞ് അമ്മാവനും പടിയിറങ്ങി….

രോധനവും ദേഷ്യവും നിറഞ്ഞ മുറിയിൽ നിന്ന് രാത്രി കേട്ടത് ഒരു കരച്ചിലിന്റെ വിതുമ്പലയിരുന്നു…..

പേടിയോടെ വാതിലിന്റെ മറയിൽ നിന്ന് മുറിയിലേക് എത്തി നോക്കിയ അമ്മ കണ്ടത് ചങ്ങലയിൽ വലിഞ്ഞു ചോര പൊടിയുന്ന കാലുകളാണ് …

ആ കാഴ്ച്ചയുടെ ദയനീയത കണ്ടപ്പോൾ വീണ്ടും ആ കാലുകളെ ചങ്ങല കൊണ്ട് കെട്ടിയിടാൻ അമ്മക്ക് തോന്നിയില്ല…

ആദ്യമൊക്കെ പറമ്പിലും തൊടിയിലും അലഞ്ഞു നടന്നിരുന്ന അച്ഛൻ പതിയെ വീടിന്റെ പുറത്തേക്ക് ഇറങ്ങാൻ തുടങ്ങി.

ഉപദ്രവിച്ചു എന്ന പാരാതിയുമായി ആരും പുറത്ത് നിന്ന് വരാത്തത് കൊണ്ടായിരുന്നു കവല വരെ എത്തിയനറിഞ്ഞിട്ടും അച്ഛനെ വീണ്ടും മുറിയിൽ പൂട്ടിയിടാൻ അമ്മാവൻ മുതിരാതിരുന്നത് …

ആരോടെന്നില്ലാതെ എന്തൊക്കെയോ ഉച്ചത്തിൽ വിളിച്ച് പറഞ്ഞും, ചന്ദ്രേട്ടന്റെ ചായക്കടയിലെ കളയുന്ന പലഹാരങ്ങൾക്ക് വേണ്ടി കാത്തിരുന്നും കവലയിലെ അടഞ്ഞു കിടക്കുന്ന പീടിക തിണ്ണയിലും പഞ്ചായത്ത് കിണറിന്റെ തറയിലുമായി അച്ഛനെ സ്ഥിരമായി കണ്ട് തുടങ്ങിയപ്പോൾ പരിചയക്കാർ പലരും സഹതാപത്തോടെ ചോദിച്ചു അച്ഛനെ മുറിയിൽ എങ്ങാനും പൂട്ടി ഇട്ടാൽ പോരെന്ന്…..

ഒരു ആയുസ്സിന്റെ പ്രയത്നം മുഴുവൻ ചെറിയച്ഛൻ തട്ടിച്ചു സ്വന്തമാക്കിയന്നറിഞ്ഞ് .. അത് ഉൾകൊള്ളാൻ കഴിയാതെ അച്ഛന്റെ മനസ് താളം തെറ്റുന്നത് കണ്ടിട്ട് അന്ന് ഒരു വാക്ക് കൊണ്ട് പോലും പ്രതികരിക്കാത്തവർ ഇന്ന് സഹതപ്പിക്കുന്ന കണ്ടപ്പോൾ എനിക്ക് അവരോട് എന്തെന്നില്ലാത്ത ദേഷ്യമാണ് തോന്നിയത് ….

കർക്കികടക്ക മാസത്തിലെ മഴയുള്ള രാത്രികളിൽ ചേച്ചിയെയും അനിയത്തിയെയും ഉണർത്താതെ

അമ്മ എന്നെ ഉറക്കത്തിൽ നിന്ന് തട്ടി വിളിക്കും..

അമ്മക്കൊപ്പക്കം ആ കോരി ചൊരിയുന്ന മഴയത്തും അച്ഛനെ തിരഞ്ഞ് ആൽത്തറയിലും പീടിക ഉമ്മറത്തും പോയി നോക്കും..

