ഇരുട്ടായപ്പോൾ പുറത്ത് ആരുടെയൊക്കെയോ സംസാരം കേട്ടാണ് അമ്മ വാതിൽ തുറന്നത്..

കൈനീട്ടം….

Story written by Sarath Krishna

=====================

വിഷു കഴിഞ്ഞു വരാൻ നേരത്തു വല്യമാമ്മൻ പോക്കറ്റിൽ വെച്ചു തന്ന 10 രൂപയും കൂടി കൂട്ടിയപ്പോൾ ഈ കൊല്ലം ആകെ കിട്ടിയ കൈ നീട്ടം 25 രൂപ കടന്നിരുന്നു..

മനസിലെ മോഹങ്ങളിൽ പൂത്തിരി കത്തിച്ചു തെളിഞ്ഞു നിന്നത് മുഴുവൻ ദാസേട്ടന്റെ പിടികയുടെ മുന്നിൽ തൂക്കി ഇട്ടിരുന്ന സെവനപ്പ് കുപ്പിയായിരുന്നു…

ഒരെണ്ണം വാങ്ങി കുടിക്കണം എന്ന മോഹം കൊണ്ട് നടക്കാൻ തുടങ്ങിട്ടു കാലം കുറെയായി..

രണ്ടു തവണ കുടിച്ച അപ്പുവും ഒരു തവണ കുടിച്ച കണ്ണനും അതിന്റെ തരിപ്പ് കലർന്ന രൂചിയെ കുറിച്ചു പറയുമ്പോഴൊക്കെ കൊതി മൂത്ത് വെള്ളം ഇറക്കി ഞാൻ അവർക്ക് ഇടയിൽ ഒരുപാട് തവണ ഇരുന്നിട്ടുണ്ട്..

അപ്പോഴൊക്കെ മനസിൽ ഉറപ്പിക്കും എന്നേലും കൈയിൽ പൈസ വന്നാൽ അതൊരണ്ണം വാങ്ങി കുടിക്കണമെന്നു.. .

അതിന് ശേഷം പീടികയിൽ പോകുമ്പോഴൊക്കെ ആ പച്ചകുപ്പിയിൽ നിന്ന് കണ്ണെടുക്കാതെ ഞാൻ നോക്കി നിൽക്കും..

ഏറെ കാലമായി കൊണ്ട് നടക്കുന്ന മോഹം സഫലമാകാൻ പോകുന്ന സന്തോഷത്തിൽ ഞങ്ങളെ യാത്രയാക്കാൻ ഉമ്മറത്തെ ഒതുക് ചാരി നിന്നിരുന്ന മാമന്റെ കവിളത്ത്‌ ഉമ്മയും കൊടുത്ത് അച്ഛന്റെയും അമ്മയുടെയും കൂടെ മുന്നിൽ നടക്കുന്ന ചേച്ചിമാർക്ക് അടുത്തേക്ക് പോക്കറ്റ് പൊത്തി പിടിച്ച് ഞാൻ ഓടി..

എത്ര കൈ നീട്ടം കിട്ടിയതെന്ന് ചോദിച്ചപ്പോൾ ഇന്നലെ മുഖംകൊണ്ട് കൊഞ്ഞനം കുത്തി കാണിച്ച ചേച്ചിമാരുടെ മുഖത്തേക്ക് നോക്കാതെ ഞാൻ അമ്മയുടെ പിന്നിൽ നടന്നു..

വിട്ടിൽ എത്തി….

പൈസ ഭദ്രമായി ഞാൻ അലമാരയുടെ ഒരു മൂലയിൽ കൊണ്ട് വെച്ചു..

ആരോടും പറയാതെ നാളെ രാവിലെ തന്നെ പിടികയിൽ പോയി പച്ച കുപ്പി ഒരെണ്ണം വാങ്ങണമെന്ന് മനസിൽ ഉറപ്പിച്ചു…

രാവിലെ ചെന്ന് അലമാരി തുറന്നപ്പോൾ പൈസ വെച്ചിടത്ത്‌ ഇല്ല…

ഞാൻ തുണികളെല്ലാം വലിച്ചിട്ട് പരത്തി നോക്കി..

കണ്ടില്ല… ..

മുറിയിൽ നിന്ന് പൈസ കണ്ടൊന്നു ഉച്ചത്തിൽ ചോദിച്ചു ഞാൻ അടുക്കളയിൽ നിന്നിരുന്ന അമ്മയുടെ അടുത്തേക്ക് ഓടി.

