എന്തൊക്കെ പ്രതീക്ഷകളോടെ കല്യാണമണ്ഡപത്തിലേക്കിറങ്ങിയ പെൺകുട്ടിയായിരുന്നു വർഷ…

വർഷമേഘങ്ങൾ…

Story written by Sindhu Manoj

=====================

വന്നു കയറിയപ്പോഴേക്കും ഗീതേച്ചി വർഷക്ക് പണി കൊടുത്തോ.

മുറിയിലേക്കുരുണ്ടു വരുന്ന വീൽചെയറിന്റെ ശബ്ദത്തിനൊപ്പം പ്രിയയുടെ ചോദ്യം കേട്ട് ജനൽ വിരികൾ മാറ്റിയിട്ടുകൊണ്ടിരുന്ന വർഷ പെട്ടന്ന് തിരിഞ്ഞു നോക്കി.

“ഇത് ചേച്ചി പറഞ്ഞിട്ടല്ല. ഇവിടെയിരിക്കുന്ന കണ്ടപ്പോൾ എടുത്തിട്ടതാ.

വർഷ പ്രിയയെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.

മോളെവിടെ.

അവൾ ഉറങ്ങിപ്പോയി. യാത്രക്ഷീണം കൊണ്ടാകും. ഗീതേച്ചി കാണിച്ചു തന്ന റൂമിൽ കിടത്തിയിട്ടുണ്ട്.

അവരുടെ ആദ്യ കൂടിക്കാഴ്‌ചയായിരുന്നിട്ട് കൂടിയും യാതൊരു അപരിചിതത്വവും തോന്നിയില്ല രണ്ടുപേർക്കും. വർഷയുടെ മുഖപുസ്തകസൗഹൃദങ്ങളിൽ ഏറ്റവും വിലപ്പെട്ടൊരു സൗഹൃദമായിരുന്നു പ്രിയ. കൂടപ്പിറപ്പിനെപ്പോലെ അവളുടെ സങ്കടങ്ങളിലും സന്തോഷങ്ങളിലും ഒരേപോലെ കൂട്ടുനിന്നവൾ.

വീൽ ചെയറിൽ നിന്നും,പ്രിയ പറഞ്ഞു കേട്ട് മാത്രം പരിചയമുള്ള മമ്മിയെ കട്ടിലിലേക്ക് പിടിച്ചു കിടത്താൻ അവളും കൂടി.

സെലിൻ വർഷയുടെ മുഖത്തേക്ക് നോക്കിയതുപോലുമില്ല.

അവരുടെയാ ഭാവം വർഷയെ ചെറുതായി വേദനിപ്പിച്ചു.

നീ വാ.. വിശേഷംങ്ങളൊക്കെ ചോദിക്കട്ടെ. മമ്മിയുടെ മുഖഭാവം ശ്രദ്ധിച്ച പ്രിയ അവളുടെ കൈ പിടിച്ചു മുറിക്കു വെളിയിലേക്കിറങ്ങി.

പ്രിയാ… മമ്മിക്ക് ഞാൻ വന്നത് ഇഷ്ടായില്ലേ.

കുറച്ചു പിണക്കത്തിലാ. സാരമില്ല അത് നമുക്ക് ശരിയാക്കാം. അത് പോട്ടെ യാത്ര എങ്ങനെയുണ്ടായിരുന്നു. ഒറ്റക്ക് ഇറങ്ങി പോരാൻ എന്തൊരു പേടിയായിരുന്നു നിനക്ക്.ഇപ്പോ മനസ്സിലായില്ലേ ആരും പിടിച്ചു തിന്നാതെ ഇത്രയും ദൂരമൊക്കെ തനിയെ യാത്ര ചെയ്യാം ന്ന്.

ഉം… ട്രെയിനിൽ കയറിയിരിക്കും വരെ ടെൻഷൻ ആയിരുന്നു. വണ്ടി ഓടിത്തുടങ്ങിയപ്പോ പിന്നെ ഒന്നിനെക്കുറിച്ചും ഓർത്തില്ല. എല്ലാം അവിടെ ഉപേക്ഷിച്ചു. ഇനി ഉറങ്ങിയുണരുന്നത് പുതിയൊരു പ്രഭാതത്തിലേക്കാണെന്ന്മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു.

മിടുക്കി. ഇനിയെന്നും അങ്ങനെ ചിന്തിച്ചാൽ മതി. നിന്റെ കെട്ട്യോനും അയാളെ താങ്ങി നടക്കുന്ന അമ്മായിയമ്മയും, അയാളുടെ കാമുകിവേഷമാടുന്ന മുറപ്പെണ്ണും ഇനി നിന്റെ ലൈഫിലില്ല. ഇനി നിനക്ക് മോളും മോൾക്ക് നീയും മാത്രമേയുള്ളൂ എന്ന് വിചാരിച്ചു ജീവിക്കാൻ പഠിക്കണം.