ചിലപ്പോൾ തണുത്തു വെറുങ്ങലിച്ചു കൂടെ വരാൻ കൂട്ടാക്കാതെ അച്ഛൻ ആ മഴയത് തന്നെ ഇരിക്കും …

മറ്റു ചിലപ്പോൾ ഒരു വിളിക്ക് വേണ്ടി കാത്തിരുന്ന പോലെ ഞങ്ങൾക്കൊപ്പം കൂടെ വരും…

ഒരിക്കൽ ഞാൻ സ്കൂൾ വിട്ടു വരുമ്പോൾ കവലയുടെ മൂലയിൽ നിന്നിരുന്ന കു ടിയന്മാരുടെ മുന്നിൽ നിന്ന് അവർ പാടുന്ന പാട്ടിന് തുള്ളുന്ന അച്ഛനെ ആണ് ഞാൻ കണ്ടത്..

കൂടി നിന്നവരിൽ ഒരാൾ വടികൊണ്ട് തല്ലി അട്ടഹാസ ചിരിയോടെ തളർന്ന് നിൽക്കുന്ന അച്ഛനെ വീണ്ടും തുള്ളാൻ പ്രേരിപ്പിക്കുന്നുണ്ട്..

എന്നിലെ പന്ത്രണ്ട് വയസ്ക്കാരന്റെ പ്രതികരണ ശേഷിക്കുമപ്പുറമായിരുന്നു ആ കാഴ്ച്ച..

അച്ഛനെ കൊണ്ട് അവർ ചെയിപ്പിക്കുന്ന കോപ്രായങ്ങൾ കണ്ടപ്പോൾ ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നു ..

എന്റെ കണ്ണുകൾ നിറഞ്ഞൊഴുക്കി .

ആ ആൾകൂട്ടത്തിന്റെ പരിഹാസങ്ങളക്ക് ഇടയിൽ നിന്ന് അച്ഛന്റെ കൈ പിടിച്ചു ഞാൻ വീട്ടിലേക്ക് നടക്കുമ്പോൾ ഒരു അനുസരണ ഉള്ള കുട്ടിയെ പോലെ അച്ഛൻ എന്റെ കൂടെ വന്നു…..

ഒരു കുഞ്ഞു കുട്ടിയുടെ നിഷ്കളങ്കതയോടെ അടി കൊണ്ട കാലിലെ പാടുകൾ എന്റെ മുന്നിലേക്കും അമ്മയുടെ മുന്നിലേക്കും കാണിച്ചു തരുമ്പോൾ കണ്ണീര് കൊണ്ട് ഉത്തരം പറയാനേ അമ്മക്കും എനിക്കും കഴിഞ്ഞുള്ളു…

കവലയിൽ മറ്റുള്ളവരുടെ മുന്നിൽ എപ്പോഴും കോമാളി വേഷം കെട്ടി നിൽക്കുന്ന അച്ഛനെ കാണാൻ ത്രാണി ഇല്ലാത്തത് കൊണ്ട് ഞാൻ പിന്നെ ആ വഴി വരാറില്ല..

ഒരിക്കൽ ചേച്ചിയെ പെണ്ണ്കാണാൻ വരുന്നണ്ടന്ന് അറിഞ്ഞ അമ്മ അവർ കാണാതെ അച്ഛനെ മുറിയിൽ അടച്ചിട്ടു..

മുറിയിയുടെ വാതിൽ എങ്ങനെയോ തുറന്ന് അവർക്ക് മുന്നിൽ വെച്ചിരുന്ന പലഹാരത്തിൽ നിന്ന് ഒരു പിടി വാരി പുറത്തേക്ക് ഓടിയ അച്ഛന്റെ ഭ്രാന്തിന് അറിയില്ലായിരുന്നു.. ഇരുപത്തിനാല് വയസ്സ് തികഞ്ഞു നിൽക്കുന്ന ഭ്രാന്തൻ ശ്രീധരന്റെ മകളെ പെണ്ണാലോചിച്ചു ഇനി ഒരാൾ ഈ പടി കടന്ന് വരില്ലാ എന്ന്…

വന്നവർ ഒന്നും മിണ്ടാതെ പടി കടന്ന് പോയി..

എല്ലാം വേദനകളും കടിച്ചമർത്തുന്ന അമ്മ തന്നെ അന്ന് നിയന്ത്രണം വിട്ട് അച്ഛനെ ആദ്യമായി തല്ലുന്നത് ഞാൻ കണ്ടു …

വീടിന്റെ സമാധാനവും സന്തോഷവുo അഭിമാനവും കളഞ്ഞ് കുളിച്ചത് നിങ്ങളാണെന്ന് അച്ഛനെ നോക്കി പ്രാകി കരയുന്ന അമ്മയുടെ കണ്ണീരീന് മുന്നിലും നിഷ്കളങ്കമായി അച്ഛൻ പൊട്ടി ചിരിച്ചു….