പീടികയിലെ പറ്റ് തീർക്കാൻ വേണ്ടി പൈസ രാവിലെ അച്ഛൻ എടുത്തു കൊണ്ട് പോയെന്ന് ”അമ്മ പറഞ്ഞപ്പോൾ സങ്കടവും ദേഷ്യവും എനിക്ക് ഒരുമിച്ചായിരുന്നു വന്നത്..

എന്നിട്ടും ഞാൻ സങ്കടം കടിച്ചമർത്തി മിണ്ടാതെ നിന്നു…

അവസാനം സമാധാനിപ്പിക്കാൻ പറയുന്ന ഒരു വാക്കിന് പകരം എന്നോട് അമ്മ ചോദിച്ചത്

നിനക്ക് എന്തിനാ ഇപ്പൊ കാശെന്നു..?

കുന്നോളം ആഗ്രഹങ്ങളെ മനസിൽ മാത്രം മൂടി വെച്ചവന്റെ ഉളിലേക്ക് കനൽ കോരി ഇടുന്ന പോലെയാണ് ഞാൻ ആ ചോദ്യം കേട്ട് നിന്നത്..

വീട്ടിലെ ബുദ്ധിമുട്ടുകൾ ഓർത്ത് മോഹങ്ങൾ തോന്നിയതിനൊന്നും നാളിതുവരെ വാശി പിടിച്ചു കരഞ്ഞട്ടില്ല .അതായിരുന്നോ ഇത്ര നാളും ഞാൻ ചെയ്ത തെറ്റ്….?

ആ നിമിഷം അത് വരെ അടക്കി പിടിച്ച ആഗ്രഹങ്ങളെല്ലാം എന്നെ നോക്കി പുച്ഛിക്കുന്ന പോലെ എനിക്ക് തോന്നി…

പരിപ്പ് കഴുകി അടുപ്പത്തു ഇടുന്ന അമ്മയുടെ പുറകിൽ നിന്ന് അധികാര ഭാവത്തോടെ തന്നെ ഞാൻ പറഞ്ഞു

എനിക്ക് എന്റെ കാശ് മടക്കി വേണമെന്ന്…..

കേട്ട് മുഴവിക്കും മുൻപേ കൂട്ടാൻ ഇളകുന്ന കൈയ്യും കൊണ്ട് ‘അമ്മ എന്നെ തല്ലനായി എന്റെ അടുക്കലേക്ക് ഓടി വന്നു…

ലവലേശം പേടിയില്ലാതെ നിറഞ്ഞ കണ്ണാലെ ഞാൻ അമ്മയുടെ മുന്നിൽ നിന്നു..

ആ സമയത്ത്‌ പേടിക്കും മുകളിലായി എന്റെ മുഖത്തെ ദയനീയത കണ്ടത് കൊണ്ടായിരിക്കണം തല്ലാൻ ഓങ്ങിയ ചിരട്ട കയ്യില് പുറകോട്ട് മാറ്റി പിടിച്‌ ”അമ്മ എന്റെ മുടിയിൽ തലോടി പറഞ്ഞത്

അച്ഛന് ഇനി ഒരാഴ്ചത്തേക്ക് പണിയില്ല വാവേ എന്ന്..

വിഷുവിന് നാല് ദിവസം മുൻപ് പനിച്ചു കിടന്ന അച്ഛന്റെ അവസ്ഥ മോനും കണ്ടതല്ലേ എന്ന്..

വിഷൂന് പടക്കവും കോടിയും വാങ്ങിച്ചു തരോന്ന് ചോദിച്ചപ്പോഴും ‘അമ്മ പറഞ്ഞത് ഈ പനിയുടെ കഥ തന്നെയായിരുന്നില്ലേ… ?

എന്റെ ആ ചോദ്യത്തിന് അമ്മയ്ക്ക് മറുപടി ഇല്ലായിരുന്നു..

പിന്നെ ‘അമ്മ പറഞ്ഞ സ്വാന്തനവാക്കുകൾക്കൊന്നും ഞാൻ പ്രതീക്ഷയോടെ നെയ്ത് കൂട്ടിയ സ്വപ്നങ്ങളെ ശമിപ്പിക്കാൻ കഴിയുന്നതായിരുന്നില്ല…

അമ്മയുടെ തലോടലിനും ആശ്വാസ വാകുക്കൾക്കും മുകളിലായി അവ ഒന്നൊന്നായി മനസിൽ തെളിഞ്ഞു നിന്നു..

