അന്ന് പക്ഷെ അങ്ങനെയൊരു വിഷയം അമ്മയ്ക്കും ആദിയ്ക്കും മുൻപിൽ അവതരിപ്പിക്കാനുള്ള…

സുകൃതം

Story written by Athira Sivadas

======================

അമ്മയുടെ വിവാഹം ക്ഷണിക്കാൻ ബന്ധുവീടുകളിലൊക്കെ പോയപ്പോൾ “വയസ്സുകാലത്ത് അമ്മയെ കെട്ടിക്കാൻ നിനക്ക് എന്തിന്റെ കേടാണ്‌ ” എന്നായിരുന്നു ചോദ്യം. അതോടെ ബന്ധുക്കളെ പാടെ ഒഴിവാക്കാമെന്ന തീരുമാനത്തിലെത്തി…

വളരെ ചെറിയൊരു ചടങ്ങായാണ് ഒക്കെ തീരുമാനിച്ചത്. രജിസ്റ്റർ ഓഫീസിൽ വച്ച്  ചെറിയൊരു ചടങ്ങ്. ആദിയുടെ മുഖത്ത് എന്തോ ചെറിയൊരു നീരസം കാണാനുണ്ടായിരുന്നു. ഞാനത് ഗൗനിച്ചതേയില്ല. അമ്മയുടെ മുഖത്തുമുണ്ട്  ഒരു ബുദ്ധിമുട്ട്. അത് സമൂഹത്തെ ഭയന്നിട്ടാണ്. പക്ഷേ രവി അങ്കിൾ വളരെ കൂളായിരുന്നു. അങ്കിളിന്റെ മുഖം എപ്പോഴത്തെയും പോലെ പ്രസന്നമായി തന്നെ കാണപ്പെട്ടു.

അമ്മയുടെ ഭർത്താവിനെ അങ്കിൾ എന്ന് വിളിക്കുന്നത് ഒരു വിരോധാഭാസമായി തോന്നുമെങ്കിലും കഴിഞ്ഞ ഇരുപത്തിയേഴ്‌ വർഷമായി അച്ഛനെന്ന് വിളിച്ചു മനസ്സിൽ പ്രതിഷ്ടിച്ച രൂപത്തിന് ഒരു മുഖമേയുള്ളൂ. അത്കൊണ്ട് രവി അങ്കിളിനെ അച്ഛനായി പ്രതിഷ്ടിക്കാൻ കഴിഞ്ഞില്ല.  താലികെട്ടും സിന്ദൂരം ചാർത്തലും ഒന്നുമുണ്ടായിരുന്നില്ല. ലീഗലി രജിസ്റ്റർ ചെയ്ത ശേഷം വീട്ടിലേക്ക് മടങ്ങി. അവിടെ ഒക്കെത്തിനും ഒത്താശ ചെയ്ത എന്റെയും ആദിയുടെയും കുറച്ചു സുഹൃത്തുക്കളും പിന്നെ രവി അങ്കിളിന്റെ സുഹൃത്തുക്കളായും ബന്ധുക്കളായും ഒരു ഏഴ് പേർ കൂടി.