ഒരു ദിവസം സ്കൂളിലെ ഉച്ച ഭക്ഷണ സമയത്ത് ഞാൻ തുറന്ന് നോക്കിയാ എന്റെ ചോറും പാത്രത്തിലെ ചോറിൽ നിറയെ പൂഴി മണ്ണായിരുന്നു..

സ്കൂളിലേക്ക് വരുമ്പോൾ മുറ്റത്തെ തെങ്ങിൻ ചോട്ടിൽ ഇരുന്ന് മണ്ണ് വാരി കൊണ്ടിരുന്ന അച്ഛനാണ് അത് ചെയ്തത് എന്ന് ഊഹിക്കാൻ എനിക്ക് അധിക നേരമൊന്നും ആലോചിക്കേണ്ടി വന്നില്ല..

അടുത്ത് ഇരുന്നിരുന്ന രഘു കാണാതെ ഞാൻ പാത്രം വേഗത്തിൽ പിന്നിലേക് ഒളിപ്പിച്ചു …

എങ്ങനെയോ അത് കണ്ടെത്തി പിടിച്ച ഒരു കൂട്ടുക്കാരൻ അവൻ അത് മറ്റാരോടും പറയാതെ ഇരിക്കാൻ എനിക്ക് അവന്റെ മുന്നിൽ കെഞ്ചി കരയേണ്ടി വന്നു …

എന്നിട്ടും ഭ്രാന്തന്റെ മകൻ എന്ന പേര് വിളിച്ച് കളിയാക്കുന്നവർക്ക് ഇടയിൽ നാളെ പൂഴി മൺ വാരി ഇട്ട കഥ കൂടി പ്രചരിക്കും എന്നാ പേടിയിൽ അന്നത്തെ രാത്രി കണ്ണീരോടെയാണ് ഞാൻ കഴിച്ചു കൂട്ടിയത്..

ചെറിയച്ഛനുമായുള്ള കേസ് ജയിച്ചു….

സ്വത്ത് ഒക്കെ മടക്കി കിട്ടാൻ പൂവാണെന്ന് അമ്മാവൻ ഒരിക്കെ വന്ന് പറഞ്ഞു…..

സന്തോഷത്തോടെ അത് അച്ഛനോട് പറയാൻ ചെന്ന ഞാൻ കണ്ടത്.. തൊഴുത്തിൽ പശുവിന് കൊടുക്കാൻ വെച്ചിരിക്കുന്ന കാടി വെള്ളത്തിൽ ഉജാല കലക്കുന്ന അച്ഛനെയാണ്.

മടക്കി കിട്ടിയ സ്വത്തിൽ കിഴക്കേ പുറത്തെ 50 സെന്റ് പറമ്പ് ചേച്ചിക്കുളതാണെന്നു പെണ്ണാലോചിച്ചു വന്നവരോട് അമ്മാവൻ പറഞ്ഞപ്പോൾ രണ്ടാമത് ഒന്നാലോചിക്കാതെയാണ് അവർ കല്യാണത്തിന് സമ്മതിച്ചത്..

കല്യാണത്തിന് ഒന്നാം പന്തിയിൽ ഇല ഇട്ട് അച്ഛനെ ഉണ്ണാൻ വിളിച്ചിട്ടും അച്ഛൻ ഇല മടക്കി പിടിച്ചു പോയി ഇരുന്ന് കഴിച്ചത് വീടിന്റെ പിന്നിലെ ചായിപ്പിലണ്…

അന്ന് ആ കാഴ്ച കണ്ടു ചിരിച്ചവരൊക്കെ എന്റെ മുഖത്ത് നോക്കിയായിരുന്നു ..

കല്യാണം കഴിഞ്ഞു പോയതിൽ പിന്നെ

ആണ്ടിനും സംക്രാന്തിക്കും മാത്രമാണ് ചേച്ചി വീട്ടിൽ വന്നത് …

ഒരു രാത്രി പോലും അന്തി ഉറങ്ങാതെ സന്ധ്യക്ക് വീട്ടിൽ നിന്ന് ഇറങ്ങി പോകുന്ന അളിയനും പറയാനുണ്ടായിരുന്ന കാരണം അച്ഛന്റെ ഭ്രാന്ത് ആയിരുന്നു…

അവളുടെ പ്രസവവും മോളുടെ ഇരുപതിയെട്ടും എല്ലാം അച്ഛനെ പേടിച്ചു അളിയൻ അളിയന്റെ വീട്ടിലാണ് നടത്തിയത്..