ഉം… ഇത്രയുംകാലം ആരുടെയൊക്കെയോ ഇഷ്ടത്തിനും, അഭിമാനത്തിനും വേണ്ടി ജീവിച്ചു. ഇനിയെങ്കിലും എനിക്കു വേണ്ടി ജീവിച്ചു തുടങ്ങണം. ഇല്ലെങ്കിൽ എന്റെ ജീവിതം എങ്ങും എത്താതെ എരിഞ്ഞു തീരും.

ഗുഡ് ഗേൾ… ഈ തോന്നൽ കുറച്ചു കൂടി നേരത്തെ വരേണ്ടതായിരുന്നു. എന്തായാലും സമയം വൈകിയിട്ടൊന്നുമില്ല. ഇനി നമുക്ക് എല്ലാം ഒന്നേന്ന് തുടങ്ങാം.നീ നിന്റെ അയ്യോപാവം രീതിയൊക്കെയൊന്നു മാറ്റി കുറച്ചൂടെ ബോൾഡാവൂ. എന്നാലേ ആഗ്രഹങ്ങളൊക്കെ നേടിയെടുക്കാൻ കഴിയൂ.

പ്രിയ അവളുടെ കൈകൾ സ്വന്തം കൈക്കുള്ളിൽ പൊതിഞ്ഞു പിടിച്ചു.

മോളെ നമുക്ക് ഇവിടെ സ്കൂളിൽ ചേർക്കാം. രാവിലെ നമ്മൾ ഷോപ്പിലേക്കു പോകുമ്പോൾ അവളേം കൂട്ടാം. വൈകിട്ട് നീയവളെ വിളിച്ചു ഷോപ്പിലേക്ക് തന്നെ വന്നാൽ മതി. അഞ്ചുമണി വരെ അവളവിടെ ഇരിക്കട്ടെ. എന്നിട്ട് നീ അവളെയും കൂട്ടി ഇങ്ങു പോരെ. മോള് ഇവിടെ ഒന്ന് പരിചയമാകും വരെ അങ്ങനെ ചെയ്യാം.പിന്നെ ഗീതേച്ചി നോക്കിക്കൊള്ളും അവളെ.

എനിക്കൊരു വീടെടുത്തു തന്നാൽ മതി പ്രിയാ. ഞാനും മോളും ഇവിടെ താമസിച്ചാൽ മമ്മിക്ക് ഇഷ്ടായില്ലെങ്കിലോ.

അതൊക്കെ നമുക്ക് ആലോചിക്കാം.ഞാൻ മമ്മിയുടെ അടുത്തേക്ക് ചെല്ലട്ടെ. ഹോസ്പിറ്റലിൽ കൊണ്ടു പോകാൻ കുറെ വൈകി. .രാവിലെ മുടിഞ്ഞ തിരക്കായിരുന്നു ഷോപ്പിൽ. അതിന്റെ പരിഭവം മാറ്റിയിട്ടു വരാം.കീമോ കഴിഞ്ഞതിന്റെ ക്ഷീണവും കാണും.നീ വേണേൽ കുറച്ചു നേരം ഉറങ്ങിക്കോ. യാത്രാക്ഷീണം മാറട്ടെ.

പ്രിയ വാതിൽ കടന്നു പോകുമ്പോൾ വർഷ അവളെയോർത്ത് അത്ഭുതപ്പെട്ടു. ആരും കൂടെയില്ലാതെ തനിയെ ഒരു സൂപ്പർമാർക്കറ്റ് നല്ല രീതിയിൽ നടത്തിക്കൊണ്ടുപോകുന്ന ഒരുവൾ. പ്രിയയുടെ ജീവിത വീക്ഷണങ്ങൾക്കുമുന്നിൽ താൻ വെറുമൊരു ശിശുവാണല്ലോ എന്നവൾ ചിരിയോടെ ഓർത്തു.

വർഷമേഘങ്ങൾ എന്ന തൂലികനാമത്തിൽ മുഖപുസ്തക ഗ്രൂപ്പുകളിൽ എഴുതിയിരുന്ന വർഷയെ പരിചയപ്പെടാൻ പ്രിയ സെലിൻ എന്ന അയെൺ ലേഡി കടന്നു വന്നില്ലായിരുന്നെങ്കിൽ വർഷയിപ്പോഴും ഭർത്താവിന്റെ കാൽച്ചുവട്ടിൽ പുഴുവിനെപ്പോലെ ചവിട്ടിത്തേക്കപ്പെട്ട് ജീവിച്ചു തീർത്തേനെ ഈ ജീവിതം..