വിവാഹദിവസം ഭംഗിയായി കഴിഞ്ഞു. രവി അങ്കിളിനൊപ്പം ഒരു മുറിയിൽ കഴിയാൻ അമ്മയ്ക്ക് അല്പം ബുദ്ധിമുട്ട് ഉണ്ടായിരുന്നു. അത് മനസ്സിലാക്കി അങ്കിൾ തന്നെയാണ് അമ്മയെ എന്റെ മുറിയിലേക്ക് പറഞ്ഞയച്ചത്. അത് കണ്ടപ്പോൾ ആദിയുടെ മുഖം വിടരുന്നത് കണ്ടു. അവന് ഭയമാണ്. എന്തിന്റെ പേരിലാണ് അമ്മയ്ക്ക് ഭർത്താവ് എന്നതിലുപരി ഒരു കൂട്ടായി ഞാൻ രവി അങ്കിളിനെ തിരഞ്ഞെടുത്തത് എന്നൊരു ചോദ്യം അവന്റെ ഉള്ളിലുഉണ്ടായിരിക്കണം. അച്ഛൻ മരിക്കുമ്പോൾ അമ്മയ്ക്ക് ഇനിയുമൊരു ജീവിതം വേണമെന്ന് ചിന്തിക്കാനുള്ള പ്രായവും പക്വതയും എനിക്കോ ആദിയ്ക്കോ ഉണ്ടായിരുന്നില്ല. അമ്മയെ വീട്ടിൽ തനിച്ചാക്കി ഞങ്ങൾ രണ്ടാളും ദൂരെ നിന്ന് പഠിക്കാൻ തുടങ്ങിയപ്പോഴായിരുന്നു അമ്മയ്‌ക്കൊരു കൂട്ട് വേണ്ടത്തിന്റെ ആവശ്യകത എന്തായിരുന്നെന്ന് തിരിച്ചറിഞ്ഞത്.  അന്ന് പക്ഷെ അങ്ങനെയൊരു വിഷയം അമ്മയ്ക്കും ആദിയ്ക്കും മുൻപിൽ അവതരിപ്പിക്കാനുള്ള ചളിപ്പും ബുദ്ധിമുട്ടും എനിക്കുണ്ടായിരുന്നു.

ഒരിക്കൽ തറവാട്ടിൽ വച്ചാണ് അമ്മയുടെ പഴയൊരു പ്രണയത്തെ പറ്റി അച്ഛമ്മ പറഞ്ഞറിയുന്നത്.

“രവി ശങ്കർ, അയാളിപ്പോഴും തനിച്ചാ… മുത്തച്ഛൻ നിന്റെ അമ്മയെ അയാൾക്ക് നൽകാതെ വേറെ വിവാഹം കഴിപ്പിച്ചത് കൊണ്ടാണ് അയാളിപ്പോഴും തനിച്ച് ജീവിക്കുന്നതെന്നൊക്കെ ഒരു കാലത്ത് ഇവിടെ പരക്കെയൊരു സംസാരമുണ്ടായിരുന്നു…” എന്ന് അമ്മമ്മ പറഞ്ഞു കേട്ടപ്പോൾ രവി അങ്കിളിനെ നേരിട്ടൊന്നു കാണണമെന്നേ ഉണ്ടായിരുന്നുള്ളു എനിക്ക്.

കണ്ട് കഴിഞ്ഞപ്പോൾ എന്തോ ഒരു സ്നേഹം തോന്നി. ഒരു കാലത്തെന്റെ അമ്മ അയാളെ സ്നേഹിച്ചിരുന്നു എന്നൊരു ചിന്ത മാത്രമേ അപ്പോൾ മനസ്സിൽ ഉണ്ടായിരുന്നുള്ളു. ശ്രീദേവിയുടെ മകളാണെന്ന് പറഞ്ഞ് ഞാൻ സ്വയം പരിചയപ്പെടുത്തുമ്പോൾ  ഏറെ പ്രിയപ്പെട്ടതെന്തോ കണ്ടുകിട്ടിയ ഭാവമായിരുന്നു അയാളുടെ മുഖത്ത്.

പിന്നെ ചെറിയച്ഛൻ വഴിയായിരുന്നു പ്രണയകഥ കാര്യമായി കേൾക്കുന്നത്. കൊണ്ടുപിടിച്ച സ്നേഹമായിരുന്നത്രെ. വിവാഹമാലോചിച്ചു തറവാട്ടിലെത്തിയ വേണു അങ്കിളിനെ മുത്തച്ഛൻ ആട്ടിയിറക്കിയത്രേ. ഒടുവിൽ കണ്ണീരിനും ഭീഷണിയ്ക്കുമൊടുവിൽ അമ്മ അച്ഛന്റെ മുൻപിൽ തല കുനിച്ചു കൊടുത്തതാണെന്നറിഞ്ഞപ്പോൾ വല്ലാത്ത വേദന തോന്നിയിരുന്നു എനിക്ക്.