കാലങ്ങൾ പിന്നിട്ടു ….

ഭ്രാന്തൻ ശ്രീധരൻ പിടിച്ചു കൊടുക്കും എന്നാ പേടിക്കൊണ്ട് മാത്രം ചോറ് കഴിക്കാൻ കുട്ടാക്കിരുന്ന നാട്ടിലെ പല കുട്ടികളും ഇന്ന് വളർന്ന് വലുതായി……

ആ തല മുറയും എന്നെ ഒളിഞ്ഞും മറഞ്ഞും ഭ്രാന്തന്റെ മകനെന്ന് വിളിച്ച് എന്നെ കളിയാക്കി തുടങ്ങി…

അവർക്ക് മുന്നിൽ ഒരു പുഞ്ചിരി കൊണ്ട് പ്രതികരിക്കാൻ ഞാൻ പഠിച്ചു …

എന്നിട്ടും പലയിടത്തും രണ്ടാമത് ഒന്ന് പറഞ്ഞ് പരിചയപ്പെടുത്തേണ്ടി വരുമ്പോൾ വീട്ടുപേരും അഡ്രസും തോൽക്കുന്നയിടത്തു ഭ്രാന്തൻ ശ്രീധരന്റെ മകൻ എന്നാ പേര് കൊണ്ട് മാത്രം എന്നെ തിരിച്ചറിഞ്ഞപ്പോൾ അവർ കാണാതെ ഒളിപ്പിച്ച രണ്ടു തുള്ളി കണ്ണുനീർ ഉണ്ടായിരുന്നു എന്റെ മുഖത്ത്..

ജീവിതത്തിൽ ഒരിക്കലെങ്കിലും ആ മുഖത്ത് അച്ഛൻ എന്ന് വിളിക്കാനുള്ള എന്റെ ആഗ്രഹം അന്നും വിങ്ങലോടെ മനസ്സിൽ അവശേഷിക്കപ്പെട്ടു..

ഇടക്ക് ഒരിക്കൽ പീടിക തിണ്ണയിൽ നിന്ന് അച്ഛൻ വീട്ടിലേക്ക് വന്നപ്പോൾ വീട് നിറയെ വിയർപ്പിന്റെയും ചളിയുടെയും ദുർഗന്ധമായിരുന്നു …

എന്റെ മുന്നിൽ ഇരുന്ന് ഭക്ഷണം കഴിച്ചിരുന്ന അനിയത്തി അറപ്പോടെ വാ പൊതി ഉമ്മറത്തേക്ക് ഓടി ..

ഞാൻ അച്ഛനെ ബലമായി പിടിച്ചു രണ്ട് പാട്ട വെള്ളം കോരി അച്ഛന്റെ തലയിലേക്ക് ഒഴിച്ചപ്പോൾ തേക്കാത്ത പല്ല് കാണിച്ച് എന്റെ മുന്നിൽ അച്ഛന്റെ ആദ്യമായ് പുഞ്ചിരിച്ചു.. .

ആയിരം പൂർണ ചന്ദ്രന്മാർ ഒന്നിച്ചുദിച്ച സന്തോഷമായിരുന്നു എനിക്ക്

തല തോർത്തി കൊടുക്കുമ്പോഴും ആ മുഖത്തെ മായാത്ത ചിരി മാഞ്ഞിരുന്നില്ല..

അമ്മ കൊടുത്ത ചോറ് വടക്കേ ഉമ്മറത് ഇരുന്ന് വാരി തിന്നുന്ന അച്ഛനെ അകത്തു നിന്ന് ഞാൻ ഒരു കൗതുകത്തോടെ നോക്കി നിന്നു… !!!!