എന്തൊക്കെ പ്രതീക്ഷകളോടെ കല്യാണമണ്ഡപത്തിലേക്കിറങ്ങിയ പെൺകുട്ടിയായിരുന്നു വർഷ.

പുതു മണവാട്ടിയായി വന്നു കയറിയ ഒരാഴ്ചക്കുള്ളിൽ പ്രതീക്ഷകളൊക്കെ തെറ്റിപ്പോയെന്നു തിരിച്ചറിഞ്ഞു. നിസാര കാര്യങ്ങൾക്ക് വലിയ ബഹളമുണ്ടാക്കുന്ന രാജേഷിന്റെ അമ്മ. അമ്മയാണ് ശരി എന്ന് വാദിക്കുന്ന രാജേഷ്. താലികെട്ടിയ നിന്നെക്കാൾ രാജേഷിന്റെ മേൽ അധികാരം എനിക്കാണെന്നു പറയാതെ പറഞ്ഞു ഭരിക്കാൻ വരുന്ന അയാളുടെ മുറപ്പെണ്ണ് ശാലിനി.

ചൊവ്വാദോഷമുള്ളതുകൊണ്ട് ഭാര്യയായി വാഴിക്കാൻ കൊള്ളാത്തവളായിരുന്നു ശാലിനി. പക്ഷേ താലി കെട്ടി ഭാര്യയാക്കാതെ തന്നെ ഒരു ഭാര്യയുടെ സർവ്വ അധികാരങ്ങളും അമ്മയും രാജേഷും അവൾക്ക് കൊടുത്തിരുന്നു എന്നറിഞ്ഞു വന്നപ്പോഴേക്കും ലിയാ മോൾ ഗർഭപാത്രത്തിനുള്ളിൽ ചുരുണ്ടുകൂടി ഉറങ്ങാൻ തുടങ്ങിയിരുന്നു.

അച്ഛനുമമ്മയുമില്ലാത്ത ശാലിനിയുടെ ഭാരിച്ച സ്വത്തിലായിരുന്നു അമ്മയുടെ കണ്ണ്. നാട്ടുകാരെ ബോധിപ്പിക്കാൻ പേരിനൊരു മരുമകളായി ഒരുത്തിയെ വേണമായിരുന്നു അവർക്ക്. അതിന് കുറി വീണത്, യാതൊരു തെറ്റും ചെയ്യാത്ത തനിക്കും.

വയറ്റിൽ കിടക്കുന്ന കുഞ്ഞിനെ വളർത്താൻ കൂലിപ്പണിയെടുക്കുന്നതാണ് ഇതിലും അഭിമാനമെന്ന് ചിന്തിച്ചു, കഴുത്തിൽ കിടന്ന താലിയൂരി വെച്ച് പടിയിറങ്ങി പോന്ന വർഷയെ എതിരേറ്റത് അമ്മയുടെ കുത്തു വാക്കുകളായിരുന്നു.

“ആണുങ്ങളാകുമ്പോ അങ്ങനെ പലതും ഉണ്ടാകും. അതൊക്കെ കണ്ടില്ല കേട്ടില്ല എന്നുവിചാരിച്ചു ജീവിക്കാൻ നോക്കണം പെണ്ണുങ്ങൾ. നിനക്കവിടെ എന്താ കുറവ്. നിന്നെയവൻ പട്ടിണിക്കിടുന്നുണ്ടോ ഇല്ലല്ലോ. പിന്നെന്താ കുഴപ്പം.

ഇവിടെ ഈയൊരു വീടു മാത്രമല്ല ഉള്ളത്. ചുറ്റിലും അയൽവക്കമുണ്ട്. ഓരോ ആവശ്യങ്ങൾക്ക് കയറി വരുന്ന നാട്ടുകാരുണ്ട്. അവരോടൊക്കെ മറുപടി പറയണ്ടേ ഞാൻ. നീ വേഗം തിരിച്ചു പോകാൻ നോക്ക്.

പോകാനല്ല ഞാനിറങ്ങി പോന്നത്. ഇതെന്റെ അച്ഛനുണ്ടാക്കിയ വീടാ. ഞാനിവിടെത്തന്നെ താമസിക്കും.

അമ്മയുടെ എതിർപ്പുകളെ അവഗണിച്ചുകൊണ്ട് അകത്തേക്ക് കയറി പോന്നു.

പിന്നെ കണ്ടത് അമ്മയുടെ മറ്റൊരു മുഖമായിരുന്നു. ഒരു കുഞ്ഞു ജീവൻ വയറ്റിൽ കിടപ്പുണ്ട് എന്നുപോലുമോർക്കാതെ, പട്ടിണിക്കിട്ടു കൊണ്ടുള്ള ശാരീരിക പീഡനം . വാക്കുകൾ കൊണ്ടുള്ള മാനസിക പീഡനം.