അതെല്ലാം ഓർക്കും തോറും എന്റെ കരച്ചിലിന്റെ ആഴം കൂടുകയാണ് ചെയ്തത്…

സങ്കടം സഹിക്ക വയ്യാതെ അമ്മയുടെ കൈകൾ തട്ടി മാറ്റി ഞാൻ അടുക്കള വാതിലിലൂടെ പിന്നാം പുറത്തേക്ക് നടന്നു. …

അമ്മിയുടെ താഴെ ചുരുണ്ടു കൂടി കിടന്നിരുന്ന തള്ള പൂച്ചയെ കൈയിൽ ഉണ്ടായിരുന്ന വട്ട് ഉരുട്ടുന്ന ശീമ കൊന്നയുടെ കമ്പ് കൊണ്ട് എറിഞ്ഞു ഞാൻ ഓടിച്ചു വിട്ടു…..

എന്റെ കരച്ചിലിൽ കേട്ട് മുറ്റത്തു കളിച്ചിരുന്ന ചേച്ചിമാർ കാരണം ചോദിച്ചു എന്റെ അടുത്തേക് വന്നു …

ആ കുഞ്ഞുമറത് എന്റെ ഇടവും വലവും അവർ ഇരുന്നു..

എന്നെ സമാധാനിപ്പിക്ക എന്നോണം എന്റെ തോളിൽ കൈ ഇട്ടു കൊണ്ട് മൂത്തവൾ പറഞ്ഞു..

അവർക്ക് കിട്ടിയ കാശ് ഇന്നലെ വിട്ടിൽ എത്തിയപ്പോൾ തന്നെ അവർ അച്ഛന്റെ കൈയിൽ കൊടുത്തെന്നു……

അതാണ് നീ കൈനീട്ടത്തെ കുറിച്ചു ചോദിച്ചപ്പോൾ പറയാഞ്ഞതെന്ന്…

അവസാനം ഇരുവരും എന്നോട് ചോദിച്ചു എനിക്ക് ഇപ്പോ എന്തിനാ കാശ് എന്ന്…

സ്വന്തമായി ഒരു സൈക്കിളിന്റെ ടയറും കൊന്ന വടിയും മാത്രമുള്ള എനിക്ക് എനിക്ക് പൈസ കൊണ്ട് സാധിക്കാവുന്ന ഒരു ആഗ്രഹങ്ങളും പാടില്ലേ…

അതിന് ഉത്തരം പറയും മുൻപ് വീടിന്റെ മുൻവശത് ഞാൻ അച്ഛന്റെ കാൽ പെരുമാറ്റം കേട്ടു

അവർക്ക് ഇടയിൽ നിന്ന് എണീറ്റ് ഞാൻ ധൃതിയിൽ അച്ഛന്റെ അടുത്തേക്കു ഓടി…

പീടികയിൽ നിന്ന് സാധനങ്ങളുമായി നിൽക്കുന്ന അച്ഛന്റെ മുന്നിൽ നിന്ന് ഞാൻ ചോദിച്ചു

എന്തിനാ എന്നോട് ചോദിക്കാതെ എന്റെ പൈസ എടുത്തേതെന്ന്…..

പ്രതീക്ഷിക്കാത്ത എന്തോ കേട്ട പോലെ അച്ഛൻ ആ നിമിഷം നിന്നിടത്ത്‌ തന്നെ നിശ്ചലമായി നിന്നു…

പിന്നെ പെട്ടന്ന് മുഖത്ത് എവിടെ നിന്നോ ചിരി വരുത്തി അച്ഛൻ ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് കപ്പലണ്ടി മിട്ടായി എടുത്ത് എന്റെ നേർക്കു നീട്ടി…

മിട്ടായി വാങ്ങി ദേഷ്യത്തോടെ ഞാൻ വാതിലിലൂടെ തെങ്ങിന്റെ ചോട്ടിലേക്ക് എറിഞ്ഞു..

എല്ലാം കണ്ടു പുറകിൽ നിന്നിരുന്ന ‘അമ്മ ഓടി വന്ന് എന്നെ തല്ലാൻ തുടങ്ങിയപ്പോൾ അച്ഛനായിരുന്നു അവനെ തല്ലണ്ടെന്ന് പറഞ്ഞു അമ്മയെ തടഞ്ഞു നിർത്തിയത് …

എന്നിട്ടും കൈ കഴക്കുവോളം ‘അമ്മ എന്നെ തല്ലി…..

