അങ്ങനെ സുഖമുള്ള ഭൂതകാലത്തിൽ നിന്നും മടങ്ങി വന്നു. കട്ടിലിൽ നിന്നും എണീക്കാൻ തുടങ്ങിയപ്പോഴാണ്….

എൻറെ നല്ല പാതി…

Story written by Anu George Anchani

========================

അന്നു രാവിലെ ഉണർന്ന് എണീക്കാൻ വല്യ ഉത്സാഹമായിരുന്നു. കാരണം മറ്റൊന്നും അല്ല, എൻറെ പിറന്നാൾ ആണ്. അതും വിവാഹം കഴിഞ്ഞുള്ള ആദ്യ ജന്മദിനം.

നാട്ടിലാരുന്നേൽ ഈ സമയം അമ്മയോടൊപ്പം കുടുംബ ക്ഷേത്രത്തിൽ പോയി തൊഴുതു വന്നേനെ. പക്ഷേ കല്യാണം കഴിഞ്ഞു മനുവേട്ടനോടൊപ്പം പട്ടണത്തിലേക്കു ജീവിതം പറിച്ചു നട്ടതിനു ശേഷം, നാട്ടിൻ പുറവും പച്ചപ്പും എല്ലാം നനുത്ത ഓർമ്മകൾ മാത്രമായി.

അങ്ങനെ സുഖമുള്ള ഭൂതകാലത്തിൽ നിന്നും മടങ്ങി വന്നു. കട്ടിലിൽ നിന്നും എണീക്കാൻ തുടങ്ങിയപ്പോഴാണ്, മനുവേട്ടന്റെ കൈകൾ എന്നെ ചുറ്റിപിടിച്ചതു. ആ കണ്ണുകളിൽ കുസൃതി. ,

“അമ്മൂട്ടീ ഇന്നെങ്കിലും ഒന്നു കുളിക്കണേ… !

ഒരു ചുടുചുംബനവും പിറന്നാൾ ആശംസകളും പ്രതീക്ഷിച്ചിരുന്ന എന്നെ ശരിക്കും ചൊടിപ്പിച്ചു ആ വാക്കുകൾ. പകരം ഒന്നും പറഞ്ഞില്ലെങ്കിലുംകട്ടിലിൽ നിന്നും എഴുന്നേറ്റു പോരുമ്പോൾ എൻറെ കൈനഖം കോറിയിട്ട പാടുകൾ ആ നെഞ്ചിൽ ഉണ്ടായിരുന്നു.

കുളികഴിഞ്ഞു ചായയുമായി വന്നപ്പോളേക്കും ഓഫീസിലേയ്ക്ക് പോകാൻ ഏട്ടൻ തയ്യാറായിരുന്നു. എന്തോ അത്യാവശ്യ മീറ്റിംഗ് ഉണ്ടത്രേ.. ! അല്ലേലും മിക്ക ഭർത്താക്കന്മാരും ഇങ്ങനെയാണെന്നാ തോന്നുന്നേ. എന്തൊക്കെ ഓർമവന്നാലും ഭാര്യയുടെ പിറന്നാള് മാത്രം ഓർക്കില്ല.

വിങ്ങിപ്പൊട്ടിയ മനസ്സോടെ മണിക്കൂറുകൾ തളളി നീക്കിയത് എങ്ങനെയാണെന്ന് അറിയില്ല. ഉച്ചയ്ക്ക് മുൻപേ കാളിങ് ബെൽ അടിച്ചപ്പോ ആകാംക്ഷയോടെയാണ് വാതിൽ തുറന്നതു. ഏട്ടനെ പ്രതീക്ഷിച്ച എനിക്ക്‌ മുൻപിൽ ഏട്ടന്റെ പ്രിയസുഹൃത്തും ഭാര്യയും. എത്രയും പെട്ടന്നു എൻറെ വീട്ടിൽ എത്തണമത്രേ.. ! മനുവേട്ടനെ വിളിച്ചു പറഞ്ഞിട്ടുണ്ട് പോലും.

കാറിലിരുന്ന് വീട്ടിലേയ്ക്കു യാത്ര തിരിക്കുമ്പോൾ മനസ്സ് വല്ലാണ്ട് കലങ്ങിയിരുന്നു. അച്ഛനും അമ്മയും അച്ഛമ്മയും എല്ലാവരും മനസ്സിലൂടെ ഒന്നു കയറി ഇറങ്ങി. ആരുമൊട്ടൊന്നു മിണ്ടണതുമില്ല.ഏട്ടനെ വിളിച്ചിട്ടു കിട്ടുന്നുമില്ല.

പടിപ്പുര കടന്നു ഉമ്മറത്തേക്ക് കാലുവച്ചതു പാതി പ്രാണനോടെയാണ്. അകത്തുനിന്നും അച്ഛയും അമ്മയും ഇറങ്ങി വന്നു

“. മോള് അകത്തേയ്ക്കു ചെല്ലൂ..”

അച്ഛൻ പറഞ്ഞതോടെ, ഉള്ളിൽ ഒരു ആന്തലോടെയാണ് അകത്തളത്തിലേയ്ക്ക് പാഞ്ഞു ചെന്നത്.

ഭഗവതി… അച്ഛമ്മ…പക്ഷേ….. ! അവിടെ കണ്ട കാഴ്ച… എൻറെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നടുവിൽ ചെറു പുഞ്ചിരിയോടെ എൻറെ നല്ല പാതി എൻറെ മനുവേട്ടൻ..

“ഒരായിരം ജന്മദിനാശംസകൾ അമ്മൂട്ടി”

എന്ന് പറഞ്ഞു ചേർത്തു പിടിച്ചപ്പോൾ , മൂക്ക് ഇടിച്ചു പരത്താനുള്ള ദേഷ്യമാണ് വന്നതെങ്കിലും, ഉള്ളിലെ സ്നേഹമാണ് കണ്ണീരായി പുറത്തേയ്ക്കു വന്നത്. അന്ന്, ആ രാത്രിയിൽ ലാങ്കി പൂക്കളുടെ സുഗന്ധമുള്ള ചെറുകാറ്റേറ്റു മനുവേട്ടന്റെ നെഞ്ചിൽ ചാരി തറവാട്ട് മുറ്റത്തു ഇരുന്നപ്പോൾ ലോകം കീഴടക്കിയ സന്തോഷമായിരുന്നു.

.അമ്പാടി കണ്ണനു കെട്ടിയ തുളസി മാലകളൊന്നും വെറുതെയായില്ലലോ… ?

~അനു അഞ്ചാനി