ഇതിൽ ഭേദം അമ്മായിയമ്മ തന്നെയാണല്ലോ എന്നോർത്ത് സങ്കടപ്പെട്ടു.

വയറ്റിൽ തുടിക്കുന്ന ജീവനെ ഇല്ലാതാക്കാൻ മനസ്സില്ലാത്തത്കൊണ്ട് ഇറങ്ങി പോന്നിടത്തേക്ക് തന്നെ തിരിച്ചു കയറി ചെന്നു.സ്വന്തം വീടിനെക്കാൾ ഭേദം രാജേഷിന്റെ വീട് തന്നെയാണെന്ന് മനസ്സ് പറഞ്ഞു.

വീണ്ടും കയറിച്ചെന്നപ്പോൾ അമ്മ എന്തൊക്കെയോ അസഭ്യം വിളിച്ചു പറഞ്ഞെങ്കിലും രാജേഷ് നിസ്സംഗതയുടെ മൂടുപടമണിഞ്ഞു നിന്നു. ഇറങ്ങിപ്പോയതും, തിരിച്ചു വന്നതും അറിഞ്ഞതേയില്ല എന്നൊരു ഭാവം.

പിന്നെയങ്ങോട്ട് സഹനത്തിന്റെ പാതയിലേക്ക് കയറി ഒറ്റക്ക് നടക്കാൻ ശീലിച്ചു.

സങ്കടങ്ങളും, വേദനകളും അക്ഷരങ്ങളായി ഡയറിത്താളുകളിൽ വർഷമേഘങ്ങളായി പെയ്തു തോർന്നു.

പിന്നെയത് മുഖപുസ്തകത്താളുകളിലേക്കു പകർത്തി വെച്ചു.

ഒരിക്കലും പ്രതീക്ഷിക്കാത്ത വരവേൽപ്പായിരുന്നു എവിടെയോ കിടക്കുന്ന, ഒരിക്കലും കണ്ടിട്ടില്ലാത്ത സുഹൃത്തുക്കളിൽ നിന്നും കിട്ടിയത്. പിന്നെ എഴുത്തൊരു ലഹരിയായി. ആ ലഹരിയാണ് പ്രിയയെ തന്റെ ജീവിതത്തിലേക്കു കൂട്ടിക്കൊണ്ട് വന്നതും, തോൽപ്പിച്ചവർക്ക് മുന്നിൽ ഇനിയും നല്ലൊരു ജീവിതം ജീവിച്ചു കാണിക്കാമെന്നുള്ള വാശി തോന്നിപ്പിച്ചതും.

എല്ലാം ഒരു സ്വപ്നം പോലെ തോന്നി വർഷക്ക്.ആരോടും പറയാതെ മോളെയും കൂട്ടി ഇറങ്ങി പോരാനുള്ള ധൈര്യം എവിടുന്നു കിട്ടി എന്നോർത്ത് അത്ഭുതവും.

വർഷാ… മമ്മി എന്നേക്കാൾ പാവമാ. ആരെങ്കിലും വന്നു കഷ്ടപ്പാട് പറഞ്ഞാൽ അപ്പൊ അലിയുന്ന മനസ്സ്.പക്ഷേ ചതി മമ്മി പൊറുക്കില്ല. അങ്ങനെയൊന്നു മമ്മിക്ക് അനുഭവമുണ്ട് അതാ നിന്നോടൊരു പിണക്കം. നമുക്കത് മാറ്റിയെടുക്കണട്ടോ.

രാത്രി ഭക്ഷണം കഴിഞ്ഞു സംസാരിച്ചിരിക്കുമ്പോൾ പ്രിയ വർഷയോട് പറഞ്ഞു.

ആരാ മമ്മിയെ ചതിച്ചേ..?

മമ്മിയുടെ ഒരു കൂട്ടുകാരി അവരുടെ വീടിനടുത്തുള്ള ഒരു കുട്ടിയെപ്പറ്റി എപ്പോഴും പറയുമായിരുന്നു. രണ്ടാനച്ചൻ പീ ഡിപ്പിച്ചു കൊണ്ടിരുന്ന ഒരു പതിനേഴുകാരി. പോലീസിൽ പരാതി കൊടുക്കാനൊന്നും യാതൊരു ധൈര്യവുമില്ലാത്ത ഒരുത്തി.