അവസാനം എന്നെ പുറകിലേക്ക് മാറ്റി പിടിച്ചിരുന്ന അച്ഛന്റെ കൈകൾ ഞാൻ കുതറി വിടിവിച്ചു ആ മുഖത്ത് നോക്കി ദേഷ്യത്തോട ഞാൻ പറഞ്ഞു

അച്ഛൻ കള്ളനാണെന്ന്..

ആ നിമിഷം ആ മുഖം നിസഹായമായി നിന്നു പോയിരുന്നു…….

അച്ഛനെ എന്താ വിളിച്ചതെന്ന് ചോദിച്ചു എന്നെ വീണ്ടും തല്ലാൻ ഓടിയെത്തിയ അമ്മയുടെ പിടിയിൽ നിന്ന് ഞാൻ പുറത്തേക്ക് ഓടി…

വേലിയുടെ ഓരത്ത് നിന്ന് കണ്ണുകൾ തുടച്ച് കിതക്കുന്നതിടയിൽ ഞാൻ വീടിന്റെ അകത്തു നിന്ന് എന്തോ വലിച്ചെറിയുന്ന ശബ്ദം കേട്ടു…

ആരോടും പറയാതെ വേലിയുടെ അരികിൽ നിൽക്കുന്ന എന്നെ നോക്കി കണ്ണുകൾ തുടച്ച് വേഗത്തിൽ പടികടന്നു അച്ഛനെ ഞാൻ മൂഗമായി നോക്കി നിന്നു..

അപ്പഴേക്കും ഞാൻ പറഞ്ഞത് വലിയ തെറ്റായി പോയന്ന ചിന്ത എന്റെ മനസ്സിനെ കീഴ്പെടുത്തി കഴിഞ്ഞിരുന്നു…

പിന്നിലെ കുഞ്ഞുമറയത്ത്‌ ഇരു കൈകളും തലയിൽ വെച്ച് ഇരുന്ന് കരയുന്ന അമ്മയെ ഞാൻ കണ്ടു…

‘അമ്മയുടെ കണ്ണ് നിറഞ്ഞു കണ്ടപ്പോൾ എന്റെ കണ്ണുകളും നിറയാൻ തുടങ്ങി ..

അടുത്ത് ചെന്നാൽ ‘അമ്മ തല്ലിയാലോ എന്ന് പേടികൊണ്ട് ആദ്യം കുറച്ചകലെ മടിച്ചു ഞാൻ മാറി നിന്നു..

പിന്നെ തല്ലണമെങ്കിൽ തല്ലട്ടെ എന്ന് വിചാരിച്ചു ഞാൻ ഓടിച്ചെന്ന് അമ്മയെ കെട്ടി പിടിച്ചു…

അമ്മയുടെ കണ്ണുകൾ തുടച്ചു കൊണ്ട് ഞാൻ പറഞ്ഞു..

പറഞ്ഞത് തെറ്റായി പോയമ്മേ സങ്കടം സഹിക്കാൻ വയ്യാണ്ടായപ്പോൾ പറഞ്ഞു പോയതാണെന്ന്…

തല്ലുന്നതിന് പകരം ‘അമ്മ എന്നെ ഒന്നും കൂടെ കെട്ടി പിടിച്ചു കരയുകയാണ് ചെയ്തത്…

അന്ന് ഉച്ചയ്ക്ക് ഉണ്ണാൻ നേരത്തു അച്ഛനെ കാണാതായപ്പോൾ ‘അച്ഛനെ അന്വേഷിച്ചു അമ്മ എന്നെ കവലയിലേക്കു പറഞ്ഞു വിട്ടു…

ഇത്ര നേരം പിടിക ഉമ്മറത്ത്‌ ഉണ്ടായിരുന്നു ഇപ്പോ എങ്ങോട്ടാ പോയതെന്ന് അറിയില്ല എന്ന് അവിടെ ഇരുന്നിരുന്നവർ പറഞ്ഞു…

സന്ധ്യയായിട്ടും അച്ഛനെ കണ്ടില്ല…

അമ്മയുടെ മുഖം വാടാൻ തുടങ്ങി….

ഇരുട്ടായപ്പോൾ പുറത്ത് ആരുടെയൊക്കെയോ സംസാരം കേട്ടാണ് അമ്മ വാതിൽ തുറന്നത്..

അവിടെ താഴെ ഉമ്മറത്ത്‌ അച്ഛനെ കൊണ്ട് കിടത്തിയിരിക്കുന്നു..