ഇരുവരെയും ചേർത്ത് വെക്കണമെന്നൊരു ആഗ്രഹം ഉള്ളിലുടലെടുത്തിരുന്നെങ്കിലും വിവാഹം വരെ എത്തിക്കാൻ ഏറെ കടമ്പകളുണ്ടെന്നെനിക്കറിയാമായിരുന്നു. ഓരോ ലീവിന് വരുമ്പോഴും വേണു അങ്കിളിനെക്കുറിച്ച് അമ്മയോട് ചോദിക്കണം എന്ന് തോന്നും. പക്ഷെ ചോദിക്കാതെ മടങ്ങും. ഒരിക്കൽ ടൗണിൽ ടെക്സ്റ്റൈൽസ് നടത്തുന്ന വേണു അങ്കിളിനെക്കുറിച്ച് ചോദിച്ചപ്പോൾ യാതൊരു ഭാവമാറ്റവും ഇല്ലാതെ അമ്മ എനിക്ക് മറുപടി തന്നു. നാട്ടിലെ സുഹൃത്ത് എന്നതിനപ്പുറം മറ്റെന്തെങ്കിലും ബന്ധം അവർ തമ്മിലുണ്ടായിരുന്നെന്ന് തോന്നിപ്പിക്കാത്ത വിധം സമർത്ഥമായി അമ്മയെന്റെ ചോദ്യത്തെ നേരിട്ടു.

അങ്ങനെയിരിക്കെ ഒരുദിവസമാണ് അമ്മയ്ക്ക് അല്പം സീരിയസ് ആണെന്ന് പറഞ്ഞ് നാട്ടിൽ നിന്ന് കോൾ വരുന്നത്. കൂടുതലൊന്നും ആലോചിച്ചില്ല. അടുത്ത ഫ്ലൈറ്റിനു തന്നെ ടിക്കറ്റ് എടുത്തു. യാത്രയിലുടനീളം അമ്മയ്ക്കെന്തെങ്കിലും പറ്റിപ്പോകുമോ എന്ന പേടിയായിരുന്നു ഉള്ളു നിറയെ. ആദിയെ കുറേ പ്രാവശ്യം വിളിക്കാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. ജോലിത്തിരക്കാണെന്ന് അറിയാമെങ്കിലും അവനോടപ്പോൾ വല്ലാത്ത  നീരസം തോന്നി. എയർപോർട്ടിൽ നിന്നും രണ്ട് മണിക്കൂർ യാത്രയുണ്ടായിരുന്നു ഹോസ്പിറ്റലിലേക്ക്. ഞാനവിടെയെത്തുമ്പോൾ ഐ. സി. യുവിന് വെളിയിൽ മധുവേടത്തിയും സായേട്ടനുമുണ്ടായിരുന്നു.

ഉച്ചയായിട്ടും കാണാഞ്ഞത് കൊണ്ട് തിരക്കി ചെന്നതാണ് മധുവേടത്തി, അപ്പോൾ കട്ടിലിൽ അനക്കം ഇല്ലാതെ കിടക്കായിരുന്നു അത്രേ. ആശുപത്രിയിലെത്തിച്ചപ്പോഴാണ് മൈനർ അറ്റാക്ക് ആയിരുന്നു എന്നറിഞ്ഞത്. ഐ. സി. യു വിൽ കയറി ശാന്തമായി ഉറങ്ങുന്ന അമ്മയെ കണ്ടപ്പോൾ കണ്ണു നിറഞ്ഞു. അമ്മയ്ക്ക് കൂടി എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞാൽ ഞാനും ആദിയും അനാഥരാണ്. അച്ഛൻ മരിച്ചത് മുതൽ ഞങ്ങളെ പൊന്ന്പോലെ സ്നേഹിച്ചു, കുറവുകളറിയിക്കാതെ വളർത്തിയത് അമ്മയാണ്. അമ്മ എന്നും എന്റെ റോൾ മോഡലാണ്. തളർച്ചകളിൽ എന്നെ പിടിച്ചുയർത്തുന്ന ഇൻസ്പിറേഷൻ ആണ്.