മമ്മിയത് കേട്ടപ്പോൾ അവളെ ഇങ്ങോട്ടു വിടൂ. തല്ക്കാലം ഒരു രക്ഷയാകുമല്ലോ എന്നു പറഞ്ഞു.അങ്ങനെ ബീന ഈ വീട്ടിൽ വന്നു. ഒരു വീട്ടുജോലിക്കാരിയായൊന്നുമല്ല മമ്മിയും ഞാനും അവളെ കണ്ടിരുന്നത്.ഞാനും മമ്മിയും രാവിലെ ഷോപ്പിലേക്കു പോകുമ്പോൾ എല്ലാം അവളെ ഏൽപ്പിച്ചാ പോകാറ്.പക്ഷേ അവളാ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്തു കൊണ്ടിരുന്നു.അവളുടെ രണ്ടാനച്ചന്റെത് പീഡനം അല്ലായിരുന്നു. അവൾക്കും അത് സമ്മതമായിരുന്നു. അമ്മ ആ ബന്ധം കണ്ടുപിടിച്ചപ്പോഴാണ് രക്ഷപെടാൻ വേണ്ടി അവളൊരു കള്ളക്കഥ മെനഞ്ഞത്.

ഇവിടെ വന്നിട്ടും അവളയാളെ ഇങ്ങോട്ട് വിളിച്ചു വരുത്തിയിരുന്നു.ഒടുവിൽ അവള് ഗർഭിണിയായി. അതും മമ്മിയെയോ എന്നെയോ അറിയിക്കാതെ അവൾ അയാൾക്കൊപ്പം പോയി അബോർട്ട് ചെയ്തു.

ബ്ലീഡിങ് നിൽക്കാതെ വന്നപ്പോൾ രണ്ടു ദിവസം ഹോസ്പിറ്റലിൽ അഡ്മിറ്റാകേണ്ടി വന്നു. മമ്മി വിളിച്ചു ചോദിച്ചപ്പോ പീരീഡിന്റെ ബ്ലീഡിങ് ആണെന്ന് കള്ളം പറഞ്ഞു.

അന്ന് വൈകുന്നേരം ഞാനും മമ്മിയും ഇത്തിരി നേരത്തെ ഷോപ്പ് ക്ലോസ് ചെയ്ത് നേരെ ഹോസ്പിറ്റലിലേക്ക് ചെന്നു. ഞങ്ങളെ കണ്ടതും അവളാകെ വിളറി വെളുത്തു.

അവളുടെ കൂടെ അമ്മക്ക് പകരം അയാളെ കണ്ടതും മമ്മിക്ക് വല്ലാത്ത ദേഷ്യം വന്നു. മമ്മി അവളോട് കുറെ ചൂടാവുകയും ചെയ്തു.

അയാളതെല്ലാം കേട്ട് നിൽക്കുകയായിരുന്നു. മമ്മി വല്ലാത്ത വെറുപ്പോടെ റൂമിൽ നിന്നിറങ്ങി പോകാൻ അയാളോടാവശ്യപ്പെട്ടു. അപ്പോഴാണയാൾ എല്ലാം വിളിച്ചു പറഞ്ഞത്. ഒരു വഷളൻ ചിരിയോടെ.

മമ്മി അവളുടെ മുഖത്തു കാർക്കിച്ചു തുപ്പിയാണ് അവിടുന്നിറങ്ങി പോന്നത്.

പിന്നെയൊരിക്കലും മമ്മി ആരെയും ഇവിടെ ജോലിക്ക് നിർത്താൻ സമ്മതിച്ചിട്ടില്ല.

ഛേ…ഇങ്ങനെയുമുണ്ടോ പെണ്ണുങ്ങൾ. ഇത്ര അധഃപതിക്കാൻ സ്ത്രീകൾക്ക് കഴിയുന്നതെങ്ങനെയാ. സ്വന്തം അമ്മയുടെ കൂടെ കിടന്നവനൊപ്പം…..എങ്ങനെ കഴിഞ്ഞു അവൾക്ക്. കേട്ടിട്ട് ഓക്കാനം വരുന്നു.

ഇങ്ങനെയും സ്ത്രീകളുണ്ട് വർഷാ. ഒരുപക്ഷേ ഇതിലും മോശമായവർ. എല്ലാരേയും നമ്മൾ അറിയുന്നില്ല എന്നേയുള്ളു.

ശരിയാ. ശാലിനിയും ഇതുപോലെ ഒരു ഗണത്തിൽപ്പെടുന്നവളാ. അല്ലെങ്കിൽ പിന്നെ കാമുകൻ ഒരു കല്യാണം കഴിച്ചു, അവർക്കൊരു മകളും ഉണ്ടായി എന്നറിഞ്ഞിട്ടും കേവലം ശരീര സുഖത്തിന് വേണ്ടി ഒരു കുടുംബം ഇല്ലാതാക്കാൻ നോക്കോ.