‘അമ്മയുടെ പിടി വിട്ട് ഉമ്മറത് കിടക്കുന്ന അച്ഛനെ ചെന്ന് കെട്ടി ഞാൻ പിടിച്ചു..

അച്ഛനെ കൊണ്ടു വന്നവരിൽ കൂട്ടത്തിൽ ആരോ ഒരാൾ എന്റെ തോളിൽ തട്ടി പറഞ്ഞു പേടിക്കാൻ ഒന്നുമില്ല മോനെ അച്ഛൻ ഇന്ന് ഇത്തിരി കുടിച്ചിട്ടുണ്ടെന്ന്…

എല്ലാം കണ്ട് പേടിയോടെ ചേച്ചിമാർ വാതിലിന്റെ മറവിൽ നിൽക്കുണ്ടായിരുന്നു..

കുറച്ച് കഴിഞ്ഞപ്പോൾ അവരോട് ചെന്ന് കിടന്നോളൻ ‘അമ്മ പറഞ്ഞു..

ജീവിതത്തിൽ ആദ്യമായാണ് അച്ഛനെ അങ്ങനെ ഒരു അവസ്ഥയിൽ കാണുന്നത്…

ചിമ്മിണി വിളക്ക് ഉമ്മറത്ത്‌ കൊണ്ട് വെച് അച്ഛന്റെ അരികിൽ ഞാനും അമ്മയും ഇരുന്നു..

മനസിലെ കുറ്റബോധം സഹിക്ക വയാത്തപ്പോൾ ഞാൻ അമ്മയോട് ചോദിച്ചു

എല്ലാം ഞാൻ കാരണമാണ് അല്ലെ അമ്മേന്ന്…

ആ ചോദ്യം കേട്ടപ്പോൾ ‘മറുപടി ഒന്നും പറയാതെ ‘അമ്മ എന്നെ മാറോട് ചേർത്ത് പിടിച്ചു…

അങ്ങനെ ഇരുന്ന് എപ്പോഴോ ഞാൻ ഉറങ്ങി പോയി… .

രാവിലെ ഉണർന്നപ്പോൾ എന്റെ കണ്ണുകൾ ആദ്യം തിരഞ്ഞത് അച്ഛനെയായിരുന്നു..

കിണറിന്റെ തിണ്ടിന്റെ വാക്കത്തിരുന്നു എന്തോ ആലോചിരിക്കുകയായിരുന്നു അച്ഛൻ..

ഞാൻ പുറകിൽ പോയി നിന്നു..

അച്ഛനോട് എങ്ങനെ മാപ്പ് പറയണം എന്ന് അറിയാതെ അച്ഛൻ എന്ന വിളി തൊണ്ടയിൽ കുടുങ്ങി കുറച്ചു നേരം ഞാൻ അങ്ങനെ നിന്നു..

പിന്നെ ഓടിച്ചെന്ന് പുറകിൽ നിന്ന് അച്ഛനെ വട്ടം പിടിച്ചു..

കരച്ചിലിന്റെ ഇടയിൽ മാപ്പ് എന്ന വാക്ക് പറയാൻ ബുദ്ധിമുട്ടുന്ന എന്നെ അച്ഛൻ വാത്സല്യത്തോടെ മടിയിൽ ഇരുത്തികൊണ്ടു ചോദിച്ചു

എന്റെ മോന് എന്താ ആ പൈസ കൊണ്ട് വാങ്ങാനുണ്ടായിരുന്നതെന്ന് ……..

അച്ഛനോട് എന്താ അത് ഇത്ര കാലമായിട്ടും പറയാഞ്ഞതെന്ന്…

കരച്ചിലിന്റെ ഇടയിൽ പല തവണ ഞാൻ വിക്കലോടെ പറഞ്ഞു ഒന്നൂല്യന്ന് ….

അവസാനം അച്ഛൻ എന്നെ കൊണ്ട് നിർബന്ധിപ്പിച്ചു പറയിച്ചു..

എന്റെ ആഗ്രഹം കേട്ട് കഴിഞ്ഞതും എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചിട്ട്

എന്നെ കോരി എടുത്ത് അച്ഛന്റെ തോളിൽ ഇരുത്തി…

എന്നിട്ട് എന്റെ സ്വപ്ന സാക്ഷാകാരത്തിനു വേണ്ടി എന്നെയും കൊണ്ട് അച്ഛൻ ഒറ്റ നടത്തമായിരുന്നു ദാസേട്ടന്റെ പീടികയിലേക്ക്…..

By Sarath Krishna