“മൈ മദർ ഈസ്‌ ഫിനോമിനൽ” എന്ന് പറയുമ്പോഴൊന്നും ആ വലിയ വീട്ടിലുള്ള അമ്മയുടെ വിരസമായ ജീവിതത്തെക്കുറിച്ച് ഞാനോർത്തിരുന്നില്ല. ഐ. സി. യുവിന് വെളിയിൽ തലയ്ക്കു കൈ കൊടുത്തിരിക്കുമ്പോൾ അമ്മ നാട്ടിൽ തനിച്ചാണെന്ന് പറഞ്ഞ് റിസൈൻ ചെയ്തു പോയ ഹെല്പ്പർ മുത്തുലക്ഷ്മിയെ ഓർത്തു. എന്നേക്കാൾ ചെറിയ പൊസിഷനാണ്. സാലറിയും കുറവാണ്. ഏതോ കുഗ്രാമത്തിൽ നിന്നും വന്ന അവൾ അമ്മ തനിച്ചാണെന്ന് പറഞ്ഞു ബാംഗ്ലൂർ ജീവിതം ഉപേക്ഷിച്ചു പോയപ്പോൾ നിന്റെ നാട്ടിൽ പോയി നക്കാപ്പീച്ച കാശിനു പണിയെടുക്കാനാണോ എന്ന് ഞാൻ പരിഹാസത്തോടെ ചോദിച്ചിരുന്നു. പക്ഷേ ഇപ്പോൾ എനിക്ക് മുൻപിൽ മുത്തുലക്ഷ്മിയൊരു പുച്ചച്ചിരിയോടെ നിൽക്കുന്നത് പോലെ തോന്നുന്നു.  മനസ്സ് കൊണ്ട് എനിക്കും എത്രയോ മേലെയാണവൾ. ഹൃദയം പിളരുന്ന വേദന അനുഭവിക്കുമ്പോൾ ഞാനോ ആദിയോ അരികിലുണ്ടായിരുന്നെങ്കിലെന്ന് അമ്മ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ടാവണം. ഒന്നുമറിയാതെ ഞങ്ങൾ രണ്ടാളും ഞങ്ങളുടെ തിരക്കുകളിലും. ശാപം പിടിച്ച ജന്മങ്ങൾ.എനിക്ക് വല്ലാത്ത വേദന തോന്നി.

അമ്മയുടെ ആയുസ്സ് നീട്ടികിട്ടാൻ അറിയുന്ന ദൈവങ്ങളോടൊക്കെ കരഞ്ഞു പ്രാർത്ഥിക്കുമ്പോൾ ഒരു ചെറിയ പനിച്ചൂട് കണ്ടാൽ എനിക്കും ആദിക്കുമരികിൽ ഉറങ്ങാതെ കാത്തിരിക്കുന്ന അമ്മയെ ഓർത്തു.

ഡോക്ടറെ കാണാൻ സായേട്ടനൊപ്പം പോകുമ്പോൾ മനസ്സ് കൊണ്ടും ശരീരം കൊണ്ടും ഞാൻ വല്ലാതെ തളർന്നു പോയിരുന്നു. അപകടനില തരണം ചെയ്തെന്ന് കേൾക്കുമ്പോൾ ഉള്ളിലുണ്ടായ ആശ്വാസം ചെറുതൊന്നുമല്ല. വിവരമറിഞ്ഞ ഉടനെ ആദിയും എത്തിയിരുന്നു അമ്മയെ കാണാൻ. രണ്ട് ദിവസം കഴിഞ്ഞവൻ തിരികെ മടങ്ങുമ്പോൾ ഓഫീസിലെ പെന്റിങ് വർക്കുകളുടെ ചിന്ത എന്നെയും അലട്ടാൻ തുടങ്ങിയിരുന്നു.

അമ്മയുടെ കൂടെ എല്ലാം ചെയ്ത് കൊണ്ടുത്തുകൊണ്ട് ഞാൻ കൂടെ നിക്കുമ്പോൾ “എന്തേ അമ്മ മരിച്ചു പോകുമെന്ന് കരുതിയോ എന്റെ മോൾ” എന്നമ്മ ചിരിച്ചു കൊണ്ട് ചോദിച്ചു. ഉള്ളൊന്ന് പിടഞ്ഞിരുന്നു. അതേ… പേടിച്ചു പോയിരുന്നു.