ഉണ്ട് കഴിഞ്ഞ് ബാക്കി വരുന്ന ചോറ് മുറ്റത്തേക്ക് തട്ടി എറിയറുള്ള അച്ഛൻ
തെങ്ങിന്റെ കടക്കൽ നിന്നിരുന്ന തള്ള കോഴിക്ക് മുന്നിൽ കൊണ്ടിട്ട് കൊടുക്കുന്നത് ഏറെ സന്തോഷത്തോടെ അമ്മയെ വിളിച്ചു കാണിക്കുമ്പോൾ അമ്മയുടെ കണ്ണുകൾ ആനന്ദാശ്രു കൊണ്ട് നിറഞ്ഞിരുന്നു…

എല്ലാം നേരെയാക്കി തന്നാൽ തട്ടക്കത്തെ അമ്പലത്തിൽ കഴിക്കാമെന്ന് കാലങ്ങളായി നേർന്ന വഴിപാടുകൾ ഒന്നും കൂടെ എണ്ണി പറഞ്ഞ് നെഞ്ചിൽ കൈ വെച്ച് പ്രാർത്ഥിച്ചു നിൽക്കുന്ന അമ്മയുടെ മുഖത്തും ഞാൻ കണ്ടു നാളിത് വരെ കാണാത്ത പ്രതീക്ഷൾ…..!

പിറ്റേന്ന് രാവിലെ അമ്മയുടെ നില വിളി കേട്ടാണ് ഞാൻ ഉന്നർണത്…

ചെന്ന് നോക്കുമ്പോൾ അച്ഛൻ കിടന്നിരുന്ന മുറിയുടെ വാതിലിന്റെ അരികിൽ നെറുകയിൽ കൈവെച്ചു കരഞ്ഞു കൊണ്ട് അമ്മ ഇരിക്കുന്നു..

മുറിക്കുളിൽ കിടക്കുന്ന അച്ഛന്റെ മുഖത്തിന് ചുറ്റും വട്ടമിട്ട് പറക്കുന്ന ഈച്ചകൾ ..

തുറന്ന് കിടക്കുന്ന അച്ഛന്റെ കണ്ണുകളിൽ നോക്കി ഞാൻ തട്ടി വിളിച്ചു …

അച്ഛന്റെ കൈകളിൽ പിടിച്ചപ്പോൾ ആ കൈ വെള്ളയിൽ പോലും മരവിചതിന്റെ നാനാവ് പടർന്നിരിക്കുന്നു ..

ഞാൻ അലറി വിളിച്ചതനുസരിച്ചു അമ്മാവൻ പറമ്പിൽ നിന്ന് ഓടി എത്തി..

മുറിക്ക് മുന്നിൽ കാൽ ഇടറിയ പോലെ അമ്മാവൻ നിന്നു….

എന്റെ തോളിൽ കൈ വെച്ച് ആശ്വസിപ്പി ക്കുമ്പോഴും അമ്മാവന്റെ കണ്ണുകളിലും പടർന്നു രണ്ടു തുള്ളി കണ്ണീരിന്റെ നനവ് ..

കിഴേക്കെ പുറത്തെ മൂവാണ്ടൻ മാവിന്റെ വണ്ണമുള്ള കൊമ്പ് മുറിച്ചിടാനും തൊടിയിൽ നിന്ന് മുഴുവൻ വാഴയില വെട്ടി കൊണ്ട് വരാനും അമ്മാവൻ പണിക്കാരെ ഏൽപ്പിച്ചു .

അളിയനും പെങ്ങളും പടി കടന്ന് വരുന്നത് കണ്ട് കണ്ണ് തുറക്കാൻ പറഞ്ഞ് ചേതന അറ്റ് കിടക്കുന്ന അച്ഛന്റെ ശരീരത്തെ കുലുക്കി വിളിച്ചു കരയുന്ന അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ എനിക്ക് എന്റെ കണ്ണുനീരിനെ തടഞ്ഞു നിറത്താനായില്ല..

അകത്തു വിരിചിട്ടിരുന്ന മുഴുവൻ വാഴയിലയിൽ അച്ഛനെ കൊണ്ട് കിടത്തുമ്പോ തലയുടെ ഭാഗം പിടിച്ചിരുന്ന എന്റെ കൈകൾക് ബലം നഷ്ട്ടപ്പെട്ട പോലെ വിറച്ചു ..