ഉം… നീയിനി അതൊന്നും ഓർക്കേണ്ട. ലീവിറ്റ്

മമ്മിക്ക് സുഖമില്ലാതായതോടെ ഇവിടെയൊരാൾ ഇല്ലാതെ പറ്റില്ല എന്നായി. അങ്ങനെയാ ഗീതേച്ചി വന്നത്.

ചേച്ചി ഒരു പാവമാ. ഭർത്താവ് മരിച്ചു പോയപ്പോൾ മൂന്നു പെൺകുട്ടികളെയും കൊണ്ട് പകച്ചു നിന്നുപോയൊരു സ്ത്രീ ജന്മം.

ഒരുപാട് പ്രലോഭങ്ങൾ ഉണ്ടായിട്ടും മാനം വിൽക്കാതെ അവരെ വളർത്തി, പഠിപ്പിച്ചു, കല്യാണവും നടത്തി. അവർക്ക് അവരുടെ തായ തിരക്കുകൾ വന്നപ്പോൾ ചേച്ചി പിന്നേം ഒറ്റക്കായി. അങ്ങനെയാ ഞാൻ ഇങ്ങോട്ട് കൊണ്ട് വന്നേ. ചേച്ചി നേരത്തെ ഷോപ്പിനടുത്തൊരു ഹോട്ടലിൽ ജോലിക്ക് നിന്നിരുന്നു. അങ്ങനെയാ എനിക്കവരെ പരിചയം.

മമ്മിക്ക് അവരെ ഇഷ്ടാ. എന്നാലും ഇത്തിരി വെയിറ്റിട്ടെ നിൽക്കൂ. അനുഭവങ്ങൾ അങ്ങനെ ആയതു കൊണ്ട്.

നീ നല്ല എഴുത്തുകാരിയാണെന്നൊക്കെ ഞാൻ പറഞ്ഞിട്ടുണ്ട്. നിന്റെ കുറെ സ്റ്റോറികൾ വായിച്ചിട്ടുമുണ്ട്.അതോണ്ട് നിന്നോട് ഇത്തിരി ആരാധനയോക്കെയുണ്ട് എന്നാലും ഇച്ചിരി ഗൗരവമൊക്കെ കാണിക്കും. അതൊക്കെ ചുമ്മാ അഭിനയമാണന്നേ. അതറിഞ്ഞോണ്ട് തന്നെ നീയും ഇത്തിരി ഗൗരവത്തിൽ നിന്നോ. കുറച്ചു കഴിയുമ്പോ തനിയെ മസിലു വിട്ടോളും പാവംന്റെ മമ്മി.

പ്രിയാ, താനെന്താ വിവാഹം വേണ്ടെന്നു വെച്ചത്.?

അത് ഇതിലും വലിയൊരു സ്റ്റോറിയാ പെണ്ണേ. മമ്മിയുടെ ചിലവിൽ യാതൊരു അല്ലലും അറിയാതെ അടിച്ചുപൊളിച്ചു നടന്ന കാലത്ത് ഒരു ദിവ്യപ്രണയത്തിൽ ചെന്നു പെട്ടു.അങ്ങേർക്കു അതൊരു ടൈംപാസ്സ് ആയിരുന്നു ന്ന് പിന്നീടാ അറിഞ്ഞത്. അയാളുടെ അയൽവക്കത്തുള്ള ഒരു പെൺകുട്ടിയുമായി ചെറുപ്പം മുതലേ പ്രണയത്തിലായിരുന്നു അയാൾ. അയാളുടെ ബാല്യകാല സഖി. അതൊക്കെ മറച്ചു വെച്ചിട്ടാ എന്നെയും അയാൾ പാലേ, തേനേ എന്നൊക്കെ ഒലിപ്പിച്ചു നടന്നത്.

മുഖം മൂടിയൊക്കെ അഴിഞ്ഞു വീണപ്പോൾ ഞാൻ കുറെ കരഞ്ഞു. പിന്നെ ആരെയും വിശ്വാസമില്ലാതെയായി.

ഇപ്പൊ തന്നെപ്പോലെയുള്ളവരുടെ ജീവിതമൊക്കെ കണ്ടും കേട്ടുമറിഞ്ഞപ്പോൾ തനിയെയാകുന്നത് തന്നെയാ നല്ലത് എന്ന് തോന്നി. മമ്മി പിന്നെ ഒന്നിനും നിർബന്ധിക്കാറില്ല. അതോണ്ട് സ്വസ്ഥം സമാധാനം.

അയാളെ പിന്നെ കണ്ടിട്ടില്ലേ?