ഇരുപത് വർഷങ്ങൾ…. ഇരുപത് വർഷങ്ങൾ എല്ലാത്തിനും അമ്മ തനിച്ചായിരുന്നു. അച്ഛൻ മരിക്കുന്നത് അമ്മയുടെ മുപ്പത്തി രണ്ടാം വയസ്സിലായിരുന്നു. ഒരു വിധവയായ സ്ത്രീയ്ക്ക് അനുഭവിക്കേണ്ടി വരുന്ന എല്ലാ ബുദ്ധിമുട്ടുകളും സഹിച്ചാണ് അമ്മ ഞങ്ങളെ വളർത്തിയത്, പഠിപ്പിച്ചത്.  അമ്മയുടെ ചിറകിനടിയിൽ വളർന്ന മക്കൾ രണ്ട് പേരുമിപ്പോൾ ചിറക് വിരിച്ചു പറക്കുന്നു… പക്ഷേ അമ്മയോ…കൂട്ടിനാരോരുമില്ലാതെ തനിച്ച്… ആ ചിന്തയുടെ  ഒടുക്കമാണ് അമ്മയോട് വിവാഹത്തെക്കുറിച്ച് സംസാരിച്ചത്. വേണു അങ്കിളിന്റെ കാര്യം പറഞ്ഞപ്പോഴും അമ്മ ഒഴിഞ്ഞുമാറി.

“ആഗ്രഹങ്ങളും മോഹങ്ങളുമൊന്നും ബാക്കിയില്ല. നിങ്ങൾ രണ്ടാളും നന്നായി കാണണം. അത്രെയേ ഉള്ളു അമ്മയ്ക്ക്.”  ആ മറുപടിയും എന്നെ ഉലച്ചു. ഇത്രയും നിസ്വാർത്ഥരായി സ്നേഹിക്കാൻ അമ്മമാർക്ക് മാത്രമേ കഴിയൂ..

വേണുഅങ്കിളിന്റെ കാര്യം അവതരിപ്പിച്ചപ്പോൾ അമ്മമ്മയും ചെറിയച്ഛനും കൂടെ നിന്നു. ബാക്കി എല്ലാവരെയും ഞാൻ പാടെ ഒഴിവാക്കി. പൂർണ്ണമായും താല്പര്യം ഉണ്ടായിരുന്നില്ലെങ്കിലും ആദി ഒക്കെത്തിനും കൂടെ നിന്നു. വിവാഹം കഴിഞ്ഞതോടെ, കൂട്ടിനൊരാളെ കിട്ടിയതോടെ അമ്മയും മാറി തുടങ്ങിയിരുന്നു.

ലീവ് കഴിഞ്ഞവസാനം മടങ്ങുമ്പോൾ അമ്മയ്‌ക്കൊപ്പം നിന്ന് യാത്ര പറയുന്ന വേണു അങ്കിൾ ഒരാശ്വാസമാണ്.  പിന്നീട് അമ്മ തനിച്ചല്ല എന്ന വിശ്വാസത്തിന് മേലുള്ള എന്റെ മടക്കങ്ങളോരോന്നും നിർവൃതിയോടെയായിരുന്നു.

യാത്ര പോകാൻ അമ്മയ്ക്ക് ഒരുപാട് ഇഷ്ടമാണെന്നുള്ളത് എനിക്കൊരു പുതിയ അറിവായിരുന്നു. വേണു അങ്കിളിനൊപ്പമുള്ള ഓരോ യാത്രകൾക്കവസാനവും  ഉള്ളുകൊണ്ട് ചിരിക്കുന്ന അമ്മയെ എനിക്ക് കാണാൻ കഴിഞ്ഞു.

“വയസ്സുകാലത്ത് അമ്മയെ കെട്ടിക്കാൻ നിനക്ക് എന്തിന്റെ കേടാണ്‌” എന്ന് ചോദിച്ചവർക്കുള്ള എന്റെ മറുപടിയും ആ ചിരിയായിരുന്നു.