ഓർമ്മ വെച്ച കലാം തൊട്ട് ഭ്രാന്ത് എടുത്ത് നടക്കുന്ന അച്ഛനെ മാത്രം കണ്ട് വളർന്ന അനിയത്തി നിശ്ചലയായി അമ്മയ്ക്കും ചേച്ചിക്കും ഒപ്പം അച്ഛന്റെ അടുത്ത് നിഴൽ പായല് ഇരുന്നു…

കോലായിലെ തിണ്ണയിൽ ഇരുന്ന് അച്ഛന്റെ തലയ്ക്ക് മുകളിൽ പുകഞ്ഞു എരിയുന്ന ചന്ദന തിരിയിൽ നോക്കി കണ്ണീരോടെ ഞാൻ ഉറപ്പിച്ചു ഒരുപ്പാട് എന്നെ വേദനിപ്പിച്ച ഭ്രാന്തന്റെ മകൻ എന്നാ കളിയാക്കലുകൾ ഇനി കേൾക്കാൻ ഞാൻ കൊതിക്കുമെന്നു.

കാത്തിരുന്ന് വന്നു കാണാൻ പ്രത്യകിച് ആരുമില്ലാത്ത കാരണം ഉച്ചയോടെ തൊടിയുടെ തെക്കേ മൂലയിൽ ചടങ്ങുകൾ നടത്തിയാലോ എന്ന് അമ്മാവൻ എന്നോട് സമ്മതം ചോദിച്ചു..

ഭ്രാന്തൻ ശ്രീധരൻ മരിച്ചു എന്നാ വാർത്ത അറിഞ്ഞു അച്ഛനെ കൊണ്ട് കോപ്രായങ്ങൾ കാണിപ്പിച്ചവരും അത് കണ്ട് ചിരിച്ചിരുന്നവരും വീട്ടിലേക്ക് ഓടിയെത്താൻ തുടങ്ങിയത് കണ്ടപ്പോൾ കോലായിലെ തിണ്ണയിൽ നിന്ന് ചാടി ഇറങ്ങി ….

ഒരു ഭ്രാന്തനെ പോലെ ഞാൻ പടിക്കലേക്ക് ഓടി .. ….

വീടിന്റെ ഗേറ്റ് അവർക്ക് മുന്നിൽ കൊട്ടി അടച്ചു..

അച്ഛന്റെ ഭ്രാന്ത് മകന് പകർന്നോന്ന് പരസ്പരം ചോദിച്ച അവരോടു ഞാൻ ഉച്ചത്തിൽ പറഞ്ഞു .

ഇത്ര കാലം നിങ്ങൾ കോമാളിയാക്കി കൈ കൊട്ടി ചിരിച്ച ഭ്രാന്തൻ ഇനി ഇല്ലന്ന്.. !!

അകത്തു കിടക്കുന്നത് ഞങ്ങളുടെ അച്ഛൻ ആണെന്ന് ..!!!

നിങ്ങൾ ഓരോത്തരും മാറി മാറി പരിഹസിച്ചപ്പോഴും ഓർക്കാതെ പോയ ഒന്നുണ്ട് നിങ്ങളെ പോലെ എന്റെ അച്ഛനും ഒരു വീടിന്റെ നാഥനെ ആയിരുന്നു എന്ന്..

മൂന്ന് മകളുടെ അച്ഛനെനെ ആയിരുന്നെന്ന്.. !!

ജീവൻ അറ്റു കിടക്കുന്ന എന്റെ അച്ഛന് ഇനി നിങ്ങളെ ചിരിപ്പിക്കാൻ കഴിയില്ല.

ഒരു കുടുംബത്തിന്റെ കണ്ണുനീരായിരുന്നു നിങ്ങൾ പരിഹസിച്ചു ചിരിച്ചു തള്ളിയ നിമിഷങ്ങൾ..

എന്റെ വാക്കുകൾ കേട്ട് നിശബ്ദരായി നിന്ന അവർക് മുന്നിലൂടെ കണ്ണുകൾ തുടച്ചു ഞാൻ അച്ഛന്റെ ചിതക്ക് കൊള്ളി വെക്കാനായി തൊടിയിലേക്ക് നടക്കുമ്പോൾ ഞാൻ പേടിച്ചിരുന്നില്ല നാളെ ഈ നാട് എന്നെ വിലയിരുത്താൻ പോകുന്ന കെട്ട് കഥകളെ കുറിച്ച് ..

By Sarath Krishna