ഉണ്ടല്ലോ. മമ്മിയുടെ കൂട്ടുകാരിയുടെ മോനാ.ഇടക്കിവിടെ വരും മമ്മിയെ കാണാൻ. മമ്മിക്ക് ഇപ്പോഴും അറിയില്ല എന്റെ കാമുകനായിരുന്ന ജയകൃഷ്ണനെ. കൂട്ടുകാരിയുടെ മോൻ. തനിക്ക് പിറക്കാതെ പോയ മോൻ എന്നിങ്ങനെ നൂറു വിശേഷണങ്ങളുള്ള ജയകൃഷ്ണനെയേ മമ്മിയറിയൂ.അയാൾ തകർത്താടുന്ന ചില വേഷങ്ങൾ ചിലർക്കേ അറിയൂ. ചിലർക്ക് മാത്രം

അവൾ നിന്ദയോടെ വർഷയെ നോക്കി ചിരിച്ചു.

ദിവസങ്ങൾക്കുശേഷം ഒരു വൈകുന്നേരം മോളെയും കൊണ്ട് വീട്ടിൽവന്നു കയറുമ്പോൾ മമ്മിയുടെ മുറിയിൽ ആരോ ഇരിക്കുന്നത് വർഷ കണ്ടു. അവൾ അകത്തേക്ക് നടക്കാൻ തുടങ്ങിയതും സെലിൻ ചിരിച്ചുകൊണ്ട് അവളെ കൈമാടി വിളിച്ചു.

അത്രയും ദിവസങ്ങൾക്കു ശേഷം ആദ്യമായിട്ടായിരുന്നു സെലിൻ അവളെ നോക്കിയൊന്നു പുഞ്ചിരിച്ചത്.ഇതുവരെ ഇങ്ങനെയൊരാൾകൂടി ആ വീട്ടിലുണ്ട് എന്ന ഭാവം പോലും കാണിച്ചിരുന്നില്ല അവർ.

മോളെ ചേർത്തു പിടിച്ച് അകത്തേക്ക് കയറി ചെല്ലുമ്പോൾ അവർക്കരുകിൽ കസേരയിലിരുന്നയാൾ അവൾക്ക് നേരെ തിരിഞ്ഞു.

“ജയകൃഷ്ണൻ…

വർഷ ഒരു ഞെട്ടലോടെ പിറുപിറുത്തു.എന്തിനെന്നറിയാതെ ഉള്ളിലൊരു പിടച്ചിലുണരുന്നത് അവളറിഞ്ഞു

തന്റെ എഴുത്തുകളെ വാനോളം പുകഴ്ത്തി കമന്റ്‌ ചെയ്യുന്ന fb സുഹൃത്ത്‌. പല തവണ അയാളുടെ ഇരുന്നും കിടന്നുമുള്ള കുറെ ഫോട്ടോസ് ഇൻബോക്സിൽ ഇട്ട് തന്നിരുന്നു. പലപ്പോഴും തന്റെ മുഖം കാണാൻ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. അന്നൊക്കെ വർഷമേഘങ്ങൾ എന്ന ഐഡിയിൽ ആരുമറിയാതെ ഒളിച്ചിരിക്കുന്നതായിരുന്നു ഇഷ്ടം.അതുകൊണ്ട് തന്നെ പെയ്തു നിറയുന്ന മഴയുടെ ചിത്രമായിരുന്നു പ്രൊഫൈലായി ഇട്ടിരുന്നത്.

വർഷാ, ഇത് ജയകൃഷ്ണൻ. എന്റെ കൂട്ടുകാരിയുടെ മോനാ. തന്നെപ്പോലെ എഴുത്തിന്റെ അസ്കിതയൊക്കെയുള്ള ഒരാൾ.ഞാൻ പറഞ്ഞു തന്നെക്കുറിച്ച്. ദാ ഇത് ഇവനെഴുതിയതാ. ഈയിടെയാണ് പുറത്തിറങ്ങിയെ.

വർഷ ഓർമ്മകളെ കുടഞ്ഞെറിഞ്ഞ്,സെലിൻ അവൾക്ക് നേരെ നീട്ടിയ പുസ്തകം കൈനീട്ടി മേടിച്ചു.

അതിന്റെ പ്രകാശനച്ചടങ്ങിൽ പങ്കെടുക്കാൻ ജയകൃഷ്ണൻ ക്ഷണിച്ചത് പിന്നെയും അവൾക്കോർമ്മ വന്നു.

“ഡോ, താനിങ്ങനെ ഒളിച്ചിരിക്കാതെ പുറത്ത് വാടോ. എനിക്ക് തന്നെ കാണാൻ വല്ലാത്ത ആഗ്രഹമുണ്ട്. എന്റെ പുസ്തക പ്രകാശനത്തിനു താൻ വന്നേ തീരൂ. ഇല്ലേൽ ഇനിയൊരിക്കലും ഞാൻ തന്നോട് മിണ്ടില്ല ട്ടോ.

അയാളുടെ ഉള്ളിലെ നനുത്ത പ്രണയം തിരിച്ചറിഞ്ഞതു കൊണ്ടും,ഒരിക്കലും അങ്ങനെയൊരു റിലേഷൻ ആഗ്രഹിക്കാത്തത് കൊണ്ടും ആ ക്ഷണനം തീർത്തും അവഗണിച്ചു.

അതിന് ശേഷം വീണ്ടുമൊരിക്കൽ കൂടി അയാളവളെ വിളിച്ചു.

ഞാൻ ഒരുപാട് കൊതിച്ചു എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം പൂവണിയുന്ന നിമിഷങ്ങൾക്ക് സാക്ഷിയാകാൻ താനും കൂടി വേണമെന്ന്. പക്ഷേ താനെന്നെ തോൽപ്പിച്ചു കളഞ്ഞു. ഇനിയൊരിക്കലും നമ്മൾ കാണാതിരിക്കട്ടെ.

അയാളുടെ വാക്കുകളിൽ നിറഞ്ഞ നിരാശയുടെ പൊരുൾ അപ്പോഴും അവൾക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല. ഭാര്യയും രണ്ടു മക്കളുമുള്ള ഒരാൾക്ക്, അക്ഷരങ്ങളിലൂടെ മാത്രം പരിചയമുള്ള ഒരുവളെ പ്രണയിക്കാൻ കഴിയുമോ. വെറും പ്രലോഭനമല്ലേ അത്. അതോർത്തപ്പോൾ അവൾക്ക് അയാളോട് വല്ലാത്ത വെറുപ്പ് തോന്നി. അന്ന് തന്നെ അവളാ ചിലന്തിവലയിൽ നിന്നും പുറത്ത് കടന്നു..

പ്രിയയെക്കുറിച്ചോർത്തപ്പോൾ അയാളോടുള്ള വെറുപ്പ് കോപമായി നുരഞ്ഞു പൊന്തി. അഭിനനയചക്രവർത്തി തന്നെ എന്ന് പുച്ഛവും തോന്നി.

വർഷ fb യിൽ എഴുതാറുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്ന് ഒറ്റ വാക്കിൽ മറുപടി പറഞ്ഞ് അവൾ തിരിഞ്ഞു നടന്നു.

എടുത്തടിച്ചതുപോലെയുള്ള അവളുടെ മറുപടിയിൽ സെലിൻ വല്ലാതെ പകച്ചു പോയി.

അവളുടെ മനസ്സ് ശരിയല്ലന്ന് തോന്നുന്നു. പഴയ കാര്യങ്ങൾ വല്ലതും ഓർത്തു കാണും എഴുത്തിനെപ്പറ്റി പറഞ്ഞപ്പോൾ.അവർ ജയകൃഷ്ണന്റെ വിളറിവെളുത്ത മുഖം നോക്കി പതിയെപ്പറഞ്ഞു.

ഞാനായിട്ടിനി പഴയതൊന്നും ഓർമ്മിപ്പിക്കാൻ നിൽക്കുന്നില്ല. എഴുത്തുകാരിയാണെന്ന് ആന്റി പരിചയപ്പെടുത്തിയത്കൊണ്ടു മാത്രം ചോദിച്ചു എന്നേയുള്ളു.ഞാൻ പോയിട്ട് പിന്നെ വരാം ആന്റി.

അയാൾ മമ്മിയോട്‌ യാത്ര പറഞ്ഞിറങ്ങുന്നത് അവൾ ജനൽപ്പാളികൾക്കപ്പുറം നിന്ന് കാണുന്നുണ്ടായിരുന്നു.

അയാളുടെ വാക്കുകൾ അവൾ ഏറ്റു പറഞ്ഞു.

അതേ,വർഷയുടെ ലൈഫിലേക്ക് പഴയതൊന്നും ഓർമിപ്പിച്ചു കൊണ്ടു ഇനിയാരും കടന്നു വരേണ്ട . വർഷമേഘങ്ങൾ പെയ്തു തോർന്നു കഴിഞ്ഞു. ഇനിയുള്ളത് നേർത്ത നിലാവാണ്. ജീവിതകാലം മുഴുവൻ പ്രകാശം പരത്തുന്ന പൗർണമി നിലാവ്. അതിൽ ഞാനും എന്റെ മോളും പിന്നെ പ്രിയയും മാത്രം മതി. മറ്റാരും വേണ്ട. ആരും.അതിനു ഞാൻ സമ്മതിക്കില്ല. ഒരു കാരണവശാലും. തല വെട്ടിച്ചു കൊണ്ട് അവൾ അവളോട് തന്നെ മൗനമായി മന്ത്രിച്ചുകൊണ്ടിരുന്നു.ഒരു പ്രാർത്ഥന പോലെ.